Wednesday, April 26, 2017

'ചുവന്ന ബാഡ്ജ്'


ഡിഗ്രി പഠനകാലത്ത് എന്റെ ഒരു അടുത്ത ചങ്ങാതി വീട്ടില്‍ വന്നു. ഒരു പുസ്തകം വാങ്ങാന്‍ വന്നതായിരുന്നു. അവന്‍ പോയ ശേഷം അതാരാണെന്ന് അമ്മ ചോദിച്ചു. കൂടെ പഠിക്കുന്ന സലീം ആണെന്നു പറഞ്ഞപ്പോള്‍ അമ്മ മുഖം ചുളിച്ച് പറഞ്ഞത് 'കണ്ടാലറിയാം കാക്കാന്‍ ആണെന്ന്' എന്നായിരുന്നു.
ഒരു വലിയ പെരുന്നാളിനു മറ്റൊരു മുസ്ലീം ചങ്ങാതിയുടെ വീട്ടില്‍ പോയി ഞാന്‍ മട്ടന്‍ ബിരിയാണി കഴിച്ചു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉച്ചയ്ക്ക് കഴിച്ചു എന്ന് അമ്മയോടു പറഞ്ഞു. 'കാക്കാന്മാരുടെ വീട്ടില്‍ പോയി കഴിക്കുന്നതെന്തിനാ?' എന്നായിരുന്നു അമ്മയുടെ ചോദ്യം.
പിന്നീടു ഹൈദരാബാദില്‍ ഒരു കമ്പനിയില്‍ ജോലിയ്ക്കു ചേര്‍ന്ന സമയം. മുഖത്ത് നോക്കി ജാതി ചോദിക്കുന്നതില്‍ ഒരു പ്രയാസവുമില്ലാത്ത ആളുകളായിരുന്നു അവിടെ. ഞാന്‍ മലയാളി ആയതു കൊണ്ട് കൃസ്ത്യാനി ആയിരിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ ഊഹിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ കൃസ്ത്യാനി അല്ലെന്ന് മനസ്സിലാക്കിയ ഒരാള്‍ പറഞ്ഞത് 'ആദ്യമായിട്ടാണ് കൃസ്ത്യാനിയല്ലാത്ത മലയാളിയെ കാണുന്നത്' എന്നായിരുന്നു. അവന്റെ മുഖത്ത് ഒരു ആശ്വാസവും പ്രതിഫലിച്ചിരുന്നു. പിന്നെ അവന്‍ ചോദിച്ചത് ഞാന്‍ നായരാണോ നമ്പൂതിരി ആണോ എന്നായിരുന്നു. അതിനപ്പുറം ഒന്നും അവന്‍ ഹിന്ദു എന്ന ഗണത്തില്‍ പെടുത്തില്ല എന്ന പോലെ.
ഫാസിസം പൊടുന്നനെ ഒരു ദിവസം ബാലറ്റ് പെട്ടിയിലൂടെ പുറത്തിറങ്ങുന്ന ഒന്നാണെന്ന് ചിലരെങ്കിലും കരുതുന്നത് അടുത്ത കാലത്തായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 'മോദി വന്നതിനു ശേഷം' എന്ന് പ്രത്യേകം എടുത്തു പറയാന്‍ അവര്‍ ജാഗ്രത കാണിക്കുന്നത് അല്പം ചവര്‍പ്പോടെയാണു തിരിച്ചറിഞ്ഞത്. ഫാസിസം അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളെപ്പോലെ എപ്പോഴും നമുക്കു ചുറ്റും ഉണ്ടായിരുന്ന ഒന്നാണെന്ന് അധികം ആരും സമ്മതിക്കാന്‍ തയ്യാറാവില്ല. അവസരം കിട്ടുമ്പോള്‍ അത് പൂര്‍ണരൂപം എടുക്കും എന്നതേയുള്ളൂ. ഫാസിസം തുടങ്ങുന്നത് നമ്മുടെ കുടുംബങ്ങളിലൂടെ തന്നെയാണ്. ഒളിഞ്ഞും തെളിഞ്ഞും അത് ആചാരപൂര്‍വം തലച്ചോറുകളില്‍ നിറയുന്നു. അപകടം മനസ്സിലാക്കാതെ അതിനെ വിശ്വാസത്തിന്റേയും, ആദര്‍ശത്തിന്റേയും, സദാചാരത്തിന്റേയും, പ്രത്യയശാസ്ത്രത്തിന്റേയും, ലൈംഗികതയുടേയും, ഭക്ഷണത്തിന്റേയും മറ്റു നൂറായിരം കാരണങ്ങളുടേയും പിന്‍ബലത്തില്‍ പരിപാലിച്ചു പോരുകയാണ് സമൂഹം.
ബാബറി മസ്ജിദ്, ഗുജറാത്ത് കലാപം, മുസ്സാഫര്‍ നഗര്‍ കലാപം എന്നിങ്ങനെ തുടങ്ങി ഇന്ത്യയുടെ ഭരണം കൈയാളുന്നതു വരെ ഫാസിസത്തിനെ വളര്‍ത്തിയത് ഓരോ വീടുകളും കുടുംബങ്ങളുമാണ്. ശക്തമായ ഭരണഘടന എന്ന വിശ്വാസത്തില്‍ ഫാസിസ്റ്റുകള്‍ ഇടപെട്ടു വരുത്തുന്ന കൃത്രിമങ്ങളെ നിസ്സാരമാക്കി കണക്കാക്കാന്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകുന്നില്ല. പശുവിന്റെ പേരില്‍ ആരേയെങ്കിലും തല്ലിക്കൊന്നാല്‍ അതൊക്കെ സാധാരണമല്ലേയെന്ന് ചിന്തിക്കാന്‍ മാത്രം നിഷ്‌കളങ്കരായി അഭിനയിക്കുകയാണ് ജനം. കാരണം, ഭയം ഉള്ളില്‍ നിറഞ്ഞു കഴിഞ്ഞു. വാഴത്തോട്ടത്തില്‍ കയറിയ പശുവിനെ ഇനി ആരെങ്കിലും ആട്ടിയോടിക്കുമോയെന്ന് കണ്ടറിയണം.
കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ ഗുണ്ടകള്‍ നടത്തിയ ആക്രമണം കഴിഞ്ഞിട്ട് അധികനാളുകള്‍ ആയിട്ടില്ല. പൊതുയിടങ്ങളില്‍ പോലും കടന്നാക്രമണം നടത്താനുള്ള ധൈര്യം അവര്‍ക്കുണ്ടായത് സമൂഹത്തിൽ അവര്‍ പടര്‍ത്തി വിട്ടിരിക്കുന്ന ഭയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്നതിന്റെ സൂചന തന്നെയാണ്. അപ്പോഴും ആ സംഭവത്തിനെ ന്യായീകരിക്കുന്ന രീതിയിലുള്ള ആഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. മുകളില്‍ പറഞ്ഞ ചില ഫാസിസവാഹിനികളിലൊന്നായ സദാചാരം ആയിരുന്നു ആശ്വാസം കണ്ടെത്താന്‍ അവര്‍ ഉപയോഗിച്ചത്. നിസ്സാരവൽക്കരിക്കുക എന്നത് ഫാസിസത്തിനെ ന്യായീകരിക്കാനുള്ള ആയുധം ആയിരിക്കുന്നു.
രണ്ട് ദിവസം മുമ്പാണ്, ഡൽഹി മെട്രോയില്‍ മുതിര്‍ന്നവര്‍ക്കുള്ള സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട ഒരു മുസ്ലീം വൃദ്ധനോട് പാകിസ്ഥാനിലേയ്ക്ക് പോകാന്‍ ചില ചെറുപ്പക്കാര്‍ പറഞ്ഞ വാര്‍ത്ത നാരദാ ന്യൂസില്‍ എഴുതിയത്. നാരദയുടെ ഫേസ്ബുക്ക് പേജില്‍ അത് ഷെയര്‍ ചെയ്തിരുന്നു. അതില്‍ വന്ന ഒരു കമന്‌റിന്‍ 'ഈ നിസ്സാരസംഭവത്തില്‍' ഇന്ത്യയെ മൊത്തം കൊണ്ടുവരുന്നത് എന്തിനാണെന്ന മട്ടില്‍ ഒരാള്‍ പറഞ്ഞു. ആ സംഭവം നിസ്സാരമായി ഒരാള്‍ക്കു തോന്നാനിടയാക്കിയതിനു പിന്നിലെ രാഷ്ട്രീയപ്രവര്‍ത്തനം ആയിരുന്നു എന്നെ ഭയപ്പെടുത്തിയത്.
ഇത്രയും പറഞ്ഞത് രാജേഷ് ആര്‍ വര്‍മ്മയുടെ 'ചുവന്ന ബാഡ്ജ്' എന്ന നോവല്‍ വായിച്ചതിന്റെ പശ്ചാത്തലത്തിലാണ്. ഇതുവരെ കാണുകയും കേള്‍ക്കുകയും ചെയ്തുവരുന്ന കാര്യങ്ങള്‍ തന്നെയാണ് രാജേഷേട്ടന്‍ അതില്‍ വിവരിക്കുന്നത്. അതുകൊണ്ട്, ഒരു പ്രവാചകസ്വഭാവത്തിലല്ല നോവലിന്റെ നിലനില്‍പ് എന്ന് എന്റെ അഭിപ്രായം. ഫാസിസകാലങ്ങളെക്കുറിച്ചുള്ള അനേകം പുസ്തകങ്ങളും സിനിമകളും ഇറങ്ങിയിട്ടുണ്ട്. അതിലൊന്നായി നമ്മള്‍ കടന്നു പോയ ഫാസിസകാലത്തിന്റെ രേഖപ്പെടുത്തല്‍ ആയിരിക്കും ചുവന്ന ബാഡ്ജ്. അങ്ങിനെയധികം മലയാളത്തില്‍ വന്നിട്ടുമില്ലല്ലോ!

