Friday, December 25, 2009

ത്രില്

ത്രില് എന്താണെന്ന് മറന്ന് പോയിരിക്കുന്നു.
പനിയുടെ ചെറിയ ഓളത്തിലൂടെ അയാള് ആലോചിച്ചു. വിരസമായും പിന്നേയും വിരസമായും കുറേക്കാലം കടന്ന് പോയിരിക്കുന്നു, പോകുന്നു. അടുത്ത കാലത്തൊന്നും ഒന്നിനോടും ഒരു അടുപ്പം തോന്നിയിട്ടില്ല. ഒന്നും തന്നെ ഇളക്കിയിട്ടില്ല.

വേനലിലും കുളിരുന്ന ദേഹം . പുതപ്പിനുള്ളില് വിയര് ക്കാന് കിടന്നപ്പോള് അയാള് എപ്പോഴും അനാവശ്യമെന്ന് മാറ്റി വച്ചിരുന്നതൊക്കെ മനസ്സിലെടുത്തു. ചിലന്തിമുട്ട പൊട്ടിയപോലെ ചിന്തകള് തലയ് ക്കുള്ളില് നാല് പാടും പാഞ്ഞു. അച്ചുതണ്ടില്ലാതെ തിരിയുന്ന മനസ്സ്. അയാള് ക്ക് മടുത്തു, മടുത്ത് മടുത്ത് മടുത്ത് മടുത്ത് മടുത്ത് മടുത്തു.

മടുപ്പ് ഒരു ശീലമാകുന്നില്ല, അത് ഒരു അവയവം പോലെ. ഏത് അവയവം ? അയാള് ആലോചിച്ചു. ലിംഗം പോലെ..അയാള് തന്നെ ഉത്തരം പറഞ്ഞു. ചൂടുള്ള ഒരു ചിരി തികട്ടി വന്നു.

ഇന്നത്തെ ദിവസം ഭീകരമാകാന് പോകുകയാണെന്ന് മനസ്സിലായി. ഒറ്റയ്ക്ക് ഈ മുറിയില് ശവാസനത്തില് .. ഇതിനേക്കാള് ഭീകരം എന്തായിരിക്കും ?

പ്രജോദ് എന്ന താന് , ഇന്നത്തെ ദിവസം , അത്ഭുതങ്ങള് ഒന്നും സം ഭവിച്ചില്ലെങ്കില് , ഒരേ കിടപ്പ് കിടക്കും . ആരെയെങ്കിലും കണ്ടിരുന്നെങ്കില് ഫക്ക് ഓഫ് എന്നെങ്കിലും പറയാമായിരുന്നു.

പത്ത് മണിയാകുന്നതേയുള്ളൂ. ഓഫീസില് പണിത്തിരക്ക് ലോഗ് ഇന് ചെയ്യുന്ന സമയം . മനേജറുടെ തലയില് വെളിച്ചപ്പാടുണരുന്ന നേരം . ഒന്ന് വിളിച്ച് ലീവാണെന്ന് പറഞ്ഞേക്കാം . അയാള് ഫോണ് ഞെക്കി. അതിഭയങ്കരമായ രോഗവുമായി താന് മല്ലിട്ടുകൊണ്ടിരിക്കുകയാണെന്ന് മേലധികാരിയെ അറിയിച്ചു. താനനുഭവിക്കുന്നതിനും വലിയ തണുപ്പന് മറുപടി.

ഇപ്പോള് തന്റെ മേശയും കസേരയും പനി പിടിച്ച് വിറയ്ക്കുന്നുണ്ടാകും .

ഉറങ്ങാന് ശ്രമിച്ചു. കുറച്ചൊക്കെ പറ്റുന്നുണ്ട്. പക്ഷേ, ഒന്ന് മൂര് ച്ഛിച്ച് വരുമ്പോഴേയ്ക്കും മുറിയും . മുറിവുണങ്ങാന് സമയമെടുക്കും .

വാതിലില് ആരോ മുട്ടുന്നത് കേട്ടപ്പോള് ദേഷ്യമാണ് വന്നത്. വാതില് തുറക്കും വരേയ്ക്കും മാത്രം. ഇങ്ങനെയൊരു സമയത്ത് ലതികയെ കാണുന്നതല്ലാതെ വേറെന്ത് ആഹ്ലാദം വരാന് !

അവള് അവധിയെടുത്ത് വന്നിരിക്കുന്നു. തന്റെ പനിയളക്കാന് .

നെറ്റിയിലും കഴുത്തിലും കൈ വച്ച് നോക്കിയിട്ടവള് നിസ്സാരമെന്ന് മുഖം ചുളിച്ചു. ഒരു ഗുളികയില് മാറാവുന്ന ചൂട്. ഇനിയിപ്പോള് ഗുളികയില്ലെങ്കിലും മാറാവുന്ന ചൂടേയുള്ളൂയെന്ന് അയാള് ക്ക് തോന്നി.

അയാള് ക്ക് കാഴ്ചയെല്ലാം മഞ്ഞച്ച് പോയിരിക്കുന്നു. അവളെപ്പോലും ഒരു മഞ്ഞ പടലത്തിലൂടെയാണ് കാണുന്നത്. അവള് മഞ്ഞച്ച് ചിരിക്കുന്നു, മഞ്ഞച്ച് സം സാരിക്കുന്നു, മഞ്ഞച്ച് കാപ്പിയിടുന്നു, മഞ്ഞച്ച് അടുത്തിരിക്കുന്നു.

അവള് അടുത്തിരുന്നപ്പോള് അവളുടെ ഇറുകിയ ടീ ഷര് ട്ടില് മഞ്ഞച്ച മുലക്കണ്ണിന്റെ പാട് കണ്ടു. അവള് അനങ്ങുമ്പോള് അത് മഞ്ഞച്ചിളകുന്നത് കണ്ടു. നോട്ടം മാറ്റാന് തോന്നിയില്ല. മുന് പും അവള് മുലയോടെയാണ് വന്നിരുന്നതെങ്കിലും ഇത്ര തീക്ഷണമായി ശ്രദ്ധിച്ചിരുന്നില്ല. നല്ല സുഹൃത്തിന് മുലയുണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്?

അവള് ഒന്നും അറിയുന്നില്ല. തന്റെ കണ്ണുകളെ ശ്രദ്ധിക്കുന്നില്ല. ഫ്ലോറന് സ് നൈറ്റിങേലിനെപ്പോലെ ലതിക ആതുരസുശ്രൂഷയില് മുഴുകുന്നു.

ശവം .. എപ്പോഴോ അയാള് ക്കങ്ങിനെ തോന്നി. മഞ്ഞച്ച ശവം . എത്രയോ ചുവന്ന രാത്രികളില് അവള് തന്റെ കൂടെ നഗരമലഞ്ഞിരിക്കുന്നു. പബ്ബുകളില് കുടിച്ച് കൂത്താടിയിരിക്കുന്നു. പച്ചമരങ്ങള് ക്കിടയിലൂടെ കൈ കോര് ത്ത് നടന്നിരിക്കുന്നു.

സുഹൃത്തേ, സത്യം പറഞ്ഞാല് ഇവനും ഒരു ശവം തന്നെ. അത്രയോ രാത്രികളിലൊന്നും പറയാതിരുന്നതെന്തിന്?.

മടുപ്പിന് ചെറുതായി ജീവന് വയ്ക്കുന്നതറിഞ്ഞു. അനുസരണക്കേട് കാട്ടാന് വിതുമ്പുന്നു. തിളയ്ക്കുന്ന രക്തം ഇരമ്പുന്നു.

മഞ്ഞച്ച നോട്ടം മാറ്റാന് പറ്റുന്നില്ല. അവള് പറയുന്നതൊന്നും കാതില് വീഴുന്നില്ല. കാതുകളും അവളെ നോക്കുകയായിരുന്നെന്ന് തോന്നുന്നു.

എപ്പോഴോ അവള് മനസ്സിലാക്കി. പെട്ടെന്ന് വാക്കുകളുടെ താളം തെറ്റി.മോഷണം ചെയ്ത് കുട്ടിയെപ്പോലെ എന്തോ ഒളിപ്പിക്കാന് ശ്രമിക്കുന്നു.

തങ്ങള് ക്കിടയില് പെട്ടെന്ന് എന്തോ വളര് ന്നിരിക്കുന്നു. ബോധമായിരിക്കണം .

പിന്നീട് ഒരു കണ്ണാടിച്ചുവരിന് അപ്പുറമിപ്പുറമെന്ന പോലെ എന്തൊക്കെയോ അനാവശ്യവചനങ്ങള് .

അവള് ക്ക് പോകാന് ധൃതിയാകുന്നു.

തന്റെ കണ്ണുകള് ശാന്തമായെന്ന് തോന്നിയപ്പോള് അയാള് ജാള്യത മറയ്ക്കാന് ശ്രമിച്ചു.

അവള് അടുക്കളയില് പോയി ഉച്ചഭക്ഷണം തയ്യാറാക്കി. വൈകുന്നേരം വരുമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.

മടുപ്പ് തിരിച്ചെത്തിയിരിക്കുന്നു

അവള് കൊണ്ടുവന്ന ഗുളിക കഴിച്ചപ്പോല് ഉറക്കം തോന്നുന്നുണ്ട്. തല വഴി പുതപ്പിട്ട് അയാള് ഉറങ്ങി.

വൈകുന്നേരം അവള് വരാതിരിക്കില്ല…………

…………………..ത്രില് എന്താണെന്ന് വൈകുന്നേരവും ഓര് മ്മ വന്നില്ല. മഞ്ഞുരുകിയ ഒരു ദിവസമാണെങ്കിലും . സൌഹൃദത്തിന്റെ വരമ്പുകള് കെട്ടിപ്പടുത്തിരുന്നില്ല താന് . കുറഞ്ഞത് അവളുടെ മൂക്കിന് തുമ്പ് വരെയെങ്കിലും വേണമായിരുന്നു.

എങ്കിലും അവള് വന്നു. വൈകുന്നേരം പനിയളന്നു. അപ്പോഴും മോഷണദ്രവ്യം ഉപേക്ഷിച്ചിരുന്നില്ല.

പനി പൂര് ണ്ണമായും മാറിയിരിക്കുന്നു. പുറത്തേയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോള് വിസമ്മതിച്ചില്ല. പക്ഷേ, അവളിപ്പോള് ടീ ഷര് ട്ടിന് മേലെ ഒരു ഷാള് ധരിച്ചിരുന്നത് അയാളെ അലോസരപ്പെടുത്തി. അലുക്കുകള് ഉള്ളതാണെങ്കിലും , മനോഹരമാണെങ്കിലും നമുക്കിടയില് ഇതെന്തിനെന്ന് അയാള് ആയിരം വട്ടം സ്വയം ചോദിച്ചു.

ഗോല് ക്കൊണ്ട കോട്ടയുടെ ഉച്ചിയിലിരുന്ന് വിശാലമായ തെലുങ്കന് പ്രദേശങ്ങള് കണ്ടുകൊണ്ട് അവരിരുന്നു. സന്ധ്യ മയങ്ങിത്തുടങ്ങുന്നു. ചെങ്കണ്ണ് വന്ന പോലെ സൂര്യന് പഴുത്തിറങ്ങുന്നു.

അവര് അത്രയും നേരം കാര്യമായൊന്നും തന്നെ സം സാരിച്ചിരുന്നില്ല. ചരിത്രസ്മാരകങ്ങള് ക്കിടയില് , വര് ഷങ്ങളും പേരുകളും കൊത്തിയ ഫലകങ്ങളിലൂടെ പരസ്പരം ശബ്ദങ്ങളെ തിരിച്ചറിഞ്ഞ് അവര് കോട്ട ചുറ്റി. രാവണന് കോട്ട.

ഇരുട്ടായപ്പോള് ആദ്യമായി അവള് വ്യക്തിപരമായ ഒരു ചോദ്യം അയാളോട് ചോദിച്ചു.

" ഇനി വൈകിയാല് കുഴപ്പമാകും , ഗേറ്റ് പൂട്ടും ..പോകാം ?"

എല്ലാ ത്രില്ലും നഷ്ടപ്പെട്ട അയാള് ആര് ത്ത് വിളിച്ച് കൊണ്ട് അപ്പോഴിരുന്ന കുന്നിന്റെ നെറുകയിലേയ്ക്കോടി. അവളെ കറുത്ത നോട്ടത്താല് ദഹിപ്പിച്ച് വസ്ത്രങ്ങള് ഓരോന്നായി ഊരിയെറിഞ്ഞു.

എവിടെയൊക്കെയോ എരിയുന്ന വിളക്കുകളുടെ അരണ്ട വെളിച്ചത്തില് അയാളുടെ നഗ്നത അവള് ക്ക് നേരെ വെല്ലുവിളിയുയര് ത്തി നിന്നു.

അവളും എന്ത് ചെയ്യാന് ,അവസാനത്തെ വസ്തവും ഊരിയെറിഞ്ഞ് കുന്നിന് മുകളില് കയറി അവളും ആര് ത്ത് വിളിച്ചു.

" ഫക്ക് ഓഫ് ഫ് ഫ് ഫ് ഫ് "

Monday, November 23, 2009

യന്ത്രം

ആരോ എന്നെ നെന്ചില്‍ തൊട്ടുണര്‍ത്തി. ശീതീകരിച്ച മുറിയില്‍ എന്നെപ്പോലെ വേറേയും കുറേ യന്ത്രങ്ങളുണ്ടായിരുന്നു. രസകരമായ രീതിയില്‍ നിരന്നിരിക്കുന്ന എല്ലാവര്‍ക്കും ഒരേ മുഖം . ഞങ്ങള്‍ക്ക് മുന്നിലെ കസേരകളില്‍ ആരൊക്കെയോ വന്നിരിക്കുന്നുണ്ട്. അവര്‍ വര്‍ത്തമാനം പറയുകയും പറയാതിരിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ വേറെയാരും ഇല്ലെന്ന മട്ടില്‍ സ്വയം പിറുപിറുക്കുന്നു.

എന്റെ മുന്നില്‍ ഒരു പെണ്‍കുട്ടി വന്നിരുന്നു. ആദ്യമായിട്ടാണ്‌ ഞാനവളെ കാണുന്നത്. ഇന്നലെ രാത്രി എന്നെ ഉറക്കിയിട്ട് പോയത് മുരടന്‍ വിരലുകളുള്ള ഒരാളായിരുന്നു. അയാള്‍ ആവേശം മൂക്കുമ്പോള്‍ തടിച്ച വിരലുകള്‍ കൊണ്ട് കുത്തിനോവിക്കുമായിരുന്നു. പക്ഷേ ഇവള്‍ , ക്യാരറ്റ് പോലത്തെ വിരലുകള്‍ കൊണ്ട് എന്നെ ഇക്കിളിപ്പെടുത്തുന്നു. കീബോഡില്‍ ചിത്രശലഭത്തേക്കാള്‍ മൃദുവായാണ്‌ തൊടുന്നത്. എന്റെ മുഖത്തെ തെളിയുന്ന അക്ഷരങ്ങളിളേയ്ക്ക് ഇടയ്ക്കിടെ അവള്‍ സൂക്ഷിച്ച് നോക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നി. എനിക്കവളെ ഇഷ്ടമായി.

എന്റെ ഓര്‍ മ്മയിലേയ്ക്ക് അവള്‍ എന്തൊക്കെയോ എഴുതിച്ചേര്‍ ക്കുന്നു. എന്തോ അവളുടെ എല്ലാത്തിലും എന്തോ വിഷാദമുള്ളത് പോലെ എനിക്ക് തോന്നി.

