22 ഫീമെയിൽ പാല


ഹോസ്റ്റലിലെ ആദ്യ ദിവസം തന്നെ റാഗിങ്ങിൽ കുടുങ്ങേണ്ടതായിരുന്നു സ്റ്റെല്ല. ചങ്കിമേഡം തക്ക സമയത്ത് വന്ന് രക്ഷിച്ചില്ലായിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്നോർത്ത് അവൾക്ക് ചങ്കിടിച്ചു. ചങ്കിമേഡം നല്ലവളാണ്. പണ്ട് ഒന്നിലധികം വനങ്ങളിൽ വഴിയാത്രക്കാരുടെ പേടിസ്വപ്നമായി വിഹരിച്ചിരുന്നു. എത്ര മന്ത്രവാദികൾ പല തവണയായി ബന്ധിച്ചിട്ടുണ്ട്; പക്ഷേ അതൊക്കെ നിഷ്പ്രയാസം പൊട്ടിച്ചെറിഞ്ഞ്  പ്രതികാരം ചെയ്ത് രക്തം കുടിച്ച്..ഹോ..ചെറുപ്പത്തിൽ ചങ്കിമേഡത്തിന്റെ കഥകൾ കേൾക്കുമ്പോൾ സ്റ്റെല്ലയ്ക്ക് കോരിത്തരിക്കുമായിരുന്നു. ഇപ്പോൾ അതേ ചങ്കിമേഡത്തിന്റെ സ്ഥാപനത്തിൽ തന്നെ പരിശീലനം നേടാൻ കഴിഞ്ഞതിൽ അവൾ അതീവ സന്തുഷ്ടയായിരുന്നു.

എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ യക്ഷിസുന്ദരിയായിരുന്നു സ്റ്റെല്ല. നല്ല പാല് പോലെ വെളുത്ത നിറം. ചോര തുടിക്കുന്ന കണ്ണുകൾ. ദംഷ്ട്രകളാകട്ടെ, ആനക്കൊമ്പിൽ തീർത്തത് പോലെ. അവൾ ചിരിക്കുമ്പോൾ വല്ലാത്ത ഭീതിയാണെന്ന് വാത്സല്യപൂർവ്വം ചങ്കിമേഡം പറഞ്ഞു. ഇനി വശ്യം കൂടി പഠിച്ചാൽ മതി, അവളെ വെല്ലാൻ വേറൊരു യക്ഷി അടുത്ത കാടുകളിലൊന്നുമില്ല. പ്രായപൂർത്തിയാപ്പോൾ തന്നെ അവൾ അത്യാവശ്യം വശ്യതന്ത്രങ്ങൾ പ്രയോഗിച്ച് തനിക്ക് വേണ്ട രക്തം സമ്പാദിക്കുമായിരുന്നു. ഇതിനകം അടുത്തുള്ള ഗ്രാമങ്ങളിലെ പതിനഞ്ചോളം ആണുങ്ങളുടെ രക്തം രുചിച്ചിട്ടുണ്ട്. അതോടൊപ്പം പരിചയക്കുറവ് കാരണം പല ഒടിയന്മാരുടെ മുന്നിലും ചെന്ന് പെട്ടിട്ടുണ്ട്. അന്നൊക്കെ എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു.
വര: ശ്രീകുമാര്‍ 

‘കുട്ടികളേ…നമ്മൾ ഏറ്റവും സൂക്ഷിക്കേണ്ടത് ഒടിയന്മാരെയാണ്. ചാത്തന്മാർ കുഴപ്പക്കാരല്ല. പക്ഷേ, ഒടിയന്മാർ വേഷം മാറി നമ്മളെ കുടുക്കാനിടയുണ്ട്. കുടുങ്ങിയാൽ പിന്നെ ഊരിപ്പോരാൻ വലിയ പ്രയാസമാണ്.’ ചങ്കിമേഡം ക്ലാസ്സിൽ പറഞ്ഞതാണിത്.

‘മാത്രമല്ല, ഒടിയന്മാരുടെ ചതിയിൽ പെടുന്നവർക്ക് കിട്ടുന്ന ശിക്ഷകൾ കടുത്തതായിരിക്കും. അതുകൊണ്ട് അവരെ എങ്ങിനെ തിരിച്ചറിയാമെന്ന് ആദ്യം പഠിക്കാം’

എല്ലാം കേട്ടിരുന്നെങ്കിലും സ്റ്റെല്ലയുടെ മനസ്സ് വേറെയെവിടെയോ ആയിരുന്നു. അവൾ സ്വപ്നങ്ങൾ കണ്ടു. നിലാവുദിക്കുന്ന രാവുകളിൽ വനാന്തരങ്ങളിലൂടെയും ഗ്രാമവീഥികളിലൂടേയും ഒരു ദു:സ്വപ്നം പോലെ അലഞ്ഞു തിരിയുന്ന സ്വപ്നം. വഴിയാത്രക്കാരെ വശീകരിച്ച് മയക്കി രക്തം കുടിക്കുന്ന സ്വപ്നം. സ്റ്റെല്ല എന്ന് കേൾക്കുമ്പോൾ നാട്ടുകാരുടെ ചങ്കിടിക്കുന്ന ശബ്ദം.

‘സ്റ്റെല്ല..നീ എന്താ സ്വപ്നം കാണുവാണോ? ഇന്ന് രാത്രി നീ പഠിച്ചതെല്ലാം പരീക്ഷിച്ച് നോക്കണം’ ചങ്കിമേഡം പറഞ്ഞു.

‘അയ്യോ…’ അവളുടെ മനസ്സ് പിടഞ്ഞു. ഒന്നും കേട്ടതുമില്ല മനസ്സിലായതുമില്ല. ഇക്കണക്കിന് എങ്ങിനെ രാത്രി ഒറ്റയ്ക്ക് പോകും!.

അന്ന് പാതിരാത്രിയായപ്പോൾ അവൾ മനസ്സില്ലാമൻസ്സോടെ പുറത്തിറങ്ങി. കൊടികുത്തിയ ഒടിയന്മാരും ചാത്തന്മാരും രക്ഷസ്സുകളും വിഹരിക്കുന്ന സ്ഥലമാണ്. മനുഷ്യൻ ഇതുവഴി യാത്ര ചെയ്യുന്നത് അപൂർവ്വവും. അവൾ വസ്ത്രം മാറി നിലാവിലൂടെ നടന്നു. കൂറ്റൻ മരങ്ങൾ പന്തലിച്ചു നിൽക്കുന്ന കാട്ടുവഴിയിലൂടെ നടന്നു. കുറേ നേരം ഒരു ഇലഞ്ഞിമരത്തിൽ കാത്തിരുന്നപ്പോൾ ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു. അവൾ മരത്തിൽ നിന്നും താഴെയിറങ്ങി. അതൊരു ആട്ടിൻ കുട്ടിയായിരുന്നു. എവിടെ നിന്നെങ്കിലും വഴിതെറ്റി വന്നതായിരിക്കും. അവൾക്ക് സങ്കടം തോന്നി. അതിനെ എടുത്ത് ഓമനിക്കാൻ തുടങ്ങി. പക്ഷേ അടുത്തു ചെയ്യതും കഥ മാറി. അതൊരു ഒടിയനായിരുന്നു. ആട്ടിൻ കുട്ടി പെട്ടെന്ന് മനുഷ്യരൂപമെടുത്ത് അവളെ ഒടിവേലയിൽ കുടുക്കി. പ്രതികരിക്കാൻ പറ്റാതെയായ അവളെ ഒരു മരച്ചുവട്ടിലേയ്ക്ക് വലിച്ചിഴച്ച് അയാൾ അവളെ….

അങ്ങേയറ്റം ക്ഷീണിതയായും മുറിവേറ്റും അവൾ ഹോസ്റ്റലിൽ തിരിച്ചെത്തി. അവിടെ അവളെ കാത്തിരുന്ന ശിക്ഷ കഠിനമായിരുന്നു. പാ‍ഠങ്ങൾ പഠിക്കാത്തതിനും ഒടിയനു കുടുങ്ങിയതിനും മുപ്പത്തിമൂന്ന് ദിവസം മുരിക്കുമരത്തിൽ ഒരു തുള്ളി  രക്തം  പോലും കഴിക്കാതെ ഇരിക്കണമെന്നായിരുന്നു ശിക്ഷ.

ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും അവളുടെ തിളക്കവും സൌന്ദര്യവും വറ്റിയിരുന്നു. പാലമരത്തിൽ സുഖമായി കഴിഞ്ഞിരുന്ന താൻ ഇങ്ങനെയായല്ലോയെന്നോർത്ത് അവൾക്ക് സങ്കടം വന്നു. അപ്പനേം അമ്മച്ചിയേം ഓർമ്മ വന്നു. അവർക്ക് അവൾ ഒറ്റമോളായിരുന്നല്ലോ.

‘ഇവളൊക്കെ വലിയ പാലമരക്കാരിയല്ലേ..നമ്മളൊക്കെ കൊന്നമരവും…അങ്ങിനെ തന്നെ വേണം’ അസൂയക്കാരികളായ യക്ഷികൾ പറഞ്ഞു. അവരൊക്കെ എന്നും രണ്ടും മൂന്നും ആളുകളെ കൊല്ലുന്നതാണ്. അവൾ ഒറ്റയ്ക്കിരുന്ന് കരഞ്ഞു. അപ്പോൾ ചങ്കിമേഡം അവളെ ആശ്വസിപ്പിച്ചു.

അതോടെ അവൾക്ക് സംശയങ്ങളായി.

‘യക്ഷികൾ ചാരിത്ര്യം സൂക്ഷിക്കേണ്ടവരാണ്. നല്ല വൃത്തിയിലും വെടിപ്പിലും വേണം ജീവിക്കാൻ’ മേഡം ക്ലാസ്സെടുത്തു.

‘അപ്പോൾ ഈ ബസ്റ്റാന്റിലൊക്കെ കാണുന്ന ചില സ്ത്രീകളെ യക്ഷി എന്നു വിളിക്കാറുണ്ടല്ലോ..അവരും നമ്മളും തമ്മിലുള്ള വിത്യാസം എന്താണ്?‘ അവൾ ചോദിച്ചു.

‘സ്റ്റെല്ല….ധിക്കാരം പറയുന്നോ?’ മേഡത്തിന് ദേഷ്യം വന്നു.

‘അവർ യക്ഷികളല്ല..അവർ നീചജാതികളായ മനുഷ്യസ്ത്രീകളാണ്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കുന്നവർ’

എന്തോ സ്റ്റെല്ലക്കങ്ങിനെ തോന്നിയില്ല. ഒട്ടിയ കവിളും വിശക്കുന്ന വയറുമായി കഠിനമായി ജോലി ചെയ്യുന്ന അവരോട് അവൾക്ക് സ്നേഹമായിരുന്നു. അത് ആലോചിച്ചതിന് അവൾക്ക് വീണ്ടും ശിക്ഷ കിട്ടി. ഒരു കുറ്റിച്ചൂലിന്റെ മുകളിൽ ഇരുപത്തിനാ‍ല് ദിവസം കഴിയണമെന്നായിരുന്നു അത്. ആ ഇരുപത്തിനാല് ദിവസവും അവളുടെ മനസ്സിൽ സംശയങ്ങൾ കരിമ്പനപ്പട്ട പോലെ പിടച്ചുകൊണ്ടിരുന്നു. യക്ഷികളുടെ ജീവിതവും അവർ അനുഭവിക്കുന്ന യാതനകളും ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്തതാണെന്ന് അവൾക്ക് തോന്നി. മാത്രമല്ല എന്ത് ഭീകരമായിട്ടാണ് ജനം അവരെ അവതരിപ്പിക്കുന്നത്. എഴുത്തുകാരും സിനിമാക്കാരും മുത്തശ്ശിക്കഥകളും ചേർന്ന് യക്ഷികളെ വെറുക്കപ്പെട്ട വർഗ്ഗമാക്കിത്തീർത്തിരിക്കുന്നു. എന്നിട്ടും അതൊന്നും അറിയാത്തത് പോലെ, ഒരു പരാതിയും ഇല്ലാത്തത് പോലെ ചങ്കിമേഡത്തിനെപ്പോലുള്ളവർ യക്ഷിജീവിതം ജീവിക്കുന്നു. എന്താണ് ചങ്കിമേഡത്തിന്റെ ജീവിതത്തിലുള്ളത്? കുറേക്കാലം ആളുകളെ പേടിപ്പിച്ചും ചോര കുടിച്ചും കുറേ പേരും പെരുമയും സമ്പാദിച്ചു. എന്നിട്ടോ? ഒന്നുമില്ല.ഇപ്പോഴിതാ ചെറുപ്പക്കാരികളായ യക്ഷികൾക്ക് ക്ലാസ്സെടുത്ത് ജിവിക്കുന്നു. ഒരു കുപ്പി രക്തം വേണമെങ്കിൽ ശിഷ്യകൾ കൊണ്ടു കൊടുക്കണം.

ഇരുപത്തിനാലാമത്തെ ദിവസം കുറ്റിച്ചൂലിൽ നിന്നിറങ്ങി അവൾ. ഇത്തവണ അവൾക്ക് വലിയ ക്ഷീണമൊന്നും തോന്നിയില്ല. ചിന്തകളും ആശയങ്ങളും അവളുടെ പ്രസരിപ്പിന് ആക്കം കൂട്ടിയതേയുള്ളൂ.

‘കുട്ടികളേ’ മേഡം ക്ലാസ്സ് തുടങ്ങി. ‘യക്ഷികളുടെ ജീവിതം സമർപ്പണമാണ്. നമ്മൾ ആരേയും അനാവശ്യമായി ഉപദ്രവിക്കുന്നില്ല. അബലകളും ചപലകളുമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് അവരെ വഴിതെറ്റിക്കാനും പ്രാപിക്കാനും നടക്കുന്ന ദുഷ്ടന്മാരെ ശിക്ഷിക്കുകയാണ് നമ്മുടെ ധർമ്മം. രാത്രികാലങ്ങളിൽ ഇര തേടിയിറങ്ങുന്ന അത്തരക്കാർ നിർഭാഗ്യവശാൽ അനുദിനം വർദ്ധിക്കുകയാണ്. നമ്മുടെ ജോലി കൂടിയെന്ന് സാരം. പോരാത്തതിന് മാന്ത്രികന്മാരും പൂജാരികളും ജിന്നുകളും ഒടിയന്മാരും ചാത്തന്മാരും രക്തരക്ഷസ്സുകളും ചേർന്ന് നമുക്ക് വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ട്. അവർ മൂലം ആരെങ്കിലും മരണപ്പെട്ടാലും അതെല്ലാം നമ്മുടെ തലയിൽ വീഴുന്നു. നമ്മളെക്കുറിച്ച് ആളുകൾക്ക് ഭീതിയുണ്ടാക്കുന്നു…’

‘ഞാൻ അതായിരുന്നു ഇത്രയും കാലം ആലോചിച്ചിരുന്നത് മേഡം’ സ്റ്റെല്ല പറഞ്ഞു. ‘നമ്മുടെ ഈ ജീവിതത്തിന് എന്ത് അർഥമാണുള്ളത്? പഴി കേൾക്കാനല്ലാതെ ആരും നമ്മളെ ഓർക്കുന്നുപോലുമില്ലല്ലോ’.

‘ധർമ്മം..കർമ്മം..അതിനെക്കുറിച്ച് മാത്രം ആലോചിക്ക് മോളേ’ മേഡം ക്ലാസ്സ് അവസാനിപ്പിച്ചു.

