Tuesday, June 12, 2012

ഞങ്ങള്‍ പാവങ്ങളായത് കൊണ്ട് - ഹുവാന്‍ റുള്‍ഫോ


സ്പാനിഷ് കഥ - ഹുവാന്‍ റുള്‍ഫോ

ഇവിടെ കാര്യങ്ങളെല്ലാം കൂടുതല്‍വഷളായിക്കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞാഴ്ച എന്റെ ആന്റി ജസിന്റ മരിച്ചു, പിന്നെ ശനിയാഴ്ച, ഞങ്ങള്‍അവരുടെ ശവസം സ്കാരം കഴിഞ്ഞ് വിഷമിച്ചിരിക്കുമ്പോള്‍, മഴ പെയ്യാന്‍തുടങ്ങി. അത് എന്റെ അച്ഛനെ ദേഷ്യപ്പെടുത്തി, കാരണം ബാര്‍ലി പാടങ്ങള്‍വെയിലില്‍ഉണങ്ങി വരുകയായിരുന്നു, മാത്രല്ല ശക്തിയായ കൊടുങ്കാറ്റടിച്ച് ഞങ്ങള്‍ക്ക് അതൊന്നും സം രക്ഷിക്കാന്‍കഴിഞ്ഞില്ല. ഞങ്ങള്‍ ക്ക് ആകെ ചെയ്യാന്‍കഴിഞ്ഞത് ചായ്പ്പില്‍കൂനിക്കൂടിയിരുന്ന് കൃഷി നശിക്കുന്നത് കണ്ടുകൊണ്ടിരിക്കലായിരുന്നു.

ഇന്നലെ, എന്റെ സഹോദരി താച്ചയ്ക്ക് പന്ത്രണ്ട് വയസ്സായപ്പോള്‍അച്ഛന്‍അവള്‍ക്ക് പിറന്നാള്‍സമ്മാനമായി നല്‍കിയ പശുവിനെ പുഴ കൊണ്ടുപോയി. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പുലര്‍ച്ചെയാണ്‌പുഴ നിറയാന്‍തുടങ്ങിയത്. ഞാന്‍നല്ല ഉറക്കത്തിലായിരുന്നു, പക്ഷേ അത് തീരത്തടിച്ച് വല്ലാത്ത ശബ്ദമുണ്ടാക്കിയപ്പോള്‍ഞാന്‍കിടക്കയില്‍നിന്ന് ചാടിയെഴുന്നേറ്റു, മേല്‍ക്കൂര താഴേയ്ക്ക് വീഴുന്നതായി സ്വപ്നം കണ്ടത് പോലെ. പിന്നീട് അത് പുഴയുടെ ശബ്ദമാണെന്ന് ഞാന്‍വീണ്ടും കിടന്നു, വേഗം തന്നെ നല്ല ഉറക്കവും കിട്ടി.

ഉണര്‍ന്നപ്പോള്‍ആകാശം നിറയെ കാര്‍മേഘങ്ങളായിരുന്നു, പുഴയുടെ ഇരമ്പം വര്‍ദ്ധിച്ചിരുന്നു. അത് വളരെ അടുത്തു കേള്‍ക്കാമായിരുന്നു, വെള്ളപ്പൊക്കത്തിന്റെ നാറ്റമുണ്ടായിരുന്നു അതിന്‌, ചാരത്തിന്റെ പോലെ. ഞാന്‍അതൊന്ന് പോയി നോക്കുമ്പോഴേയ്ക്കും, പുഴ കര കവിഞ്ഞിരുന്നു. അത് കുറച്ചു കുറച്ചായി പാതയിലേയ്ക്ക് കയറി ചെണ്ട എന്നറിയപ്പെടുന്ന സ്ത്രീയുടെ വീട്ടിലേയ്ക്ക് കയറി. വെള്ളം തൊഴുത്തിലും  ഗേറ്റിലും ചെന്നടിയ്ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ചെണ്ട അങ്ങുമിങ്ങും ഓടിനടന്ന്, തന്റെ കോഴികളെ നിരത്തിലേയ്ക്ക് ഓടിച്ചു വിടുകയായിരുന്നു. അവയ്ക്ക് വെള്ളപ്പൊക്കത്തില്‍പെടാതെ എവിടെയെങ്കിലും സുരക്ഷിതമായി ഇരിക്കാന്‍പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍വേണ്ടി.

മറുവശത്ത് വളവിന്റെയടുത്ത്, എന്റെ ആന്റി ജാസിന്റയുടെ തൊഴുത്തിനരികുണ്ടായിരുന്ന പുളിമരവും അത് കൊണ്ടുപോയിട്ടുണ്ടാകും, കാരണം അതിപ്പോള്‍കാണാനില്ലായിരുന്നു. അതായിരുന്നു ഗ്രാമത്തിലെ ഒരേയൊരു പുളിമരം, അങ്ങിനെ വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് എല്ലാവര്‍ക്കും മനസ്സിലായി.

ഉച്ചയ്ക്ക് ഞാനും എന്റെ സഹോദരിയും വീണ്ടും അത് കാണാന്‍പോയി. വെള്ളം വൃത്തികെട്ടതും കട്ടികൂടിയതുമായിരുന്നു, അത് പാലത്തിന്റെ മുകളില്‍വരെയെത്തിയിരുന്നു. ഞങ്ങളവിടെ മണിക്കൂറുകളോളം ചിലവഴിച്ചു, ക്ഷീണിതരാകാതെ, വെറുതെ നോക്കിക്കൊണ്ട്,. പിന്നെ ഞങ്ങള്‍ആളുകള്‍എന്ത് പറയുന്നെന്ന് അറിയാന്‍വേണ്ടി മലയിടുക്കിലേയ്ക്ക് പോയി.

താഴെ, പുഴയരികില്‍, വെള്ളത്തിന്റെ ശബ്ദം കാരണം അവരുടെ വായ തുറന്നടയുന്നത് കാണാമെന്നല്ലാതെ ഒന്നും കേള്‍ക്കാന്‍കഴിഞ്ഞില്ല. അവര്‍മലയിടുക്കില്‍നിന്ന് പുഴ നിരീക്ഷിക്കുകയായിരുന്നു, എത്ര നാശനഷ്ടങ്ങള്‍ഉണ്ടായിക്കാണുനെന്ന് ഊഹിക്കാന്‍ശ്രമിച്ചു കൊണ്ട്. അവിടെ വച്ച് ലാ സെര്‍പന്റിന, എന്റെ അച്ഛന്‍താച്ചയ്ക്ക് കൊടുത്ത പശുവിനെ, പുഴ കൊണ്ടുപോയതറിഞ്ഞു. ലാ സെര്‍പന്റിനയ്ക്ക് ഒരു വെള്ളച്ചെവിയും ഒരു ചുവന്ന ചെവിയുമുണ്ടായിരുന്നു, ഭം ഗിയുള്ള കണ്ണുകളും .

പുഴ മാറിയതറിഞ്ഞിട്ടും അവള്‍പുഴ കടക്കാന്‍ശ്രമിച്ചതെന്തിനായിരുന്നെന്ന് എനിക്ക് മനസ്സിലായില്ല. ലാ സെര്‍പന്റിന അത്രയ്ക്ക് വെറിപിടിച്ചവളായിരുന്നില്ല. അവള്‍ഉറക്കത്തില്‍നടന്നതായിരിക്കണം, ഒരു കാരണവുമില്ലാതെ മുങ്ങിപ്പോകാന്‍വേണ്ടി. ഞാന്‍രാവിലെ തൊഴുത്തിന്റെ വാതില്‍തുറക്കുമ്പോള്‍അവളവിടെ കണ്ണുകളടച്ച് നില്‍ക്കുമായിരുന്നു, പശുക്കള്‍ഉറങ്ങുമ്പോഴുണ്ടാക്കുന്ന നെടുവീര്‍പ്പോടെ.

അപ്പോള്‍അതായിരിക്കും അവള്‍ക്ക് സം ഭവിച്ചത്, അവള്‍ഉറങ്ങുകയായിരുന്നിരിക്കും . വെള്ളം കാലില്‍തട്ടിയപ്പോള്‍ഉണര്‍ന്നു കാണും . ഭയന്ന് മാറുമ്പോഴേയ്ക്കും വെള്ളം അവളെ തള്ളി വീഴ്ത്തി ഉരുട്ടിക്കൊണ്ടുപോയിരിക്കും . അവള്‍സഹായത്തിനായി മുക്കുറയിട്ടിരിക്കും . എങ്ങിനെ മുക്കുറയിട്ടിട്ടുണ്ടാകുമെന്ന് ദൈവത്തിനേ അറിയൂ.