എത്ര നാളുകളായി ഞാനീ വലിയ മുറിയില്‍ മറ്റ് യന്ത്രങ്ങള്‍ക്കൊപ്പം ഇരിപ്പ് തുടങ്ങിയിട്ടെന്നറിയില്ല. ചിലപ്പോള്‍ ദിവസങ്ങളോളം ഉണര്‍ന്നിരിക്കേണ്ടി വരും . കണ്ണുകള്‍ ചുവന്ന്, മുഖത്ത് മുറുകിയ പേശികളുമായി ജോലി ചെയ്യുന്നവര്‍ മാറിമാറി വന്നു. ആരോടും എനിക്ക് ഒരു ആത്മബന്ധവും തോന്നിയിരുന്നില്ല. ഒരേ നിര്‍ വ്വികാരതയോഓടെ ഞാന്‍ ഓര്‍മ്മ തുറന്നിട്ട് കൊടുക്കും . അവര്‍ എഴുതുകയും മായ്ക്കുകയും ചെയ്യും . എനിക്കറിയില്ല അവര്‍ എന്താണ്‌ ചെയ്യുന്നതെന്ന്. പക്ഷേ, വിരസതയകറ്റാന്‍ വേണ്ടി അവരെ പഠിക്കാനുള്ള ശ്രമങ്ങള്‍ നടത്തിപ്പോന്നു. ആദ്യമൊക്കെ അവരുടെ സ്വഭാവമാണ്‌ പഠിക്കാനുദ്ദേശിച്ചത്. പക്ഷേ, അത് പ്രയാസമായിരുന്നു. ഇന്ന് സ്വസ്ഥമായിരിക്കുന്ന അതേ ആള്‍ നാളെ കാണ്ടാമൃഗമായിരിക്കും . അസ്ഥിരമായ പെരുമാറ്റരീതികള്‍ എന്നെ കുഴപ്പത്തിലാക്കിയതേയുള്ളൂ. ആദ്യത്തെ ഉദ്യമം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ കഥകളുണ്ടാക്കാന്‍ തുടങ്ങി. അതും കുഴപ്പമായി. കാരണം പഴയത് തന്നെ. ഇന്നൊരു കാമുകനാക്കിയയാള്‍ നാളെ കപ്പല്‍ ത്തൊഴിലാളിയെപ്പോലെയായിരിക്കും .
മറ്റന്നാള്‍ പത്ത് കുട്ടികളുടെ അച്ഛന്‍ . പെട്ടെന്നായിരിക്കും കഥാനായകന്‍ അപ്രത്യക്ഷനാകുന്നത്. അയാള്‍ ക്ക് പകരം പുതിയ മുഖം പ്രത്യക്ഷപ്പെടുന്നു. പിന്നെ എല്ലാം ആദ്യം തൊട്ട് തുടങ്ങണം . അതും മടുത്തു. ഇത് വരെ ഒരാളും എന്നോട് യാത്ര പറയാന്‍ മിനക്കെട്ടിട്ടില്ല. ഞാന്‍ വെറുമൊരു യന്ത്രം . കുറച്ച് നാളത്തെ സ്പര്‍ശനം കൊണ്ടെങ്കിലും ഒരു ബന്ധമുണ്ടാകും എന്ന് വിചാരിച്ച മണ്ടന്‍ .

ഞാന്‍ എല്ലാവരേയും വെറുക്കാന്‍ തുടങ്ങി. അവരെപ്പറ്റി ശുഭപര്യവസാനിയായ കഥകളുണ്ടാക്കുന്നത് നിര്‍ത്തി. പകരം ഞാനവരെ അപകടങ്ങളില്‍ പെടുത്തി, രോഗികളാക്കി, ദര്ദ്രരാക്കി, അടിമക്കൂടാരത്തിലെ മലം കോരികളാക്കി, വിശന്ന് ചാകുന്നവരാക്കി. അങ്ങനെ ഏത് മാറി വരുന്ന മുഖത്തിനും ചേരുന്ന കഥകളില്‍ ഞാനവരെ വധിച്ച് കൊണ്ടിരുന്നു.

പക്ഷേ, ഇവള്‍ .. നെറ്റിയില്‍ പന്ചസാര വിതറിയ പോലെ വിയര്‍പ്പുള്ളവള്‍ എന്നെ കീഴ്പ്പെടുത്തുന്നു. ഇവളെ ഭാവനയില്‍ പോലും വേദനിപ്പിക്കാന്‍ എനിക്കാവില്ല. അവളും എന്നെ വിട്ട് പോകുമായിരിക്കും . യാത്ര പറയാതെ തന്നെ. എങ്കിലും അവള്‍ എനിക്ക് പ്രിയപ്പെട്ടവള്‍ തന്നെയായിരിക്കും .

കുറച്ച് നേരമേ അവള്‍ ടൈപ്പ് ചെയ്തുള്ളൂ. എന്നിട്ട് എന്റെ മുഖത്തേയ്ക്ക് നോക്കിയിരിക്കുന്നു. ആദ്യം തോന്നിയ വിഷാദം കനപ്പെട്ട് വരുകയായിരുന്നു. അവള്‍ എഴുന്നേറ്റ് പോയി. അപ്പൊഴത്തെ ആ വിരഹം ഞാന്‍ ആദ്യമായനുഭവിക്കുന്നതായിരുന്നു.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വേറൊരാള്‍ ആ കസേരയില്‍ വന്നിരുന്നു. ഒരു ചെറുപ്പക്കാരന്‍ . പുതിയതായി ജോലിയ്ക്ക് കയറിയതാണെന്ന് വ്യക്തം . ആദ്യമായി ചുംബിക്കുമ്പോഴെന്ന പോലെ വിറയ്ക്കുന്ന വിരലുകള്‍ എന്റെ മേല്‍ പതിഞ്ഞു. തണുത്ത സ്പര്‍ശം . വിരക്തിയുടെ മണമുണ്ടായിരുന്നു അയാള്‍ക്ക്. അയാള്‍ എന്തോ വിഷമത്തിലായിരുന്നു. സാവധാനത്തിലായിരുന്നു ടൈപ്പ് ചെയ്തത്. തെറ്റുകളായിരുന്നു കൂടുതല്‍ . അയാള്‍ എന്റെ മുഖത്തേയ്ക്ക് നോക്കിയതേയില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ അയാളും ജോലി മതിയാക്കി എഴുന്നേറ്റ് പോയി.

പിന്നീടൊരിക്കലും അവള്‍ എന്റെയടുത്ത് വന്നില്ല. എല്ലാ ദിവസവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. അവളുടെ വിരലുകള്‍ എന്നില്‍ അക്ഷരങ്ങള്‍ നിറയ്ക്കുന്നതായി സ്വപ്നം കണ്ടു. ഷിഫ്റ്റുകള്‍ മാറി വരുന്നവരോട് ഒരു യന്ത്രത്തേക്കാള്‍ ക്രൂരമായി പ്രതികരിച്ചു. അവര്‍ എന്നെ കുത്തിനോവിച്ചു. ക്ഷമകെട്ട വിരലുകള്‍ തൊടുമ്പോള്‍ ഞാന്‍ ഉള്ളില്‍ പുളയുകയായിരുന്നു. അവളെപ്പറ്റി ഒരു കഥയുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, ആ മനോഹരമായ വിരലുകള്‍ക്കപ്പുറം ഒന്നും എനിക്കോര്‍മ്മ വന്നില്ല.

ഞാന്‍ പണി മുടക്കാന്‍ തുടങ്ങി. ജോലി ചെയ്യുന്നവരെ ബുദ്ധിമുട്ടിച്ച് കൊണ്ടിരുന്നു. എനിക്ക് ഏറ്റവും പേടിയുള്ള alt+ctl+del അടിച്ചവരെന്നെ ഉണര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ അത്രയും വാശിയോടെ ഞാനവരെ പരീക്ഷിച്ച് കൊണ്ടിരുന്നു. ഒരിക്കലൊരാള്‍ എന്റെ മുഖത്തടിച്ചു. ഒരാള്‍ ആഞ്ഞ് ചവുട്ടി, ഒരാള്‍ കീബോഡ് തല്ലിപ്പൊട്ടിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വൈറസ്സായിരിക്കും എന്ന് പറഞ്ഞ് അവരെന്നെ എടുത്തുകൊണ്ടുപോയി.

---------------------------------------------------------------------------

ഓപ്പറേഷന്‍ ടേബിളിലെന്ന പോലെ കിടക്കുകയായിരുന്നു ഞാന്‍ . എന്റെ ശരീരം അഴിച്ച് വേറെവേറെയാക്കിയിരുന്നു. എന്നില്‍ നിന്നും ഓര്‍ മ്മകള്‍ മായ്ച്ച് കളയാനാണ്‌ തീരുമാനം എന്നറിഞ്ഞപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. അവള്‍ തൊട്ട കീബോഡ് ആരോ കൊണ്ടുപോയി വേറെ യന്ത്രത്തില്‍ ഘടിപ്പിച്ചു. നടുക്കം മാത്രമായിരുന്നു എനിക്ക് പിന്നെ.

ഫയലുകള്‍ വേറെ യന്ത്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു അവര്‍ . അതിനിടയില്‍ ഒരാള്‍ ആശ്ചര്യത്തോടെ സം സാരിക്കുന്നത് കേട്ടു.

' ഓ ഗോഡ്..ഇതവളുടെയാണ്‌ '

' അതെ..അവളുടെ തന്നെ..എന്താണതില്‍ ?'

' എന്റെ ദൈവമേ ' ആരോ നിലവിളിച്ചു.

' അപ്പോളവള്‍ .. തീരുമാനിച്ച് തന്നെയായിരുന്നു!'

' അതെ'

ആരൊക്കെയോ ഓടിക്കൂടി. എല്ലാവരും ചുറ്റും കൂടി നിന്ന് ചര്‍ച്ച ചെയ്യുന്നു. കാര്യം എന്താണെന്നറിയും മുന്നേ എന്റെ ഓര്‍മ്മ മായ്ക്കപ്പെട്ടു.
------------------------------------------------------------------------------ആരോ എന്റെ നെന്ചില്‍ തൊട്ടുണര്‍ ത്തി. കണ്ണ്` തുറന്നപ്പോള്‍ ശീതീകരിച്ച മുറിയില്‍ എന്നെപ്പോലെ കുറേ യന്ത്രങ്ങള്‍ക്കൊപ്പം ഞാന്‍ .

എനിക്കെന്തോ ഒട്ടും രസം തോന്നിയില്ല.

Monday, October 12, 2009

ബോയ് ഫ്രണ്ട്

വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ വെളിച്ചം ജനലഴികളില്‍ മുറിഞ്ഞ് മുറിയില്‍ പതിച്ചപ്പോള്‍ സൂരജ് ഉണര്‍ന്നു. ഉറങ്ങുക, ഉണരുക എന്നിങ്ങനെ കൃത്യമായി ദിവസങ്ങള്‍ കടന്ന് പോകുകയായിരുന്നതിനാല്‍ അയാള്‍ക്ക് വേറൊന്നും ആലോചിക്കേണ്ടിവന്നില്ല. പുതപ്പ് തലയ്ക്ക് മീതേ വലിച്ചിട്ട് ചുരുണ്ടുകൂടി കിടന്നു. വെയിലിന്‌ കനം വയ്ക്കുകയായിരുന്നു. മയക്കത്തിലായിരുന്നെങ്കിലും വിശപ്പ് ഒരു യഥാര്‍ഥ അനുഭവമായി അയാളെ ഉണര്‍ത്തി. വിശക്കുന്നില്ലായെന്ന് സ്വപ്നം കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ കിടക്ക വിട്ടെണീറ്റു.

ഉറക്കത്തിന്റെ എന്തൊക്കെയോ കിടക്കയില്‍ അവശേഷിച്ചിട്ടുണ്ടെന്ന പോലെ അയാള്‍ പുതപ്പെടുത്ത് കിടക്കയില്‍ തട്ടി. ഏതോ പുരാതനകാലത്തിലേയ്ക്ക് ക്ഷണിക്കും വിധം ധൂമകേളികള്‍ പാറി. രണ്ട് ചെറിയ കല്ലുകളും തെറിച്ചു. ഇതെവിടെന്ന് വന്നുവെന്ന് ചിന്തിക്കുമ്പോള്‍ വീണ്ടും വിശപ്പ്.

പ്രണയത്തെക്കുറിച്ച് പറയാനുദ്ദേശിച്ച് ഈ കഥ വിശപ്പിനെക്കുറിച്ചായിപ്പോകുമോയെന്ന് ഭയന്ന് അയാള്‍ ഒരു കട്ടന്‍ കാപ്പിയുണ്ടാക്കി. ചില്ല്‌ ഗ്ലാസ്സില്‍ ആവിയുയര്‍ത്തിക്കൊണ്ട് അയാളൂടെ കൈയ്യിലെ കാപ്പി തൊണ്ടയിലൂടെ പ്രയാണം ചെയ്യാന്‍ ചൂളം വിളിച്ചു. വിശപ്പ് താല്ക്കാലികമായി നിരോധിക്കപ്പെട്ടു.

പ്രണയം തിരിച്ചെത്തി. അയാള്‍ ആരെക്കുറിച്ച് ആലോചിക്കണമെന്ന് ആലോചിച്ചു. ഒരുപാട് പേരുകള്‍ ഓര്‍മ്മ വന്നു, ഒരുപാട് മുഖങ്ങള്‍ തെളിഞ്ഞ് വന്നു. മല്‍സരത്തില്‍ രതിപ്രിയ ജയിച്ചു.

അങ്ങനെയാണ്‌ ഈ കഥയിലെ നായികയായി രതിപ്രിയ തിരിച്ചെത്തുന്നത്. കാര്യമായ പണിയൊന്നുമില്ലെങ്കിലും , അഭ്യസ്ഥവിദ്യനായ തൊഴിലന്വേഷിയാണെങ്കിലും അയാള്‍ നിരാശനായിരുന്നില്ല. ചില പഴയ സിനിമകളിലെപ്പോലെ ജനലിലൂടെ നോക്കിയാല്‍ നഗരം കാണാവുന്ന മുറിയിലിരുന്ന് തന്റെ ഗ്രാമത്തെക്കുറിച്ചോര്‍ക്കുകയും അന്നത്തെ ദിവസത്തെ ഇന്റര്‍വ്യൂ നടക്കാനിടയുള്ള സ്ഥാപനങ്ങളുടെ പേരും വിലാസവും തൊഴില്‍ വാര്‍ത്തയില്‍ നോക്കി മനസ്സിലാക്കുകയും ചെയ്യുമ്പോഴും പ്രതീക്ഷയുടെ ഒരു നേര്‍ത്ത ഞരമ്പ് അപ്പോഴും അയാളുടെ ശരീരത്തിലെവിടെയോ രക്തം ഒഴുക്കിയിരുന്നു.

ഇതിനിടയില്‍ രതിപ്രിയ അയാളുടെ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചതെങ്ങിനെയെന്നാല്‍ , നാല്‌ ഇന്റര്‍വ്യൂകളില്‍ അവരൊന്നിച്ച് പങ്കെടുത്തിരുന്നു. രണ്ടാള്‍ക്കും ജോലി കിട്ടിയതുമില്ല. പക്ഷേ, ബാലന്‍സ് തെറ്റിക്കാതിരിക്കാന്‍ രതിപ്രിയ ഒരു പണക്കാരന്റെ മകളായിരുന്നു. കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ അവര്‍ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി. സൂരജിന്‌ ജോലി ഉടനെ ജോലി കിട്ടുമെന്നും എന്നിട്ട് വിവാഹക്കാര്യം സംസാരിക്കാമെന്നും പക്വതയുള്ള കാമുകിയായി അവള്‍ അയാളെ സമാധാനിപ്പിച്ചു.

അയാളും സമാധാനിച്ചു.

അങ്ങിനെ ഉണരുകയും ഉറങ്ങുകയും അവളെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്ത് ജീവിതം തള്ളിനീക്കുകയാണ്‌ അയാള്‍ . നഗരത്തില്‍ ഇന്നയാള്‍ക്ക് രണ്ട് ഇന്റര്‍വ്യൂ ഉണ്ട്. അയാള്‍ക്കെന്തോ പോകണമെന്ന് തോന്നിയില്ല. ചുമ്മാ മടിപിടിച്ചിരിക്കാന്‍ തോന്നി. അവള്‍ പോകുന്നില്ലെന്ന് ആദ്യമേ അറിയിച്ചിരുന്നു.

വെയില്‍ മുറിയുടെ ഒരു ഭാഗം അപഹരിച്ചിരിക്കുന്നു. കിടക്ക ചൂട് പിടിയ്ക്കുന്നു. കുറച്ച് കൂടി ഉറങ്ങണമെന്ന് തോന്നിയെങ്കിലും ചൂട് അതിനനുവദിച്ചില്ല. പഴയ പുസ്തകങ്ങള്‍ വില്‍ ക്കുന്ന തെരുവില്‍ നിന്നും വാങ്ങിയ ഡിക്റ്ററ്റീവ് നോവല്‍ ഒരെണ്ണം വായിക്കാനെടുത്തു. പണ്ട് അയാള്‍ ക്ലാസ്സിക്കുകളും ആധുനിക സാഹിത്യത്തിലെ പ്രശസ്തരെയും മാത്രമേ വായിക്കാറുള്ളായിരുന്നു. പക്ഷേ, ഇപ്പോള്‍ കുറച്ച് ജീവിതം ജീവിച്ച് തീര്‍ത്തതിന്റെ അനുഭവത്തിലായിരിക്കണം , ഡിക്റ്ററ്റീവ് നോവലുകള്‍ പ്രേതകഥകള്‍ എന്നിവയൊക്കെയേ താല്‍പര്യം തോന്നുന്നുള്ളൂ. അത് ഉറപ്പിക്കാന്‍ വേണ്ടിയാകണം ഒരു ദിവസം അയാള്‍ യുദ്ധവും സമാധാനവും എന്ന നോവല്‍ കത്തിച്ച് കളഞ്ഞത്.

കുറച്ച് നേരം അഗതാ ക്രിസ്റ്റിയെ വായിച്ചപ്പോള്‍ അയാളുടെ മനസ്സുണര്‍ ന്നു. ഇന്റര്‍വ്യൂവിന്‌ പോകണ്ടായെന്ന തീരുമാനം മാറി. വേഗം കുളിച്ച് റെഡിയായി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് പുറപ്പെട്ടു. ഇതിനിടയില്‍ രതിപ്രിയയെ ഒന്ന് വിളിക്കണം എന്നും തീരുമാനിച്ചിരുന്നു. ഒരു കാമുകന്റെ കടമകള്‍ മറക്കാനുള്ളതല്ലായെന്ന് അയാള്‍ ക്ക് അറിയാമായിരുന്നു. പറ്റുമെങ്കില്‍ ഒരുമ്മ കൂടി കൊടുക്കണം .

