മീനാക്ഷി

കിണറ്റിന്‍കരയിലിരുന്ന് പാത്രം കഴുകുമ്പോഴാണ് മീനാക്ഷിയുടെ ഇളയ ചെക്കന് വെളിക്കിറങ്ങീട്ട് വന്നത്. ഒലിച്ചിറങ്ങി വന്ന മൂക്കള ഒറ്റവലിക്ക് തിരിച്ച് കയറ്റി അവന്‍ കുന്തിച്ചിരുന്നു. വയസ്സ് നാലായിട്ടും ഇപ്പോഴും മീനാക്ഷി ചന്തി കഴുകികൊടുക്കണം.

പാത്രം കഴുകുന്നത് നിര്‍ത്തി അവള്‍ ചെക്കന്റെ മുതുകത്ത് ചെറുതായൊന്ന് ഓങ്ങിയിട്ട് കഴുകിക്കൊടുത്തു. കാലുകളിലൂടെ നീര്‍ ച്ചാലുകള്‍ ഒഴുക്കിക്കൊണ്ട് അവന്‍ നിക്കറന്വേഷിച്ച് പോയി. അപ്പോഴാണ് വേലിക്കപ്പുറത്ത് മാണിക്കന്‍ മൂത്താന്റെ തല കണ്ടത്. അയാള്‍ എന്തോ തപ്പുന്ന പോലെ അവിടെ ചുറ്റിപ്പറ്റി നില്ക്കുകയാണ്. മീനാക്ഷി മനസ്സില്‍ രണ്ട് ചീത്ത പറഞ്ഞ് അകത്തേയ്ക്ക് കയറിപ്പോയി. പാത്രം കഴുകിക്കൊണ്ടിരുന്നാല്‍ അയാളവിടെ വെള്ളമൊലിപ്പിച്ച് നോക്കി നില്ക്കും .

അരി കഴുകി അടുപ്പത്ത് വയ്ക്കുമ്പോള്‍ ഉമ്മറത്ത് ആരോ ചുമയ്ക്കുന്നത് കേട്ടു. ചെന്ന് നോക്കിയപ്പോള്‍ വേലിയ്ക്കപ്പുറത്തുണ്ടായിരുന്ന മൂത്താന്‍ ഉമ്മറത്ത് നില്ക്കുന്നു.

" നെന്റെ കെട്ട്യോനില്ലേടീ?" അയാള്‍ ചോദിച്ചു.

" ഉണ്ടെങ്കി വ്ടെക്കാണില്ല്യേ ? "

" ഞാന്‍ വരൂന്ന് പറഞ്ഞതാണല്ലാ "

" ആ എന്നോടൊന്നും പറഞ്ഞില്ല"

" ഹും .. എവ്ടെപ്പോയതാണ്? "

" പണിയ്ക്കല്ലാണ്ടെവ്ടാ "

" ഒന്ന് കാണ്ണാ ര്ന്ന് "

അയാള്‍ അശ്ലീലം കലര്‍ന്ന ചുവയില്‍ പറഞ്ഞു.

അവള്‍ അത് കേട്ടതായി ഭാവിച്ചില്ല. മുറ്റത്ത് ചെക്കന്‍ ഇല്ലാത്ത സ്റ്റിയറിങ് തിരിച്ച് വണ്ടിയോടിക്കുകയാണ്. കൊത്തിപ്പെറുക്കി നടക്കുകയായിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ എന്തോ ഓര്‍മ്മ വന്നത് പോലെ വേലിയ്ക്കരികിലേയ്ക്ക് ഓടിപ്പോയി. ഒരു പാണ്ടന്‍ നായ വെയില്‍ കാഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. കോഴിക്കുഞ്ഞുങ്ങള്‍ നിന്നിടത്ത് ഇപ്പോള്‍ ഒരു കാക്ക വന്നിരിക്കുന്നു.

