Tuesday, December 17, 2013

ഇരുട്ടിലേയ്ക്ക് നോക്കുന്നു….



ക്ഷമാപണം: എന്റെ എല്ലാ തെറ്റുകുറ്റങ്ങൾക്കും മാപ്പ് തരുക. ഇനിയൊന്നും ആവർത്തിക്കാനാവാത്തവിധം പ്രായമേറിപ്പോയി ഈയുള്ളവന്. അല്ലെങ്കിൽ....അല്ലെങ്കിൽ.....

ഇരുട്ടിലേയ്ക്ക് നോക്കില്ലായിരുന്നു...........

* * * * * * * * * *

ഇരുട്ടിലേയ്ക്ക് നോക്കുന്നു......



എല്ലാത്തിന്റേയും തുടക്കം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം നീണ്ട ഇടനാഴിയിലൂടെ നടക്കുന്നത് പോലെയും പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് പോലെയും കുളത്തിൽ മുങ്ങാങ്കുഴിയിടുന്നത് പോലെയുമായിരുന്നു. അല്ലെങ്കിൽ അത് പോലെ എന്തെങ്കിലും തള്ളിത്തള്ളിയെത്തിച്ചത്. ഒന്നും വ്യക്തമല്ല. ഓർമ്മയുടെ അവസാനത്തെ കച്ചിത്തുരുമ്പിൽ ഒരിടത്ത്, വെളിച്ചം ഒട്ടുമില്ലാത്ത ഒരിടത്ത്, ഇരിക്കുന്നത് മാത്രം ഉണ്ട്.

ഞങ്ങൾ സംസാരിക്കുകയായിരുന്നു. വളരെ നേരം. അവസാനിക്കാത്ത ഇടനാഴി പോലെ.

എന്നിട്ട്..

എല്ലാ സംഭാഷണങ്ങളും വിരസതയിലേയ്ക്കുള്ള വരമ്പുകളാണെന്ന് തോന്നിത്തുടങ്ങിയപ്പോൾത്തന്നെ അത് സംഭവിച്ചു. പെട്ടെന്നൊരു കാർമേഘം വന്ന് മൂടിയത് പോലെ ഞങ്ങൾ നിശ്ശബ്ദരായി. ഇരുന്നുള്ള സംഭാഷണം അവസാനിക്കുമ്പോൾ മനുഷ്യർ എഴുന്നേറ്റ് പോകുന്നു. സ്ഥലകാലങ്ങളിൽ നിന്നുള്ള പലായനം എന്തൊക്കെയോ തിരിച്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനും അയാളും അങ്ങിനെയെന്തൊക്കെയോ അവരവരുടെ രീതിയിൽ ചിന്തിച്ച് കാലുകൾക്ക് എല്ലാം വിട്ടുകൊടുത്തു.

ഇരുട്ടായിരുന്നു.

കൂറ്റാക്കൂറ്റിരുട്ട്…

ജീവിതത്തിൽ ഇത്രയും കനത്ത ഇരുട്ട് കണ്ടിട്ടില്ലെന്ന് അയാൾ പറഞ്ഞു.

പക്ഷേ അതും ഒരു പുതിയ സംഭാഷണത്തിന് വഴിമരുന്നിടുന്നില്ലെന്ന് ദു:ഖത്തോടെ ഞാൻ മൂളി.

അത്രയും നേരം ഞങ്ങൾ എവിടെ/എന്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നെന്നാണ് ഞാനപ്പോൾ ആലോചിച്ചത്. പ്രത്യേകിച്ചൊന്നുമില്ലായിരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിക്കുന്നതിന്റെ അസ്വസ്ഥതകൾ മാത്രമായിരുന്നു.

ഉം…

ആരോ മൂളി.

മൂന്നാമതൊരാൾ ഒപ്പമുണ്ടായിരുന്നെന്ന അറിവ് ഇരുട്ടത്ത് പാമ്പിനെ ചവുട്ടിയത് പോലെ ഭയാനകമായിരുന്നു എനിക്ക്.

‘ചെരുപ്പിൽ ചവിട്ടാതെ ഭായ്’ അയാൾ പറഞ്ഞു. അയാൾ എന്റെ മുന്നിലാണ് നടക്കുന്നതെന്നും അപ്പോഴാണറിഞ്ഞത്.

പിന്നീടയാൾ ദാലിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി, യാതൊരു പ്രകോപനവുമില്ലാതെ. ചിലപ്പോൾ രണ്ടാമൻ എന്തെങ്കിലും തുടങ്ങി വച്ച് കാണും എന്ന് സ്വന്തം അല്പബോധത്തെ പഴിച്ചു.

‘ഹ ഹാ…അറിയാമോ ഇത്രയും പേടിപ്പിക്കുന്ന ചിത്രങ്ങൾ വരച്ച ദാലിയ്ക്കുണ്ടായ അനുഭവം?’

‘എന്താ അത്?’

‘സ്പാനിഷ് സംവിധായകനായ ലൂയി ബുനുവേലിന്റെ കൂടെ ഒരു സിനിമ പിടിക്കുന്ന സമയത്തായിരുന്നു. ആൻ അൻഡലൂഷ്യൻ ഡോഗ്. അതിൽ ഒരു മനുഷ്യന്റെ കൃഷ്ണമണി കത്തി കൊണ്ട് മുറിച്ചെടുക്കുന്ന രംഗമുണ്ട്. ഒരു കാളക്കണ്ണായിരുന്നു അതിനുപയോഗിച്ചത്. അത് മുറിയ്ക്കുന്ന രംഗം കണ്ട് ദാലി ബോധം കെട്ട് വീണത്രേ..ഹ ഹാ..‘

‘ഊഹുഹുഹു…അത് കലക്കി…ഒള്ളതാണോ?’ പുതിയൊരു ശബ്ദം പെരുമ്പറ കൊട്ടുന്ന മുഴക്കത്തിൽ ചോദിച്ചു. അപ്പോൾ നാലാമനും!!

‘ആ എവിടെയോ വായിച്ചതാണ്’

‘ഒന്ന് വേഗം നടക്ക് ചങ്ങാതീ’ നാലാമൻ പറഞ്ഞു. അയാളുടെ സ്ഥാനം എന്റെ പുറകിലായിരുന്നു.

അപ്പോഴൊക്കെ മൌനം പാലിച്ചിരുന്ന രണ്ടാമൻ എന്തോ പറഞ്ഞു.

‘ഇന്നലത്തെയാ…’ ആരോ പറഞ്ഞു.

‘ങാ ഇന്നലത്തെ പത്രത്തിലായിരുന്നു വാർത്ത…നോക്കട്ടെ…’

സ്വന്തം കൈകൾ പോലും കാണാൻ പറ്റാത്ത ആ ഇരുട്ടിൽ പത്രത്താളുകൾ മറിയുന്ന പടപടപ്പ് കേട്ടു.

‘ഏതാ…രണ്ട് പിള്ളാരെ മുക്കിക്കൊന്ന വാർത്തയാണോ?’

‘അല്ല’

‘കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിനെ വിഷം കൊടുത്ത് കൊന്നത്?’

‘അല്ല’

‘പിന്നേയേതായിരിക്കും…ഓ മുന്നൂറ്റിയെഴുപത്തഞ്ച് പേർ ചേർന്ന് ഒരു പെണ്ണിനെ ബലാത്സംഗം ചെയ്ത് കൊന്നത്…. നല്ല രസമുള്ള വാർത്തയായിരുന്നു’

‘അതൊന്നുമല്ലന്നേ…ആ ബസ്സപകടം…. അതിലെ മൊത്തം ആളുകളും ഒറ്റയടിക്ക് ചത്തില്ലേ…അത്’

‘ഹാ അതീ പത്രത്തിലല്ല…. രണ്ട് ദിവസം മുമ്പായിരുന്നു..നൂറ്റിപ്പത്ത് ആളുകൾ…ഒറ്റയടിയ്ക്ക്…നല്ല രസമായിരിക്കുന്നിരിക്കും കാണാൻ അല്ലേ?’

എനിക്ക് ദേഷ്യം വന്നു.

‘അത്രയും ആളുകൾ മരിക്കുന്നത് കാണാൻ എന്താ ഇത്ര രസം?’ ഞാൻ ചോദിച്ചു.


‘ഓ’ നൈരാശ്യം കലർന്ന മൂളലുകൾ അങ്ങിങ്ങായി ഉയർന്നു. പത്തോ നൂറോ ആയിരമോ പതിനായിരമോ മൂളലുകൾ. ഒരു മനുഷ്യക്കടലിന്റെ നടുവിലാണ് ഞാനിപ്പോൾ എന്നറിഞ്ഞപ്പോൾ പലതരം അലർച്ചകൾ എനിക്കൊന്നിച്ച് തോന്നി.

‘നൂറ്റിപ്പത്ത് ആളുകൾ ജീവനോടെ ഇരിക്കുന്നത് കാണുന്നതിനേക്കാൾ രസമായിരിക്കും‘ ആരോ പറഞ്ഞു.

