Tuesday, October 19, 2010

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിക്കുന്നതിന്റെ അസ്വസ്ഥതകള്‍

ഇന്നലെ മുഴുവന്‍മഴയായിരുന്നു. പകലും രാത്രിയും. അത് കൊണ്ട് തന്നെ രാവിലെ വെളിച്ചത്തില്‍തണുപ്പ് കലര്‍ന്നിരുന്നു. ഇന്ന് മഴയുടെ ലക്ഷണങ്ങളൊന്നും കാണാനില്ല. സന്തോഷം. ജനല്‍തുറന്നിട്ട് കിടന്നുറങ്ങുന്നതിന്റെ ആഹ്ലാദം മുഴുവന്‍മഴ നശിപ്പിക്കും. പോരാത്തതിന് രാത്രി മുഴുവന്‍ദോശ ചുടുന്നപോലെ ശബ്ദം. രാവിലെ ജനല്‍തുറന്നാലോ നനഞ്ഞ പാളികളില്‍തൊടുമ്പോള്‍നനവ് വിരലുകളില്‍തട്ടി ഉറക്കപ്പിച്ച് ഇല്ലാതാക്കുന്നു. ഉറക്കത്തിന്റെ അവസാനത്തെ അറ്റത്തില്‍തൂങ്ങിപ്പിടിച്ച് കിടക്കുന്നതിന്റെ സുഖം എല്ലാം അതോടെ അവസാനിക്കും.

നിങ്ങള്‍വിചാരിക്കുന്നുണ്ടാകും എത്ര അരസികനായ ഒരാളാണ് ഞാനെന്ന്. ഒരു സാഡ്ഡിസ്റ്റ് എന്ന് പോലും ചിലര്‍പറയും. അങ്ങിനെയൊന്നുമില്ല, കാല്പനികമായല്ലാതെ ഒരിക്കലും നിങ്ങള്‍മഴയെ സമീപിച്ചിട്ടില്ലേ? ഒരിക്കലെങ്കിലും മഴയെ ശപിച്ചിട്ടില്ലേ? അത്യാവശ്യമായി എവിടേയ്ക്കെങ്കിലും പോകാനിറങ്ങുമ്പോള്‍നിങ്ങളുടെ അലക്കിത്തേച്ച വസ്ത്രങ്ങള്‍നനയ്ക്കാനും ചെളി തെറിപ്പിക്കാനും എത്തുന്ന മഴയെ സ്നേഹിക്കാന്‍ഒരു ഭ്രാന്തനേ കഴിയൂ. അതിനേക്കാള്‍സഹിക്കാന്‍പറ്റാത്തത് ദൂരയാത്ര കഴിഞ്ഞ് ബസ്സില്‍നിന്നോ തീവണ്ടിയില്‍നിന്നോ ഇറങ്ങുമ്പോള്‍തകര്‍ത്ത് പെയ്യാന്‍തുടങ്ങുന്ന മഴയാണ്. അത്രയും നേരത്തെ യാത്രയുടേ മുഷിപ്പിനേക്കാളും ഭീകരമാണ് അത്.

ശരി, എല്ലാം മറന്നേക്കൂ. രാവിലെ വെയില്‍കണ്ടതിന്റെ സന്തോഷമാണ്. കാവ്യാത്മകമായ എന്റെ ജീവിതത്തില്‍( അതെ, കേട്ടത് ശരി തന്നെ. നെറ്റി ചുളിയ്ക്കണ്ട) ഇത്തരം മനോഹരമായ നിമിഷങ്ങള്‍ഉണ്ടാകാറുണ്ട്. എന്റെ മുതുകിന്റെ ചൂടില്‍തട്ടി പരുവമായ കിടക്കയില്‍ഇങ്ങനെ പുറം ലോകം നോക്കി കിടക്കാന്‍നല്ല സുഖമാണ്. ജനല്‍തുറക്കൂ, പച്ച പുതച്ച് നില്‍ക്കുന്ന ഭൂമി അതിന്റെ എല്ലാ മാസ്മരികതയോടും എന്നെ ക്ഷണിക്കുന്നത് പോലെ. വെയില്‍ആകാശത്തിന്റെ വിരലുകളാണ്. കാറ്റ് ഭൂമിയുടെ സംഗീതവും. ഞാന്‍ആസ്വദിക്കും. ഉറക്കം കഴിഞ്ഞ് മറ്റ് ചിന്തകളൊന്നും കയറിക്കൂടാതെ തെളിഞ്ഞ മനസ്സോടെ ഞാന്‍ആസ്വദിക്കും. അപ്പോള്‍പൂക്കളും ഇലകളും മലകളും പുഴകളും ചേര്‍ന്ന് സോനറ്റുകള്‍ആലപിക്കും. സെല്ലോയുടെ വിഷാദസ്വരം പോലെ ചിത്രശലഭങ്ങള്‍അങ്ങുമിങ്ങും പാറി നടക്കും. ഗിറ്റാറുകളും വയലിനുകളും സാക്സഫോണുകളും ഓടക്കുഴലുകളുമാകും പ്രകൃതി. ഇടയ്ക്ക് വാന്‍ഗോഗിന്റെ വയലുകള്‍പോലെ മതിലിനപ്പുറം വയലുകള്‍കാണും. പിക്കാസ്സോയും റംബ്രാന്റും ബ്രഷുകളുമായി അങ്ങുമിങ്ങും അലയുന്നുണ്ടാകും. ആകാശം ദാലിയുടെ നിയന്ത്രണത്തില്‍…എനിക്ക് തലയ്ക്ക് സുഖമില്ലെന്ന് ഇതോടെ നിങ്ങള്‍തീരുമാനിച്ച് കാണും. സാരമില്ല. എന്നെപ്പോലെ സുഖലോലുപനായ ഒരാള്‍ക്ക് വെറുതേയിങ്ങനെ കിടന്ന് കൊണ്ട് ജനലിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍കാണാന്‍കഴിയുന്നത് ഇതും ഇതിനപ്പുറവുമാണ്.