അന്ന് രാത്രി സ്റ്റെല്ല കാട്ടിലേയ്ക്കിറങ്ങി. കഴിഞ്ഞ തവണത്തെപ്പോലെ അബദ്ധം പറ്റരുതെന്ന് വിചാരിച്ച് അവൾ ഉയരം കൂടിയ ഒരു മരത്തിൽ കയറിയിരുന്നു. നേരം കുറേ കഴിഞ്ഞപ്പോൾ ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു. അതൊരു കത്തനാരായിരുന്നു. അവൾ ഭയന്ന് ഇലകൾക്കിടയിൽ ഒളിച്ചു. പക്ഷേ മഹാമാന്ത്രികനായ കത്തനാർ അവളെ കണ്ടു. മന്ത്രം ചൊല്ലി മയക്കും മുന്നേ അവൾ ചില്ലകൾക്കിടയിലൂടെ ചാടി രക്ഷപ്പെട്ടു. അടുത്ത തവണ ഒരു എമ്പ്രാന്തിരിയും പിന്നീട് ഒരു ഹാജിയാരും അവളെ കുടുക്കാൻ നോക്കി. അപ്പൊഴൊക്കെ അവൾ രക്ഷപ്പെട്ടു. മേഡം പറഞ്ഞത് പോലെ ദുഷ്ടന്മാരെ മാത്രം കണ്ടില്ല. ഇടയ്ക്കിടെ ഒടിയന്മാരും ചാത്തന്മാരും അവളെ കുരുക്കി അവരുടെ ഇംഗിതത്തിന് നിർബന്ധിക്കുകയും അവൾക്ക് എല്ലാത്തിനും വഴങ്ങേണ്ടി വരുകയും ചെയ്തു. അതിനെല്ലാം കനത്ത ശിക്ഷകളും അനുഭവിച്ചു.

ഒരു യക്ഷിയെന്ന നിലയ്ക്ക് താനൊരു പരാജയമാണെന്ന് തോന്നൽ അവൾക്കുണ്ടായി. തന്റെ സൌന്ദര്യവും ബുദ്ധിയുമൊന്നും പ്രയോജനം ചെയ്യുന്നില്ല. ഹോസ്റ്റലിലും ഇതു പറഞ്ഞ് എല്ലാവരും അവളെ കളിയാക്കാൻ തുടങ്ങി. സഹികെട്ടപ്പോൾ ഒരു രാത്രി അവൾ ഹോസ്റ്റൽ ഉപേക്ഷിച്ചു.

അവൾ കാട്ടിലേയ്ക്ക് പോകാതെ ഗ്രാമവീഥികളിലൂടെ ഒരു ഭ്രാന്തിയെപ്പോലെ അലഞ്ഞു നടന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും കിട്ടുന്ന ദുഷ്ടന്മാരുടെ ചോര കുടിച്ചു. ചിലപ്പോൾ കുടുങ്ങി. അങ്ങിനെ കുറേ നാളുകൾ അവൾ യാതൊരു ലക്ഷ്യവുമില്ലാതെ അലഞ്ഞു. തിരിച്ച് പാലമരത്തിലേയ്ക്ക് പോകാൻ മനസ്സ് വന്നില്ല. പഠിക്കാനയച്ച മകൾ ഇങ്ങനെ തോറ്റ് തുന്നം പാടി വരുന്നത് അവളുടെ അമ്മയ്ക്ക് സഹിക്കില്ല.

അങ്ങിനെയൊരു രാത്രി, ഒരു ആൽ മരത്തിന്റെ ചുവട്ടിൽ അവളിരിക്കുകയായിരുന്നു. അപ്പോൾ പിന്നിൽ ആരോ വന്ന് നിന്നതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ഒരു സുന്ദരനായ യുവാവായിരുന്നു. അവൾക്ക് ദാഹം തോന്നി. ദംഷ്ട്രകൾ തരിച്ചു. ആവേശത്തോടെ അയാളുടെ ചോര കുടിക്കാൻ അവൾ നഖങ്ങൾ നീട്ടി അടുത്തേയ്ക്ക് ചെന്നപ്പോൾ ആ യുവാവ് ഒരു കള്ളച്ചിരിയോടെ അവളെ വട്ടം പിടിച്ചു. അയാളുടെ കരുത്തുറ്റ കൈകളിൽ നിന്ന് രക്ഷപ്പെടാൻ അവൾക്കായില്ല.

‘എന്റെ സുന്ദരീ..നീയിങ്ങനെ ബഹളം വയ്ക്കണ്ട. ചുറ്റും ആളുകളുണ്ട്.’ അയാൾ പറഞ്ഞു.

‘ആരാണ് നിങ്ങൾ?’. അവൾ ചോദിച്ചു. അയാൾ അവളെ സ്വതന്ത്രയാക്കി. എന്നിട്ട് പറഞ്ഞു:

ഞാൻ ഈ ആൽ മരത്തിലെ ഒരു ബ്രഹ്മരക്ഷസ്സാണ്. കുറേ രാത്രികളായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു. ഇത്ര സുന്ദരിയായ നീ എന്തിനിങ്ങനെ അലയുന്നെന്ന് എനിക്ക് കൌതുകം തോന്നി. പിന്നെപ്പിന്നെ നിന്നോട് ഇഷ്ടവും തോന്നി.’

അവൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അയാളുടെ സ്നേഹം നിറഞ്ഞ വാക്കുകൾ അവളെ ലജ്ജിപ്പിച്ചു. എന്തിനേറെ, കുറച്ചു നേരത്തിനകം അവർ പ്രണയബദ്ധരായി. അവർ ആൽ മരത്തിലും, പുളിമരത്തിലും, വാകമരത്തിലും, വാഴച്ചോട്ടിലുമൊക്കെ കൈകോർത്ത് നടന്നു. ഓരോ നിമിഷവും പ്രേമത്തോടെ ഉമ്മകൾ കൈമാറി. അവൾ തന്നെ അയാൾക്ക് സമർപ്പിച്ചു. ഇതായിരുന്നു താൻ സ്വപ്നം കണ്ടിരുന്ന ജിവിതമെന്ന് അവൾ മനസ്സിലാക്കി. അയാളാകട്ടെ അവളോടുള്ള സ്നേഹം പറഞ്ഞു തീരാതെ അവളെ കൈക്കുമ്പിളിൽ കൊണ്ടുനടന്നു.

എന്നിട്ടവർ വളരെക്കാലം സ്നേഹത്തോടെ ജീവിച്ചു എന്ന് പറഞ്ഞ് നിർത്താമായിരുന്ന കഥയായിരുന്നു ഇത്. പക്ഷേ, യക്ഷിയായാലും ബ്രഹ്മരക്ഷസ്സായാലും വിധിയുടെ വിളയാട്ടങ്ങളെ തടുക്കാനാവില്ലല്ലോ. സംഭവിച്ചത് ഇങ്ങനെയാണ്:

ഒരു രാത്രി അവർ പ്രേമസല്ലാപങ്ങൾക്ക് വിട കൊടുത്ത് ഒരു പ്ലാവിന്റെ കൊമ്പിൽ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പൌർണ്ണമിയായതിനാൽ നല്ല വെളിച്ചമുണ്ടായിരുന്നു. ആ പ്ലാവിൽ നിറയെ വവ്വാലുകൾ തലകീഴായി കിടന്നിരുന്നു. പെട്ടെന്ന് രണ്ടുമൂന്ന് വവ്വാലുകൾ ഉണർന്ന് അവരെ വളഞ്ഞു. വാസ്തവത്തിൽ അവർ വേഷം മാറിക്കിടക്കുകയായിരുന്ന ഗുളികന്മാരായിരുന്നു.

‘കുറേ നാളായി കാണുന്നു, രണ്ടിന്റേം അഴിഞ്ഞാട്ടം.’ അവർ അലറി. അതിലൊരാൾ അവളെ വലിച്ചിഴത്ത് ദൂരെയൊരു കൊമ്പിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തി. മറ്റു രണ്ടുപേർ അവളുടെ കാമുകനെ മർദ്ദിച്ചവശനാക്കി.

അപ്പോഴേയ്ക്കും കൂടുതൽ ഗുളികന്മാർ ഓടിയെത്തി. അവരെല്ലാം ചേർന്ന് അവളെ ഒരു ആഞ്ഞിലിയിലും അയാളെ ആൽ മരത്തിലും ബന്ധിച്ചു. ഇനി ജീവിതത്തിലൊരിക്കലും ആ കുരുക്കിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അവർ മന്ത്രിച്ച ചരടിലായിരുന്നു അവരെ തളച്ചത്.

അങ്ങിനെ 22കാരിയായ ആ പാലമരത്തിലെ പെൺ കുട്ടിയുടെ കഥ ചരിത്രമായി.

ശുഭം.