‘നിങ്ങളൊക്കെ ആരാ? വേറൊന്നും പറയാനില്ലേ?’

‘ശ്ശേഡാ..ഇവനിതെവിടന്ന് വരുന്നു!‘

‘ഇവനെപ്പോലൊള്ള അരസികന്മാരെ ആദ്യം തട്ടണം’

‘ഇവന്റെ കെട്ട്യോളെ സമ്മതിക്കണം’

‘നിക്ക് നിക്ക്.. എല്ലാത്തിനും പരിഹാരമുണ്ടാക്കാനാണല്ലോ നമ്മൾ പോകുന്നത്’

‘അതെ അതെ’ കൂട്ടച്ചിരി.

‘എന്താ എന്താ?’ ഞാൻ അലറി.

‘ഭായ് വാ….’

‘നാസികൾ പണ്ട് വിഷം കുത്തിവച്ചും തണുത്ത വെള്ളത്തിൽ മുക്കിയും, തലച്ചോർ ജീവനോടെ പിഴുതെടുത്തും തടവുകാരിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടല്ലോ..‘

‘സ്റ്റാലിനും അത് ചെയ്തിട്ടുണ്ടല്ലോ…തടവുകാരിലായിരുന്നു വിഷം കൊണ്ടുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നത്.’

‘ജീവനോടെ തലയോട്ട് അറുത്ത് തലച്ചോറിൽ പരീക്ഷണം നടത്തുക… എന്ത് രസമായിരിക്കുമല്ലേ?’

‘എന്ത് രസം?’ ഞാൻ കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ ചോദിച്ചു’

അപ്പോൾ ഇരുട്ടിലെവിടെ നിന്നോ ഒരു കൈ എന്റെ തലയിൽ തലോടി. ഞാൻ അത് ഒരു ഞെട്ടലോടെ തട്ടി മാറ്റി. അപ്പോൾ അല്പം കൂടി ബലമുള്ള ഒരു പിടുത്തം തലയിൽ വീണു.

‘വളർച്ച പുറത്ത് മാത്രമേയുള്ളൂ…അകത്ത് ഒന്നുമില്ല’ ആരോ പറഞ്ഞു.

‘നിങ്ങളെന്താ എന്നെ ചെയ്യാൻ പോകുന്നത്..നിങ്ങളൊക്കെ ആരാ?’ ഞാൻ അലറി.

കൂട്ടച്ചിരി…ഒരു ലക്ഷം ആളുകളെങ്കിലും ഒന്നിച്ച് ചിരിച്ചാലേ ആകാശം ഭേദിക്കുന്ന ആ മുഴക്കമുണ്ടാകൂ എന്ന് തോന്നി.

‘നീയായിട്ട് വന്ന് കയറിയതാണ്…എന്നിട്ട് ഞങ്ങളെ ചോദ്യം ചെയ്യുന്നോ?’ അമർഷം കലർന്ന ഒരു ശബ്ദം ചോദിച്ചു.

എന്റെ രക്തം വറ്റി. പേശികൾ തളർന്നു. ഇനിയും നടക്കാനാകാതെ കുഴഞ്ഞ് വീഴാൻ തുടങ്ങിയപ്പോൾ ആരോ എന്നെ താങ്ങിപ്പിടിച്ചു. പിന്നീട് എന്റെ യാത്ര കൈകളും കാലുകളും ഒരു വടിയിൽ കെട്ടപ്പെട്ട് ഭൂമിയ്ക്ക് തിരശ്ചീനമായി തൂങ്ങിക്കിടന്നുകൊണ്ടായിരുന്നു.

‘മുടിഞ്ഞ ഭാരമാ ശവത്തിന്’ എന്നെ ചുമക്കുന്നവർ പറഞ്ഞു.

നിലത്തെ മുൾച്ചെടികൾ എന്റെ മുതുകിൽ ഉരയുന്നത് അറിയുന്നുണ്ടായിരുന്നു. ചൊറിയാനുള്ള അസഹ്യമായ പ്രേരണയിൽ കൈകൾ അഴിച്ചെടുക്കാൻ ശ്രമിച്ചു. പറ്റുന്നില്ലായിരുന്നു. മുള്ളുകൾ എന്റെ മുതുകിൽ ചോരച്ചാലുകൾ സൃഷ്ടിച്ചു.

യാത്ര അവസാനിച്ചപ്പോൾ അവരെന്നെ ലാഘവത്തോടെ താഴെയിട്ടു. ഉരുളൻ കല്ലുകൾക്ക് മുകളിൽ ഞാനൊരു ചാക്ക് കെട്ട് പോലെ വീണു.

‘ചത്തോന്ന് നോക്ക്’ ആരോ പറഞ്ഞു. ഒരു കൈ എന്റെ മൂക്കിന്റെ അരികിൽ വന്ന് ശ്വാസം നിരീക്ഷിച്ചു.

‘ഇല്ല..’

‘ങാന്നാ അവടക്കെടക്കട്ടെ… നമുക്ക് പോകാം…’

അവർ നടന്ന് പോകുന്ന ശബ്ദം കേട്ടു. ഞാൻ ഒരു വിധത്തിൽ കെട്ടുകളഴിച്ച് എഴുന്നേറ്റിരുന്നു. ഇരുട്ടിൽ എങ്ങോട്ട് ആദ്യം നോക്കണമെന്നറിയാതെ കുഴങ്ങി.

‘ഒന്ന് നിക്കണേ’ ഞാൻ അലറി.

കാൽ‌പ്പെരുമാറ്റങ്ങൾ നിലച്ചു. ഇരുട്ടിനേക്കാൾ ഭീകരമായ നിശ്ശബ്ദത പരന്നു.

‘ഞാനെവിടെയാന്നൊന്ന് പറ….എന്തിനാ എന്നെ ഇവിടെക്കൊണ്ടിട്ടത്?’

‘എവിടെക്കൊണ്ടിട്ടെന്ന്?’ ഒന്നാമന്റെ ശബ്ദം ചോദിച്ചു. ചെമ്പുകുടത്തിനുള്ളിലിരുന്ന് സംസാരിക്കുന്നത് പോലെ.

’ ഇത്രേം നേരം എന്നെ കൊല്ലാക്കൊല ചെയ്ത് ഈ ആരുമില്ലാത്തിടത്ത് കൊണ്ടിട്ടിട്ട്…’

‘ഹാ…. നിന്നെ ആരും എങ്ങോട്ടും കൊണ്ടുപോയിട്ടില്ല…. വാ നടക്ക്…’

വിരസതയിലേയ്ക്കുള്ള വരമ്പ് വെട്ടിയ ഒരു സംഭാഷണത്തിന്റെ അവസാനം ഞങ്ങൾ എഴുന്നേറ്റു. പുറത്ത് ഇരുട്ടായിരുന്നു. ഞങ്ങൾ രണ്ടുപേരുടേതുമല്ലാത്ത കാലൊച്ചകൾക്കായി ഞാൻ കാതോർത്തു.

‘ഛെ… ചെരുപ്പിൽ ചവിട്ടല്ലെ ഭായ്’ മൂന്നാമൻ പറഞ്ഞു.

ഞാൻ ഇരുട്ടിലേയ്ക്ക് നോക്കി….. ഇരുട്ട് എന്നേയും…

Sunday, October 6, 2013

അവരുടെ ആകാശം, ഭൂമി



1

സെമിത്തേരിയുടെ മുന്നിൽ വച്ച് ട്രാഫിക് ബ്ലോക്ക് ആയപ്പോൾ ഐസക്ക് പതിവ് മടുപ്പോടെ ചുറ്റും നോക്കി. ഉടനെയൊന്നും അഴിയുന്ന കുരുക്കല്ല എന്ന് മനസ്സിലായി. അപ്പോഴാണ് സെമിത്തേരിയുടെ ഗേറ്റിന് മുന്നിലെ പുതിയ ബോർഡ് ശ്രദ്ധിച്ചത്. ‘ശവമടക്കാൻ സ്ഥലമില്ല; ആവശ്യക്കാർ ക്ഷമിക്കണം‘ എന്നായിരുന്നു അത്. ഒരു കറുത്ത ഫലിതമാണ് ആദ്യം മനസ്സിലൂടെ കടന്ന് പോയതെങ്കിലും അടുത്ത നിമിഷം ആ ഭീകരാവസ്ഥയെക്കുറിച്ചുള്ള ഉൽക്കണ്ഠ അയാളെ അസ്വസ്ഥനാക്കി. മരിക്കുക എന്നത് ഒഴിവാക്കാനാകാത്തതാകുകയും ശവമടക്കുക എന്നത് ജീവിച്ചിരിക്കുന്നവരുടെ ഉത്തരവാദിത്തമാകുകയും ചെയ്യുമ്പോൾ ഇതൊരു നിസ്സാര പ്രശ്നമല്ല. സെമിത്തേരികളും ചുടലപ്പറമ്പുകളും കബറിസ്താനുകളും നിറഞ്ഞ് നിറഞ്ഞ് ചുറ്റും തിക്കിത്തിരക്കുന്ന ഫ്ലാറ്റുകൾക്കിടയിലെ ഇടവഴികൾ മാത്രം അവശേഷിക്കുന്ന അവസ്ഥയിൽ വരാൻ പോകുന്നത് വലിയ ദുരന്തം തന്നെയാണ്. പ്രത്യേകിച്ചും മതപരമായ ശാഠ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം.

