മകുടിയും പാമ്പും



രാവിലെയുണർന്ന് അയ്യപ്പേട്ടന്റെ ചായക്കടയിൽ പോയി ഒരു ചായയും കുറച്ച് പത്രവായനയും കഴിഞ്ഞ് വീട്ടിലെത്തി പ്രഭാതകൃത്യങ്ങളും കുളിയും കഴിഞ്ഞ് സ്ക്കൂളിലേയ്ക്ക് പുറപ്പെടാറുള്ള ഒരു അദ്ധ്യാപകനാണ് ഞാൻ. ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട്. മുറ്റവും മതിലും ഗേറ്റും പുറകുവശത്ത് മോശമില്ലാത്ത തൊടിയും എല്ലാമുള്ള വീട്. തൊടിയിൽ വാഴയും തെങ്ങുമുണ്ട്. വീട്ടുടമസ്ഥന്റേതാണ്.

അങ്ങിനെ ഒരു ദിവസം അയ്യപ്പേട്ടന്റെ ചായയും കുടിച്ച് അന്ന് പത്രത്തിൽ വായിച്ച ഒരു വാർത്തയുടെ പെരുക്കവുമായി വീടെത്താറായപ്പോൾ, വീടിനു മുന്നിൽ ഒരാൾ നിൽക്കുന്നത് കണ്ടു. ഗേറ്റിലൂടെ അകത്തേയ്ക്ക് എത്തി നോക്കുകയാണയാൾ. എന്നെ കണ്ടപ്പോൾ ചുണ്ടിലെ ബീഡിയോടെ ഒന്ന് ചിരിച്ചു. തുടയ്ക്ക് മുകളിലേയ്ക്ക് മടക്കിക്കുത്തിയ ലുങ്കി ഒരു ആഭരണം പോലെ പറ്റിപ്പിടിച്ചിരുന്നു. മേൽക്കുപ്പായം ഇല്ല.

‘ആരാ…എന്താ?’ ഞാൻ ചോദിച്ചു.

‘ചാത്തുണ്ണിയാണേ’.

‘എന്ത് വേണം?’.

‘ഒന്നും വേണ്ടേ’. അയാൾ എനിക്ക് പോകാനായി വഴി മാറിത്തന്നു. ഞാൻ ഗേറ്റ് തുടന്ന് മുറ്റത്തേയ്ക്ക് കടന്നപ്പോൾ അയാളും പതുങ്ങിപ്പതുങ്ങി പിന്നാലെ വന്നു. അപ്പോഴാണ് ശ്രദ്ധിച്ചത്, അയാളുടെ തോളിലെ മാറാപ്പ്.

‘വാതിൽ തുറക്കാതെ ഞാൻ അയാൾക്ക് നേരെ തിരിഞ്ഞു. അയാൾ തല ചൊറിഞ്ഞു.

‘എന്താ…കാര്യം പറ..ആരാ നിങ്ങൾ?’

‘പാമ്പുപിടുത്തക്കാരൻ ചാത്തുണ്ണീന്ന് പറഞ്ഞാ ല്ലാർക്കു അറിയും.’

‘ഓഹോ..എനിക്കറിയില്ല…ഞാനീ നാട്ടുകാരനല്ല..എന്താ വന്നത്?.’

‘പാമ്പ്….’

‘ഇവടെ പാമ്പൊന്നുല്ല…പോയേ..എനിക്കേ ജോലിക്ക് പോകാൻ നേരായി.’

‘അതല്ല…..ഈ വീട്ടില് പാമ്പ്ണ്ട്…അതാ.’

‘ഹാ…ഇല്ലെന്ന് പറഞ്ഞില്ലേ…ഞാനിന്നേ വരെ ഇവടെ പാമ്പിനേം പഴ്താരേനേം കണ്ടട്ട്ല്ല…നിങ്ങള് വേറെ വല്ലോടത്തും അന്വേഷിക്ക്.’