അവളെ പുഴ വലിച്ചു കൊണ്ടുപോയത് കണ്ട ഒരാളെ ഞങ്ങള്‍കണ്ടു, അവളുടെ കൂടെ കന്നുക്കുട്ടിയും ഉണ്ടായിരുന്നോയെന്ന് ഞാന്‍അയാളോട് ചോദിച്ചു. തനിക്കോര്‍മ്മയില്ലെന്ന് അയാള്‍പറഞ്ഞു. അയാള്‍ക്ക് ആകെ ഓര്‍മ്മയുണ്ടായിരുന്നത് ഒരു പുള്ളിപ്പശു കുളമ്പുകള്‍വായുവിലുയര്‍ത്തി പോകുന്നത് മാത്രമായിരുന്നു, പിന്നെ അത് മുങ്ങിയപ്പോള്‍കുളമ്പുകളും കൊമ്പുകളും ഒന്നും കണ്ടില്ല. അയാള്‍മരച്ചില്ലകളും തടികളും പുഴയില്‍നിന്നും വലിച്ചെടുക്കുന്ന തിരക്കിലായിരുന്നു, കത്തിക്കാന്‍വേണ്ടി, അത് വീണ്ടും പൊങ്ങിവന്നോയെന്ന് നോക്കാന്‍സമയം കിട്ടിയില്ല.

അപ്പോള്‍കന്നുക്കുട്ടി ജീവനോടെയുണ്ടോ ഇല്ലയോയെന്നോ അത് അമ്മയുടെ കൂടെ പുഴയില്‍പോയോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ വീട്ടിലുണ്ടായ കുഴപ്പങ്ങളെല്ലാം ഇനിയുമുണ്ടാകാം, എന്റെ സഹോദരി താച്ചയ്ക്ക് ഒന്നും ബാക്കി കിട്ടിയില്ല. ഞാന്‍പറഞ്ഞു വരുന്നതെന്താണെന്നാല്‍എന്റെ അച്ഛന്‍ലാ സെര്‍പന്റിനയെ ഒരു കന്നുക്കുട്ടിയായിരിക്കുമ്പോള്‍വാങ്ങാന്‍വേണ്ടി കഠിനാധ്വാനം ചെയ്തിരുന്നു, അവളെ താച്ചയ്ക്ക് കൊടുത്താല്‍അവള്‍ക്ക് ചെറിയ വരുമാനമുണ്ടാകുമെന്നും എന്റെ മറ്റു രണ്ട് സഹോദരിമാരെപ്പോലെ വേശ്യയാവില്ലെന്നും വിചാരിച്ച്.

അച്ഛന്‍പറഞ്ഞതനുസരിച്ച്, അവര്‍ചീത്തയായത് ഞങ്ങള്‍പാവപ്പെട്ടവരായതു കൊണ്ടാണ്‌. അവര്‍ക്ക് സന്തോഷമുണ്ടായിരുന്നില്ല, അവര്‍കുട്ടികളായിരിക്കുമ്പോഴേ പിറുപിറുക്കാന്‍തുടങ്ങിയിരുന്നു, അവര്‍വലുതായതും ചീത്ത ആളുകളുടെ കൂടെ പോകാന്‍തുടങ്ങി, എല്ലാ ചീത്ത ശീലങ്ങളും പഠിച്ചു. അവരത് വേഗം പഠിക്കുകയും ചെയ്തു. രാത്രി ആണുങ്ങള്‍പുറത്ത് നിന്നും അവരെ വിളിക്കുന്ന പതിഞ്ഞ ചൂളം വിളി അവര്‍ക്ക് മനസ്സിലാകുമായിരുന്നു, പിന്നീട് പകലും പോകാന്‍തുടങ്ങി. അവര്‍ഇടയ്ക്കിടെ പുഴയില്‍വെള്ളമെടുക്കാന്‍പോകും, ചിലപ്പോള്‍തൊഴുത്തില്‍നഗനരായി കിടക്കുന്ന അവരുടെ മുകളില്‍കിടക്കുന്ന ആണിനെ കണ്ട് അത്ഭുതം തോന്നും .

അവസാനം അച്ഛന്‍അവരെ വീട്ടില്‍നിന്നും പുറത്താക്കി. അദ്ദേഹം കുറേയൊക്കെ അവരെ സഹിച്ചു, പിന്നീട് ക്ഷമിക്കാന്‍പറ്റാതായപ്പോള്‍അവരെ തെരുവിലേയ്ക്ക് അടിച്ചിറക്കി. അവര്‍അയുറ്റ്ലയിലേയ്ക്കോ മറ്റോ പോയി, എവിടെയാണെന്ന് എനിക്കുറപ്പില്ല. എന്തായാലും അവര്‍ചീത്തയായെന്ന് എനിക്കറിയാം .