പെട്ടെന്ന് വണ്ടികൾ അനങ്ങാൻ തുടങ്ങിയപ്പോൾ അയാൾ തിടുക്കത്തിൽ ഗിയർ മാറ്റി ശ്മശാനചിന്തയിൽ നിന്നും ഡ്രൈവിങ്ങിലേയ്ക്ക് ശ്രദ്ധ പതിപ്പിച്ചു. പ്രധാനറോഡ് പിന്നിട്ട് ഫ്ലാറ്റിലേയ്ക്കുള്ള ഇടവഴിയിലേയ്ക്ക് കയറിയപ്പോൾ അയാൾ വീണ്ടും അതിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. ഒപ്പം ഇന്നോ നാളെയോ എന്നും പറഞ്ഞ് കിടക്കുന്ന അപ്പച്ചന്റെ മെലിഞ്ഞ രൂപവും ഓർമ്മ വന്നു. ഗ്രാമത്തിൽ നിന്നും അപ്പച്ചനെ നഗരത്തിലെത്തിച്ചത് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കിയതേയുള്ളൂ. അസുഖം വഷളായി. രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടന്നു. ഞങ്ങൾക്കിനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർമാർ കൈമലർത്തിയപ്പോൾ തിരിച്ച് ഫ്ലാറ്റിലേയ്ക്ക് കൊണ്ടു വന്നു. മൂന്ന് ബെഡ് റൂം ഫ്ലാറ്റിലെ ഉപയോഗിക്കാതെ കിടക്കുകയായിരുന്ന ഒരു കിടപ്പുമുറിയിൽ മരണവും കാത്ത് കിടക്കാൻ അപ്പച്ചന് സൌകര്യമുണ്ടാക്കിക്കൊടുത്തു; മേരിക്കതിൽ അമർഷമുണ്ടെങ്കിലും. എന്തായാലും മേരിയോട് വിശദമായി ചർച്ച ചെയ്യണം.

‘ഓ…ആദ്യമായിട്ടാണോ കാണുന്നേ…ഞാൻ കുറഞ്ഞത് മൂന്ന് സെമിത്തേരിയിലെങ്കിലും ആ ബോർഡ് കണ്ടിട്ടുള്ളതാ. ഇന്നാള് ഒരു മുസ്ലിം ശ്മശാനത്തിലും കണ്ടിരുന്നു. എന്നാ ചെയ്യാനാ, ആളുകൾ ജനിച്ച് ജനിച്ച് മരിക്കുവല്ലേ..’

മേരി തുണികൾ മടക്കിക്കൊണ്ട് അലസമായി അത് പറഞ്ഞപ്പോൾ ഐസക്കിന് ആധി കൂടിയതേയുള്ളൂ.

‘അപ്പോ അപ്പച്ചൻ?’ അറിയാതെ അയാളുടെ ആധി പുറത്തുചാടി.

‘അപ്പച്ചനെന്നാ? അതൊക്കെ സമയകാകുമ്പോ എങ്ങനേലും ശരിയാവുന്നേ’

അയാൾ അപ്പച്ചന്റെ മുറിയിലേയ്ക്ക് പോയി. തങ്ങളുടെ സംഭാഷണം കേട്ടിരിക്കാൻ വഴിയുണ്ട്. ഹാളിൽ ഒരു സൂചി വീണാൽ പോലും കേൾക്കാൻ പറ്റുന്നതാണ് മറ്റ് മുറികളും. അപ്പച്ചൻ തളർന്ന കണ്ണുകൾ തുറന്ന്, പ്രയാസപ്പെട്ട് ശ്വസിച്ച് അയാളെ നോക്കി.

‘മോനേ’ അപ്പച്ചന്റെ തളർന്ന ശബ്ദം അയാളെ വീണ്ടും വിഷമിപ്പിച്ചു.

‘എന്നാ അപ്പച്ചാ?’ അയാൾ കട്ടിലിലിരുന്ന് അപ്പച്ചന്റെ മുഖത്തോട് ചെവി ചേർത്തു.

‘എന്നെ നാട്ടിലെ പള്ളീല് അടക്കിയാ മതി കേട്ടാ…ത്രേസ്യക്കൊച്ചിന്റെ അട്ത്ത്..’

‘ഉം’ അയാൾ അത്ര ഉറപ്പില്ലാതെ മൂളി. നാട്ടിലെ സ്വത്തുവകകളൊക്കെ ഭാഗം വച്ച് മക്കളെല്ലാവരും അവരവരുടെ ഓഹരി വിറ്റ് സ്വന്തം കാര്യം നോക്കി പോയി. അപ്പച്ചനെ ഉപേക്ഷിക്കാൻ മനസ്സ് വരാത്തത് കൊണ്ട് സഹോദരങ്ങൾ പറഞ്ഞ വൃദ്ധസദനം താൻ എതിർത്തു. ഒടുക്കം അപ്പച്ചന്റെ കാര്യം തന്റെ മാത്രം ഉത്തരവാദിത്തമായി. ഇത് വല്ലതും അപ്പച്ചനറിയാമോ? നാട്ടിൽ നിന്നും പത്ത് മുന്നൂറ് കിലോമീറ്റർ അകലെയുള്ള ഈ നഗരത്തിൽ അപ്പച്ചൻ എന്ത് ചെയ്യുകയാണ്? മരണം കാത്ത് കിടക്കുന്നു. അത് തന്നെയാണ് ഇപ്പോഴത്തെ പ്രശ്നവും. അപ്പച്ചാ ഉടനേയൊന്നും മരിക്കണ്ട എന്ന് പറയാൻ തോന്നി ഐസക്കിന്.

അപ്പച്ചന്റെ കണ്ണുകൾ തളർന്നു. അറിയാതെ ഒരുറക്കത്തിലേയ്ക്ക് അപ്പച്ചൻ ആഴ്ന്നു പോയി. ഐസക്ക് ഹാളിലേയ്ക്ക് തിരിച്ചെത്തിയപ്പോൾ മേരി എന്തോ ഒരു നോട്ടീസുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.

‘ദേ ദ് കണ്ടോ?” അവൾ നോട്ടീസ് അയാൾക്ക് നീട്ടി.

അതത്ര വിശ്വസനീയവും തൃപ്തികരവുമായി തോന്നിയില്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് തന്നെ അയാൾ തീരുമാനിച്ചു. വരുന്ന ഞായറാഴ്ച അവരുടെ റീജണൽ ഓഫീസിൽ വച്ചുള്ള ഫ്രീ ഡെമോയ്ക്ക് കൂടെ വരാമെന്ന് മേരിയും സമ്മതിച്ചു.


2

‘ഗുഡ് മോണിങ്, ഞാൻ ഡോ. പരുൾ പാണ്ഡേ. എന്നെ ചെറുതായി ഒന്ന് പരിചയപ്പെടുത്താം. ഞാൻ ഫിസിക്സിൽ മാസ്റ്റർ ബിരുധധാരിയാണ്. എന്റെ ഡോക്ടറേറ്റ് സ്പേസ് ടെക്നോളജിയിലാണ്. അമേരിക്കയിൽ ആണ് ഗവേഷണം ചെയ്തത്. അതിന് ശേഷം കുറച്ച് വർഷങ്ങൾ അവിടെ പ്രൊഫസർ, റിസർച്ച് ഗൈഡ് എല്ലാം ആയി ജോലി ചെയ്തിരുന്നു. നാസയുടെ ക്യൂരിയോസിറ്റി എന്ന ചൊവ്വാഗ്രഹപര്യവേഷണത്തിൽ ഭാഗമാകാൻ സാധിച്ചെന്നും പറയട്ടെ. ഒരിക്കൽ അവധിയ്ക്ക് നാട്ടിൽ വന്നപ്പോൾ എനിക്ക് തോന്നിയ ഒരു ആശയമാണ് ഈ പ്രസ്ഥാനമായി വളർന്നിരിക്കുന്നത്. അതെ, ബ്രോഷറിൽ നോക്കിയാൽ അറിയാം, ഞങ്ങൾക്ക് അമേരിക്കയിലും യൂറോപ്പിലും എല്ലാം ശാഖകളുണ്ട്. അടുത്ത പത്ത് വർഷത്തേയ്ക്കുള്ള ബുക്കിങ്ങ് ഞങ്ങൾക്ക് ലഭിച്ചു കഴിഞ്ഞുവെന്നും പറയട്ടെ.

