Sunday, July 14, 2013

രാജസംവങ്കരാജ്യത്ത് വരൾച്ച കൊടികുത്തി. കൊടും ചൂടിൽ ദിക്കുകൾ എരിഞ്ഞു. ഉണക്കപ്പുല്ല് പോലും കിട്ടാതെ കന്നുകാലികൾ ചത്തൊടുങ്ങി. കുടിവെള്ളത്തിനായി കാതങ്ങളോളം നടന്ന് ജനം വീടും നാടും മറന്നു. മരങ്ങൾ കരിഞ്ഞു വീണു. പുഴകൾ വറ്റിവരണ്ടു. കൃഷിയിടങ്ങളിൽ ജീവനറ്റു.

ജഠരാഗ്നിയിൽ വങ്കരാജ്യം വലഞ്ഞു.

എന്നിട്ടും സൂതന്മാർ വങ്കരാജ്യത്തിന്റെ മഹിമകൾ പാടിനടന്നു. വരൾച്ചയും കൊടുമയും വെറും അഭ്യൂഹങ്ങളാണെന്ന് അയൽ രാജ്യങ്ങളിൽ വാർത്ത പരന്നു. കാരണം, തപ:ശക്തി കൊണ്ട് മഴ പെയ്യിക്കാനും ക്ഷാമം നീക്കുവാനും കഴിവുള്ള മഹർഷിമാർ വംശമറ്റിരുന്നു. ഋശ്യശൃംഗൻ മണ്ണടിഞ്ഞിട്ട് നൂറ്റാണ്ടുകളായിരിക്കുന്നു. ഒരു വൈശാലി ആരുടേയും മറവിയിൽ പോലും ഇല്ലായിരുന്നു. കൊട്ടാരം വൈദികന്മാർ ഹോമകുണ്ഠത്തിന്റെ മുന്നിലിരുന്ന് രാവും പകലും ഹോമങ്ങൾ തുടർന്നു. ചമത കീറി കൊട്ടാരം പണിയാളരുടെ നടുവൊടിഞ്ഞു. കത്തുന്ന പകലുകളിൽ ഹോമാഗ്നിയിൽ നിവേദിക്കുന്ന നെയ്യ് വാസന മാത്രം ചുറ്റും പരന്നു. മന്ത്രങ്ങളുടെ ഒച്ച തളർന്നു. ഒരു ദേവനും കേൾക്കാനാകാത്ത വിധം…..തദവസരം, സ്വർഗത്തിൽ പോലും പേരെടുത്ത മഹാരാജാവ് പള്ളിയുറക്കം കഴിഞ്ഞ് കണ്ണുകൾ തുറന്നു. തലേ ദിവസം അന്യനാട്ടിൽ നിന്നും വന്ന വണിക്കുകൾക്കായി വിരുന്നേർപ്പെടുത്തിയിരുന്നു. രാത്രി വൈകും വരെ ആട്ടവും പാട്ടും സൽക്കാരവും ഉണ്ടായിരുന്നു. മദ്യപിച്ചും കൊട്ടാരം ദാസിമാരുമായി സല്ലപിച്ചും രാത്രിയെത്ര വൈകിയെന്നറിയില്ല. പുലർന്നിട്ടിപ്പോൾ എത്ര നേരമെന്നുമറിയില്ല.

നൃത്തമണ്ഠപത്തിലെ ഒഴിഞ്ഞ മദ്യചഷകങ്ങളും വിരുന്നവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ദാസിമാരെയാണ് മഹാരാജാവ് കണി കണ്ടത്. സിംഹാസനത്തിൽ നിന്നും എപ്പോഴോ ഊർന്നുവീണ് നിലത്തെ വിലകൂടിയ പരവതാനിയിലായിരുന്നു അദ്ദേഹം പള്ളിയുറക്കം നടത്തിയത്. സ്ഥാനം തെറ്റിയ വസ്ത്രത്തിനിടയിലൂടെ തന്റെ വാർദ്ധക്യം ബാധിച്ച് ചുളിഞ്ഞ തൊലിയിലേയ്ക്ക് ദാസിമാർ അവജ്ഞയോടെ നോക്കിയിരിക്കുമോയെന്ന ചിന്ത തിരുമനസ്സിനെ വ്യാകലനാക്കി. ഒപ്പം തലേന്നത്തെ വീര്യത്തിന്റെ ബാക്കിപത്രമെന്ന നിലയിൽ തലയിൽ കനത്തിരിക്കുന്ന മേഘങ്ങൾ. കോട്ടുവായിട്ടപ്പോൾ മദ്യത്തിന്റെ പുളിച്ച നാറ്റം ശ്വസിച്ച് സ്വയം മൂക്ക് പൊത്തി.

‘മന്ത്രീ…’ മഹാരാജാവ് ക്ഷീണിച്ച സ്വരത്തിൽ വിളിച്ചു. കുളിച്ച്, അലക്കിത്തേച്ച വസ്ത്രങ്ങളണിഞ്ഞ് രാജാവിനേക്കാൾ മോടിയോടെ മന്ത്രി മുഖം കാണിച്ചു.

‘തിരുമനസ്സ് നീണാൽ വാഴട്ടെ’ മുട്ടോളം കുനിഞ്ഞ് മന്ത്രി അഭിവാദനം ചെയ്തു.

‘ഉം…’ രാജാവ് അരിശത്തോടെ എന്തോ പിറുപിറുത്തു.

‘ക്ഷമിക്കണം പ്രഭോ…അടിയന് മനസ്സിലായില്ല..എന്താണങ്ങയെ അലട്ടുന്നത്?’

‘അതറിയാൻ പോലും ബുദ്ധിയില്ലേ മന്ത്രിയ്ക്ക്?’

‘തിരുവുള്ളക്കേടുണ്ടാകരുത്…ഇന്നലെ രാത്രി അവിടുന്ന് എത്ര സന്തോഷവാ‍നായിരുന്നു..ആടിയും പാടിയും…ദാസിമാരൊത്ത്….’

രാജാവിന്റെ കത്തുന്ന നോട്ടത്തിൽ മന്ത്രിയ്ക്ക് വാക്കുകളറ്റു.

‘ദാസിമാർ…ഹും…ഈ പേക്കോലങ്ങളോ ദാസിമാർ? ദേഹത്ത് അല്പമെങ്കിലും മജ്ജയുള്ള ഒറ്റയൊരുത്തിയും ഇല്ലേ കൊട്ടാരത്തിൽ? ഈ പേക്കോലങ്ങളെയാണോ മന്ത്രി എനിക്കായി കണ്ടെത്തിയിരിക്കുന്നത്? അപമാനം തന്നെ..’

‘ക്ഷമിക്കണം പ്രഭോ…രാജ്യത്തെ ഏറ്റവും നല്ല പെൺ കുട്ടികളാണവർ…ബാക്കിയുള്ളത് അങ്ങയ്ക്ക് ഒന്ന് നോക്കാൻ പോലും പറ്റില്ല.’

‘നമ്മുടെ രാജ്യത്ത് തടിച്ചികൾ വംശമറ്റു പോയെന്നാണോ?’

‘ഇവർ ഒരുകാലത്ത് തടിച്ചികളായിരുന്നു പ്രഭോ…’

‘പിന്നെയെന്ത് പറ്റി?’

മന്ത്രി എന്തോ പറയാൻ തുനിഞ്ഞു, പക്ഷേ രാജകോപത്തിന് പാത്രമാകാൻ ഇഷ്ടമില്ലാത്തതിനാൽ മൌനം പാലിച്ചു.

അനന്തരം മഹാരാജാവ് അന്തപ്പുരത്തിലേയ്ക്ക് പോയി. മഹാറാണി മുഖം കറുപ്പിച്ച് നിൽക്കുന്നുണ്ടായിരുന്നു. ദുർമേദസ്സ് നിറഞ്ഞ ആ ശരീരത്തിനെ അവജ്ഞയോടെ നോക്കിയിട്ട് തിരുമനസ്സ് പ്രഭാതകൃത്യങ്ങൾക്കായി പുറപ്പെട്ടു. കൊട്ടാരത്തിലെ കൃത്രിമജലാശയത്തിൽ നീന്തിത്തുടിയ്ക്കേ അദ്ദേഹത്തിന് ചെറുപ്പകാലം ഓർമ്മ വന്നു. അതെന്ത് മനോഹരമായിരുന്നെന്ന് മനസ്സിൽ വിഷാദത്തോടെ പറഞ്ഞു. പള്ളിനീരാട്ടും പള്ളിയമൃതും കഴിഞ്ഞപ്പോൾ ക്ഷീണം അല്പം കുറഞ്ഞത് പോലെ തോന്നി. ഇന്നിനി കൊട്ടാരനടപടികൾ മേൽനോട്ടം വഹിക്കാൻ മന്ത്രിയെ ഏൽ‌പ്പിച്ച് അദ്ദേഹം ഉദ്യാനത്തിലേയ്ക്ക് വിശ്രമത്തിനായി പോയി. കൊട്ടാരം കവിയെ വിളിപ്പിച്ച് അല്പം കവിത കേട്ടാലോയെന്ന് തോന്നി. പിന്നീട് വേണ്ടെന്ന് വച്ചു. അയാളുടെ മുഖസ്തുതിയ്ക്കൊന്നും പഴയ വീര്യമില്ല. കൊട്ടാരം ഗായകരുടെ മാധുര്യം നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട് പാട്ട് പാടുമ്പോഴേയ്ക്കും അവർ കിതയ്ക്കാൻ തുടങ്ങുന്നു. നർത്തകരാകട്ടെ, പാവക്കൂത്താണോയെന്ന് സംശയം തോന്നും വിധം ജീവനറ്റവ. ചിത്രകാരന് കണ്ണ് പിടിയ്ക്കുന്നില്ലത്രേ. എന്ത് പറ്റി എന്റെ രാജ്യത്തിന്!

