ജീവിതം സിനിമയിലേയ്ക്ക് ചേക്കേറുമ്പോൾ



മെക്സിക്കൻ സിനിമാരംഗത്തെ പ്രമുഖനായ കാർലോസ് റേയ്ഗഡാസ് തന്റെ സിനിമകളിൽ കൂടുതലും അഭിനയവുമായി വലിയ ബന്ധമൊന്നുമില്ലാത്തവരേയാണ് ഉപയോഗിക്കാറുള്ളത്. പ്രൊഫഷണലുകളല്ലാത്ത നടീനടന്മാർ അതുകൊണ്ട് തന്നെ കാർലോസിന്റെ സിനിമകൾക്ക് പരുക്കനെങ്കിലും യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന അനുഭവം നൽകാൻ സഹായിക്കാറുണ്ടെന്ന് തോന്നുന്നു. റോ (raw) ആയ അഭിനേതാക്കളും അത്ര തന്നെ മെരുക്കമില്ലാത്ത ഭൂപ്രകൃതിയും ചേർന്ന്, സിനിമയുടെ അന്തസത്തയ്ക്ക് കടുത്ത നിറം കൊടുക്കുന്നു. റേയ്ഗഡാസ് വലിയ കഥകളൊന്നും സിനിമയിലൂടെ പറയാറില്ല, പക്ഷേ പ്രേക്ഷകർക്ക് അനുഭവിക്കാനാവുന്നത് ജീവിതത്തിലെ തന്നെ ആഴം നിറഞ്ഞ ചോദ്യങ്ങളും പദപ്രശ്നങ്ങളുമാണ്. ഒരുപക്ഷേ, പരിശീലനം ലഭിച്ചവരോ, പ്രതിഭാധനരോ ആയ അഭിനേതാക്കൾ ആയിരുന്നെങ്കിൽ ആ കഥാപാത്രങ്ങൾക്ക് ഇത്ര യാഥാർഥ്യത്തോടെ പെരുമാറാൻ കഴിയുമായിരുന്നോ എന്ന് സംശയമാണ്. ചിന്തേരിട്ട അഭിനയത്തേക്കാൾ ചിലപ്പോൾ ഫലം ചെയ്യുക പരുക്കൻ അരികുകളുള്ള വെറും സാന്നിദ്ധ്യങ്ങളായിരിക്കും.


റേയ്ഗഡാസിന്റെ സിനിമകളിലെ അഭിനേതാക്കളെപ്പറ്റി തിരഞ്ഞാൽ ചിലപ്പോൾ അധികം വിവരങ്ങളൊന്നും കിട്ടാനിടയില്ല. മിക്കവാറും രണ്ടോ മൂന്നോ സിനിമകളിലൊക്കെയേ അവരെ കാണാൻ കിട്ടൂ. പക്ഷേ, അഭിനയിച്ച കുറച്ച് സിനിമകൾ അവരെ ലോകസിനിമയിലെ എന്നും ഓർക്കപ്പെടുന്ന കഥാപാത്രങ്ങൾ ആക്കി മാറ്റുന്നു. റേയ്ഗഡാസിനെപ്പോലെയുള്ള സംവിധായകരുടെ കൈയ്യിലെത്തുമ്പോൾ അവർക്ക് തിളക്കം വയ്ക്കുന്നു.

റേയ്ഗഡാസിനെ ഒരു സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാക്കിയ സിനിമയാണ് 2002 ഇൽ ഇറങ്ങിയ ജപോൺ. ഒട്ടേറെ പുരസ്കാരങ്ങൾ ജപോൺ നേടി. അതിലെ പ്രധാന കഥാപാത്രമായ ‘പേരില്ലാത്ത ചിത്രകാരനെ’ അവതരിപ്പിച്ചത് മെക്സിക്കോക്കാരനായ അലജാൻഡ്രോ ഫെറെറ്റിസ് ആണ്. സിനിമയിലെ ഒരു പ്രൊഡക്ഷൻ ജോലിക്കാരൻ മാത്രമായിരുന്ന ഫെറെറ്റിസ് അദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത് ജപോണിലൂടെയാണ്. ജപോണിലെ അഭിനയത്തിന് അദ്ദേഹം നിരൂപകപ്രശംസയും പുരസ്കാരങ്ങളും നേടുകയുമുണ്ടായി. ദു:ഖകരം എന്ന് പറയട്ടെ, ജപോൺ അദ്ദേഹം അഭിനയിച്ച അവസാനത്തേയും സിനിമയായിരുന്നു. മെക്സിക്കോയിലെ തന്റെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു ഫെറെറ്റിസ്.