ശരി, അപ്പോൾ എന്താണ് ഞങ്ങൾ നൽകുന്ന സേവനം? അതിന് മുമ്പ് നമ്മുടെ ഭൂമി നേരിടാൻ പോകുന്ന ഒരു വലിയ ദുരന്തത്തിനെക്കുറിച്ച് ചെറുതായി വിശദീകരിക്കാം. കേൾക്കുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. പക്ഷേ, അതാണ് സത്യം. നമ്മുടെ ഭൂമി സെമിത്തേരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ജപ്പാനിൽ ലോട്ടറി സമ്മാനമായി ശവമടക്കാനുള്ള സ്ഥലം കൊടുക്കുന്നു എന്ന വാർത്ത നിങ്ങൾ കേട്ടിരിക്കും. നമുക്ക് അതൊരു കൌതുകവാർത്തയാണെങ്കിലും വലിയൊരു ആശങ്കയ്ക്കുള്ള വാതിൽ കൂടിയാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം അടക്കാൻ സ്ഥലമില്ലെങ്കിൽ എന്ത് ചെയ്യും? ഉയർന്ന വൈദ്യുതി നിരക്കും പരിപാലിക്കാനുള്ള ബുദ്ധിമുട്ടും കാരണം ഇലക്ട്രിക് ശ്മശാനങ്ങൾ ഓരോന്നായി അടച്ചു പൂട്ടുകയാണ്. ശവപ്പറമ്പുകൾ പോലും ആളുകൾ വിലയ്ക്കെടുത്ത് കൂറ്റൻ ഫ്ലാറ്റുകളും ഷോപ്പിങ് മാളുകളും പണിയുകയാണ്. എന്ന് വച്ചാൽ സാമൂഹികമായും പാരിസ്ഥിതികമായും ഈ അടക്കാനാവാത്ത ശവങ്ങൾ നമ്മളെ ശ്വാസം മുട്ടിക്കാൻ പോകുന്നു…’

ഇത്രയും കേട്ടപ്പോൾത്തന്നെ ഐസക്കിന് ശ്വാസം മുട്ടാൻ തുടങ്ങി. അയാൾ മേരിയോട് കണ്ണുകൊണ്ട് ‘പോകാം‘ എന്ന ആംഗ്യം കാണിച്ചു. മേരി ദേഷ്യഭാവത്തിൽ നെറ്റി ചുളിച്ച് അവിടെയിരിക്ക് എന്ന് പറഞ്ഞു.

പരുൾ പാണ്ഡേ തുടർന്നു : ‘അനന്തമായ ഒരു പ്രപഞ്ചം നമുക്കുള്ളപ്പോൾ ഈ ഭൂമിയിൽ ഒതുങ്ങിക്കൂടുന്നതെന്തിന് എന്നതായിരുന്നു എന്റെ ആദ്യത്തെ സംശയം. എന്തിന് അനുദിനം ദുർബലയായിക്കൊണ്ടിരിക്കുന്ന ഈ ഭൂമിയെ വീണ്ടും വീണ്ടും ശവമടക്കാനുള്ള സ്ഥലം മാത്രമായി ചുരുക്കണം? ഞാൻ എന്റെ സഹപ്രവർത്തകരുമായി ആലോചിച്ചു. അവരും എന്റെയൊപ്പം അനേകം ഗവേഷണങ്ങളിൽ ഏർപ്പെട്ടു. അവസാനം ഞങ്ങൾ ഒരു പരിഹാരം കണ്ടെത്തി. ‘ശൂന്യാകാശം’‘

അപ്പോൾ ഹാളിലെ വിളക്കുകൾ അണഞ്ഞു. പ്രൊജക്റ്ററിൽ നിന്നും സ്ക്രീനിലേയ്ക്കുള്ള ദൃശ്യം മാത്രം തെളിഞ്ഞു. നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞ ആകാശത്തിന്റെ വീഡിയോ ആയിരുന്നത്.

‘നോക്കൂ…ഈ പ്രപഞ്ചം അനന്തമാണ്. അതിന് ഒരു അതിരു കണ്ടെത്തുക സാധ്യമല്ല. നമുക്ക് കാണാവുന്നിടത്തോളം പ്രപഞ്ചത്തിന്റെ ദൃശ്യങ്ങൾ മാത്രമാണിത്. അതിനുമപ്പുറം എത്രയോ പരന്ന് കിടക്കുന്നതാണ് ഈ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം. കോടാനുകോടി ഗ്രഹങ്ങളും ഉൽക്കകളും നക്ഷത്രങ്ങളും ഗാലക്സികളും….അവിശ്വസനീയം അല്ലേ? എന്നാൽ ഈ അവിശ്വസനീയതയാണ് ഞങ്ങൾ ഉപയോഗപ്പെടുത്തുന്നത്. അതെന്താണെന്ന് പറയാം’

‘ഭൂമിയിൽ നമ്മുടെ മരണപ്പെട്ട ബന്ധുക്കൾക്ക് ആകാശത്തിൽ സ്ഥലം നൽകുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. പരീക്ഷണാടിസ്ഥാനത്തിൽ ഞങ്ങൾ റോക്കറ്റുകൾ വഴി ഡമ്മി ബോഡികൾ ശൂന്യാകാശത്തിൽ ഉപേക്ഷിച്ചു. അവയെല്ലാം നമ്മുടെ താരാപഥത്തിൽ ഒഴുകി നടക്കുന്നു. അടുത്ത പടിയായി ശരിക്കും മനുഷ്യന്റെ മൃതദേഹങ്ങൾ അഞ്ചെണ്ണം ഞങ്ങൾ റോക്കറ്റിൽ കയറ്റി അയച്ചു. അവയേയും പ്രപഞ്ചത്തിൽ ഉപേക്ഷിച്ച് റോക്കറ്റുകൾ തിരിച്ചെത്തി. അങ്ങിനെ ഞങ്ങൾ ഒരു അമേരിക്കൻ റോക്കറ്റ് നിർമ്മാണ കമ്പനിയുമായി ധാരണയിലെത്തിയതിന്റെ ഫലമാണ് ഈ കമ്പനി. ഇനി നിങ്ങൾക്കും ശ്മശാനം തേടി അലയണ്ട. ഭൂമിയിലെന്ന പോലെ പരേതരുടെ ആത്മാക്കൾക്ക് ആകാശത്ത് സ്വർഗം തേടാം. ചിലപ്പോൾ കണ്ടെത്താനും സാധിച്ചാലോ അല്ലേ? ഇതിന് വലിയ തുകയൊന്നും ഞങ്ങൾ ഈടാക്കുന്നില്ല. വർദ്ധിച്ചു വരുന്ന ആവശ്യക്കാർ തന്നെ കാരണം. അടുത്ത പത്ത് വർഷത്തേയ്ക്കുള്ള ബുക്കിങ് ഇതിനകം തന്നെ ആയിക്കഴിഞ്ഞൂ എന്ന് പറയുമ്പോൾത്തന്നെ ഊഹിക്കാമല്ലോ. കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർക്ക് എപ്പോൾ വേണമെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഞങ്ങളുടെ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.’

പരുൾ അത്രയും പറഞ്ഞതിന് ശേഷം പ്രൊജക്റ്റർ കെടുത്തി. ഹാളിൽ വിളക്കുകൾ തെളിഞ്ഞു. ഒരു മരണവീട് പോലെ നിശ്ശബ്ദത അവിടെ നിറഞ്ഞു. ആരൊക്കെയോ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്ന ഒച്ച കേൾക്കാമായിരുന്നു.

‘വാ, പോകാം’ ഐസക്ക് പറഞ്ഞു. അയാളുടെ വിളറിയ മുഖം കണ്ടിട്ടാകനം, മേരി ഒന്നും പറയാതെ എഴുന്നേറ്റു.

3

അപ്പച്ചൻ കേൾക്കുമെന്നതുകൊണ്ടായിരിക്കും മേരി ശബ്ദം താഴ്ത്തിയാണ് വഴക്കിട്ടത്. അവളുടെ അഭിപ്രായത്തിൽ എത്രയും വേഗം അപ്പച്ചനുള്ള സീറ്റ് ബുക്ക് ചെയ്യണമെന്നാണ്. നാട്ടിലേയ്ക്ക് ശവവും കൊണ്ടു പോയി അവിടെ അടക്കാൻ പറ്റാതെ തിരിച്ച് എത്തിക്കുന്നതിനേക്കാൾ നല്ലതാണ് ഇപ്പോഴേ ഉറപ്പുള്ള ഒരു സ്ഥലം ബുക്ക് ചെയ്യുന്നതെന്നായിരുന്നു അവളുടെ വാദം.

‘എടീ, മണ്ണിടുക എന്നൊരു ചടങ്ങുണ്ട് നിനക്കറിയാമോ? എന്നാലേ അപ്പച്ചനെ യാത്രയാക്കിയെന്നാവൂ…ഇത് ശരിയാവില്ല…അപ്പച്ചനെ അങ്ങനെ ആകാശത്തേക്ക് വിടാനൊന്നും പറ്റില്ല’ ഐസക്ക് അമർത്തിയ ശബ്ദത്തിൽ പറഞ്ഞു.