രാജാവ് കുണ്ഠിതപ്പെട്ടു.

എന്റെ വിനോദങ്ങൾക്ക് അന്യദേശത്ത് പോകേണ്ടി വരുമോ? കുലദേവതയെ ധ്യാനിച്ച് തിരുമനസ്സ് വാടിയിലൂടെ ഉലാത്തി. കഷ്ടം! പൂക്കൾ പോലും നിറമറ്റിരിയ്ക്കുന്നു. ഇലകൾക്ക് പച്ചപ്പ് നഷ്ടപ്പെട്ടിരിയ്ക്കുന്നു. കാറ്റിന് തരളതയില്ല. എന്റെ മനസ്സിലും കപ്പൽഛേദം വന്നത് പോലെയുണ്ടല്ലോ!!!

ഉടൻ തന്നെ മന്ത്രിയെ വിളിപ്പിച്ചു. കൊട്ടാരം കാര്യങ്ങൾ സേനാധിപതിയെ ഏൽ‌പ്പിച്ച് മന്ത്രി ഓടിയെത്തി.

‘തിരുവുള്ളം’

‘മന്ത്രിപുംഗവാ…എന്താണ് നമ്മുടെ രാജ്യത്തിന് പറ്റിയത്? അയൽ രാജ്യത്തെ സുന്ദരിമാരെ നോക്കൂ. എത്ര മാംസളം…അവരുടെ ഗായകർക്ക് മധുരക്കരിമ്പിന്റെ സ്വരമാധുരി, അവരുടെ നർത്തകർ സ്വർഗലോകത്ത് നിന്നും വന്നവർ…ഈ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്?’

‘അങ്ങ് വൃഥാ വ്യസനിക്കുന്നെന്നേ പറയാനുള്ളൂ…’

‘അമ്മമഹാറാണി എവിടെ?’

‘പിംഗളദേശത്ത് അവധിക്കാലം ആസ്വദിക്കാൻ പോയിരിക്കുന്നു’

‘ആ രാജ്യത്തെ തടിച്ചികളെ മന്ത്രി കണ്ടിട്ടില്ലേ?’

‘ഉവ്വ്’

‘എന്നിട്ടാണോ?’

‘ആ തടിച്ചികൾ അവിടുന്ന് തന്നെ ഒരിക്കൽ സമ്മാനിച്ചവരാണ്. അവരിൽ പലർക്കും സുന്ദരികളായ പെൺ മക്കളുണ്ടായി..അവരും മഹാതടിച്ചികളായി വളരുന്നെന്ന് ചാരന്മാർ വഴി അറിയാൻ കഴിഞ്ഞു പ്രഭോ..’

‘ലജ്ജാവഹം….ഇനിയെന്ത് ചെയ്യും നമ്മൾ? നമ്മുടെ ദാസിമാരെ തിരികെ ചോദിച്ചാലോ?’

‘നാണക്കേട്..മാത്രമല്ല പിംഗളരാജൻ അതിന് സമ്മതിക്കുമെന്ന് കരുതുന്നുണ്ടോ?

‘പിന്നെ എന്തിനാണ് ഒരു മഹാസൈന്യം നമുക്ക്? പറഞ്ഞയയ്ക്കുക പടയെ…പിടിച്ച് കൊണ്ടുവരുക തടിച്ചികളെ.. എനിക്ക് പുത്രദു:ഖം പോലെ കനത്തതാണത്.‘

‘അമ്മമഹാറാണി സമ്മതിക്കുമെന്ന് തോന്നുന്നില്ല…അങ്ങുന്നിന്റെ ഭ്രമങ്ങളിൽ മഹാറാണി അസംതൃപ്തയുമാണ്’

‘എന്താണിതിനൊക്കെ കാരണം മന്ത്രീ?’

‘വൃദ്ധിക്ഷയം’ മന്ത്രി പിറുപിറുത്തു. ആ വാക്ക് ആദ്യമായി കേൾക്കുന്നത് പോലെ രാജാവ് കണ്ണ് മിഴിച്ചു.

‘പറയൂ മന്ത്രിപുംഗവാ…ഏത് മഹാമുനിയുടെ ശാപമാണിത്?’

‘ഇല്ല രാജൻ…അത്രയും തപ:ശക്തിയുള്ള ഒരു താപസൻ ഈ രാജ്യത്ത് കാലുകുത്തിയിട്ട് നൂറ്റാണ്ടുകളായിരിക്കുന്നു.’

‘ഉം…രാജകുമാരൻ എവിടെ? വങ്കരാജ്യത്ത് ഇത്ര വലിയ ആപത്ത് നടക്കുമ്പോൾ അവൻ എന്ത് ചെയ്യുകയാണ്?’

‘രാജകുമാരൻ സജ്ജനങ്ങളോടൊപ്പം തീർഥാടനത്തിലാണ്. വനവാസം സ്വയം സ്വീകരിക്കാൻ പോകുന്നെന്ന് കേട്ടു. നാടിന്റെ അഭിവൃദ്ധിയ്ക്കായി ബ്രഹ്മചര്യം സ്വീകരിക്കുമെന്നും…’

‘എന്റെ വംശം!‘ രാജാവ് നടുങ്ങി.

‘മഹാറാണി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലേ രാജൻ?’

‘ഇല്ല….മഹാറാണി തിരുവായ തുറന്നിട്ട് ദിവസങ്ങളായിരിക്കുന്നു.’

‘ഉം….’

‘അതിരിക്കട്ടെ മന്ത്രീ…എന്റെ സങ്കടത്തിനുള്ള പരിഹാരം പറയൂ..’

‘പരിഹാരം ഒന്നേയുള്ളൂ… ഒരു യുദ്ധം വേണമെങ്കിൽ ആകാം..പക്ഷേ പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല….അവർ നമ്മേക്കാൾ ശക്തരാണിപ്പോൾ…’

‘പിന്നെ എന്ത് ചെയ്യും? എന്റെ സന്തോഷം എങ്ങിനെ തിരിച്ച് പിടിക്കും?’

‘തൽക്കാലം അങ്ങുന്ന് വേഷപ്രച്ഛന്നനായി പിംഗളരാജ്യത്തേയ്ക്ക് പോകുക. അവിടെ വേണ്ട ഏർപ്പാടുകൾ അടിയൻ ശരിയാക്കിക്കോളാം. ആസ്വദിക്കുക. തടിച്ചികളെ ആവോളം ഉണ്ണുക..മറ്റ് വിനോദങ്ങളും ഏർപ്പാടാക്കാം…’

‘അപ്പോൾ പ്രജകൾ എന്ത് പറയും? അവർ ചോദിക്കില്ലേ?’

‘രാജ്യത്തിന്റെ അഭിവൃത്തിയ്ക്കായി തീർഥാടനത്തിന് പോയതാണെന്ന് സൂതന്മാരെക്കൊണ്ട് അടിയൻ പാടിച്ചോളാം…തിരിച്ചെത്തുമ്പോഴേയ്ക്കും വരൾച്ച മാറുമെന്നും വിശ്വസിപ്പിച്ചോളാം…’

‘ബലേ ഭേഷ്…മന്ത്രീ…ബുദ്ധിരാക്ഷസൻ തന്നെ…’

‘എങ്കിൽ അടിയൻ…’

‘പോകൂ…ഞാൻ അല്പം വിശ്രമിക്കട്ടെ…’

രാജാവിനെ വണങ്ങിയിട്ട് മന്ത്രി രംഗം കാലിയാക്കി. അല്പനേരത്തിനകം വിനോദങ്ങളൊന്നുമില്ലാതെ രാജാവിന് മുഷിഞ്ഞു തുടങ്ങി. ദാസിമാരെ വിളിച്ച് മദ്യം വരുത്തിച്ചു. അവർ കാല് തിരുമ്മികൊണ്ടിരിയ്ക്കേ അവരുടെ ഒട്ടിയ മാറിടം കണ്ട് കോപം വന്ന രാജൻ മദ്യചഷകവുമായി എഴുന്നേറ്റ് നടന്നു.