ഇന്റര്‍വ്യൂ ഭംഗിയായി നടന്നു. ഒരാഴ്ചയ്ക്കകം അറിയിക്കാമെന്ന് പറഞ്ഞ് അയാളുടെ പേരും തിരിഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ അവര്‍ ചേര്‍ത്തി. അയാള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി. പുറത്തിറങ്ങി ആദ്യം തന്നെ മസാല ദോശ വാങ്ങിക്കഴിച്ചു. ചായ കുടിച്ചു. ഒരു കിങ്സ് സിഗരറ്റും വാങ്ങി വലിച്ചു. ആര്‍ഭാടപൂര്‍ ണ്ണമായ വൈകുന്നേരം . രതിപ്രിയയെ പാര്‍ക്കിലേയ്ക്ക് വരാന്‍ അറിയിച്ച് അയാള്‍ കാത്തിരുന്നു.

കൃത്യസമയത്ത് തന്നെ അവള്‍ എത്തിച്ചേര്‍ന്നു. അവര്‍ അധികം ആള്‍ത്തിരക്കില്ലാത്ത ഒരു കോണില്‍ ഇരുപ്പുറപ്പിച്ചു. രതിപ്രിയ വീട്ടില്‍ നിന്നും കൊണ്ടുവന്ന ലഡ്ഡു അയാള്‍ക്ക് കൊടുത്തു. അയാള്‍ പകുതി ലഡ്ഡു അവള്‍ക്ക് കൊടുത്തു. എന്നിട്ട് തനിക്ക് ജോലി കിട്ടാന്‍ പോകുന്ന കാര്യം അവളോട് പറഞ്ഞു. അവള്‍ ആഹ്ലാദം സഹിക്കാന്‍ വയ്യാതെ അയാളുടെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചു. അപ്പോഴായിരുന്നു ഉമ്മ കൊടുക്കണമെന്ന കാര്യം അയാളോര്‍ത്തത്. എന്തായാലും ഉടനെ തന്നെ ജോലി കിട്ടും , ഉടന്‍ തന്നെ അവളെ കെട്ടുകയും ചെയ്യും , അപ്പോള്‍ ഒരുമ്മയൊക്കെ കൊടുക്കുന്നത് ആരേയും മുറിവേല്‍പ്പിക്കില്ലെന്ന വിചാരമാണ്‌ അയാളെ ഇങ്ങനെ പറയിച്ചത്.

' നോക്കൂ പ്രിയേ, നമ്മള്‍ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നു. അതല്ലെ എനിക്ക് ജോലി കിട്ടാന്‍ പോകുന്ന കാര്യം കേട്ടപ്പോള്‍ നിനക്ക് ഇത്ര സന്തോഷം . അറിഞ്ഞോ അറിയാതെയോ നീ മധുരവും കൊണ്ടുവന്നു. ഇനി നമ്മളിങ്ങനെ വെറും കമിതാക്കളായിരുന്നാല്‍ ശരിയാവില്ല. വരൂ നമുക്ക് എന്റെ മുറിയിലേയ്ക്ക് പോകാം .നിനക്ക് ഞാന്‍ ഉമ്മകള്‍ തരാം '

സന്തോഷം കൊണ്ട് ചുവന്ന് തുടുത്ത മുഖവുമായി ചിരിക്കുന്ന രതിപ്രിയയെ പ്രതീക്ഷിച്ച് അയാള്‍ പക്ഷേ കണ്ടത് ദേഷ്യം മൂത്ത് ചുവന്ന രതിപ്രിയയെ ആയിരുന്നു.

' സൂരജ് , നിന്നെ ഞാന്‍ ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത്. നിന്റെ മനസ്സില്‍ എന്നെക്കുറിച്ച് ഇത്ര മോശം വിചാരങ്ങള്‍ ഉണ്ടാകുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നമ്മള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചരാണ്` . ആ നിലയ്ക്ക് വിവാഹം കഴിയാതെ എന്നെ തൊടാന്‍ പോലും നിനക്കാവില്ല. ഞാന്‍ നല്ല കുടുംബത്തില്‍ പിറന്ന പെണ്‍ കുട്ടിയാണ്‌. നിന്നെക്കുറിച്ച് ഞാന്‍ എന്തൊക്കെയോ തെറ്റിദ്ധരിച്ചു.'

ഇത്രയും പറഞ്ഞ് അവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങി.

അയാള്‍ എന്ത് ചെയ്യണമെന്നറിയാതെ വ്യാകുലപ്പെട്ടു. അവളെ സമാധാനിപ്പിക്കണോ അതോ ഈ ബന്ധത്തെക്കുറിച്ച് ഒരു പുനര്‍ വിചാരണയിലേര്‍ പ്പെടണോയെന്ന് ആശയക്കുഴപ്പത്തിലായി.

എന്തായാലും ഇന്നിനി ഒന്നിനും മൂഡില്ലയെന്ന് തീരുമാനമായി. ഒരു യാത്ര പോലും പറയാതെ അയാള്‍ എഴുന്നേറ്റ് നടന്നു. ഈ സംഭവത്തിന്‌ ശേഷം ഒരിക്കലും അവള്‍ അയാളെ വിളിക്കുകയോ കാണാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അയാള്‍ക്ക് യാതൊരു നഷ്ടബോധമോ കുറ്റബോധമോ തോന്നിയതുമില്ല.

കുറച്ച് ദിവസങ്ങള്‍ക്കകം അയാള്‍ക്ക് ജോലി കിട്ടി. ജീവിതം മെച്ചപ്പെട്ടു. അയാള്‍ ക്ലാസ്സിക്കുകള്‍ വായിക്കാനും ആല്‍ബേര്‍ കാമുവിനെ ആരാധിക്കാനും തുടങ്ങി. ഡിക്റ്ററ്റീവ് നോവലുകളെ അയാള്‍ കത്തിച്ച് കളഞ്ഞു.

അവള്‍ നിരന്തരം അയാളെ കാണുവാനും സംസാരിക്കുവാനും ശ്രമിച്ചെങ്കിലും അയാള്‍ അവസരം കൊടുത്തില്ല. പിന്നീട് അവളും ഏതാണ്ട് എല്ലാം മറന്ന പോലെയായിത്തീര്‍ന്നു.

അതേ സമയം അയാളാകട്ടെ, ഓഫീസിലെ ഒരു മനോഹരിയായ യുവതിയുമായി പ്രണയത്തിലാകുകയും , സം തൃപ്തമായ ജീവിതം നയിക്കുകയും ചെയ്തു. ഒരു ദിവസം അയാള്‍ കാമുകിയുമായി ചുംബനത്തിലേര്‍പ്പെടുകയായിരുന്നു. യാദൃശ്ചികമെന്ന് പറയട്ടെ, അന്ന് രതിപ്രിയ കരഞ്ഞ അതേ സ്ഥലത്ത് വച്ചായിരുന്നു അത്.

അപ്പോള്‍ രതിപ്രിയ ആ വഴി വരാനിടയാകുകയും ഈ രംഗം കണ്ട് അവളില്‍ ഓര്‍മ്മകള്‍ തിരിച്ചെത്തി സങ്കടപ്പെടുത്തുകയും ചെയ്തു.

സഹിക്കാന്‍ വയ്യാതെ അവള്‍ അയാളുടെ തലമുടി പിടിച്ച് വലിക്കുകയും മാന്തുകയും ചെയ്തു. അയാളുടെ കാമുകി ഒന്നും മനസ്സിലാകാതെ അന്തം വിട്ട് നിന്നു.

'പറയെടാ..അപ്പോള്‍ നീ എനിക്കാരായിരുന്നു?' രതിപ്രിയ അലറി.

അയാള്‍ ഒരു ചെറിയ ചിരിയോടെ ഒരു കിങ്സ് സിഗരറ്റ് കത്തിച്ച് പറഞ്ഞു.

' ബോയ് ഫ്രണ്ട് '

------------------------------------------

ഗുണപാഠം : പാര്‍ക്കിലിരുന്ന് സിഗരറ്റ് വലിക്കരുത്

Tuesday, August 11, 2009

മീനാക്ഷി

കിണറ്റിന്‍കരയിലിരുന്ന് പാത്രം കഴുകുമ്പോഴാണ് മീനാക്ഷിയുടെ ഇളയ ചെക്കന് വെളിക്കിറങ്ങീട്ട് വന്നത്. ഒലിച്ചിറങ്ങി വന്ന മൂക്കള ഒറ്റവലിക്ക് തിരിച്ച് കയറ്റി അവന്‍ കുന്തിച്ചിരുന്നു. വയസ്സ് നാലായിട്ടും ഇപ്പോഴും മീനാക്ഷി ചന്തി കഴുകികൊടുക്കണം.

പാത്രം കഴുകുന്നത് നിര്‍ത്തി അവള്‍ ചെക്കന്റെ മുതുകത്ത് ചെറുതായൊന്ന് ഓങ്ങിയിട്ട് കഴുകിക്കൊടുത്തു. കാലുകളിലൂടെ നീര്‍ ച്ചാലുകള്‍ ഒഴുക്കിക്കൊണ്ട് അവന്‍ നിക്കറന്വേഷിച്ച് പോയി. അപ്പോഴാണ് വേലിക്കപ്പുറത്ത് മാണിക്കന്‍ മൂത്താന്റെ തല കണ്ടത്. അയാള്‍ എന്തോ തപ്പുന്ന പോലെ അവിടെ ചുറ്റിപ്പറ്റി നില്ക്കുകയാണ്. മീനാക്ഷി മനസ്സില്‍ രണ്ട് ചീത്ത പറഞ്ഞ് അകത്തേയ്ക്ക് കയറിപ്പോയി. പാത്രം കഴുകിക്കൊണ്ടിരുന്നാല്‍ അയാളവിടെ വെള്ളമൊലിപ്പിച്ച് നോക്കി നില്ക്കും .

അരി കഴുകി അടുപ്പത്ത് വയ്ക്കുമ്പോള്‍ ഉമ്മറത്ത് ആരോ ചുമയ്ക്കുന്നത് കേട്ടു. ചെന്ന് നോക്കിയപ്പോള്‍ വേലിയ്ക്കപ്പുറത്തുണ്ടായിരുന്ന മൂത്താന്‍ ഉമ്മറത്ത് നില്ക്കുന്നു.

" നെന്റെ കെട്ട്യോനില്ലേടീ?" അയാള്‍ ചോദിച്ചു.

" ഉണ്ടെങ്കി വ്ടെക്കാണില്ല്യേ ? "

" ഞാന്‍ വരൂന്ന് പറഞ്ഞതാണല്ലാ "

" ആ എന്നോടൊന്നും പറഞ്ഞില്ല"

" ഹും .. എവ്ടെപ്പോയതാണ്? "

" പണിയ്ക്കല്ലാണ്ടെവ്ടാ "

" ഒന്ന് കാണ്ണാ ര്ന്ന് "

അയാള്‍ അശ്ലീലം കലര്‍ന്ന ചുവയില്‍ പറഞ്ഞു.

അവള്‍ അത് കേട്ടതായി ഭാവിച്ചില്ല. മുറ്റത്ത് ചെക്കന്‍ ഇല്ലാത്ത സ്റ്റിയറിങ് തിരിച്ച് വണ്ടിയോടിക്കുകയാണ്. കൊത്തിപ്പെറുക്കി നടക്കുകയായിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ എന്തോ ഓര്‍മ്മ വന്നത് പോലെ വേലിയ്ക്കരികിലേയ്ക്ക് ഓടിപ്പോയി. ഒരു പാണ്ടന്‍ നായ വെയില്‍ കാഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. കോഴിക്കുഞ്ഞുങ്ങള്‍ നിന്നിടത്ത് ഇപ്പോള്‍ ഒരു കാക്ക വന്നിരിക്കുന്നു.

മീനാക്ഷിയ്ക്ക് ക്ഷമ നശിക്കുകയായിരുന്നു. വന്നാപ്പിന്നെ പെട്ടെന്നൊന്നും പോവില്ല മാണിക്കമൂത്താന്‍ . ഓരോന്നും പറഞ്ഞ് കയറിക്കൂടും . അയാളിപ്പോള്‍ തിണ്ണയില്‍ ഇരിപ്പാണ്. മടിക്കുത്തില്‍ നിന്ന് ഒരു പൊതിയെടുത്ത് മുറുക്കാനുള്ള തയ്യാറെടുപ്പാണ്. ഇനിപ്പൊ തുടങ്ങും .. ചുണ്ണാമ്പ് തായോ, അടയ്ക്ക തായോന്ന്. കുറേ നേരം നീണ്ട് നില്ക്കുന്ന പ്രവര്‍ത്തനമാണ് അയാളുടെ വെറ്റില മുറുക്കല്‍ . ഇറങ്ങിപ്പോകാന്‍ പറയാനും പറ്റില്ല. അയാളുടെ കൈയ്യില്‍ നിന്നും പണം കടം വാങ്ങിച്ചിട്ടുണ്ട് അവളുടെ കെട്ട്യോന്‍ .

മുറ്റത്ത് വെയില്‍ പരന്നിരുന്നു. വേപ്പുമരത്തിന്റെ നിഴല്‍ വീണിടമൊഴിച്ച്. അവള്‍ വാതില്‍ ചാരി നിന്നു. മൂത്താന്റെ ഒളിച്ചുള്ള നോട്ടം കണ്ടപ്പോഴാണ് മേല്‍മുണ്ടിട്ടിട്ടില്ലെന്ന് ഓര്‍ത്തത്. ലുങ്കിലും ബ്ലൌസുമേയുള്ളൂ. അതെങ്ങനെ മറന്ന് പോയെന്നോര്‍ത്ത് അവള്‍ക്ക് ആവലാതിയായി. മൂത്താന്‍ വെറ്റിലയുടെ ഞരമ്പ് ചുരണ്ടിക്കൊണ്ട് കള്ളനോട്ടം തുടരുകയാണ്. അയയില്‍ കിടക്കുന്ന തോര്‍ത്തെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് അവളാഗ്രഹിച്ചു.

അന്നേരം വേലിയ്ക്കപ്പുറത്ത് കൂടെ പീടികേലെ വാസ്വേട്ടനും സഖാവ് കൃഷ്ണേട്ടനും പോകുന്നത് കണ്ടു. ഉമ്മറത്ത് മൂത്താനേം തന്നേം കണ്ടാല്‍ അവരെന്ത് വിചാരിക്കും . അവള്‍ക്ക് വിയര്‍ക്കാന്‍ തുടങ്ങി. മൂത്താനെ വിളിച്ച് അകത്തിരുത്തിയാലോയെന്ന് തോന്നി. അയാള്‍ ആസ്വദിച്ച് മുറുക്കുകയാണ്. ഇപ്പോള്‍ നോട്ടം മുറ്റത്തേയ്ക്കാണ്. വെയില്‍ മുറുകുയയും അയയുകയും ചെയ്യുന്നു. അതിനൊപ്പം വേപ്പുമരത്തിന്റെ നിഴലും തെളിഞ്ഞു മങ്ങി തെളിഞ്ഞു. തേങ്കുറിശ്ശിയിലെ നാരായണാ ടാല്ക്കീസില് സിനിമയ്ക്ക് പോയപ്പോള്‍ ഇങ്ങനെയായിരുന്നു. പടം ഇടയ്ക്ക് മങ്ങും ..അപ്പോള്‍ എല്ലാരും കൂവാന്‍ തുടങ്ങും . അപ്പോള്‍ എല്ലാം തെളിയും . പിന്നേയും മങ്ങും . സിനിമയുടെ പകുതിയും കൂവിക്കാണും നാട്ടുകാര്‍ .

പെട്ടെന്ന് മൂത്താന്‍ മുറ്റത്തേയ്ക്ക് നീട്ടിയൊന്ന് തുപ്പി. വെയിലിലാണ് വീണത്. ചുവന്ന ദ്രാവകം . മണ്ണ് ഉടനെ തന്നെ അത് വലിച്ചെടുത്ത് നിറം കളഞ്ഞു. എന്തോ അതിഷ്ടപ്പെടാത്ത പോലെ അയാള്‍ മീനാക്ഷിയെ നോക്കി. അപ്പോഴും അവള്‍ വഴിയിലൂടെ പോകുന്നവരെക്കുറിച്ചാലോചിച്ച് ഭയക്കുകയായിരുന്നു. ആരും ഒന്നും പറഞ്ഞില്ല. എങ്കിലും മൂത്താന്‍ തലയാട്ടിക്കൊണ്ടിരുന്നു. ഇപ്പോള്‍ തിണ്ണയില്‍ ചമ്രം പടിഞ്ഞിരിപ്പാണ്. ആളവിടെയങ്ങ് ഉറച്ച് പോയി. അവള്‍ വാതില്പടിയിലേയ്ക്ക് കയറി നിന്നു. എങ്കിലും വഴിപോക്കര്‍ക്ക് അവളുടെ കഴുത്ത് വരെ കാണാന്‍ സാധിക്കും . എന്തെങ്കിലും കാരണം പറഞ്ഞ് അയാളെ പറഞ്ഞ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു അവള്‍ .