‘ഞാൻ പാമ്പുപിടുത്തക്കാരൻ ചാത്തുണ്ണി…’

‘അത് പറഞ്ഞല്ലോ…പോയേ..പോയേ…’

അയാൾ മടിക്കുത്തിൽ നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്തു. വീണ്ടും മനോഹരമായി ഒന്ന് ചിരിച്ചിട്ട് ഗേറ്റ് കടന്ന് പോയി.

വൈകുന്നേരം സ്കൂളിൽ നിന്നും വരുന്ന വഴിയ്ക്കും അയ്യപ്പേട്ടന്റെ ഒരു ചായ പതിവുണ്ട്. ഒപ്പം കുറച്ചു നേരം നാട്ടുവർത്തമാനവും. വീട്ടിൽ ചെന്നിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ. അതുകൊണ്ട് കുറെ നേരം അവിടെയിരിക്കും.

‘അയ്യപ്പേട്ടാ…ഈ ചാത്തുണ്ണീനെ അറിയോ? പാമ്പിനെ പിടിക്കണ ചാത്തുണ്ണി?’

‘ങ്ഹാ..അവൻ വന്നോ….കൊറേ നാളായി കാണാൻല്ലാരുന്നു. എന്തേ ചോദിച്ചേ?’

‘അല്ലാ…വഴീല് വച്ച് കണ്ടു…അതാ..ആളെങ്ങനെ?’

‘ങാ….എടക്കിങ്ങനെ വന്നും പോയുമിരിക്കും…’

‘ഓ’

പിന്നെ വേറെയെന്തൊക്കെയോ സംസാരിച്ച് ഞാൻ വീട്ടിലേയ്ക്ക് തിരിച്ചു. പ്രതീക്ഷിച്ചത് പോലെ ചാത്തുണ്ണി ഗേറ്റിന്റെ മുന്നിലുണ്ടായിരുന്നു. ബീഡി, ചിരി, ലുങ്കി, മാറാപ്പ്.

‘പോയില്ലേ?’ ഞാൻ അല്പം നിരസത്തോടെ ചോദിച്ചു.

‘അല്ലാ…രാവിലെ പറഞ്ഞില്ലേ..ഇവടെ പാമ്പ്ണ്ട് സാറേ…ഒറപ്പാ…’

അയാൾ എന്റെയൊപ്പം മുറ്റത്തേക്ക് വന്നു. മാറാപ്പ് താഴെ വച്ച് ലുങ്കി അഴിച്ച് കുത്തി. ഞാൻ വാതിൽ തുറക്കാതെ തിണ്ണയിരുന്നു. ചാത്തുണ്ണിയോട് കുറച്ച് സംസാരിക്കാമെന്ന് വിചാരിച്ചു. ചാത്തുണ്ണിയും മുറ്റത്ത് കുന്തിച്ചിരുന്നു.

‘പാമ്പ് പിടുത്തക്കാരനല്ലേ?’

‘ഓ’

‘അതു മാത്രേള്ളൂ?’

‘ഏ…പാമ്പിനെ പിടിച്ച് ജീവിക്കാനൊക്കെ പറ്റ്വോ സാറേ…കൂലിപ്പണീം ചെയ്യും…ഇവടെ വേലി കെട്ടണതും പുല്ല് ചെത്തണതും തെങ്ങേ കേറണതുമൊക്കെ ഞാനാ…പിന്നെ വല്ലപ്പോഴും പാമ്പിനെ കിട്ട്യാലായിന്ന് മാത്രം..’

അതെനിക്കിഷ്ടപ്പെട്ടു. വല്ലാത്ത ആത്മാർഥത.

‘ആ മാറാപ്പിലെന്താ?’

‘പാമ്പിനെ കെടത്താനുള്ള കൂടാണ്.’

‘ഇപ്പോ പാമ്പുണ്ടോ?’

‘ഇപ്പോല്ല..പക്ഷേ ഒരെണ്ണം വരും..അതിവിടെണ്ട്.’

‘ദേ പിന്നേം..ചാത്തുണ്ണീ…ഞാൻ ഈ വീട്ടിൽ താമസം തുടങ്ങീട്ട് ഒരു വർഷായി..ഇന്ന് വരെ അങ്ങിനൊന്നിനെ കണ്ടിട്ടില്ല.’