അതുകൊണ്ടാണ്‌ താച്ചയെക്കുറിച്ച് അച്ഛന്‌ആശങ്കയുണ്ടായിരുന്നത്. അവളും തന്റെ രണ്ട് സഹോദരിമാരെപ്പോലെയാകരുതെന്ന് അച്ഛനുണ്ടായിരുന്നു, അവള്‍വലുതായി ഒരു നല്ല ആളെ കല്യാണം കഴിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം . അവള്‍വളരുമ്പോള്‍ലാ സെര്‍പെന്റ ഒരു സം രക്ഷണമായിരിക്കുമെന്നും കരുതി. ഇനിയതെല്ലാം പ്രയാസമായിരിക്കും . മിക്കവാറും എല്ലാവര്‍ക്കും അവളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നു, അവളുടെ സുന്ദരിപ്പശുവിനെ കിട്ടാന്‍വേണ്ടി.

ഒരേയൊരു പ്രതീക്ഷ കന്നുക്കുട്ടി ജീവിച്ചിരിക്കുന്നുണ്ടാകുമെന്നതാണ്‌. ദൈവമേ അത് അമ്മയോടൊപ്പം പുഴയിലേയ്ക്ക് പോകണമെന്ന് വിചാരിച്ചിട്ടുണ്ടാവില്ല. കാരണം അങ്ങിനെയാണ്‌സം ഭവിച്ചതെങ്കില്‍, എന്റെ സഹോദരി താച്ച ചീത്തയാകുന്നതില്‍നിന്നും അധികം ദൂരെയല്ല, എന്റെ അമ്മ അത് ആഗ്രഹിക്കുന്നുമില്ല.

അമ്മ പറയുന്നത് ഇങ്ങനെയുള്ള പെണ്‍മക്കളെ തന്ന് ദൈവം തന്നെ എന്തിനാണ്‌ശിക്ഷിച്ചതെന്നാണ്‌. അമ്മയുടെ മുത്തശ്ശി തൊട്ടിങ്ങോട്ട് അവരുടെ കുടും ബത്തില്‍ചീത്ത പെണ്ണുങ്ങള്‍ഉണ്ടായിട്ടില്ല. അവരെല്ലാം ദൈവഭയത്തോടെയും അനുസരണവും ബഹുമാനത്തോടേയും വളര്‍ത്തപ്പെട്ടവരാണ്‌. രണ്ട് വേശ്യകളെ മക്കളായി കിട്ടാന്‍മാത്രം എന്ത് തെറ്റാണ്‌താന്‍ചെയ്തതെന്ന് അമ്മ ഓര്‍ക്കാന്‍ശ്രമിക്കും, പക്ഷേ അങ്ങിനെയൊരു പാപവും ചെയ്തായി ഓര്‍ക്കുന്നുമില്ല. ആ രണ്ട് പേരേയും ഓര്‍ക്കുമ്പോഴെല്ലാം അമ്മ കരയും, എന്നിട്ട് പറയും, "അവരെ ദൈവം തുണക്കട്ടെ."

പക്ഷേ എന്റെ അച്ഛന്‍പറയുന്നത് അവരെക്കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ലെന്നാണ്‌, അവര്‍ചീത്തയാണ്‌. ആശങ്കപ്പെടേണ്ടത് താച്ചയെക്കുറിച്ചാണ്‌. അവള്‍വേഗത്തിലാണ്‌വളരുന്നത്, അവളുടെ മുലകള്‍സഹോദരിമാരുടേത് പോലെയുണ്ട്, കൂര്‍ത്ത് ഉയര്‍ന്ന് നോക്കപ്പെടാന്‍കൊതിക്കുന്ന പോലെ.

"അതെ, " അച്ഛന്‍പറയും, "അവളെ ആരെങ്കിലും നോക്കിയാല്‍, അവള്‍അയാള്‍ക്ക് ഒരു വിരുന്നാകും . നോക്കിക്കോ, അവളും മറ്റു രണ്ടുപേരേയും പോലെ ചീത്തയാകും ." അതുകൊണ്ട് അച്ഛന്റെ വലിയ അലട്ടല്‍താച്ചയാണ്‌.

താച്ച ഇപ്പ്പോള്‍കരയുകയാണ്‌, കാരണം അവളുടെ ലാ സെര്‍പന്റയെ പുഴ കൊന്നിരിക്കുന്നെന്ന് അവള്‍ക്കറിയാം . അവള്‍എന്റെയരികിലുണ്ട്, റോസ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ്, പുഴയിലേയ്ക്ക് നോക്കി അവളുടെ പശുവിനെയോര്‍ത്ത് കരയുന്നു. അഴുക്കുവെള്ളത്തിന്റെ ചെറിയ അലകള്‍അവളുടെ മുഖത്തിന്‌താഴെ ഒഴുകുന്നു, നിങ്ങള്‍ക്ക് തോന്നും ആ പുഴ തന്നെ അവളുടെയുള്ളിലുണ്ടെന്ന്.