സ്വന്തം മരണത്തിനെത്തേടി ഒരു കുഗ്രാമത്തിലെത്തുന്ന ചിത്രകാരനായിട്ടാണ് ജപോണിൽ ഫെറെറ്റിസ് പ്രത്യക്ഷപ്പെടുന്നത്. മരണം പോലെത്തന്നെ ഏകാന്തവും ക്രൂരവുമാണ് അയാളെത്തിപ്പെടുന്ന ഗ്രാമം. ഫെറെറ്റിസ് അന്വേഷിക്കുന്നത് ആ ഗ്രാമത്തിൽ കണ്ടെത്തിയെന്ന് തോന്നും. തന്റെ പോളിയോ ബാധിച്ച് ഞൊണ്ടലുള്ള കാലും സിനിമയിലെത്തിച്ച് ഫെറെറ്റിസ് തീരുമാനിച്ചത് എന്തായിരിക്കും?

ഹിച്ച്കോക്കിന്റെ സുന്ദരിമാർ



ഫാഷൻ മാസികകളിൽ മോഡൽ ആയി തിളങ്ങിയിരുന്ന കാലത്താണ് ടിപ്പി ഹേഡ്രെനെ സാക്ഷാൽ ആൽഫ്രഡ് ഹിച്കോക്കിന്റെ കൂടെ ജോലി ചെയ്യാൻ ക്ഷണിക്കുന്നത്. ഒട്ടും ആലോചിക്കാതെ അവർ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഹിച്കോക്കിന്റെ ടെലിവിഷൻ സീരിയലിൽ  അഭിനയിക്കാനാണെന്നാണ് അവരോട് പറഞ്ഞിരുന്നത്. പിന്നീട്, ആഴ്ചകൾ നീണ്ട പരിശീലനത്തിന് ശേഷമാണ് അദ്ദേഹം തന്റെ അടുത്ത സിനിമയിലെ നായികയാട്ടാണ് തന്നെ ഉപയോഗിക്കാൻ പോകുന്നെന്ന് അറിയുന്നത്. The Birds എന്ന സിനിമയായിരുന്നു അത്.

നായികയായിട്ട് അവരെ ഉപയോഗിക്കുകയായിരുന്നെന്ന് പറയുന്നതാണ് ശരി. വളരെ കർക്കശക്കാ‍രനായ ഹിച്കോക്കിന്റെയൊപ്പം ജോലി ചെയ്യുന്നത് ഒട്ടും എളുപ്പമായിരുന്നില്ല ടിപ്പിയ്ക്ക്. മൂന്ന് വർഷത്തോളം സിനിമയെക്കുറിച്ച് ക്ലാസ്സുകളും മീ‍റ്റിങുകളും. ഷൂട്ടിങ് തുടങ്ങിയപ്പോൾ ആഴ്ചയിൽ അര ദിവസം മാത്രം അവധി. ഹിച്കോക്ക് പറയുന്നത് അനുസരിക്കുക എന്നതല്ലാതെ ഒരു ചോദ്യത്തിന് പോലും അവസരമില്ലായിരുന്നു അവിടെ.


സിനിമയിലെ തന്റെ കഥാപാത്രത്തിനെ പക്ഷികൾ ആക്രമിക്കുന്ന രംഗം ഷൂട്ട് ചെയ്തതായിരിക്കും ഹിച്കോക്കിന്റെ ക്രൂരതയെപ്പറ്റി അവർക്ക് മനസ്സിലാക്കിക്കൊടുത്തത്. പക്ഷികളുടെ ബൊമ്മകളായിരിക്കും ഉപയോഗിക്കുക എന്നായിരുന്നു അവർക്ക് ഉറപ്പ് കൊടുത്തിരുന്നത്. പക്ഷേ, യഥാർഥ പക്ഷികൾ തന്നെയായിരുന്നു അവരെ ആക്രമിച്ചത്. സെറ്റിലെ ജോലിക്കാർ ചിറകടിക്കുന്ന പക്ഷികളെ അവർക്ക് നേരേ  തുറന്ന് വിടുകയാണുണ്ടായത്. സാരമായ പരിക്കേറ്റ അവർക്ക് വൈദ്യസഹായം തേടേണ്ടി വന്നു. അഞ്ച് ദിവസത്തെ വിശ്രമം എടുക്കാൻ ഡോക്ടർ  ഉപദേശിച്ചു. പക്ഷേ, ഹിച്കോക്കിന് അത് സമ്മതമല്ലായിരുന്നു. തന്റെ സിനിമ മുടങ്ങാതിരിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന് പ്രധാനം.