വെയില്‍ജനലിലൂടെ നാക്ക് നീട്ടി എന്നെ തൊടുന്നു. ജനലഴികളുടെ നിഴല്‍എന്റെ ശരീരത്തിലൂടെ വീഴുന്നു. ഞാന്‍പുതപ്പ് നീക്കി. നഗ്നമായ ഉടലിലൂടെ കറുത്ത വരകള്‍വീണപ്പോള്‍ഒരു സീബ്രയെപ്പോലെയായി ഞാന്‍. അനങ്ങുമ്പോള്‍വരകളും അനങ്ങുന്നു. കാല്‍മുട്ട് ഉയര്‍ത്തി താഴേയ്ക്കും മുകളിലേയ്ക്കും ചലിപ്പിച്ചപ്പോള്‍സീബ്ര ഓടാന്‍തുടങ്ങി. കാല്‍തളര്‍ന്നപ്പോള്‍ഓട്ടം നിര്‍ത്തി സീബ്ര പുല്ല് മേയാന്‍പോയി. വെയില്‍തെളിയുകയും മായുകയും ചെയ്യുന്നു. പക്ഷേ, ഉടനെയൊന്നും മഴ പെയ്യുന്ന ലക്ഷണമൊന്നുമില്ല. വളരെ നേരം കിടക്കയില്‍ഒരേ കിടപ്പ് കിടന്ന് പുറം പൊള്ളുന്നത് പോലെ. ഒന്നെഴുന്നേറ്റ് തലയണ മുകളിലേയ്ക്ക് ഉയര്‍ത്തി വച്ച് ചാരിയിരുന്നു. ഇപ്പോള്‍മതിലിനപ്പുറം നാട്ടുവഴികള്‍കൂടിച്ചേരുന്നിടത്ത് പൊതുകിണര്‍വരെ കാണാം. നന്നായി. സമയം ഒമ്പതാകുന്നു. കിണറ്റിന്‍കരയില്‍വെള്ളം കോരാനെത്തുന്ന പെണ്‍കുട്ടികള്‍ഇപ്പോള്‍വീടുകളില്‍നിന്നും പുറപ്പെട്ടിട്ടുണ്ടാകും. അവരുടെ പേരുകള്‍എനിക്കറിയില്ല. പക്ഷെ അവരെയെല്ലാം എനിക്കിഷ്ടമാണ്. എന്നും ഒരേ സമയത്ത് അഞ്ചും ആരും പേരടങ്ങുന്ന കൂട്ടമായി അവര്‍വെള്ളം കോരാനെത്തുന്നു. പച്ചയും നീലയും മഞ്ഞയുമായ പ്ലാസ്റ്റിക് കുടങ്ങള്‍അവരുടെ കൈകളിലുണ്ടാകും. വെള്ളം നിറച്ച കുടങ്ങള്‍ഒക്കത്ത് വച്ച് അവര്‍പോകുന്നത് കാണുന്നത് പ്രത്യേക സുഖമാണ്. ഭാരമേന്തിയ നടത്തം. കാല്‍തെറ്റാതിരിക്ക്നായി ഒരു വശത്തേയ്ക്ക് അരക്കെട്ട് വളച്ചാണ് അവര്‍നടക്കുക. ( കുടം വച്ചിരിക്കുന്ന വശത്തിന്റെ നേരെ വിപരീതദിശയിലേയ്ക്ക് അരക്കെട്ട് വളയുന്നു. ഉദാ: കുടം ഇടത്താണെങ്കില്‍വലത് വശത്തേയ്ക്ക് അരക്കെട്ട് ബാലന്‍സ് ചെയ്യും ) നൃത്തച്ചുവടിലെന്ന പൊലെ ആ നടത്തം അങ്ങേയറ്റം ആസ്വാദ്യകരമാണ്. തിരിച്ച് കാലിക്കുടവുമായി വരുമ്പോള്‍കുടങ്ങളെ മുന്നോട്ടും പിന്നോട്ടും ഊഞ്ഞാലാട്ടിയും മുകളിലേയ്ക്കെറിഞ്ഞ് പിടിച്ചുമാണ് അവര്‍നടക്കുക.

സമയം ഒമ്പതരയാകുന്നു. ആരും വരുന്നില്ല. വെയില്‍നീണ്ട് നീണ്ട് മുറിയുടെ അറ്റം വരെയായി. കഴുത്ത് വേദനിക്കാന്‍തുടങ്ങിയപ്പോള്‍കിടന്നു. കിടക്കയ്ക്ക് ചൂട് പിടിച്ചിരിക്കുന്നു. വെളിച്ചം നിറഞ്ഞ് മുറി അപരിചമായി കാണപ്പെട്ടു. വിവര്‍ത്തനകൃതി വായിക്കുന്നത് പോലെ മനസിലാക്കാന്‍പ്രയാസമുള്ള എന്തൊക്കെയോ ഘടകങ്ങളാല്‍നിറഞ്ഞ് എനിക്ക് ചുറ്റും വേറൊരു ലോകത്തിന്റെ അടയാളങ്ങള്‍പെരുകിക്കൊണ്ടിരുന്നു. കൂറ്റന്‍കാറ്റാടിയന്ത്രം നട്ട് മുളപ്പിച്ചത് പോലെ വിശാലമായ മൈതാനം. കുതിരകള്‍മേയുന്ന പുല്‍ത്തകിടികള്‍. ദൂരെ റെയില്‍ പാളത്തിലൂടെ പായുന്ന തീവണ്ടി. ഞാന്‍നടന്നു. മുള്‍ച്ചെടികള്‍നിറഞ്ഞ വഴികള്‍. ചെരുപ്പില്ലാതെ നടക്കുന്നത് പ്രയാസം. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍വഴി മണല്‍മൂടിയതായി. നടത്തം സുഖമായി. അടുത്തൊന്നും വീടുകള്‍ഉണ്ടായിരുന്നില്ല. കുതിരമേയ്ക്കുന്നവര്‍സിഗരറ്റ് വലിച്ചും കുപ്പിയിലെ മദ്യം രുചിച്ചും തണലുകളില്‍നിരന്നിരുന്നു.