Thursday, February 16, 2017

‘തിഥി’: മരണത്തിനും തുടർന്നുള്ള ജീവിതങ്ങൾക്കും ഇടയിൽ ഒരു നാടോടിക്കഥ


എത്രയോ സംഭവവികാസങ്ങൾക്ക് നമ്മൾ കാരണമാകുന്നുണ്ടാകും! അറിഞ്ഞോ അറിയാതെയോ അത്തരമൊന്നിൽ നമ്മൾ അകപ്പെട്ട് പോകുമ്പോൾ, സ്വാഭാവികമായും ഒരു അന്ധാളിപ്പ് അല്ലെങ്കിൽ ആ കുരിശ് ഇറക്കി വയ്ക്കാനുള്ള തിടുക്കം ഉണ്ടാകും. എന്നാൽ ചിലർ അങ്ങിനെയല്ല താനും. ആകാശം ഇടിഞ്ഞ് വീണാലും എനിക്കൊരു ചുക്കുമില്ലെന്ന ഭാവം. വാസ്തവത്തിൽ അത്തരക്കാരാണ് ശരിക്കും ജീവിതം ആസ്വദിക്കുന്നതെന്ന് തോന്നാറുണ്ട്. ഇടങ്കോലുകളും കീറാമുട്ടികളും എടാകൂടങ്ങളും ആണല്ലോ ഏറെപക്ഷവും ജീവിതത്തിനെ പങ്കുവച്ചെടുക്കുന്നത്. ജീവിതസന്ധാരണം എന്ന ഓമനപ്പേരിൽ ശരിക്കും നമ്മൾ മറന്ന് പോകുന്നത് ജീവിതാസ്വാദനം എന്ന പ്രക്രിയയെയാണ്. വിയോജിപ്പുകൾ ഉണ്ടാകാം. ചിലർക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ ആയിരിക്കും ആസ്വാദനം നൽകുന്നത്. ചിലർക്ക് ലക്ഷ്യമില്ലായ്മയും. വ്യക്തിപരമായ തിരഞ്ഞെടുക്കലുകളോ സാഹചര്യങ്ങളുടെ ബലദൗർബല്യങ്ങളോ ആയിരിക്കും അതിനെ തീരുമാനിക്കുക.

Spoiler alert

നൂറ് വയസ്സ് വരെ ജീവിച്ച് മരിച്ച സെഞ്ച്വറി ഗൗഡ എന്തായാലും അത്യാവശ്യം ഭൂസ്വത്ത് സമ്പാദിച്ചിട്ടുണ്ട്, അതായിരിക്കണം അയാളുടെ ജിവിതാസ്വാദനം. അല്ലെങ്കിൽ വഴിയിൽ പോകുന്നവരെയെല്ലാം ആഹ്ലാദത്തോടെ ചീത്ത വിളിച്ച് അടുത്ത നിമിഷം അങ്ങ് മരിക്കുക എന്നൊക്കെ പറഞ്ഞാൽ ഇനിയൊന്നും ജീവിതത്തിൽ നേടാനില്ലാത്തത് പോലെയാണ്. അപ്പോൾ സഹജീവികളോട് അല്പം മര്യാദകേടൊക്കെയാകാം എന്ന് നൂറ്റാണ്ട് കിഴവൻ വിചാരിച്ചാലും കുറ്റം പറയാൻ പറ്റില്ല. വല്ലാത്തൊരു തമാശയാണത് സിനിമയിൽ.
എന്നാൽ വല്ലാത്തൊരു പറ്റ് പറ്റിപ്പോയി സെഞ്ച്വറി ഗൗഡയ്ക്ക്


അയാളുടെ മകൻ തന്നെ ആ പറ്റ്. ഗഡപ്പ എന്നറിയപ്പെടുന്ന താടിക്കാരൻ മകൻ ലൗകികജീവിതമെല്ലാം ഉപേക്ഷിച്ചിട്ട് കാലങ്ങളേറെയായി. അതിന് അയാൾക്ക് കാരണവുമുണ്ട്. ടൈഗർ ബ്രാണ്ടി മൊത്തിക്കൊണ്ട് ശരിക്കും കടുവയെപ്പോലെ അലയാനാണ് അയാൾക്കിഷ്ടം. ജീവിതം താൻ അനുവഭിച്ചതാണോ അതോ ഇന്നലെ കണ്ട സ്വപ്നമാണോയെന്നൊക്കെ ആശ്ചര്യപ്പെട്ട് ആടുപുലിയാട്ടം കളിച്ച് അയാളുടെ രീതിയിൽ ജീവിതസന്ധാരണം നടത്തുന്നു.

