ഉന്നതലോകങ്ങൾ - ബെൻ ഒക്രി



(ലോകപ്രശസ്ത നൈജീരിയൻ എഴുത്തുകാരനായ ബെൻ ഒക്രിയുടെ ഒരു കഥയുടെ (Worlds That Flourish) വിവർത്തനമാണിത്. അല്പം നീളക്കൂടുതലുണ്ട്. എന്നു കരുതി നല്ലൊരു കഥ നഷ്ടപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു. സമയമെടുത്ത് വായിക്കുക)



ബെൻ ഒക്രി - ചിത്രത്തിന് കടപ്പാട്: ഗൂഗിൾ

 ---------------------------------------------------------------------------------------------------------------------------------------------------------

ഒരു ദിവസം ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് എന്റെ പേര് ചോദിച്ചു. എനിക്കെന്തോ ഉടനെ അയാളോട് പേര് പറയാൻ തോന്നിയില്ല. അയാളാകട്ടെ എന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ പോകുകയും ചെയ്തു. ഉച്ചയൂണിന് സമയമായപ്പോൾ ഞാൻ ബുക്കയിലേയ്ക്ക് കഴിക്കാൻ പോയി. തിരിച്ചെത്തിയപ്പോൾ ആരോ വന്ന് എന്നോട് ഡിപ്പാർട്ട്മെന്റിലെ പകുതിയോളം ജോലിക്കാരെ പിരിച്ചു വിട്ടതായി അറിയിച്ചു. അതിലൊരാൾ ഞാനായിരുന്നു.

അപ്പോൾ ഞാൻ ആ ഡിപ്പാർട്ട്മെന്റിലെ ജോലിക്കാരനല്ലായിരുന്നത് കൊണ്ട് അല്പം വിഷമത്തോടെ ജോലി ഉപേക്ഷിച്ചു. ഞാൻ അന്ന് തന്നെ സാധനങ്ങളെല്ലാം പൊതിഞ്ഞ് എനിക്ക് കിട്ടാനുള്ള തുകയും കൈപ്പറ്റി. എന്റെ ബാറ്ററിയിലോടുന്ന ചെറിയ കാറിൽ വീട്ടിലേയ്ക്ക് ഓടിച്ചു പോയി. എത്തിയപ്പോൾ ഞാൻ താമസിക്കുന്നതിന്റെ മൂന്ന് തെരുവുകൾക്കപ്പുറം കാർ പാർക്ക് ചെയ്തു, കാരണം റോഡുകൾ മോശമായിരുന്നു. വീട്ടിലേയ്ക്ക് നടക്കുമ്പോൾ വാടകമുറികളുടേയും തകരം കണ്ടണ്ടക്കിയ കുടിലുകളുടേയും കാഴ്ച എന്നെ അസ്വസ്ഥനാക്കി. ടാർ ചെയ്യാത്ത റോഡിൽ നിന്നും പൊടിച്ചുരുളുകൾ എന്റെ നേരെ ഉയർന്നു. കടുത്ത ചൂടിൽ എല്ലാം വിഭ്രാന്തിയുണ്ടാക്കിക്കൊണ്ട് മങ്ങിപ്പോയി.

വൈകുന്നേരം ഭക്ഷണം വാങ്ങിക്കാനായി ഞാൻ പുറത്തേയ്ക്ക് പോയി. തിരിച്ചു വരുന്ന വഴി ഒരു അയൽക്കാരൻ വന്ന് ചോദിച്ചു:

‘സുഖമാണോ?’

“സുഖം’ ഞാൻ പറഞ്ഞു.

‘കുഴപ്പമൊന്നുമില്ലെന്ന് നിങ്ങൾക്ക് ഉറപ്പാണോ?’

‘അതെ. എന്താ ചോദിച്ചത്?.’

‘അത്,‘ അയൽക്കാരൻ പറഞ്ഞു, ‘നിങ്ങൾ നടക്കുന്നത് കണ്ണില്ലാത്തത് പോലെയാണ്.’

‘നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്?’

‘നിങ്ങളുടെ ഭാര്യ മരിച്ചതിനു ശേഷം നിങ്ങൾ കണ്ണുകൾ ഉപയോഗിക്കുന്നത് നിർത്തിയിരിക്കുന്നു. ഇവിടത്തെ മിക്കവാറും എല്ലാ ആളുകളും സ്ഥലം വിട്ടത് നിങ്ങൾ ശ്രദ്ധിച്ചില്ലേ?’

‘എങ്ങോട്ട് പോയി?’

‘ഓടിപ്പോയി. സുരക്ഷയ്ക്കു വേണ്ടി.’

‘എന്തിന്?’

‘എനിക്കറിയില്ല’

‘നിങ്ങളെന്താ പോകാത്തത്?’

‘എനിക്കിവിടെ സന്തോഷമാണ്’

‘എനിക്കും തന്നെ‘, ഞാൻ പറഞ്ഞു, പുഞ്ചിരിച്ചു കൊണ്ട്. ഞാൻ എന്റെ മുറിയിലേയ്ക്ക് പോയി.

അയൽക്കാരനുമായുള്ള സംഭാഷണം കഴിഞ്ഞ് ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ വാതിലിൽ മുട്ടുന്നത് കേട്ടു. വാതിൽ തുറന്നപ്പോൾ മൂന്ന് പേർ മുറിയിലേയ്ക്ക് തള്ളിക്കയറി. രണ്ട് പേരുടെ കൈയ്യിൽ കഠാരയും ഒരാളുടെ കൈയ്യിൽ തോക്കുമുണ്ടായിരുന്നു. അവർ വഷളന്മാരും ക്രൂരന്മാരുമായി തോന്നിയില്ല. അവർ എന്നോട് മിണ്ടാതെ കട്ടിലിൽ ഇരിക്കാനും താല്പര്യമുണ്ടെങ്കിൽ അവർ ചെയ്യുന്നത് കണ്ടോളാനും പറഞ്ഞു. ഞാൻ അവർ മുറിയിലെ പ്രധാനപ്പെട്ട വസ്തുക്കളെല്ലാം എടുത്തു മാറ്റുന്നതും കിട്ടിയ പണമെല്ലാം എടുക്കുന്നതും നോക്കിയിരുന്നു. റോഡുകൾ എത്ര മോശമാണെന്നും സർക്കാർ എത്ര ക്രൂരമാണെന്നും വഴിനീളെ ഇത്രയധികം ചെക്ക് പോസ്റ്റുകൾ എന്തിനാണെന്നും അവർ എന്നോട് പറഞ്ഞു. അവർ സംസാരിക്കുമ്പോൾ എന്റെ സാധനങ്ങളെല്ലാം ഒന്നിച്ച് കൂട്ടിയിട്ട് എല്ലാം പുറത്ത് അവരുടെ ലോറിയിലേയ്ക്ക് മാറ്റാൻ തുടങ്ങി, എന്നെ പുറപ്പെടാൻ സഹായിക്കാനെന്ന പോലെ. എല്ലാം കഴിഞ്ഞപ്പോൾ തോക്ക് പിടിച്ചയാൾ പറഞ്ഞു:

‘ഇതിനെയാണ് ശാസ്ത്രീയമായ മോഷണം എന്ന് ഞങ്ങൾ വിളിക്കുന്നത്. ഞങ്ങൾ പോയതിനു ശേഷം നിങ്ങൾക്ക് വല്ലാതെ ചുമയ്ക്കാൻ തോന്നുന്നുണ്ടെങ്കിൽ ഞാൻ നിന്റെ കണ്ണുകൾ വെടിവച്ച് പൊളിക്കും, കേൾക്കുന്നുണ്ടോ?’

ഞാൻ തലയാട്ടി. അയാൾ ഒരു പുഞ്ചിരിയോടെ പോയി. ഒരു നിമിഷത്തിനു ശേഷം ടാർ ചെയ്യാത്ത റോഡിലൂടെ ലോറി നീങ്ങുന്ന ശബ്ദം കേട്ടു. ഞാൻ പുറത്തേയ്ക്കോടിയപ്പോഴേയ്ക്കും അവർ പോയിരുന്നു. മുറിയിലേയ്ക്ക് തിരിച്ചു വന്ന് ഇനി എന്തു ചെയ്യണമെന്ന് ആലോചിച്ചു. എനിക്ക് അപ്പോൾത്തന്നെ പോലീസിൽ അറിയിക്കാൻ പറ്റില്ലായിരുന്നു. കാരണം അടുത്തുള്ള പോലീസ് സ്റ്റേഷൻ കിലോമീറ്ററുകൾ അകലെയാണെന്ന് മാത്രമല്ല അറിയിച്ചാലും അവർ എന്തെങ്കിലും ചെയ്യുമെന്ന് ഒരുറപ്പുമില്ലായിരുന്നു. ഞാൻ കട്ടിലിൽ ഇരുന്ന് എന്റെ കാറും കുറച്ച് പണവും ബാക്കിയായത് ഭാഗ്യമെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു, ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മോഷ്ടാക്കൾ പോയി കുറച്ച് നേരം കഴിഞ്ഞപ്പ്പൊഴേയ്ക്കും വാതിലിൽ വീണ്ടും മുട്ടുന്നത് കേട്ടു. വാതിൽ തുറന്നപ്പോൾ യന്ത്രത്തോക്കുകളുമായി അഞ്ച് പട്ടാളക്കാർ മുറിയിലേയ്ക്ക് കയറി. മോഷ്ടാക്കൾക്ക് രക്ഷപ്പെടാൻ പറ്റിയിരുന്നില്ല. അവർ ചെക്ക് പോസ്റ്റിൽ പിടിക്കപ്പെടുകയും രക്ഷപ്പെടാൻ വേണ്ടി ഞാൻ അവരുടെ കൂട്ടാളിയാണെന്ന് അവർ പട്ടാളക്കാരോട് പറയുകയും ചെയ്തിരിക്കുന്നു. മര്യാദയൊന്നും കൂടാതെ, ഒന്നാന്തരം മുരടന്മാരായി, അവർ എന്നെ ജീപ്പിലേയ്ക്ക് വലിച്ചിഴച്ചു. ഞാൻ ആയുധധാരിയായ മോഷ്ടാവെന്ന പേരിൽ വിചാരണ നേരിടുന്ന കാഴ്ച എനിക്ക് തലചുറ്റലുണ്ടാക്കി. ഞാനാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ഞാൻ പട്ടാളക്കാരോട് പറഞ്ഞെങ്കിലും ഞാൻ പ്രകടമായ ഒരു നുണ കൊണ്ട് അവരുടെ ബുദ്ധിശക്തിയെ അപമാനിക്കുകയാണെന്ന് തോന്നിയപ്പോൾ അവരെന്നെ അടിയ്ക്കാൻ തുടങ്ങി. തോക്ക് എന്റെ മുതുകിൽ അമർത്തി എന്നെ അവർ കൊണ്ടുപോകുമ്പോൾ എന്റെ അയൽക്കാരൻ മുറിയിൽ പുറത്തേയ്ക്ക് വന്നു. പട്ടാളക്കാരെ എന്റെയൊപ്പം കണ്ടപ്പോൾ അയാൾ പറഞ്ഞു:

