ബോയ് ഫ്രണ്ട്

വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ വെളിച്ചം ജനലഴികളില്‍ മുറിഞ്ഞ് മുറിയില്‍ പതിച്ചപ്പോള്‍ സൂരജ് ഉണര്‍ന്നു. ഉറങ്ങുക, ഉണരുക എന്നിങ്ങനെ കൃത്യമായി ദിവസങ്ങള്‍ കടന്ന് പോകുകയായിരുന്നതിനാല്‍ അയാള്‍ക്ക് വേറൊന്നും ആലോചിക്കേണ്ടിവന്നില്ല. പുതപ്പ് തലയ്ക്ക് മീതേ വലിച്ചിട്ട് ചുരുണ്ടുകൂടി കിടന്നു. വെയിലിന്‌ കനം വയ്ക്കുകയായിരുന്നു. മയക്കത്തിലായിരുന്നെങ്കിലും വിശപ്പ് ഒരു യഥാര്‍ഥ അനുഭവമായി അയാളെ ഉണര്‍ത്തി. വിശക്കുന്നില്ലായെന്ന് സ്വപ്നം കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ കിടക്ക വിട്ടെണീറ്റു.

ഉറക്കത്തിന്റെ എന്തൊക്കെയോ കിടക്കയില്‍ അവശേഷിച്ചിട്ടുണ്ടെന്ന പോലെ അയാള്‍ പുതപ്പെടുത്ത് കിടക്കയില്‍ തട്ടി. ഏതോ പുരാതനകാലത്തിലേയ്ക്ക് ക്ഷണിക്കും വിധം ധൂമകേളികള്‍ പാറി. രണ്ട് ചെറിയ കല്ലുകളും തെറിച്ചു. ഇതെവിടെന്ന് വന്നുവെന്ന് ചിന്തിക്കുമ്പോള്‍ വീണ്ടും വിശപ്പ്.

പ്രണയത്തെക്കുറിച്ച് പറയാനുദ്ദേശിച്ച് ഈ കഥ വിശപ്പിനെക്കുറിച്ചായിപ്പോകുമോയെന്ന് ഭയന്ന് അയാള്‍ ഒരു കട്ടന്‍ കാപ്പിയുണ്ടാക്കി. ചില്ല്‌ ഗ്ലാസ്സില്‍ ആവിയുയര്‍ത്തിക്കൊണ്ട് അയാളൂടെ കൈയ്യിലെ കാപ്പി തൊണ്ടയിലൂടെ പ്രയാണം ചെയ്യാന്‍ ചൂളം വിളിച്ചു. വിശപ്പ് താല്ക്കാലികമായി നിരോധിക്കപ്പെട്ടു.

പ്രണയം തിരിച്ചെത്തി. അയാള്‍ ആരെക്കുറിച്ച് ആലോചിക്കണമെന്ന് ആലോചിച്ചു. ഒരുപാട് പേരുകള്‍ ഓര്‍മ്മ വന്നു, ഒരുപാട് മുഖങ്ങള്‍ തെളിഞ്ഞ് വന്നു. മല്‍സരത്തില്‍ രതിപ്രിയ ജയിച്ചു.

അങ്ങനെയാണ്‌ ഈ കഥയിലെ നായികയായി രതിപ്രിയ തിരിച്ചെത്തുന്നത്. കാര്യമായ പണിയൊന്നുമില്ലെങ്കിലും , അഭ്യസ്ഥവിദ്യനായ തൊഴിലന്വേഷിയാണെങ്കിലും അയാള്‍ നിരാശനായിരുന്നില്ല. ചില പഴയ സിനിമകളിലെപ്പോലെ ജനലിലൂടെ നോക്കിയാല്‍ നഗരം കാണാവുന്ന മുറിയിലിരുന്ന് തന്റെ ഗ്രാമത്തെക്കുറിച്ചോര്‍ക്കുകയും അന്നത്തെ ദിവസത്തെ ഇന്റര്‍വ്യൂ നടക്കാനിടയുള്ള സ്ഥാപനങ്ങളുടെ പേരും വിലാസവും തൊഴില്‍ വാര്‍ത്തയില്‍ നോക്കി മനസ്സിലാക്കുകയും ചെയ്യുമ്പോഴും പ്രതീക്ഷയുടെ ഒരു നേര്‍ത്ത ഞരമ്പ് അപ്പോഴും അയാളുടെ ശരീരത്തിലെവിടെയോ രക്തം ഒഴുക്കിയിരുന്നു.

