കറുത്ത വസ്ത്രങ്ങള്‍

(ഫ്ലോറ സാന്റൊനോ മൊറേന

ലാറ്റിന്‍‌അമേരിക്കന്‍‌ എഴുത്തുകാരി. ജനനം മരണം എന്നിവയെകുറിച്ച് വിവരങ്ങള്‍‌ ലഭ്യമല്ല. രഹസ്യാത്മകമായിരുന്നു അവരുടെ ജീവിതം . നോട്ട് ബുക്കില്‍‌ എഴുതി ഉപേക്ഷിച്ച നിലയിലാണ്` സൃഷ്ടികള്‍ ‌ കണ്ടെടുക്കപ്പെട്ടത്. അവരെപ്പറ്റി കൂടുതല്‍‌ അറിയാന്‍‌ പഠനങ്ങള്‍ ‌ നടക്കുന്നു.)


പത്ത് മണിയുടെ മൂപ്പെത്താത്ത വെയിലിന്` കീഴില്‍‌ മൌനം കടിച്ച് പിടിച്ച് എല്ലാവരും നിന്നു. പരേതന്റെ സ്വര്‍‌ഗ്ഗയാത്രയ്ക്ക് വഴിയൊരുക്കിക്കൊണ്ട് പുരോഹിതന്മാര്‍‌ പുണ്യവചനങ്ങള്‍‌ ഉരുവിടുന്നു. അക്ഷമ പെരുകുന്നുണ്ടായിരുന്നു എല്ലാവര്‍‌ക്കും . മരിച്ചത് പ്രമാണിയായത് കൊണ്ട് മാത്രം വന്ന് ചേര്‍‌ന്നവര്‍‌ കെട്ടിക്കിടക്കുന്ന ജോലികളെക്കുറിച്ചോര്‍‌ത്തു.

യാക്കോബ് അവിടെയെവിടെയെങ്കിലും ഉണ്ടോയെന്ന് അവള്‍‌ പരതി. ഇടയ്ക്ക് ചിലരില്‍‌ കണ്ണുകളുടക്കിയപ്പോള്‍‌ ചിരിയല്ലാത്ത പരിചയം കാണിച്ചു. കറുത്ത വസ്ത്രം ധരിച്ച ആള്‍‌ ക്കൂട്ടത്തിനിടയില്‍‌ അയാളെ തിരയുക പ്രയാസമായിരുന്നു. വന്നിട്ടുണ്ടോയെന്ന് തന്നെ ഉറപ്പില്ല. എന്തായാലും താന്‍‌ വന്ന് കാണുമെന്ന് അയാള്‍‌ ഊഹിക്കാതിരിക്കില്ല. മരിച്ചയാള്‍‌ അയാളുടെയും സുഹൃത്തായിരുന്നല്ലോ.

ചടങ്ങുകള്‍‌ മെല്ലെ മെല്ലെ അവസാനിച്ചു ഓരോരുത്തരായി പിരിഞ്ഞ് പോയിക്കൊണ്ടിരുന്നു. ഒടുവില്‍‌അവളും തിരിച്ചു. നടപ്പാതയുടെ ഇരുവശവും പുളിമരങ്ങള്‍‌ ഉണ്ടായിരുന്നു. പഴുത്ത പുളിയിലകള്‍‌ ചിതറിക്കിടക്കുന്ന വഴിയിലൂടെ നടക്കുന്നത് അവള്‍‌ ക്ക് ആശ്വാസം നല്കി. കാറ്റടിക്കുമ്പോള്‍‌ ഇലകള്‍‌ ക്ക് ജീവന്‍‌ വയ്ക്കുന്നതും ഓടിക്കളിക്കുന്നതും ആസ്വദിച്ച് കൊണ്ട് അവള്‍‌ വീട്ടിലേയ്ക്ക് നടന്നു.