ഇങ്ങനെ ഷൂട്ടിങിലുടനീളം മാനസികമായും ശാരീരികമായും യാതനകൾ സഹിക്കേണ്ടി വന്നിട്ടുണ്ട് ടിപ്പിയ്ക്ക്. അവരുടെ പ്രകടനം ഹിച്കോക്കിന് ഇഷ്ടമായെങ്കിലും അത്രയ്ക്കങ്ങ് സ്വാതന്ത്ര്യം നൽകാൻ താല്പര്യപ്പെട്ടിരുന്നില്ല. ഏഴ് വർഷത്തെ കരാർ ഒപ്പിട്ട് കൊടുത്തിരുന്നതിനാൽ ഇടയ്ക്ക് വച്ച് നിർത്തിപ്പോകാനും ടിപ്പിയ്ക്ക് സാധിക്കുമായിരുന്നില്ല.

അവരുടെ അടുത്ത ചിത്രമായിരുന്നു മാർനി. അതിലെ ടിപ്പിയുടെ പ്രകടനം ഹിച്കോക്കിന്റെ സന്തോഷിപ്പിച്ചു എന്ന് വേണം പറയാൻ. അതിനൊപ്പം തന്നെ, ടിപ്പിയോട് ഒരു സ്വാർഥമായ അടുപ്പവും അദ്ദേഹത്തിനുണ്ടായിരുന്നു. ഷൂറ്റിങ് സെറ്റിൽ നിന്നും ടിപ്പി എപ്പോൾ പോയി, ആരെയൊക്കെ കാണുന്നു, എവിടെയൊക്കെ പോകുന്നു എന്നെല്ലാം നിരീക്ഷിക്കാനായി രണ്ട് പേരെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. ടിപ്പിയ്ക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഹിച്കോക്കിന്റെ നിയന്ത്രണം അവരുടെ മേൽ പിടിമുറുകുകയായിരുന്നു. പ്രൊഡക്ഷന്റെ സമയത്ത് ആരും അവരെ സ്പർശിക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അവരുടെ മകളെപ്പോലും കാണാൻ അനുവദിക്കാത്ത വിധം പീഢനത്തിന് തുല്യമായ അടുപ്പം.

ഒരിക്കൽ സെറ്റിലേയ്ക്ക് പോകുന്ന വഴി കാറിൽ വച്ച് ടിപ്പിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു ഹിച്കോക്ക്. ഒരിക്കൽ ഹിച്കോക്ക് അവരോട് പറഞ്ഞു, “നീ എന്നെ പ്രേമിക്കുന്നെന്ന് പറയുന്നതായി ഞാൻ സ്വപ്നം കണ്ടു”.

അത് വെറും സ്വപ്നം മാത്രമാണല്ലോയെന്ന് മറുപടി പറഞ്ഞ് അവർ പോയി. തുടർന്നും ഹിച്കോക്ക് തന്റെ പ്രണയചേഷ്ടകൾ തുടർന്നു. താൻ ആവശ്യപ്പെടുമ്പോഴെല്ലാം ഏത് സമയത്തും എവിടെ വച്ചും താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ഹിച്കോക്ക് ആവശ്യപ്പെട്ടു, എന്തോ നിസ്സാരകാര്യം പറയുന്നത് പോലെ.

ഇത്തരം അനുഭവങ്ങളും പീഢനങ്ങളും കൊണ്ട് മടുത്ത ടിപ്പി ഹിച്കോക്കുമായുള്ള കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഹിച്കോക്ക് അതിന് തയ്യാറായില്ല. തന്റെ ചരടിൽ കൊണ്ടുനടക്കുന്ന ഒരു സുന്ദരിയെ നഷ്ടപ്പെടുത്താൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. ഒരു അപേക്ഷയ്ക്കും അലിയാതെ ഹിച്കോക്ക് അവരെ തന്റെയൊപ്പം നിർത്താൻ ശ്രമിച്ചു. അവരുടെ കരാർ അത്തരത്തിലായിരുന്നു. ഒടുവിൽ, മാർനി എന്ന സിനിമ കഴിഞ്ഞ ശേഷം ഒട്ടേറേ അപേക്ഷകൾക്കും, സുഹൃത്തുക്കളുടെ ഇടപെടലുകൾക്കും ശേഷം ടിപ്പിയെ ഹിച്കോക്ക് മോചിപ്പിച്ചു.

ലൈംഗികകാര്യങ്ങളിൽ ഹിച്കോക്ക് ഒരു ബലഹീനനായിരുന്നെന്ന് അടക്കം പറച്ചിലുകൾ ഉണ്ട്. സെക്സിനെ ഭയക്കുന്ന അദ്ദേഹം സ്വന്തം ശരീരത്തിനെ വെറുപ്പോടെയാണ് കണ്ടിരുന്നത്. ഈ അവസ്ഥയുടെ പ്രതിഫലനമായിരിക്കണം അദ്ദേഹത്തിന്റെ ക്രൂരത നിറഞ്ഞ നടപടികളെന്നും പറയപ്പെടുന്നു. ടിപ്പിയോടായിരുന്നു അതിന്റെ പാരമ്യം എന്ന് മാത്രം.