‘ആയിക്കോട്ടെ..ന്ന് വച്ച് ഇനി വരാമ്പാടില്ലന്നില്ലല്ലോ?’

‘ഹും…ശരി…ചാത്തുണ്ണി പൊയ്ക്കോ…എനിക്ക് കുറച്ച് ജോലിയുണ്ട്.

ചാത്തുണ്ണി പോയി. ഞാൻ വാതിൽ തുറന്ന് പതിവ് വൈകുന്നേരപ്പരിപാടികളിലേയ്ക്ക് കടന്നു. കുറച്ചു നേരം ആഴ്ചപ്പതിപ്പ് വായന, പിന്നെ ടിവി, പിന്നെ പതുക്കെ അടുക്കളയിലേയ്ക്ക്. അത്താഴം കഴിച്ച് ഉറങ്ങാൻ കിടക്കുന്നതോടെ കഴിഞ്ഞു ആ ദിവസം. വർഷങ്ങളായി തുടർന്നു വരുന്ന ശീലം.

രാവിലെയുണർന്ന് വാതിൽ തുറന്നതും ചാത്തുണ്ണിയെ കണ്ടപ്പോൾ ഞാൻ അമ്പരക്കാതിരുന്നില്ല. ദേഷ്യവും വന്നു.

‘എന്താ..രാവിലെ തന്നെ? പാമ്പിനെ പിടിക്കാൻ വന്നതാണോ?’

‘അല്ല സാറേ..രണ്ടീസായ്ട്ട് പണിയൊന്നൂല്ല..ഞാനീ പറമ്പിലെ പുല്ല് ചെത്തട്ടെ…എന്തേലും തന്നാ മതി.’

എന്തോ ഞാനങ്ങ് സമ്മതിച്ചു. അല്ലെങ്കിലും പുല്ല് വളർന്ന് ആകെ കാട് പിടിച്ചു കിടക്കുകയാണ്. വാടകയ്ക്കാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം എനിക്ക് ശ്രദ്ധയാണ്.

സമ്മതം മൂളിയതും എവിടെ നിന്നാണെന്നറിയില്ല, ഒരു അരിവാളും കൈക്കോട്ടും പ്രത്യക്ഷപ്പെട്ടു. മാറാപ്പിൽ നിന്നായിരിക്കുമെന്ന് ഞാൻ കരുതി. ചാത്തുണ്ണി തൊടിയിലേയ്ക്ക് കയറി യുദ്ധം തുടങ്ങി. അയാൾക്ക് യുദ്ധത്തിനിടയിൽ പാമ്പിനെ കിട്ടുകയാണെങ്കിൽ കിട്ടിക്കോട്ടേന്ന് ഞാനും വിചാരിച്ചു. കുളിച്ചൊരുങ്ങി സ്കൂളിലേയ്ക്ക് പുറപ്പെടുമ്പോഴും ചാത്തുണ്ണി പുല്ല് വെട്ടിയരിയുകയായിരുന്നു.

വൈകുന്നേരം വരുമ്പോൾ അധികനേരം അയ്യപ്പേട്ടന്റെ ചായക്കടയിൽ ചിലവഴിക്കാൻ തോന്നിയില്ല. മനസ്സ് നിറയെ ചാത്തുണ്ണിയായിരുന്നു. എന്തോ അയാളെ ചുറ്റിപ്പറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഉള്ളതുപോലെ. ചില സംശയങ്ങൾ. ധൃതിയിൽ ചായ കുടിച്ച് വീട്ടിലേയ്ക്ക് നടന്നു. തിണ്ണയിൽ ബീഡി വലിച്ചു കൊണ്ട് അയാളിരിക്കുന്നുണ്ടായിരുന്നു. മിടുക്കനായ ക്ഷുരകന്റെ മികവോടെ തൊടി വെട്ടി വൃത്തിയാക്കിയിരിക്കുന്നു. ചാഞ്ഞു തുടങ്ങിയിരുന്ന വാഴച്ചെടികൾക്ക് ഊന്ന് കൊടുത്തിരിക്കുന്നു. പടവലത്തിന് പന്തലും…കൊള്ളാം…ചാത്തുണ്ണി കൊള്ളാം..