വീട് പൂട്ടിയിരുന്നു. യാക്കോബ് എങ്ങോട്ടോ പോയിരിക്കുന്നു. ശവസം സ്കാര ചടങ്ങിന്` വരാതെ അയാള്‍‌ പോകാനിടയുള്ള സ്ഥലങ്ങള്‍‌ അവള്‍‌ ഓര്‍‌ത്തെടുക്കാന്‍‌ ശ്രമിച്ചു. തൂക്ക് ചെടിച്ചട്ടിയില്‍‌ ഒളിപ്പിച്ച് വച്ചിരുന്ന താക്കോല്‍‌ എടുത്ത് അവള്‍‌ വാതില്‍‌ തുറന്നു

അവധിദിവസമല്ലാത്തതിനാല്‍‌ സുഹൃത്തുക്കളുടെ അടുത്തെങ്ങും പോകാന്‍‌ സാധ്യതയില്ല. ഇല്ലെങ്കില്‍‌ രാവിലെ തന്നെ ഏതെങ്കിലും മദ്യശാലയില്‍‌ കയറിക്കൂടിയിട്ടുണ്ടാകും .അതോര്‍‌ത്തപ്പോള്‍‌ അവള്‍ക്ക് ദേഷ്യം വന്നു. വായനാമുറിയില്‍‌ വിസ്ക്കി കഴിച്ചിരുന്നതിന്` അവള്‍‌ കഴിഞ്ഞ ദിവസം വലിയ വഴക്കുണ്ടാക്കിയിരുന്നു. എഴുത്ത് മേശപ്പുറത്ത് ഇറച്ചിക്കഷ്ണങ്ങള്‍‌ ഇട്ടതായിരുന്നു അവളെ രോഷാകുലയാക്കിയത്. അയാള്‍‌ കുടിച്ച് വീര്‍‌ത്ത കണ്ണുകള്‍‌ ഒന്ന് കൂടി ചുവപ്പിച്ച് രൂക്ഷമായൊന്ന് നോക്കി ഇറങ്ങിപ്പോകുകയായിരുന്നു. അത് അസാധാരണമായിരുന്നു. വഴക്കുണ്ടാക്കുനന്തിലും അനാവശ്യമായി ഒച്ചയുണ്ടാക്കുന്നതിലും അവളേക്കാള്‍‌ ഉശിര് അയാള്‍‌ ക്കായിരുന്നു.

വഴക്കിന്` ഏതാനും നിമിഷങ്ങള്‍‌ക്ക് മുമ്പാണ്` മരണവാര്‍‌ത്ത വന്നതെന്ന് അവളോര്‍‌ത്തു. അതായിരിക്കും ഒന്നും മിണ്ടാതെ പോയത്. നല്ലതായാലും ചീത്തയായാലും അയാളുടെ പേര് കേള്‍‌ക്കുന്നത് യാക്കോബിന്` ഇഷ്ടമല്ലായിരുന്നു, പൊതുവേദികളില്‍‌ ഉറ്റസുഹൃത്തുക്കളെപ്പോലെ പെരുമാറുമായിരുന്നെങ്കിലും .

അവള്‍‌ മരണചടങ്ങുകള്‍‌ ക്ക് ധരിക്കാറുള്ള കറുത്ത ഉടുപ്പ് അഴിച്ച് വച്ചു. അടിവസ്ത്രങ്ങള്‍‌ പോലും കറുത്തതായിരിക്കാന്‍‌ അവള്‍‌ ശ്രദ്ധിക്കാറുണ്ട്. വാതില്‍‌ ചാരി കണ്നാടിയുടെ മുന്നില്‍‌ നിന്ന് സ്വയം കണ്ടാസ്വദിച്ച് കൊണ്ട് അവള്‍‌ അടിയുടുപ്പുകളും ഉപേക്ഷിച്ചു. വെണ് മയാര്‍‌ന്ന ഉടല്‍‌ കണ്ണാടിയില്‍‌ തിളങ്ങുന്നത് പോലെയുണ്ടായിരുന്നു. ഉടയാതെ കൃത്യമായ വ്യായാമങ്ങളും ഭക്ഷണരീതികളും കൊണ്ട് മനോഹരമായി സുക്ഷിച്ച തന്റെ ശരീരം അവള്‍‌ ക്ക് അഭിമാനമുണ്ടാക്കി. ശവസം സ്കാരവേളയില്‍‌ പോലും ചില കണ്ണുകള്‍ തന്റെ ശരീരത്തെ കൊതിയോടെ നോക്കുന്നത് അവള്‍‌ ശ്രദ്ധിച്ചിരുന്നു. അങ്ങിനെ നോക്കാത്ത കണ്ണുകള്‍‌ യാക്കോബിന്റേത് മാത്രമായിരിക്കണം . എപ്പോഴും കുടിച്ച് കനം തൂങ്ങിയ ആ കണ്ണുകളില്‍‌ കുഴഞ്ഞ പരുവത്തിലായിരിക്കും താന്‍‌ തെളിയുന്നത്.