അവരെ ശ്രദ്ധിക്കാതെ ഞാന്‍നടന്നു. കരുത്തന്‍കുതിരകള്‍മേയുന്നിടത്ത് നിന്നും അകലേയ്ക്ക് നടന്നു. ഒരു കുന്ന് കയറിയപ്പോള്‍അപ്പുറത്ത് അരുവിയുടെ ലക്ഷണങ്ങള്‍കാണായി. പച്ചപ്പുല്ല് നിറഞ്ഞ് തീരം. തണുത്ത വെയില്‍വീണ് തിളങ്ങുന്ന അരുവി. അരികിലെവിടെയോ വെള്ളച്ചാട്ടമുണ്ടെന്ന് തോന്നി. വെള്ളം കുടിക്കാനെത്തുന്ന മാനുകളും മുയലുകളും ഒന്നിനേയും ഭയക്കുന്നതായി തോന്നിയില്ല. ഹിംസ്രമൃഗങ്ങള്‍ഇല്ല്ലാത്ത സ്ഥലമായിരിക്കും. ഞാന്‍അരുവിയിലേയ്ക്ക് നടന്നു. ഇളം ചൂടുള്ള വെള്ളം. കാല്‍കഴുകി കുറച്ച് നേരം തീരത്തിരുന്നു. അത്രയും ദുരം നടന്നതിന്റെ ക്ഷീണം പതുക്കെ കുറഞ്ഞ് വന്നു.

ആകാശത്ത് വെളുത്ത മേഘങ്ങള്‍സാന്റാക്ലോസിന്റെ താടി പോലെ ഒഴുകുന്നു. തൊപ്പി വച്ച മലനിരകള്‍ദൂരെ എവിടേയ്ക്കോ പോകാനൊരുങ്ങുന്നത് പോലെ തയ്യാറായി നില്‍ക്കുന്നു. മലഞ്ചെരുവില്‍നിന്നും ആരോ നിഴല്‍പോലെ നടന്നടുക്കുന്നുണ്ട്. അടുത്തേയ്ക്കെത്തുമ്പോള്‍അതൊരു പെണ്‍കുട്ടിയാണ്. കൈയ്യില്‍മഞ്ഞ നിറത്തിലുള്ള കുടവുമേന്തി വരുകയാണ്. അരുവിയിലേയ്ക്ക് തന്നെ.

അവള്‍അടുത്തെത്തി. പാവാടക്കാരിയാണ്. മെലിഞ്ഞ് കൊലുന്നനെയുള്ള അവള്‍നടക്കുന്നത് സ്വപ്നത്തിലെന്ന പോലെയാണ്. കൂടെ ആരും ഇല്ലായിരുന്നു. കുടം മുന്നോട്ടും പിന്നോട്ടും ഊഞ്ഞാലാട്ടി എത്ര മനോഹരമായാണവളുറടെ നടത്തം! വെള്ളം കോരി ഇടുപ്പില്‍കുടം പ്രതിഷ്ഠിച്ച് അവള്‍തിരിച്ച് നടക്കുന്നു. നൃത്തം തന്നെ നൃത്തം. പിന്നണിഗായകരും വാദ്യങ്ങളുമില്ലാതെ സൌകര്യമായി നൃത്തം ചെയ്ത് അവള്‍പോകുന്നു.

തിരികെ വരുമ്പോള്‍അവള്‍ഒറ്റയ്ക്കല്ലായിരുന്നു. അഞ്ചാറ്‌പെണ്‍കുട്ടികള്‍ഒന്നിച്ച്. കിണറ്റിന്‍കരയില്‍അവര്‍നിന്ന് വര്‍ത്തമാനം പറയുകയാണ്. പെട്ടെന്ന് വെയില്‍മാറി. കറുത്ത മേഘങ്ങള്‍ഓടിക്കിതച്ചെത്തി. മഴത്തുള്ളികള്‍ക്രൂരമായി പതിച്ച് തുടങ്ങി. അയ്യോ, മഴ മഴ എന്ന് കരഞ്ഞ് കൊണ്ട് അവര്‍ഓടി. കാഴ്ചയെ മറച്ച് മഴ..മഴ..മഴ…

ഇതാണ് ആദ്യമേ പറഞ്ഞത്. ഈ മഴയ്ക്ക് ഒരു ബോധവുമില്ല. ആവശ്യമില്ലാതെ മാത്രമേ അവതരിക്കാറുള്ളൂ. ഇനി ജനലടയ്ക്കാതെ പറ്റില്ല. കാഴ്ചകളെ ഇല്ലാതാക്കിക്കൊണ്ട് മുറിയില്‍ഇരുട്ട് നിറച്ച് ജനല്‍പ്പാളികള്‍ചേരുന്നു. സമയം പത്തര. ഉറങ്ങാന്‍ശ്രമിക്കാം, വേറൊന്നും ചെയ്യാനില്ല. ഉറക്കം വന്നില്ലെങ്കില്‍തിരിഞ്ഞും മറിഞ്ഞു കിടന്ന് നേരം പോക്കണം. ഉച്ച വരെ. അത് കഴിഞ്ഞ് എന്ത് ചെയ്യുമെന്നോ? സുഖ്ോലുപനായ എനിക്ക് അതൊന്നും വിഷയമല്ല് കാവ്യാത്മകമായ ദിവസങ്ങള്‍തുടരുക തന്നെ ചെയ്യും.