സച്ചിൻ ടെണ്ടുൽക്കറും പതിനാറ്` പന്തുകളും


ഒരു വിഷയത്തെക്കുറിച്ച് ഒരാൾക്ക് 32316 വിധത്തിൽ ചിന്തിക്കാമെന്നാണ് ജെയിംസ് അലൻ പീറ്റേഴ്സൻ തന്റെ ‘ The infinity of thought process’ എന്ന മന:ശ്ശാസ്ത്രസംബന്ധിയായ പുസ്തകത്തിൽ പറയുന്നത്.

എനിക്ക് പതിനാറ്` തവണയേ ചിന്തിക്കേണ്ടി വന്നുള്ളൂ. ചില വിഷയങ്ങൾ അങ്ങിനെയാണ്, ഒറ്റ പ്രാവശ്യം കൊണ്ട് തന്നെ ഉത്തരം കിട്ടും. മറ്റു ചിലത് 32316 അല്ല കാക്കത്തൊള്ളായിരം പ്രാവശ്യം ചിന്തിച്ചാലും അടുത്ത കവല വരെ പോലും എത്തില്ല.

എനിക്കറിയാം, ഈ ഞായറാഴ്ച വൈകുന്നേരം ആറ് മണിയ്ക്ക് (എന്ത് യാദൃശ്ചികം അല്ലേ, ഞായറാഴ്ചകൾ എപ്പോഴും ക്രൂരമാണ്) ഈ ലോകത്ത് പലതും നടക്കുന്നുണ്ട്.  എത്ര രാജ്യങ്ങൾ, എത്ര ജനുസ്സുകൾ, എത്ര ജാതികൾ മതങ്ങൾ ഗോത്രങ്ങൾ ഭാഷകൾ മനുഷ്യർ മൃഗങ്ങൾഅങ്ങിനെയങ്ങിനെ

  1. ഇപ്പോൾ മോസ്കോയിൽ മഞ്ഞു പെയ്യുന്നുണ്ടാകും.
  2. പാരീസിൽ ബാലെ കാണാൻ പോകുന്ന കമിതാക്കൾ പെട്ടെന്ന് വഴിയരികിൽ കാർ നിർത്തി ഉമ്മ വയ്ക്കുന്നുണ്ടാകും.
  3. അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതാക്കൾ അടുത്ത ചാവേറാക്രമണത്തിന്റെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടാകും.
  4. ദൽഹിയിൽ പുതിതായി അധികാരമേറ്റ മന്ത്രിപുംഗവൻ ഒന്നാന്തരം അഴിമതി ഒത്തുവന്നത് ആഘോഷിക്കുകയായിരിക്കും.
  5. കൊളംബോയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ടാകും.
  6. ലാസ് വെഗാസിലെ വേശ്യാലയങ്ങളിൽ നിന്നും ആണുങ്ങളും പെണ്ണുങ്ങളും സ്വവർഗരതിക്കാരും ചന്തിയിലെ പൊടിതട്ടി എഴുന്നേറ്റ് പോകുന്നുണ്ടാകും.
  7. ടോക്യോയിൽ നാളത്തെ ഓഫീസ് കാര്യങ്ങൾ ഓർത്ത് നെഞ്ചുവേദന വന്ന ഭർത്താവിന് ഭാര്യ വേദനസംഹാരി കൊടുക്കുന്നുണ്ടാകും.
  8. സിഡ്നിയിൽ സുനാമി അറിയിപ്പിനെത്തുടർന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നുണ്ടാകും.
  9. കറാച്ചിയിൽ പോലീസുകാർ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ കണക്കിനെക്കുറിച്ച് തർക്കിക്കുകയാകും.
  10. ലണ്ടനിൽ എയർപോർട്ടിലെ ടോയ്ലറ്റിൽ നിറഞ്ഞു കിടക്കുന്ന നാപ്കിൻ എടുത്തു മാറ്റാത്തതിനെക്കുറിച്ച് യാത്രക്കാരൻ പരാതിപ്പെടുന്നുണ്ടാകും.

അങ്ങിനെയങ്ങിനെ..ആലോചിക്കുകയാണെങ്കിൽ, പറയാമല്ലോ അടുത്ത പത്ത് ജന്മങ്ങൾ വരെ ആലോചിക്കാനുള്ള കാര്യങ്ങൾ ലോകത്ത് നടക്കുന്നുണ്ട്. ഇല്ലെന്ന് നിങ്ങൾക്ക് തർക്കിക്കാം. ഈ ലോകത്ത് ഒന്നുമില്ലെന്ന് തർക്കിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.

അങ്ങിനെയാണ് നിങ്ങളുടെ വിചാരമെങ്കിൽ ആലോചിക്കാൻ വിഷയങ്ങൾ അടിയൻ തരാം:

  1. സൽമാൻ ഖാന്റെ അടുത്ത സിനിമാ എന്ന് റിലീസ് ആകും?
  2. ശിൽ‌പ്പാ ഷെട്ടിയ്ക്ക് എത്ര വയസ്സായി? അവർ ഇപ്പോൾ എവിടെ എന്തു ചെയ്യുന്നു?
  3. ഇന്ദുലേഖ പുരട്ടിയാൽ ശരിക്കും മുടി വളരുമോ?
  4. ഇന്ത്യൻ റെയിൽ വേയുടെ സ്ലീപ്പർ ക്ലാസ്സ് യാത്ര എങ്ങിനെ ആനന്ദകരമാക്കാം?
  5. പാലക്കാട്ടു നിന്ന് തൃശ്ശൂർക്ക് അല്ലെങ്കിൽ പൊന്നാനിയ്ക്ക് എത്ര ബസ്സുകൾ ഉണ്ട്?
  6. ഫ്രീ സെക്സിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
  7. അദ്ധ്യാപകൻ വിദ്യാർഥിനിയെ (തിരിച്ചും) പ്രണയിക്കുന്നത് തെറ്റാണോ?
  8. കേരളത്തിലെ അമിത കൂലി വാങ്ങുന്ന ഓട്ടോറിക്ഷക്കാരെ ശിക്ഷിക്കാനുള്ള വഴികളേത്?
  9. നാളെ മഴ പെയ്യുമോ ഇല്ലയോ?
  10. കാമുകി/കാമുകൻ വഞ്ചിക്കുമോ ഇല്ലയോ?

ഇതാ പത്ത് വിഷയങ്ങൾ തന്നിരിക്കുന്നു. ഇതിനിടയിൽ ഒരു കാര്യം പറയാൻ മറന്നു. ജെയിംസ് അലൻ പീറ്റേഴ്സന്റെ ‘ The infinity of thought process’ എന്ന പുസ്തകം അന്വേഷിച്ച് പോകാൻ തുടങ്ങുന്നവർ വായന ഉടനെ നിർത്തി വേറെ വല്ല പണിയ്ക്കും പോകുക. അങ്ങിനെയൊരു ആളുമില്ല പുസ്തകവുമില്ല. എല്ലാം കാലപ്രവാഹത്തിൽ സൃഷ്ടിക്കപ്പെടുന്ന തെറ്റിദ്ധാരണകൾ മാത്രം.

പതിനൊന്നാമത്തെ ചോദ്യം കൂടി തരാം: കാഫ്ക എന്നൊരാൾ ജീവിച്ചിരുന്നോ ഇല്ലയോ?

എന്താ കഥ ല്ലേ?

ഒരു ഞായറാഴ്ചയ്ക്ക് ഒരാളെ ഇത്രയൊക്കെ അസംബന്ധനാക്കാൻ പറ്റുമോ?

ഇന്നലെ വൈകുന്നേരം ഉസ്താദ് പറഞ്ഞതുപോലെ, ഒരു തീപ്പെട്ടി കൊണ്ട് ബീഡിയും കത്തിക്കാം ശവവും കത്തിക്കാം.

പരാജയപ്പെട്ടവരുടെ ഓർമ്മദിവസമാണ് ഞായറാഴ്ചകൾ എന്ന് തോന്നുന്നുണ്ടോ. തെറ്റില്ല..ഒട്ടുമില്ല..

ഒരു തീപ്പെട്ടിക്കൊള്ളി കൊണ്ട് ചുട്ടു തീർക്കാനല്ലേയുള്ളൂ.