അവള്‍‌ക്കതില്‍‌ വിഷമമൊന്നുമില്ല.അവള്‍‌ അകമേ ചിരിച്ചു. എന്നിട്ട് പ്രാര്‍‌ത്ഥനയ്ക്ക് പോകുമ്പോള്‍‌ ധരിക്കാറുള്ള പട്ട് നൂലുകള്‍‌ കൊണ്ട് ചിത്രപ്പണികള്‍‌ ചെയ്ത നീളന്‍‌ ഉടുപ്പ് അണിഞ്ഞു. നഗ്നമായ തൊലിയില്‍‌ ഉടുപ്പിന്റെ പരുപരുപ്പ് ഉരസുന്നത് അവള്‍‌ക്കിഷ്ടമായിരുന്നു. നേരം പതിനൊന്നാകുന്നതേയുള്ളൂ. ഉച്ചഭക്ഷണം പാകം ചെയ്യാന്‍‌ സമയമുണ്ട്. തലേന്നത്തെ ഇറച്ചിക്കറി ഒന്ന് ചൂടാക്കിയെടുത്താല്‍‌ മതി. വെയിലിന്` കാര്യമായ മാറ്റമൊന്നുമില്ല. മൂടിക്കെട്ടിയ അന്തരീക്ഷം . അല്പം തണുപ്പും തോന്നുന്നുണ്ട്. ഇത്തരം അവസ്ഥകള്‍‌ പരമാവധി ആനന്ദകരമാക്കണമെന്ന് അവള്‍‌ വിചാരിച്ചു. അലമാരയില്‍‌ നിന്ന് ജിന്നിന്റെ കുപ്പി എടുത്ത് ഒരു പെഗ് ഒഴിച്ചു. കസേര ജനാലയ്ക്കരികില്‍‌ നീക്കിയിട്ട് പുറത്ത് കാറ്റാടിമരങ്ങളില്‍‌ കാറ്റ് പിടിക്കുന്നതും നോക്കി ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു.

അവള്‍‌ മരണപ്പെട്ടയാളെ ഓര്‍‌ത്തു. മാന്യനും സമൂഹത്തില്‍‌ ആദരണീയനുമായിരുന്ന പ്രൊഫസറായിരുന്നു അയാള്‍‌ . യാക്കോബും അവളും പട്ടണത്തിലേയ്ക്ക് താമസം മാറ്റിയ കാലത്ത് ആദ്യം പരിചയപ്പെട്ടവരില്‍‌ ഒരാള്‍‌ . സൌഹൃദങ്ങള്‍‌ ക്ക് വില കല്പിച്ചിരുന്ന അദ്ദേഹം ഒരുപാട് സഹായങ്ങള്‍‌ അവര്‍‌ക്ക് ചെയ്തിരുന്നു. നന്ദി വാക്കുകള്‍‌ സ്വീകരിക്കുന്നത് മോശം ശീലമായി കരുതിയിരുന്ന അദ്ദേഹം അവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍‌ശകനായിരുന്നു. യാക്കോബ് അദ്ദേഹത്തോടൊപ്പം മദ്യപിക്കുന്നതില്‍‌ അവള്‍‌ക്ക് പരാതിയൊന്നുമില്ലായിരുന്നു.

നല്ല മനസ്സിന്റെ ഉടമയായ അദ്ദേഹത്തിന്റെ കൂട്ടുകെട്ട് യാക്കോബ്ബിന്റെ ദുഷിച്ച ചിന്തകള്‍‌ക്ക് അയവ് വരുത്തുമെന്ന് അവള്‍‌ പ്രതീക്ഷിച്ചു. ചിലപ്പോഴെല്ലാം അവര്‍‌ക്കൊപ്പം ഒരു പെഗ് കഴിക്കാനും അവള്‍‌ കൂടുമായിരുന്നു. അപാരമായ ലോകപരിജ്ഞാനം ഉണ്ടായിരുന്ന പ്രൊഫസര്‍‌ സംസാരിക്കുന്നത് കേള്‍‌ക്കാന്‍‌ വേണ്ടി മാത്രം . ഒരിക്കലും സൌഹൃദത്തിന്റെ സീമകള്‍‌ക്കപ്പുറം ഒരു വാക്കോ നോട്ടമോ അദ്ദേഹം ഉപയോഗിക്കാറില്ലായിരുന്നു. അതെല്ലാം അവളുടെ മനസ്സിലെ ആരാധനാപാത്രമാകാനുള്ള ഗുണങ്ങളായിരുന്നു.