" അട്പ്പത്തരിയിര്‍ക്കണ് മാണിക്ക്യേട്ടാ " അവള്‍ പറഞ്ഞു.

" നീ നോക്കീട്ട് വാ..ഞാവ്ടെരിക്കാ " അയാള്‍ പിന്നേയും തലയാട്ടി.

അപ്പോള്‍ കൂടുതല്‍ കുഴപ്പമായി. അടുക്കളേലിരിക്കണ നേരത്തെങ്ങാനും അയാള്‍ അകത്തേയ്ക്ക് വന്നാലോ. അല്ലെങ്കില്‍ വീട്ടുകാരനില്ലാത്തപ്പൊ ഇയാളൊറ്റയ്ക്ക് ഉമ്മറത്തിരിക്കണത് ആരെങ്കിലും ചോദിച്ചാലോ. അടുപ്പിലെ തീയാണ് ഇപ്പോള്‍ അവളുടെ നെഞ്ചില്‍. വണ്ടിയോടിച്ച് കൊണ്ടിരുന്ന ചെക്കന്‍ എങ്ങോട്ടോ പോയി. കാക്കയും പറന്നകന്നു. പാണ്ടന്‍ നായ എങ്ങോട്ടോ പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്.

ത്രിശങ്കുസ്വര്‍ഗ്ഗത്തിലായിപ്പോയി അവള്‍ .

" എങ്കി നിങ്ങ്ള് അകത്തേയ്ക്കിരിക്കീ മാണിക്ക്യേട്ടാ " അവള്‍ പറഞ്ഞു. പറഞ്ഞ് കഴിഞ്ഞപ്പോഴാണ് താനത് പറഞ്ഞെന്ന് അവള്‍ക്ക് തന്നെ ബോദ്ധ്യമായത്. മൂത്താന്‍ വിശ്വാസം വരാത്ത പോലെ ഒന്ന് നോക്കി. മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി. അതും മണ്ണ് വലിച്ചെടുത്തു. കോഴിക്കുഞ്ഞുങ്ങള്‍ മുറ്റത്തേയ്ക്ക് തിരിച്ചെത്തി. വെയില്‍ മുറുകി.

മുറുക്കാന്‍ പൊതി ഇടുപ്പില്‍ തിരുകിക്കൊണ്ട് അയാള്‍ എഴുന്നേറ്റു. അയാളുടെ ചിറി ചുവന്നിരുന്നു. സിനിമാനടികളുടേത് പോലെ.

അവള്‍ വാതിലിനോട് കൂടുതല്‍ ചേര്‍ന്ന് നിന്നു. അബദ്ധം പറ്റിയ പോലെ. കഴുത്തിലൂടെ വിയര്‍പ്പ്ചാല്‍ ഒഴുകിയിറങ്ങുന്നതറിയുന്നുണ്ടായിരുന്നു. എന്തായാലും ഇത്രയൊക്കെയായി, ഒന്ന് വേഗം പോയിത്തന്നാ മതിയായിരുന്നെന്ന് അവള്‍ വിചാരിച്ചു. ചെക്കനെങ്ങാനും കേറി വന്നാലാണ്!

" അവന്‍ വരുമ്പൊ വൈന്നേരം എന്റവ്ടം വരെ വരാമ്പറ" അത്രയും പറഞ്ഞ് മൂത്താന്‍ മുറ്റത്തേയ്ക്കിറങ്ങി. കോഴിക്കുഞ്ഞുങ്ങള്‍ അയാളെക്കണ്ട് ഓടിയകന്നു. പടിയ്ക്കലെത്തിയപ്പോള്‍ ഒന്ന് തിരിഞ്ഞ് അടിമുടിയൊന്ന് അവളെ സൂക്ഷിച്ച് നോക്കി ഒന്നമര്‍ത്തി മൂളിയിട്ട് അയാള്‍ നടന്നകന്നു.

അടുപ്പത്ത് അരിയിരിക്കുന്ന കാര്യം അപ്പോഴാണവളോര്‍ത്തത്.

Thursday, July 23, 2009

ലസ്സി

"എത്ര പെട്ടെന്നാണ് കാര്യങ്ങള് കുഴഞ്ഞത് "

" ഉം "

" നിനക്കെന്താ ഒരു ഉഷാറില്ലാത്ത പോലെ... ഞാന് വിളിച്ചത് ഇഷ്ടമായില്ലേ ? "

" ഏയ്...നീ എന്താ ഇങ്ങനെയൊക്കെ ... "

" ഓക്കെ...വൈകുന്നേരം കാണില്ലേ ? "

" പക്ഷേ എവിടെ ? "

" കെ ബി ആര് പാര് ക്കില് ..."

" അവിടത്തെ കാര്യം നിനക്കറിയാവുന്നതല്ലേ? "

" അറിയാം ... പക്ഷേ വേറെ എവിടെ വച്ചും നിന്നെ കാണുന്നത് അത്ര സുഖം വരില്ലഡാ "

" ഉം "

" ശെരി..ഞാന് വൈകുന്നേരം വിളിക്കാം ...അപ്പോഴേയ്ക്കും മൂഡ് ശരിയാക്കി വയ്ക്ക് "

" ഉം "

സുമി ഫോണ്‍ കട്ട് ചെയ്തു. അവള്‍ ക്കെന്തോ നല്ല സുഖം തോന്നിയില്ല. പതിവില്ലാത്തതായിരുന്നു രതിപ്രിയയുടെ പ്രതികരണം . സാധാരണ അവള്‍ തന്റെ നമ്പര്‍ കാണുമ്പോള്‍ എന്ത് ഉല്സാഹത്തോടെയാണ്‌ സം സാരിക്കുക. ഇന്നെന്ത് പറ്റിയോ എന്തോ! ചിലപ്പോള്‍ വാലന്റ്റൈന് സ് ഡേയ്ക്ക് സുമേഷിനുണ്ടായ അനുഭവം കേട്ടിട്ടായിരിക്കണം . അവന്‍ കാമുകിയുമൊത്ത് പാര്‍ ക്കില്‍ പോയതായിരുന്നു. പാര്‍ ക്ക് കാവല്‍ ക്കാര്‍ അവരെ അകത്തേയ്ക്ക് വിട്ടില്ല. അവരുടെ വിവാഹം കഴിഞ്ഞതല്ലെങ്കില്‍ ഇങ്ങനെ ഒന്നിച്ച് നടക്കരുതെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി. സുമേഷ് ജേര്‍ ണലിസ്റ്റ് ആണ്‌. ചോരത്തിളപ്പും ആവോളം ഉണ്ട്. അവന്‍ പ്രശ്നമുണ്ടാക്കി. അപ്പോള്‍ ആരോ കുറേ ആളുകള്‍ ഓടിയെത്തി അവരെ വളഞ്ഞു. പ്രശ്നം അവര്‍ ഏറ്റെടുത്തു.

"ദാറ്റ് ഫക്കിങ് മോറേല്‍ പോലീസ്..അത് തന്നെയായിരുന്നു അവര്‍ ... എന്നാലും ഇത്ര ഭീകരമായി കാര്യങ്ങളെന്ന് ഞാനറിഞ്ഞിരുന്നില്ല." സുമേഷ് ഫോണില്‍ കത്തുകയായിരുന്നു. പ്രശ്നം വഷളായി. അവരെ അപ്പോള്‍ തന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങൂയെന്ന് വന്നവര്‍ . ഒരു തരത്തില്‍ രണ്ട് പേരും രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് സം ഭവം പത്രത്തില്‍ റിപ്പോര്‍ ട്ട് ചെയ്യാന്‍ സുമേഷിനെ സമ്മതിച്ചില്ല. അതില്‍ രോഷം പൂണ്ട് ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് പോയിരിക്കുകയാണ്‌ അവന്‍ .

ഈ വാര്‍ ത്ത കേട്ടപ്പോള്‍ തന്നെ രതിപ്രിയ അപ് സെറ്റ് ആയി. വൈകുന്നേരം കുറേ നേരം ഫോണില്‍ കരഞ്ഞു. വല്ലാതെ പേടിച്ച് പോയിരുന്നു കുട്ടി. തന്റെ സമാധാനങ്ങളൊന്നും അവളുടെ പേടി മാറ്റിയില്ല.

മാസങ്ങള്‍ ക്ക് മുമ്പ് ഒരു പെയിന്റിങ് എക്സിബിഷനില്‍ വച്ചാണ്‌ അവള്‍ രതിപ്രിയയെ കണ്ടുമുട്ടിയത്. പെയിന്റിങിലൊന്നും താല്പര്യമില്ലാത്ത അവള്‍ കൂട്ടുകാരുടെ നിര്‍ ബന്ധത്തിന്‌ വഴങ്ങി വന്നതാണ്‌. ആദ്യകഴ്ചയില്‍ തന്നെ സുമിയ്ക്ക് അവളോട് വല്ലാത്ത വാല്സല്യം തോന്നി. അല്പം കറുത്ത് മിനുസമുള്ള കുട്ടി. എപ്പോഴും വാടിയ ചെമ്പകപ്പൂ പോലെ മുഖം . മെലിഞ്ഞ് ശരാശരി ഉയരം ഉള്ള അവളെ ചുറ്റുമുള്ള ചെറുപ്പക്കാരുടെ കണ്ണുകള്‍ കാര്‍ ന്ന് തിന്നുന്നുണ്ടായിരുന്നു.

അധികം ആരോടും സം സാരിക്കാതെ ഒരോ പെയിന്റിങും അലസമായി നോക്കി നോക്കി നടക്കുകയായിരുന്നു അവള്‍ . സുമി രണ്ട് കപ്പ് ചായ എടുത്ത് അവളുടെ അടുത്തേയ്ക്ക് പോയി.

സ്വയം പരിചയപ്പെടുത്തിയപ്പോളാണ്‌ അവള്‍ ക്ക് ഇത്ര മനോഹരമായി പുന്ചിരിക്കാന്‍ കഴിയുമെന്ന് മനസ്സിലായത്. അവളെക്കുറിച്ചുള്ള സകല മുന്‍ വിധികളും തകര്‍ ത്തെറിയുന്ന പുന്ചിരി.

കൂടുതല്‍ സം സാരിച്ചതില്‍ നിന്നും അവള്‍ നഴ്സിങ് വിദ്യാര്‍ ഥിനിയാണെന്നും വല്ലാത്ത ഏകാന്തത അനുഭവിക്കുന്നവളാണെന്നും എല്ലാം മനസ്സിലായത്.

സുമിയും ഏതാണ്ട് ഒറ്റപ്പെടല്‍ അനുഭവിക്കുകയായിരുന്നു. രതിപ്രിയയുമായി സമയം ചിലവഴിക്കുമ്പോള്‍ അവള്‍ ക്ക് വല്ലാത്ത ആശ്വാസം കിട്ടിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അവര്‍ പരസ്പരം കാണാന്‍ ശ്രമിച്ചു. വൈകുന്നേരങ്ങളില്‍ നഗരത്തില്‍ ചുറ്റിയടിച്ചു. പാര്‍ ക്കിലും ഐസ് ക്രീം പാര്‍ ലറിലുമെല്ലാം മണുക്കൂറുകളോളം സം സാരിച്ചിരുന്നു.

ഒരിക്കല്‍ സുമിയാണ്‌ അവളെ സിനിമയ്ക്ക് കൂട്ടിക്കൊണ്ട് പോയത്. വല്ലാതെ മടിച്ചാണ്‌ അവള്‍ സമ്മതിച്ചത്.

" എനിക്ക് നിന്നോടൊപ്പം വരാന്‍ നാണമാകുന്നു " രതിപ്രിയ പറഞ്ഞു.

" നാണമോ? എന്തിന്‌ ? "

" ആ അറിയില്ല... എന്തോ ഒരു "

സുമിയ്ക്ക് മനസ്സിലായി. ആദ്യമായി അവര്‍ ക്ക് സം സാരിക്കാന്‍ വിഷമമുണ്ടായി. ലോകത്തിലെ എല്ലാ വിഷയങ്ങളും തീര്‍ ന്ന് പോയത് പോലെ. ആദ്യമായി പ്രണയം വെളിപ്പെടുത്തിയ കമിതാക്കളെപ്പോലെ അവര്‍ സിനിമയ്ക്ക് കയറി. ഒന്നും മിണ്ടാതെ, പക്ഷേ പരസ്പരം സാന്നിധ്യം അറിയിക്കാന്‍ വെമ്പല്‍ കൊണ്ട്.

ഒരു പ്രണയസിനിമയായിരുന്നു അത്. നായികയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് നായകന്‍ അവളെ ചും ബിക്കാനാഞ്ഞപ്പോള്‍ രതിപ്രിയയുടെ കൈ അറിയാതെ സുമിയുടെ മടിയില്‍ സ്പര്‍ ശിച്ചു. അവര്‍ സിനിമ കാണുന്നത് മതിയാക്കി തിയേറ്റരില്‍ നിന്നിറങ്ങി. അവര്‍ സുമിയുടെ മുറിയിലേയ്ക്ക് പോയി. മുറിയിലെത്തിയപ്പോഴേയ്ക്കും രതിപ്രിയ പനിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു. പേടിച്ച് പൂച്ചക്കുട്ടിയെപ്പോലെ അവള്‍ സുമിയെ പറ്റിപ്പിടിച്ച് കിടന്നു. അവളെ നന്നായി പുതപ്പിച്ച് മൂര്‍ ദ്ധാവില്‍ ചും ബിച്ചു സുമി. അപ്പോള്‍ അവളുടെ നെന്ചിടിപ്പ് തന്റെ മാറില്‍ സുമിയറിഞ്ഞു.

ഹോസ്റ്റലിലെ താമസം മതിയാക്കി തന്റെ മുറി പങ്കിടാന്‍ സുമി പല പ്രാവശ്യം നിര്‍ ബന്ധിച്ചതാണ്‌. പക്ഷേ രതിപ്രിയയ്ക്ക് സങ്കോചമായിരുന്നു. എല്ലാവരും തന്നെ സം ശയദൃഷ്ടിയോടെ നോക്കുന്നു എന്ന് അവള്‍ പറഞ്ഞു.

" എല്ലാം നിന്റെ തോന്നലാണ്‌ മോളേ.. ഇവിടെ എത്രയോ പെണ്‍ കുട്ടികള്‍ വീട് വാടകയ്ക്കെടുത്ത് ഒന്നിച്ച് താമസിക്കുന്നു. അവര്‍ ക്കൊന്നും ഒരു കുഴപ്പവുമില്ലല്ലോ " സുമി ആവുന്നത്ര പറഞ്ഞ് നോക്കി.

അവള്‍ ഒരു തരത്തിലും വഴങ്ങിയില്ല. ഒടുവില്‍ വാരാന്തങ്ങളില്‍ ഒന്നിച്ചിരിക്കാമെന്ന് രതിപ്രിയ സമ്മതിച്ചു.

അവള്‍ തൊട്ടാച്ചിണുങ്ങിയായിരുന്നു. മുറിയില്‍ വന്നാല്‍ മാറാല തട്ടല്‍ , പാത്രം കഴുകല്‍ , പുസ്തകങ്ങള്‍ അടുക്കി വയ്ക്കല്‍ എന്നിങ്ങനെ തിരക്കിലാകും അവള്‍ . ഭക്ഷണമുണ്ടാക്കുന്നതും അവള്‍ തന്നെ. വൈകുന്നേരം രണ്ട് പേരും പാര്‍ ക്കിലേയ്ക്ക് പോകും . വളരെനേരം സം സാരിച്ചിരിക്കും . ഇരുട്ടായാല്‍ മുറിയിലേയ്ക്ക് പോയി അത്താഴം കഴിച്ച് ഒരു കട്ടിലില്‍ ഒരേ പുതപ്പിനടിയില്‍ ചേര്‍ ന്ന് കിടക്കും .

പക്ഷേ ഒരു ദിവസം പോലും കാണാതിരിക്കാന്‍ തങ്ങള്‍ ക്കാവില്ലെന്ന് വന്നപ്പോഴും രതിപ്രിയ ഹോസ്റ്റലില്‍ തന്നെ തുടര്‍ ന്നു.