‘നിങ്ങൾക്ക് കണ്ണില്ലെന്ന് ഞാൻ പറഞ്ഞില്ലേ’

പിന്നെ അയാൾ ഒരു പട്ടാളക്കാരന്റെയടുത്ത് പോയി, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പറഞ്ഞു:

‘പട്ടാളക്കാരാ, ഇയാൾ അർ ഹിക്കുന്നത് പോലെ നിങ്ങൾ പെരുമാറിയിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇയാളുടെ തലയ്ക്കെന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നുമായിരുന്നു.’

പട്ടാളക്കാർ ഞങ്ങളെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി ഞങ്ങൾ എല്ലാവരേയും ഒരേ സെല്ലിൽ അടച്ചു. ശരിക്കും മോഷ്ടാക്കൾ, ഇതെല്ലാം കണ്ട് അതിശയമായത് പോലെ, എന്നെ നോക്കി ചിരിച്ചു. രാത്രി പട്ടാളക്കാർ വന്ന് ഞങ്ങളെ ചാട്ടവാർ കൊണ്ട് അടിച്ചു. ഞങ്ങൾ ഒന്നും സമ്മതിക്കാത്തതു കാരണം. രാവിലെ കുറച്ച് പോലീസുകാർ വന്ന് ഞങ്ങളെ പുറത്തേയ്ക്ക് കൊണ്ടുപോയി നഗ്നരാക്കി തെരുവിനെ നോക്കി നിൽക്കാൻ പറഞ്ഞു. തെരുവിലെ ആളുകൾ ഞങ്ങളെ നോക്കി വേഗത്തിൽ നടന്നു പോയി. ഞാൻ എന്റെ നിരപരാധിത്തം വിളിച്ചു കൂവിയപ്പോൾ പോലീസുകാർ വായടയ്ക്കാൻ പറഞ്ഞു. ദിവസം മുഴുവനും ഞങ്ങൾ നഗ്നരായി തെരുവിനെ നോക്കി നിന്നു. കുട്ടികൾ ഞങ്ങളെ നോക്കി കളിയാക്കി. പെണ്ണുങ്ങൾ ഞങ്ങളെ വിശകലനം ചെയ്തു. ഫോട്ടോഗ്രാഫർമാർ വന്ന് ഞങ്ങളുടെ ഫോട്ടോയെടുത്തു. രാത്രിയായപ്പോൾ പോലീസുകാർ വന്ന് എനിക്ക് കൈക്കൂലി കൊടുത്ത് രക്ഷപ്പെടാനുള്ള അവസരം വാഗ്ദാനം ചെയ്തു. ഞാൻ ആകെ കരിഞ്ഞു പോയിരുന്നു. എന്റെ കണ്ണുകൾ പൊടി നിറഞ്ഞ് മൂടിയിരുന്നു. എനിക്ക് ആദ്യം ബാങ്കിലേയ്ക്ക് പോകണമെന്ന് ഞാൻ പറഞ്ഞു. മോഷ്ടാക്കൾ കൈക്കൂലി കൊടുത്ത് മോചിതരായി. ഞാൻ മനുഷ്യരുടെ അലർച്ചകൾ കേട്ട് സെല്ലിൽ ഇരുന്നു. രാവിലെ ഒരു പട്ടാളക്കാരൻ എന്നെ ബാങ്കിലേയ്ക്ക് കൊണ്ടുപോയി. ഞാൻ കുറച്ച് പണം പിൻ വലിച്ച് കൊടുത്തു. എന്നിട്ട് വീട്ടിലേയ്ക്ക് പോയി ആ ദിവസം മുഴുവനും കിടന്നുറങ്ങി.

രാവിലെ ഞാൻ കുളിക്കാൻ പോയി. തെരുവിലൂടെ നടക്കുമ്പോൾ ആളുകളുടെ ശബ്ദമില്ലായ്മയിൽ ഞാൻ ഉടക്കി. വീടുകളിൽ നിന്നും സംഗീതം ഉയരുന്നില്ല. കുട്ടികൾ കരയുന്നില്ല. വിവാഹിതർ ജനൽ കർട്ടനു പിന്നാലെ വഴക്കു കൂടുന്നില്ല. തൊടികളിൽ കോഴികളും എലികളും ഉണ്ടായിരുന്നു. എന്റെ അയൽക്കാരൻ കക്കൂസിൽ നിന്നും ഇറങ്ങുമ്പോൾ എന്നെ കണ്ട് ചിരിച്ചു.

‘അപ്പോൾ അവർ നിങ്ങളെ വെറുതെ വിട്ടു’, അയാൾ വിഷമത്തോടെ പറഞ്ഞു.

‘നിങ്ങളൊരു ചതിയനാണ്’ ഞാൻ പറഞ്ഞു.

‘ആളുകൾ ഇപ്പോൾ പുറത്തിറങ്ങാറില്ല,‘ എന്നെ നിസ്സാരമായി അവഗണിച്ച് അയാൾ പറഞ്ഞു.’ ഇപ്പോൾ വളരെ നിശ്ശബ്ദമാണ്. എനിക്കിതാണിഷ്ടം.’

‘നിങ്ങൾ എന്നോട് ഈ ചതി ചെയ്തതെന്തിനാണ്?’

‘കണ്ണില്ലാത്ത ആളുകളെ എനിക്ക് വിശ്വാസമില്ല.’

‘ഞാൻ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു.’

‘ശിക്ഷിക്കപ്പെട്ടവരേക്കാൾ നല്ലവനാണോ നിങ്ങൾ?’

ഞാൻ അയാളെ അവിശ്വാസത്തോടെ നോക്കി. അയാൾ പമ്പിന്റെയടുത്ത് പോയി കൈ കഴുകി ട്രൌസറിൽ തുടച്ചു. എന്നിട്ട് മുറിയിലേയ്ക്ക് നടന്നു. ഒരു നിമിഷം കഴിഞ്ഞപ്പോൾ അയാൾ പുറത്തേയ്ക്ക് പോകുന്നത് കണ്ടു.

കുളി കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വന്നു. ഞാൻ മുറിയിലേയ്ക്ക് പോയി വസ്ത്രം മാറ്റി. എന്നിട്ട് മുറ്റത്തേയ്ക്ക് പോയി. ഒരു ബഞ്ചിലിരുന്ന് തെരുവിനെ നോക്കി. അവിടെയുള്ള പള്ളികളിലെ ലൌഡ് സ്പീക്കറുകളിൽ പതിവ് പ്രാർഥനയും പാട്ടും ഇല്ലായിരുന്നു. മുക്രി നിശ്ശബ്ദനായിരുന്നു. തെരുവുകൾ വിജനമായിരുന്നു. ഭീതിയുടെ ലക്ഷണങ്ങളൊന്നും കണ്ടില്ല. സ്റ്റാളുകളിൽ അവരുടെ സാധനങ്ങൾ പ്രദർശിപ്പിച്ചുരുന്നു, കടകൾ തുറന്നിരുന്നു പക്ഷേ അവിടെയൊന്നും ആരുമുണ്ടായിരുന്നില്ല. ആകാശത്ത് കുറേ പക്ഷികൾ വട്ടമിട്ട് പറക്കുന്നു. ദൂരെയെവിടെയോ ഒരു റേഡിയോ പ്രവർത്തിക്കുന്നുണ്ടായിരുന്നു. തെരുവിനപ്പുറം ഒരു ആട് മരത്തിന്റെ വേരിനരുകിൽ ചുറ്റിത്തിരിയുന്നു. കോഴികൾ കരയുന്നില്ല. കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്റെയുള്ളിൽത്തന്നെ ഒരു അപരിചിതമായ മുഴക്കം കേട്ടു, എന്റെ മനസ്സിലാകായ്ക. ഞങ്ങളുടെയുള്ളിൽ എന്തോ ഒന്ന് പടർന്നു കയറുന്നുണ്ടായിരുന്നു, തെരുവുകൾ വിജനമായതിനാൽ അതെന്താണെന്നറിഞ്ഞില്ല. ഞാൻ പുറത്തിരുന്നു, കൊതുകകളെ ഓടിച്ചു കൊണ്ട്, ഇരുട്ടാകുന്നത് വരെ. പിന്നീട് എനിക്കെന്തോ സംഭവിച്ചിരിക്കുന്നെന്ന് തോന്നി. ഞാൻ ചരിത്രമില്ലാത്ത ഒരു ശൂന്യതയിൽ ഇരിക്കുന്നത് പോലെ തോന്നി. കാറ്റിന് തണുപ്പില്ല. പെട്ടെന്ന് വിളക്കുകളെല്ലാം അണഞ്ഞു. ലോകത്തിന്റെ ആത്മാവ് പെട്ടെന്ന് മരിച്ചത് പോലെ. അന്ധകാരം കുറേ നേരം നീണ്ടു നിന്നു.