അപ്പോള്‍ഇനി ഉച്ചയ്ക്ക്. ജനാല തുറക്കാം, കാഴ്ചകള്‍കാണാം…

മഴയില്ലെങ്കില്‍മാത്രം….

Sunday, October 17, 2010

മുരുകന് – ന:45“എറണാകുളം മേനക ജങ്ക്ഷന് സമീപം കുപ്പത്തൊട്ടിയിൽ നിന്നും എച്ചിൽ വാരിത്തിന്നുമ്പോഴാണ് ബ്രദർ മാവൂരൂസ് എന്റെ ജീവിതത്തിലേയ്ക്ക് വന്നത്. എച്ചിൽ തിന്നരുതെന്ന് അദ്ദേഹം ഉപദേശിച്ചു. എവിടെ താമസിക്കുന്നെന്ന് ചോദിച്ചു. ‘ അന്ധകാര കോളനി’ യെന്ന് മറുപടി പറഞ്ഞു. അന്ന് ഉദയാകോളനി, അന്ധകാര കോളനിയായിരുന്നു. പിന്നീടാണ് അന്ധകാരം ഉദയമായത്.              - മുരുകൻ

എച്ചിൽ കൂമ്പാരത്തിൽ കൈയ്യിട്ട് വാരിത്തിന്ന് വിശപ്പടക്കിയിരുന്ന ബാല്യകാലം മുരുകന് ഒരിക്കലും മറക്കാനാവില്ല. തെരുവിലായിരുന്നു ജീവിതം. കുപ്പ പെറുക്കി വിറ്റ് കിട്ടുന്ന പൈസയായിരുന്നു ഒരേയൊരു വരുമാനം. എച്ചിൽ കൂമ്പാരത്തിൽ ചികഞ്ഞ് കൊണ്ടിരിക്കെയാകും ‘ കഞ്ഞിപ്പുര വണ്ടിക്കാർ’ പിടിച്ച് കൊണ്ട് പോകുക. തെരുവിലെ കുട്ടികളെ കൊണ്ട് പോയി മൂന്ന് നേരം കഞ്ഞി വിളമ്പുന്ന, മാനസികരോഗികളും അനാഥരും അന്തിയുറങ്ങുന്ന അഗതിമന്ദിരത്തെയാണ് അവർ ‘ കഞ്ഞിപ്പുര’ എന്ന് വിളിക്കുന്നത്. അവരുടെ വണ്ടി കഞ്ഞിപ്പുര വണ്ടിയുമായി. അവരെ കാണുമ്പോൾ അവർ ഓടിയൊളിക്കും. ഒരു നാൾ അത് സാധിച്ചില്ല. അവരുടെ പിടിയിലായി, തടവിലായി എന്ന് പറയുന്നതായിരിക്കും യോജിക്കുക.

കഥ പറയുന്നത് എസ്.മുരുകൻ. കൊച്ചി നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്നു. തമിഴ്  നാട്ടിലെ ചെങ്കോട്ടയാണ് സ്വദേശം. അച്ഛൻ ഷണ്മുഖം, അമ്മ വള്ളി. പീരുമേട്ടിനടുത്ത് ഒരു എസ്റ്റേറ്റിൽ ജോലിക്കാരായിരുന്നു അവർ. അന്ന് മുരുകൻ കുഞ്ഞായിരുന്നു. അച്ഛൻ തങ്ങളെ വിട്ട് പോയപ്പോൾ അമ്മയാണ് കൂലിപ്പണിയ്ക്ക് പോയി കുടും ബം പോറ്റിയിരുന്നത്. കുട്ടിക്കാനത്തെ ഒരു ഇം ഗ്ലീഷ് മീഡിയം സ്കൂളിൽ മുരുകൻ പഠിക്കാൻ പോയിരുന്നു. കാലിൽ ചെരുപ്പില്ലാതെയാണ് സ്കൂളിൽ പോയിരുന്നത്. മറ്റ് കുട്ടികളുടെ ഷൂസും ഉടുപ്പുമെല്ലാം കൊതിയോടെ നോക്കിയിരുന്ന കാലം. ഫീസ് കൊടുക്കാൻ പറ്റാതായപ്പോൾ പഠനം നിലച്ചു. രണ്ട് വർഷത്തിന് ശേഷം അച്ഛൻ തിരിച്ചെത്തി. പീരുമേട്ടിൽ നിന്നും അവർ കൊച്ചിയിൽ അഭയം തേടി. കൊച്ചിയിലെ ഗാന്ധിനഗറിന് സമീപം ഉദയാ കോളനിയിൽ അവർക്കും കിട്ടി ഒരിടം. ഉദയാ കോളനി ഒരു ചേരിയാണ്.

മേനക ജങ്ക്ഷന് സമീപമുള്ള ബേക്കറിയിലെ എച്ചിലാണ് മുരുകന്റേയും കൂട്ടുകാരുടേയും പ്രധാന ഭക്ഷണം. വൈകുന്നേരമാകുമ്പോൾ എല്ലാവരും സ്ഥലത്തെത്തും. ബേക്കറിക്കാർ കൂടുകളിലാക്കി പുറത്തേയ്ക്കെറിയുന്നത് തൊട്ട് നക്കി വിശപ്പടക്കാൻ നോക്കും. പ്ലാസ്റ്റിക്കും മറ്റും പെറുക്കി വിറ്റ് കിട്ടുന്ന കാശ് കൊണ്ട് സിനിമ കാണാൻ പോകും.  കാശില്ലെങ്കിൽ സിനിമയില്ല. കുട്ടികളുടെ പാർക്കിനരികിൽ പോയിരിന്ന് സമയം പോക്കും.മുരുകന്റെ ഓർമ്മകൾക്ക് തെരുവിന്റെ ചൂടും ചൂരുമാണ്. നഗരത്തിലെ തെരുവുകളിൽ ഇരുട്ട് പിടിക്കുമ്പോൾ ജീവിതം കളങ്കപ്പെടുന്നതറിയാം. കൊച്ചിയുടെ സിരകളിലൂടെ രാവും പകലുമെന്നില്ലാതെ ഓട്ടോറിക്ഷ ഓടിക്കുമ്പോൾ, ജീവിതങ്ങൾ തകർന്ന് വീഴുന്നത് നേരറിവുകളാണ്.

