ഹേയ്ൽ സീസർ - എന്താണ് നടക്കാൻ പാടില്ലാത്തത്!





ഹോളിവുഡ് താരങ്ങളുടെ കടുത്ത നിറം ചാലിച്ച ഗോസിപ്പുകൾ എല്ലാം പുറം ലോകം അറിയുന്നത് ആ താരങ്ങൾക്ക് മാത്രമല്ല, അവരുടെ പ്രശസ്തിയും താരമൂല്യവും മുന്നിൽ കണ്ട് വൻ തുകകൾ മുടക്കി സിനിമയെടുക്കുന്ന പ്രൊഡക്ഷൻ കമ്പനികൾക്ക് കൂടി നഷ്ടം വരുത്തി വയ്ക്കുന്നതാണ്. സിനിമയുടെ സമ്പന്നലോകത്ത് ആഢംഭരത്തിന്റെ നടുവിൽ ജീവിക്കുന്ന താരങ്ങൾക്ക് കുരുക്കുകളിൽ‌പ്പെട്ടു പോകാൻ സാധ്യതകൾ ഏറേയുമാണ്. അത്തരം കഥകൾ പുറം ലോകം അറിയാതിരിക്കാനോ അല്ലെങ്കിൽ അറിഞ്ഞ കഥകൾക്ക് പുതിയ ഭാഷ്യം നൽകി വലിയ പരുക്കില്ലാതെ രക്ഷിച്ച് നിർത്താനോ എഡി മാനിക്സിനെപ്പോലുള്ള ‘ഫിക്സർ’ മാർ നല്ലപോലെ പണിയെടുക്കേണ്ടതുണ്ട്. അവരുടെ സേവനം കൊണ്ട് കൂടിയായിരിക്കും താരങ്ങളും നിർമ്മാണശാലകളും നഷ്ടം വരുത്താതെ തുടരുന്നത് എന്നും പറയാം.

 
ഹോളിവുഡിലെ പ്രശസ്തനായ ഫിക്സർ ആയിരുന്നു എഡി മാനിക്സ്. വിവാദങ്ങൾ ഇളക്കി വിടാൻ മണം പിടിച്ച് നടക്കുന്ന പപ്പാരാസികൾക്കിടയിൽ നിന്നും താരങ്ങളെ രക്ഷിക്കാനും ആവശ്യമുള്ളപ്പോൾ താരങ്ങളെത്തന്നെ നിലയ്ക്ക് നിർത്താനും പോന്നയാൾ. ജോർജ്ജ് റീവ്സ് എന്ന നടന്റെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങളിൽ ഉണ്ടായിരുന്ന പേരായിരുന്നു എഡി മാനിക്സിന്റേത്. മൊത്തം കരിയർ എടുത്ത് നോക്കിയാൽ അത്ര നല്ല പേരല്ലായിരുന്നു എഡിയ്ക്ക് മാധ്യമങ്ങൾക്കിടയിൽ.


 
 


പക്ഷേ, കോഹൻ ബ്രദേഴ്സിന്റെ ഹെയ്ൽ സീസർ എന്ന സിനിമയിൽ പ്രധാനകഥാപാത്രമായി വരുന്ന എഡി മാനിക്സ് അല്പം നല്ലവനാണ്. ബുദ്ധിപൂർവ്വം പ്രവർത്തിക്കുകയും അതേ സമയം എല്ലാ ദിവസവും കുമ്പസാരിക്കുകയും ചെയ്യുന്ന ഒരു മാന്യൻ. എന്നാൽ അങ്ങിനെ വരുമ്പോൾ ഒന്നാന്തരം ഒരു കോമഡിയാണ് കോഹൻ സഹോദരന്മാർ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ജോർജ്ജ് ക്ലൂണിയുടെ വേഷവും, കമ്മ്യൂണിസ്റ്റുകാരുടെ ഇടപെടലും എല്ലാം ചേർന്ന് ചരിത്രപരമായ ഒരുപാട് കൂട്ടിണക്കങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ശീതയുദ്ധയും, കമ്മ്യൂണിസ്റ്റുകാരും, അരക്ഷിതാവസ്ഥയിലാക്കുന്ന ഹോളിഡുഡ് കൌബോയ് സിനിമകളും ചടുലനൃത്തങ്ങളും സംഗീതവുമെല്ലാമായി പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നതുമെല്ലാം ചരിത്രത്തിന്റെ തന്നെ വ്യാജപതിപ്പെന്ന പോലെ സിനിമയിൽ മിന്നിമറയുന്നു.



രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ ഒരു ആക്ഷേപഹാസ്യം നിറച്ച ജീവചരിത്രം എന്നും ഹെയ്ൽ സീസറിനെ വിശേഷിപ്പിക്കാം.