ദിവസങ്ങള് കഴിയുന്തോറും തന്റെയുള്ളില് ഒരു കാട്ടുതീ പോലെ രതിപ്രിയ കത്തിപ്പടരുന്നുണ്ടെന്ന് അവളറിഞ്ഞു. അവള് ക്കും അങ്ങിനെ തന്നെയാണെന്ന് തോന്നിയിരുന്നെങ്കിലും ഒന്നും അത്ര പെട്ടെന്ന് തുറന്ന് സമ്മതിക്കുന്ന കൂട്ടത്തിലല്ലായിരുന്നു അവള് . രതിപ്രിയയ്ക്ക് വേണ്ടി എന്തും ചെയ്യാന് തയ്യാറാണ് താനെന്ന് പലവട്ടം ആണയിട്ട് പറഞ്ഞതാണ്. അപ്പോഴെല്ലാം അവള് പതിവുള്ള നാണത്തില് കലര് ന്ന് പുന്ചിരി സമ്മാനിച്ചതേയുള്ളൂ

രതിപ്രിയയെ തടസ്സപ്പെടുത്തുന്നതെന്താണെന്ന് കണ്ടുപിടിക്കാന് അവള് കുറേ ശ്രമിച്ചു. പക്ഷേ, ബുദ്ധിമതിയായ കാമുകിയെപ്പോലെ അവള് തനിക്ക് ചുറ്റും ഒരു അദൃശ്യവലയം തീര് ക്കുകയും മറ്റാര് ക്കും കണ്ടെത്താനാകാത്ത വിധം തന്റെ ചിന്തകള് ഒളിപ്പിക്കുകയും ചെയ്തു.

എന്തായാലും രതിപ്രിയയ്ക്ക് ഒരു സമ്മാനം കൊടുക്കണമെന്ന് സുമി കരുതിയിരുന്നു. അതിനാണ്‌ പാര്‍ക്കിലേയ്ക്ക് വിളിച്ചതും . പക്ഷേ, കുട്ടി വല്ലാതെ ഭയന്നിരിക്കുന്നു. എല്ലാം തുറന്ന് പറയുകയും വേണം . അവളില്ലാതെ തനിക്കിനി ജീവിക്കാനാവില്ലെന്ന് അവളെ ബോധ്യമാക്കണം . പറ്റിയാല് അപ്പോള് ത്തന്നെ തന്റെ കൂടെ കൊണ്ടുപോകണം . ഇതിനൊന്നും ആയില്ലെങ്കില് തനിക്ക് പ്രണയിക്കാന് അവകാശമില്ലെന്ന് അവള് തീരുമാനിച്ചു


അവള്‍ വീണ്ടും രതിപ്രിയയുടെ മൊബൈലിലേയ്ക്ക് ഡയല്‍ ചെയ്തു.

" നീ വരില്ലെ മോളേ ? "

" എനിക്ക് പേടിയാവുന്നു "

" എന്തിന്‌? "

" സുമേഷിന്റെ കാര്യം അറിഞ്ഞില്ലെ? കാര്യങ്ങള്‍ എല്ലാം കുഴഞ്ഞ് കിടക്കുകയല്ലേ "

" എടീ, അത് അവര്‍ ആണും പെണ്ണും ആയത് കൊണ്ടാ.. നമ്മള്‍ രണ്ട് പെണ്ണുങ്ങള്‍ അല്ലേ..ഒരു കുഴപ്പവുമുണ്ടാവില്ല "

" പക്ഷേ.. അവര്‍ ക്ക് എന്തെങ്കിലും സം ശയം തോന്നിയാല്‍ ? "

" നീ പേടിക്കാതെ വന്നാല്‍ മതി..ഒരു കുഴപ്പവും ഉണ്ടാവില്ല "

" ഉം ശരി...ഞാന്‍ വരാം "

വൈകുന്നേരം സുമി പറഞ്ഞതിനും വളരെ നേരത്തേ തന്നെ തയ്യാറായി. ഇന്ന് ഒരു സുപ്രധാന തീരുമാനം എടുക്കണമെന്ന് അവള്‍ ഉറപ്പിച്ചിരുന്നു. ഇന്ന് മുതല്‍ രതിപ്രിയ തന്റെ കൂടെയായിരിക്കും താമസിക്കുന്നത്. അവള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും

" ഞാന്‍ നിന്റെ " അവള്‍ കണ്ണാടിയില്‍ നോക്കി റിഹേഴ്സല്‍ ചെയ്തു നോക്കി.

" ഞാന്‍ നിന്റെ ... " നിന്റെ ? ബാക്കി എന്ത് പറയണമെന്ന് അവള്‍ ക്ക് അറിയില്ലായിരുന്നു.

പാര്‍ ക്കിന്റെ മുന്നില്‍ കുറച്ച് കമിതാക്കള്‍ നില്‍ ക്കുന്നുണ്ടായിരുന്നു. കുറച്ച് പേര്‍ തിരിച്ച് നടക്കുന്നുമുണ്ടായിരുന്നു. സെക്യൂരിറ്റിക്കാര്‍ ആരേയും അകത്തേയ്ക്ക് വിടുന്നില്ല. നെറ്റിയില്‍ കുങ്കുമം തൊട്ട കാവിവസ്ത്രധാരികള്‍ പാന്‍ മസാലയും ചവച്ച് തുപ്പിക്കൊണ്ട് ഗേറ്റിന്റെ അരികില്‍ നില്‍ ക്കുന്നുണ്ടായിരുന്നു.

രതിപ്രിയ അവിടെയെങ്ങാനും ഉണ്ടോയെന്ന് അവള്‍ പരതി. കാണാതായപ്പോള്‍ മൊബൈലില്‍ വിളിച്ചു,.

" ങാ...ഞാന്‍ ഇവിടെ കോവിലില്‍ ഉണ്ട്.. പെദ്ദമ്മ കോവിലില്‍ "
" നീ വരുന്നില്ലേ ?

" വരുന്നു....15 മിനിറ്റ് "

സുമി കാത്ത് നിന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ ദൂരേ നിന്നും രതിപ്രിയ നടന്നടുക്കുന്നത് കണ്ടു. നാലുമണിവെയിലില്‍ മഞ്ഞ ചുരിദാര്‍ അണിഞ്ഞ് അവളുടെ വരവ് കണ്ടപ്പോള്‍ സുമിയ്ക്ക് എന്തെന്നില്ലാത്ത വികാരങ്ങള്‍ തോന്നി

വല്ലാത്ത ഭയന്ന മുഖവുമായാണ്‌ രതിപ്രിയ നില്ക്കുന്നത്. പെദ്ദമ്മയുടെ പ്രസാദം വലത്തേക്കൈയ്യില്‍ മുറുക്കിപ്പിടിച്ചിരുന്നു.

" അത് കണ്ടോ നീ ? " സുമി ചോദിച്ചു

" ഉം ...അതാ ഞാന്‍ പറഞ്ഞത് "

" വാ..നമുക്ക് അകത്ത് കയറാം .. "

" ഇല്ല...എനിക്ക് പേടിയാവുന്നു. അവര്‍ കണ്ട് പിടിച്ചാലോ ? "

" എന്ത് കണ്ടുപിടിക്കാന്‍ ? "

അത് ചോദിച്ചപ്പോള്‍ രതിപ്രിയയുടെ മുഖം രക്തവര്‍ ണ്ണമായി. നാണിച്ച് മുഖം താഴ്ത്തി അവള്‍ നിന്നു.

" നീ വാ..ഒരു വഴിയുണ്ട് " രതിപ്രിയ സുമിയുടെ കൈ പിടിച്ച് വിളിച്ചു.
പാര്‍ ക്കില്‍ നിന്നും കുറേയകലെ ആളൊഴിഞ്ഞിടത്ത് കൊണ്ട് പോയി.

പടര്‍ ന്ന് പന്തലിച്ച് നില്ക്കുന്ന ഒരു പുളിമരത്തിന്റെ ചുവട്ടില്‍ വച്ച് അവള്‍ വലം കൈ തുറന്നു. പൂജിച്ച് പൂക്കളും മഞ്ഞളും കുങ്കുമവും കൂടാതെ കൈയ്യില്‍ ഒരു മഞ്ഞച്ചരടും ഉണ്ടായിരുന്നു.

"ഉം " രതിപ്രിയ മൂളി. എന്നിട്ട് തല കുനിച്ച് കഴുത്തിന്‌ പിന്നില്‍ വച്ച് മുടി കൂട്ടിപ്പിടിച്ചുയര്‍ ത്തി.

സുമി വിറങ്ങലിച്ച് നില്ക്കുകയായിരുന്നു.

അപ്പോള്‍ കാവിക്കൊടി നാട്ടിയ ജീപ്പുകളില്‍ രാമനാമം ഉറക്കെ വിളിച്ച് പറഞ്ഞ് ഒരു ജാഥ അവരെക്കടന്ന് പോയി

Saturday, June 13, 2009

ശിക്കാര്‍

ദൂരേ നിന്ന് തന്നെ ഫാം ഹൌസിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പ് സണ്ണിക്കുട്ടി കണ്ടു. ചേട്ടായിയും കൂട്ടരും അതിരാവിലെ തന്നെ എത്തിയിട്ടുണ്ട്. തലേന്ന് തറവാട്ടില്‍ വച്ച് വനത്തിലേയ്ക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. ശിക്കാറിന് പോയിട്ട് കുറേ നാളായി. ചേട്ടായിയുടെ കൂടെയാണെങ്കില്‍ ബഹുരസമാണ്`. ഇരട്ടക്കുഴല്‍ത്തോക്കിന്റെ ഗര്‍ജ്ജനം , ഒപ്പം ചേട്ടായിയുടെ അലര്‍ച്ച. രണ്ടും കൂടിയാകുമ്പോള്‍ ഇര വീണിരിക്കും . അത്ര ഉന്നമാ . ഒരിക്കലും തെറ്റില്ല.

വിചാരിച്ചത് പോലെ ഒരുക്കങ്ങള്‍ നടക്കുകയാണ് ഫാം ഹൌസില്‍ . ചേട്ടായിയുടെ പക്കല്‍ തോക്ക് നാലെണ്ണമുണ്ട്. ഒരെണ്ണത്തിനേ ലൈസന്‍സുള്ളൂ. നിലത്തിരുന്ന് തിര നിറയ്ക്കുകയാണ് ചേട്ടായി.

" ഡാ.. സാധനം കൊണ്ടന്നോടാ സണ്ണിക്കുട്ടീ? " ചേട്ടായി ദൂരെ എവിടേയ്ക്കോ ഉന്നം പിടിച്ചുകൊണ്ട് ചോദിച്ചു. സണ്ണിക്കുട്ടി തോള്‍സഞ്ചി നിലത്ത് വച്ച് മൂന്ന് കുപ്പികള്‍ പുറത്തെടുത്തു. ചേട്ടായി ഒരെണ്ണം തുറന്ന് മണപ്പിച്ച് നോക്കി.

" നമ്മടെ തോട്ടത്തിലെയല്ലേടാ ? "

" ആണ് ചേട്ടായി "

" ഉം ... അതാ നല്ല വാസന. ഈ ഫോറിനൊക്കെ എന്തിനാടാ...ഇത് പോരേ "

ഒരു കവിള്‍ കുടിച്ച് ഇഷ്ടപ്പെട്ടെന്ന ആംഗ്യം കാട്ടി.

" ചേട്ടായി നല്ല മൂഡിലാണല്ലോ "

" ആണെടാ...കാര്യം ണ്ട് "

" എന്തോന്നാ?"

" അവന്‍ പൊങ്ങീട്ട്ണ്ട് ടാ..ആ ഒലഹന്നാന്‍ "

" അവനാ?" സണ്ണിക്കുട്ടിയ്ക്ക് ദേഷ്യം അടക്കാനായില്ല.

" അപ്പോ എങ്ങനാ കാര്യങ്ങളൊക്കെ ചേട്ടായീ?"

" ഡാ..ഈ തോക്ക് കണ്ടാ നീ...ഇതിനൊരു വിശേഷൊണ്ട്... ചുമ്മാ നിറച്ച് വച്ചാ മതി...ഇര താനെ വന്ന് മുന്നെ നിക്കും ... ഒന്ന് ചുടുവോന്നും പറഞ്ഞ്."

" അത് നേരാ " സണ്ണിക്കുട്ടി ചിരിച്ചു.

അയാള്‍ക്ക് ആകെ കോരിത്തരിക്കുന്നുണ്ടായിരുന്നു. ചേട്ടായിയെ കബളിപ്പിച്ച് ആരുമറിയാതെ സ്ഥലം വിട്ടതാണ് ഉലഹന്നാന്‍ . അതിര്‍ത്തിത്തര്‍ക്കവും കുടുംബവഴക്കുമെല്ലാം വേറെയാള്‍ക്കാരുമായിട്ടാണ്. മലമുകളില്‍ ആന്റോസ് എന്നാണ് അവന്റെ പേര്. പക്ഷേ പണി തന്നത് വരുത്തന്‍ ഉലഹന്നാനും ... കൈ നിറച്ച് കിട്ടിക്കാണും . അവന്‍ എന്തൊക്കെ ശ്രമിച്ചിട്ടും ചേട്ടായിയോട് പിടിച്ച് നില്ക്കാന്‍ പറ്റിയില്ല. ഒടുക്കം ഒരു തന്തയില്ലായ്മ കാണിച്ച് പെടുത്തി. ചേട്ടായി അകത്ത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പുല്ല് പോലെ ഇറങ്ങി വന്നു ചേട്ടായി. പൊളിറ്റിക്സിലൊക്കെ അത്ര ഹോള്‍ഡല്ലാരുന്നോ.

വന്നതും അവനെ അന്വേഷിച്ചാണ് ചേട്ടായി പോയത്. അപ്പോഴേയ്ക്കും മംഗലാപുരത്തേയ്ക്കോ മറ്റോ അവന്‍ മുങ്ങിയിരുന്നു. തപ്പിയെടുക്കാന്‍ ചേട്ടായിയ്ക്ക് കഴിയാഞ്ഞിട്ടല്ല. അതല്ല അങ്ങേര്ടെ രീതി. ഇര താനേ മുമ്പില്‍ വരും. എന്നിട്ടാണ് വിധിയെഴുത്ത്. ശവം പോലും കിട്ടില്ലെന്ന് ചുരുക്കം .

രണ്ടാമത്തെ കുപ്പിയും കാലിയാക്കി ഒരു സിഗരറ്റ് കത്തിച്ചു ചേട്ടായി.

" ഡാ സണ്ണിക്കുട്ടീ... എനിക്കറിയാര്‍ന്നെടാ അവന്‍ വരൂന്ന്..വെറുതേയാണോ നമ്മടെ പിള്ളേരെ അവന്റെ പെണ്ണുമ്പിള്ളേന്റെ ചുറ്റും പറത്തിച്ചത്. അവളെക്കാണാന്‍ അവന്‍ വരൂന്ന് നല്ല ഒറപ്പുണ്ടാരുന്നു. നമ്മടെ അവറാനുമായി അവളൊന്ന് അടുപ്പമായെന്നും കേട്ടു...ആണോടാ അവറാനേ? "

ബാഗ് ശരിയാക്കുകയായിരുന്ന അവറാന്‍ ചമ്മിയ ഒരു ചിരി ചിരിച്ചു.

" ഒക്കുമാരുന്നു മൊതലാളീ... മൊതലാളി തടഞ്ഞിട്ടല്ലേ ഞാന്‍ .. "

" ങാ... എനിക്കേ അവനേയാ വേണ്ടത്...അവന്റെ ഭാര്യേനെ അല്ല"

" നീ വരുന്നോടാ വനത്തിലേയ്ക്ക്? "

" വന്നേക്കാം ചേട്ടായീ...ഇവടെരുന്നിട്ടിപ്പോ എന്നാ കാണിക്കാനാ "

" ങാ..എന്നാ പോരേ "

ശിക്കാറിനുള്ള സാമഗ്രികള്‍ നിറച്ച സഞ്ചി സണ്ണിക്കുട്ടി എടുത്തു. ചേട്ടായി അവറാനും കൂട്ടര്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് വിട്ടു. എല്ലാം പ്ലാനാണ്. ഉലഹന്നാനെ പൂട്ടാനുള്ള പ്ലാന്‍ .

" നിന്നോട് ഞാന്‍ കാര്യമൊന്നും പറഞ്ഞില്ല..അല്ലേടാ?"

" എന്തോന്നാ ചേട്ടായീ? "

നമ്മള്‍ അവടെയെത്തുമ്പോഴേയ്ക്കും പിള്ളേര്‍ പോയി അവനെ കൊണ്ടരും .."

" അതെങ്ങനാ?"

" കള്ളത്തടി ഏജന്റുമാരാണെന്നും പറഞ്ഞ് അവന്മാര്‍ അവനെ പറഞ്ഞ് ശരിയാക്കീട്ട്ണ്ട്...തടി വിലപേശാന്‍ അവന്‍ വരും ... എന്റെ വായിലോട്ട് " എന്നിട്ട് ചേട്ടായി ആകാശം മുഴങ്ങെ ഒരു ചിരി ചിരിച്ചു.

" അവടെ വച്ച് തട്ടാനാണോ ചേട്ടായീ?"

" അല്ലാതെ വളര്‍ത്താനാന്നോ? "

അവര്‍ ഓരോന്നും പറഞ്ഞ് മല കയറി. കുറേ നടക്കാനുണ്ട് വനം കയറണമെങ്കില്‍ . ദൂരേ നിന്നേ കാണാം ഇരുട്ട് നിറഞ്ഞ മരക്കൂട്ടങ്ങള്‍.