ഗഡപ്പയുടെ മകൻ തമ്മപ്പയാകട്ടെ സെഞ്ച്വറി ഗൗഡയുടെ രീതിയാണെന്ന് തോന്നുന്നു. സ്വത്ത് സമ്പാദിക്കുന്നതിൽ താല്പര്യമുള്ള പക്ഷം. അതിന് തടസ്സമായി നിൽക്കുന്നതിനെ പിഴുതെറിയാൻ ഏതറ്റവും പോകാൻ അയാൾക്ക് മടിയില്ല. തമ്മപ്പയുടെ മകൻ അഭി ആകട്ടെ താൽക്കാലികമായ വേലത്തരങ്ങളുമായി ജീവിതം തുടങ്ങിയിട്ടേയുള്ളൂ.

Spoiler alert ends

ഇങ്ങനെ നാല് തലമുറകൾക്കിടയിലൂടെയാണ് രാം റെഡ്ഡി സംവിധാനം ചെയ്ത തിഥിമുന്നേറുന്നത്. പ്രത്യക്ഷത്തിൽ ഒരു നാടോടിക്കഥ. പലപ്പോഴും അത്രയ്ക്കും ലളിതമാകും എന്ന രീതിയിൽ സ്വാഭാവികനർമ്മത്തിന്റെ അകമ്പടിയോടെ ചെറിയൊരു കഥ പറയുന്നത് പോലെ. എന്നാൽ അത്രയ്ക്കും ലളിതമല്ല താനും

പരിചയസമ്പന്നരായ അഭിനേതാക്കൾ ഒന്നുമല്ല തിഥിയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. എല്ലാവരും പുതുമുഖങ്ങൾ. അത് സിനിമയ്ക്ക് മൊത്തത്തിൽ ഒരു ഉണർവ്വ് നൽകുന്നുണ്ട്. ഗ്രാമീണജീവിതത്തിന്റെ സ്വാഭാവികത ഒട്ടും ചോരാതെ ഒപ്പിയെടുത്തതും അത്രയും വിശ്വസനീയമായി കണ്ണികൾ കോർത്തെടുത്തതും മികച്ച കാഴ്ചാ/കഥാനുഭവം നൽകാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട്.

കഥപറച്ചിലിൽ കൈയ്യടക്കമുള്ള രാം റെഡ്ഡി തുടക്കവും ഒടുക്കവും തമ്മിലുള്ള വിളക്കിച്ചേർക്കൽ ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. അന്യഥാ ഒരു മരണാനന്തരച്ചടങ്ങിനെ ചുറ്റിപ്പറ്റി നീങ്ങാമായിരുന്ന കഥയിൽ ഉപകഥകൾ കൂട്ടിച്ചേർത്തത് സിനിമയ്ക്ക് അന്യാപദേശകഥകളുടെ പരിവേഷം നൽകുന്നുണ്ട്.


ഇത്രയും ജീവിതത്തളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് മരണാനന്തരച്ചടങ്ങിന്റെ പേരിട്ടത് സംവിധായകന്റെ വികൃതിയായി കരുതാമോ?

Sunday, December 18, 2016

കിം കിഡുക്ക് കുമ്മായമടിക്കുകയാണോ?


ശത്രുരാജ്യത്തിലാണെങ്കിലും, യുദ്ധത്തിലാണെങ്കിലും മനുഷ്യത്വം കൈവിടാന്‍ സമ്മതിക്കാത്ത, മേലധികാരികളെപ്പോലും ധിക്കരിച്ച് ശത്രുരാജ്യത്തിലെ ആരേയെങ്കിലും രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്ന സൈനികന്റെ അല്ലെങ്കില്‍ തദ്ദേശിയുടെ കഥ പറയുന്ന സിനിമകള്‍ ഒരു നമ്പറാണ്. തന്റെ ദേശം എത്ര സുന്ദരം എന്നൊക്കെ വെള്ളപൂശാന്‍ ധാരാളം മതി ഇവ. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം ടൈംടേബിള്‍ വച്ച് ഇത്തരം സിനിമകള്‍ പടച്ചുവിടും. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ബജ്‌റംഗി ഭായ്ജാന്‍ ഒക്കെ ആ പട്ടികയില്‍ വരും.
അതൊക്കെ അവിടെയിരിക്കട്ടെ, പറഞ്ഞുവന്നത് കിം കി ഡുക്കിന്റെ ദ നെറ്റ് എന്ന സിനിമയെക്കുറിച്ചായിരുന്നു.


വടക്കന്‍ കൊറിയയിലെ ഡിക്‌റ്റേറ്റര്‍ഷിപ് എല്ലാവര്‍ക്കും അറിയാം.
ദ നെറ്റിന്റെ കഥയും അറിയാമായിരിക്കും.
വടക്കന്‍ കൊറിയയിലെ കഥ പറയുമ്പോളെല്ലാം സ്വേഛ്ഛാധിപത്യത്തിന്റെ സൂചനകള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം നാട്ടിലെ കാര്യങ്ങള്‍ അല്പം മയപ്പെടുത്തുന്നു കി ഡുക്. 

തെക്കന്‍ കൊറിയയില്‍ പൊതുവേ മാന്യമായാണ് പെരുമാറ്റം. ഒരു ഉദ്യോഗസ്ഥന്‍ മാത്രം അല്പം പിശകാണ്. അത് അയാള്‍ക്ക് ചില മുന്‍വിധികള്‍ ഉള്ളത് കൊണ്ടാണ്. ബാക്കിയെല്ലാവരും തരക്കേടില്ല. ചോദ്യം ചെയ്യലൊക്കെ മാതൃകാപരം. സമത്വസുന്ദരമാണ് സിയോള്‍ നഗരം. സമ്മാനങ്ങളൊക്കെ കൊടുത്താണ് നാമിനെ തിരിച്ചയയ്ക്കുന്നത്.

എന്നാല്‍ വടക്കന്‍ കൊറിയയില്‍ സ്ഥിതി അങ്ങിനെയല്ല. കൈക്കൂലിക്കാരും അത്യാഗ്രഹികളുമാണ് ഉദ്യോഗസ്ഥര്‍. കാശടിച്ച് മാറ്റും. സ്വന്തം പൗരനെ വെടി വച്ച് കൊല്ലും. നാമിന് തെക്കന്‍ കൊറിയയുടെ ഓഫര്‍ സ്വീകരിച്ചാല്‍ മതിയായിരുന്നില്ലേയെന്ന് തോന്നിപ്പോകും. അങ്ങനെ നൈസായി കുമ്മായമടിക്കുകയാണ് കി ഡുക്ക്.

Thursday, December 8, 2016

ലിയോനാർഡ് കോഹൻബോബ് ഡിലന് സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചപ്പോൾ, സമ്മിശ്രപ്രതികരണങ്ങൾക്കിടയിൽ, മാദ്ധ്യമങ്ങളുടെ ശ്രദ്ധ ലിയോനാർഡ് കോഹനിലേയ്ക്ക് തിരിഞ്ഞതിൽ അതിശയമൊന്നും ഇല്ലായിരുന്നു. ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരിക്കുമ്പോഴും മികച്ച സാഹിത്യകാരൻ എന്നും അദ്ദേഹത്തിനെ ലോകം അംഗീകരിച്ചിരുന്നു. നോവലുകളും കവിതകളുമായി സമ്പന്നമായിരുന്നു കോഹന്റെ എഴുത്തുജീവിതം. ബോബ് ഡിലന് നോബേൽ സമ്മാനം ലഭിച്ചപ്പോൾ കോഹൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഏറ്റവും ഉയരമുള്ള കൊടുമുടിയ്ക്കുള്ള പുരസ്കാരം എവറസ്റ്റിന്റെ നെഞ്ചിൽ പതിയ്ക്കുന്നത് പോലെയാണത്’.