മീനാക്ഷിയ്ക്ക് ക്ഷമ നശിക്കുകയായിരുന്നു. വന്നാപ്പിന്നെ പെട്ടെന്നൊന്നും പോവില്ല മാണിക്കമൂത്താന്‍ . ഓരോന്നും പറഞ്ഞ് കയറിക്കൂടും . അയാളിപ്പോള്‍ തിണ്ണയില്‍ ഇരിപ്പാണ്. മടിക്കുത്തില്‍ നിന്ന് ഒരു പൊതിയെടുത്ത് മുറുക്കാനുള്ള തയ്യാറെടുപ്പാണ്. ഇനിപ്പൊ തുടങ്ങും .. ചുണ്ണാമ്പ് തായോ, അടയ്ക്ക തായോന്ന്. കുറേ നേരം നീണ്ട് നില്ക്കുന്ന പ്രവര്‍ത്തനമാണ് അയാളുടെ വെറ്റില മുറുക്കല്‍ . ഇറങ്ങിപ്പോകാന്‍ പറയാനും പറ്റില്ല. അയാളുടെ കൈയ്യില്‍ നിന്നും പണം കടം വാങ്ങിച്ചിട്ടുണ്ട് അവളുടെ കെട്ട്യോന്‍ .

മുറ്റത്ത് വെയില്‍ പരന്നിരുന്നു. വേപ്പുമരത്തിന്റെ നിഴല്‍ വീണിടമൊഴിച്ച്. അവള്‍ വാതില്‍ ചാരി നിന്നു. മൂത്താന്റെ ഒളിച്ചുള്ള നോട്ടം കണ്ടപ്പോഴാണ് മേല്‍മുണ്ടിട്ടിട്ടില്ലെന്ന് ഓര്‍ത്തത്. ലുങ്കിലും ബ്ലൌസുമേയുള്ളൂ. അതെങ്ങനെ മറന്ന് പോയെന്നോര്‍ത്ത് അവള്‍ക്ക് ആവലാതിയായി. മൂത്താന്‍ വെറ്റിലയുടെ ഞരമ്പ് ചുരണ്ടിക്കൊണ്ട് കള്ളനോട്ടം തുടരുകയാണ്. അയയില്‍ കിടക്കുന്ന തോര്‍ത്തെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് അവളാഗ്രഹിച്ചു.

അന്നേരം വേലിയ്ക്കപ്പുറത്ത് കൂടെ പീടികേലെ വാസ്വേട്ടനും സഖാവ് കൃഷ്ണേട്ടനും പോകുന്നത് കണ്ടു. ഉമ്മറത്ത് മൂത്താനേം തന്നേം കണ്ടാല്‍ അവരെന്ത് വിചാരിക്കും . അവള്‍ക്ക് വിയര്‍ക്കാന്‍ തുടങ്ങി. മൂത്താനെ വിളിച്ച് അകത്തിരുത്തിയാലോയെന്ന് തോന്നി. അയാള്‍ ആസ്വദിച്ച് മുറുക്കുകയാണ്. ഇപ്പോള്‍ നോട്ടം മുറ്റത്തേയ്ക്കാണ്. വെയില്‍ മുറുകുയയും അയയുകയും ചെയ്യുന്നു. അതിനൊപ്പം വേപ്പുമരത്തിന്റെ നിഴലും തെളിഞ്ഞു മങ്ങി തെളിഞ്ഞു. തേങ്കുറിശ്ശിയിലെ നാരായണാ ടാല്ക്കീസില് സിനിമയ്ക്ക് പോയപ്പോള്‍ ഇങ്ങനെയായിരുന്നു. പടം ഇടയ്ക്ക് മങ്ങും ..അപ്പോള്‍ എല്ലാരും കൂവാന്‍ തുടങ്ങും . അപ്പോള്‍ എല്ലാം തെളിയും . പിന്നേയും മങ്ങും . സിനിമയുടെ പകുതിയും കൂവിക്കാണും നാട്ടുകാര്‍ .

പെട്ടെന്ന് മൂത്താന്‍ മുറ്റത്തേയ്ക്ക് നീട്ടിയൊന്ന് തുപ്പി. വെയിലിലാണ് വീണത്. ചുവന്ന ദ്രാവകം . മണ്ണ് ഉടനെ തന്നെ അത് വലിച്ചെടുത്ത് നിറം കളഞ്ഞു. എന്തോ അതിഷ്ടപ്പെടാത്ത പോലെ അയാള്‍ മീനാക്ഷിയെ നോക്കി. അപ്പോഴും അവള്‍ വഴിയിലൂടെ പോകുന്നവരെക്കുറിച്ചാലോചിച്ച് ഭയക്കുകയായിരുന്നു. ആരും ഒന്നും പറഞ്ഞില്ല. എങ്കിലും മൂത്താന്‍ തലയാട്ടിക്കൊണ്ടിരുന്നു. ഇപ്പോള്‍ തിണ്ണയില്‍ ചമ്രം പടിഞ്ഞിരിപ്പാണ്. ആളവിടെയങ്ങ് ഉറച്ച് പോയി. അവള്‍ വാതില്പടിയിലേയ്ക്ക് കയറി നിന്നു. എങ്കിലും വഴിപോക്കര്‍ക്ക് അവളുടെ കഴുത്ത് വരെ കാണാന്‍ സാധിക്കും . എന്തെങ്കിലും കാരണം പറഞ്ഞ് അയാളെ പറഞ്ഞ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു അവള്‍ .