കുറേ നാളുകൾ ഞാൻ നഗരത്തിന്റെ ഇരുളുകളിൽ അലഞ്ഞു. പകലുകളിൽ ജോലിയന്വേഷിച്ച് നടന്നു. പോയിടത്തെല്ലാം തൊഴിലാളികളെ കൂട്ടം കൂട്ടമായി പിരിച്ചു വിടുകയായിരുന്നു. ഒരിടത്തും പണിമുടക്കില്ല. ചിലപ്പോൾ റേഡിയോയിൽ ഹെഡ് ഓഫ് സ്റ്റേറ്റിന്റെ പ്രക്ഷേപണങ്ങൾ കേട്ടു. അദ്ദേഹം കഠിനനിഷ്ടയെക്കുറിച്ചും രാജ്യത്തിന്റെ ഒത്തൊരുമ മുറുക്കേണ്ടതിനെക്കുറിച്ചും ശോഭനമായ ഭാവിയെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം വളരെ ഒറ്റപ്പെട്ടവനായി തോന്നി, ഒരു വലിയ മുറിയിൽ ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നത് പോലെ. അദേഹത്തിന്റെ പ്രക്ഷേപണത്തിനു ശേഷം സംഗീതം വരുമായിരുന്നു. ആ സംഗീതം പോലും വിജനമായ സ്ഥലത്തു നിന്നും വരുന്നത് പോലെയുണ്ടായിരുന്നു.

വൈകുന്നേരങ്ങളിൽ ഞാൻ സുഹൃത്തുക്കളെ തേടിയലഞ്ഞു. അവരെല്ലാം സ്ഥലം വിട്ടിരുന്നെന്ന് മാത്രമല്ല വിശദീരണമോ പുതിയ വിലാസം അറിയിക്കുകയോ ഉണ്ടായില്ല. അവരുടെ വീടുകളിലേയ്ക്ക് പോയപ്പോൾ കണ്ട മാറ്റങ്ങൾ എന്നെ അതിശയപ്പെടുത്തി. നാശത്തിന്റെ വേഗത വർദ്ധിച്ചതു പോലെ. വാതിലുകൾ തുറന്ന് കിടന്നിരുന്നു. വരാന്തയിലെല്ലാം ചിലന്തി വലകൾ പടർന്നിരുന്നു. ഒരു സുഹൃത്തിന്റെ വീടിനു മുന്നിൽ ഭയത്തോടെ എന്നെ നോക്കുന്ന ഒരു കുട്ടിയെ കണ്ടു. സുഹൃത്തിന്റെ വിവരങ്ങൾ അന്വേഷിക്കാൻ അവനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവൻ എഴുന്നേറ്റ് ഓടിക്കളഞ്ഞു. ഞാൻ തിരിച്ച് കാറിൽ കയറി നഗരത്തിലൂടേ ഓടിച്ചു, പരിചയമുള്ളവരെ തേടി. അപ്പോൾ ഞാൻ കാര്യങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. നഗരത്തിൽ എല്ലായിടത്തും ചിതറിക്കിടക്കുന്നവരെ കണ്ടു. അവർ പരിഭ്രാന്തരാണെന്നൊന്നും തോന്നിയില്ല. ലോകം ശൂന്യമാകാൻ തുടങ്ങുകയാണെന്ന് എനിക്ക് തോന്നി. എന്റെയടുത്ത് വന്നവരെ ശ്രദ്ധിച്ച് നോക്കിയപ്പോൾ: അവർ നിദ്രാടനക്കാരെ പോലെയുണ്ടായിരുന്നു. ഞാൻ കാർ നിർത്തി അവരെ അടുത്ത് കാണാൻ വേണ്ടി ചെന്നു, അവരോട് സംസാരിക്കാൻ, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ വേണ്ടി. (റേഡിയോയും പത്രങ്ങളും വാർത്തകൾ നൽകുന്നത് എപ്പോഴേ നിർത്തിയിരുന്നു.) ഞാൻ ഒരു തെരുവിലേയ്ക്ക് പോയി കാച്ചിൽ വറക്കുന്ന ഒരു സ്ത്രീയുടെ അടുത്തെയ്ക്ക് ചെന്നു. അവർ എന്നെ കത്തുന്ന, സംശയത്തോടെയുള്ള നോട്ടം നോക്കി.

‘ഈ നാട്ടിൽ എന്താണ് സംഭവിക്കുന്നത്?’ ഞാൻ അവരോട് ചോദിച്ചു.

‘ഒന്നും സംഭവിക്കുന്നില്ല.’

‘എല്ലാവരും എങ്ങോട്ടാണ് പോയത്?’

‘ആരും എങ്ങോട്ടും പോയിട്ടില്ല. ഇതൊക്കെ എന്നോട് ചോദിക്കുന്നതെന്തിനാ? വേറെ ആരോടെങ്കിലും ചോദിക്ക്.’

ഞാൻ തിരിച്ച് പോകാൻ തുടങ്ങിയപ്പോൾ തീ ആളിക്കത്തി, അവരുടെ മുഖം ജ്വലിപ്പിച്ചു കൊണ്ട്. അപ്പോൾ ഞാൻ അവരുടെ മുഖത്ത് കൈയ്യക്ഷരങ്ങൾ കണ്ടു. അവരുടെ നെറ്റിയിലും കവിളുകളിലും വാക്കുകൾ ഉണ്ടായിരുന്നു. ശ്രദ്ധിച്ച് നോക്കിയപ്പോൾ കൈകളും വാക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതായി കണ്ടു. അത് വായിക്കാൻ ഞാൻ അടുത്തേയ്ക്ക് നീങ്ങി, പക്ഷേ അവർ ഒച്ച വയ്ക്കാൻ തുടങ്ങി. പട്ടാളക്കാരുടെ ഇരുമ്പുപട്ടയുള്ള ബൂട്ടുകൾ ഞങ്ങളുടെ നേർക്ക് ഓടിയെത്തുന്ന ശബ്ദം കേട്ടു. ഞാൻ ധൃതിയിൽ കാറിൽ കയറി ഓടിച്ചു പോയി.

വീട്ടിലേയ്ക്ക് പോകുമ്പോൾ തെരുവിലെ ധാരാളം ആളുകളുടെ മുഖങ്ങളിൽ എഴുതിയിരിക്കുന്നത് കണ്ടു. ഞാനത് ആദ്യം ശ്രദ്ധിക്കാതിരുന്നതെന്തു കൊണ്ടാണെന്ന് മനസ്സിലായില്ല. പിന്നീട് എന്റെ അയൽക്കാരന്റെ മുഖത്തും എഴുതിയിട്ടുണ്ടായിരുന്നെന്ന് ഓർത്തെടുത്തു. ഞാൻ ധൃതിയിൽ വീട്ടിലേയ്ക്ക് വണ്ടിയോടിച്ചു.

എത്തിയപ്പോഴേയ്ക്കും ഇരുട്ടായിരുന്നു. കാർ മൂന്ന് തെരുവുകൾക്കപ്പുറം വയ്ക്കാനുള്ള ധൈര്യമില്ലാത്തതിനാൽ വീടിനു പുറത്ത് തന്നെ നിർത്തിയിട്ടു. ആ ജാഗ്രതാബോധം കാരണമാണ് വീഴ്ചയെപ്പറ്റി ഞാൻ ബോധവാനായതെന്ന് തോന്നുന്നു. തെരുവിൽ പക്ഷികളുടെ എണ്ണം കൂടിയിരുന്നു. അപ്പോഴും ദൂരേയെവിടെയോ റേഡിയോ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിന്റെ ബാറ്ററി തീരാനായിരിക്കുന്നു. മുറ്റത്തുകൂടെ കാറ്റ് ചൂളം വിളിച്. തെരുവുപട്ടികൾ തെരുവിൽ അലഞ്ഞു തിരിയുന്നു. ഞാൻ മുറ്റത്ത് എന്റെ അയൽക്കാരനെ കാത്തിരുന്നു. വളരെ നേരം കഴിഞ്ഞിട്ടും അയാൾ വരാതായപ്പോൾ ഞാൻ പോയി അയാളുടെ വാതിലിൽ മുട്ടി. മറുപടിയില്ല. ഞാൻ എന്റെ മുറിയിൽ പോയി ആഹാരം കഴിച്ചു, എന്നിട്ട് വീണ്ടും മുറ്റത്ത് പോയിരുന്നു. റേഡിയോ നിലയ്ക്കാൻ പോകുന്നത് ശ്രദ്ധിച്ചു. പട്ടാളക്കാരുടെ നേർത്ത ശബ്ദം കേട്ടു. രാത്രി കനത്തിട്ടും എന്റെ അയൽക്കാരൻ തിരിച്ചു വന്നില്ല. മരച്ചില്ലകളിൽ കാറ്റ് തിരക്കു കൂട്ടുന്നത് കേട്ടു. തെരുവുപൂച്ചകൾ എന്ന് തുറിച്ചു നോക്കുന്നതറിഞ്ഞു. എന്റെ ബോധത്തിൽ എന്തോ മുള പൊട്ടുന്നതറിഞ്ഞ് അകത്തെയ്ക്ക് പോയി ഉറങ്ങാൻ കിടന്നു. രാവിലെ ഉണർന്നപ്പോൾ സ്റ്റേറ്റ് ഓഫ് ഹെഡിന്റെ മുഖം എന്റെ മനസ്സിൽ അലിഞ്ഞിറങ്ങുന്നതു പോലെ തോന്നി. ഞാൻ കുളിച്ച് ആഹാരം കഴിച്ച് അയൽക്കാരന്റെ വാതിലിൽ പോയി മുട്ടി. അയാൾ അപ്പോഴും തിരിച്ചെത്തിയിട്ടില്ലായിരുന്നു.