ഇതിനിടയില്‍ രതിപ്രിയ അയാളുടെ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചതെങ്ങിനെയെന്നാല്‍ , നാല്‌ ഇന്റര്‍വ്യൂകളില്‍ അവരൊന്നിച്ച് പങ്കെടുത്തിരുന്നു. രണ്ടാള്‍ക്കും ജോലി കിട്ടിയതുമില്ല. പക്ഷേ, ബാലന്‍സ് തെറ്റിക്കാതിരിക്കാന്‍ രതിപ്രിയ ഒരു പണക്കാരന്റെ മകളായിരുന്നു. കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ അവര്‍ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി. സൂരജിന്‌ ജോലി ഉടനെ ജോലി കിട്ടുമെന്നും എന്നിട്ട് വിവാഹക്കാര്യം സംസാരിക്കാമെന്നും പക്വതയുള്ള കാമുകിയായി അവള്‍ അയാളെ സമാധാനിപ്പിച്ചു.

അയാളും സമാധാനിച്ചു.

അങ്ങിനെ ഉണരുകയും ഉറങ്ങുകയും അവളെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്ത് ജീവിതം തള്ളിനീക്കുകയാണ്‌ അയാള്‍ . നഗരത്തില്‍ ഇന്നയാള്‍ക്ക് രണ്ട് ഇന്റര്‍വ്യൂ ഉണ്ട്. അയാള്‍ക്കെന്തോ പോകണമെന്ന് തോന്നിയില്ല. ചുമ്മാ മടിപിടിച്ചിരിക്കാന്‍ തോന്നി. അവള്‍ പോകുന്നില്ലെന്ന് ആദ്യമേ അറിയിച്ചിരുന്നു.

വെയില്‍ മുറിയുടെ ഒരു ഭാഗം അപഹരിച്ചിരിക്കുന്നു. കിടക്ക ചൂട് പിടിയ്ക്കുന്നു. കുറച്ച് കൂടി ഉറങ്ങണമെന്ന് തോന്നിയെങ്കിലും ചൂട് അതിനനുവദിച്ചില്ല. പഴയ പുസ്തകങ്ങള്‍ വില്‍ ക്കുന്ന തെരുവില്‍ നിന്നും വാങ്ങിയ ഡിക്റ്ററ്റീവ് നോവല്‍ ഒരെണ്ണം വായിക്കാനെടുത്തു. പണ്ട് അയാള്‍ ക്ലാസ്സിക്കുകളും ആധുനിക സാഹിത്യത്തിലെ പ്രശസ്തരെയും മാത്രമേ വായിക്കാറുള്ളായിരുന്നു. പക്ഷേ, ഇപ്പോള്‍ കുറച്ച് ജീവിതം ജീവിച്ച് തീര്‍ത്തതിന്റെ അനുഭവത്തിലായിരിക്കണം , ഡിക്റ്ററ്റീവ് നോവലുകള്‍ പ്രേതകഥകള്‍ എന്നിവയൊക്കെയേ താല്‍പര്യം തോന്നുന്നുള്ളൂ. അത് ഉറപ്പിക്കാന്‍ വേണ്ടിയാകണം ഒരു ദിവസം അയാള്‍ യുദ്ധവും സമാധാനവും എന്ന നോവല്‍ കത്തിച്ച് കളഞ്ഞത്.

കുറച്ച് നേരം അഗതാ ക്രിസ്റ്റിയെ വായിച്ചപ്പോള്‍ അയാളുടെ മനസ്സുണര്‍ ന്നു. ഇന്റര്‍വ്യൂവിന്‌ പോകണ്ടായെന്ന തീരുമാനം മാറി. വേഗം കുളിച്ച് റെഡിയായി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് പുറപ്പെട്ടു. ഇതിനിടയില്‍ രതിപ്രിയയെ ഒന്ന് വിളിക്കണം എന്നും തീരുമാനിച്ചിരുന്നു. ഒരു കാമുകന്റെ കടമകള്‍ മറക്കാനുള്ളതല്ലായെന്ന് അയാള്‍ ക്ക് അറിയാമായിരുന്നു. പറ്റുമെങ്കില്‍ ഒരുമ്മ കൂടി കൊടുക്കണം .