‘ഇതെന്ത്! പൂക്കൾ വാടിയും കാറ്റ് ഉഷ്ണിച്ചുമിരിക്കുന്നല്ലോ. ഉദ്യാനത്തിന്റെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നല്ലോ. മന്ത്രി പറഞ്ഞത് ശരി തന്നെ….കുറച്ചു നാൾ പിംഗളരാജ്യത്ത് സുഖജീവിതം നയിക്കാം….ഉടനെ തന്നെ വേണം…അല്ലെങ്കിൽ മനസ്സ് മുരടിയ്ക്കും…പക്ഷേ അതുവരെ വിനോദത്തിന് എന്ത് ചെയ്യും!‘

ഇങ്ങനെയൊക്കെ വിചാരിച്ച് ഉദ്യാനത്തിൽ ഉലാത്തുകയായിരുന്ന രാജാവിന്റെ മുന്നിൽ ഒരു ദാസി വന്നുപെട്ടു. അവൾ കറുത്തും മെലിഞ്ഞുമായിരുന്നു. അവളുടെ മുഖം ആരോ മോഷ്ടിച്ചത് പോലെയുണ്ടായിരുന്നു. അരിശം വന്ന രാജാവ് അവളെ ശകാരിച്ച് ഓടിച്ചു.

പിംഗളരാജ്യത്തേയ്ക്കുള്ള ഒരുക്കങ്ങൾ മന്ത്രി പൂർത്തിയാക്കി. രഹസ്യമായി യാത്രയ്ക്കുള്ള എല്ലാം തയ്യാറായി. ഒരു രാത്രി ആരോരുമറിയാതെ മഹാരാജാവ് പുറപ്പെട്ടു.

അപ്പോഴേയ്ക്കും സൂതന്മാർ പാട്ടുകൾ ചിട്ടപ്പെടുത്തി പ്രജകളെ പാടിക്കേൾപ്പിച്ചിരുന്നു. ചാരന്മാർ രാജാവിന്റെ യാത്രയെപ്പറ്റി സദ് വാർത്തകൾ രാജ്യമെങ്ങും പരത്തിയിരുന്നു.

പൊന്നുതിരുമേനിയുടെ ത്യാഗമോർത്ത് പ്രജകൾ വിശപ്പും ദാഹവും മറന്നു.

മനോമോഹനനായി മഹാരാജൻ എത്രയും പെട്ടെന്ന് തിരിച്ചെത്തി രാജ്യത്തിനെ അനുഗ്രഹിക്കാൻ അവർ പ്രാർഥിച്ചു.


അനുബന്ധം 1:

വങ്കരാജൻ പ്രച്ഛന്നവേഷത്തിൽ തന്റെ രാജ്യത്തെത്തിയത് ചാരന്മാർ മുഖേന അറിഞ്ഞ പിംഗളരാജൻ എല്ലാ ബഹുമാനത്തോടെയും അദ്ദേഹത്തിന്റെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. നൂറ്റൊന്ന് തടിച്ചികളെ അദ്ദേഹത്തിനെ സേവിക്കാനായി വിട്ടുകൊടുത്തു. പിംഗളകവികളും ഗായകരും അദ്ദേഹത്തിന്റെ ചുറ്റും അണി നിരന്നു. ആതിഥ്യമര്യാദയിൽ സന്തുഷ്ടനായ വങ്കരാജൻ തന്റെ രാജ്യത്തെ സൂതന്മാർക്ക് സന്ദേശമയച്ച് പുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ ആജ്ഞാപിച്ചു. സൂതന്മാരുടെ പാട്ടുകൾ കേട്ട് വങ്കപ്രജകൾ ആനന്ദത്തിലാറാടി.

അനുബന്ധം 2:

ഇത് അല്പം അവിശ്വസനീയമായി തോന്നുമെങ്കിലും നടന്നതാണ്.

തീർഥാടനത്തിന് പോയ രാജകുമാരൻ മഹാതാപസിയായി തിരിച്ചെത്തി. ഇന്ദ്രനെപ്പോലും വെല്ലുവിളിക്കാൻ പോന്നവനായി. തിരിച്ചെത്തിയയുടൻ അദ്ദേഹം കൊട്ടാരമുപേക്ഷിച്ച് ഒരു കുഗ്രാമത്തിലെ കുടിലിലിരുന്ന് തപസ്സ് തുടങ്ങി. തപസ്സിന്റെ ശക്തിയിൽ ഭയന്നുപോയ ഇന്ദ്രൻ തടഞ്ഞു വച്ച മഴയെ വങ്കരാജ്യത്തിന് തിരിച്ചു കൊടുത്തു. വങ്കരാജ്യം പുഷ്പിച്ചു. വിശപ്പെന്തെന്നറിയാത്ത ഒരു ജനത അവിടെ രൂപം കൊണ്ടു. അയൽ രാജ്യങ്ങളിൽ നിന്നും സുഖജീവിതം തേടി വങ്കരാജ്യത്തേയ്ക്ക് പലായനം ചെയ്യുന്നവരുടെ എണ്ണം അധികമായി…

എല്ലാം ആനന്ദഭദ്രം.

സ്വാമി ശരണം.

Thursday, July 11, 2013

ചില വിത്യാസങ്ങൾ - സുജാതഞാൻ രാജാരാമൻ. ദില്ലിവാസി. നേപ്പാളിന്റെ തലസ്ഥാനം അറിയാത്തത് കൊണ്ടും, ഓസ്ത്രേലിയയിലെ ജനസംഖ്യ അറിയാത്തതിനാലും ഐ ഏ എസ്സിന് പോകാതെ കേന്ദ്രസർക്കാർ സെക്രട്ടേറിയറ്റിൽ ഒരു സാധാരണ അസിസ്റ്റന്റായി 210-10-290-15-530  ശമ്പള നിരക്കിൽ ജോലി ചെയ്യുന്നവൻ. സർക് കാർ എന്ന വലിയ യന്ത്രത്തിന്റെ ആയിരമായിരം പൽചക്രങ്ങളിലെ ഒരു ചക്രത്തിന്റെ ഒരു പല്ലാണ് ഞാൻ. പഠിച്ചത് എം.എ. വാങ്ങുന്ന ശമ്പളം  വീട്ടുവാടകയ്ക്കും, സിദ്ധാർഥൻ എന്ന എന്റെ ഒന്നര വയസ്സുള്ള കുഞ്ഞിന് പാൽ, വിറ്റമിൻ ഗുളികകൾ, ഫോറക്സ് എന്നിവ വാങ്ങുന്നതിനും എന്റെ പുസ്തകച്ചിലവിനും…ങാ..നിങ്ങളോടെന്തിനാ ആ കണക്കൊക്കെ ….

വാങ്ങുന്ന മൂന്നൂറ്റി ചില്വാനം 25 ആം തിയ്യതിക്കുള്ളിൽ ചിലവായിപ്പോകുമെന്നത് സത്യം. ഇന്നേ ദിവസം വരെ എന്റെ സ്വത്ത് – ഒരു ടെറിലിൻ ഷർട്ട്, പെട്ടി നിറയെ ഒന്നാന്തരം പുസ്തകങ്ങൾ, രാജേശ്വരി. അവസാനം പറഞ്ഞത് എന്റെ ഭാര്യയാണ്. അവളെപ്പറ്റി കമ്പരാമായണത്തിന്റെ അത്ര പുകഴ്ത്താം. അധികം സംസാരിക്കാത്തവൾ. എന്റെ വട്ടുകളും പണമില്ലാത്തതിനാൽ ഉണ്ടാകുന്ന അർഥമില്ലാത്ത നീരസവും, എന്റെ പുസ്തകഭ്രാന്തും, വീട്ടിലെ ബഡ്ജറ്റും, സിദ്ധാർഥന്റെ കരച്ചിലും കൈകാര്യം ചെയ്യാനുള്ള സാമർഥ്യം ഉള്ള അവൾ, എന്റെ ജീവിതത്തിലേ ഒരേയൊരു ഭാഗ്യമാണ്!. ജോയ്സിന്റെ യൂളിസിസ് വാങ്ങാൻ ഭർത്താവ് ആഗ്രഹിക്കുന്നു എന്നറിഞ്ഞ് തന്റെ മോതിരം ഊരിക്കൊടുത്ത ഭാര്യയെ നിങ്ങൾ കണ്ടിട്ടുണ്ടോ? അവളുടെ മറ്റ് ആഭരണങ്ങളും വിറ്റുപോയി. എല്ലാം എന്റെ ആവേശത്തിൽ ഒരു സാഹിത്യമാസിക തുടങ്ങി രണ്ട് മാസത്തിനുള്ളിൽ പോയി. അതിന് ഞാൻ ലജ്ജിക്കുന്നു. സാഹിത്യമാസിക നടത്തിയതിനല്ല; ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റതിന്!

ഇന്ന് 29 ആം തിയ്യതി. എന്റെ കൈയ്യിൽ ഇരുപത്തിമൂന്ന് രൂപാ ഉണ്ട്. എനിക് 325 രൂപാ വേണം. എന്തിന്? ചെന്നൈക്കുള്ള വിമാനടിക്കറ്റ് വാങ്ങാൻ വേണ്ടി. എന്റെ അമ്മയുടെ ആരോഗ്യനില ആശങ്കാകരമാണ്. കമ്പി വന്നിരുന്നു. അവരെ കാണാൻ ഉടനേ പോകണം.