ടി വിയിൽ പീഢനഞായറാഴ്ച നോക്കി ക്രിക്കറ്റ് മത്സരം ഉണ്ട്. ഇന്ത്യ കളിക്കുന്നു. ഇന്ത്യയുടെ പ്രാണൻ സച്ചിൻ കളിക്കുന്നു. തൊണ്ണൂറ്റിയൊമ്പത് സെഞ്ച്വറികൾ കഴിഞ്ഞ് കന്യാചർമ്മം പൊട്ടാൻ കാത്തിരിക്കുന്ന പെൺകൊടിയെപ്പോലെ നൂറാമത്തെ സെഞ്ച്വറിയ്കായി കാത്തിരിക്കുകയാണ് ആരാധകർ, ഞാനുൾപ്പടെ.
എന്റെ ലിംഗവും യോനിയും കഴയ്ക്കുന്നു. എന്റെ മുലകൾ കൂർത്ത് കൂർത്ത് വരുന്നു. വായുവിൽ ആലിംഗനങ്ങളും ചുംബനങ്ങളും ഒഴുകിനടക്കുന്നു, എന്നെ..എന്നെ..എന്നെ എന്ന് മനസ്സ് കുതറുന്നു..ഹാ ആ നിമിഷത്തിനായി..

ഹ ..ഹാ..യൂ ബ്ലഡീ

ധൃഷ്ടദ്യു മ്നനൻ ചിരിച്ചു. നിനക്ക് വേറൊന്നും പറയാനില്ലേസച്ചിനും സെഞ്ച്വറിയും

ഒരു ദേശദ്രോഹിയെ നോക്കുന്ന നോട്ടം എന്റെ കണ്ണുകളിൽ..

(മ്മ്ഇനി ഞാൻ സച്ചിന്റെ നൂറാം സെഞ്ച്വറി കാണാൻ കാത്തിരിക്കുകയാണെന്ന് ആരും വിചാരിക്കേണ്ട..എനിക്കത് പുല്ലാണ്, വലിച്ചെറിഞ്ഞ ബസ് ടിക്കറ്റാണ്..സച്ചിനാണത്രേ സച്ചിൻ..ഇത് വെറും സിംബോളിക് കളി)

പതിനാറ് പന്തുകൾ ബാക്കി, ഇരുപത് രൺസ് വേണം..പിന്നെയെല്ലാം വജ്രലിപിയിലെഴുതിയ ചരിത്രം.

എനിക്കോ..ചിന്തകൾ  തെക്കോട്ടാണ്. കാരണം തെക്കു ഭാഗത്താണ് ഓഫീസ്. ഉദ്വേഗം നിറഞ്ഞിരിക്കുന്ന ഓഫീസ്. മാത്രമല്ല, എന്റെ ശമ്പളം എന്റെ ജീവിതം എല്ലാം എല്ലാം തെക്കുഭാഗത്ത്.

രണ്ടു മാസത്തെ അവധി കഴിഞ്ഞ് ഓഫീസിൽ തിരിച്ചെത്തിയപ്പോൾ എന്നെ കാത്ത് മാനേജറുടെ ഉത്തരവ് ഉണ്ടായിരുന്നു.

അതിനും മുന്നേ എന്നെ പ്രേമിക്കുന്നവളുടെ ഫോണിലെ ബാലൻസ് തീരും വരെയുള്ള എസ് എം എസുകളും. ആർക്കാണ് ആദ്യം മറുപടി പറയുക.

‘യേസ്..കെ..’ മാനേജർ ഒരു മുഖവുരയുടെ ആവശ്യമില്ലാതെ സംഭാഷണത്തിലേയ്ക്ക് കടന്നു.

‘ എന്തായിരുന്നു പ്രശ്നം..ഒരാഴ്ചത്തെ അവധി രണ്ടു മാസം നീളാനുള്ള കാരണം?’

‘സുഖമില്ലാതിരുന്നതുകൊണ്ടാണല്ലോ അവധിയെടുത്തത്’

‘ആഫ്റ്റർ ദാറ്റ്?’

‘പിന്നേ..അസുഖം അറിഞ്ഞപ്പോൾ എല്ലാം തകിടം മറിഞ്ഞു..ഞാൻ എല്ലാ വിവരങ്ങളും അപ്പപ്പോൾ തന്നെ ഓഫീസിൽ അറിയിച്ചിരുന്നു’

‘ഹാ..അതൊരു എക്സ്ക്യൂസ് അല്ലല്ലോ..വി നീഡ് എവെരിതിങ് ഇൻ എ പ്രോപർ ചാന്നൽനിങ്ങൾ എന്തെങ്കിലും തെളിവുകൾ ഇവിടെ കൊണ്ടുവന്നോ? എനി ഡോക്യുമെന്റസ്? മെഡിക്കൽ സർട്ടി..?’

‘ഇല്ല..എന്റെ തെറ്റ്..അല്ല എന്റെ ഹൃദയത്തിന്റെ തെറ്റ്

‘വാട്ട് ഡൂ യൂ മീൻ?’

‘എനിക്ക് ഹൃദ്രോഗമാണെന്നറിഞ്ഞപ്പോൾ..ആ ഷോക്കിൽ

‘ഓ..കമോൺഹൃദ്രോഗം ഒരു രോഗമാണോ മിസ്റ്റർ..ഈ ഞാൻ തന്നെ രണ്ട് അറ്റാക്ക് കഴിഞ്ഞവനാണ്എന്നിട്ടെന്തായി?...”

‘സമ്മതം..ജീവിതത്തിൽ ആദ്യമായതുകൊണ്ട് കുറച്ച് പരിഭ്രമിച്ചു പോയി’

‘അല്ല..നിങ്ങൾ ആഘോഷിച്ചു..കമ്പനിയുടെ വിലപ്പെട്ട സമയം ഉപയോഗിച്ച്’

പതിനാറ് പന്തുകൾക്കും സച്ചിന്റെ സെഞ്ച്വറിയ്ക്കുമിടയിൽ പരസ്യങ്ങൾ രാകിപ്പറക്കുന്നു. എന്റെ ഹൃദയമിടിപ്പ് രണ്ട് വിക്കറ്റുകൾക്കിടയിലൂടെ പായുന്നം ബാറ്റ്സ്മാന്റെ മർദ്ദനത്തിൽ ഉയർന്നു പറക്കുന്ന, ഫീൽഡറുടെ കൈകളിൽ നിന്നും വഴുതിപ്പോകുന്ന..

പതിനാറ് പന്തുകൾ..പന്തുകൾ..

മാൻ..നീ ആ തല്ലിപ്പൊളി ജോലി കളയ്..ധൃഷ്ടദ്യു മ്നനൻ..

പതിനാറ് തെറികൾ പന്തുകൾ പോലെ അവന്റെ ബാറ്റിലേയ്ക്..

32316 ഒരു സംഖ്യയേയല്ലെന്ന് തോന്നി.

ഇനിയും ചിന്തിക്കാം..എന്റെ ഹൃദയം അതിനേക്കാൾ പതിന്മടങ്ങ് മിടിച്ചു കഴിഞ്ഞിരിക്കുന്നു.

ആരവംവിയർക്കുന്ന സച്ചിൻആകാംക്ഷ നിറഞ്ഞ ഗാലറി

കമന്റേറ്റർമാർരണ്ടാമത്തെ പന്തിൽ ഔട്ടായ ബാറ്റ്സ്മാന്റെ വിശേഷങ്ങൾ മധ്യേഏതാണാ നഗരം? സന്ധ്യയിൽ ചാലിച്ചു ചുവപ്പിച്ച ആകാശമുള്ള നഗരം..പുകയും പാൻ പരാഗിന്റെ കറയും ഉള്ള നഗരമേ ഞാൻ കണ്ടിട്ടുള്ളൂ..

ധൃഷ്ടൻ സിഗരറ്റ് വാങ്ങിക്കാൻ പുറത്തേയ്ക്ക് പോയി..ആകാംക്ഷ അടക്കാൻ പറ്റിയിട്ടുണ്ടാവില്ല.

പൊടുന്നനെ ..

ബാറ്റ് ആകാശത്തേക്കുയർത്തി ദൈവത്തിനോട് നന്ദി പറയുന്ന സച്ചിൻ

ഗ്രേറ്റ്..ബ്രേവോപതിനാറു പന്തുകൾ വേണ്ടി വന്നില്ലധൃഷ്ടൻ പറഞ്ഞു.

ദൈവമേഒരു ഹൃദയം മാത്രം മനുഷ്യനു തന്നെ നിന്നെ ഏത് ഞായറാഴ്ച വിസ്തരിക്കാൻ കഴിയും?