നിരവധി സാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുള്ള കോഹൻ മറിച്ചൊരു അഭിപ്രായം പറയാൻ സാധ്യതയില്ലായിരുന്നു. ആറ് പതിറ്റാണ്ട് കാലത്തെ സംഗീത/സാഹിത്യജീവിതം അദ്ദേഹത്തിനെ ലോകത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായിത്തീർത്തു. അദ്ദേഹത്തിന്റെ സൃഷ്ടികൾ പോലെത്തന്നെ വ്യത്യസ്തമായിരുന്നു  ജീവിതവും. ആത്മീയതയും ലൈംഗികതയും കൂടിക്കുഴഞ്ഞ രീതിയിലായിരുന്നു ജീവിതം. തന്റെ ജീവിതത്തിനേയും തൊഴിലിനേയും പറ്റി എപ്പോഴും ആശങ്കാകുലനായിരുന്ന കോഹൻ ബുദ്ധിസത്തിൽ അഭയം തേടി. സാമ്പത്തികക്രമക്കേട് സംബന്ധിച്ച് സ്വന്തം മാനേജർ ആയിരുന്ന കെല്ലി ലിഞ്ചിനെതിരെ കേസ് കൊടുത്തപ്പോൾ കോഹൻ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. സംഗീതവും സാഹിത്യവും ഉപാസനയായി സ്വീകരിച്ചിരുന്ന അദ്ദേഹത്തിന്റെ താളം തെറ്റിക്കാൻ ഇത്രയുമെല്ലാം മതിയാവുമായിരുന്നു.

മോണ്ട്രിയലിൽ ഒരു സമ്പന്നന്റെ മകനായി ജനിച്ച കോഹൻ ചെറുപ്പം തൊട്ടേ കവിതയെഴുത്തിൽ പ്രതിഭ പ്രദർശിപ്പിച്ചിരുന്നു. രാജ്യത്തിലെ പ്രതിഭാശാലിയായ യുവ എഴുത്തുകാരിൽ ഒരാളായി കോഹൻ പ്രശസ്തി നേടി. ബിരുദപഠനകാലത്ത് പ്രസിദ്ധീകരിച്ച കവിതാസമാഹാരം ഒട്ടേറേ പ്രശംസകൾ നേടി. തുടർന്നും നോവലുകളും കവിതകളുമായി എഴുത്തുജീവിതത്തിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു അദ്ദേഹം. എങ്കിലും തന്റെ സാഹിത്യജീവിതത്തിനെക്കുറിച്ച് വേവലാതികൾ വച്ചുപുലർത്തിയിരുന്നത് കൊണ്ട് പാട്ടെഴുത്തിലേയ്ക്ക് തിരിയുകയായിരുന്നു. ജൂഡി കോളിൻസ് എന്ന ഫോൾക്ക് ഗായികയ്ക്ക് വേണ്ടി എഴുതിയ ഒരു ഗാനം വളരെ പ്രശസ്തമായിത്തീർന്നപ്പോൾ കോഹൻ സംഗീതലോകത്തും അറിയപ്പെടുന്ന പ്രതിഭയായി മാറി.


എങ്കിലും ഡിപ്രഷന് അടിമയായിരുന്ന അദ്ദേഹം ബുദ്ധിസത്തിലേയ്ക്കും പിന്നീട് മുംബൈയിലെത്തി ഹിന്ദു ആത്മീയതയതയിലേയ്ക്കും തിരിഞ്ഞു. അതിനിടയിലായിരുന്നു തന്റെ മാനേജർ സാമ്പത്തികക്രമക്കേട് കാണിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് കോടതി കയറുന്നത്. കേസ് ജയിച്ചെങ്കിലും കോഹന് നഷ്ടപരിഹാരം നേടാനായില്ലെന്നത് വലിയൊരു തിരിച്ചടിയായി. വീണ്ടും സംഗീതലോകത്തെത്തിയ കോഹൻ ഒരു ലോകപര്യടനത്തിലൂടെ ലോകത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന സെലിബ്രിറ്റി ആയി മാറി. അപ്പോൾ അദ്ദേഹത്തിന് എൺപത് വയസ്സ് കഴിഞ്ഞിരുന്നു. ആത്മീയതയും, വിശ്വാസവും, പ്രണയവും, ജീവിതവീക്ഷണവും കലർന്ന ഗാനങ്ങൾ ആസ്വാദകർക്ക് എന്നും വിരുന്നായിരുന്നു.

Saturday, August 27, 2016

ജീവിതം സിനിമയിലേയ്ക്ക് ചേക്കേറുമ്പോൾമെക്സിക്കൻ സിനിമാരംഗത്തെ പ്രമുഖനായ കാർലോസ് റേയ്ഗഡാസ് തന്റെ സിനിമകളിൽ കൂടുതലും അഭിനയവുമായി വലിയ ബന്ധമൊന്നുമില്ലാത്തവരേയാണ് ഉപയോഗിക്കാറുള്ളത്. പ്രൊഫഷണലുകളല്ലാത്ത നടീനടന്മാർ അതുകൊണ്ട് തന്നെ കാർലോസിന്റെ സിനിമകൾക്ക് പരുക്കനെങ്കിലും യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന അനുഭവം നൽകാൻ സഹായിക്കാറുണ്ടെന്ന് തോന്നുന്നു. റോ (raw) ആയ അഭിനേതാക്കളും അത്ര തന്നെ മെരുക്കമില്ലാത്ത ഭൂപ്രകൃതിയും ചേർന്ന്, സിനിമയുടെ അന്തസത്തയ്ക്ക് കടുത്ത നിറം കൊടുക്കുന്നു. റേയ്ഗഡാസ് വലിയ കഥകളൊന്നും സിനിമയിലൂടെ പറയാറില്ല, പക്ഷേ പ്രേക്ഷകർക്ക് അനുഭവിക്കാനാവുന്നത് ജീവിതത്തിലെ തന്നെ ആഴം നിറഞ്ഞ ചോദ്യങ്ങളും പദപ്രശ്നങ്ങളുമാണ്. ഒരുപക്ഷേ, പരിശീലനം ലഭിച്ചവരോ, പ്രതിഭാധനരോ ആയ അഭിനേതാക്കൾ ആയിരുന്നെങ്കിൽ ആ കഥാപാത്രങ്ങൾക്ക് ഇത്ര യാഥാർഥ്യത്തോടെ പെരുമാറാൻ കഴിയുമായിരുന്നോ എന്ന് സംശയമാണ്. ചിന്തേരിട്ട അഭിനയത്തേക്കാൾ ചിലപ്പോൾ ഫലം ചെയ്യുക പരുക്കൻ അരികുകളുള്ള വെറും സാന്നിദ്ധ്യങ്ങളായിരിക്കും.


റേയ്ഗഡാസിന്റെ സിനിമകളിലെ അഭിനേതാക്കളെപ്പറ്റി തിരഞ്ഞാൽ ചിലപ്പോൾ അധികം വിവരങ്ങളൊന്നും കിട്ടാനിടയില്ല. മിക്കവാറും രണ്ടോ മൂന്നോ സിനിമകളിലൊക്കെയേ അവരെ കാണാൻ കിട്ടൂ. പക്ഷേ, അഭിനയിച്ച കുറച്ച് സിനിമകൾ അവരെ ലോകസിനിമയിലെ എന്നും ഓർക്കപ്പെടുന്ന കഥാപാത്രങ്ങൾ ആക്കി മാറ്റുന്നു. റേയ്ഗഡാസിനെപ്പോലെയുള്ള സംവിധായകരുടെ കൈയ്യിലെത്തുമ്പോൾ അവർക്ക് തിളക്കം വയ്ക്കുന്നു.