പുറത്തേയ്ക്ക് പോകാൻ പുറപ്പെടുമ്പോൾ ആകാശത്ത് ഇടിവെട്ടി. ഉച്ചയായപ്പോഴേയ്ക്കും മഴ തുടങ്ങി. തെരുവ് വെള്ളത്തിൽ മുങ്ങി. ഗട്ടറുകൾ നിറഞ്ഞൊഴുകി. മഴ തുറന്ന വാതിലുകളിലൂടെ നുഴഞ്ഞു കയറി സ്റ്റാളുകളിലെ സാധനങ്ങളേയും ഉണങ്ങാനിട്ടിരിക്കുന്ന തുണികളേയും നനച്ചു. കാറ്റ് ശക്തമായി ഞങ്ങളുടെ മേൽക്കൂരകളെ ഇളക്കി. മരച്ചില്ലകൾ ഒടിഞ്ഞു. ദൂരേ നിന്നും ഞാൻ വീടുകളിൽ നിന്നും പുകയുയരുന്നത് കണ്ടു. രണ്ട് ദിവസത്തേയ്ക്ക് മഴ നിർത്താതെ പെയ്തു. എന്റെ അയൽക്കാരൻ അപ്പോഴും തിരിച്ചെത്തിയിട്ടില്ല. വെള്ളം എന്റെ കാറിന്റെ ബമ്പർ വരെയെത്തി. മഴ ദൂരേയുള്ള റേഡിയോയെ നിശ്ശബ്ദമാക്കി. ഹെഡ് ഓഫ് സ്റ്റാഫ് പൊതുസ്വത്തുക്കൾ വൃത്തിയാക്കുന്നതിനെക്കുറിച്ച് പ്രക്ഷേപണങ്ങൾ നടത്തി. മഴ എന്നെ എന്റെ മുറിയിൽ തടവിലാക്കി. ഞാൻ വെള്ളം തുടർച്ചയായി പതിക്കുന്നത് ശ്രദ്ധിച്ചു. എന്റെ മേൽക്കൂര ചോരാൻ തുടങ്ങി. ഇടിമുഴക്കത്തിനിടയിലും ഒരു പൂച്ച കരയുന്നത് കേട്ടു. ചിലപ്പോൾ മഴ സ്വന്തം വേഗതയിൽ പെട്ട്, സമയത്തിനെയും ഓർമ്മയേയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. എല്ലായിപ്പോഴും മഴ പെയ്യുകയായിരുന്നെന്നത് പോലെ തോന്നി. വിജനമായ നഗരത്തിൽ മഴയിലൂടെ പ്രക്ഷേപണങ്ങൾ ഞാൻ കേൾക്കാൻ തുടങ്ങി. പിന്നീട് രണ്ടാമത്തെ ദിവസം വൈകുന്നേരം, എനിക്ക് ഒരു വെളിപാടുണ്ടായി. ഞാൻ ജനലിനരികിലേയ്ക്ക് ചെന്ന്, തുടർച്ചയായ ജലപാതം കേട്ട് വിറയ്ക്കുന്നുണ്ടായിരുന്ന ചെവികളുമായി, പുറത്തേയ്ക്ക് നോക്കി. അപ്പോഴാണ് ഞാൻ വസ്തുക്കളുടെ പേരുകൾ താൽക്കാലികമായി മറന്നിരിക്കുന്നെന്ന് മനസ്സിലായത്.

മഴ തോരും വരെ ഞാൻ അകത്ത് തന്നെ കഴിച്ചുകൂട്ടി. വെള്ളം ഭൂമിയിലേയ്ക്കിറങ്ങിപ്പോകാൻ ഒരു ദിവസം കാത്തിരുന്നു. ഞാൻ അയൽക്കാരന്റെ വാതിലിൽ പല പ്രാവശ്യം മുട്ടിനോക്കിയിട്ട് അയാളുടെ മുറിയിലേയ്ക്ക് കയറി. അവിടെയൊന്നും താറുമാറാക്കപ്പെട്ടിരുന്നില്ല, പക്ഷേ അയാൾ മൊത്തമായി അപ്രത്യക്ഷനായതു പോലെ തോന്നി. നാലാമത്തെ ദിവസം ഞാൻ തെരുവിലേയ്ക്കിറങ്ങി നാശനഷ്ടങ്ങളുടെ ആഘാതം കണ്ടു. മരങ്ങൾ നിലം പതിച്ചിരിക്കുന്നു. കാറ്റിലും മഴയിലും വീടുകൾ തകർന്നിരിക്കുന്നു. ഗട്ടറുകളിൽ ചത്ത പൂച്ചകൾ പൊങ്ങിക്കിടക്കുന്നു. ആകാശത്ത് പക്ഷികളുണ്ടായിരുന്നില്ല. ഞാൻ എന്റെ മുറിയിലേയ്ക്ക് തിരിച്ച് പോയി. എന്റെ മനസ്സ് നിമിത്തങ്ങൾ കൊണ്ട് ഇരമ്പി. എന്റെ പെട്ടിയെടുത്ത് കടലാസുകളും തുണികളും നിറച്ചു. ഭക്ഷണസാധനങ്ങളെല്ലാം കാറിന്റെ പിന്നിൽ തള്ളി. വാതിൽ തുറന്നു തന്നെയിട്ടു. അവസാനമായി അയൽക്കാരന്റെ മുറിയിൽ പോയി. കാറിൽ കയറി തരിശുഭൂമിയിലൂടെ ലക്ഷ്യമില്ലാത്ത യാത്ര തുടങ്ങി.

നഗരത്തിൽ നിന്നും പുറത്തു കടക്കുന്നത് എളുപ്പമല്ലായിരുന്നു. വഴിനീളെ തടസ്സങ്ങളും പട്ടാളക്കാരുമുണ്ടായിരുന്നു. അവർ എന്നെ തടഞ്ഞ് കാർ പരിശോധിച്ചു. എല്ലാ റോഡ് ബ്ലോക്കിലും പട്ടാളക്കാർ എന്റെ കാറിലുള്ള ഭക്ഷണസാധനങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞു. ഞാൻ എങ്ങോട്ട് പോകുകയാണെന്ന് അവർ ചോദിച്ചു. ഗ്രാമത്തിൽ സുഖമില്ലാതിരിക്കുന്ന എന്റെ അമ്മയെ കാണാൻ പോകുകയാണെന്ന് പറഞ്ഞു. പിന്നെ ആളുകൾ വിശന്നിരിക്കുകയാണെന്ന വിചാരമുണ്ടോയെന്ന് അവർ ചോദിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ, പട്ടാളക്കാർ എന്റെ ഭക്ഷണത്തിൽ നിന്നും കുറച്ചെടുത്ത് കൈവീശി കാണിച്ചു. ഞാൻ അവസാനത്തെ റോഡ് ബ്ലോക്കും കടക്കുമ്പോൾ വളരെ കുറച്ച് ഭക്ഷണമേ അവശേഷിച്ചിരുന്നുള്ളൂ. പക്ഷേ എന്നെ അലട്ടിയത് അതൊന്നുമല്ലായിരുന്നു. എന്നെ ആശങ്കാകുലനാക്കിയത്, വനത്തിലൂടെ ഓടിച്ചു പോകുമ്പോൾ, പ്രശ്നമുണ്ടാക്കുന്ന കാർ ആയിരുന്നു. അത് നിന്നു പോകുമ്പോൾ എഞ്ചിൻ തണുക്കുന്നത് വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു. അത് സ്റ്റാർട്ടാകുമ്പോൾ, നീങ്ങാൻ തുടങ്ങുമ്പോൾ, എനിക്ക് കിറുക്ക് പിടിക്കും. കാർ പെട്ടെന്ന്, എന്നെ ഡ്രൈവ് ചെയ്യുന്നത് പോലെ. അത് സ്പീഡ് കൂട്ടും, കുറയ്ക്കും, അതിന്റെ സ്വന്തം താല്പര്യം പോലെ.

കാറ്റ് വീശുന്ന കാട്ടുവഴികളിലൂടെ ഞാൻ ഏറെ നേരം വണ്ടിയോടിച്ചു. മഴയിൽ ഭാഗികമായി തകർന്ന മരപ്പാലം ഒരു വിധത്തിൽ കടന്നു. കുറേ നേരത്തേയ്ക്ക് ഞാൻ കാറിന്റെ നിഷ്ക്കളങ്കമായ ശബ്ദം മാത്രമേ കേട്ടുള്ളൂ. ചിലപ്പോൾ ഞാൻ ഒരേയിടത്ത് തന്നെ ഓടിക്കുകയാണെന്ന് തോന്നി. റോഡും കാടും മാറുന്നതേയില്ല. ആ ഭാഗികമായി തകർന്ന മരപ്പാലത്തിലൂടെ പല തവണ കടന്നു പോയി. മുന്നോട്ട് പോകാത്ത ആ ഡ്രൈവിങിൽ ഞാൻ തളർന്നു. വണ്ടി നിർത്തിയിട്ട് ഞാൻ കുറച്ച് നേരം ഉറങ്ങാൻ കിടന്നു.

ഉണർന്നപ്പോൾ അല്പം ഉന്മേഷമായി. ആവർത്തിക്കുന്ന ആ യാത്ര ഞാൻ മുറിച്ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ തോന്നി. മലഞ്ചെരുവുകളും സമതലമായ പാറക്കെട്ടുകളും ഗർത്തങ്ങളും എന്നെ ചുറ്റുന്നു. കളിമണ്ണിന്റെ നിറമുള്ള ഒരു ഉറുമ്പിൻ പുറ്റ് കടന്നു പോയി. വഴി മുറിച്ചു കടക്കുന്ന ഹൈനകൾക്കു വേണ്ടി വേഗം കുറച്ചു. ഞാൻ ഒരു പെട്രോൾ പമ്പിലെത്തി. വാതിൽ തുറന്നിരുന്നു. മുറ്റത്ത് പെട്രോളും ഡീസലും നിറച്ച വൃത്തികെട്ട ബാരലുകൾ ഉണ്ടായിരുന്നു. ഞാൻ കാർ പാർക്ക് ചെയ്തു. മെഴുക്കു പുരണ്ട ഹാന്റ് പമ്പ് കടന്ന് വാതിലിൽ മുട്ടി. ഒരു കിഴവൻ പുറത്തേയ്ക്ക് വന്നു. ചാരവലയങ്ങളുള്ള കറുത്ത ഷർട്ടും ഖാക്കി ട്രൌസറും അയാൾ ധരിച്ചിരുന്നു. അയാളുടെ പാദങ്ങൾ നഗ്നമായിരുന്നു.