എന്റെ ഹൃദയം മിടിച്ചെന്നും ഇല്ലെന്നും പറഞ്ഞു..വെറുതേ..പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിച്ചിരിക്കുന്നതിന്റെ സന്തോഷത്തിന്.

മൂന്ന് തെലുങ്കന്മാര്‍ പഴനിയ്ക്ക് പോയ കഥ


ഒരു ദിവസം ഗുണ്ടുര്‍ സ്വദേശികളായ മൂന്ന് തെലുങ്കന്മാര്‍ പഴനിയ്ക്ക് പോകാന്‍ തീരുമാനിച്ചു. പഴനി മുരുകനെ കാണാനും  തൈപ്പൂയ്യം  കൂടാനും  വേണ്ടിയായിരുന്നു അത്. തീരുമാനമായയുടനെ മൂന്ന് അലുക്കു വച്ച കാവടികളും ഭണ്ഡാരത്തിലിടാനുള്ള നേര്‍ ച്ചകളും വഴിയ്ക്ക് കഴിക്കാനുള്ള ആഹാരപ്പൊതികളും തയ്യാറായി. ഇനി മൂന്നു പേരും പുറപ്പെടുകയേ വേണ്ടു. അവര്‍ ഉടനെ തന്നെ യാത്ര പുറപ്പെട്ടു. കാവടിയുമേന്തി നാട്ടുകാരും  വീട്ടുകാരും  അവരെ അനുഗമിച്ചു. പശുക്കളും  പൂച്ചകളും  പട്ടികളും  കാക്കകളുമെന്നു വേണ്ട ആ നാട് മുഴുവന്‍ അവരെ അനുഗമിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു.

' ഇനി എല്ലാരും  തിരിച്ചു പൊയ്ക്കോ'

ഹര ഹരോ ഹര ഹരാ...

നാട്ടുകാരും  വീട്ടുകാരും  പക്ഷിമൃഗാദികളും  തിരിച്ചു പോയി. ഗുണ്ടുര്‍ മാത്രം  ബാക്കിയായി. അവര്‍ കൗണ്ടറിലേയ്ക്ക് നടന്നു. കാവടികള്‍ താഴെ വച്ച് ടിക്കറ്റ് പറഞ്ഞു.

'മൂന്ന് പഴനി'

'പഴനിയ്ക്ക് ഇവിടെ നിന്ന് വണ്ടിയില്ല...കേരളത്തില്‍ പോയി അവിടന്ന് വേറെ വണ്ടിയില്‍ പോകണം ' ടിക്കറ്റ് കൗണ്ടറില്‍ ഇരുന്നയാള്‍ പറഞ്ഞു. അയാള്‍ പറഞ്ഞതനുസരിച്ച് അവര്‍ കേരളത്തിലെ പാലക്കാട് എന്ന സ്ഥലത്തേയ്ക്ക് ടിക്കറ്റ് വാങ്ങിച്ചു. കാവടികളുമെടുത്ത് പ്ലാറ്റ് ഫോമിലേയ്ക്ക് നടക്കുമ്പോള്‍ ആരോ ഹര ഹര വിളിച്ചു. അവിടെയുണ്ടായിരുന്നവരെല്ലാം  അതേറ്റു പറഞ്ഞു.

അവിടെ നിന്നും  നെല്ലൂര്‍ ക്ക് പുറപ്പെടുകയായിരുന്നു തീവണ്ടിയും  പറഞ്ഞു, ഹര ഹരോ ഹര ഹര...

സഞ്ചികളും  കാവടികളും  ബഞ്ചില്‍ വച്ച് അവര്‍ വണ്ടി കാത്തിരുന്നു. വരുന്നവരും  പോകുന്നവരുമെല്ലാം  അവരോട് ചോദിച്ചു ' എങ്ങോട്ടാണ്`?'

'പഴനിയ്ക്ക്'

'ഹര ഹരോ ഹര ഹര'

'ഹര ഹരോ ഹര ഹര'

അങ്ങനെ കുറേ നേരം  കഴിഞ്ഞപ്പോള്‍ അവര്‍ ക്ക് പോകാനുള്ള തീവണ്ടി എത്തി. ഒത്ത നീളമുള്ള ഉശിരന്‍ വണ്ടിയായിരുന്നു അത്.

'ബാഗുന്തി'

അവര്‍ പരസ്പരം  നോക്കി തലയാട്ടിക്കൊണ്ട് പറഞ്ഞു. അവരുടെ ഇരിപ്പിടങ്ങള്‍ തയ്യാറായിരുന്നു. അവര്‍ കയറിയതും  തീവണ്ടി ചൂളം  വിളിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. സ്റ്റേഷന്‍ പിന്നോട്ടും. അതോടെ അവര്‍ ക്ക് വല്ലാത്ത ഒറ്റപ്പെടല്‍ തോന്നി. അവര്‍ ക്ക് മിണ്ടാനോ പറയാനോ അവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.

'ഇത് ശരിയല്ല' ഒന്നാമത്തെ തെലുങ്കന്‍ പറഞ്ഞു.

'അതെ, നമ്മള്‍ മുരുകനെ കാണാന്‍ പോകുകയാണല്ലോ. ശരണം  വിളിക്കണം  .' രണ്ടാമത്തെ തെലുങ്കന്‍ പറഞ്ഞു.

'സ്വാമിയേ..യ്...ശരണമയ്യപ്പാ'. മൂന്നാമത്തെ തെലുങ്കന്‍ ശരണം  വിളിച്ചു. അടുത്ത നിമിഷം  അബദ്ധം  മനസ്സിലാക്കി നാക്ക് കടിച്ചു.

അങ്ങിനെയാണല്ലോ. കഴിഞ്ഞ വര്‍ ഷം  ശബരിമലയ്ക്ക് പോയപ്പോള്‍ പഠിച്ചതായിരുന്നു ആ ശരണം  വിളി. പക്ഷേ, പഴനിയ്ക്ക് പോകുമ്പോള്‍ എങ്ങിനെയാണെന്ന് അവര്‍ ക്കാര്‍ ക്കും  അറിയില്ലായിരുന്നു. ആരോടെങ്കിലും  ചോദിക്കാമെന്നു വച്ചാല്‍ അവിടെ അവരല്ലാതെ ആരെങ്കിലും  ഉണ്ടായിട്ട് വേണ്ടേ.

'ഹര ഹരോ..' രണ്ടാമത്തെ തെലുങ്കന്‍ തുടങ്ങി.

'ഏയ്..അതു പോരാ...കുറച്ചു കൂടി ഉണ്ടാകണം.' ഒന്നാമന്‍ പറഞ്ഞു. അതെന്താണെന്ന് അറിയാത്തതു കാരണം  അവര്‍ വീണ്ടും  മൗനത്തിലേയ്ക്ക് തിരിച്ച് പോയി. പുറത്ത് വേനലായിരുന്നു. മുളകുപാടങ്ങളില്‍ വിരിച്ചിട്ട ചുവന്നമുളകില്‍ തട്ടിയ വെയില്‍ നോക്കി നോക്കി അവര്‍ ക്ക് കണ്ണും  നാവും  എരിഞ്ഞു. കണ്ണെത്താദൂരത്തില്‍ പരന്നു കിടക്കുന്ന തരിശുഭൂമികള്‍ കണ്ട് അമ്പരന്നു. ഇരു വശത്തും  കള്ളിച്ചെടികള്‍ കൊണ്ട് മൂടിയ റെയില്‍ പാളങ്ങളുടെ ആരവത്തില്‍ കാത് പുളിച്ചു. വളവുകള്‍ തിരിയുമ്പോള്‍ ദൂരെ അവരേയും  വലിച്ചു കൊണ്ടോടുന്ന എഞ്ചിന്‍ കണ്ട് ആഹ്ലാദിച്ചു.

'ബാഗുന്തി' അവര്‍ പരസ്പരം  പറഞ്ഞു.