റേയ്ഗഡാസിനെ ഒരു സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാക്കിയ സിനിമയാണ് 2002 ഇൽ ഇറങ്ങിയ ജപോൺ. ഒട്ടേറെ പുരസ്കാരങ്ങൾ ജപോൺ നേടി. അതിലെ പ്രധാന കഥാപാത്രമായ ‘പേരില്ലാത്ത ചിത്രകാരനെ’ അവതരിപ്പിച്ചത് മെക്സിക്കോക്കാരനായ അലജാൻഡ്രോ ഫെറെറ്റിസ് ആണ്. സിനിമയിലെ ഒരു പ്രൊഡക്ഷൻ ജോലിക്കാരൻ മാത്രമായിരുന്ന ഫെറെറ്റിസ് അദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത് ജപോണിലൂടെയാണ്. ജപോണിലെ അഭിനയത്തിന് അദ്ദേഹം നിരൂപകപ്രശംസയും പുരസ്കാരങ്ങളും നേടുകയുമുണ്ടായി. ദു:ഖകരം എന്ന് പറയട്ടെ, ജപോൺ അദ്ദേഹം അഭിനയിച്ച അവസാനത്തേയും സിനിമയായിരുന്നു. മെക്സിക്കോയിലെ തന്റെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു ഫെറെറ്റിസ്.
സ്വന്തം മരണത്തിനെത്തേടി ഒരു കുഗ്രാമത്തിലെത്തുന്ന ചിത്രകാരനായിട്ടാണ് ജപോണിൽ ഫെറെറ്റിസ് പ്രത്യക്ഷപ്പെടുന്നത്. മരണം പോലെത്തന്നെ ഏകാന്തവും ക്രൂരവുമാണ് അയാളെത്തിപ്പെടുന്ന ഗ്രാമം. ഫെറെറ്റിസ് അന്വേഷിക്കുന്നത് ആ ഗ്രാമത്തിൽ കണ്ടെത്തിയെന്ന് തോന്നും. തന്റെ പോളിയോ ബാധിച്ച് ഞൊണ്ടലുള്ള കാലും സിനിമയിലെത്തിച്ച് ഫെറെറ്റിസ് തീരുമാനിച്ചത് എന്തായിരിക്കും?

Tuesday, August 9, 2016

ഹിച്ച്കോക്കിന്റെ സുന്ദരിമാർഫാഷൻ മാസികകളിൽ മോഡൽ ആയി തിളങ്ങിയിരുന്ന കാലത്താണ് ടിപ്പി ഹേഡ്രെനെ സാക്ഷാൽ ആൽഫ്രഡ് ഹിച്കോക്കിന്റെ കൂടെ ജോലി ചെയ്യാൻ ക്ഷണിക്കുന്നത്. ഒട്ടും ആലോചിക്കാതെ അവർ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഹിച്കോക്കിന്റെ ടെലിവിഷൻ സീരിയലിൽ  അഭിനയിക്കാനാണെന്നാണ് അവരോട് പറഞ്ഞിരുന്നത്. പിന്നീട്, ആഴ്ചകൾ നീണ്ട പരിശീലനത്തിന് ശേഷമാണ് അദ്ദേഹം തന്റെ അടുത്ത സിനിമയിലെ നായികയാട്ടാണ് തന്നെ ഉപയോഗിക്കാൻ പോകുന്നെന്ന് അറിയുന്നത്. The Birds എന്ന സിനിമയായിരുന്നു അത്.

നായികയായിട്ട് അവരെ ഉപയോഗിക്കുകയായിരുന്നെന്ന് പറയുന്നതാണ് ശരി. വളരെ കർക്കശക്കാ‍രനായ ഹിച്കോക്കിന്റെയൊപ്പം ജോലി ചെയ്യുന്നത് ഒട്ടും എളുപ്പമായിരുന്നില്ല ടിപ്പിയ്ക്ക്. മൂന്ന് വർഷത്തോളം സിനിമയെക്കുറിച്ച് ക്ലാസ്സുകളും മീ‍റ്റിങുകളും. ഷൂട്ടിങ് തുടങ്ങിയപ്പോൾ ആഴ്ചയിൽ അര ദിവസം മാത്രം അവധി. ഹിച്കോക്ക് പറയുന്നത് അനുസരിക്കുക എന്നതല്ലാതെ ഒരു ചോദ്യത്തിന് പോലും അവസരമില്ലായിരുന്നു അവിടെ.


സിനിമയിലെ തന്റെ കഥാപാത്രത്തിനെ പക്ഷികൾ ആക്രമിക്കുന്ന രംഗം ഷൂട്ട് ചെയ്തതായിരിക്കും ഹിച്കോക്കിന്റെ ക്രൂരതയെപ്പറ്റി അവർക്ക് മനസ്സിലാക്കിക്കൊടുത്തത്. പക്ഷികളുടെ ബൊമ്മകളായിരിക്കും ഉപയോഗിക്കുക എന്നായിരുന്നു അവർക്ക് ഉറപ്പ് കൊടുത്തിരുന്നത്. പക്ഷേ, യഥാർഥ പക്ഷികൾ തന്നെയായിരുന്നു അവരെ ആക്രമിച്ചത്. സെറ്റിലെ ജോലിക്കാർ ചിറകടിക്കുന്ന പക്ഷികളെ അവർക്ക് നേരേ  തുറന്ന് വിടുകയാണുണ്ടായത്. സാരമായ പരിക്കേറ്റ അവർക്ക് വൈദ്യസഹായം തേടേണ്ടി വന്നു. അഞ്ച് ദിവസത്തെ വിശ്രമം എടുക്കാൻ ഡോക്ടർ  ഉപദേശിച്ചു. പക്ഷേ, ഹിച്കോക്കിന് അത് സമ്മതമല്ലായിരുന്നു. തന്റെ സിനിമ മുടങ്ങാതിരിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന് പ്രധാനം.

ഇങ്ങനെ ഷൂട്ടിങിലുടനീളം മാനസികമായും ശാരീരികമായും യാതനകൾ സഹിക്കേണ്ടി വന്നിട്ടുണ്ട് ടിപ്പിയ്ക്ക്. അവരുടെ പ്രകടനം ഹിച്കോക്കിന് ഇഷ്ടമായെങ്കിലും അത്രയ്ക്കങ്ങ് സ്വാതന്ത്ര്യം നൽകാൻ താല്പര്യപ്പെട്ടിരുന്നില്ല. ഏഴ് വർഷത്തെ കരാർ ഒപ്പിട്ട് കൊടുത്തിരുന്നതിനാൽ ഇടയ്ക്ക് വച്ച് നിർത്തിപ്പോകാനും ടിപ്പിയ്ക്ക് സാധിക്കുമായിരുന്നില്ല.