‘കുറേക്കാലത്തിനു ശേഷം ഞാൻ കാണുന്ന ആദ്യത്തെയാളാണ് നിങ്ങൾ’ അയാൾ പറഞ്ഞു.

ഞാൻ അയാളോട് ടാങ്ക് നിറയ്ക്കാൻ പറഞ്ഞു. അത് ചെയ്യുമ്പോൾ അയാൾ എന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ റേഡിയേറ്ററിലെ വെള്ളം മാറ്റി. അയാളുടെയടുത്ത് ബ്രേക്ക് ഓയിൽ ഇല്ലായിരുന്നു. അയാൾ പതുക്കെ പ്രയാസപ്പെട്ട് കാറിന്റെ എഞ്ചിൻ പ്രവർത്തിപ്പിക്കുമ്പോൾ ഞാൻ ഒരു ബെഞ്ചിലിരുന്ന് കാട്ടിലെ പ്രാണികളെ നോക്കിയിരുന്നു.

‘നിങ്ങളെങ്ങിനെയാണ് ഇവിടെ ജീവിക്കുന്നത്?’

‘ ജീവിക്കുന്നു. എനിക്കിഷ്ടമാണ്’

ഞാൻ അയാൾക്ക് പണം കൊടുത്തു. കാറിൽ കയറാൻ തുടങ്ങുമ്പോൾ കിഴവൻ പറഞ്ഞു:

‘ആ വഴിയ്ക്ക് പോകണ്ട. ഒരു വണ്ടിയും തിരിച്ചു വരുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക് സന്തോഷമായിരിക്കാൻ കഴിയുന്നിടത്ത് തന്നെ തങ്ങുക.’

ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. ഡോർ അടച്ച് കാർ സ്റ്റാർട്ട് ചെയ്തു. നീങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ അയാൾക്കു നേരെ കൈവീശി. അയാൾ തിരിച്ച് കൈ വീശിയില്ല. അയാൾ അനക്കമൊന്നുമില്ലാതെ കാറിനെ നോക്കി. ഞാൻ കാട്ടിലേയ്ക്ക് വണ്ടിയോടിച്ചു.

കുറച്ച് മുന്നോട്ട് പോയപ്പോൾ ഞാൻ റോഡ് കടക്കുകയായിരുന്ന ഒരു ആടിനു മേലെ ഇടിച്ചു. ചക്രങ്ങൾ അതിന്റെ മേൽ കയറിയെന്ന് തോന്നിയപ്പോൾ വണ്ടി നിർത്തി. ആട് റോഡിൽ പിടയുകയായിരുന്നു. ഞാൻ കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കാട്ടിൽ നിന്നും വലിയ ശബ്ദത്തോടെ ആളുകൾ എന്റെ നേർക്ക് ഓടി വരുന്നത് കണ്ടു. ആണുങ്ങളുടെ കൈയ്യിൽ കഠാരയും പെണ്ണുങ്ങളുടെ കൈയ്യിൽ നീളമുള്ള വിറകുകളുമുണ്ടായിരുന്നു. ഞാൻ തിരിച്ച് കാറിലേയ്ക്ക് ഓടി, പക്ഷേ എഞ്ചിൻ മുരണ്ടേയുള്ളൂ.  അവർ കാറിനെ വളഞ്ഞ് കഠാരയും വിറകും കൊണ്ട് അടിച്ചു തകർത്തു. ജനാലകൾ തകർത്തു, കുറേ കൈകൾ എന്റ മുഖത്തേയ്ക്ക് നീണ്ടു. പെട്ടെന്ന് കാർ സ്റ്റാർട്ട് ആയി, ഞാൻ എന്റെ കണ്ണുകളെ ചൂഴ്ന്നെടുക്കാൻ ശ്രമിക്കുന്ന കൈകളെ വിട്ട് കുതിച്ചു. ഞാൻ രണ്ടു വശത്തേയ്ക്കും വണ്ടി തിരിച്ചപ്പോൾ അവർ തെറിച്ചു വീണു. തിരിഞ്ഞു നോക്കാതെ ഞാൻ കാർ ഓടിച്ചു. പിന്നീട് ചോരത്തുള്ളികൾ തകർന്ന ജനലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടു.

പിന്നീട് അത് നഗരത്തിൽ എന്നെ പിന്തുടരുന്ന മഴ പിടിച്ചത് പോലെയായിരുന്നു, തീവ്രമായി. കാട് ഇടിമുഴക്കത്തിൽ വിറച്ചു. മരങ്ങളിൽ മിന്നൽ പിടിച്ചു. ശക്തമായ കാറ്റിൽ ഇലകൾ പാറിപ്പറന്നു. കാർ കാറ്റ് പിടിച്ചുന്തുന്നത് പോലെ ചാഞ്ചാടുകയായിരുന്നു. ഇടയ്ക്ക് ചക്രങ്ങൾ തറയിൽ തൊടുന്നില്ലെന്ന് തോന്നി. ഞാൻ വായുവിൽ ഓടിക്കുന്നു. കനത്ത മഴയിൽ ഓടിക്കുന്നു. ചുറ്റും ഉലയുന്ന മരങ്ങളും ചിതറുന്ന ഇലകളും. അപ്പോൾ മരങ്ങളിൽ പെയ്യുന്ന മഴ പരന്നു. അപ്പോൾ ആരോ ഒരാൾ കാട്ടിൽ നിന്നും ഇറങ്ങി വണ്ടി നിർത്താൻ ആംഗ്യം കാണിച്ചു. ഞാൻ ആർക്കു വേണ്ടിയും നിർത്തിയില്ല, എന്തോ കാരണം കൊണ്ട്. ഭ്രാന്തമായ ശ്രദ്ധയോടെ ഞാൻ ഓടിച്ചു. അപ്പോഴേയ്ക്കും എന്റെ കണ്ണുകൾ തളർന്നു. കണ്ണു ചിമ്മാൻ പോലും പ്രയാസമായി തോന്നി. മഴ കൊണ്ട് അവ തകർന്നിരുന്നെന്ന് മാത്രമല്ല എനിക്ക് മഴയിൽ ചിതറിയ കാടും വിൻഡ് സ്ക്രിനും മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. എനിക്ക് കണ്ണുചിമ്മാൻ പ്രയാസമായി തോന്നുകയും അതിനു ശ്രമിക്കുമ്പോൾ ഉറക്കത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന ഒരു അന്ധകാരം കാണുകയും ചെയ്തു. റോഡിൽ നിന്നും ഗതി മാറുമ്പോൾ ഞാൻ ഉണർന്നു. വണ്ടിയോടിക്കുമ്പോൾത്തന്നെ എനിക്കുറങ്ങാനും കഴിഞ്ഞു.

വനത്തിൽ രാത്രി കനത്തപ്പോൾ എനിക്ക് ഇരുട്ടും മഴയും തമ്മിൽ തിരിച്ചറിയാൻ കഴിയാതായി. ഇടയ്ക്ക് ഒരു കാറിൽ നിന്നെന്ന് തെറ്റിദ്ധരിച്ച മിന്നലുകൾ കണ്ടു. പൊട്ടിയ കണ്ണാടി ശരിയാക്കി വച്ചപ്പോൾ ഒരു നിമിഷത്തേയ്ക്ക് എന്റെ മുഖം കണ്ടു. ഇടിമിന്നൽ എന്റെ മുന്നിൽ പൊട്ടിത്തെറിച്ചു. അല്പനേരം കഴിഞ്ഞ് കൂർത്ത ഒരു ഇടിവെട്ടത്തിൽ ഞാൻ എന്റെ മുഖത്ത് എഴുതിയിരിക്കുന്നത് കണ്ടു. ഒരു വളവ് ഒടിച്ചെടുക്കുമ്പോൾ വനത്തിൽ എന്തോ തകർന്നു വീഴുന്ന ശബ്ദം കേട്ടു. എന്തോ എന്റെ വിൻഡ് സ്ക്രീനിനെ ഉലയ്ക്കുകയും ഞാൻ ഇരുട്ടിലേയ്ക്ക് കണ്ണും മൂടി ഓടിക്കുകയും ചെയ്തു. എന്റെ മുഖത്ത് പ്രാണികൾ വന്നിടിച്ചു. കാറ്റും മഴയും കണ്ണാടിക്കഷ്ണങ്ങളും ചേർന്ന് താൽക്കാലികമായി കാഴ്ചയെ മറച്ചു. പിന്നീട് കുറച്ചകലെ റോഡിലേയ്ക്ക് ഒരു മരം വീണു കിടക്കുന്നത് കണ്ടു. കാർ ഇലകളുടേയും ചില്ലകളുടേയും ചുഴിയിലേയ്ക്ക് ഇരച്ചു കയറി. പിന്നെ അവിടെ നിശ്ചലതയായിരുന്നു. കുറേ നേരത്തേയ്ക്ക് കനത്ത ഇരുട്ട് മാത്രം. എനിക്ക് ഒന്നും കാണാനോ കേൾക്കാനോ അനുഭവിക്കാനോ കഴിഞ്ഞില്ല. പിന്നെ എഞ്ചിന്റെ ഇരമ്പലും പ്രാണികളുടേയും മഴയുടേയും വിടാത്ത ശബ്ദവും കേട്ടു.

ഞാൻ അനങ്ങാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല: കാറിനുള്ളിൽ കുടുങ്ങിപ്പോയതു പോലെ തോന്നി. എന്തോ ഉരയുന്ന ശബ്ദം മുഴങ്ങിക്കേട്ടു. കുഴഞ്ഞ മണ്ണ് എന്നെ കുത്തുന്നത് പോലെ. എന്റെയുള്ളിൽ എന്തോ കുടിയുറപ്പിക്കുകയും ഞാൻ പ്രയാസമൊന്നുമില്ലാതെ പുറത്തേയ്ക്കിറങ്ങുകയും ചെയ്തു. പുറത്തിറങ്ങിയപ്പോൾ കാർ ഒരു വലിയ ഉറുമ്പിൻ പുറ്റിലേയ്ക്ക് ഇടിച്ചു കയറിയിരിക്കുന്നതായി കണ്ടു. എല്ലായിടത്തും ഉറുമ്പുകൾ. ഞാൻ മഴയിലൂടെ നടന്നു. എനിക്ക് റോഡ് കണ്ടുപിടിക്കാനായില്ല. ഞാൻ കാട്ടിലേയ്ക്ക് നടന്നു. പായൽ പിടിച്ച പാറക്കല്ലുകൾ താണ്ടി. ചില്ലകളുടെ അവസാനമില്ലാത്ത ജാലകത്തിനടിയിലൂടെ ഞാൻ നടന്നു. കാട്ടുമുള്ളുകൾ എന്നെ മുറിവേൽ‌പ്പിച്ചു. പക്ഷേ എനിക്ക് രക്തമൊലിച്ചില്ല.