എന്നാല്‍‌ വര്‍‌ഷങ്ങള്‍‌ കഴിഞ്ഞതോടെ ജീവിതത്തിന്റെ ദുരന്തസംഭവങ്ങള്‍‌ അവശനാക്കിയ പ്രൊഫസറെ ആശ്വസിപ്പിക്കേണ്ട ചുമതല കുടി അവര്‍‌ക്ക് ഏറ്റെടുക്കേണ്ടി വന്നു. അവള്‍‌ സ്വന്തം ഗുരുനാഥനെയെനപോലെ അദ്ദേഹത്തെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ട് വരാന്‍‌ ശ്രമിച്ചു. യാക്കോബാകട്ടെ പതിവ് മുരട്ട് ശീലങ്ങളില്‍‌ തുടര്‍‌ന്നുവെന്നല്ലാതെ കാര്യമായൊന്നും അലട്ടുന്നതായി ഭാവിച്ചത് പോലുമില്ല.

ഒടുവില്‍‌ തന്റെ സാന്നിധ്യം ഇഷ്ടപ്പെടാത്തത് കൊണ്ടാണതെന്ന് കരുതി പ്രൊഫസര്‍‌ വരാതായി. ഏതെങ്കിലും വിരുന്നിലോ ചടങ്ങുകള്‍‌ക്കോ കാണുമ്പോള്‍‌ പരിചയം പുതുക്കുമെന്നല്ലാതെ കൂടുതല്‍‌ അകന്ന് നില്ക്കാന്‍‌ തന്നെ തിരുമാനിച്ച പോലെ. അതിനെ ചൊല്ലി ആദ്യത്തെ വഴക്കുണ്ടാക്കിയപ്പോഴാണ്` യാക്കോബ് വായനാമുറിയില്‍‌ മദ്യപിക്കാനും അവിടെത്തന്നെ ബോധം കെട്ടുറങ്ങാനും തുടങ്ങിയത്. അവള്‍‌ ക്ഷമയോടെ അയാളുറങ്ങാന്‍‌ കാത്തിരിക്കുകയും ശേഷം എച്ചിലും കുപ്പികളും മാറ്റി എഴുത്ത് മേശ വൃത്തിയാക്കാനും തുടങ്ങി. ഉണരുമ്പോള്‍‌ എന്താണ്` സം ഭവിച്ചതെന്ന് ഭ്രമമുണ്ടാക്കും വിധം അവള്‍‌ കാര്യങ്ങള്‍‌ നീക്കി. അയാള്‍‌ പുസ്തകം വായിച്ചുറങ്ങിപ്പോയതാണെന്നൊക്കെ പറഞ്ഞ് കൂടുതല്‍‌ ആശയക്കുഴപ്പത്തിലാക്കാനും അവള്‍‌ ശ്രമിച്ചിരുന്നു. എല്ലാം നിരുപദ്രവകരമായ തമാശകളായിരുന്നു. വളരെക്കാലമായി തന്റെ ശരീരത്തില്‍‌ സ്പര്‍‌ശിക്കാന്‍‌ പൊലും കൂട്ടാക്കാത്ത യാക്കോബിനോട് അവള്‍‌ പകരം വീട്ടുന്നത് ഇങ്ങനെയൊക്കെയായിരുന്നു. പ്രണയ കഥകളും ക്ലാസ്സിക് ചിത്രരചനകളില്‍‌ മതിമറന്ന് സ്നേഹത്തിലേര്‍‌പ്പെടുന്നവരുടെ ശരിരങ്ങള്‍‌ നോക്കിയും അവള്‍‌ തന്റെ ഉള്‍‌ക്കിടിലങ്ങളെ ഒരളവ് വരെ നിയന്ത്രിച്ചു.