അവരുടെ അടുത്ത ചിത്രമായിരുന്നു മാർനി. അതിലെ ടിപ്പിയുടെ പ്രകടനം ഹിച്കോക്കിന്റെ സന്തോഷിപ്പിച്ചു എന്ന് വേണം പറയാൻ. അതിനൊപ്പം തന്നെ, ടിപ്പിയോട് ഒരു സ്വാർഥമായ അടുപ്പവും അദ്ദേഹത്തിനുണ്ടായിരുന്നു. ഷൂറ്റിങ് സെറ്റിൽ നിന്നും ടിപ്പി എപ്പോൾ പോയി, ആരെയൊക്കെ കാണുന്നു, എവിടെയൊക്കെ പോകുന്നു എന്നെല്ലാം നിരീക്ഷിക്കാനായി രണ്ട് പേരെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. ടിപ്പിയ്ക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഹിച്കോക്കിന്റെ നിയന്ത്രണം അവരുടെ മേൽ പിടിമുറുകുകയായിരുന്നു. പ്രൊഡക്ഷന്റെ സമയത്ത് ആരും അവരെ സ്പർശിക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അവരുടെ മകളെപ്പോലും കാണാൻ അനുവദിക്കാത്ത വിധം പീഢനത്തിന് തുല്യമായ അടുപ്പം.

ഒരിക്കൽ സെറ്റിലേയ്ക്ക് പോകുന്ന വഴി കാറിൽ വച്ച് ടിപ്പിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു ഹിച്കോക്ക്. ഒരിക്കൽ ഹിച്കോക്ക് അവരോട് പറഞ്ഞു, “നീ എന്നെ പ്രേമിക്കുന്നെന്ന് പറയുന്നതായി ഞാൻ സ്വപ്നം കണ്ടു”.

അത് വെറും സ്വപ്നം മാത്രമാണല്ലോയെന്ന് മറുപടി പറഞ്ഞ് അവർ പോയി. തുടർന്നും ഹിച്കോക്ക് തന്റെ പ്രണയചേഷ്ടകൾ തുടർന്നു. താൻ ആവശ്യപ്പെടുമ്പോഴെല്ലാം ഏത് സമയത്തും എവിടെ വച്ചും താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ഹിച്കോക്ക് ആവശ്യപ്പെട്ടു, എന്തോ നിസ്സാരകാര്യം പറയുന്നത് പോലെ.

ഇത്തരം അനുഭവങ്ങളും പീഢനങ്ങളും കൊണ്ട് മടുത്ത ടിപ്പി ഹിച്കോക്കുമായുള്ള കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഹിച്കോക്ക് അതിന് തയ്യാറായില്ല. തന്റെ ചരടിൽ കൊണ്ടുനടക്കുന്ന ഒരു സുന്ദരിയെ നഷ്ടപ്പെടുത്താൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. ഒരു അപേക്ഷയ്ക്കും അലിയാതെ ഹിച്കോക്ക് അവരെ തന്റെയൊപ്പം നിർത്താൻ ശ്രമിച്ചു. അവരുടെ കരാർ അത്തരത്തിലായിരുന്നു. ഒടുവിൽ, മാർനി എന്ന സിനിമ കഴിഞ്ഞ ശേഷം ഒട്ടേറേ അപേക്ഷകൾക്കും, സുഹൃത്തുക്കളുടെ ഇടപെടലുകൾക്കും ശേഷം ടിപ്പിയെ ഹിച്കോക്ക് മോചിപ്പിച്ചു.

ലൈംഗികകാര്യങ്ങളിൽ ഹിച്കോക്ക് ഒരു ബലഹീനനായിരുന്നെന്ന് അടക്കം പറച്ചിലുകൾ ഉണ്ട്. സെക്സിനെ ഭയക്കുന്ന അദ്ദേഹം സ്വന്തം ശരീരത്തിനെ വെറുപ്പോടെയാണ് കണ്ടിരുന്നത്. ഈ അവസ്ഥയുടെ പ്രതിഫലനമായിരിക്കണം അദ്ദേഹത്തിന്റെ ക്രൂരത നിറഞ്ഞ നടപടികളെന്നും പറയപ്പെടുന്നു. ടിപ്പിയോടായിരുന്നു അതിന്റെ പാരമ്യം എന്ന് മാത്രം.

Thursday, June 30, 2016

വില്പന (എം ടി) - ജീവിതങ്ങൾക്കിടയിലെ കൈമാറ്റപ്രക്രിയകൾപ്രശസ്ത സാഹിത്യകാരനായ എം ടി വാസുദേവൻ നായർ രചിച്ച കഥയാണ് വില്പന. എം ടിയുടെ കഥാലോകം പൊതുവേ ചുറ്റിപ്പറ്റി നില്ക്കുന്നത് ഗ്രാമം/ഓർ മ്മ/ഗൃഹാതുരത/ നഷ്ട/കുറ്റ ബോധങ്ങൾ എന്നിങ്ങനെയാണെന്ന് പറയാവുന്നതാണ്`. അപൂർവ്വം അവസരങ്ങളിലേ അദ്ദേഹം ആ ഒരു ചുറ്റുവട്ടത്ത് നിന്നും പുറത്ത് വരാറുള്ളൂ. അപ്പോഴും അടിയൊഴുക്കായി ആദ്യം പറഞ്ഞ അംശങ്ങൾ കൂടെ നീങ്ങുന്നതും കാണാം. എം ടി സിനിമകളിലും വേറൊന്നുമല്ല നടക്കാറുള്ളത്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളിലൂടെ കഥയുടെ ചുരുൾ നിവർ ത്തുന്ന ശൈലി മലയാളത്തിൽ ഫലപ്രദമായി ഉപയോഗിച്ചതും എം ടി ആയിരിക്കണം.


എം ടിയുടെ കഥാലോകത്ത് പ്രമേയം കൊണ്ടും പശ്ചാത്തലം കൊണ്ടും ഘടന കൊണ്ടും വേറിട്ട് നിൽക്കുന്ന ഒരു രചനയാണ്` വില്പന എന്ന കഥ. നഗരം പശ്ചാത്തലമാക്കി എന്ന് മാത്രമല്ല, കഥാപാത്രങ്ങൾ പോലും പതിവിന് വിപരീതമായി ഉത്തരേന്ത്യക്കാർ മാത്രമാണ് (ഇപ്പോൾ പുതിയ എഴുത്തുകാർ ഉത്തരേന്ത്യയിലേയ്ക്ക് പശ്ചാത്തലം പറിച്ച് നടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല എന്നോർ ക്കുമ്പോൾ സംഗതി ആലോചിക്കാൻ രസമാണ്്). ബോം ബേ, കൽ ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങൾ പരാമർ ശങ്ങളിലൂടെ കടന്ന് പോയി കഥാഗതിയെ കാലാവസ്ഥയ്ക്കനുകൂലമാക്കുന്നു.