ഇന്റര്‍വ്യൂ ഭംഗിയായി നടന്നു. ഒരാഴ്ചയ്ക്കകം അറിയിക്കാമെന്ന് പറഞ്ഞ് അയാളുടെ പേരും തിരിഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ അവര്‍ ചേര്‍ത്തി. അയാള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി. പുറത്തിറങ്ങി ആദ്യം തന്നെ മസാല ദോശ വാങ്ങിക്കഴിച്ചു. ചായ കുടിച്ചു. ഒരു കിങ്സ് സിഗരറ്റും വാങ്ങി വലിച്ചു. ആര്‍ഭാടപൂര്‍ ണ്ണമായ വൈകുന്നേരം . രതിപ്രിയയെ പാര്‍ക്കിലേയ്ക്ക് വരാന്‍ അറിയിച്ച് അയാള്‍ കാത്തിരുന്നു.

കൃത്യസമയത്ത് തന്നെ അവള്‍ എത്തിച്ചേര്‍ന്നു. അവര്‍ അധികം ആള്‍ത്തിരക്കില്ലാത്ത ഒരു കോണില്‍ ഇരുപ്പുറപ്പിച്ചു. രതിപ്രിയ വീട്ടില്‍ നിന്നും കൊണ്ടുവന്ന ലഡ്ഡു അയാള്‍ക്ക് കൊടുത്തു. അയാള്‍ പകുതി ലഡ്ഡു അവള്‍ക്ക് കൊടുത്തു. എന്നിട്ട് തനിക്ക് ജോലി കിട്ടാന്‍ പോകുന്ന കാര്യം അവളോട് പറഞ്ഞു. അവള്‍ ആഹ്ലാദം സഹിക്കാന്‍ വയ്യാതെ അയാളുടെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചു. അപ്പോഴായിരുന്നു ഉമ്മ കൊടുക്കണമെന്ന കാര്യം അയാളോര്‍ത്തത്. എന്തായാലും ഉടനെ തന്നെ ജോലി കിട്ടും , ഉടന്‍ തന്നെ അവളെ കെട്ടുകയും ചെയ്യും , അപ്പോള്‍ ഒരുമ്മയൊക്കെ കൊടുക്കുന്നത് ആരേയും മുറിവേല്‍പ്പിക്കില്ലെന്ന വിചാരമാണ്‌ അയാളെ ഇങ്ങനെ പറയിച്ചത്.

' നോക്കൂ പ്രിയേ, നമ്മള്‍ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നു. അതല്ലെ എനിക്ക് ജോലി കിട്ടാന്‍ പോകുന്ന കാര്യം കേട്ടപ്പോള്‍ നിനക്ക് ഇത്ര സന്തോഷം . അറിഞ്ഞോ അറിയാതെയോ നീ മധുരവും കൊണ്ടുവന്നു. ഇനി നമ്മളിങ്ങനെ വെറും കമിതാക്കളായിരുന്നാല്‍ ശരിയാവില്ല. വരൂ നമുക്ക് എന്റെ മുറിയിലേയ്ക്ക് പോകാം .നിനക്ക് ഞാന്‍ ഉമ്മകള്‍ തരാം '

സന്തോഷം കൊണ്ട് ചുവന്ന് തുടുത്ത മുഖവുമായി ചിരിക്കുന്ന രതിപ്രിയയെ പ്രതീക്ഷിച്ച് അയാള്‍ പക്ഷേ കണ്ടത് ദേഷ്യം മൂത്ത് ചുവന്ന രതിപ്രിയയെ ആയിരുന്നു.

' സൂരജ് , നിന്നെ ഞാന്‍ ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത്. നിന്റെ മനസ്സില്‍ എന്നെക്കുറിച്ച് ഇത്ര മോശം വിചാരങ്ങള്‍ ഉണ്ടാകുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നമ്മള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചരാണ്` . ആ നിലയ്ക്ക് വിവാഹം കഴിയാതെ എന്നെ തൊടാന്‍ പോലും നിനക്കാവില്ല. ഞാന്‍ നല്ല കുടുംബത്തില്‍ പിറന്ന പെണ്‍ കുട്ടിയാണ്‌. നിന്നെക്കുറിച്ച് ഞാന്‍ എന്തൊക്കെയോ തെറ്റിദ്ധരിച്ചു.'