കഞ്ഞിപ്പുരക്കാരുടെ പിടിയിലായപ്പോൾ ജീവിതം അവസാനിച്ചെന്ന് കരുതിയതായിരുന്നു. അപ്പോഴാണ് എറണാകുളം ഡോൺ ബോസ്കോ സ്നേഹഭവനിലെ ബ്രദർ മാവുരൂസ് മാളിയേക്കലും സഹപ്രവർത്തകരും വന്ന് അവരെ സ്നേഹഭവനിലെത്തിച്ചത്. പിന്നീട് പത്ത് വർഷം അവിടെ നിന്നു. മലയാളം അറിയാത്തത് കൊണ്ട് സ്കൂളിൽ സ്ഥിരമായി സ്ഥാനം ലഭിച്ചില്ല. പകരം കൽ‌പ്പണി പഠിച്ചു. തെരുവിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഡോൺ ബോസ്കോ ചൈൽഡ് ലൈനിൽ വോളണ്ടിയറായി പ്രവർത്തിച്ചു. അതോടെ മുരുകന്റെ ജീവിതം ഒരു വഴിത്തിരിവിലെത്തുകയായിരുന്നു.

ഇപ്പോൾ മുരുകൻ, തെരുവോരപ്രവർത്തകർ എന്ന സന്നദ്ധസം ഘടനയുടെ ജനറൽ സെക്രട്ടറിയാണ്. ഇന്നോളം രണ്ടായിരത്തിലേറെ അനാഥക്കുട്ടികളെ രക്ഷിച്ചിട്ടുണ്ട്. മാനസികവൈകല്യമുള്ളവരും, ഭിക്ഷാടനമാഫിയക്കാരുടെ പിടിയിലായവരുമായവര്‍ അതില്‍ ഉള്‍പ്പെടുന്നു. കൊച്ചിക്കാർക്ക് സുപരിചിതമാണ് മുരുകനും മുരുകന്റെ ഓട്ടോറിക്ഷയും. തെരുവിൽ വലിച്ചെറിയപ്പെടുന്ന ജീവിതങ്ങൾക്കായി സ്വന്തം ജീവിതം ഉഴിഞ്ഞ് വച്ച മുരുകന് കയ്പ്പേറിയ അനുഭവങ്ങളും ഏറെ ഉണ്ടായിട്ടുണ്ട്. 


തെരുവോരങ്ങളില്‍ അലഞ്ഞ് തിരിയുന്നവരെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങള്‍, ഭിക്ഷാടനമാഫിയ എന്ന് തുടങ്ങി പോലീസുകാരില്‍ നിന്നും അനാഥാലയങ്ങളില്‍ നിന്നും വരെ മുരുകന് തിരസ്ക്കാരവും അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും മുരുകന്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട് നീങ്ങുകയാണ്. അഞ്ചാം വര്‍ഷത്തിലേയ്ക്ക് തുടരുന്നു മുരുകന്റെ തെരുവോരപ്രവര്‍ത്തനം. എന്തിന് ഇതെല്ലാം എന്ന് ചോദിച്ചാല്‍ മുരുകന്‍ പറയും, മുരുകന്‍ ന: 45 എന്ന ഒര്‍മ്മ കാരണമെന്ന്.സ്നേഹഭവനിലെ മുരുകന്റെ നമ്പര്‍ ആയിരുന്നു 45. ഇപ്പോഴും മുരുകന്റെ പ്രിയപ്പെട്ട നമ്പര്‍ അത് തന്നെ. ഓര്‍മ്മകള്‍ക്ക് അവധി നല്‍കിക്കൊണ്ട് മുരുകന്റെ ഓട്ടോറിക്ഷ തെരുവുകളിലൂടെ ഓടുകയാണ്. യാത്രക്കാര്‍ക്ക് വേണ്ടിത്തന്നെ. ടിക്കറ്റും ഇറങ്ങേണ്ട സ്ഥലവുമുള്ളവര്‍ക്കല്ല, വഴിയറിയാതെ ജീവിതത്തിന്റെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് വേണ്ടി.


( തുടരും..)


മുരുകന്റെ മൊബൈല്‍ നമ്പര്‍ : 09846051098
ഇ മെയില്‍ ; autotheruvora@gmail.com

Friday, October 1, 2010

അല്പം


മദ്യപാനം നടക്കുന്ന മുറിയിലേയ്ക്ക് മുൻ കൂട്ടി അറിയിക്കാതെ കയറിച്ചെല്ലരുത്

വളരെ നേരം നടന്നത് കൊണ്ടായിരിക്കണം, നടത്തത്തിന് വലിവുണ്ടായിരുന്നു. സന്ധ്യനേരത്തെ മുഷിപ്പിക്കുന്ന അരണ്ട വെളിച്ചത്തിലൂടെ വഴിവിളക്കുകളും വീടുകളും പ്രകാശിച്ച് കൊണ്ടിരുന്നു. ഗേറ്റ് തുറന്ന് വരാന്തയിലേയ്ക്കെത്തിയപ്പോൾ ചിതറിക്കിടക്കുന്ന ചെരുപ്പുകൾ കണ്ടു. അകത്ത് എന്തോ രഹസ്യം സംഭവിക്കുന്നതിന്റെ നിശ്ശബ്ദത അവിടമാകെ തളം കെട്ടി നിൽക്കുന്നു. കോളിങ് ബെൽ അടിച്ചപ്പോൾ കസേരകൾ നിരങ്ങുന്നതിന്റേയും ആരൊക്കെയോ പിറുപിറുക്കുന്നതിന്റേയും ശബ്ദങ്ങൾ നേർത്തു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. തുറന്നതാരാണെന്നറിയില്ല, ഹാളിൽ ഡൈനിങ് ടേബിളിന് ചുറ്റും ഇരിക്കുന്നവർ ഒരേ അച്ചിൽ വാർത്തെടുത്ത അസഹിഷ്ണുതയോടെയും ആകാംക്ഷയോടെയും നോക്കി. മേശപ്പുറത്ത് ഒളിപ്പിക്കാൻ പരാജയപ്പെട്ട ആഘോഷത്തിന്റെ അവശിഷ്ടങ്ങൾ.