‘മണ്ണിടണ്ടന്ന് ആരാ പറഞ്ഞേ? അതൊക്കെ കയറ്റി അയക്കേണേനും മുന്നേ ചെയ്താപ്പോരേ? ഈ വീട്ടിത്തന്നെ ചെയ്യാലോ..എന്നിട്ട് ബാക്കിയെല്ലാം അവർ നോക്കിക്കോളും എന്നല്ലേ പറഞ്ഞേ…ഇതിയാന് പിന്നെന്നാ വേണ്ടേ?’

‘എന്നാലും മേരീ…അപ്പച്ചനെ അങ്ങനങ്ങ്…’

‘ഒരെന്നാലുമില്ല….ഇതിയാൻ നാളെത്തന്നെ പോയി അപ്പച്ചനുള്ള സ്ഥലം ബുക്ക് ചെയ്യ്’

അപ്പോൾ അപ്പച്ചന്റെ മുറിയിൽ നിന്നും എന്തോ ഒച്ച കേട്ടു. ഐസക്ക് ഓടിപ്പോയി നോക്കിയപ്പോൾ കട്ടിലിൽ നിന്നും വീഴാൻ പാകത്തിന് ഒരു അറ്റത്തെത്തിയിരിക്കുകയാണ് അപ്പച്ചൻ.

‘അപ്പച്ചാ..ഇപ്പോ ഇത് എന്നാത്തിനാ?’

‘ഞരക്കം മതിയാക്കി അപ്പച്ചൻ കുറേ നേരം ദീർഘശ്വാസം വലിച്ചു. ഒരു വിധം സംസാരിക്കാം എന്നായപ്പോൾ ഐസക്കിന്റെ തലയിൽ കൈ വച്ചു. അതെന്തിനാണെന്ന് മനസ്സിലായ ഐസക്ക് ചെവി അപ്പച്ചന്റെ മുഖത്തോട് അടുപ്പിച്ചു.

‘മോനേ…എന്നെ എന്റെ ത്രേസ്യാകൊച്ചിന്റട്ത്ത് തന്നെ അടക്കണം ട്ടാ…അല്ലാണ്ട് ഇവടന്നും വേണ്ട…എനക്ക് നമ്മടെ നാട്ടിലെ പള്ളീല്ത്തന്നെ കെടക്കണം’

‘ഓ…ശരി അപ്പച്ചാ…’ ദേഷ്യം മറച്ചു വയ്ക്കാതെ അയാൾ പറഞ്ഞു. അടുത്ത ദിവസം തന്നെ അപ്പച്ചന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കണമെന്നും ഉറപ്പിച്ചു. മേരി പറഞ്ഞത് ശരിയാണ്. എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഒരു ശവമടക്ക്. കുർബാനയും ഒപ്പീസും ഒക്കെ കഴിഞ്ഞാൽ അവർ വന്ന് ശവം കൊണ്ടു പോയ്ക്കോളും. പിന്നെ അപ്പച്ചന് സ്വർഗരാജ്യം അന്വേഷിച്ച് ശൂന്യാകാശത്തിൽ….

ഓർത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു.

4

മാർക്കറ്റിങ് മാനേജറുമായി സംസാരിക്കുകയായിരുന്നു അയാൾ. അതിനിടയിൽ ഒരു പെൺകുട്ടി പൂരിപ്പിക്കാനുള്ള കടലാസുകളുടെ കെട്ടുമായി വന്നു.

‘മി. ഐസക്ക്, നിങ്ങൾ ഏത് സ്കീം ആണ് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നത്?‘

‘സ്കീം?’

‘അതെ, മൂന്ന് മാസം, ആറ് മാസം അങ്ങിനെ സ്കീം ഉണ്ട് ഞങ്ങൾക്ക്. മരിണസാധ്യതയുടെ തോത് അനുസരിച്ച് നിങ്ങൾക്കത് തീരുമാനിക്കാവുന്നതാണ്. നിങ്ങൾക്കറിയാമല്ലോ, കൃത്യമായ ഒരു ഊഹമില്ലാതെ ഞങ്ങൾക്ക് ബഹിരാകാശയാത്രകൾ ആസൂത്രണം ചെയ്യാനാവില്ല. അത് നിങ്ങൾക്കും ഞങ്ങൾക്കും വരുത്തി വയ്ക്കുന്ന നഷ്ടം അത്ര ചെറുതല്ല. ഞങ്ങളുടെ കസ്റ്റമേഴ്സെല്ലാം കൃത്യമായ തിയ്യതിയും ഉറപ്പിച്ചിട്ടാണ് വരാറുള്ളത്.’

ഐസക്ക് അല്പ നേരം ആലോചിച്ചു. അപ്പച്ചൻ എത്ര നാൾ കിടക്കും എന്നൊന്നും ഡോക്ടർമാർ പറഞ്ഞിരുന്നില്ല. ചോദിച്ചതുമില്ല. എങ്ങിനെ ചോദിക്കും? ഒരു പക്ഷേ മേരി ചോദിച്ചിരിക്കും. എന്നാലും എല്ലാ ഡോക്ടർമാരും ഒരേ പോലെ കൈ വിടുമ്പോൾ അധികകാലം ഇങ്ങനെ കിടക്കാൻ വഴിയില്ല.

‘മൂന്ന് മാസം…ആ സ്കീം മതി’ ഐസക്ക് പറഞ്ഞു.

‘ആർ യൂ ഷുവർ?’

‘യെസ്…പക്ഷേ….’

‘ഹ ഹാ…നിങ്ങളുടെ വ്യാകുലത എനിക്ക് മനസ്സിലായി. പേടിക്കണ്ട…നിങ്ങൾക്ക് സമ്മതമാണെങ്കിൽ മൂന്ന് മാസം മതിയാകുമെന്ന് ഞങ്ങൾ ഉറപ്പ് തരാം…പരിചയസമ്പന്നരായ ഡോക്ടർമാർ ഞങ്ങളുടെ അടുത്തുണ്ട്.’

‘എന്നു വച്ചാൽ?’

‘മി. ഐസക്ക്…അങ്ങിനെയൊക്കെ ചോദിച്ചാൽ….നിങ്ങൾ തന്നെ ശരിക്കും ഒന്നാലോചിക്കൂ. എന്തിനാണ് ഇങ്ങനെയൊരു കമ്പനി? എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇത്രയും കസ്റ്റമേഴ്സ്?..’

‘ഉം…എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്തായാലും മൂന്ന് മാസം മതി’

അയാൾ കടലാസുകൾ എല്ലാം പൂരിപ്പിച്ച് അഡ് വാൻസ് കൊടുത്തു.

‘പേടിക്കണ്ട. മരണാനന്തര ചടങ്ങുകളെല്ലാം നിങ്ങളുടെ രീതിയിൽ ഞങ്ങൾ നടത്തിത്തരും. സൌജന്യമായി…’

ഐസക്ക് തലയാട്ടി. ടൈ കെട്ടിയ ആ വെളുത്ത രൂപത്തിന് ഷേക്ക് ഹാന്റ് കൊടുത്ത് പുറത്തിറങ്ങി. നേരം സന്ധ്യയായിരുന്നു. ശീതീകരിച്ച മുറിയിൽ നിന്നും പെട്ടെന്ന് പുറം ലോകത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ തൊണ്ട വരണ്ടു. ചുട്ടു പൊള്ളിയ ഒരു ദിവസത്തിന്റെ ഉഷ്ണം മുഴുവൻ അഴിച്ചുവിട്ടതു പോലെയുണ്ടായിരുന്നു.

അയാൾ മേരിയെ വിളിച്ച് വിവരങ്ങൾ എല്ലാം അറിയിച്ചു. മേരിയിൽ നിന്നും ആശ്വാസത്തിന്റെ ഒരു മൂളൽ കേട്ടു. അയാൾ തിരക്കി നീങ്ങുന്ന റോഡിലേയ്ക്ക് കാറെടുത്തു. നഗരത്തിലെ മുന്തിയ ബാറുകളിലൊന്നിനെ ലക്ഷ്യമായി നീങ്ങി.

ടെറസിലെ ഓപ്പൺ ബാറിലിരുന്ന് തണുത്ത ബിയർ രുചിക്കുമ്പോൾ അയാൾക്ക് അപ്പച്ചനെ ഓർമ്മ വന്നു. എന്തോ ഒരു തോന്നലിൽ അയാൾ വീതിയുള്ള സോഫയിൽ കാലുകൾ നീട്ടിയിരുന്നു. ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു.