" ഡാ..സണ്ണിക്കുട്ടീ ..." ചേട്ടായി നടത്തം നിര്‍ത്തി വിളിച്ചു. സണ്ണിക്കുട്ടിയും നടത്തം നിര്‍ത്തി എന്താണെന്ന് നോക്കി

" അത് അവളല്ലേടാ? ആ ഒലഹന്നാന്റെ ഭാര്യ? "

" അതേ ചേട്ടായി "

" അവളെന്നായെടുക്കുവാ? "

" ആ "

അവരെ കണ്ടപ്പോള്‍ അവള്‍ ഓടിവന്നു. കരഞ്ഞ് കലങ്ങിയിരുന്നു കണ്ണുകള്‍ . അവള്‍ നേരെ ചേട്ടായിയുടെ കാലില്‍ വീണു.

" മൊതലാളീ...അങ്ങേരോട് പൊറുക്കണം ... ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്...എന്നിട്ടും അയാള്‍`....എന്നേം പിള്ളേരേം മൊതലാളി ആരുമില്ലാതാക്കര്‌ത്."

" അവന്റെ അടവാ...ചാകുന്നായപ്പോ പെണ്ണുമ്പിള്ളേം പറഞ്ഞ് വിട്ടേക്കണു... " ചേട്ടായി അവളെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.

" അയ്യോ....അതിയാന്റെ കാര്യമൊക്കെ ഏതാണ്ട് പോലെയാ മൊതലാളീ..എനിക്കൊന്നുമറിഞ്ഞൂടായേ.."

അവള്‍ കരച്ചില്‍ തുടര്‍ന്നു.

" എങ്കിലേ..ഇന്നത്തേം കൂടേയൊള്ളൂ..." ചേട്ടായി.

" അയ്യോ...അതിയാന്‍ പോയാപ്പിന്നെ ഞങ്ങക്കാരുമില്ലേ...."

" നിനക്ക് ഞാനുണ്ടാകൂടീ പെണ്ണേ...നിന്നെ ഞാന്‍ പൊന്ന് പോലെ നോക്കിക്കോളാം .. "

സ്വിച്ചിട്ടപോലെ അവള്‍ കരച്ചില്‍ നിര്‍ത്തി. എന്നിട്ട് ഒന്നും മനസ്സിലാകാത്ത പോലെ നോക്കി.

ചേട്ടായി ഉറക്കെ ചിരിച്ചു. എന്നിട്ട് നടത്തം തുടര്‍ന്നു.

" അവള് കൊള്ളാല്ലേടാ..ആര്‍ക്കും ഒരു മോഹമൊക്കെ തോന്നിപ്പോകും "

" ചേട്ടായി ഇതെന്നാ ഭാവിച്ചാ?

" ഓ..ചുമ്മാ പറഞ്ഞതാഡേ"

സണ്ണിക്കുട്ടി തലചൊറിഞ്ഞ് കൊണ്ട് പിന്നാലെ നടന്നു.

" എന്നാലും ... അവള്ടെ വീടിന് ചുറ്റും സന്ധ്യ കഴിഞ്ഞാ കുറേപ്പേര് കറങ്ങുന്നുണ്ടെന്നാ കേട്ടത് " സണ്ണിക്കുട്ടി പറഞ്ഞു.

" എങ്ങനെ ചുറ്റാതിരിക്കുമെഡാ...അവളൊരു മാലാഖയല്ലേ..നമക്കൊരു കാര്യം ചെയ്യാം അവനെ തട്ടിയേച്ച് അവളെ നമ്മടെ തറവാട്ടിക്കൊണ്ടന്ന് പാര്‍പ്പിക്കാം ..ചുമ്മാ ഒരു നേരമ്പോക്കിനേ "

സണ്ണിക്കുട്ടിയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ഇങ്ങനെയൊക്കെ പറയുമെങ്കിലും ചേട്ടായിയുടെ മനസ്സിലെന്താണെന്ന് ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ല.

വനത്തിനുള്ളിലേയ്ക്ക് കടന്നപ്പോള്‍ വെളിച്ചം കുറഞ്ഞു. പന്തലിച്ച് കിടക്കുന്ന മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം മാത്രം. ചേട്ടായിയ്ക്ക് വനത്തിനുള്ളിലെ വഴികളെല്ലാം കാണാപ്പാഠമാണ്. ഏതിരുട്ടിലും വഴി തെറ്റില്ല. എതിരേ രണ്ട് ഫോറസ്റ്റ്കാര്‍ വരുന്നുണ്ടായിരുന്നു. ചേട്ടായിയെക്കണ്ടപ്പോള്‍ അവര്‍ ചെറുതായി ചിരിച്ച് വഴിമാറി നിന്നു.

" ശിക്കാറിനാരിക്കും മൊതലാളി " അവര്‍ കുശലം പറഞ്ഞു.

" ങാ...വല്ലാത്തൊരു ശിക്കാറിനാ "

അവര്‍ തലയാട്ടിയിട്ട് നടന്നകന്നു. നടന്ന് തളര്‍ന്നപ്പോള്‍ സണ്ണിക്കുട്ടി ഒരു മരച്ചുവട്ടില്‍ ഇരുന്നു. ചേട്ടായി ബാക്കിയുണ്ടായിരുന്ന കുപ്പി തുറന്ന് കുറച്ച് കുടിച്ചു. കോഴിക്കാല്` ചുട്ടെടുത്തതും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.

" നല്ല എരി " കോഴിക്കാല് കടിച്ച് പറിച്ച് കൊണ്ട് സണ്ണിക്കുട്ടി പറഞ്ഞു. ചേട്ടായി ഒന്നും മിണ്ടാതെ കുടിച്ച് കൊണ്ടിരുന്നു.

" അവന്മാരോടിവടാ വരാന്‍ പറഞ്ഞത്..അടുത്തെങ്ങാനും കാണും " ചേട്ടയി വിരല്‍ നാക്കിനിടയില്‍ തിരുകി ചൂളമടിച്ചു. അപ്പോള്‍ ശിഖരങ്ങളില്‍ ഇരുന്നിരുന്ന പക്ഷികള്‍ പേടിച്ച് പറന്ന് പോയി.

" ഇവടൊണ്ടേ" ആരോ വിളിച്ച് പറഞ്ഞു.

" ഇങ്ങോട്ട് വാടാ"

അഞ്ചാറ് പേരുണ്ടായിരുന്നു അവര്‍ . ഉലഹന്നാനെ കെട്ടിയിട്ടിരിക്കുകയായിരുന്നത് വലിച്ചിഴച്ചാണ് കൊണ്ടുവന്നത്. അവന്‍ പേടിച്ച് പാതി ജീവന്‍ പോയ മട്ടിലായിരുന്നു.

" അഴിച്ച് വിടെടാ പന്നീനെ"

കെട്ടഴിഞ്ഞതും ഉലഹന്നാന്‍ ഓടിവന്ന് ചേട്ടായിയുടെ കാലില്‍ വീണു.

" എന്നെ കൊല്ലരുത് മൊതലാളീ..ഒര് അബദ്ധം പറ്റിയതാണേ "

" ഡാ..ചുമ്മാ ഒന്ന് തോണ്ടിയാ ഞാനങ്ങ് തോറ്റുപോകുന്ന് വിചാരിച്ചോടാ? ഇന്നത്തോടെ നിന്റെ പരുപാടി നിര്‍ത്തിത്തരാ "

ഉലഹന്നാന്റെ കരച്ചില്‍ വലുതായി.

" എണീപ്പിച്ച് നിര്‍ത്തെടാ ശവത്തിനെ" ചേട്ടായി അലറി.

രണ്ട് പേര്‍ ചേര്‍ന്ന് അവനെ പൊക്കിയെണീപ്പിച്ചു. അവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ദേഹത്ത് അടി കൊണ്ട പാടുകള്‍ .

ചേട്ടായി തോക്ക് അവന്` നേരെ ചൂണ്ടി. അവന്‍ കിലികിലാ വിറച്ചു. മുഖത്ത് രക്തം വറ്റി.

" ഉം ... ഓടെടാ..." ചേട്ടായി ആജ്ഞാപിച്ചു.

" മൊതലാളീ..എന്നെ കൊല്ലല്ലേ"

" ഓടാനല്ലേടാ പറഞ്ഞേ..ഇല്ലെങ്കി ഇവിടെ വെടിവച്ചിടും "

അവന്‍ പതിയെ ഓടാന്‍ തുടങ്ങി.

" വേഗത്തിലോടെടാ.." ചേട്ടായി അലറി. അവന്‍ ഓട്ടം വേഗത്തിലാക്കി

ഏത് നിമിഷവും മുതുക് തുളയ്ക്കാന്‍ പോകുന്ന വെടിയുണ്ടയെ പ്രതീക്ഷിച്ച്.

പക്ഷേ ചേട്ടായി വെടിവെച്ചില്ല. തോക്ക് താഴെ വച്ചു. തിരിഞ്ഞ് നോക്കി ഓടുകയായിരുന്ന ഉലഹന്നാന് വിശ്വാസം വരാതെ ഓട്ടാം പിന്നേയും വേഗത്തിലാക്കി.

" അവനെ വെറ്തെ വിടുവാന്നോ?" സണ്ണിക്കുട്ടി ചോദിച്ചു

" പോട്ടെടാ..നമ്മള്‍ കാരണം ആ പെണ്ണുമ്പിള്ളയ്ക്ക് ആരുമില്ലാതാകണ്ട..ഇങ്ങനെയൊക്കെയല്ലേടാ നമക്കൊക്കെ വല്ലപ്പോഴും അവസരം കിട്ടുന്നേ" കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നത് കുടിച്ച് ചേട്ടായി തോക്കെടുത്ത് ആകാശത്തിലേയ്ക്ക് വെടി വച്ചു.

കാട് നടുങ്ങി.

" അവന് ഞാന്‍ വച്ച്ട്ട് ണ്ടെടാ.. ആ മലമുകളില്‍ ആന്റോസിന്"

Monday, May 18, 2009

തൂവാനത്തുമ്പികള്

മഴയ്ക്ക് മീതെ മേഘങ്ങളുടെ സം ഗീതം . ജനലിലൂടെ തുള്ളികള് മുറിയിലേയ്ക്ക് വിതറിക്കൊണ്ടിരുന്നു.മേശപ്പുറത്ത് പുസ്തകങ്ങള് ഈറനണിയുന്നുണ്ടായിരുന്നു. ജനലടയ്ക്കാന് തോന്നിയില്ല. പുഷ്തകങ്ങള് മാറ്റി. മൊബൈലില് അരോ വിളിക്കുന്നുണ്ട്. മഴയുടെ ആരവത്തില് അത് നേര് ത്തിരുന്നു.

' ഹലോ '

മറുവശത്ത് ആരാണെന്നറിയാമായിരുന്നിട്ടും നേരിട്ട് സം ഭാഷണത്തിലേയ്ക്ക് കടക്കാതെ ഒരു അനാവശ്യമായ ഹലോ.

' സൂരീ..പ്രിയയാണ്."

' നല്ല മഴ പ്രിയാ'

' ഇവിടേയും '

' ഇവിടേയും എന്ന് പറയാന് അത്ര ദൂരത്തൊന്നുമല്ലല്ലോ നമ്മള് ..നാല്` തെരുവുകളുടെ അകലമല്ലേയുള്ളൂ'.

' ഹും ..പക്ഷേ നിന്റെ ഭാവം കണ്ടാല് നാല് കടലുകള് ഉണ്ടെന്ന് തോന്നും '

' ഹാ...പെരുമഴയത്ത് ഇങ്ങനെ റൊമാന്റിക് ആയി സം സാരിക്കുന്നത് എന്ത് രസമാണ്'

' ഫോണിലൂടെയല്ല, അടുത്തിരുന്ന് സം സാരിക്കുമ്പോഴാണ് റൊമാന്റിക്...'

' നീ ഇങ്ങോട്ട് വാ '

' നീ ഇങ്ങോട്ട് വാ '

' ഇവിടെ നല്ല മഴ '

'ഇവിടേയും '

ആരും വിട്ട് കൊടുത്തില്ലെങ്കില് പ്രണയം ഇല്ലെന്ന് വരുമോ?

' മഴ കുറയട്ടെ..വരാം '

അവള് മറുപടി പറയാതെ സം സാരം നിര് ത്തി. മൊബൈല് ദേഷ്യത്തോടെ വലിച്ചെറിഞ്ഞിട്ടുണ്ടാകും ഇപ്പോള് . കൈത്തലത്തില് മുഖം അമര് ത്തി വിങ്ങുന്നുണ്ടാകും . സൂരജ് എന്ന പേരിനൊപ്പം ഹൃദയമില്ലാത്തവന് എന്ന് എഴുതിപ്പിടിപ്പിച്ച് കാണും

രതിപ്രിയാ.. നിന്റെ വിരല് ത്തുമ്പില് തണുത്തുറയുന്ന മഴത്തുള്ളി, നീ വിയര് ക്കുമ്പോള് സ്നേഹത്തിന്റെ ഗന്ധം , നീ കരയുമ്പോള് ഉണരുന്ന പാപബോധം , നിന്റെ അസ്സാന്നിധ്യം ...ഇതെല്ലാം മതിയാവും ഒരായുസ്സിലേയ്ക്ക്.

മഴ കുറച്ചൊതുങ്ങിയിട്ടുണ്ട്. ജനലിലൂടെ എത്തിച്ച് നോക്കി. തെരുവ് പുഴയായിരിക്കുന്നു. മുട്ടറ്റം വെള്ളത്തില് നടത്തം വലിച്ച് നീട്ടി വീടെത്താത്തവര് നീങ്ങുന്നു. കടത്തിണ്ണകളില് നിന്നും പിരിഞ്ഞ് പോകുന്ന ആള് ക്കൂട്ടം . ഇലക്ട്രിക് ലൈനിലിരുന്ന് ചിറക് കുടയുന്ന പക്ഷികള് . പെയ്ത് തളര് ന്ന കറുത്ത മേഘങ്ങള് . ..

നാല്` തെരുവുകള് ക്കപ്പുറത്ത് പെയ്തൊഴിയാതെ ഒരു രതിപ്രിയ.

ഇനിയും മടിപിടിച്ചിരിക്കാനാവില്ല. അവള് തന്നെ വിളിക്കുന്നത് കാതോര് ത്താല് കേള് ക്കാം . കൈ നിറയെ പ്രേമം ഒളിപ്പിച്ച് അവള് കാത്തിരിക്കുന്നുണ്ടാകും .

അവളുടെ മൊബൈലിലേയ്ക്ക് വിളിച്ചു. ഇപ്പോള് അവളെ വിളിക്കാന് പറ്റില്ലെന്ന് ഫോണ് കമ്പനിയിലെ ഏതോ ഒരുവള് . വീണ്ടും വിളിച്ചു. കുറേ റിങ്ങ് ചെയ്തു, അവള് കുളിമുറിയിലായിരിക്കും , അല്ലെങ്കില് അടുക്കളയില് അല്ലെങ്കില് ബാല് ക്കണിയില് , അവള് നടന്നടുക്കുന്ന ശബ്ദമെങ്കിലും കേള് ക്കാനുള്ള സം വിധാനം ഉണ്ടായിരുന്നെങ്കില് .
അയാള് മൊബൈല് മേശപ്പുറത്ത് വച്ചു. അവള് വിളിക്കുമ്പോള് ഏറ്റവും ആദ്യത്തെ സിഗ്നലുകള് തന്നെ പിടിച്ചെടുക്കണമെന്ന പോലെ. മുഖം കഴുകി വസ്ത്രങ്ങള് മാറി പുറപ്പെട്ടു. അവള് വിളിച്ചില്ല. മഴ പോലെ തന്നെയാണ് അവളുടെ ദേഷ്യവും . പെയ്ത് തീര് ന്നാലും കുറച്ച് മേഘങ്ങള് ബാക്കിയുണ്ടാകും .

വാതില് പൂട്ടി ഗോവണിയിറങ്ങി തെരുവിലെത്തി. ചുവന്ന നിറത്തില് വെള്ളം നിറഞ്ഞിരിക്കുന്നു വഴിയില് . അതില് നഗരത്തിന്റെ എല്ലാ രഹസ്യങ്ങളും അലിഞ്ഞിട്ടുണ്ടാകും . ഫുട്ട് പാത്തിലെ വെള്ളമിറങ്ങി വെളിപ്പെട്ട അരികിലൂടെ നടന്നു. അങ്ങോട്ടുമിങ്ങോട്ടും ആളുകള് ചലിക്കുന്നതിനാല് മുട്ടിയും ഉരുമ്മിയും പ്രയാസപ്പെട്ടായിരുന്നു നടത്തം .

അപ്പോള് പോക്കറ്റില് മൊബൈല് ശബ്ദിച്ചു. ധൃതിയോടെ എടുത്ത് നോക്കി. അവളല്ല, അയാള് കട്ട് ചെയ്തു. ഇപ്പോള് അവളല്ലാതെ ആരും വിളിക്കാന് പാടില്ല. നടത്തം തുടര് ന്നു. ഒന്നാമത്തേയും , രണ്ടാമത്തേയും , മൂന്നാമത്തേയും തെരുവുകള് കടന്ന് നാലാമത്തേതിലെത്തിയപ്പോള് അയാള് ഒന്ന് കൂടി രതിപ്രിയയെ വിളിക്കാന് ശ്രമിച്ചു.