ഇത്രയും പറഞ്ഞ് അവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങി.

അയാള്‍ എന്ത് ചെയ്യണമെന്നറിയാതെ വ്യാകുലപ്പെട്ടു. അവളെ സമാധാനിപ്പിക്കണോ അതോ ഈ ബന്ധത്തെക്കുറിച്ച് ഒരു പുനര്‍ വിചാരണയിലേര്‍ പ്പെടണോയെന്ന് ആശയക്കുഴപ്പത്തിലായി.

എന്തായാലും ഇന്നിനി ഒന്നിനും മൂഡില്ലയെന്ന് തീരുമാനമായി. ഒരു യാത്ര പോലും പറയാതെ അയാള്‍ എഴുന്നേറ്റ് നടന്നു. ഈ സംഭവത്തിന്‌ ശേഷം ഒരിക്കലും അവള്‍ അയാളെ വിളിക്കുകയോ കാണാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അയാള്‍ക്ക് യാതൊരു നഷ്ടബോധമോ കുറ്റബോധമോ തോന്നിയതുമില്ല.

കുറച്ച് ദിവസങ്ങള്‍ക്കകം അയാള്‍ക്ക് ജോലി കിട്ടി. ജീവിതം മെച്ചപ്പെട്ടു. അയാള്‍ ക്ലാസ്സിക്കുകള്‍ വായിക്കാനും ആല്‍ബേര്‍ കാമുവിനെ ആരാധിക്കാനും തുടങ്ങി. ഡിക്റ്ററ്റീവ് നോവലുകളെ അയാള്‍ കത്തിച്ച് കളഞ്ഞു.

അവള്‍ നിരന്തരം അയാളെ കാണുവാനും സംസാരിക്കുവാനും ശ്രമിച്ചെങ്കിലും അയാള്‍ അവസരം കൊടുത്തില്ല. പിന്നീട് അവളും ഏതാണ്ട് എല്ലാം മറന്ന പോലെയായിത്തീര്‍ന്നു.

അതേ സമയം അയാളാകട്ടെ, ഓഫീസിലെ ഒരു മനോഹരിയായ യുവതിയുമായി പ്രണയത്തിലാകുകയും , സം തൃപ്തമായ ജീവിതം നയിക്കുകയും ചെയ്തു. ഒരു ദിവസം അയാള്‍ കാമുകിയുമായി ചുംബനത്തിലേര്‍പ്പെടുകയായിരുന്നു. യാദൃശ്ചികമെന്ന് പറയട്ടെ, അന്ന് രതിപ്രിയ കരഞ്ഞ അതേ സ്ഥലത്ത് വച്ചായിരുന്നു അത്.

അപ്പോള്‍ രതിപ്രിയ ആ വഴി വരാനിടയാകുകയും ഈ രംഗം കണ്ട് അവളില്‍ ഓര്‍മ്മകള്‍ തിരിച്ചെത്തി സങ്കടപ്പെടുത്തുകയും ചെയ്തു.

സഹിക്കാന്‍ വയ്യാതെ അവള്‍ അയാളുടെ തലമുടി പിടിച്ച് വലിക്കുകയും മാന്തുകയും ചെയ്തു. അയാളുടെ കാമുകി ഒന്നും മനസ്സിലാകാതെ അന്തം വിട്ട് നിന്നു.

'പറയെടാ..അപ്പോള്‍ നീ എനിക്കാരായിരുന്നു?' രതിപ്രിയ അലറി.

അയാള്‍ ഒരു ചെറിയ ചിരിയോടെ ഒരു കിങ്സ് സിഗരറ്റ് കത്തിച്ച് പറഞ്ഞു.

' ബോയ് ഫ്രണ്ട് '

------------------------------------------

ഗുണപാഠം : പാര്‍ക്കിലിരുന്ന് സിഗരറ്റ് വലിക്കരുത്