‘ന്താ പാമ്പിനെ കിട്ടിയോ ചാത്തുണ്ണീ?’

‘ഓ…പാമ്പ് അങ്ങനെ ഒരിടത്ത് കാണില്ല…അതങ്ങനെ വന്നും പോയുമിരിക്കില്ലേ…എന്റെ കൈയ്യിൽ കിട്ടും…’

ചാത്തുണ്ണി തല ചൊറിഞ്ഞു. എനിക്ക് കാര്യം മനസ്സിലായി. ഞാൻ കുറച്ച് രൂപ കൊടുത്തു. എണ്ണി നോക്കാനോ തർക്കിക്കാനോ നിൽക്കാതെ അയാളത് എളിയിൽ തിരുകി.

‘ഇനിയെന്താ?’

‘സാറൊറ്റക്കാണല്ലേ താമസം?’

‘അതേ..എന്തേ?’

‘അല്ലാ…രാത്രി ഞാനീ തിണ്ണേക്കെടന്നോട്ടെ? എനിക്ക് വീടില്ല.’

‘ശരി’ എന്ന് പറഞ്ഞ് ഞാൻ വാതിൽ തുറന്നു. പിന്നീടാലോചിച്ചപ്പോൾ ഞാനതെന്തിന് സമ്മതിച്ചെന്ന് മനസ്സിലായില്ല. ചാത്തുണ്ണിയെ തിണ്ണയിൽ കിടക്കാൻ സമ്മതിച്ചത്.

രാത്രി വൈകിയപ്പോൾ മുറ്റത്ത് ശബ്ദം കേട്ടു. നോക്കിയപ്പോൾ ചാത്തുണ്ണി ഗേറ്റിലിടിക്കുകയാണ്. കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആടിയാടി വന്ന് അരിച്ചാക്ക് പോലെ തിണ്ണയിൽ വീണു. ഉടനേ കൂർക്കം വലിയും തുടങ്ങി. ഞാൻ വാതിലടച്ച് കിടന്നു.

‘ചാത്തുണ്ണിക്ക് കുടുംബോന്നൂല്ലേ?’

‘ഉണ്ടാരുന്നു…ഒക്കെ പോയി സാറേ..’

‘അതെന്ത് പറ്റി?’

‘ഓള്ക്ക് വേറെയാരോടോ സ്നേഹമായി…അങ്ങനൊരു ദീസം പോയി’

‘ഹൈ..അപ്പോ അന്വേഷിച്ചില്ലേ?’

‘പോട്ടേന്ന്…അന്വേഷിച്ചിട്ടെന്താകാനാ? പോട്ടേന്ന് വച്ചു’

‘കുട്ടികൾ?’

‘ഹും ഓളെ ഒന്ന് തൊടാൻ സമ്മതിച്ചാലല്ലേ അതൊക്കെ’

ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. ഞായറാഴ്ചയായതിനാൽ തുണിയലക്ക്, വീട് വൃത്തിയാക്കൽ തുടങ്ങി കുറേ ജോലികളുണ്ടായിരുന്നു. ചാത്തുണ്ണിയും കൂടി. ചൂലും വെള്ളവുമെടുത്ത് തറ കഴുകി. മാറാലയടിച്ചു. കൂട്ടിന് ഒരാളായപ്പോൾ എനിക്കും സന്തോഷം തോന്നി.

‘സാറേ..ഇപ്പൊ വരാ’ എന്നും പറഞ്ഞ് ചാത്തുണ്ണി ധൃതിയിൽ ഇറങ്ങിപ്പോയി. മാറാപ്പ് തിണ്ണയിലുണ്ടായിരുന്നു.