തിരുപ്പതിയെത്തിയപ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്ന് തൊഴുതു. പിന്നീട് ആന്ധ്രയും  കടന്ന് തമിഴ് നാട്ടില്‍ ചക്രം  കുത്തിയപ്പോള്‍ അവരൊന്ന് കുലുങ്ങി. ഇഡ്ഡലിയുടേയും  സാമ്പാറിന്റേയും  മണം  അവര്‍ ക്ക് അപരിചിതമായി തോന്നിയില്ല. തമിഴത്തികള്‍ ജമന്തിപ്പൂ ചൂടി മുഖത്ത് മഞ്ഞള്‍ പൂശിയിരിക്കുന്നത് കണ്ട് ചിരിച്ചു. അപ്പോഴേയ്ക്കും  രാത്രിയായിരുന്നു. അവര്‍ വീട്ടുകാര്‍ പൊതിഞ്ഞു കൊടുത്തുവിട്ട പൊതികള്‍ തുറന്നു. പെരുഗന്നവും(തൈര്‍ സാദം)  ആവയ്ക്കാ  അച്ചാറും ഒരാള്‍ ക്ക്. കപ്പലണ്ടി വറുത്തിട്ട പുളിയോധര ഒരാള്‍ ക്ക്. മൂന്നാമന്` അവില്‍ നനച്ചതും തിരുപ്പതി ലഡ്ഡുവും. അവരത് പങ്കിട്ട് കഴിച്ചു. രാവിലെ കഴിക്കാനുള്ള ഇഡ്ഡലിയും  ചമ്മന്തിയും  വേറെ പൊതികളില്‍ ഉണ്ടായിരുന്നു.

അത്താഴം  കഴിച്ച് വെറ്റില മുറുക്കി അവര്‍ ഉറങ്ങാന്‍ കിടന്നു.

രാവിലെ പാലക്കാട് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ ഉണര്‍ ന്നു. ധൃതിയില്‍ സഞ്ചികളും  കാവടികളുമെടുത്ത് തീവണ്ടിയില്‍ നിന്നും  ചാടിയിറങ്ങി. അല്പം  കൂടി ഉറങ്ങിപ്പോയിരുന്നെങ്കില്‍ അവര്‍ വേറെ വല്ലയിടത്തും  എത്തുമായിരുന്നു. ആശ്വാസത്തോടെ പഴനിയാണ്ടവന്` നന്ദി പറഞ്ഞ് അവര്‍ ടിക്കറ്റ് കൗണ്ടറിലേയ്ക്ക് നടന്നു.

' പഴനിയ്ക്ക് പുഗ്ഗാനിപ്പോ വണ്ടിയുണ്ടോന്നും? ' ഒന്നാമന്‍ ചോദിച്ചു.

'ദാ..പ്പൊന്ന് പോയ്ദല്ലേള്ളൂ...ഒന്ന് ചെട്ക്കനെ വന്നാ അതില്` പുഗ്ഗാരുന്നൂ.' കൗണ്ടറില്‍ ഇരുന്നയാള്‍ പറഞ്ഞു.

'അദ്ദാ...അടുത്ത് എപ്പളാണുന്നും  വണ്ടി ?'

'നിപ്പോ ഒടനെയൊന്നുല്ലാ... നിങ്ങള്` ഒന്ന് ചെയ്യീ... നേരെ ടൗണിലേയ്ക്ക് പൊയ്ക്കോളീം ... അവടന്ന്  പഴനിക്കീ ബസ്സ് ഷ്ടം  പോലേണ്ട്.'

''.

അവര്‍ പാലക്കാട് പട്ടണം  ലക്ഷ്യമാക്കി നടന്നു. ഒലവക്കോടും  ഓട്ടുകമ്പനിയും  പുതിയപാലവും  താരേക്കാടും  സുല്‍ ത്താന്‍ പേട്ടയും  കടന്ന് അവര്‍ കോട്ടമൈതാനത്തെത്തി.

'ബാഗുന്തി' രണ്ടാമന്‍ പറഞ്ഞു. മൂന്നാമന്‍ തലയാട്ടി.

ഒന്നാമന്‍ വഴിയരികിലെ ഒരു പെട്ടിക്കടയിലേയ്ക്ക് ചെന്നു.

'പഴനിക്കി പോണ ബസ്സ് എവിടിയാവ്വേ?'

'അവടെ വരും. അദ് ല്` കേറീര്ന്നാ മതി' കടക്കാരന്‍ പറഞ്ഞു.

ഒന്നാമന്‍ തിരിച്ച് കൂട്ടുകാരുടെ അടുത്ത് ചെന്നു. കുറേ നേരം  കാത്തു നിന്നിട്ടും  പഴനിയ്ക്കുള്ള ബസ്സ് മാത്രം  വന്നില്ല. ഒരിക്കല്‍ കൂടി ഒന്നാമന്‍ പെട്ടിക്കടയിലേയ്ക്ക് പോയി.

'ആവൂ.....പൊള്ളാച്ചി വണ്ടി എത്രണ്ണം  പോയി..കേറിയിരിക്കാര്ന്നില്ലേ...?' കടക്കാരന്‍ തലയില്‍ കൈ വച്ച് ചോദിച്ചു.

അപ്പോഴാണ്` അവര്‍ ക്ക് കാര്യം  മനസ്സിലായത്. പൊള്ളാച്ചി ബസ്സില്‍ കയറി അവിടെ നിന്നും  വേറെ ബസ്സില്‍ പഴനിയെത്താം.പുതിയ അറിവിന്റെ ഉന്മേഷത്തില്‍ അവര്‍ പൊള്ളാച്ചി ബസ്സ് കാത്തു നിന്നു. ഒന്നാമന്‍ കടക്കാരനോട് വീണ്ടും കുറേ നേരം സം സാരിച്ചു. രണ്ടാമനും മൂന്നാമനും പൊള്ളാച്ചി ബസ്സ് കാത്തു നിന്നു. ഒന്നാമന്‍ തിരിച്ചു വന്നപ്പോഴേയ്ക്കും അവര്‍ ക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.

അപ്പോഴേയ്ക്കും  വെയില്‍ പഴുത്തു. ആന്ധ്രയിലെ മുളകുകാറ്റല്ലായിരുന്നു അവര്‍ അനുഭവിച്ചത്. കരിമ്പനപ്പട്ട കൊണ്ട് വീശുന്നതു പോലെ കനത്ത ചൂടുകാറ്റായിരുന്നു. അവര്‍ വിയര്‍ ത്തു. വെയിലില്‍ കുളിച്ച കോട്ട കണ്ട് കണ്ണ്` മഞ്ഞളിച്ചു. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു.

'നിങ്ങള്` രണ്ടാളും  പോയ്യിട്ട് വരീ.. ഞാന്‍ വ്വടെ നിക്കാ'

മറ്റ് രണ്ടുപേരും  അതിശയത്തോടെ വാ പൊളിച്ചു.

'നിങ്ങള്` പൊയ്യിട്ട് വരീ... ഞാമ്പറഞ്ഞില്ലേ..ഏത്?'

അവര്‍ സമ്മതിച്ചു. ഒന്നാമന്‍ സഞ്ചിയെടുത്ത് മൈതാനം  ലക്ഷ്യമാക്കി നടന്നു. അയാളുടെ കാവടി ചൂടുകാറ്റില്‍ പറന്നുപോയി.

രണ്ടാമനും  മൂന്നാമനും  അടുത്ത പൊള്ളാച്ചി ബസ്സില്‍ കയറി യാത്രയായി. കൊടുവായൂരും  തത്തമം  ഗലവും  മീനാക്ഷിപുരവും  കടന്ന് ബസ്സ് തമിഴ് നാട്ടില്‍ ചക്രം  കുത്തിയപ്പോള്‍ ഒന്നു കുലുങ്ങി. ടാറുരുകുന്ന മണം  അവരെ മത്തുപിടിപ്പിച്ചു. രജനീകാന്തിന്റേയും  ജയലളിതയുടേയും  കട്ടൗട്ടുകള്‍ കണ്ടു. അവര്‍ ആന്ധ്രയില്‍ കാണുന്നതു പോലെ ചിരഞ്ജീവിയല്ലായിരുന്നു അവിടെ.

'ബാഗുന്തി' അവര്‍ പരസ്പരം  തലയാട്ടിക്കൊണ്ട് പറഞ്ഞു.