എന്റെ അമ്മക്ക് ഹൃദ്രോഗമാണ്. 58 വർഷം മിടിച്ച് മിടിച്ച് തേഞ്ഞ് ഇനി നിർത്തിയാലോ എന്ന് ആലോചിക്കുന്ന ഹൃദയം. അവർക്ക് ശരീരം തളരും; തണുത്ത് വിറയ്ക്കും. ഇങ്ങനെ മൂന്ന് തവണ വന്നിട്ടുണ്ട്. ഇപ്രാവശ്യം കടുത്തതായിരിക്കണം. എന്റെ അനുജൻ അയച്ച കമ്പിയിൽ കുറച്ചു വാക്കുകൾ…. “അമ്മയുടെ കാര്യം കഷ്ടം.. വേഗം വാ!“

ഇതുവരെ ഞാൻ ഒഴുക്കൻ മട്ടിലാണ് എഴുതിയിരിക്കുന്നത്. എന്റെ മനസ്സിലെ പതർച്ചയെ അടക്കാൻ, എന്റെ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയെ പിടിച്ചുനിർത്താൻ ഇങ്ങനെ എഴുതുന്നു. എന്റെ മനസ്സിന്റെ ആഴങ്ങളിൽ എന്റെ ഹൃദയത്തിലെ ഓരോ തുടിപ്പും ‘അമ്മ അമ്മ അമ്മ’ എന്ന് വിളിക്കുന്നതും, എന്റെയുള്ളിലുള്ള ചില തരം അറിയാത്ത ഭയങ്ങളേയും പ്രതീക്ഷകളേയും വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. യക്ഷനെപ്പോലെ പറന്ന് ചെന്ന് അവരെ ഉടനേ കാണണം. അമ്മാ, നിന്റെ ദില്ലി പുത്രൻ ഇതാ വന്നുകഴിഞ്ഞു. ഏറോപ്ലെയിനിൽ നിന്നെ കാണാനായി പറന്നു വരുന്നു. ഇതാ, നിന്റെ അരികിൽ നിന്റെ തല തടവിക്കൊണ്ടിരിക്കുന്നു. നിനക്ക് സുഖമാകും – അടുത്ത വീട്ടിലെ ശാരദയോട് എന്റെ മകൻ പ്ലെയിനിൽ വന്നു’ എന്ന് പൊങ്ങച്ചം പറയാനെങ്കിലും തൽക്കാലം രക്ഷപ്പെടും. അതിന് എനിക്ക് 325 രൂപാ വേണം.

പണത്തിന് എവിടെപ്പോകും? ആര് കൊടുക്കും? എന്റെ സുഹൃത്തുക്കളോട് 29 ആം തിയ്യതി കടം ചോദിച്ചാൽ തമാശ കേട്ടത് പോലെ ചിരിക്കും. എന്റെ ഭാര്യയുടെ അടുത്ത് ആഭരണങ്ങൾ ഇല്ല. എന്റെ സമ്പാദ്യത്തിനെപ്പറ്റി ആദ്യം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടാണ് രാമനാഥനോട് ചോദിക്കാമെന്ന് തീരുമാനിച്ചത്.

രാമനാഥൻ എന്റെ അകന്നതുമല്ലാത്ത അടുത്തതുമല്ലാത്ത ബന്ധുവാണ്. എന്ത് ബന്ധം എന്നതൊക്കെ അനാവശ്യമാണ്. സെക്രട്ടറിയായി ജോലി ചെയ്യുന്നു, പ്രധാനപ്പെട്ട ഒരു മന്ത്രിയുടെ. സർക്കാർ എത്രയോ മില്യൺ ടൺ ഗോതമ്പ് കടം വാങ്ങുമ്പോൾ, ഇവനാണ് വെള്ളക്കാരന്റെ അടുത്തിരുന്ന് ഒപ്പിടുന്നത്. പോകാത്ത ദേശമില്ല. ദില്ലിയിൽ ഞാൻ എട്ട് വർഷങ്ങളായി താമസിക്കുന്നു. രണ്ട് പ്രാവശ്യം ഇദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് പോയിട്ടുണ്ട്. രണ്ട് പ്രാവശ്യവും നടന്ന്, ഉം എഴുതാൻ കൊള്ളില്ല. ഞാനും ഇദ്ദേഹവും ജീവിക്കുന്നത് വേറെ വേറെ തലങ്ങളിൽ, ബന്ധങ്ങളൊക്കെ പറഞ്ഞ് ആ വിത്യാസത്തിനെ കൂട്ടിച്ചേർക്കുന്നത് നടക്കില്ലെന്ന് മനസ്സിലാക്കി, മര്യാദയ്ക്ക് ഞാൻ ഒതുങ്ങിമാറി. ഇപ്പോഴത്തെ എന്റെ പണത്തിന്റെ ആവശ്യം, ആ അപമാനങ്ങളെല്ലാം മറക്കാൻ സഹായിച്ചു. അദ്ദേഹത്തിനെ കാണാനായി ഞാൻ പുറപ്പെട്ടു.

ഹേസ്റ്റിങ്സ് റോഡിൽ, പച്ച പുതച്ച പുൽത്തകിടിയ്ക്ക് നടുവിൽ, ഞാവൽ മരങ്ങളുടെ നിഴലിൽ, എയർ കണ്ടീഷനർ, നായ, അമ്പാസഡർ കാർ സഹിതം ആയിരുന്നു അദ്ദേഹത്തിന്റെ വീട്. വീട്ടുപടിയ്ക്കൽ ഖദർ ധരിച്ച വേലക്കാർ എന്നെ തടുത്ത് നിർത്തി ചോദ്യം ചെയ്തു. എന്റെ പേര് പറഞ്ഞ്, ഞാൻ അദ്ദേഹത്തിന്റെ ബന്ധുവാണെന്ന് പറഞ്ഞു. എന്നെ ഏതോ നായ കൊണ്ടു വന്നിട്ട വസ്തുവിനെപ്പോലെ നോക്കി, അകത്തേയ്ക്ക് പോകാൻ പറഞ്ഞു സേവകർ. (‘ർ’ ബഹുമാനം ശ്രദ്ധിക്കണേ)

രാജകുമാരന്റെ കൊട്ടാരത്തിൽ സിൻഡ്രല്ലാ പ്രവേശിക്കുന്നത് പോലെ തോന്നി. അകത്ത് കടന്നപ്പോൾ, ഒരു ഹാൾ…തെറ്റ്, ഹാ‍ാ‍ാ‍ാൾ! താഴെ കമ്പിളി. അടുത്ത് ടെലിഫങ്കൽ കമ്പനിയുടെ റേഡിയോഗ്രാം (രാമനാഥൻ അദ്ദേഹം വടക്കേ ജർമ്മനിയ്ക്ക് പോയിരുന്നു). ട്രാൻസിസ്റ്റർ, മടക്കാവുന്ന സോഫ. ഫ്രിഡ്ജ് തുറന്നിരുന്നു. അതിൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന മദ്യക്കുപ്പികൾ. മുകളിൽ ഗാന്ധിയുടെ ചിത്രം.

റേഡിയോയിൽ നിന്നും ഉച്ചത്തിൽ സിത്താർ കേട്ടുകൊണ്ടിരുന്നു. അതിന്റെ ഈണത്തിനൊത്ത് കാൽ കൊണ്ട് താളം പിടിക്കുന്ന ഒരു ചെറുപ്പക്കാരൻ. സോഫയിൽ കിടന്ന്, പ്ലേബോയ് വായിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വന്നതോ, നിന്നതോ കിതയ്ക്കുന്നതോ ശ്രദ്ധിക്കുന്നില്ല. അടുത്ത് ചെന്ന്, ഉയരം കുറഞ്ഞ മേശയിൽ ഞാനൊന്ന് മുട്ടി. അവൻ ശ്രദ്ധിച്ചു.

‘യേസ്…?” എന്ന് അവൻ പറഞ്ഞു. രാമനാഥന്റെ ഒരേയൊരു മകൻ.

‘അച്ഛൻ ഇല്ലേ?’

‘ഹി ഈസ് ടേക്കിങ് ബാത്ത്. പ്ലീസ് വെയ്റ്റ്’ എന്ന് പറഞ്ഞു.

അവന്റെ മുടി വെട്ടാനായിരിക്കുന്നു. ധരിച്ചിരിക്കുന്ന ഷർട്ട് പെണ്ണുങ്ങൾ ധരിക്കുന്നതാണ്. പാന്റിൽ നുഴയുന്നതിന് അപാര സാമർഥ്യം വേണം.

‘ആം രാജേഷ്’ എന്ന് എന്നെ നോക്കി കൈ നീട്ടി.

‘എന്റെ പേര് രാജാരാമൻ. ഞാൻ നിങ്ങളുടെ ഒരു ബന്ധുവാണ്’ എന്ന് പറഞ്ഞു.