‘ ഹോ..നീയായിരുന്നോ..വാ..വാ..’ അവൻ ആശ്വാസത്തോടെ പറഞ്ഞു. വാതിലടച്ചേക്കാൻ ആം ഗ്യം കാണിച്ചു.  മറ്റുള്ളവർ കുറച്ച് നേരത്തെ പിരിമുറുക്കത്തിൽ നിന്നും മുക്തരായി സിഗരറ്റ് കത്തിക്കാനും കപ്പലണ്ടി കൊറിക്കാനും തുടങ്ങി.

അവനെയൊഴിച്ച് മറ്റുള്ളവരെയാരേയും എനിക്ക് പരിചയമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി വലിഞ്ഞുകയറി വന്നയാളെ കൂടെ കൂട്ടണോ വേണ്ടയോ എന്ന ആശയക്കുഴപ്പം എല്ലാവരുടേയും നെടുവീർപ്പുകളിൽ ഉണ്ടായിരുന്നു. അവൻ എല്ലാവരേയും സമാധാനിപ്പിക്കാനെന്ന വണ്ണം ഉറക്കെ ചിരിച്ചു. സന്ദർഭം അലിഞ്ഞു.

‘ ഫ്രണ്ട്സ്..ഇത് എന്റെ കൂട്ടുകാരൻ കൂടുതൽ പരിചയപ്പെടുത്തലുകളൊക്കെ പിന്നീട്..ഇപ്പോൾ എല്ലാവർക്കും ഇവനെ അറിയാമെന്ന് മാത്രം വിചാരിക്കുക’ അവൻ പറഞ്ഞു. ഒന്ന് രണ്ട് പേർ പുച്ഛം കലർന്ന ചിരി ചിരിച്ചു. ബാക്കിയുള്ളവർ തലയാട്ടി ഒഴിഞ്ഞ് ഗ്ലാസ്സുകളെ നോക്കി.

വളരെ നേരമായി മദ്യപാനം നടക്കുന്നത് കൊണ്ടായിരിക്കണം, അന്തരീക്ഷത്തിന് വല്ലാത്ത ചുവയുണ്ടായിരുന്നു. പുറത്തെന്നത് പോലെ അകത്തും വെളിച്ചം വിഷാദിച്ചിരുന്നു. എല്ലാത്തിനുമുപരി, കെട്ട് പൊട്ടിച്ച് ചാടാനൊരുങ്ങുന്ന ഹിംസ മൃഗത്തെ അവിടെയെവിടെയോ കെട്ടിയിട്ടിരിക്കുന്നത് പോലെ ഒരു ഭീതി.

‘ നീ കൂടുന്നില്ലേ? ‘ അവൻ മേശയ്ക്കടിയിൽ നിന്നും കുപ്പിയെടുത്ത് ഗ്ലാസ്സുകളിൽ ഒഴിക്കാൻ തുടങ്ങി.

‘ ഇല്ല’ സ്വരത്തിൽ ആവുന്നത്ര മാർദ്ദവം വരുത്തിക്കൊണ്ട് പറഞ്ഞു.

‘ അതെന്താ? വേറെ വല്ലതുമുണ്ടോ? ‘

‘ ഇല്ല..ഞാൻ ചുമ്മാ കയറിയെന്നേയുള്ളൂപിന്നെ വരാം’

അവൻ തടഞ്ഞില്ല. വാതിൽ തുറന്ന് പുറത്തിറങ്ങി. ആകാശം കറുത്ത കമ്പിളി പോലെയുണ്ടായിരുന്നു. ഭൂമി, കീറിയ ആകാശം പോലെയും. ഗേറ്റ് അടച്ച് ചരൽ വിരിച്ച പാതയിലൂടെ നടക്കുമ്പോൾ തോന്നി, വരേണ്ടായിരുന്നെന്ന്.