പൊള്ളാച്ചിയെത്തിയപ്പോഴേയ്ക്കും  ഉച്ച കഴിഞ്ഞിരുന്നു. വെയില്‍ കത്തുന്നുണ്ടായിരുന്നെങ്കിലും  ഒരു വാട്ടം  അനുഭവപ്പെട്ടു. ചെറിയ മഴക്കോളും  കണ്ടു. പൊള്ളാച്ചി ബസ് സ്റ്റാന്റില്‍ അവര്‍ പഴനി അന്വേഷിച്ചു.

'ദോ..അന്കെ വറും....അവങ്ക ചാപ്പാട്ക്ക് പോയിര്പ്പാ...ഇന്കേ നില്ല് ന്നാ...വണ്ടി വന്തോടനേ സൊല്ലറേന്‍. ' ബസ് സ്റ്റാന്റില്‍ ചായയും  ഉഴുന്നുവടയും  വില്ക്കുന്നയാള്‍ പറഞ്ഞു.

അവര്‍ തലയാട്ടി. ചായക്കാരന്റെ കണ്ണു തെറ്റിയപ്പോള്‍ അവിടം  വിട്ട് പൊള്ളാച്ചി പട്ടണം  കാണാന്‍ പുറപ്പെട്ടു. അവിടെ നിറയെ ലോറികളായിരുന്നു. സൈക്കിള്‍ ചവുട്ടിപ്പോകുന്ന തമിഴത്തിപ്പെണ്ണുങ്ങളേയും  കുതിരവണ്ടികളേയും  കണ്ടു. കടകളിലെല്ലാം  തിരക്കായിരുന്നു. വഴിവാണിഭക്കാര്‍ വഴിപോക്കരെ ക്ഷണിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കാളവണ്ടികള്‍ നിറയെ കരിക്കിന്‍ കുലകളുമായി ഒരു കൂട്ടം  പോകുന്നത് കണ്ടു.

'നീ ഇന്കേ നില്ല്..  നാന്‍ പോയി സാപ്പിട എതാവത് വാന്കീണ്ട് വാറേന്‍.' രണ്ടാമന്‍ പറഞ്ഞു. എന്നിട്ടയാള്‍ റോഡിനപ്പുറത്തുള്ള ചായക്കടയില്‍ പോയി ഊത്തപ്പവും  തേന്കാചട്ട്ണിയും  വാങ്ങി വന്നു. അവര്‍ ഒരോരത്തിരുന്ന് അത് കഴിച്ചു.

അപ്പോള്‍ അവിടെ വള, പൊട്ട് വ്യാപാരം ചെയ്യുകയായിരുന്ന തമിഴത്തി രണ്ടാമനെ നോക്കി ചിരിച്ചു. അവളുടെ മെഴുക്കു പുരണ്ട മുഖം വെയിലില്‍ തിളങ്ങുന്നുണ്ടായിരുന്നു.

'എന്നാ അയ്യാ...വള പൊട്ട് മാലൈ വാങ്കല്ലയാ?' അവള്‍ ചോദിച്ചു.

'അതെല്ലാം എനക്കെത്ക്ക്?'

'പൊണ്ടാട്ടി ഇല്ലൈയാ, ഇല്ലെന്നാ അസലാത്ത് പൊണ്ണുക്ക് കൊട്'

'അയ്യാ...എനക്ക് പൊണ്ടാട്ടിയും ഇല്ലൈ, അസലാത്ത് പൊണ്ണും ഇല്ല..എനക്ക് നാന്‍ മട്ടും താന്‍ '

ഓ..അപ്പടിയാ...അസലാത്ത് അം ബുജത്തെ പാത്തേളാ..അവള്‍ ആത്തുക്കാരന്‍ കൊഞ്ചറത് കേട്ടേളാ..' അവള്‍ കളിയാക്കി പാടി.

രണ്ടാമന്` അവളെ വല്ലാതെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ. അയാള്‍ മൂന്നാമനോട് ഇങ്ങനെ പറഞ്ഞു:

'ഡേയ്ഞാ എന്ന സൊല്ല വറേന്നാ….' ഇപ്പോ എന്നാലെ പളനിക്കെല്ലാം  വര മുടിയാത്. ഇങ്കയേ എതാവത് വേല പാക്കണം  പോലിരുക്ക്.. നീ ഒന്ന് സെയ്യ്...പളനീന്നാ കിട്ടെ താനേ. നീ പോയി വാ...അതുക്കുള്ളേ എന്നാലെ മുടിഞ്ചളവുക്ക് എതോ സെയ്റേന്‍...ഒനക്കും  സേര്‍ ത്ത് താ...എന്ന സൊല്‍ റേ?'

മൂന്നാമന്‍ മറുത്തൊന്നും  പറഞ്ഞില്ല. ഊത്തപ്പം  കഴിച്ചു കഴിഞ്ഞപ്പോഴേയ്ക്കും  പഴനി ബസ്സ് വന്നു. മൂന്നാമന്‍ ഓടിച്ചെന്ന് ബസ്സില്‍ കയറിയിരുന്നു. രണ്ടാമന്‍ തമിഴത്തിയുടെ പിന്നാലെ പോകുന്നത് കണ്ടു. അയാളുടെ കാവടി ഏതോ കുതിരവണ്ടിയ്ക്കടിയില്‍ പെട്ടു.

ബസ്സ് പുറപ്പെട്ടു. ഉഡുമലപ്പേട്ടയും  വടപളനിയും  താണ്ടി അത് പഴനി മുരുകന്റെ കാലടികളില്‍ ചെന്ന് നിന്നു. മൂന്നാമന്‍ പഴനി ബസ് സ്റ്റാന്റില്‍ ഇറങ്ങി. അവിടെ ലോഡ്ജുകാരുടെ ബഹളമായിരുന്നു.

'മീരു തെലുഗേനാ?..മഞ്ചി റൂമുന്തി..റണ്ടീ റണ്ടീ.....പൊദ്ദിന ദർശനം കൂടെ ഏർപ്പാട് ചെസ്താ..റണ്ടീ...അട്ടു കാദു സാർ ഇട്ടു....’

എല്ലാവരില്‍ നിന്നും  രക്ഷപ്പെട്ടു അയാള്‍ പഴനിമല കയറി. തൈപ്പൂയ്യമായതു കൊണ്ട് നല്ല തിരക്കായിരുന്നു. മൊട്ടത്തലയില്‍ കളഭം പൂശി കുടുമിയും ആട്ടി നടക്കുന്ന പളനിയപ്പന്മാരായിരുന്നു അവിടെ മുഴുവനും. കാവടിയേന്തിയ ഭക്തന്മാര്‍ തുള്ളിത്തുടിച്ച് പടികള്‍ കയറുന്ന കാഴ്ച അയാളെ അത്ഭുതപ്പെടുത്തി.

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

അയാള്‍ ക്ക് അപ്പോഴാണ്` പഴനിയ്ക്ക് പോകേണ്ടത് എങ്ങിനെയെന്ന് മനസ്സിലായത്. അയാളും  കാവടി തോളിലിട്ട് ആരോ പൂശിക്കൊടുത്ത കുന്കുമവും  ഭസ്മവും  അണിഞ്ഞ് മല ചവുട്ടി.

വേല്മുരുകാ ഹരോഹര
ശ്രീമുരുകാ ഹരോഹര
ആറുമുഖാ ഹരോഹര
ആദിരൂപ ഹരോഹര……

അപ്പോള്‍ ആകാശം  ഇരുണ്ടുകൂടി. അന്തരീക്ഷം  തണുത്തു. ഒരു പാറക്കെട്ടിന്റെ മുകളില്‍ നിന്ന് നോക്കിയപ്പോള്‍ ദൂരെ മഴവില്ല് കണ്ടു. ചുമലിലിരിക്കുന്ന കാവടി പോലെ. മഴവില്ലില്‍ നിന്നും  ഒരു മയില്‍ പറന്ന് വന്ന് പാറയില്‍ ഇരുന്നു. അയാള്‍ അതിന്റെ ചുമലില്‍ കയറിയിരുന്നു. അപ്പോള്‍ ആകാശത്തുനിന്നും വെള്ളിവേലുകള്‍ പോലെ ഇടിമിന്നല്‍ ചിതറി. മയില്‍ അയാളേയും  കൊണ്ട് പറന്ന് പറന്ന് മഴവില്ലില്‍ മാഞ്ഞു.

ഹര ഹരോ ഹരാ....