ഞാൻ ഒരു പുഴയരികിലെത്തി. പുഴ മുറിച്ച് നീന്താൻ തുടങ്ങിയപ്പോൾ അത് ആദ്യം കണ്ടതിന്റെ എതിർ ദിശയിലേയ്ക്കാണ് ഒഴുകുന്നതെന്ന് കണ്ടു. അക്കരയെത്തിയപ്പോൾ പെട്ടെന്ന് തന്നെ വെള്ളം തുവർത്തപ്പെട്ടു. ഒരു ഗ്രാമം എത്തുന്നത് വരെ ഞാൻ കാട്ടുപൊന്തകൾക്കിടയിലൂടെ നടന്നു. പ്രവേശനവഴിയിൽ തലകീഴായി വളരുന്ന രണ്ട് പനകളുണ്ടായിരുന്നു. ഞാൻ മരങ്ങൾക്കിടയിലൂടെ പോയപ്പോൾ ഒരു കുടിലിനു മുന്നിൽ കസേരയിട്ടിരിക്കുന്ന ഒരാളെ കണ്ടു. എന്നെ കണ്ടപ്പോൾ അയാളുടെ മുഖം പ്രകാശിച്ചു. അയാൾ പെട്ടെന്ന് കൂക്കിവിളിക്കുകയും സംസാരിക്കുന്ന ചെണ്ടകളുടെ ശബ്ദം ദൂരെ കേൾക്കുകയും ചെയ്തു. അയാൾ എഴുന്നേറ്റ് എന്റെയരുകിലേയ്ക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു:

‘ഞങ്ങൾ താങ്കളെ കാത്തിരിക്കുകയായിരുന്നു,‘ അയാൾ പറഞ്ഞു.

‘എന്നു വച്ചാൽ?’

‘ഞങ്ങൾ താങ്കളെ കാത്തിരിക്കുകയായിരുന്നു.’

‘അത് ശരിയാകാൻ വഴിയില്ല.’

എന്റെ മറുപടിയിൽ അയാൾ പതറിപ്പോയെന്ന് തോന്നി, എങ്കിലും അയാൾ പറഞ്ഞു:

‘ഞാൻ മൂന്ന് മാസമായി ഈ കുടിലിനു മുന്നിലിരിക്കുകയായിരുന്നു. താങ്കളെ കാത്ത്. താങ്കൾ എത്തിച്ചേർന്നതിൽ എനിക്ക് സന്തോഷമുണ്ട്. വരൂ, ഗ്രാമത്തിലെ ആളുകൾ താങ്കളെ പ്രതീക്ഷിക്കുന്നു.’

അയാൾ വഴി കാണിച്ചു.

‘എന്തിന്?’

‘അത് മനസ്സിലാകും’

ഞാൻ അയാളെ നിശ്ശബ്ദമായി പിന്തുടർന്നു. ഞങ്ങൾ ഗ്രാമത്തിന്റെ അകത്തേയ്ക്ക് കടന്നപ്പോൾ, ഒരു സ്ത്രീ ഞങ്ങളെ പിന്തുടരുന്നതായി കണ്ടു. ഞാൻ തിരിഞ്ഞു നോക്കുമ്പോഴെല്ലാം അവൾ മരത്തിനു പിന്നിലേയ്ക്ക് മറഞ്ഞു.

‘നിങ്ങളുടെ വരവിനായി ഞങ്ങൾ ഗ്രാമം വൃത്തിയാക്കുകയായിരുന്നു,‘ അയാൾ പറഞ്ഞു.

കണ്ണാടിഫലകം പോലെ സൂര്യവെളിച്ചത്തിൽ തിളങ്ങുന്ന ഒരു അംബരചുംബിലെ ഞങ്ങൾ കടന്നു പോയി.

‘അവിടെയാണ് കൂടിക്കാഴ്ച നടക്കുക.’

വെളുത്ത മൺ കുടിലുകൾ ഉറപ്പുള്ളതും വൃത്തിയുള്ളതുമായി കാണപ്പെട്ടു. ഇറൊക്കോ മരങ്ങളും ബോബാബ് മരങ്ങളും നല്ല അകലം പാലിച്ചു നിന്നു. സമൃദ്ധമായ കുറ്റിച്ചെടികൾ. വായുവിൽ ഫ്ലമിംഗോ പൂക്കളുടെ സൌരഭ്യം.

ഗ്രാമചത്വരത്തിലെത്തിയപ്പോൾ ആ സ്ഥലം എനിക്ക് പരിചിതമാണെന്ന് തോന്നി. അത് വളരെ വൃത്തിയുള്ളതും ചിട്ടയുള്ളതുമായ സ്ഥലമായിരുന്നു. പെട്ടെന്ന് എനിക്ക് ഒന്നും കാണാനാകാത്തത് പോലെ തോന്നി. എന്നെ നയിക്കുന്ന ആളുടെ ശബ്ദം കേൾക്കാനും കഴിയുന്നില്ല. ചുറ്റും പാട്ടുകളും നൃത്തവും കേട്ടു. ഞാൻ പരിഭ്രാന്തനായി അലറാൻ തുടങ്ങി. നൃത്തവും പാട്ടും നിന്നു. ഞാൻ കുറേ നേരം അവിടെ നിന്നു, ഭയാനകമായ നിശ്ശബ്ദതയിൽ മുങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ, ഞാൻ ശാന്തനായപ്പോൾ, എന്റെ നേർക്കടുക്കുന്ന നേർത്ത പാദചലനങ്ങൾ കേട്ടു.

‘എന്നെ സഹായിക്കൂ,‘ ഞാൻ പറഞ്ഞു.

അപ്പോൾ ഒരു പെണ്ണ്, കരയാമ്പൂവിന്റെ ഗന്ധമുള്ളവൾ, മധുരമായ സ്വരത്തിൽ പറഞ്ഞു:

‘മിണ്ടാതെ എന്നെ പിന്തുടരുക.’

മരത്തൊലിയുടെ മണമുള്ള ഒരു സ്ഥലത്തെത്തുന്നത് വരെ ഞാൻ അവളെ അനുഗമിച്ചു. വാതിൽ തുറന്ന് ഞങ്ങൾ അകത്ത് കയറി. അവൾ എനിക്കായി ഒരു സ്റ്റൂൾ നീക്കിത്തന്നു. ഞാൻ അന്നേരം വരെ നല്ല അന്തരീക്ഷത്തിൽ ഇരിക്കുകയായിരുന്നെങ്കിലും അവളുടെ സാന്നിദ്ധ്യം എന്നെ ഭീതിയിലാഴ്ത്തി. അവൾ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന ശബ്ദം കേട്ടു. അവൾ എനിക്ക് ആഹാരമൊരുക്കി. ഞാൻ കഴിച്ചു. അവൾ എനിക്ക് മദ്യം വിളമ്പി, ഞാൻ കുടിച്ചു. അപ്പോൾ അവൾ പറഞ്ഞു:

‘ഇത് നിങ്ങളുടെ പുതിയ വീടാണ്.’

പിന്നെ ഞാൻ വാതിലടയുന്ന ശബ്ദം കേട്ടു. ഞാൻ പെട്ടെന്നു തന്നെ ഉറങ്ങി.


ഉണർന്നപ്പോൾ എന്തൊക്കെയോ എന്റെ ചെവിയിൽ നിന്നും പുറത്തുവരുന്നത് പോലെ തോന്നി. എല്ലാം എനിക്കു ചുറ്റും ഇഴയുന്നു. ഞാൻ എഴുന്നേറ്റ് നിന്ന് വിളിച്ചു. ഒരു പെണ്ണ് വാതിൽ തുറന്ന് കഴുകാനുള്ള സ്ഥലം കാണിച്ചു തന്നു. ഞാൻ കഴിച്ചതിനു ശേഷം, അവൾ എന്റെ അരികിലിരുന്ന് പറഞ്ഞു:

‘നിങ്ങൾ വരുന്നെന്ന് കേട്ടിരുന്നു. കുറേ സമയമെടുത്തു.’

‘നിങ്ങൾ എങ്ങിനെ കേട്ടു?’

‘അത് വഴിയേ മനസ്സിലാകും.’

‘നിങ്ങളെല്ലാവരും എന്നെ കാത്തിരിക്കുന്നത് എന്തിനായിരുന്നു?’

അവൾ മൌനമായിരുന്നു. പിന്നെ ചിരിച്ചിട്ട് പറഞ്ഞു:

‘ഞങ്ങൾ കാത്തിരുന്നത് എന്തിനായിരുന്നെന്ന് നിങ്ങൾക്കറിയില്ലേ?’

‘ഇല്ല.’

‘നിങ്ങൾ ഇവിടെ എത്തിനയതെന്തിനാണെന്നും അറിയില്ല?’

‘ഇല്ല. എന്തിനാണ്?’

‘അസംബ്ലിയിൽ നിങ്ങളുടെ സ്ഥാനം ഏറ്റെടുക്കാൻ.’

‘ഏത് അസംബ്ലി?’

‘നിങ്ങൾ വരാത്തതു കൊണ്ട് ഞങ്ങൾ മീറ്റിങ് മാറ്റി വയ്ക്കുകയായിരുന്നു.’

ചോദ്യങ്ങൾ ചോദിച്ച് ഞാൻ തളർന്നിരുന്നു.

‘ഗ്രാമത്തിലെ ജനങ്ങൾ ആകാംക്ഷരായിരുന്നു,‘ അവൾ പറഞ്ഞു.