സദസ്സിൽ നിന്നും പുറത്താക്കപ്പെട്ടവന് പിന്നെ ഒരിടത്തും സ്ഥാനമില്ല

വന്ന ദൂരമത്രയും തിരിച്ച് നടക്കണമെന്നോർത്തപ്പോൾ സങ്കടം തോന്നി. കാലുകൾ ഉള്ളതായി തോന്നുന്നില്ല. വളഞ്ഞും പുളഞ്ഞും പോകുന്ന ഇടവഴികളിലൂടെ ഒന്നര കിലോമീറ്ററോളം നടന്നാലേ മെയിൻ റോഡിൽ എത്തുകയുള്ളൂ. സമീപത്തെങ്ങും ഒരു പെട്ടിക്കട പോലും കാണാനില്ല. സമയം വൈകിക്കൊണ്ടിരിക്കുന്നു. ലോകം ഉറക്കത്തിലേയ്ക്കും, ഉറങ്ങാത്തവർ ഏകാന്തതയിലേയ്ക്കും നീങ്ങുന്നു. ഇടയ്ക്കിടെ വഴിവിളക്കുകൾ കത്തുന്നുണ്ടായിരുന്നില്ല. വൈകുന്നേരം പെയ്ത മഴ സൃഷ്ടിച്ച ചെറുജലാശയങ്ങൾ എപ്പോൾ വേണമെങ്കിലും കാലുകളെ നനയ്ക്കാം. എവിടെയൊക്കെയോ പട്ടികളുടെ ഭീകരമായ കുരകൾ മുഴങ്ങുന്നുണ്ട്.
നടത്തം തുടർന്നു. ഏതൊക്കെയോ എളുപ്പവഴികൾ ഓർമ്മയിൽ കളഞ്ഞ് പോയിട്ടുണ്ട്. ഇരുട്ടത്ത് തപ്പിയെടുക്കാൻ പ്രയാസം. വിഷമവും ദേഷ്യവും കലർന്ന് ഭൂതം കയറിയത് പോലെയായി. ഇന്നേ ദിവസം തന്നെ, അതും അസമയമടുക്കാറാകുമ്പോൾ ഇറങ്ങിത്തിരിച്ച അവനവനെത്തന്നെ പഴിച്ചാൽ മതിയല്ലോ!. 
വിയർപ്പ് മുക്കിയ ജുബ്ബ ദേഹത്ത് ഒട്ടിപ്പിടിച്ച് അസൌകര്യമുണ്ടാക്കുന്നു. ഒപ്പം സ്വന്തം ശരീരത്തിന്റെ ഗന്ധവും. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ദുർബലമായ കാറ്റ് വീശാൻ തുടങ്ങി. വീടുകൾ കുറഞ്ഞ് കുറഞ്ഞ് വരുന്നു. നെൽ‌പ്പാടങ്ങളുടെ നടുവിലൂടെയുള്ള നീണ്ട മൺ പാത മുന്നിൽ അവ്യക്തമായി കണ്ടു. അനന്തത മാത്രമാണ് മുന്നിലെന്ന് തോന്നി. പോകേണ്ട മെയിൻ റോഡും ബസ്റ്റോപ്പും ആരോ ദൂരേയ്ക്ക് മാറ്റി നട്ടിരിക്കുന്നു. ഈ യുഗം മുഴുവൻ നടന്നാലും എത്താത്തത്ര ദൂരെ. പത്ത്  പേർ ഒന്നിച്ച് നടന്നാലും എത്താത്തത്ര ദൂരെ. പിന്നെയാണ് വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ ഒരാൾ. ആരോടെങ്കിലും വഴി ചോദിക്കാമെന്ന് വച്ചാൽ പരിസരത്തൊന്നും ഒരു പക്ഷിയെപ്പോലും കാണാനില്ല.

മൺ പാത ഒരു തരത്തിൽ അവസാനിച്ചത് കടൽ ത്തീരത്തേയ്ക്കായിരുന്നു. മീനിന്റെ മണമുള്ള കാറ്റ്. ചൂട് മാറാത്ത മണൽ. ദൂരെ ബോട്ടുകൾ മിന്നാമിനുങ്ങുകളെപ്പോലെ വെളിച്ചം കാണിക്കുന്നു. തിരകൾ ആരേയും നോവിക്കാത്ത വിധം വന്നും പോയ്ക്കോണ്ടുമിരുന്നു. മണലിൽ ഇരുന്നപ്പോൾ ദേഹമാകെ ഊർന്ന് വീഴുന്നത് പോലെ തോന്നി. വിശപ്പ് തുളച്ചെടുക്കുന്ന വയർ. വരണ്ട് നിശ്ചലമായ തൊണ്ട. കിതയ്ക്കുന്ന തലച്ചോർ.

കുറച്ച് നേരം തിരകളിൽ കാലിളക്കി നടന്നു. കടപ്പുറം ഉറങ്ങിക്കഴിഞ്ഞിരുന്നു. കരയ്ക്ക് കയറ്റിയിട്ടിരിക്കുന്ന വള്ളങ്ങൾ ഒറ്റയാന്മാരെപ്പോലെ നോക്കി. എഴുന്നേറ്റ് വന്ന് കൊമ്പുകൾ ചൂണ്ടുമെന്ന് തോന്നി. നടത്തം വേഗത്തിലാക്കി. തിരകൾ ആളുകളെ വിളിച്ച് കൂട്ടാൻ പോകുന്നത് പോലെ. ഓട്ടത്തിന് സമാനമായ വേഗത്തിൽ നടന്നു. ഉപ്പുകാറ്റേറ്റ് മുഖം വരണ്ടു. അടുത്ത് കണ്ട ഇടവഴി കയറി കടലിൽ നിന്നും രക്ഷപ്പെട്ടു. ആശ്വാസം, അവിടെ ഒരു ബസ്റ്റോപ്പുണ്ടായിരുന്നു.

ഭിക്ഷാടകർ അന്തിയുറങ്ങാൻ ഒരുക്ക് കൂട്ടുന്ന ബസ് വെയ്റ്റിങ് ഷെഡ്. മൂത്രത്തിന്റെ അസഹ്യമായ ഗന്ധം. കൊതുകുകളുടെ ആക്രമണം. ദൂരെ നിന്നും ഒരു വെളിച്ചം അടുത്തേയ്ക്ക് വരുന്നത് കണ്ടു. ബസ് അല്ല. ലോറിയോ മറ്റോ ആയിരിക്കണം. റോഡിലേയ്ക്കിറങ്ങി രണ്ട് കൈയ്യും നിവർത്തി കുരിശിലേറ്റപ്പെട്ടവനെപ്പോലെ നിന്നു. വണ്ടി അടുത്തെത്തി. ഒരു വാൻ ആയിരുന്നു.

‘ ടൌണിൽ എവിടെയെങ്കിലും.’ യാചനയുടെ സ്വരത്തിൽ..