‘ഈസ് ഇറ്റ്?’

‘നീ അദ്ദേഹത്തിന്റെ മകനല്ലെ?’

‘യെസ്!‘

‘തമിഴ് അറിയില്ലേ?’

‘യെസ്!‘

‘അപ്പോൾ തമിഴിൽ സംസാരിക്കൂ!‘

ഹോണസ്റ്റ്ലി ഐ ലോസ്റ്റ് ടച്ച്’ എന്ന് പറഞ്ഞ് അവൻ ചിരിച്ചു. എനിക്ക് അല്പം തലവേദനിക്കാൻ തുടങ്ങി. പതുക്കെ ഉയരാൻ പോകുന്ന ദേഷ്യത്തിന്റെ ലക്ഷണം.

‘നീ എന്താ പഠിക്കുന്നത്?’

‘പ്ലേബോയ്’

‘ഇതല്ല. എന്തെങ്കിലും പഠിക്കുന്നുണ്ടോ?”

“സീനിയർ കേംബ്രിഡ്ജ്”

രാമനാഥൻ അകത്തുനിന്നും വന്നു. നേരേ ഇടതുവശത്തുള്ള മുറിയിലേയ്ക്ക് നടന്നു.

‘നമസ്കാരം സർ!‘

അദ്ദേഹം എന്നെ നോക്കി. കണ്ണുകളിൽ അദ്ദേഹത്തിന്റെ ഓർമ്മയിൽ എന്നെ തിരയുന്നത് കണ്ടു….’ഓ, ഹലോ! വരൂ രാകചന്ദ്രൻ.”

“രാമരാജൻ സാർ!“

“ഓ, യെസ്! രാമരാജൻ. സുഖമാണോ? ഒരു മിനിറ്റ്’ എന്ന് പറഞ്ഞ് അദ്ദേഹം പോയി.

ഒരു മോശം ശീലം. രാജേഷ് എന്റെയടുത്തിരുന്ന് നഖം കടിച്ചുകൊണ്ടിരുന്നു. അവന്റെ പ്രായത്തിൽ ഞാൻ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിൽ കോസ്റ്റ്സ്മിത് വായിച്ചുകൊണ്ടിരുന്നു. ഇവൻ ട്വിസ്റ്റ് സംഗീതവും, ഒരിടത്തും ശരിയാകാത്ത ഈ യുഗത്തിൽ, ഈ നിമിഷത്തിൽ സമാധാനമില്ലാത്ത തുടിപ്പുമായി, എന്നെ മ്യൂസിയം വസ്തുവിനെപ്പോലെ നോക്കിക്കൊണ്ടിരിക്കുന്നു.

രാമനാഥൻ മുറിയിൽ നിന്നും പുറത്തു വന്നപ്പോൾ, പുറത്തേയ്ക്ക് പോകാൻ തയ്യാറായി വേഷം ധരിച്ചിരുന്നു. ബിയർ അധികം കുടിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന കുടവയർ. കണ്ണാടി, അലംഭാവം, പുഞ്ചിരി, അപാര ഉയരം. എല്ലാം വിജയത്തിന്റെ അടയാളങ്ങൾ.

‘സോ…?’ എന്ന് അദ്ദേഹം എന്നെ നോക്കി പറഞ്ഞു. മേശയുടെ മുകളിൽ വച്ചിരുന്ന സിഗരറ്റ് പാക്കറ്റ് എടുത്ത്, ദേവാനന്ദിനെപ്പോലെ ഒരു തട്ട് തട്ടി വായി തിരുകി. ‘സ്മോക്ക്..?’ എന്ന് ചോദിച്ചു. “ഇല്ല” എന്ന് പറഞ്ഞു. ലൈറ്ററിന്റെ ക്ലിക്കിൽ നാളമുയർത്തി കത്തിച്ചിട്ട് കെടുത്തി.

രാജേഷ്, “ഡാഡ്! കേൻ ഐ ടേക്ക് ദി കാർ?” എന്ന് ചോദിച്ചു.

“നോ, രാജ്! എനിക്ക് ഒരു കോൺഫറൻസിന് പോകണം.”

“ഐ വിൽ ഡ്രോപ്പ് യൂ” എന്ന് കെഞ്ചിക്കൊണ്ട് പറഞ്ഞു.

“ഓക്കേ! ഒരു അഞ്ച് മിനിറ്റ് വെയ് ചെയ്യ്. ബെഡ് റൂമിൽ താക്കോലുണ്ട്. അമ്മയെ ഉണർത്തല്ലേ. അവളുടെ ഉറക്കം പോകും.”

ഞാൻ മരമണ്ടൻ അല്ല.എനിക്ക് അഞ്ച് നിമിഷം തന്നിരിക്കുന്നു. അത്രയേഉള്ളൂ. വന്ന കാര്യം സാധിച്ചിട്ട് പോയേക്കണം.

“യെസ്..രാചന്ദ്രൻ. സുഖമാണോ? ജാനകിയ്ക്ക് സുഖമാണോ?”

“രാജാരാമൻ സാർ!“

“എന്ത്?”

“എന്റെ പേര് രാജാരാമനാണ് സാർ!“

“യെസ്! രാജാരാമൻ. അല്ലെന്ന് ആരാ പറഞ്ഞത്! ആരും അത് മറന്നിട്ടില്ലല്ലോ!“ എന്ന് പറഞ്ഞ് ചിരിച്ചു.

“ശരി, ജാനകിയ്ക്ക് സുഖമാണോ?”

“ജാനകി മരിച്ചിട്ട് രണ്ട് വർഷമായി!“

“ഓ യെസ്..യെസ്…ഐ റിമമ്പർ നൌ.ഇറ്റ്സ് പിറ്റി. അവൾക്ക് എത്ര കുട്ടികളാണ്?”

“ഒരു മകൻ. രണ്ട് വയസ്സുണ്ട്”

“അതെ…ജാനകിയുടെ അനുജൻ ഒരാൾ ദില്ലിയിൽ ജോലി ചെയ്യുന്നുണ്ടല്ലോ അല്ലേ?’

“ഞാൻ തന്നെയാണ് സാർ..ജാനകിയുടെ അനിയൻ!“

“സോ സോറി! എനിക്ക് മെമ്മറി കുറവാണ്. നമ്മുടെ റിലേഷൻസ് പോലും ടച്ച് വിട്ടു പോയി! നിനക്ക് സുഖമാണോ?”

“സുഖം തന്നെ സാർ!“

“ഇപ്പോ നിനക്ക് എന്താ വേണ്ടത്?”

ആ സമയം വന്നിരിക്കുന്നു. പെട്ടെന്ന് രണ്ട് വലിയ മനുഷ്യരെപ്പോലെ ഉണരുന്ന നേരം. ഇന്ദ്രനെപ്പോലെ സങ്കോചപ്പെടേണ്ട നേരം. പണം ചോദിക്കേണ്ട സമയം.

“എനിക്ക് 350 രൂപാ വേണം സാർ! എന്റെ അം….”

“എനിക്ക് തോന്നി. എപ്പോഴാ വേണ്ടത്?”

“ഇപ്പോൾ സാർ! എന്റെ അമ്മ….”

“നിക്ക്. എന്റയടുത്ത് പണമായി ഉണ്ടോയെന്ന് നോക്കട്ടെ” എന്ന് പറഞ്ഞ് പഴ്സ് തുറന്ന് നോക്കി. “ഹും! ഇല്ല. ചെക്ക് എഴുതിത്തരാം. സ്റ്റേറ്റ് ബാങ്കിൽ കൊടുത്ത് മാറ്റാമോ?”

“ശരി സാർ! വളരെ നന്ദി. എന്റെ അമ്മയ്ക്ക്…”

“തിരിച്ച് തരുമോ?”

“കുറച്ച് കുറച്ചായി തിരിച്ചു തരാം, സാർ! എന്റെ അം…”

അദ്ദേഹം എഴുന്നേറ്റ് പോയി, ചെക്ക് ബുക്ക് കൊണ്ടുവരാൻ.

‘മണ്ടാ, എന്നെ സംസാരിക്കാൻ സമ്മതിക്ക്! എനിക്ക് ഈ പണം എന്തിനാണെന്ന് പറയാൻ സമ്മതിക്ക്! എന്റെ അമ്മയുടെ ആരോഗ്യം പ്രശ്നത്തിലായത് കൊണ്ടാണ് നിന്റെയടുത്ത് വന്ന് കെഞ്ചിന്നത് എന്ന് പറയാൻ സമ്മതിക്ക്!“

അദ്ദേഹം ചെക്ക് ബുക്ക് കൊണ്ടുവന്നു. പേനയെടുത്തു.

“നിന്റെ മുഴുവൻ പേര് എന്താ?”

ഞാൻ പറഞ്ഞു.

“സ്പെല്ലിങ്?”

പറഞ്ഞു.

‘ചെക്ക്’ എഴുതിത്തന്നു. തരുമ്പോൾ, “എനിക്കിത് അടിയ്ക്കടി ചെയ്യെണ്ടി വരുമെന്ന് തോന്നുന്നു” എന്ന് പറഞ്ഞു.