അര മണിക്കൂറിനകം അയാൾ തിരിച്ചെത്തി. കൈയ്യിൽ രണ്ട് കുപ്പികൾ. ചാരായം.

‘വാ സാറേ..കൊറച്ചടിക്ക്’

‘ഏയ്…എനിക്കിതൊന്നും പതിവില്ല.’

‘ചുമ്മാ….ഞാൻ പറേണു സാറ് കഴിക്കൂന്ന്.’

‘ശരി ഒഴി’

രണ്ട് കുപ്പി ചാരായം ഒന്നിനുമായില്ല. ചാത്തുണ്ണി വീണ്ടും പോയി രണ്ട് കുപ്പി കൂടി വാങ്ങി വന്നു. അതും കുടിച്ചപ്പോൾ തലയ്ക്ക് ഒരു വെട്ട് കിട്ടിയതുപോലെയായി.

ചാത്തുണ്ണി അടുക്കളയിൽ കയറുന്നു. ചാത്തുണ്ണി അരി കഴുകുന്നു. ചാത്തുണ്ണി അടുപ്പ് കത്തിക്കുന്നു. ചാത്തുണ്ണി പച്ചക്കറിയരിയുന്നു..ചാത്തുണ്ണീ….ചാത്തുണ്ണി…ചാത്തുണ്ണി…..

ചുരുക്കത്തിൽ ചാത്തുണ്ണി എന്റെ കൂടെ താമസമാക്കി. എല്ലാ ദിവസവും കാണില്ല. ഇടയ്ക്ക് ഒരു പോക്കു പോയാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞേ വരൂ. അതേ മാറാപ്പ്, അതേ ലുങ്കി, അതേ ചിരി. വീട്ടിലുള്ളപ്പോൾ രസമാണ്. കുറേ കഥകൾ പറയാനുണ്ട് ചാത്തുണ്ണിയ്ക്ക്. മിക്കവാറും പാമ്പുകളായിരിക്കും നായകന്മാർ. കൂടാതെ പാമ്പുകളെക്കുറിച്ച് അസാമാന്യ ജ്ഞാനമുണ്ട് അയാൾക്കെന്ന് മനസ്സിലായി. പ്രസവിക്കുന്ന പാമ്പ്, മുട്ടയിടുന്ന പാമ്പ്, ചിരിക്കുന്ന പാമ്പ്, കരയുന്ന പാമ്പ്, പറക്കുന്ന പാമ്പ്, കടലിലെ പാമ്പ്, കാണാൻ പറ്റാത്ത പാമ്പ്, രുചിയുള്ള പാമ്പ്, പാമ്പ് വിഷങ്ങൾ, പാമ്പ് കടികൾ…എന്നിങ്ങനെ എല്ലാം പാമ്പ് മയം.

‘എന്നിട്ടിതുവരെ ഒരു പാമ്പിനെപ്പോലും കൊണ്ടുവന്നില്ലല്ലോ ചാത്തൂ?’

‘ഹേ..കൊണ്ടു നടക്കാൻ പറ്റ്വോ സാറേ? അതപ്പത്തന്നെ കച്ചോടാകും’

‘ആർക്ക്?’

‘പാമ്പാട്ടികൾക്ക്, പാമ്പ് വെഷം വേണ്ടവർക്ക്…’

‘ഹോ..അപ്പോ നല്ല ഡിമാന്റാണല്ലേ?’

‘ആണോന്നോ? ഇപ്പത്തന്നെ മൂന്ന് മൂർഖന് ആർഡറുണ്ട്. രാജവെമ്പാലേ വേണന്നാ വേറൊരാൾക്ക്. പല്ല് പറിച്ച മൂർഖനും വേണം….പിന്നെ പച്ചിലക്കൊത്തി, അണലി, വള്ളിക്കെട്ടൻ, ശംഖുവരയൻ, ദേവാംകുട്ടി…..ഞാനിതൊക്കെ എങ്ങനെ കൊടുക്കും..ഇതെന്താ വാഴക്കൊലയാണോ വെറുതേ വെട്ടിക്കൊടുക്കാൻ?’