ഒന്നും ഒന്നിനും പരിഹാരമാകുന്നില്ല, ഒരിക്കലും
എപ്പോഴോ ഉറങ്ങിപ്പോയ പട്ടണം. സോഡിയം വിളക്കുകളുടെ കൂറ്റൻ പ്രകാശങ്ങൾ. തെരുവ്പട്ടികൾ ഒറ്റയ്ക്കും കൂട്ടമായും മേയുന്നു. വാനിൽ കിട്ടിയ നാമമാത്രമായ ഇരിപ്പിടം നടുവിനെ പരീക്ഷിക്കുന്നതായിരുന്നു. ഇരുന്ന് തോറ്റ് കനത്ത വേദനയോടെയാണ് ഇറങ്ങിയത്. മുഷിഞ്ഞ് നാറിയ നിലയിൽ ഏതോ നാട്ടിലേയ്ക്ക് നീളുന്ന റോഡിനരികിൽ നിൽക്കുമ്പോൾ കഴിഞ്ഞതെല്ലാം ആരോ പറഞ്ഞോർമ്മിപ്പിക്കുന്നത് പോലെ.
ഇരുവശത്തും മഴവെള്ളം കെട്ടി നിൽകുന്ന റോഡിലൂടെ നടന്നു. അല്പം വിശ്രമിച്ചാലേ എന്തെങ്കിലും തീരുമാനിക്കാൻ പറ്റൂ. കാലിൽ എപ്പോഴോ ഒരു ഞൊണ്ടൽ കയറിക്കൂടിയിരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. എവിടെയോ മുറിഞ്ഞ പോലെ വേദനയുമുണ്ട്. പാന്റ് മുകളിലേയ്ക്ക് ഉയർത്തി നോക്കിയപ്പോൾ ഉപ്പുറ്റിയ്ക്ക് മുകളിലായി മുറിഞ്ഞ് ചോരയൊലിക്കുന്നത് കണ്ടു. എപ്പോൾ സംഭവിച്ചതാണെന്ന് ഓർമ്മിക്കാൻ കഴിഞ്ഞില്ല.

രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ ഒരു തട്ടുകട കണ്ടു. ഒന്ന് രണ്ട് പേർ കഴിക്കുന്നുണ്ട്. ആഞ്ഞ് നടന്നു. ദാഹിക്കുന്നു. വെള്ളം കുടിച്ചില്ലെങ്കിൽ ഈ പട്ടണത്തിൽ കിടന്ന് മരിക്കും. ദോശക്കല്ലിൽ ചട്ടുകം കൊണ്ട് മുട്ടിക്കൊണ്ട് കടക്കാരൻ ആളുകളെ ആകർഷിക്കുന്നുണ്ട്. 
മഗ്ഗിൽ വച്ചിരുന്ന വെള്ളം ആർത്തിയോടെ കുടിച്ചു. ആശ്വാസം തോന്നി. വിശക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ പണം തികയില്ല. ആളുകൾ ഉള്ള സ്ഥലമായത് കൊണ്ട് കുറച്ച് മാറി നിന്നു. ബസ്സ് കിട്ടുന്നിടം ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കണം.

അല്പനേരം കഴിഞ്ഞപ്പോൾ ദോശ കഴിച്ചുകൊണ്ടിരുന്ന ഒരാൾ കൈ കഴുകി അടുത്ത് വന്ന് സിഗരറ്റ് കത്തിച്ചു. പാതിരാത്രിയിൽ ഒരിടത്ത് കണ്ടുമുട്ടുന്ന അപരിചിതർക്കിടയിൽ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള സൌഹൃദം അപ്പോഴും ഉളവായി.

‘ വല്ലാതെ വലഞ്ഞിരിക്കുന്നല്ലോ’ അയാൾ ചോദിച്ചു. അത് വരെ നടന്നതെല്ലാം അയാളെ വിശദമായി പറഞ്ഞ് കൊടുത്തു.

‘ ഹോ..അടുത്ത കാലത്തൊന്നും ഇങ്ങനെയൊരെണ്ണം ഞാൻ കേട്ടിട്ടില്ല..ഭയങ്കരം തന്നെ’

അയാൾ ഒരു കഥാകൃത്താണെന്ന് പറഞ്ഞു. ഒരാവശ്യവുമില്ലാതെ സാഹിത്യത്തെക്കുറിച്ചെല്ലാം സംസാരിച്ചു. വിശപ്പ് വാട്ടിയ മനസ്സോടെ എല്ലാം തലയാട്ടി കേട്ടു.

‘ അല്ലാനിങ്ങൾ ആരെയോ കാണാൻ പോയെന്ന് പറഞ്ഞല്ലോ..എന്തിനായിരുന്നു അത്?’

‘  കുറച്ച് രൂപാ കടം ചോദിക്കാൻ പോയതായിരുന്നു’ 

‘ എന്നിട്ട് കിട്ടിയില്ല അല്ലെ?’

‘ ഇല്ല’

‘ ഇനിയിപ്പോ..ഇവിടന്ന് ബസ്സൊന്നും കാണില്ല. ടൌണിൽ ആരെങ്കിലും പരിചയക്കാർ ഉണ്ടോ?’

‘ ഉണ്ട്..പക്ഷേ..രാവിലെയേ കാണാൻ പറ്റൂ’

‘ അപ്പോൾ രാവിലെ വരെ എന്ത് ചെയ്യും? ‘

‘ അറിയില്ല’

‘ ഉം..വല്ലാത്ത അവസ്ഥ തന്നെകഷ്ടം ‘ ഇത്രയും പറഞ്ഞ് അയാൾ ബൈക്ക് സ്റ്റാർട്ടാക്കി യാത്ര പറഞ്ഞു.

തട്ടുകടയിൽ തിരക്കൊഴിഞ്ഞിരുന്നു. കടക്കാരൻ ബീഡി വലിച്ച് ഒരു ബഞ്ചിലിരിക്കുന്നു. അടുത്തേയ്ക്ക് ചെന്ന് ജഗ്ഗിൽ ബാക്കിയുണ്ടായിരുന്ന വെള്ളം തൊണ്ടയിലൂടെ ഇറക്കിയപ്പോൾ എവിടെയോ കുടുങ്ങിപ്പോയ പോലെ..