“എന്ത് സാർ?”

“ഇത് പോലെ ബന്ധുക്കൾക്ക് ‘ചെക്ക്; എഴുതുന്നത്!“

“ഇല്ല സാർ! എന്റെ കാര്യത്തിൽ അത്യാവശ്യമായത് കൊണ്ടാണ്. എന്റെ അമ്മയ്ക്ക്സീരി…”

“അത് ശരി, എല്ലാവർക്കും ആവശ്യങ്ങളുണ്ട്. ഈ നാടിന് തന്നെ പണം ആവശ്യമാണ്. നിന്റെ കേസ് തന്നെ നോക്കാം. ഇത്രയും നാൾ ദില്ലിയിൽ ഉണ്ടല്ലോ. എത്ര പ്രാവശ്യം വീട്ടിലേയ്ക്ക് വന്നു?”

എന്റെ ദേഷ്യം മറുപടി പറയാൻ സമ്മതിച്ചില്ല.

“എപ്പോൾ വരുന്നു? നിനക്ക് പണം ആവശ്യമുള്ളപ്പോൾ! ചെക്ക് എഴുതുന്ന മിഷ്യൻ ആയി ഞാനുണ്ടല്ലോ! എന്റെ കഴുത്തിൽ ബോർഡ് തൂക്കിയിട്ടുണ്ടല്ലോ അല്ലേ, മണ്ടൻ എന്ന്. പൊതുവായി പറഞ്ഞതാണ്. നിന്നെ പ്രത്യേകിച്ച് പറഞ്ഞതല്ല.”

അദ്ദേഹം പറഞ്ഞ് പറഞ്ഞ്, എന്റെ ദേഷ്യം ‘ബോയിങ്’ വിമാനം പുറപ്പെടുന്ന ശബ്ദം പോലെ ആരംഭിച്ചു. ലോകത്തിനെ മുഴുവൻ തിന്നാനുള്ള വേദന എല്ലുകൾ വരെ നിറഞ്ഞു.

“അന്ന് അങ്ങിനെ തന്നെയാണ് രണ്ട് പേർ വന്നത്….ഞങ്ങൾ രണ്ട് പേരും നിങ്ങളുടെ ബന്ധുക്കൾ….”

അദ്ദേഹം പാതിയ്ക്ക് നിർത്തി. എന്തിന്? അദ്ദേഹം തന്ന ചെക്ക് അദ്ദേഹത്തിന്റെ മുന്നിൽ വച്ച് മൂന്നും നാലുമായി കീറി ഞാൻ വലിച്ചെറിഞ്ഞു. “സാർ! നിങ്ങളുടെ പണം എനിക്ക് വേണ്ട. നിങ്ങൾക്ക് ട്രബിൾ തന്നതിന് മാപ്പാക്കണ്ട. നിങ്ങളുടെയടുത്ത് വന്നതേ തെറ്റ്. ആവസ്യം, അത്യാവശ്യം. അല്ലെങ്കിൽ നിങ്ങളെ ഉപദ്രവിക്കില്ലായിരുന്നു. നിങ്ങൾ കോൺഫറൻസിന് പോകൂ. ഈ ദേശത്തിനെ സേവിക്കൂ!“

അദ്ദേഹത്തിന്റെ മുഖം മാറി. “രാജാരാമൻ, കടം വാങ്ങാൻ വന്നിട്ട് ഇത്ര ദേഷ്യം പാടില്ല! നീ ഇങ്ങനെ മോശമായി പെരുമാറിയതിന് നിന്നെ കഴുത്തിന് പിടിച്ച് തള്ളേണ്ടതാണ്. അല്പം മദ്യാദ കാണിക്കുന്നു. ഗെറ്റ് ലോസ്റ്റ് യൂ ബാസ്റ്റർഡ്!“

“ഗെറ്റ് ലോസ്റ്റ് യൂ ബാസ്റ്റർഡ്!“ എന്ന് ഞാൻ ചിരിച്ചു.

“മൻസാറാം!“ എന്ന് അദ്ദേഹം വിളിച്ചു.

മൻസാറാം വരുന്നതിന് മുമ്പ് രാജാരാം പോയി.

പുറത്ത്, വെയിലിൽ വന്ന് നിൽക്കുന്ന എന്റെ അവസ്ഥ നോക്കൂ. അഭിമാനം, അന്തസ്സ് എല്ലാം പണമുള്ളവർക്കാണ്. എനിക്കെന്തിനാണ്? അദ്ദേഹം സാധാരനമായിത്തന്നെയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ദേഷ്യം അദ്ദേഹത്തിന്. ആ വാക്കുകൾ പറയാതെ എല്ലാം കേട്ട്, ചെക്ക് വാങ്ങി മാറ്റി ടിക്കറ്റ് എടുക്കാമായിരുന്നു.

പക്ഷേ, ആ സമയത്ത് ഞാൻ ചെയ്ത ഒട്ടും പ്രതീക്ഷിക്കാത്ത പ്രവർത്തിയിൽ, ആ ഒരു നിമിഷം ഞാൻ തന്നെയായി മുഴുവനുമായി ജീവിച്ചു.

നിങ്ങൾ ഇത്ര ക്ഷമയോടെ ഇതുവരെ വായിച്ചതിന് നന്ദി! കടമായി 325 രൂപാ തരൂന്നേ. കുറച്ചു കുറച്ചായി തിരിച്ചു തരാം. എന്റെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. അവളെ ഉടനേ പോയി കാണണം, പ്ലീസ്!സുജാത (1935-2008)തമിഴ് സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരൻ. യഥാർഥനാമം എസ് രംഗരാജൻ. 100 നോവലുകളും 250 കഥകളും എഴുതിയിട്ടുണ്ട്.ശാസ്ത്രസംബന്ധിയായ 10 പുസ്തകങ്ങൾ 10 നാടകങ്ങൾ പിന്നെ കവിതകൾ. ‘സുജാത’ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ്.

Sunday, July 7, 2013

അവർ തന്ന ഭൂമി

ഹുവാൻ റുൾഫോഒരു മരത്തണലും ഒരു വിത്ത് പോലും കാണാതെ, എന്തിന്റെയെങ്കിലും അവശിഷ്ടം പോലും കാണാതെ, ഒരുപാട് നടന്നതിന് ശേഷം ഞങ്ങൾ പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേട്ടു. പ്രതീക്ഷയറ്റ ഈ വഴി പകുതി പിന്നിട്ടപ്പോൾ, ഞങ്ങൾക്ക് ഒന്നും കണ്ടെത്താനാകില്ലെന്നും ഈ വരണ്ടു പിളർന്ന സമതലത്തിലും വരണ്ട തോടിനും അപ്പുറം ഒന്നുമില്ലെന്നും തോന്നി. പക്ഷേ, അവിടെ എന്തോ ഉണ്ടായിരുന്നു. അവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു. ഞങ്ങൾ പട്ടികൾ കുരയ്ക്കുന്നതും വായുവിൽ മണം പിടിച്ച് എന്തോ പ്രതീക്ഷയുണർത്തുത് പോലെ മനുഷ്യന്റെ ഗന്ധം പിടിച്ചെടുക്കുന്നതും കേട്ടു. പക്ഷേ ഗ്രാമം വളരെയകലെയായിരുന്നു. കാറ്റ് കാരണം അടുത്തെന്ന് തോന്നിക്കുന്നതാണ്.

ഞങ്ങൾ പുലർച്ച മുതൽ നടക്കുന്നതാണ്. ഇപ്പോൾ വൈകുന്നേരം നാല്  മണി ആയിരിക്കുന്നു. ഒരാൾ തുറന്ന ആകാശത്തിലേയ്ക്ക് നിശ്ചലനായ സുര്യനെ നോക്കി പറഞ്ഞു: ‘നാല് മണി ആയിക്കാണും.’

അ ഒരാളാണ് മെലിറ്റോൺ. അവന്റെയൊപ്പം ഫോസ്റ്റിനോയും, എസ്റ്റെബാനും ഞാനും ഉണ്ട്. ഞങ്ങൾ നാല് പേർ. ഞാൻ എണ്ണി: മുന്നിൽ രണ്ട് പേർ, പിന്നിൽ രണ്ട് പേർ. ഞാൻ പുറകിലേയ്ക്ക് നോക്കി, ആരുമില്ല. ഞാൻ എന്നോട് തന്നെ പറഞ്ഞു: “ഞങ്ങൾ നാല് പേരുണ്ട്.” കുറച്ച് മുമ്പ്, ഏതാണ്ട് പതിനൊന്ന് മണിയ്ക്ക്, ആകെ ഇരുപത് പേരുണ്ടായിരുന്നു; പക്ഷേ ഞങ്ങളുടെ ചെറിയ കൂട്ടത്തെ ഉപേക്ഷിച്ച് എല്ലാവരും പോയിക്കളഞ്ഞു.

ഫോസ്റ്റിനോ പറഞ്ഞു: “മഴ പെയ്യുമായിരിക്കും.”