‘ഈ മീറ്റിങ് എപ്പോഴാണ് നടക്കുക?’

‘രണ്ടു ദിവസത്തിനകം.’

‘ഇന്ന് പറ്റില്ലേ?’

‘നിങ്ങൾ വിശ്രമിച്ച് ഗ്രാമവുമായി പരിചയമാകണമെന്ന് മുതിർന്നവർ കരുതുന്നു. ഇതൊരു പ്രധാനപ്പെട്ട മീറ്റിങ് ആണ്.’

‘എന്തിനെക്കുറിച്ചാണ് മീറ്റിങ്?’

‘നിങ്ങൾ തളർന്നിരിക്കുന്നു. കുറച്ചുറങ്ങൂ. എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിക്കൂ.’

പിന്നെ വാതിൽ തുറക്കുന്നതും അടയുന്നതും കേട്ടു.


ഗ്രാമത്തിൽ എല്ലാത്തിനും ശബ്ദമുണ്ടായിരുന്നു, എല്ലാം എന്നോട് സംസാരിച്ചു. ശബ്ദവും സംഭാഷണങ്ങളും എന്റെ ചെവി വേദനിക്കും വിധം പീഢിപ്പിച്ചു. പിന്നീട് സാവധാനം എന്റെ കാഴ്ച തിരിച്ചു വന്നു. ആദ്യം അത് പാൽ‌പ്പാടയിലൂടെ നോക്കുന്നത് പോലെയായിരുന്നു. കാഴ്ച ശരിയായപ്പോൾ, ശബ്ദങ്ങൾ നിലച്ചു. അപ്പോൾ ഗ്രാമം ഞാൻ മുമ്പ് കണ്ടിട്ടില്ലാത്തത് പോലെ തോന്നി.

ഞാൻ താമസിക്കുന്നയിടത്തു നിന്നും പുറത്തിറങ്ങി കാട്ടിലേയ്ക്ക് നടന്നു. ഗ്രാമത്തിലെ ചില മനുഷ്യരുടെ പാദങ്ങൾ പിന്നോട്ടായിരുന്നു. അവർക്ക് നടക്കാൻ കഴിയുമെന്നത് കണ്ട് എനിക്ക് ആശ്ചര്യമായി. ചിലർ മരക്കൊമ്പുകളിൽ നിന്നും ഇറങ്ങി വന്നു. ചിലർക്ക് ചിറകുകളുണ്ടായിരുന്നു, പക്ഷേ പറക്കാൻ സാധ്യമല്ല. കുറെ കഴിഞ്ഞപ്പോൾ അവരുടെ വൈചിത്ര്യവുമായി ഞാൻ പൊരുത്തപ്പെട്ടു. അവരുടെ മൂന്ന് കാലുകളും നീണ്ട കഴുത്തും അവഗണിക്കാൻ തുടങ്ങി. എനിക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ഒന്നെയൊന്ന് പുറത്ത് കണ്ണാടി പിടിപ്പിച്ച അവരുടെ കുടിലുകളും വീടുകളുമായിരുന്നു. പഴയ പോലെ എന്റെ പ്രതിബിംബം എനിക്ക് അതിൽ കാണാൻ കഴിഞ്ഞില്ല. ചിലർ കണ്ണാറ്റിയിലൂടെ കടന്ന് പോയി അപ്രത്യക്ഷരായി. എനിക്ക് അതിലൂടെ കടക്കാൻ പറ്റിയില്ല.

കുറച്ചു നേരം ചുറ്റിത്തിരിഞ്ഞപ്പോൾ എനിക്ക് താമസസ്ഥലത്തേയ്ക്ക് തിരിച്ച് പോകാനുള്ള വഴി കണ്ടെത്താനായില്ല. ഞാൻ എന്നെ ശുശ്രൂഷിക്കുന്ന പെണ്ണിന്റെ ശബ്ദം നോക്കി ഗ്രാമം ലക്ഷ്യമാക്കി നടന്നു. ഞാൻ ഒരു പൊതു പൈപ്പിനരികിലെത്തിയപ്പോൾ ഒരു പെണ്ണ് എന്റെയടുത്ത് വന്ന് പറഞ്ഞു:

‘നിങ്ങൾ ഇവിടെ എന്ത് ചെയ്യുന്നു?’

‘എനിക്ക് വഴി തെറ്റി.’

‘ഞാൻ തിരിച്ച് കൊണ്ടുപോകാം’

ഞാൻ അവളെ പിന്തുടർന്നു.

‘അപ്പോൾ നിങ്ങൾക്കിപ്പോൾ കാണാൻ കഴിയുന്നുണ്ട് അല്ലേ?’ അവൾ ചോദിച്ചു, നടക്കുമ്പോൾത്തന്നെ അവളുടെ തല പിന്നിലേയ്ക്ക് തിരിച്ചു കൊണ്ട്.

‘അതെ’

പിന്നെ എനിക്ക് അവളെ പരിചയമുണ്ടെന്ന അസംബന്ധവും അവ്യക്തവുമായ തോന്നലുണ്ടായി. അവൾ പുഷ്ടിയുള്ള ഒരുത്തിയായിരുന്നു, മാന്ത്രികമായ പരിചിതമായ സൌന്ദര്യമുള്ള മുഖം. അവൾ പൂക്കളുള്ള ശീല ധരിച്ചിരുന്നു, പാദങ്ങൾ നഗ്നമായിരുന്നു. അവളുടെ ചർമം നാട്ടിലെ ചുണ്ണാമ്പ് പടർന്നതായിരുന്നു. അവളുടെ കണ്ണുകൾ പച്ചക്കണ്ണാടി പോലെ തിളങ്ങുന്നുണ്ടായിരുന്നു.

‘നീയാരാണ്?’

അവൾ എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ഞങ്ങൾ ഒരു ഒബിക്കീ മരത്തിനടുത്തെത്തിയപ്പോൾ അവൾ അതിന്റെ വേരിലെ വാതിൽ തുറന്നു. അകത്ത് ഞാൻ വിശാലമായ ഒരു മുറി കണ്ടു, വൃത്തിയുള്ള, സൌകര്യമുള്ള, ചൂടുള്ള മുറി.

‘ഞാൻ അങ്ങോട്ട് പോകുന്നില്ല’ ഞാൻ പറഞ്ഞു.

അവൾ എന്റെ നേരെ തല തിരിച്ചു, അവളുടെ മുഖം നിർവ്വികാരമായിരുന്നു.

‘പക്ഷേ, ഇതായിരുന്നു നിങ്ങളുടെ പുതിയ വീട്.’

‘ഇതായിരിക്കില്ല, ഇത് വളരെ ചെറുതാണ്.’

അവൾ ഹൃദ്യമായി ചിരിച്ചു.

‘അകത്തേയ്ക്ക് വരുമ്പോൾ ഇത് വളരെ വലുതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും.’

ഞാൻ അകത്ത് ചെന്നപ്പോൾ അത് വളരെ വലുതാണെന്ന് തോന്നി. ഞാൻ മരക്കട്ടിലിൽ ഇരുന്നു. അവൾ എനിക്ക് ചുരയ്ക്കാ തൊണ്ടിൽ ഭക്ഷണം തന്നു. അരി വെളുത്ത കൃമികളെപ്പോലെ താലത്തിൽ ഓടുന്നത് പോലെ തോന്നി. അത് ചിലന്തിയുടെ വലയാകുമെന്ന് ഞാൻ സത്യം ചെയ്യുമായിരുന്നു. പക്ഷേ അത് നല്ല മധുരമുള്ളതും തൃപ്തികരവുമായിരുന്നു. എനിക്ക് കുടിക്കാനുള്ള കപ്പ് പുറത്തുണ്ടായിരുന്നു. അവൾ ഭക്ഷണമെല്ലാം മേശയിൽ നിന്നും നീക്കിയശേഷം, ഞാൻ ഉറങ്ങാൻ ശ്രമിച്ചു. അവൾ പോകുന്നതിനു മുമ്പ് പറഞ്ഞു:

‘നന്നായി ഉറങ്ങി ആരോഗ്യം വീണ്ടെടുക്കൂ. മീറ്റിങ് ഇന്നു രാത്രി നടക്കും.’

ഞാൻ എഴുന്നേറ്റിരുന്നു.

‘നീയാരാണ്?’ ഞാൻ ചോദിച്ചു.

അവൾ പതുക്കെ വാതിലടച്ച് പോയി.

ഉണർന്ന് മരം വിട്ട് പോകുന്നതിനു മുമ്പ് ഞാൻ കുറച്ചു നേരം കാത്തിരുന്നു. പതനം ഞാൻ ഉറപ്പിചിരുന്നു. പക്ഷേ അതിനെ അവിശ്വസിക്കാൻ എനിക്കായില്ല. ഗ്രാമത്തിലൂടെ ചുറ്റിത്തിരിഞ്ഞ് പുറത്തേയ്ക്കുള്ള വഴി തേടുമ്പോൾ, ആളുകൾ നൃത്തം ചെയ്യുന്ന ശബ്ദം കേട്ടു, ആരോ ഗ്രാമനിയമങ്ങളെ ചോദ്യം ചെയ്യുന്നത് കേട്ടു, ആരൊക്കെയോ കുറേ പേരുകൾ വായിക്കുന്നത് കേട്ടു, മരങ്ങൾക്കു മറവിൽ കഥ പറയുന്ന മധുരശബ്ദങ്ങൾ കേട്ടു. പക്ഷേ എനിക്ക് ആരേയും കാണാൻ കഴിഞ്ഞില്ല.