' ഹലോ ' അവളുടെ ശബ്ദം . എവിടെയോ ഒരു വീണക്കമ്പി അനങ്ങിയതായി മനസ്സില് തോന്നി.

' പ്രിയാ..ഞാന് വരുന്നു, നിന്റെ തൊട്ടടുത്തുണ്ട് ഇപ്പോള് .. നീയും പുറത്തേയ്ക്ക് വാ '

' വേണ്ട...ഞാന് കാണുന്നുണ്ട്..എന്ത് വൃത്തികേടായിരിക്കുന്നു പുറത്തൊക്കെ, വല്ലാത്ത തിരക്കും .. നീ ഇങ്ങോട്ട് വാ '

' ശരി ' അയാള് അവളുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു. അന്ചാമത്തെ നിലയിലെ മുറി. ഡോര് നമ്പര് 202.

രതിപ്രിയ. എം

കാളിങ് ബെല് അടിച്ചു. അവള് നടന്നടുക്കുന്ന, അല്ല ഓടിയടുക്കുന്ന ശബ്ദത്തിന്` കാതോര് ത്തു. ഇല്ല.

വാതില് തുറക്കപ്പെട്ടു. തുടുത്ത മുഖമുള്ള ഒരു സര് ദാര് ജി തല മാത്രം പുറത്ത് കാണിച്ച് രൂക്ഷമായി നോക്കി.

' ആരാ ? "

" രതിപ്രിയാ ? "

" അല്ല..നിങ്ങള് ക്ക് തെറ്റിപ്പോയി "

" ഡോര് നമ്പര് 202 ?"

" അതെ ഇത് തന്നെ"

" അപ്പോള് ഇത് രതിപ്രിയയുടെ വീടാണ്"

" ചങ്ങാതീ..ഇവിടെ കഴിഞ്ഞ 10 വര് ഷമായി ഞാനാണ് താമസിക്കുന്നത്..സമയം മെനക്കെടുത്താതെ പോയട്ടെ "

സര് ദാര് ജിയ്ക്ക് ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. ക്ഷമാപണം നടത്തി സൂരജ് തിരിച്ച് നടന്നു. തെരുവില് എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അവള് വീട് മാറിയ വിവരം തന്നോട് പറയാതിരുന്നതെന്തിന്`? അയാള് ക്ക് സങ്കടം വന്നു.

രതിപ്രിയയുടെ മൊബൈല് സ്വിച്ച് ഓഫ് ആയിരിക്കുന്നു. അയാള് ക്ക് കരയാന് തോന്നി. ലോകത്തിലെ കുറ്റവാളികള് ക്കെല്ലാം ശരിയായ ശിക്ഷ പ്രണയമാണെന്ന് തോന്നി. ഹൃദയം അലിഞ്ഞൊഴുകിപ്പോകുന്ന പോലെ.

പിന്നേയും മഴയ്ക്കുള്ള ഒരുക്കങ്ങള് . ആളുകള് തിരക്ക് പിടിച്ച് പരക്കം പാച്ചില് തുടങ്ങി.

ആദ്യത്തെ മഴത്തുള്ളികള് മുഖത്ത് വീണപ്പോള് ഒന്ന് നടുങ്ങി. ഇങ്ങനെയൊരു മഴയില് അവളുമുണ്ടായിരുന്നെങ്കിലെന്ന് വിഷമിച്ചു.

എന്തായാലും ഇനി മുറിയിലേയ്ക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചു. മഴ മുഴുവന് ഏറ്റ് വാങ്ങി നടക്കാം . പ്രണയം കലര് ന്ന വിഷം ഞരമ്പുകളില് ഓടുന്നു. അത് മഴ നിറച്ച് തണുപ്പിക്കാന് കൊതിച്ചു

അപ്പോള് ആരോ കൈത്തണ്ടയില് അമര് ത്തിപ്പിടിച്ചു. ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള് ചിരിച്ച് കൊണ്ട് രതിപ്രിയ.

" എന്താഡാ ഇതൊക്കെ ?"

" സ്വപ്നം .. "

അയാള് പറഞ്ഞു

" വെറും സ്വപ്നം "

Sunday, May 3, 2009

ഹൈറേഞ്ച്

സതീഷാണ്‌ അഭിപ്രായം മുന്നോട്ട് വച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ എല്ലാവരും അതം ഗീകരിക്കുകയും ചെയ്തു.

എല്ലാവരും എന്ന് പറഞ്ഞാല്‍ , സതീഷിന്റെ ഭാര്യ സുമ, രതിപ്രിയ, അവളുടെ ഭര്‍ ത്താവ് സോമന്‍ . രതീഷിന്റേത് ഒളിച്ചോട്ടമായിരുന്നു. അയാളും സുമയും പ്രണയം മൂത്ത് വ ീട്ടുകാരുമായി വഴക്കിട്ട് ഒന്നും നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ രെജിസ്റ്റര്‍ മാരീജ് ചെയ്യുകയായിരുന്നു. അതിനുള്ള സഹായസഹകരണങ്ങള്‍ ചെയ്തത് സോമനും രതിപ്രിയയുമാണ്‌. അത് കൊണ്ടായിരിക്കും ഹണിമൂണ്‍ ട്രിപ് എല്ലാവരും ഒന്നിച്ചാകാം എന്ന് സതീഷ് അഭിപ്രായപ്പെട്ടത്.

സോമന്` താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും പിന്നെയങ്ങ് സമ്മതിക്കുകയായിരുന്നു. അയാളുടെ വിവാഹം കഴിഞ്ഞിട്ടും കുറച്ച് വര്‍ ഷങ്ങളേ ആയിട്ടുള്ളൂ. ജോലി തേടി ആ നഗരത്തില്‍ എത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ടത് രതിപ്രിയയെ ആയിരുന്നു. പിന്നീടത് വലിയ സൌഹൃദമായി മാറി. രതിപ്രിയയെ വിവാഹം ചെയ്യണമെന്ന് തോന്നിയപ്പോള്‍ അത് തുറന്ന് പറയാന്‍ അന്ന് വിഷമമൊന്നും തോന്നിയിരുന്നില്ല. അവള്‍ ആരും കൊതിച്ച് പോകുന്ന ഒരു സുന്ദരി തന്നെയായിരുന്നു. വിഷയം അവതരിച്ചപ്പോഴാണ്‌ അത് വരെ രഹസ്യമായി സൂക്ഷിച്ചിരുന്നതെല്ലാം അവള്‍ വെളിപ്പെടുത്തിയത്.


അവള്‍ ഒരാളെ വിവാഹം ചെയ്ത് അധികം വൈകാതെ തന്നെ വിവാഹമോചനവും നേടിയതായിരുന്നു. അത് കേട്ടപ്പോഴും സോമന്‌ അത്ര പ്രശ്നമൊന്നും തോന്നിയില്ലായിരുന്നു.

" അതല്ല സോം .... അയാള്‍ എന്നെ ഉപേക്ഷിക്കാനുള്ള കാരണം കൂടി കേള്‍ ക്കൂ " അവള്‍ പറഞ്ഞു. അയാള്‍ ഒരു മണ്ടനായത് കൊണ്ട് എന്ന് മനസ്സില്‍ പറഞ്ഞു സോമന്‍ അപ്പോള്‍ .

" സോം .. എനിക്ക് ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാനാവില്ല... എല്ലാ ടെസ്റ്റുകളും ചെയ്ത് ഉറപ്പിച്ച ശേഷമാണ്‌ അയാള്‍ ഡിവോഴ്സ് ചെയ്തത് "

സോമന്‌ കുട്ടികളെ ഉണ്ടാക്കുന്നതില്‍ താല്പര്യം ഇല്ലായിരുന്നു. അത് അവളെ അറിയിച്ചപ്പോള്‍ പിന്നെ കാര്യങ്ങള്‍ വൈകാതെ തന്നെ നടന്നു.

അങ്ങനെ ഇണങ്ങിയും പിണങ്ങിയും അവര്‍ ജീവിക്കുകയായിരുന്നു. അതിനിടെ സതീഷിന്റെ കാര്യം വന്നപ്പോഴും അവര്‍ സസന്തോഷം പങ്ക് ചേര്‍ ന്നു. എങ്കിലും വര്‍ ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സോമന്‌ അവിചാരിതമായി ഒരു മടുപ്പ് ബാധിക്കുകയും രതിപ്രിയയുടെ സൌന്ദര്യത്തില്‍ താല്പര്യം കുറയുകയും ചെയ്തു. അത് അയാള്‍ ക്ക് അങ്ങേയറ്റം വിഷമം ഉണ്ടാക്കി. രതിപ്രിയയെ അയാള്‍ മുമ്പത്തേക്കാളേറെ സ്നേഹിക്കുന്നുണ്ടായിരുന്നു എന്നതാണ്‌ കാരണം .

" വെറും ശരീരം ... അത് മാത്രമാണല്ലേ നമ്മള്‍ ? " ഒരു ദിവസം രതിപ്രിയ ചോദിച്ചു. സോമന്‌ പെട്ടെന്നൊരുത്തരം കൊടുക്കാനായില്ല. . അവള്‍ ക്കും തന്നെ മടുത്ത് തുടങ്ങിയോയെന്ന് ആശങ്ക മൊട്ടിട്ടു.

ഒരു മാറ്റത്തിന്‌ വേണ്ടിയാണ്‌ ഹണിമൂണ്‍ ട്രിപ് ഒന്നിച്ചാക്കാമെന്ന് സമ്മതിച്ചത്. തങ്ങളും വിവാഹശേഷം എങ്ങോട്ടും പോയിട്ടുമില്ലല്ലോ.

ഏതോ ഒരു മലമുകളിലായിരുന്നു സതീഷ് പറഞ്ഞ സ്ഥലം . അധികം ജനവാസമൊന്നുമില്ലാത്ത അവിടെ ഒരു റിസോര്‍ ട്ടില്‍ രണ്ട് മുറികള്‍ പറഞ്ഞ് വച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ അവര്‍ മാത്രമായിരുന്നു അവിടത്തെ താമസക്കാര്‍ .

സ്ഥലം സോമന്‌ ഇഷ്ടപ്പെട്ടു. രാവിലെ മഞ്ഞ് പുതച്ച മലനിരകള്‍ . പച്ച പരവതാനി പോലെ താഴ്വാരം . ഒരു വെള്ളച്ചാട്ടം , പുഴ എന്നിങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെല്ലാം തിരിച്ച് കിട്ടിയത് പോലെ തോന്നി അയാള്‍ ക്ക്.


രതിപ്രിയയും സന്തോഷവതിയായിരുന്നു. അവള്‍ എപ്പോഴും അയാളെ ചേര്‍ ന്ന് നിന്ന് മനസ്സിനെ പുതിക്കിയെടുത്തു.

സതീഷും സുമയും അതിനേക്കാള്‍ ആഹ്ലാദത്തിലായിരുന്നു. അവര്‍ രാവിലെ തന്നെ സ്ഥലങ്ങള്‍ കാണാനിറങ്ങി. സോമനും രതിപ്രിയയും മുറിയില്‍ ത്തന്നെയായിരുന്നു.

" ഇവിടെ അടുത്തൊരു അമ്പലമുണ്ടെന്ന് സതീഷ് പറഞ്ഞു. നമുക്കങ്ങോട്ട് പോയാലോ ? " അവള്‍ പറഞ്ഞു. മുറിയിലിരുന്ന് ബോറടിച്ച് തുടങ്ങിയ സോമന്‍ സമ്മതം മൂളി.

അവള്‍ അമ്പലത്തില്‍ പോകാനൊരുങ്ങി. വെള്ളയില്‍ ചുവന്ന പുക്കളുള്ള സാരിയുടുത്ത് നെറ്റിയില്‍ ഭസ്മക്കുറി വരച്ച്, കുളി കഴിഞ്ഞ് ഈറനായ മുടി വിരിച്ചിട്ട് തന്നെ വന്നു അവള്‍ . മുമ്പൊരിക്കലും അവളെ ഇത്ര മനോഹരിയായി കണ്ടിട്ടില്ലെന്ന് സോമന്‌ തോന്നി. അയാളും കുളിച്ചൊരുങ്ങി.

മഴ പെയ്ത് ചെളി നിറഞ്ഞിരുന്നു വഴിയെല്ലാം . ഒരു വശം കാട്, മറുവശം കൊക്ക. കാലൊന്ന് തെറ്റിയാല്‍ പൊടി പോലും കിട്ടില്ല. അയള്‍ അവളുടെ കൈ പിടിച്ചു. അയാളുടെ എല്ലാ ശ്രദ്ധയും അവളുടെ കാല്‍ വയ്പ്പുകളിലായിരുന്നു.

വഴിയില്‍ ഒന്നു രണ്ടിടത്ത് ചോക്കലേറ്റ് കവറുകള്‍ കണ്ടു. സതീഷിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചോക്കലേറ്റുകളാണെന്ന് അയാള്‍ ക്ക് മനസ്സിലായി.

" അവര്‍ ഇവിടെയെവിടെയോ ഉണ്ട് " അയാള്‍ പറഞ്ഞു. അവള്‍ വേറെയേതോ ലോകത്തിലെന്ന പോലെയാണ്‌ നടക്കുന്നത്. ഓരോ പൂവിലും ചും ബിച്ച്, ഓരോ കിളിയൊച്ചയ്ക്കും കാതോര്‍ ത്ത് സ്വപ്നസമാനമായ യാത്രയായിരുന്നു അവള്‍ക്കത്. അവളെ അവളുടെ സ്വപ്നങ്ങളില്‍ അലയാന്‍ വിട്ടു അയാള്‍ .

കുറേ ദൂരം നടന്നിട്ടാണ്‌ അമ്പലത്തില്‍ എത്തിയത്. വലിയതായൊന്നുമില്ല. ഒരു ഗുഹയില്‍ ദേവകന്യകയുടെ ശില്പം . അതില്‍ ആരോ ഒരു പൂമാല ചാര്‍ ത്തിയിട്ടുണ്ട്. രാവിലെ പൂജ കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. . രണ്ട് കുരങ്ങുകള്‍ ഗുഹയ്ക്ക് മുകളിലിരുന്ന് പഴം തിന്നുന്നുണ്ട്. അവര്‍ പ്രാര്‍ ഥിച്ചു. നേര്‍ ച്ചപ്പെട്ടി കണ്ടില്ല.

" കുറച്ച് പഴങ്ങള്‍ കൊണ്ടുവരാമായിരുന്നു... "

കുരങ്ങുകളെ നോക്കി രതിപ്രിയ പറഞ്ഞു.

കുറച്ച് നേരം അവിടെ വിശ്രമിച്ചിട്ട് അവര്‍ നടന്നു. മല കയറുകയായിരുന്നു ഉദ്ദേശം . വഴുക്കുന്ന കയറ്റം . ചിലയിടങ്ങളില്‍ കാട്ടുവള്ളികള്‍ പിടിച്ച് വേണം കയറാന്‍ . കയറിക്കയറി ഉച്ചിയിലെത്തി അവര്‍ . അവിടെ നിന്ന് നോക്കിയാല്‍ അഗാധമായ താഴ്ച പേടിപ്പിക്കും . അവള്‍ സോമനെ മുറുകെപ്പിടിച്ചാണ്‌ നിന്നത്.

" ഞാന്‍ ആദ്യമായിട്ടാ ഇത്ര ഉയരത്തില്‍ നില്‍ ക്കുന്നത് " അവള്‍ ഭയം കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. അത് കേട്ട് സോമന്‌ ചിരി വന്നു.

" ഇവിടെ വച്ച് എനിക്ക് നിന്നെ ചും ബിക്കണം " അയാള്‍ പറഞ്ഞു. അവള്‍ പുന്ചിരിച്ച് അയാളുടെ കഴുത്തിലൂടെ കൈകള്‍ കോര്‍ ത്തു. ദീര്‍ ഘമായ ചുംബനത്തില്‍ അവര്‍ കൊരുത്തു.

അവള്‍ മിക്കവാറും അബോധത്തിലായിരുന്നു. തണുപ്പും അടുത്ത് തന്നെയുള്ള ആഴത്തിന്റെ ഭീതിയും ചും ബനത്തിന്റെ തീവ്രതയുമെല്ലാമായി അവള്‍ അവശയായിരുന്നു.

" നമുക്ക് പോകാം " ചുന്ടുകള്‍ വേര്‍ പെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

" പോണോ ? ഇങ്ങനെയങ്ങ് ശിലയായാല്‍ പോരേ ?" അയാള്‍ .

അവള്‍ അതിയായ സ്നേഹത്തോട് അയാളെ കെട്ടിപ്പിടിക്കാനാഞ്ഞപ്പോള്‍ എന്തോ മാന്ത്രികതയില്‍ അയാള്‍ ഒറ്റത്തള്ള്. ഒരു കരച്ചില്‍ പോലും അവശേഷിക്കാതെ അവള്‍ കൊക്കയിലേയ്ക്ക് അപ്രത്യക്ഷയായി.