ഞങ്ങളെല്ലാവരും മുകളിലേയ്ക്ക് നോക്കിയപ്പോൾ കറുത്ത മേഘങ്ങൾ നീങ്ങുന്നത് കണ്ടു. ഞങ്ങൾ കരുതി: “ചിലപ്പോൾ”. ഞങ്ങൾ ചിന്തിക്കുന്നത് പറയാറില്ല. കുറച്ച് മുമ്പ് ഞങ്ങൾക്ക് സംസാരിക്കാനുള്ള താല്പര്യം നഷ്ടപ്പെട്ടിരുന്നു. ഈ ചൂടിൽ ഞങ്ങൾക്കത് നഷ്ടപ്പെട്ടു. നിങ്ങൾ ചിലപ്പോൾ വേണമെന്ന് വച്ച് സംസാരിക്കുമായിരിക്കും, പക്ഷേ ഇവിടെ അതും പ്രയാസമാണ്. ഇവിടെ, നിങ്ങൾ സംസാരിക്കുമ്പോൾ, വാക്കുകൾ പുറത്തെ ചൂടിൽ ഉരുകി നാക്കിലെ ഒരു കിതപ്പായി മാറും. ഇവിടത്തെ കാര്യങ്ങൾ അങ്ങിനെയാണ്. അതുകൊണ്ടാണ് ആർക്കും സംസാരിക്കാൻ തോന്നാത്തത്.

ഒരു വലിയ തുള്ളി ഭൂമിയിൽ ഒരു തുള ഉണ്ടാക്കിക്കൊണ്ട് പതിച്ചു, തുപ്പൽ പോലെ ഒന്നുണ്ടാക്കിക്കൊണ്ട്. അതൊന്ന് മാത്രമേ വീണുള്ളൂ. ഞങ്ങൾ കൂടുതൽ പതിക്കുമെന്ന് പ്രതീക്ഷിച്ച് നോക്കി. പക്ഷേ കൂടുതലൊന്നും വീണില്ല. മഴ പെയ്യുകയായിരുന്നില്ല. ഞങ്ങൾ ആകാശത്തിലേയ്ക്ക് നോക്കുമ്പോൾ, മേഘങ്ങൾ അതിവേഗത്തിൽ അകലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഗ്രാമത്തിൽ നിന്നുള്ള കാറ്റ് അതിനെ നീലമരനിലകളിലേയ്ക്ക് തള്ളുകയാണ്. അബദ്ധത്തിൽ വീണ ആ തുള്ളിയെ ഭൂമി വലിച്ചെടുത്ത് ദാഹം തീർത്തു.

ആരാണീ വലിയ തുറസ്സുണ്ടാക്കിയത്? എന്തിനാണിത്?

ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി; മഴയ്ക്കു വേണ്ടി ഒന്ന് കാത്ത് നിന്നതായിരുന്നു. മഴ പെയ്തില്ല. അതുകൊണ്ട് വീണ്ടും നടക്കാൻ തുടങ്ങി. ഞങ്ങൾ പിന്നിട്ടതിനേക്കാൾ ദുരം നടന്നു കഴിഞ്ഞെന്ന് എനിക്ക് തോന്നി. എന്തൊക്കെയായാലും, എന്റെ ചെറുപ്പം തൊട്ട്, സമതലത്തിൽ മഴ പെയ്യുന്നത് കണ്ടിട്ടില്ല, നിങ്ങൾ മഴ എന്ന് പറയുന്ന അതിനെ.

ഈ സമതലം ഒന്നിനും കൊള്ളില്ല. അവിടെ മുയലുകളും പക്ഷികളും ഇല്ല. ഇവിടെ ഒന്നുമില്ല. കുറച്ച് നശിച്ച മുള്ളുള്ള മരങ്ങളും മൂർച്ചയുള്ള പരുക്കൻ പുല്ലുകളും ഒഴിച്ച് ഇവിടെ ഒന്നുമില്ല.

ഒടുക്കം ഞങ്ങളെത്തി. ഞങ്ങൾ നാല് പേരും.

ആദ്യം, ഞങ്ങൾ കുതിരപ്പുറത്ത് തോളിൽ റൈഫിൾസുമായാണ് പുറപ്പെട്ടത്. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ റൈഫിൾസ് ഒന്നുമില്ല.

അവർ ഞങ്ങളുടെ തോക്കുകൾ എടുത്ത് മാറ്റിയത് നന്നായെന്ന് എനിക്ക് തോന്നുമായിരുന്നു. ഇവിടെയൊക്കെ, ആയുധവുമായി നടക്കുന്നത് അപകടമാണ്. നിങ്ങളെ ഒരു 30-ബോർ പട്ടയിൽ കൊളുത്തിയിരിക്കുന്നത് കാണുമ്പോൾത്തന്നെ അവർ കൊന്ന് കളയും. പക്ഷേ കുതിരകളുടെ കാര്യം വേറെയാണ്. ഞങ്ങൾ കുതിരപ്പുറത്തായിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾത്തന്നെ വെള്ളത്തിന്റെ സ്വാദറിഞ്ഞ് വയറ് നിറച്ച് കഴിച്ച് ഗ്രാമത്തിൽ അത്താഴവും തേടി നടന്നേനെ. ഞങ്ങൾ അത് ആദ്യമേ ചെയ്തേനെ, ആ കുതിരകൾ ഉണ്ടായിരുന്നെങ്കിൽ. . പക്ഷെ അവർ തോക്കുകൾക്കൊപ്പം ഞങ്ങളുടെ കുതിരകളേയും കൊണ്ടുപോയി.

ഞാൻ സമതലത്തിലേയ്ക്ക് തിരിഞ്ഞു നോക്കി. ഒരു പ്രയോജനവുമില്ലാത്ത പരന്ന ഭൂമി. ഒന്നും കാണാനില്ലത്തപ്പോൾ നിങ്ങളുടെ കണ്ണുകൾ ഇടറും. കുറച്ച് ഓന്തുകൾ മാളത്തിൽ നിന്നും തല പൊക്കി നോക്കിയിട്ട് പൊള്ളുന്ന ചൂടിൽ നിന്നും രക്ഷപ്പെടാനായി കല്ലുകളുടെ നിഴലിൽ ഒളിച്ചു. പക്ഷേ ഞങ്ങൾക്ക് ജോലിയുണ്ടല്ലോ, എന്ത് ചെയ്യും? ഞങ്ങൾ എങ്ങിനെയാണ് ഈ വെയിലിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്താൻ പോകുന്നത്? ഞങ്ങൾക്ക് വിത്തെറിയാൻ ഈ ചത്ത പൊറ്റ തന്നതെന്തിന്?

അവർ പറഞ്ഞു: “ഇവിടം തൊട്ട് ഗ്രാമം നിങ്ങളുടേതാണ്.”

ഞങ്ങൾ ചോദിച്ചു: “ ഈ സമതലമോ?”

“….അതെ, സമതലം തന്നെ. ഈ ഒന്നാന്തരം സമതലം മുഴുവൻ”

ഞങ്ങൾക്ക് ഈ സ്ഥലമല്ല വേണ്ടതെന്ന് പറയാൻ നാവ് പൊങ്ങിയതായിരുന്നു. ഞങ്ങൾക്ക് പുഴയരികിലുള്ള സ്ഥലമായിരുന്നു വേണ്ടിയിരുന്നത്. പുഴയ്ക്കക്കരെ, കസാറിനാസ് എന്ന് വിളിക്കുന്ന മരങ്ങളുള്ള പുൽത്തകിടികൾ നിറഞ്ഞ നല്ല സ്ഥലമുണ്ടായിരുന്നു. ഈ സമതലം എന്ന് വിളിക്കുന്ന നശിച്ച സ്ഥലമല്ല.

പക്ഷേ അവർ ഞങ്ങളെ പറയാൻ അനുവദിച്ചില്ല. അവരുടെ പ്രതിനിധി ഞങ്ങളോട് സംസാരിക്കാൻ വന്നിരുന്നില്ല. അയാൾ കടലാസുകൾ ഞങ്ങൾ തന്നിട്ട് പറഞ്ഞു: “ഇത്രയും അധികം ഭൂമി കണ്ട് അന്തിച്ച് പോകണ്ട.”

‘പക്ഷേ ഈ സമതലം, സെനോർ…”

“ആയിരക്കണക്കിന് ഏക്കറുണ്ട്….“

“പക്ഷേ ഇവിടെ വെള്ളമില്ല. ഞങ്ങൾക്ക് കുടിക്കാൻ പോലും വെള്ളമില്ല.”

“മഴ പെയ്യില്ലേ? നിങ്ങൾക്ക് വെള്ളമുള്ള സ്ഥലം തരാമെന്ന് ആരും പറഞ്ഞിട്ടില്ല. മഴ പെയ്യുമ്പോൾ വിത്തുകൾ തനിയെ മുളച്ചോളും.”