" അട്പ്പത്തരിയിര്‍ക്കണ് മാണിക്ക്യേട്ടാ " അവള്‍ പറഞ്ഞു.

" നീ നോക്കീട്ട് വാ..ഞാവ്ടെരിക്കാ " അയാള്‍ പിന്നേയും തലയാട്ടി.

അപ്പോള്‍ കൂടുതല്‍ കുഴപ്പമായി. അടുക്കളേലിരിക്കണ നേരത്തെങ്ങാനും അയാള്‍ അകത്തേയ്ക്ക് വന്നാലോ. അല്ലെങ്കില്‍ വീട്ടുകാരനില്ലാത്തപ്പൊ ഇയാളൊറ്റയ്ക്ക് ഉമ്മറത്തിരിക്കണത് ആരെങ്കിലും ചോദിച്ചാലോ. അടുപ്പിലെ തീയാണ് ഇപ്പോള്‍ അവളുടെ നെഞ്ചില്‍. വണ്ടിയോടിച്ച് കൊണ്ടിരുന്ന ചെക്കന്‍ എങ്ങോട്ടോ പോയി. കാക്കയും പറന്നകന്നു. പാണ്ടന്‍ നായ എങ്ങോട്ടോ പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്.

ത്രിശങ്കുസ്വര്‍ഗ്ഗത്തിലായിപ്പോയി അവള്‍ .

" എങ്കി നിങ്ങ്ള് അകത്തേയ്ക്കിരിക്കീ മാണിക്ക്യേട്ടാ " അവള്‍ പറഞ്ഞു. പറഞ്ഞ് കഴിഞ്ഞപ്പോഴാണ് താനത് പറഞ്ഞെന്ന് അവള്‍ക്ക് തന്നെ ബോദ്ധ്യമായത്. മൂത്താന്‍ വിശ്വാസം വരാത്ത പോലെ ഒന്ന് നോക്കി. മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി. അതും മണ്ണ് വലിച്ചെടുത്തു. കോഴിക്കുഞ്ഞുങ്ങള്‍ മുറ്റത്തേയ്ക്ക് തിരിച്ചെത്തി. വെയില്‍ മുറുകി.

മുറുക്കാന്‍ പൊതി ഇടുപ്പില്‍ തിരുകിക്കൊണ്ട് അയാള്‍ എഴുന്നേറ്റു. അയാളുടെ ചിറി ചുവന്നിരുന്നു. സിനിമാനടികളുടേത് പോലെ.

അവള്‍ വാതിലിനോട് കൂടുതല്‍ ചേര്‍ന്ന് നിന്നു. അബദ്ധം പറ്റിയ പോലെ. കഴുത്തിലൂടെ വിയര്‍പ്പ്ചാല്‍ ഒഴുകിയിറങ്ങുന്നതറിയുന്നുണ്ടായിരുന്നു. എന്തായാലും ഇത്രയൊക്കെയായി, ഒന്ന് വേഗം പോയിത്തന്നാ മതിയായിരുന്നെന്ന് അവള്‍ വിചാരിച്ചു. ചെക്കനെങ്ങാനും കേറി വന്നാലാണ്!

" അവന്‍ വരുമ്പൊ വൈന്നേരം എന്റവ്ടം വരെ വരാമ്പറ" അത്രയും പറഞ്ഞ് മൂത്താന്‍ മുറ്റത്തേയ്ക്കിറങ്ങി. കോഴിക്കുഞ്ഞുങ്ങള്‍ അയാളെക്കണ്ട് ഓടിയകന്നു. പടിയ്ക്കലെത്തിയപ്പോള്‍ ഒന്ന് തിരിഞ്ഞ് അടിമുടിയൊന്ന് അവളെ സൂക്ഷിച്ച് നോക്കി ഒന്നമര്‍ത്തി മൂളിയിട്ട് അയാള്‍ നടന്നകന്നു.

അടുപ്പത്ത് അരിയിരിക്കുന്ന കാര്യം അപ്പോഴാണവളോര്‍ത്തത്.

No comments:

Post a Comment