അപ്പോൾ അയാൾക്ക് കുട്ടിക്കാലത്ത് അപ്പച്ചൻ പറഞ്ഞു കൊടുത്തത് ഓർമ്മ വന്നു : ‘മോനേ…ആകാശത്ത് ആ തിളങ്ങണത് കണ്ടാ, അത് മരിച്ചു പോയവരുടെ ആത്മാക്കളാണ്‘.


- സമകാലിക മലയാളം വാരിക, നവമ്പർ 2013

Sunday, September 22, 2013

എന്താണെന്റെ പേര്? - പി സത്യവതി



ഒരു യുവതി, വീട്ടമ്മയാകുന്നതിന് മുമ്പ്. വിദ്യാഭ്യാസമുള്ള, നല്ല സ്വഭാവമുള്ള, ബുദ്ധിമതിയായ, കാര്യപ്രാപ്തിയുള്ള, നർമ്മബോധമുള്ള, സുന്ദരിയായ ഒരു യുവതി.

അവളുടെ സൌന്ദര്യത്തിലും ബുദ്ധിയിലും മയങ്ങി, അവളുടെ അച്ഛൻ വാഗ്ദാനം ചെയ്ത സ്ത്രീധനത്തിൽ വീണ് ഒരു ചെറുപ്പക്കാരൻ അവളുടെ കഴുത്തിൽ മിന്നു കെട്ടി, അവളെ വീട്ടമ്മയാക്കിയിട്ട് പറഞ്ഞു, ‘നോക്കൂ, കുട്ടീ, ഇത് നിന്റെ വീടാണ്. അവൾ ഉടനേ സാരിത്തലപ്പ് ഇടുപ്പിൽ തിരുകി വീട് മുഴുവൻ വൃത്തിയാക്കി നിലത്ത് കോലം വരച്ചു. ചെറുപ്പക്കാരൻ അവളുടെ ജോലിയെ അഭിനന്ദിച്ചു. ‘നീ നിലം തുടയ്ക്കുന്നതിൽ സമർഥയാണ് – കോലം വരയ്ക്കുന്നതിൽ അതിനേക്കാൾ മിടുക്കി. സബാഷ്…കീപ് ഇറ്റ് അപ്’. അയാൾ അവളുടെ തോളിൽ തട്ടി അഭിനന്ദിച്ചു കൊണ്ട് ഇംഗ്ലീഷിൽ പറഞ്ഞു. അതിൽ മതിമറന്ന ആ വീട്ടമ്മ, നിലം തുടയ്ക്കുന്നത് തന്റെ പ്രധാന ജീവിതലക്ഷ്യമായി കണക്കാക്കി ജീവിക്കാൻ തുടങ്ങി. അവൾ എപ്പോഴും ഒരു പൊട്ടു പോലുമില്ലാത്ത വിധം വീട് വൃത്തിയാക്കി നിലത്ത് പല നിറങ്ങളിലുള്ള കോലങ്ങൾ വരച്ചു കൊണ്ടിരുന്നു. അങ്ങിനെ അവളുടെ ജിവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു, നിലം തുടയ്ക്കാനുള്ള തുണിയും കോലപ്പൊടിയും നിലയ്ക്കാതെ എത്തിക്കൊണ്ടിരുന്നു.

ഒരു ദിവസം നിലം തുടയ്ക്കുമ്പോൾ വീട്ടമ്മ പെട്ടെന്ന് തന്നോട് തന്നെ ചോദിച്ചു, ‘എന്റെ പേരെന്താണ്? ആ ചോദ്യം അവളെ ഞെട്ടിച്ചു. നിലം തുടയ്ക്കുന്ന തുണിയും കോലപ്പൊടി നിറച്ച ഡബ്ബയും അവിടെത്തന്നെ ഉപേക്ഷിച്ച് അവൾ ജനലരികിൽ നിന്ന് തലചൊറിഞ്ഞു, ആലോചനകളിൽ മുഴുകി. ‘എന്റെ പേരെന്താണ്? എന്റെ പേരെന്താണ്? റോഡിനെതിരേയുള്ള വീടുകളിൽ പേരെഴുതിയ പലകകൾ ഉണ്ടായിരുന്നു. മിസ്സിസ് എം. സുഹാസിനി, എം.എ, പി എച്ച് ഡി, പ്രിൻസിപ്പാൾ, ‘എക്സ്’ കോളേജ്, അതെ, അവളുടെ അയൽക്കാരിയെപ്പോലെ അവൾക്കും ഒരു പേരുണ്ടായിരുന്നു – ഞാനെങ്ങനെ അത് മറന്നു പോയി? നിലം തുടച്ച് തുടച്ച് ഞാനെന്റെ പേര് മറന്നിരിക്കുന്നു – ഇനിയെന്ത് ചെയ്യും? വീട്ടമ്മ അങ്കലാപ്പിലായി. അവളുടെ മനസ്സ് അസ്വസ്ഥമായി. എങ്ങിനെയൊക്കെയോ അവൾ കോലം വരച്ചു തീർത്തു.

അപ്പോൾ വേലക്കാരി വന്നു. അവൾക്കെങ്കിലും ഓർമ്മയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് വീട്ടമ്മ ചോദിച്ചു, ‘നോക്കൂ കുട്ടീ, നിനക്കെന്റെ പേര് ഓർമ്മയുണ്ടോ?’

‘എന്താണത്, അമ്മാ?’  ആ പെൺകുട്ടി ചോദിച്ചു. ‘കൊച്ചമ്മമാരുടെ പേരറിഞ്ഞിട്ട് ഞങ്ങൾക്കെന്തിനാണ്? നിങ്ങൾ ഞങ്ങൾക്ക് ഒരു കൊച്ചമ്മ മാത്രമാണ് – വെള്ള നിറമുള്ള വീട്ടിലെ, താഴത്തെ നിലയിലുള്ള കൊച്ചമ്മ എന്ന് പറഞ്ഞാൽ നിങ്ങളാണ്‘.

‘അതെ, ശരിയാണ്, നിങ്ങൾക്കെങ്ങിനെ അറിയും, കഷ്ടം.’ വീട്ടമ്മ മനസ്സിൽ പറഞ്ഞു.

ഉച്ചയ്ക്ക് കുട്ടികൾ സ്കൂളിൽ നിന്നും ഊണ് കഴിക്കാൻ വന്നു. ‘കുട്ടികളെക്കെങ്കിലും എന്റെ പേര് ഓർമ്മ കാണുമായിരിക്കും’ – വീട്ടമ്മ പ്രതീക്ഷിച്ചു.

‘നോക്ക് മക്കളേ, നിങ്ങൾക്ക് എന്റെ പേരറിയാമോ?’ അവൾ ചോദിച്ചു.

അവർ അമ്പരന്നുപോയി.

‘നിങ്ങൾ അമ്മയാണ് – അമ്മ എന്നാണ് പേര് – ഞങ്ങൾ ജനിച്ചപ്പോൾ മുതൽ ഞങ്ങൾക്ക് അങ്ങിനെയേ അറിയാവൂ, ഇവിടെ കത്തുകൾ അച്ഛന്റെ പേരിൽ മാത്രമേ വരാറുള്ളൂ – എല്ലാവരും അച്ഛനെ പേര് വിളിക്കുന്നത് കൊണ്ട് അച്ഛന്റെ പേരറിയാം. – നിങ്ങൾ ഒരിക്കലും പേര് പറഞ്ഞു തന്നിട്ടില്ല –നിങ്ങളുടെ പേരിൽ കത്തുകളൊന്നും വരാറുമില്ല’ കുട്ടികൾ തുറന്ന് പറഞ്ഞു. ‘അതെ, എനിക്കാരാണ് കത്തയക്കുക? അച്ഛനും അമ്മയും മാസത്തിലൊരിക്കൽ ഫോൺ ചെയ്യുക മാത്രമേയുള്ളൂ. എന്റെ സഹോദരിമാരും അവരുടെ വീട് വൃത്തിയാക്കുന്നതിൽ തിരക്കാണ്. അവരെ കുങ്കും ചടങ്ങിന് കണ്ടുമുട്ടിയാലും, അവർ പുതിയ കോലങ്ങളെപ്പറ്റിയും, പുതിയ വിഭവങ്ങളെപ്പറ്റിയും സംസാരിച്ച് നേരം കളയും, പക്ഷേ കത്തുകളൊന്നുമില്ല!‘ വീട്ടമ്മയ്ക്ക് നൈരാശ്യമായി – സ്വന്തം പേര് അറിയാനുള്ള ആഗ്രഹം അവളിൽ കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു.