ബോംബേയിലാണ്` കഥ നടക്കുന്നത്. പഴയ വീട്ടുപകരണങ്ങൾ വില്പനയ്ക്കായി വച്ചിരിക്കുന്നു എന്നറിഞ്ഞ് തനിക്കാവശ്യമുള്ള ഒന്ന് കിട്ടുമോയെന്നറിയാൻ പോകുന്ന സുനിൽ റോയിലൂടെയാണ്് കഥ യാത്ര തുടങ്ങുന്നത്. മിസ്സിസ്സ് പരേഖ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്ത്രീയുമായി ചേർ ന്ന് കഥ താളം എടുക്കുന്നു. ബോം ബേ നഗരം ഉപേക്ഷിച്ച് അഹമ്മദാബാദിലേയ്ക്ക് ചേക്കേറാൻ പോകുന്ന പരേഖ് ദമ്പതികൾ ക്ക് വീട്ടുസാധനങ്ങൾ ഒഴിവാക്കണമായിരുന്നു. ഒരു പത്രപ്പരസ്യത്തിലൂടെ അതെല്ലാം വില്ക്കാൻ തീരുമാനിക്കുന്ന അവർ ക്ക് കിട്ടുന്ന പ്രതികരണം ചെറുതല്ല. ഫോൺ വഴിയും അല്ലാതേയും ആവശ്യക്കാർ എത്തിച്ചേരുന്നു. മി.പരേഖ് സ്ഥലത്തില്ലാത്തതിനാൽ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്ന മിസ്സിസ്സ് പരേഖും പിന്നീട് സുനിൽ റോയും തമ്മിലുള്ള സം ഭാഷണങ്ങൾ ഇരുവരുടേയും വ്യക്തിത്വങ്ങളിലെയ്ക്ക് വെളിച്ചം വീശുന്നു. അതിനിടയിൽ വില അന്വേഷിച്ചെത്തുന്നവരും അവരവരുടെ റോളുകൾ അഭിനയിച്ച് നീങ്ങുന്നു. സുനിൽ റോയ്ക്ക് വേണ്ടിയിരുന്നത് പഴയ ഒരു ടൈപ്പ് റൈറ്റർ ആയിരുന്നു. പക്ഷേ, അയാളെത്തും മുന്നേ അത് മറ്റൊരാൾ കൈക്കലാക്കിയിരുന്നു. വേറൊന്നും തനിക്ക് ആവശ്യമില്ലാഞ്ഞിട്ടും മിസ്സിസ്സ് പരേഖിന്റെ ആവശ്യപ്രകാരം കുറച്ച് നേരം അവരെ കച്ചവടത്തിൽ സഹായിക്കാൻ അയാളും കൂടുന്നു. ബം ഗാളി ആയ സുനിൽ റോയും  തീർ ത്തും അപരിചിതയായ മിസ്സിസ്സ് പരേഖും തമ്മിൽ സൗഹ്രൃദം ഉടലെടുക്കുന്നത് ഏതാനും വരികളിൽ എം ടി വരച്ചിടുന്നുണ്ട്:

അവർ അഭ്യർ ത്ഥിച്ചു: 'പ്ലീസ് !' പിന്നെ ശുദ്ധമല്ലാത്ത ബം ഗാളിയിൽ പറഞ്ഞു: 'പാർ ട്ടികളാകും. ഒന്ന് എനിക്കു വേണ്ടി സം സാരിക്കൂ.'

എന്റെ ഭാഷ ഉപയോഗിച്ചത് സ്വാതന്ത്ര്യം എടുക്കുന്നതിന്റെ ന്യായീകരണമാണോ? അയാൾ ക്ക് തമാശ തോന്നി. പഴയ ടൈപ്പ് റൈറ്റർ വാങ്ങാൻ വന്ന ആൾ വീട്ടുകാരന്റെ ഭാഗം അഭിനയിക്കാൻ പോവുകയാണോ?

 ഈ വരികൾ കഥയുടെ മുന്നോട്ടുള്ള പോക്കിനെ ന്യായീകരിക്കുന്നുണ്ട്. അവർ തമ്മിൽ ഉടലെടുക്കുന്ന അടുപ്പം യാദൃശ്ചികമെങ്കിലും ഇരുവരുടേയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ചില അത്രൃപ്തികളുടെ അല്ലെങ്കിൽ അസ്വസ്ഥതകളുടെ അടിയൊഴുക്കുകളെ സൂചിപ്പിക്കാൻ ഉപയോഗപ്പെടുന്നു. യാഥാസ്ഥിതിക കുടും ബത്തിൽ വളർ ന്ന മിസ്സിസ് പരേഖ് ജിം ലറ്റ് കുടിക്കാൻ തുടങ്ങുന്നത് ഒരു സൂചനയായി പ്രവർ ത്തിക്കുന്നു. ഒളിച്ചോടിപ്പോയ മകളുടെ കാര്യവും ഇടയ്ക്ക് പറയുന്നുണ്ട്. മിസ്സിസ് പരേഖിന്റെ ജീവിതം അത്ര പരാജയമാണോയെന്നൊന്നും സുനിൽ റോയ് ചിന്തിക്കുന്നില്ലെങ്കിലും വായനക്കാർ ക്ക് ചിലതെല്ലാം ഊഹിക്കാൻ കഥാകാരൻ പഴുതുകൾ ഉപേക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ സുനിൽ റോയുടെ കാര്യവും. കഥാന്ത്യത്തിൽ സൂചനകളെല്ലാം അടിവരയിട്ട് കൊണ്ട് കഥ അവസാനിക്കുകയും ചെയ്യുന്നു.

'ക്യൂ 'നിൽക്കുന്ന ആവശ്യക്കാർ

നേരത്തേ പറഞ്ഞത് പോലെ എം ടിയുടെ പതിവ് രചനാശൈലിയിൽ നിന്നും വേറിട്ട് നിൽ ക്കുന്ന ഘടനയാണ്് വില്പനയുടേത്. കഥ എന്നതിനേക്കാൾ നാടകവുമായാണ് വില്പനയ്ക്ക് സാദ്രൃശ്യം കൂടുതൽ. ഒരു സ്റ്റേജിൽ ഒതുക്കാവുന്ന രം ഗപശ്ചാത്തലം. പ്രധാന കഥാപാത്രങ്ങൾ ക്ക് ആവോളം സ്പേസ് വിട്ട് കൊടുത്ത് കഥയെ ആ ചട്ടക്കൂടിനുള്ളിൽ സ്വതന്ത്രമായി അലയാൻ വിടുന്നുണ്ട്. ഇടയ്ക്ക് വന്ന് പോകുന്ന മറ്റ് കഥാപാത്രങ്ങൾ ക്കും ആവശ്യമുള്ളത്ര സ്പേസ് ലഭിക്കുന്നുണ്ട്. അവർ ക്ക് തങ്ങളുടെ ഭാഗങ്ങൾ അഭിനയിച്ച് പോകാൻ 'ക്യൂ' നിൽ ക്കേണ്ട ആവശ്യമേയുള്ളൂ. അതും ക്രൃത്യമായി സ്റ്റേജിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. അപ്പുറത്ത് നിന്ന് ഒരു മോഡറേറ്ററുടെ റോൾ മാത്രമേ കഥാകാരൻ ചെയ്യുന്നുള്ളൂയെന്നും പറയാം. അതിനിടയിലും ഫോണിലൂടേയും അല്ലാതെയും വന്ന് പോകുന്ന കഥാപാത്രങ്ങൾ പ്രധാന കഥാപാത്രങ്ങളുടെ വ്യക്തിത്വങ്ങളിലേയ്ക്ക് കൂടുതൽ വെളിച്ചം വീശുന്നു.