‘ഹാ.ഹാ…ഇവിടെ പാമ്പുണ്ടന്നല്ലേ പറഞ്ഞത്…പിടിച്ച് കൊടുത്തോ ചാത്തൂ.’

‘കളിയാക്കണ്ട സാറേ…ഇവടത്തെ പാമ്പ് എന്റെ കൂട്ടിൽ കയറും.’

‘എപ്പൊ?’

‘ഒരീസം’

ചാത്തുണ്ണി വീട്ടിലില്ലാത്ത ദിവസങ്ങൾ മുഷിപ്പനായി തോന്നിത്തുടങ്ങിയിരുന്നു. വീട്ടിലെവിടെയോ ഒരു പാമ്പിഴയുന്ന ശബ്ദം കേൾക്കുന്നത് പോലെ ഒരുരു അസ്വസ്ഥത. അത്തരം ദിവസങ്ങളിൽ ഞാൻ വൈകുന്നേരം അയ്യപ്പേട്ടന്റെ ചായക്കടയിൽ ഏറെനേരം ചിലവഴിക്കും. നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കും. ചാത്തുണ്ണിയേ വായോ എന്ന് മനസ്സിൽ നിലവിളിക്കും.

ഒരു വൈകുന്നേരം ചായക്കടയിൽ ചാത്തുണ്ണിയായിരുന്നു ചർച്ചാവിഷയം. ഞാൻ ഒന്നുമറിയാത്തത് പോലെ കാതോർത്തു.

‘ഈടെയായിട്ടേ ഈ പ്രദേശത്ത് ചുറ്റിത്തിരീണ് ണ്ട്..ന്താണാവോ!‘

‘മ്മ്…വല്ല കോളും കണ്ടിട്ട്ണ്ടാവും’

‘ഓ..ഇവടെ എന്ത് കിട്ടാനാ? ഇവിടെന്തിരിക്കണൂ?’

‘ഹേയ്..മണ്ടത്തരം പറയാതെ..ഒരു വാഴക്കൊലയോ തേങ്ങാക്കൊലയോ കിട്ട്യാപ്പോരേ?’

‘ങാ..അതും ശെരിയാ’

പൊടുന്നനെ ചർച്ച ചെയ്യുന്നവർ എന്റെ നേർക്ക് തിരിഞ്ഞു.

‘അല്ലാ…ചാത്തുണ്ണി സാറിന്റെ കൂടെയാണല്ലേ താമസം?’

‘അങ്ങിനൊന്നൂല്ല…ചെലപ്പൊ വന്ന് തിണ്ണേക്കെടക്കും’

‘ങാ..സൂക്ഷിക്കണം…സൂക്ഷിക്കണം..ആള് വിരുതനാ’

‘അതെന്താ?’

‘അവൻ ഭാര്യേനെ ചവിട്ടിക്കൊന്നതാ…മോഷണോണ്ട്’

ഞാനൊന്ന് നടുങ്ങി.

‘അയാൾടെ ഭാര്യ ആരുടെയോ കൂടെ…’

‘വെറ്തേ പറയ്ണതാ….ല്ലാർക്കും അറിണതല്ലേ…അവൻ കൊന്നതന്ന്യാ…’

‘ന്തായാലും സാറ്` നി അവനെ പടി ചവിട്ടാൻ സമ്മതിക്കര്ത്.’

വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് നിറയെ ചാത്തുണ്ണിയായിരുന്നു. ഭാര്യയെ ചവുട്ടിക്കൊന്ന ചാത്തുണ്ണി. വാഴക്കുല മോഷ്ടിക്കുന്ന ചാത്തുണ്ണി. എന്നോട് നുണ പറയുന്ന ചാത്തുണ്ണി….

തിണ്ണയിൽ ചാത്തുണ്ണിയുണ്ടായിരുന്നു. ഞാൻ ഗൌരവത്തോടെ വാതിൽ തുറന്നു. ചാത്തുണ്ണിയും കൂടെ അകത്തേക്ക് വന്നു. കൈയ്യിൽ ചാരായക്കുപ്പികളുണ്ടായിരുന്നു.