ഒരു അയൽക്കാരി അവളെ കുങ്കും ചടങ്ങിന് ക്ഷണിക്കാൻ വന്നു. വീട്ടമ്മ അയൽക്കാരിയോട് അവരെങ്കിലും അവളുടെ പേര് ഓർത്തിരിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിൽ ചോദിച്ചു. ചിരിച്ചു കൊണ്ട് ആ സ്ത്രീ പറഞ്ഞു, ‘എന്തുകൊണ്ടോ ഞാനൊരിക്കലും നിന്റെ പേര് ചോദിച്ചിട്ടുമില്ല നീയൊട്ട് പറഞ്ഞിട്ടുമില്ല. വലതുവശത്തെ, വെള്ള വീട്, അല്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ മാനേജറുടെ ഭാര്യ, അതുമല്ലെങ്കിൽ വെളുത്ത് ഉയരമുള്ള പെണ്ണ്, അങ്ങിനെയാണ് ഞങ്ങൾ നിന്നെപ്പറ്റി പറയാറുള്ളത്, അത്രേയുള്ളൂ. ആ വീട്ടമ്മയ്ക്ക് അത്രയുമേ പറയാനുണ്ടായിരുന്നുള്ളൂ.

ഒരു കാര്യവുമില്ല. എന്റെ മക്കളുടെ കൂട്ടുകാർ പോലും എന്തായിരിക്കും പറയുക – അവർക്ക് എന്നെ കമലയുടെ അമ്മ അല്ലെങ്കിൽ ഒരു ആന്റി മാത്രമാണ് – ഇനി എന്റെ ബഹുമാനപ്പെട്ട ഭർത്താവിനേ സഹായിക്കാൻ പറ്റൂ – ആരെങ്കിലും ഓർത്തിരിക്കുന്നുണ്ടെങ്കിൽ, അത് അദ്ദേഹം മാത്രമേ ആകാനിടയുള്ളൂ.

അത്താഴത്തിന്റെ സമയത്ത് അവൾ അയാളോട് ചോദിച്ചു, ‘ഒന്ന് നോക്കൂ, ഞാനെന്റെ പേര് മറന്നു പോയി – നിങ്ങൾക്ക് ഓർമ്മയുണ്ടെങ്കിൽ ഒന്ന് പറയാമോ?’

ബഹുമാനപ്പെട്ട ഭർത്താവ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘എന്തായിത് മോളേ, ഇതിനു മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ലല്ലോ, നീ നിന്റെ പേരിനെക്കുറിച്ച് സംസാരിക്കുന്നത്. നമ്മുടെ വിവാഹം കഴിഞ്ഞപ്പോൾത്തൊട്ട് ഞാൻ നിന്നെ യെമോയ് എന്നേ വിളിച്ചിട്ടുള്ളൂ. നീയും ഒരിക്കലും നിന്നെ അങ്ങിനെ വിളിക്കരുതെന്നും നിനക്കൊരു പേരുണ്ടെന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ എന്തു പറ്റി? എല്ലാവരും നിന്നെ മിസ്സിസ് മൂർത്തി എന്നാണ് വിളിക്കുന്നത്, അല്ലേ?

മിസ്സിസ്സ് മൂർത്തി അല്ല, എനിക്ക് എന്റെ സ്വന്തം പേരാണ് അറിയേണ്ടത് – ഞാനിനി എന്ത് ചെയ്യും?’ അവൾ വേദനയോടെ പറഞ്ഞു.

‘അതിനെന്താ, നീ ഒരു പുതിയ പേര് കണ്ടെത്തൂ, ഏതെങ്കിലും ഒരു പേര്.’ ഭർത്താവ് ഉപദേശിച്ചു.

‘നന്നായിരിക്കുന്നു – നിങ്ങളുടെ പേര് സത്യനാരായണ മുർത്തി; ഞാൻ നിങ്ങളോട് നിങ്ങളുടെ പേര് ശിവ റാവു അല്ലെങ്കിൽ സുന്ദര റാവു എന്നാക്കാൻ പറഞ്ഞാൽ നിങ്ങൾ മിണ്ടാതിരിക്കുമോ? എനിക്ക് എന്റെ പേര് മാത്രം മതി’ അവൾ പറഞ്ഞു.

‘ശരി, നീയൊരു വിദ്യാഭ്യാസമുള്ള പെണ്ണാണ് – നിന്റെ പേര് സർട്ടിഫിക്കറ്റിൽ കാണുമല്ലോ – നിനക്ക് അത്ര പോലും വെളിവില്ലേ – പോയി അതെവിടെയെന്ന് നോക്ക്’ അയാൾ അവളെ ഉപദേശിച്ചു.

വീട്ടമ്മ സർട്ടിഫിക്കറ്റിനായി തീവ്രമായി തിരയാൻ തുടങ്ങി, അലമാരയിൽ - പട്ടുസാരികൾ, ഷിഫോൺ സാരികൾ, ഹന്റ്ലൂം സാരികൾ, വോയിൽ സാരികൾ, മാച്ചിങ് ബ്ലൌസുകൾ, പെറ്റിക്കോട്ടുകൾ, വളകൾ, മുത്ത്, മൂക്കുത്തി, കുങ്കുമം, വെള്ളിപ്പാത്രങ്ങൾ, ചന്ദനം അരച്ചു വയ്ക്കാനുള്ള വെള്ളി കോപ്പകൾ, ആഭരണങ്ങൾ, എല്ലാം മനോഹരമായി അടുക്കി വച്ചിരിക്കുന്നു. എവിടേയും സർട്ടിഫിക്കറ്റ് കണ്ടില്ല. അതെ – വിവാഹത്തിന് ശേഷം അവൾ സർട്ടിഫിക്കറ്റുകൾ സുക്ഷിച്ചു വയ്ക്കാൻ ശ്രദ്ധിച്ചതേയില്ല.

‘അതെ – ഞാനത് ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല – ഞാൻ വീട്ടിലേയ്ക്ക് പോയി സർട്ടിഫിക്കറ്റുകൾ തിരഞ്ഞ് എന്റെ പേര് കണ്ടുപിടിച്ച് കുറച്ചു ദിവസം കഴിഞ്ഞ് വരാം’. അവൾ ഭർത്താവിനോട് അനുവാദം ചോദിച്ചു. ‘അതു നന്നായി, നിന്റെ പേരിനു വേണ്ടി മാത്രം പോകണോ? നീ പോയാൽ അത്രയും ദിവസം ആര് വീട് വൃത്തിയാക്കും? അവളുടെ ഭഗവാൻ പറഞ്ഞു. അതെ, അത് ശരിയാണ് – കാരണം അവൾ മറ്റുള്ളവരേക്കാൾ നന്നായി വൃത്തിയാക്കും, അവൾ വേറെ ആരേയും ആ പണി ചെയ്യാൻ അനുവദിച്ചിട്ടില്ല. എല്ലാവരും അവരവരുടെ ജോലികളുമായി തിരക്കിലാണ്. അദ്ദേഹത്തിന് ഓഫീസ് – കുട്ടികൾക്ക് പഠനം. അവർ ഇതിനെക്കുറിച്ച് എന്തിന് ആലോചിക്കണം, എല്ലാം അവൾ ചെയ്യുന്നുണ്ടല്ലോ – അവർക്ക് എങ്ങിനെ ചെയ്യണമെന്ന് പോലും അറിയില്ല, തീർച്ചയായും!

എന്നാലും, സ്വന്തം പേര് അറിയാതെ എങ്ങിനെ ജീവിക്കും? ആ ചോദ്യം വരുന്നതിന് മുമ്പ് എല്ലാം കുഴപ്പമൊന്നുമില്ലാതെ നീങ്ങിയിരുന്നു, ഇപ്പോൾ പേരറിയാതെ ജിവിക്കാൻ പ്രയാസമായിരിക്കുന്നു.

‘രണ്ട് ദിവസത്തേയ്ക്ക് എങ്ങിനെയെങ്കിലും സഹിക്കൂ – എനിക്ക് പേര് കണ്ടെത്തും വരെ സ്വസ്ഥമായി ജിവിക്കാൻ കഴിയില്ല, അവൾ ഭർത്താവിനോട് കരഞ്ഞപേക്ഷിച്ച് ഒരു തരത്തിൽ അനുവാദം വാങ്ങി.

‘എന്താ മോളേ, പെട്ടെന്നൊരു വരവ്? നിന്റെ ഭർത്താവിനും കുട്ടികൾക്കും സുഖമല്ലേ? നീ എന്താ ഒറ്റയ്ക്ക് വന്നത്?’

മാതാപിതാക്കളുടെ സ്നേഹപുർവ്വമുള്ള ചോദ്യങ്ങൾക്ക് കുമ്പ് അവിടെയൊരു സംശയത്തിന്റെ നിഴലുണ്ടായിരുന്നു. വന്ന കാര്യം പെട്ടെന്ന് ഓർത്തെടുത്ത് അവൾ അമ്മയോട് ചോദിച്ചു, ‘അമ്മാ, എന്റെ പേരെന്താണ്?’