“പക്ഷേ സെനോർ, ഈ ഭൂമി കട്ടി കൂടിയതും ദ്രവിച്ചതുമാണ്. ഈ പാറക്കെട്ടിൽ കലപ്പ കയറുമെന്ന് തോന്നുന്നില്ല. വിത്ത് നടാൻ ഭൂമിയിൽ കുഴിയുണ്ടാക്കണമെന്ന് മാത്രമല്ല ഇവിടെ ഒന്നും വളരുമെന്നും തോന്നുന്നില്ല. ചോളം മാത്രമല്ല, ഒന്നും വളരില്ല.”

“ഇതൊക്കെ എഴുതിത്താ, ഇപ്പോൾ നിങ്ങൾ പോ. നിങ്ങൾ പരാതി പറയുന്നത് വലിയ എസ്റ്റേറ്റിനെപ്പറ്റിയാണ്, നിങ്ങൾക്ക് അത് തന്ന സർക്കാരിനെപ്പറ്റിയല്ല.”

“നിൽക്കൂ സെനോർ, ഞങ്ങൾ സർക്കാരിനെതിരെ ഒന്നും പറഞ്ഞില്ല. ഈ സ്ഥലത്തെക്കുറിച്ച് മാത്രമാണ്. നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത കാര്യത്തിനെതിരേ യുദ്ധം ചെയ്യാൻ സാധിക്കില്ല. അതാണ് ഞങ്ങൾ പറഞ്ഞത്. ഞങ്ങൾ വിശദീകരിക്കാം. നോക്കൂ, നമുക്ക് ആദ്യം തൊട്ട് തുടങ്ങാം…”

പക്ഷേ അയാൾ ഒന്നും കേൾക്കാൻ താല്പര്യപ്പെട്ടില്ല.


അങ്ങിനെ അവർ ഞങ്ങൾക്ക് ഈ സ്ഥലം തന്നു. മാത്രമല്ല ഈ ചുട്ട ഭൂമിയിൽ ഞങ്ങൾ വിത്ത് വിതച്ച് എന്തെങ്കിലും കൃഷി ചെയ്യണമെന്നും പറയുന്നു. പക്ഷേ ഇവിടെ ഒന്നും വളരില്ല. പ്രാപ്പിടിയൻ പോലും. അവയെ അങ്ങ് ആകാശത്ത് കാണാം, ഈ വെളുത്ത പാറക്കെട്ടുകളിൽ നിന്നും എത്രയും വേഗം രക്ഷപ്പെടാൻ വേഗത്തിൽ രക്ഷപ്പെടാൻ വേണ്ടി. ഇവിടെ നടക്കുമ്പോൾ നിങ്ങൾക്ക് പിന്നോട്ട് പോകുന്നത് പോലെ തോന്നും.

മെലിറ്റോൺ പറഞ്ഞു: “ ഇതാണോ അവർ നമുക്ക് തന്ന സ്ഥലം?”

ഫോസ്റ്റിനോ പറഞ്ഞു: “എന്ത്?”

ഞാനൊന്നും പറഞ്ഞില്ല. ഞാൻ വിചാരിച്ചു: “ മെലിറ്റോൺ ശരിയായിട്ടല്ല ആലോചിക്കുന്നത്. ഈ ചൂടായിരിക്കും അവനെക്കൊണ്ടിത് പറയിക്കുന്നത്. ചൂട് അവന്റെ തൊപ്പിയിലൂടെ ഇറങ്ങി തല ചൂടാക്കിയിരിക്കുന്നു. അല്ലെങ്കിൽ, അവൻ അത് പറയേണ്ട ആവശ്യമെന്ത്? കാറ്റിന് വലുതായൊന്നും ചെയ്യാൻ ഇവിടെയൊന്നുമില്ല.

മെലിറ്റോൺ പിന്നേയും പറഞ്ഞു: “ഇത് എന്തിനെങ്കിലും ഉപകരിച്ചേക്കും. പെൺ കുതിരകളെ പരിശീലിപ്പിക്കാനെങ്കിലും.”

“ഏത് പെൺ കുതിര?” എസ്റ്റബാൻ ചോദിച്ചു.

ഞാൻ എസ്റ്റബാനെ അത്ര അടുത്ത് ശ്രദ്ധിച്ചിരുന്നില്ല. അവൻ ഇപ്പോൾ സംസാരിച്ചപ്പോൾ ഞാൻ അവനെ നോക്കി. അവൻ വയറ് വരെ എത്തുന്ന ജാക്കറ്റ് ധരിച്ചിരുന്നു. ജാക്കറ്റിനുള്ളിൽ ഒരു കോഴിയെപ്പോലെ എന്തോ ഒന്നുണ്ടായിരുന്നു.

“നോക്ക്..ടെബാൻ, നീ എവിടന്നാ ആ കോഴിയെ പൊക്കിയത്?”

“അത് എന്റെയാണ്!“ അവൻ പറഞ്ഞു.

“ആദ്യം നിന്റെ കൈയ്യിൽ അതുണ്ടായിരുന്നില്ല. നീ എവിടെ നിന്നാ അതിനെ മേടിച്ചത്?”

“ഞാൻ വാങ്ങിച്ചതൊന്നുമല്ല. എന്റെ പറമ്പിലെ കോഴിയാണ്.”

“അപ്പോൾ നീ അതിന് ആഹാരവും കൊണ്ടുവന്നിട്ടുണ്ടാകുമല്ലോ, ഇല്ലേ?”

“ഇല്ല. ഞാൻ അതിനെ സംരക്ഷിക്കാൻ വേണ്ടി കൊണ്ടുവന്നതാണ്. ഞാൻ വീട് കാലിയാക്കിയാണ് വന്നത്. ഇവൾക്ക് ആഹാരം അവിടെ കൊടുക്കാൻ ആരുമില്ല. ഞാൻ ദൂരേയ്ക്ക് പോകുമ്പോഴെല്ലാം ഇവളേയും കൊണ്ടു പോകും.”

“അവൾക്ക് ശ്വാസം മുട്ടുന്നുണ്ടാകും. അവളെ പുറത്തെടുക്കുന്നതായിരിക്കും നല്ലത്.”

അവൻ അവളെ കക്ഷത്ത് വച്ച് അതിന്റെ മുഖത്ത് ഊതി. എന്നിട്ട് പറഞ്ഞു:“ നമ്മൾ താഴ്വരയിൽ എത്താനായി.”

പിന്നെ എസ്റ്റബാൻ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ഞങ്ങൾ താഴവരയിലേയ്ക്ക് ഇറങ്ങാനായി വരിയായി നടന്നു. അവൻ പിടക്കോഴിയെ കാലിൽ തൂക്കിപ്പിടിച്ച് ആട്ടിയാട്ടി അതിന്റെ തല കല്ലിൽ അടിക്കുന്നത് കാണാം.

താഴേയ്ക്കിറങ്ങുന്തോറും ഭൂമി നല്ലതായി വന്നു. ഞങ്ങൾ കഴുതകളാണെന്ന പോലെ പൊടി പരന്നു കൊണ്ടിരുന്നു, ഞങ്ങൾക്ക് പൊടിയിൽ മുങ്ങുന്നത് ഇഷ്ടമായിരുന്നു. ഞങ്ങൾ ഇഷ്ടമാണ്. പതിനൊന്ന് മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം, സമതലത്തിന്റെ യാതനകൾ സഹിച്ച്, ഞങ്ങൾക്ക് ആ ഭൂമിയുടെ രസതന്ത്രത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി.

പുഴയ്ക്ക് മുകളിൽ, കസോറിനകളുടെ അഗ്രങ്ങൾക്ക് മുകളിൽ, ചചലചകൾ പറക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് അതായിരുന്നു ഇഷ്ടവും.

ഇപ്പോൾ ഞങ്ങൾക്ക് പട്ടികൾ കുരയ്ക്കുന്നത് കേൾക്കാം, ഗ്രാമത്തിൽ നിന്നുള്ള കാറ്റ് താഴ്വാരത്തിൽ തട്ടി പ്രതിധ്വനിച്ച് എല്ലാ ശബ്ദങ്ങൾക്കുമൊപ്പം ചേരുന്നത് കൊണ്ട്.

ഞങ്ങൾ ആദ്യത്തെ വീടെത്തുമ്പോൾ എസ്റ്റബാൻ പിടക്കോഴിയെ കൈയ്യിൽ തൂക്കിപ്പിടിച്ചു. അവൻ അതിന്റെ കാലുകളിലെ കെട്ടഴിച്ച് അതിനെ സ്വതന്ത്രയാക്കി അവനും കോഴിയും മെസ്ക്കിറ്റ് മരങ്ങൾക്കപ്പുറം മറഞ്ഞു.

“ഇവിടെയാണ് ഞാൻ താമസിക്കാൻ പോകുന്നത്!“ എസ്റ്റെബാൻ ഞങ്ങളോട് പറഞ്ഞു.

ഞങ്ങൾ മുന്നോട്ട് പോയി ഗ്രാമത്തിന്റെ നടുവിലെത്തി.

അവർ ഞങ്ങൾക്ക് തന്ന ഭൂമി തന്നെയായിരുന്നു അത്.