പഴയ ഫർ ണിച്ചറുകൾ ക്ക് എന്ത് വിലയിടണം എന്നറിയാത്ത പരേഖ് ദമ്പതികൾ പറയുന്ന വിലകൾ വാങ്ങാൻ വരുന്നവർക്ക് താങ്ങാവുന്നതിലും അധികമാകുന്നു അല്ലെങ്കിൽ പരിഹാസ്യമായി തോന്നുന്നു. പിന്നീട് അത് മനസ്സിലാക്കുമ്പോൾ മിസ്സിസ് പരേഖ് തന്നെ സ്വയം പരിഹസിച്ച് ആനന്ദിക്കുന്നുമുണ്ട്. തനിക്ക് പറ്റിയ പണിയല്ല കച്ചവടം എന്ന് ഉറപ്പുള്ള മിസ്സിസ്സ് പരേഖ് അപ്പോഴേയ്ക്കും ലഹരിയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. വില ഒക്കാതെ തിരിച്ച് പോകുന്ന ഡോക്ടർ മാരായ മിസ്സിസ് & മിസ്റ്റർ ധരാധർ, യുവാവും യുവതിയും, മിസ്സിസ് കാമത്തും പേരക്കുട്ടിയും രം ഗത്ത് വന്ന് പോകുന്നുണ്ട്. അവർ ക്കെല്ലാം വിലയെക്കുറിച്ച് മാത്രമാണ്` ആശങ്കയുണ്ടായിരുന്നത്. ലഹരിയുടെ പിൻ ബലത്തിലാണോ കച്ചവടത്തിന്റെ മടുപ്പിലാണോ, മിസ്സിസ്സ് പരേഖ് എല്ലാം അവർ ക്ക് കുറഞ്ഞ വിലയ്ക്ക് വില്ക്കുന്നു. മിസ്സിസ്സ് പരേഖ് ഒഴിച്ചുള്ള കഥാപാത്രങ്ങളെല്ലാം സന്തുഷ്ടരാകുന്നോയെന്ന സം ശയം കഥ ഉപേക്ഷിച്ച് വയ്ക്കുന്നു.

ഉപേക്ഷിപ്പിക്കപ്പെടുന്ന വസ്തുക്കൾ , നഗരങ്ങൾ, ജീവിതങ്ങൾ

ബോം ബേയിൽ എത്തിയിട്ട് മൂന്ന് മാസങ്ങൾ മാത്രമായിട്ടുള്ള സുനിൽ റോയ്ക്ക് പറയത്തക്ക പരാതികളൊന്നും ആ നഗരത്തിനെപ്പറ്റിയില്ല എന്നാൽ മിസ്സിസ്സ് പരേഖിന്് ബോം ബേ സഹിക്കാവുന്നതിനും അപ്പുറമായിക്കഴിഞ്ഞിരിക്കുന്നു. കൽ ക്കത്തയും അഹമ്മദാബാദും അവർ ക്ക് ബോം ബേയേക്കാൾ നല്ല നഗരങ്ങളാണെന്ന് ഉറപ്പായിരുന്നു. ഒരിക്കൽ എത്തിപ്പെട്ടാൽ തിരിച്ച് പോകാൻ സമ്മതിക്കാത്ത നഗരം എന്ന പ്രശസ്തിയുള്ള ബോം ബേയെ അവർ ക്ക് കയ്പ്പ് നിറഞ്ഞ അനുഭവങ്ങളുടെ ഉറവിടമാകുന്നു. ഇം ഗ്ലണ്ടിൽ പഠിക്കാൻ പോയ മകൾ ഒരു ജർ മ്മൻ കാരനെ വിവാഹം കഴിച്ച് വീടുമായി ബന്ധം ഉപേക്ഷിച്ചതാകണം അതിൽ പ്രധാനം.

അപ്പോഴേയ്ക്കും മിസ്സിസ്സ് പരേഖ് തികഞ്ഞ മദ്യപാനിയുമായിക്കഴിഞ്ഞിരുന്നു. പകൽ നേരങ്ങളിലും ലഹരിയിൽ മുഴുകിയിക്കാൻ തുടങ്ങിയിരുന്ന അവർ ക്ക് അക്ഷരാർ ഥത്തിൽ ഒരു ഒളിച്ചോട്ടം മാത്രമാണ്് ബോം ബേയോടുള്ള വിരോധത്തിനുള്ള കാരണം. ബോം ബെയിൽ വന്ന ശേഷം നരയ്ക്കാൻ തുടങ്ങിയ മുടിയെക്കുറിച്ച് അവർ പറയുമ്പോൾ അത് അവരുടെ ജീവിതത്തിനെക്കുറിച്ചുള്ള മടുപ്പും വിരസതയും കലർ ന്ന നരയായി മാറുന്നു. ഇടയ്ക്കിടെ കൽ ക്കത്തയിലെ തന്റെ ഫ്ലാറ്റിനെ പുകഴ്ത്തുന്നതിലൂടെ അവർ സ്വജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമാണ്് ബോം ബേ എന്ന് വരുത്തിത്തീർ ക്കാൻ ശ്രമിക്കുന്നതായിപ്പോലും കാണാം.

പഴയതെല്ലാം മാറ്റുക എന്നാണ്് വില്പ്പനയുടെ ഉദ്ദേശ്യം. പഴയതായി താൻ മാത്രമേയുള്ളൂയെന്നും അവർ തമാശയായി പറയുന്നു. ഒരു ഒളിച്ചോട്ടം തന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവരും എന്ന് അവർ പ്രതീക്ഷിക്കുന്നത് പോലെ. പുകവലി ഉപേക്ഷിക്കണമെങ്കിൽ ആദ്യം ആഷ് ട്രേ ഉപേക്ഷിക്കണം എന്ന് പറയുന്നത് പോലെയാണ്് മിസ്സിസ്സ് പരേഖും ജീവിതത്തിനെ തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നത്. ഇതിനിടയിൽ തനിക്ക് വലിയ റോളൊന്നുമില്ലാതെ വെറുതെ അവരെ സഹായിക്കുകയാണെന്ന് മട്ടിൽ നില്ക്കുന്ന സുനിൽ റോയ്ക്ക് അത്രയും നേരത്തെ അനുഭവങ്ങളുടെ അന്ത്യം ലഭിക്കുന്നത് ചെകിടത്ത് ഒരു അടി കൊടുക്കുന്ന കാഴ്ചയിലാണ്്. വാസ്തവത്തിൽ ആരുടെ ചെകിടത്താണ്് അടി വീണതെന്ന് അയാൾ സം ശയിച്ച് പോയില്ലെങ്കിലേ അതിശയമുള്ളൂ.

ജീവിതങ്ങൾക്കിടയിലെ കൈമാറ്റപ്രക്രിയകൾ

എം ടി ജീവിതത്തിനെക്കുറിച്ച് എഴുതുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ജീവിതം കൊണ്ട് മുറിവേല്ക്കപ്പെടുന്നവരാണ്്. അതിനുമപ്പുറം, ഒരു കഥ എന്ന രീതിയിൽ വേറിട്ടൊരു ശൈലിയാണ്് വില്പനയിൽ എം ടി പ്രയോഗിച്ചിട്ടുള്ളത്. സിനിമയിൽ, മന:പൂർ വ്വം ഒഴിവാക്കുന്ന വിശദാം ശങ്ങൾ പിന്നീട് കഥയ്ക്ക് പൂർ ണത നൽ കുന്നത് പോലെ, ഈ കഥയിൽ പറയാതെ വിട്ട് കളഞ്ഞതെല്ലാം സ്വമേധയാ വന്ന് തങ്ങളുടെ വേഷങ്ങൾ ഭം ഗിയായി അഭിനയിച്ച് പോകുന്നു. ബോം ബേ എല്ലാ ചൈതന്യവും വലിച്ച് കുടിക്കും എന്ന് മിസ്സിസ്സ് പരേഖ്. വിട്ടു കളഞ്ഞ വിശദാം ശങ്ങൾ എല്ലാ ചൈതന്യവും തിരിച്ച് കൊണ്ടുവരുമെന്നായിരിക്കാം വില്പനയുടെ രഹസ്യം.