അയാള്‍ മെല്ലെ മലയിറങ്ങാന്‍ തുടങ്ങി. അമ്പലത്തിലെത്തിയപ്പോള്‍ സതീഷ് അവിടെ നില്ക്കുന്നുണ്ടായിരുന്നു.

" നിങ്ങളെവിടെയായിരുന്നു ? " സതീഷ് ചോദിച്ചു. സോമന്‍ ഒന്നും പറഞ്ഞില്ല.

" ഞങ്ങള്‍ മല കയറിക്കയറി അങ്ങ് ഉച്ചിയിലായിരുന്നു. എന്ത് റൊമാന്റിക് ആണവിടെ... ആരും വരില്ലെന്നുറപ്പുള്ളത് കൊണ്ട് കുറച്ച് കുസൃതികളും ഒപ്പിക്കാന്‍ പറ്റി ഓപണ്‍ എയറില്‍ ... രസമായിരുന്നു " സതീഷ് പറഞ്ഞു.

" എന്നിട്ട് സുമ എവിടെ ? " സോമന്‍

" അവള്‍ മലയിറങ്ങി വരുന്നതേയുള്ളൂ... ഈശ്വരാ ഇനിയിപ്പോ വഴിയെങ്ങാനും തെറ്റീക്കാണുമോ .... എന്തായാലും നമുക്ക് റൂമിലേയ്ക്ക് പോകാം സോം ... ഞാന്‍ അവളറിയാതെ ഒരു ഫുള്‍ കൊണ്ടുവന്നിട്ടുണ്ട്.

സോമന്‍ തലയാട്ടി. അവര്‍ റൂമിലേയ്ക്ക് നടക്കുന്നതിനിടയില്‍ പെട്ടെന്ന് സതീഷിന്‌ രതിപ്രിയയെ ഓര്‍ മ്മ വന്നു.

" അല്ലാ...അവളെവിടെ ? "

"സുമയുടെ കൂടെക്കാണും " സോമന്‍ കണ്ണിറുക്കി പറഞ്ഞു.

Thursday, March 12, 2009

ഒരിടത്തൊരു ലൈന്‍മാന്‍

ഒരു ദിവസം കൃഷ്ണന്‍കുട്ടി എന്ന് പേരായ ലൈന്‍മാന് തന്റെ ഹെര്‍കുലീസ് സൈക്കിള്‍ ചവുട്ടി പാണ്ടിത്തറ ലക്ഷ്യമാക്കി നീങ്ങി. അവിടെ ഒരു ലൈനില്‍ രണ്ട് ദിവസമായി കരന്റില്ലെന്ന് പരാതി കിട്ടിയത് കൊണ്ടായിരുന്നു കൃഷ്ണന്‍കുട്ടി പാണ്ടിത്തറയിലേയ്ക്ക് പോകുന്നത്. സൈക്കിളിന്റെ വലത് വശത്ത് പണിസാധനങ്ങള്‍ നിറച്ച സന്ചിയുണ്ടായിരുന്നു. പോസ്റ്റില്‍ കയറേണ്ടിവരുമെന്നുള്ളത് കൊണ്ട് അയാള്‍ അന്ന് പാന്റ് ധരിച്ചിരുന്നു. സ്ഥലത്തെ പ്രധാന ലൈന്‍മാനായത് കാരണം സ്ഥിരം കുഴപ്പമുണ്ടാക്കാറുള്ള പോസ്റ്റുകളും ലൈനുകളും അയാള്‍ക്കറിയാമായിരുന്നു.. അകത്തേക്കാട്ടിലാണെങ്കില്‍ വണ്ണാത്തി ലച്ച്മിയുടെ വീടിന്‌ മുന്നില്‍ , കോഴിപ്പെറ്റയില്‍ തട്ടാത്തി സരസുവിന്റെ വീടിന്‌ മുന്നില്‍ , വെമ്പല്ലൂരില്‍ കൂലിപ്പണിക്കാരി തത്ത, ഏത്തന്നൂരില്‍ പണിക്കൊന്നും പോകാതെ മംഗളം വായിച്ചോണ്ടിരിക്കുന്ന കുമാരി, വിളയന്നൂരില്‍ അമ്പലത്തിലെ അടിച്ചുതളിക്കാരി ജാനമ്മ അങ്ങനെയങ്ങനെ ഓരോ സ്ഥലത്തും സ്ഥിരമായി റിപ്പയര്‍ ചെയ്ത് വയ്ക്കാന്‍ പറ്റാത്ത പോസ്റ്റുകള്‍ അയാള്‍ ക്കറിയാം .

ഇവരുടെയൊക്കെ ഭര്‍ത്താക്കന്മാരെ കൃഷ്ണന്‍കുട്ടി കാണാറുള്ളത് ചിതലിയിലെ കള്ള്` ഷാപ്പില്‍ വച്ചാണ്‌. . അല്ലാതെ അവരുടെ വീടുകളില്‍ കാണാറില്ല.. കാണാതെ പോയ കരന്റ് തിരികെ കൊണ്ടുവരുന്ന കൃഷ്ണന്‍ കുട്ടിയോട് എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. റിപ്പയറിന്‌ ചെല്ലുമ്പോള്‍ അവിടത്തെ പെണ്ണുങ്ങള്‍ ചായയും പലഹാരവുമൊക്കെ കൊടുക്കും . വൈകുന്നേരം ആണുങ്ങള്‍ കള്ള്‌ വാങ്ങിച്ച് കൊടുക്കും .

നായര്‍ത്തറയില്‍ നിന്നും വരമ്പ് കുറേ കടന്നാലാണ്‌ പാണ്ടിത്തറ. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടക്കാവുന്ന മെലിഞ്ഞ് വരമ്പിലൂടെ അയാള്‍ സൈക്കിള്‍ പതുക്കെ ചവുട്ടി. പത്ത് മണി വെയിലില്‍ അയാള്‍ക്ക് നെറ്റിയില്‍ വിയര്‍പ്പ് പൊട്ടി. കണ്ണെത്താപ്പാടങ്ങള്‍ പൊള്ളിത്തുടങ്ങുന്നു. ദൂരെ നെല്ലിയാമ്പതി മലയും വിയര്‍ക്കുന്നു. വരമ്പ് താണ്ടി ഒരുവിധം അയാള്‍ പാണ്ടിത്തറയിലെത്തി. മരുതിക്കാവാണ്‌ ആദ്യം . കാവ് കടന്ന് പിന്നെ ഓടിട്ട വീടുകള്‍ . ഇടയ്ക്ക് പൊളിഞ്ഞ വേലിയുള്ള കറ്റക്കളങ്ങള്‍ , അത് കഴിഞ്ഞ് ഒരു ഉല്‍സവത്തറ, അതില്‍ കഴിഞ്ഞ കൂട്ടക്കളത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു.

സൈക്കിള്‍ നിര്‍ത്തി അയാള്‍ ഒരു ബീഡി കത്തിച്ചു. പാലക്കാടന്‍ കാറ്റില്‍ കെട്ടും തെളിഞ്ഞും ബീഡി എരിഞ്ഞ് നീങ്ങി. വിയര്‍പ്പാറിയപ്പോള്‍ അയാള്‍ സൈക്കിളെടുത്ത് കുഴപ്പമുള്ള ലൈന്‍ ലക്ഷ്യമാക്കി ചവുട്ടി.

മേലാമുറിയില്‍ ചുമട്ട് തൊഴിലാളിയായ വാസുവിന്റെ വീടിനടുത്തായിരുന്നു അത്. വാസുവിന്റെ പെണ്ണ്‌ കുസുമം കാണാന്‍ സുന്ദരിയാണ്‌. അത്രയും വെളുപ്പുള്ള ഒരു പെണ്ണും ആ പ്രദേശത്തില്ല. ആദ്യമൊക്കെ കുസുമം കൂലിപ്പണിക്ക് പോകുമായിരുന്നു. അവള്‍ സുന്ദരിയായത് കൊണ്ടായിരിക്കണം വാസു തന്നെ അവളോട് പണിയ്ക്ക് പോകേണ്ടന്ന് പറഞ്ഞു. ഇടയ്ക്ക് വാസു ലോറിക്കാരുടെ കൂടെ തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലുമൊക്കെ പോകും . അപ്പോഴൊക്കെ ദിവസങ്ങളോളം കുസുമം ഒറ്റയ്ക്കായിരിക്കും . ചുറ്റുവട്ടത്തെ ആണ്‍മനസ്സുകളെ ഭീതിയിലാഴ്ത്തിക്കൊണ്ട് സന്ധ്യയ്ക്ക് അവള്‍ വിളക്ക് കൊളുത്തും . അസൂയയും പേടിയും കാരണമായിരിക്കും , അയലത്തെ പെണ്ണുങ്ങള്‍ കെട്ട്യോന്‍മാരെ ഒട്ടിയിരിക്കും .

പക്ഷേ, കൃഷ്ണന്‍കുട്ടിയ്ക്ക് കുസുമത്തിന്റെ വീട്ടില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. വാസു ഇല്ലെങ്കിലും അവള്‍ നല്ലോണം സല്‍ ക്കരിച്ചേ വിടാറുള്ളൂ. പാണ്ടിത്തറയിലെ കുഴപ്പമുള്ള പോസ്റ്റിന്റെ കുഴപ്പവും അയാള്‍ക്കറിയാമായിരുന്നു.

' ഭഗവതീ' അയാള്‍ പ്രാര്‍ഥിച്ചു. സൈക്കിള്‍ കുറച്ചകലെ ഒരു മതിലില്‍ ചാരി വച്ച് പണിസാധനങ്ങളെടുത്ത് അയാള്‍ നടന്നു. അപ്പോള്‍ അവിടെ കളിച്കുകൊണ്ടിരുന്ന കുറേ കുട്ടികള്‍ പിന്നാലെ കൂടി. ശാഖകളില്ലാത്ത മരം പോലത്തെ ഇലക്ട്രിക് പോസ്റ്റില്‍ അയാള്‍ വലിഞ്ഞ് കയറുന്നത് അവര്‍ക്ക് ഒരിക്കലും കൌതുകം വറ്റാത്ത കാഴ്ചയായിരുന്നു.
' ഓടെറാ.. തലമുറിയമ്മാരേ' അയാള്‍ ചീത്ത വിളിച്ചപ്പോള്‍ കുട്ടികള്‍ ചിതറിയോടി. പിന്നേയും സംശയിച്ച് സം ശയിച്ച് പിന്നാലെ കൂടാന്‍ തുടങ്ങിയ കുട്ടികളെ അയാള്‍ കല്ലെടുത്തെറിഞ്ഞു..

കുസുമത്തിന്റെ വേലിയെത്തിയപ്പോഴേ അയാള്‍ കണ്ടു, വാതില്‍ക്കല്‍ ഒരു ജോടി ചെരുപ്പ്. വാസു പണിയ്ക്ക് പോയില്ലേയെന്ന് ആലോചിക്കുമ്പോഴാണ്‌ അതിനവന്‍ ചെരുപ്പിടാറില്ലല്ലോയെന്നോര്‍ ത്തത്. കുസുമത്തിനിതാരാണീ പുതിയ വിദ്വാന്‍ എന്നാലോചിച്ച് കൊണ്ട് അയാള്‍ പോസ്റ്റിനരുകിലെത്തി. സന്ചി തോളിലിട്ട് കയറാന്‍ തുടങ്ങി. പാണ്ടിത്തറ താഴോട്ട് താഴോട്ടിറങ്ങുന്നത് ആസ്വദിച്ച് അയാള്‍ ഉച്ചിയിലെത്തി.. ഇപ്പോള്‍ കുസുമത്തിന്റെ മേല്‍ക്കൂര കാണാം . അടുക്കള ഭാഗത്ത് പുകയുയരുന്നുണ്ട്. അവിടേ മാത്രം ഓട് കരി പിടിച്ചിരുന്നു.

കുറച്ച് നേരം കാത്തിരിക്കാമെന്ന് തീരുമാനിച്ചു. ചുരുണ്ട് പിണഞ്ഞ് കിടക്കുന്ന വയറുകള്‍ അഴിച്ചും പിരിച്ചും അയാള്‍ സമയം കളഞ്ഞു. ഇടയ്ക്ക് വഴിപോക്കര്‍ എന്താണെന്ന മട്ടില്‍ മുകളിലേയ്ക്ക് നോക്കി. ചുറ്റുപാട് നിന്നും അരി വേവുന്ന മണം കാറ്റില്‍ പിടിച്ചു.

കുറേ നേരമായിട്ടും ചെരുപ്പിന്റെ ഉടമ പുറത്ത് വരുന്നില്ല. ഇതെന്താണവിടെ സംഭവിക്കുന്നതെന്നോര്‍ത്ത് അയാള്‍ ക്ക് തൊണ്ട വരണ്ടു. അപ്പോഴാണ്‌ തെക്ക് ഭാഗത്ത് വേലിയ്ക്കിടയിലൂടെ ഒരു തല അനങ്ങുന്നത് കണ്ടത്. ആരോ ഒളിഞ്ഞ് നോക്കുകയാണെന്ന് മനസ്സിലായപ്പോള്‍ കൃഷ്ണന്‍ കുട്ടിയ്ക്ക് അരിശം വന്നു. ഒറ്റയ്ക്കൊരു പെണ്ണിരിക്കുന്നടത്ത് ഒളിഞ്ഞ് നോക്കുന്നു. നല്ല കാഴ്ച കിട്ടാനായി ഇരുന്ന ഇരിപ്പില്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഞരങ്ങുന്നുണ്ട് അവന്‍ . ആളെ പിടികിട്ടി. ചായക്കടക്കാരന്‍ മുരുകന്‍ . അയാള്‍ക്കും കുസുമമോയെന്ന് കൃഷ്ണന്‍കുട്ടിയ്ക്ക് അതിശയം തോന്നി. അപ്പോള്‍ വേറൊരു തല കൂടി കാണാറായി. കോളേജില്‍ പഠിക്കുന്ന മണി. രണ്ടാളും കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, ചിരിക്കുന്നുമുണ്ട്.

കൃഷ്ണന്‍ കുട്ടിയ്ക്ക് ദേഷ്യം വന്നു.

' ഡാ..ന്താടാ ?' അയാള്‍ മുകളിലിരുന്ന് ചോദിച്ചു. മുരുകന്‍ ഒന്ന് ഞെട്ടി നാലുപാടും നോക്കി. ശബ്ദത്തിന്റെ ഉറവിടം കിട്ടാതെ മാനത്ത് നോക്കിയപ്പോള്‍ കൃഷ്ണന്‍ കുട്ടിയെ കണ്ടു. അവന്‍ വല്ലാതൊന്ന് ചിരിച്ചു. എന്നിട്ട് പതുങ്ങിപ്പതുങ്ങി പോസ്റ്റിനരികിലെത്തി.

' കൃഷ്ണേട്ടാ..അകത്താരോ ണ്ട്'

' ആര്?'

' ആ..കൊറേ നേരായി ഞാന്‍ നോക്കണു, പൊറത്തേയ്ക്ക് വരണ്` ല്ല'

' നിയ്യെന്തിനാടാ അതൊക്കെ നോക്കാമ്പോണേ ?'

' അയ്, അങ്ങനെല്ലല്ലോ കൃഷ്ണേട്ടാ..നമ്മളും ഈ നാട്ടിലൊള്ളതല്ലേ'

' ങാ..എന്തോ ചെയ്യ്' കൃഷ്ണന്‍ കുട്ടി പിന്നൊന്നും പറഞ്ഞില്ല.

അയാള്‍ ആകെ തളര്‍ന്നിരുന്നു. മുരുകന്‍ തിരിച്ച് വേലിയ്ക്കരികിലെത്തി. ഇപ്പോഴവിടെ വേറേയും ആളുകള്‍ കൂടിയിട്ടുണ്ട്. വന്നവര്‍ വന്നവര്‍ കൂടുതല്‍ നല്ല കാഴ്ച കിട്ടാനായി വേലിയെ പ്രദക്ഷിണം വയ്ക്കുന്നു.

വിളിച്ചിറക്കിയാലോയെന്നാരോ പറയുന്ന പോലെ തോന്നി.

ഇന്നിനി ഒന്നും നടക്കില്ലെന്ന് മനസ്സിലായി കൃഷ്ണന്‍കുട്ടിയ്ക്ക്. അയാള്‍ താഴേയ്ക്കിറങ്ങി. ഒരു ബീഡി കത്തിച്ചു. വേലിയ്ക്കരികില്‍ മറഞ്ഞിരുന്നവര്‍ ഇപ്പോള്‍ മുറ്റത്തേയ്ക്ക് ചെന്ന് നേരിട്ട് നോക്കാന്‍ തുടങ്ങുകയാണ്‌.

' ശെരിയായോ കൃഷ്ണേട്ടാ ?' ആരോ ചോദിച്ചു.

' ഓ..ഇല്ല...കുഴപ്പം ഇവിടല്ല' എന്ന് പറഞ്ഞ് അയാള്‍ സൈക്കിളെടുത്ത് പാണ്ടിത്തറ വിട്ടു.