‘എന്തായിത് മോളേ? നീ ഞങ്ങളുടെ മൂത്ത മകളാണ്. നിന്നെ ബി എ വരെ ഞങ്ങൾ പഠിപ്പിച്ചു, അമ്പതിനായിരം രൂപ സ്ത്രീധനം കൊടുത്ത് കല്യാണം കഴിപ്പിച്ചു. നിന്റെ രണ്ട് പ്രസവവും നോക്കി – ഓരോ തവണയും പ്രസവത്തിന്റെ ചിലവെല്ലാം ഞങ്ങൾ തന്നെയാണ് നോക്കിയത്. നിനക്ക് രണ്ട് കുട്ടികളുണ്ട് – നിന്റെ ഭർത്താവിന് നല്ല ഉദ്യോഗമുണ്ട് – ഒരു നല്ല മനുഷ്യനുമാണ് – നിന്റെ കുട്ടികൾ നന്നായി പഠിക്കുന്നുണ്ട്.’

‘എന്റെ ചരിത്രമല്ല അമ്മാ, അമ്മാ –എന്റെ പേരാണ് എനിക്ക് വേണ്ടത്. അല്ലെങ്കിൽ എന്റെ സർട്ടിഫിക്കറ്റുകൾ എവിടെയാണെന്നെങ്കിലും പറയൂ.’

‘എനിക്കറിയില്ല മോളേ. ഇന്നാള് പഴയ പേപ്പറുകളും ഫയലുകളും വയ്ക്കുന്ന അലമാര വൃത്തിയാക്കി അതിൽ കുപ്പിപ്പാത്രങ്ങൾ വച്ചു. കുറച്ച് പ്രധാനപ്പെട്ട കടലാസുകൾ അട്ടത്ത് വച്ചു – നാളെ ഞങ്ങൾ തിരയാം. ഇപ്പോ എന്തിനാ ഇത്ര ധൃതി, നീ അതിനെക്കുറിച്ചോർത്ത് വിഷമിക്കല്ലേ – ഒന്ന് കുളിച്ച് ഊണ് കഴിക്ക്.’ അമ്മ പറഞ്ഞു.

വീട്ടമ്മ നന്നായൊന്ന് കുളിച്ച് ഊണ് കഴിച്ചു, പക്ഷേ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. വീട് വൃത്തിയാക്കുമ്പോൾ, സന്തോഷത്തോടെ മൂളിപ്പാട്ട് പാടി, ആഹ്ലാദത്തോടെ കോലം വരക്കുമ്പോൾ, സ്വന്തം പേര് മറന്നതുകൊണ്ട് ഇത്രയും പ്രശ്നങ്ങൾ വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

നേരം വെളുത്തു, എന്നിട്ടും സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചില്ല.

വീട്ടമ്മ കാണുന്നവരൊടെല്ലാം ചോദിക്കാൻ തുടങ്ങി – മരങ്ങളോട് ചോദിച്ചു – ഉറുമ്പിൻ പുറ്റിനോട് ചോദിച്ചു – കുളത്തിനോട് – അവൾ പഠിച്ചിരുന്ന സ്കൂളിനോട് ‌- കോളേജിനോട്. എല്ലാ ഒച്ചകൾക്കും ബഹളങ്ങൾക്കും ശേഷം അവൾ ഒരു കൂട്ടുകാരിയെ കണ്ടുമുട്ടി – പേര് കണ്ടെത്തി.

കൂട്ടുകാരിയും അവളെപ്പോലെയായിരുന്നു – വിവാഹിത, വീട്ടമ്മ, പക്ഷേ അവൾ വീട് വൃത്തിയാക്കുന്നത് ജീവിതലക്ഷ്യ്മായി കണ്ടിരുന്നില്ല; അത് ജിവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു അവൾക്ക്. അവൾക്ക് അവളുടെ പേരും കൂട്ടുകാരുടെ പേരുകളും ഓർമ്മയുണ്ടായിരുന്നു. ആ കൂട്ടുകാരി നമ്മുടെ വീട്ടമ്മയേയും തിരിച്ചറിഞ്ഞു.

‘ശാരദ! എന്റെ പൊന്നു ശാരദ!‘ അവൾ വിളിച്ചപ്പോൾ വീട്ടമ്മ അമ്പരന്നു പോയി. വീട്ടമ്മയ്ക്ക് താനൊരു വ്യക്തിയാണെന്ന് തോന്നി – ദാഹിച്ച് തൊണ്ട വരണ്ട് മരിക്കാനാകുമ്പോൾ മൺകൂജയിലെ തണുത്ത വെള്ളം കൊടുത്ത് ജിവൻ രക്ഷിച്ചു. കൂട്ടുകാരി ഒരു പുതിയ ജന്മം തന്നെയാണ് തന്നത്. ‘നീ ശാരദയാണ്. നീ പത്താം ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ ഒന്നാമതായിരുന്നു. നമ്മുടെ കോളേജിലെ പാട്ടുമത്സരത്തിൽ നീ ഒന്നാമതെത്തിയിരുന്നു. നീ ചിത്രം വരയ്ക്കുമായിരുന്നു. നമ്മൾ മൊത്തം പത്ത് കൂട്ടുകാരികളുണ്ടായിരുന്നു  - ഞാൻ ഇടയ്ക്കൊക്കെ എല്ലാവരേയും കാണാറുണ്ട്. ഞങ്ങൾ പരസ്പരം കത്തുകളെഴുതാറുണ്ട്. നീ മാത്രമേ കൈവിട്ടു പോയുള്ളൂ! നീയിങ്ങനെ മാറിപ്പോയതെന്താ, പറയ്? അവളുടെ കൂട്ടുകാരി അവളെ ചോദ്യം ചെയ്തു.

‘അതേ, പ്രമീള – നീ പറഞ്ഞത് ശരിയാണ്. ഞാൻ ശാരദയാണ് – നീ പറയുന്നത് വരെ എനിക്കത് ഓർത്തെടുക്കാൻ പറ്റുന്നില്ലായിരുന്നു – എന്റെ മനസ്സിലെ അറകളെല്ലാം ഒരേയൊരു കാര്യത്തിനായി മാറ്റി വച്ചിരിക്കുകയായിരുന്നു – എങ്ങിനെ നന്നായി നിലം തുടയ്ക്കാം. ഞാൻ വേറൊന്നും ഓർത്തില്ല. നിന്നെ കണ്ടില്ലായിരുന്നെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചേനേ’, ശാരദ എന്ന പേരുള്ള വീട്ടമ്മ പറഞ്ഞു.

ശാരദ വീട്ടിലേയ്ക്ക് പോയി. അട്ടത്ത് കയറി സർട്ടിഫിക്കറ്റുകൾ കണ്ടുപിടിച്ചു, അവൾ വരച്ച ചിത്രങ്ങൾ, അവൾ തേടിയതെല്ലാം കണ്ടുപിടിച്ചു. കുറച്ചു കൂടി തിരഞ്ഞ് അവൾക്ക് സ്കൂളിലും കോളേജിലും വച്ച് കിട്ടിയ സമ്മാനങ്ങൾ കണ്ടെത്തി.

ആഹ്ലാദത്തിൽ മതിമറന്ന് അവൾ വീട്ടിലേയ്ക്ക് തിരിച്ച് പോയി.

‘നീയില്ലാത്തത് കൊണ്ട് വീടിന്റെ അവസ്ഥ നോക്ക് – ചന്ത പോലെയുണ്ട്. ഹോ നീ വന്നത് എത്ര ആശ്വാസമായി, ഇനി ഞങ്ങൾക്ക് ഉത്സവമാണ്’ ശാരദയുടെ ഭർത്താവ് പറഞ്ഞു.

‘നിലം തുടച്ചത് കൊണ്ട് മാത്രം ഉത്സവമാവില്ല! എന്തായാലും, ഇനി മുതൽ എന്നെ യോമോയ് ഗാമോയ് എന്നൊന്നും വിളിക്കരുത്.’

‘എന്റെ പേര് ശാരദ എന്നാണ് – എന്നെ ശാരദ എന്ന് വിളിക്കണം, മനസ്സിലായോ?’

അത്രയും പറഞ്ഞ് അവൾ ആഹ്ലാദത്തോടെ അകത്തേയ്ക്ക് പോയി.

എപ്പോഴും അച്ചടക്കത്തിൽ ശ്രദ്ധിച്ചിരുന്ന ശാരദ, എല്ലാ കോണിലും കണ്ണു വച്ചിരുന്ന, എപ്പോഴും എവിടെയെങ്കിലും പൊടിയുണ്ടോയെന്ന് നോക്കിയിരുന്ന, എല്ലാം നന്നായി അടുക്കി വച്ചിട്ടുണ്ടെന്ന് നോക്കിയിരുന്ന ശാരദ ഇപ്പോൾ തുടച്ചിട്ട് രണ്ട് ദിവസമായ സോഫയിൽ ഇരിക്കുന്നു. അവൾ കുട്ടികൾക്കായി കൊണ്ടു വന്ന അവളുടെ പെയിന്റിങുകളുടെ ആൽബം അവർക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.


പി സത്യവതി : ഫെമിനിസ്റ്റ് പ്രവർത്തക, തെലുഗിലെ മുൻ നിര എഴുത്തുകാരി. വിജയവാഡയിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. കഥകൾ മറ്റു ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.