‘ന്താ സാറേ..എന്ത് പറ്റീ?’

‘ചാത്തൂ…നിന്റെ ഇവടത്തെ കെടപ്പ് മതിയാക്കിക്കൊ…വേറെ എവടേങ്കിലും പൊയ്ക്കോ’

‘അതെന്താ സാറെ?’

‘അത്രന്നെ’

‘അപ്പൊ പാമ്പ്…ആ പാമ്പ് വല്യ വെഷള്ള സാധനാ’

‘ആയിക്കോട്ടെ..ഞാൻ സഹിച്ചു…കുറേ നാളായല്ലോ പാമ്പിനെ പിടിക്കണു..എന്നിട്ടിന്നേ വരെ ഒർ മണ്ണിരേനെപ്പോലും കിട്ടീല്ല.’

‘ഓ..അതാണോ…സാറിന് എത്ര പാമ്പ് വേണം? ഇപ്പക്കൊണ്ടോരാ.’

‘എനിക്കൊന്നും വേണ്ട..നീ പോകാൻ നോക്ക്.’

‘ശരി…ന്നാപ്പിന്നെ ചാത്തുണ്ണി പോണു. അതിനേ മുമ്പ് ഇതൊന്ന് കുടിച്ച് നോക്ക്യേ’

ചാത്തുണ്ണി കൊണ്ടുവന്ന ചാരായക്കുപ്പി ഞാൻ ഒറ്റ വലിയ്ക്ക് കുടിച്ചു. സൊയമ്പൻ സാധനം. കുടിച്ചു കൊണ്ടേയിരിക്കാൻ തോന്നും.

‘സാറിനിപ്പൊന്താ…പാമ്പിനെ കാണണം..ഞാൻ പറഞ്ഞട്ട്ല്ലേ…ഇവടെ പാമ്പ്ണ്ട്..ഉഗ്രവെഷം….ഇപ്പൊ വിളിക്കാം…’

അയാൾ മാറാപ്പ് തുറന്ന് പാമ്പിനെയിടുന്ന കുട്ടയും മകുടിയുമെടുത്ത്. അത് ഞാൻ ആദ്യമായിട്ട് കാണുകയായിരുന്നു, മകുടി.

കുട്ടയുടെ മൂടി തുറന്ന് ചാത്തുണ്ണി മകുടിയൂതാൻ തുടങ്ങി. നല്ല താളം, നല്ല ലയം…

മകുടി മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും നൃത്തം ചെയ്തു. എന്റെ കണ്ണിൽ രണ്ട് ചാത്തുണ്ണിമാർ, പിന്നെ മൂന്ന് നാല് അഞ്ച് ചാത്തുണ്ണിമാർ…എനിക്ക് ചുറ്റും ഓടിനടന്ന് മകുടിയൂതുന്ന ചാത്തുണ്ണിമാർ…..

ചാത്തുണ്ണി എന്റെ തലയിൽ തട്ടി.

എന്റെ പത്തിയുണർന്നു. നിവർന്ന് നിന്നു. അടിവയറിൽ നിന്നും എന്തോ അരിച്ചു കയറുന്നതുപോലെ. വിഷം. ഉഗ്രവിഷം. അണപ്പല്ലിൽ മധുരം. തികട്ടിത്തികട്ടി വരുന്നു. എന്റെ പത്തി മകുടിയിൽ കുടുങ്ങി. മകുടിയുടെ താളത്തിൽ ഞാനാടി. ആടിയാടിയാടിയാഴിയാഴിയായി….ഇഴഞ്ഞിഴഞ്ഞ് നീങ്ങി…ചാത്തുണ്ണിമാർ മുന്നോട്ടും പുറകോട്ടും ചാടിച്ചാടി മകുടിയൂതി… ആടാട് പാമ്പേ..പുള്ളുവൻ പാട്ടിന്റെ ലാസ്യം…
..ഞാനും മകുടിയ്ക്കൊപ്പം നീന്തി….നീന്തി..നീന്തി കുട്ടയിൽ കയറി.