അതിന്` ശേഷമാണ്` സല്‍‌ ക്കാരങ്ങളില്‍‌ പങ്കെടുക്കാന്‍‌ കണ്ണന്ചിപ്പിക്കുന്ന ഒരുക്കങ്ങള്‍‌ ചെയ്ത് , പുരുഷന്മാര്‍‌ക്ക് കൊതിയുണര്‍‌ത്തുകയും സ്ത്രികള്‍‌ ക്ക് ചൊറിച്ചിലുണ്ടാക്കുകയും ചെയ്യാന്‍‌ തുടങ്ങിയത്. പക്ഷേ ഒരിക്കല്‍‌ പോലും ആരുടേയും പ്രണയാഭ്യര്‍‌ഥന സ്വീകരിക്കാനും , ഒരു രാത്രി ചിലവഴിക്കാനുള്ള അപേക്ഷകള്‍‌ പരിഗണിക്കാനും അവള്‍‌ തയ്യാറായില്ല. അത്തരം ആവശ്യങ്ങളുമായി വരുന്നവരെ ചീത്ത പറഞ്ഞോടിക്കാറുമുണ്ടായിരുന്നു. അങ്ങനെ സ്വയം സം തൃപ്തിപ്പെടുത്താനുള്ള ഓരോരോ കിറുക്ക് പിടിച്ച ചെയ്തികള്‍‌ ക്കിടയിലാണ്` പ്രൊഫസറുടെ മരണം .

യാക്കോബ് ഇനിയൊരിക്കലും തന്റേതായിരിക്കില്ലെന്ന് ഉറപ്പായപ്പോള്‍‌ അയാളെ അലോസരപ്പെടുത്താന്‍‌ വേണ്ടി താന്‍‌ ചെയ്ത കാര്യങ്ങളോര്‍‌ത്ത് പശ്ചാത്തപിക്കുകയാണവളിപ്പോള്‍‌ .

ജിന്‍‌ ഒരു പെഗ് കൂടി ഒഴിച്ച് അവള്‍‌ കിടപ്പ് മുറിയിലേയ്ക്ക് പോയി. കണ്ണാടിയുടെ മുന്നില്‍‌ നിന്ന് വസ്ത്രങ്ങള്‍‌ അഴിച്ചുമാറ്റി. ആദ്യമായി അവള്‍‌ക്ക് സ്വന്തം ശരിരത്തോട് വെറുപ്പ് തോന്നി. യാക്കോബിന്` പോലും വേണ്ടാത്ത ഈ ശരീരം പാപം നിറഞ്ഞതും പിശാചിന്` വശപ്പെട്ടതുമാണെന്ന് അവള്‍‌ ക്ക് തോന്നി.

കണ്ണാടിയില്‍‌ , ചുളിവുകള്‍‌ വീഴുന്നതും ദുര്‍‌മ്മേദസ്സ് നിറയുന്നതുമായ ശരീരത്തെ സങ്കല്‍‌പ്പിച്ച് അവള്‍‌ മുത്തശ്ശിമാര്‍‌ ധരിക്കുന്ന തരം ഉടുപ്പ് അണിഞ്ഞു.

അപ്പോള്‍‌ വാതില്‍‌ ക്കല്‍‌ സ്വപ്നവും യാഥാര്‍‌ത്ഥ്യവും തിരിച്ചറിയാനാകാതെ യാക്കോബിന്റെ വീര്‍‌ത്ത കണ്ണുകള്‍‌ വിടര്‍‌ന്നു.

വിവര്‍‌ത്തനം : ജയേഷ്

കുറിപ്പ് : ഈ കഥയും കഥാകാരിയും എല്ലാം സാങ്കല്പിക സൃഷ്ടിയാണ്`.

1 comment:

  1. ജയേഷ്.
    വിവര്‍ത്തനം എങ്കിലും നന്നായി. പ്രത്യേകിച്ചൊന്നും കഥയില്‍ കണ്ടില്ല. ഇതിന്റെ മൂല കഥ ഏതെന്നു അറിയുമോ?
    തുടക്കം ഇവിടെ നിന്നായിരുന്നു അല്ലെ. ആശംസകള്‍.

    ReplyDelete