ടപ്പ്…ചാത്തുണ്ണി കുട്ട മൂടി. മകുടി നിർത്തി. കുട്ടയ്ക്കുള്ളിൽ ചുരുണ്ട് ഞാൻ സുഖസുഷുപ്തിയിലായി….സുഖസുഖസുഖസുഷുപ്തി….


- റിപ്പോർട്ടർ ഓൺ ലൈനിൽ വന്ന കഥ

13 comments:

  1. ചാത്തുണ്ണിയും പാമ്പും കഥ നന്നായിട്ടുണ്ട്

    ReplyDelete
  2. കഥ പതിവ് പോലെ ഗംഭീരമായിരിക്കുന്നു .പാമ്പുകളുടെ നാട്ടില്‍ പാമ്പായിരിക്കാം .

    ReplyDelete
  3. കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  4. പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്.
    പാമ്പു പുരാണം നന്നായവതരിപ്പിച്ചു മാഷേ..!
    ആശംസകള്‍ നേരുന്നു...പുലരി

    ReplyDelete
  5. കഷ്ടകാലത്ത് ലവന്‍ പാമ്പായി മാറും എന്ന് കേട്ടിട്ടുണ്ട്. നല്ല കഥ. ആശംസകള്‍.

    ReplyDelete
  6. എന്തായാലും ചാത്തുണ്ണി പാമ്പിനെ പിടികൂടി കാണിക്കുമെന്ന് കരുതിയിരുന്നു .പക്ഷെ പിടിയില്‍ ആകുന്ന പാമ്പ് ഈ വിധത്തിലുള്ളത് ആകുമെന്ന് വിചാരിച്ചില്ല .അത് തന്നെയാണ് കഥയുടെ ഭംഗിയും .ഒട്ടും മുഷിയാതെ വായിക്കാന്‍ കഴിയുന്ന ഒഴുക്കുള്ള ലളിത മനോഹര കഥ .ബോള്‍ട്ടിനേക്കാള്‍ തികച്ചും വ്യത്യസ്തമായ പ്രമേയവും അവതരണവും .ഒരുപാട് പാമ്പുകള്‍ വാഴുന്ന നമ്മുടെ നാട്ടില്‍ നിന്നും കണ്ടെടുത്ത കഥയും കഥാപാത്രങ്ങളും മനസ്സില്‍ നിറഞ്ഞു നില്‍ക്കും എന്നും .കാലം ഒരുപാട് കഴിഞ്ഞാലും ഒര്മതെറ്റില്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന കഥയ്ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  7. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാവർക്കും നന്ദി.

    ReplyDelete
  8. ക്ലൈമാക്സ് സൂപ്പര്‍, ചാത്തുണ്ണി പിടിച്ചതില്‍ ഏറ്റവും വിഷം ഈ പാമ്പിനാനല്ലേ. കഥ രസിച്ചു.

    ReplyDelete
  9. അവസാനം നന്നായി.. പലപ്പോഴും ഇങ്ങനെ നന്നായി പറഞ്ഞു പോകുന്ന കഥകള്‍ അവസാനത്തില്‍ അര്‍ത്ഥമില്ലാതെ ആകാറുണ്ട്..പാമ്പായി രൂപാന്തരണം പ്രാപിക്കുന്നത് എഴുതിയ വരികള്‍ക്കും തിളക്കം

    ReplyDelete
  10. നന്നായിട്ടുണ്ട്

    ReplyDelete
  11. നന്നായിരിക്കുന്നു.
    സുന്ദരമായ അവതരണത്തിനൊടുവില്‍ പാമ്പിനെ കാത്തിരുന്ന ഞാന്‍ തന്നെയാണല്ലോ ഈ പാമ്പ്‌ എന്നറിഞ്ഞപ്പോള്‍ അവസാനം ഉഷാര്‍

    ReplyDelete
  12. Beedi, Chiri, Lungi, Maaraappu, ellaam ishtappettu !

    ReplyDelete