പിന്നെ ഒരു കുടിൽ കടന്ന് പോയപ്പോൾ, അവിടെ നിന്നും പെൺ കുട്ടികളുടെ നാണിച്ച ചിരി കേട്ടിരുന്നു, ഒറ്റക്കണ്ണുള്ള ഒരു ആട് എന്നെ തുറിച്ച് നോക്കുന്നത് കണ്ടു. ഞാൻ വേഗത്തിൽ നടന്നു. പട്ടികളും കോഴികളും എന്നെ തുറിച്ച് നോക്കി. ആളുകൾ മൃഗങ്ങളുടെ കണ്ണിലൂടെ എന്നെ നോക്കുകയാണെന്ന് അസ്വസ്ഥമായ തോന്നൽ എനിക്കുണ്ടായി. ഞാൻ ഗ്രാമത്തിന്റെ ദേവാലയം കടന്നു പോയി. അതിന്റെ മുന്നിൽ കണ്ണുകളുടെ സ്ഥലത്ത് വലിയ തുളകളുള്ള ദൈവത്തിന്റെ വിഗ്രഹം ഉണ്ടായിരുന്നു. ദൈവം എന്നെ ഒറ്റിക്കൊടുക്കുകയാണെന്ന് എനിക്ക് ബോധ്യമായി.

പുറത്തേയ്ക്കുള്ള വഴി അന്വേഷിച്ച് ഞാൻ കുറേ അലഞ്ഞു. മീറ്റിങ്ങ് ഉടനെ തുടങ്ങുമെന്ന് ആരൊക്കെയോ പറയുന്നത് ഞാൻ കേട്ടു. വെളിച്ചം മങ്ങിയിട്ടില്ല. ഞാൻ പക്ഷികളെക്കൊണ്ട് നിറഞ്ഞ അരളിമരത്തിന്റെ ചുവട്ടിലെത്തി. മരത്തിന്റെ പിന്നിൽ ഗ്രാമചത്വരവും ചത്വരത്തിന്റെ പിന്നിൽ കവാടവുമുണ്ടായിരുന്നു. കുടിലിലെത്തുന്നത് വരെ ഞാൻ നടന്നു. കുടിലിന്റെ മുന്നിൽ ഒരു കസേരയിൽ മൂന്ന് കണ്ണുകളുള്ള ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ എന്നെ തുറിച്ച് നോക്കിയപ്പോൾ ഞാൻ അഭിവാദനം ചെയ്യാൻ നിർബന്ധിതനായി.

‘എന്നെ വണങ്ങണ്ട.’ അയാൾ പറഞ്ഞു.

അയാൾ എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു, ഞാൻ അയാളെ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നത് പോലെ. അയാളുടെ മൂന്ന് കണ്ണുകൾ എന്നെ ആശയക്കുഴപ്പത്തിലാക്കി. പക്ഷേ സാധാരണമായ രണ്ട് കണ്ണുകളിൽ സൂക്ഷിച്ച് നോക്കിയപ്പോൾ എനിക്കയാളെ മനസ്സിലായി. അയാൾ എന്റെ അപ്രത്യക്ഷനായ അയൽക്കാരനായിരുന്നു.

‘നിങ്ങൾ ഇവിടെ എന്ത് ചെയ്യുകയാണ്?’ ഞാൻ ചോദിച്ചു.

‘എന്ത് തോന്നുന്നു?’

‘എനിക്കറിയില്ല’

‘എന്നെ ഒരു പട്ടാളക്കാരൻ വെടി വച്ചു.’

‘നിങ്ങളെ വെടി വച്ചോ?’ ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

‘അതെ’

‘എന്തിന്?’

‘എന്നെ കൊല്ലാൻ വേണ്ടി. നിങ്ങൾ ഇവിടെ എന്ത് ചെയ്യുകയാണ്?’

‘ഞാനോ?’

‘അതെ’

‘എനിക്കറിയില്ല’

അയാൾ ചിരിച്ചു.

‘മീറ്റിങ്ങിൽ അവർ പറഞ്ഞു തരും.’

‘മീറ്റിങ് എന്തിനെക്കുറിച്ചാണ്?’

‘ജീവിതത്തിനേയും മരണത്തിനേയും കുറിച്ച്.’

‘എന്ത് ജീവിതം ,എന്ത് മരണം?’

അയാൾ വീണ്ടും ചിരിച്ചു, ഇത്തവണ ഉറക്കെത്തന്നെ. അയാളുടെ വായയ്ക്ക് എന്തോ പ്രത്യേകതയുണ്ടായിരുന്നു, അയാളുടെ കണ്ണുകൾ അനങ്ങുന്നത്, എല്ലാം പതിയെ എനിക്ക് മനസ്സിലാക്കിത്തന്നു. ഞാൻ ഭീതിയിൽ പിന്നോട്ടാഞ്ഞു.

‘നിങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.’ അയാൾ പകയോടെ പറഞ്ഞു.

എനിക്കത്രയും മതിയായിരുന്നു. ഞാൻ കവാടത്തിനു നേരെ ഓടിയപ്പോൾ എല്ലാം തകിടം മറിഞ്ഞു. പിന്നീടെനിക്ക് മനസ്സിലായി, ഞാൻ മുന്നോട്ടല്ല, പിന്നീട്ടാണ് ഓടുന്നതെന്ന്. ഞാൻ ആ വെള്ള പൂശിയ കുടിലുകളും അംബരചുംബിയും താണ്ടി. ഒരു പെണ്ണിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു. സംസാരിക്കുന്ന ചെണ്ടകൾ കോപത്തോടെ അലറി. ഞാൻ നിന്നിട്ട് പിന്നോട്ടോടാൻ തുടങ്ങിയപ്പോൾ, ഞാൻ ശരിക്കും മുന്നോട്ട് തന്നെ ഓടുകയായിരുന്നെന്ന് കണ്ടെത്തി. അപ്പോൾ ഞാൻ കരയുന്ന ആ പെണ്ണിന്റെ കണ്ടു, അപ്പോൾ ആദ്യമായി അവൾ എന്റെ ഭാര്യയായിരുന്നെന്ന് തിരിച്ചറിഞ്ഞു. അവൾ കടുത്ത ദു:ഖത്തോടെ എന്റെ നേർക്ക് വന്നു. ആണുങ്ങളും പെണ്ണുങ്ങളും അശരീരികളും അവരുടെ പറക്കാൻ പറ്റാത്ത ചിറകുകളും  പിന്നോട്ട് തിരിഞ്ഞിരിക്കുന്ന പാദങ്ങളുമായി വന്നു. ഞാൻ തല കീഴായിരിക്കുന്ന മരങ്ങളും ചോളപ്പാടവും കടന്ന് കവാടത്തിലെത്തി. ചോളപ്പാടങ്ങൾ സ്വർണ്ണനിറമുള്ളതും മനോഹരവുമായിരുന്നു. ഗ്രാമത്തിലെ ആളുകൾ അതിർത്തി വരെ എന്നെ പിന്തുടർന്നു.

ഞാൻ പുഴ കടന്നു. കാട്ടിൽ നിന്നും പക്ഷികൾ എത്തിച്ചേർന്നു. ഞാൻ നിർത്താതെ കുറേ നേരം ഓടി. ഉറുമ്പിൻ പുറ്റ് തകർത്ത് മരച്ചില്ലകൾക്കിടയിൽ കിടക്കുന്ന എന്റെ കാർ എത്തും വരെ. പിന്നീട് എന്ത് സംഭവിച്ചെന്ന അറിയില്ലെങ്കിലും ഞാൻ തകർന്ന എന്റെ കാറിന്റെ അരികിലെത്തിച്ചേർന്നു. എന്നെ പൊതിഞ്ഞിരുന്ന ഉറുമ്പുകൾ നിർദാക്ഷിണ്യം എന്നെ കടിച്ചു. ഒടിഞ്ഞ തകരം എന്നിൽ തുളഞ്ഞു കയറിയതായും സീറ്റിൽ എന്റെ രക്തം പുരണ്ടിരിക്കുന്നതായും കണ്ടു. എന്റെ മുഖത്ത് മുറിവുകളും ചില്ലുകഷ്ണങ്ങളും ഉണ്ടായിരുന്നു. ഞാൻ കാറിനു പുറത്ത് കടക്കാൻ വളരെ നേരം പണിപ്പെട്ടു. പുറത്തെത്തിയപ്പോൾ എന്റെ ശരീരം ആ കാർ പോലെ തകർന്നതും മരിച്ചതിനു തുല്യവുമായിരുന്നു. ഞാൻ കാറ്റിലൂടെ വിറളി പിടിച്ചോടി. ഞാൻ കറുകപ്പുല്ല് തിന്നു. കാട്ടിലൂടെ ഓടുമ്പോൾ എനിക്ക് ആത്മാക്കളെ കാണാൻ പറ്റുന്നുണ്ടെന്നറിഞ്ഞു. പ്രധാന പാത കണ്ടെത്തുമ്പോഴേയ്ക്കും നേരം വെളുത്തിരുന്നു. റോഡിൽ കുറച്ചു നേരം കിതച്ച് നിന്നപ്പോൾ ഒരു കാർ വരുന്നത് കണ്ടു. ഞാൻ കൈ വീശീക്കാണിച്ചപ്പോൾ കാർ നിർത്തിയത് അതിശയകരമായി തോന്നി. ഒരു ചെറുപ്പക്കാരനായിരുന്നു ഓടിച്ചിരുന്നത്. അയാൾ ജനാല താഴ്ത്തിയപ്പോൾ ഞാൻ പറഞ്ഞു:

‘ആ വഴിയ്ക്ക് പോകരുത്. നിങ്ങൾക്ക് സന്തോഷമായിരിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കൂ.’

പക്ഷേ ആ ചെറുപ്പക്കാരൻ എന്നെ ആകമാനം നോക്കി, തലയാട്ടി നേരെ വണ്ടിയോടിച്ചു പോയി. കാർ അപ്രത്യക്ഷമാകുന്നത് വരെ ഞാൻ നോക്കി നിന്നു. എന്നിട്ട് മരിക്കുന്നതിനു മുമ്പ് ആ കിഴവന്റെ കൂരയിലെത്തുന്നതിനായി ഇഴഞ്ഞ് നീങ്ങി.

6 comments:

  1. വട്ടാക്കുമോ? തലകറങ്ങുന്നു.

    ReplyDelete
  2. ജയേഷ്,
    ബെന്‍ ഓക്രിയുടെ കഥ തന്നതിന് നന്ദി.
    നല്ല ലളിതവും സുന്ദരവുമായ വിവര്‍ത്തനം.
    കഥയുടെ തീക്ഷ്ണത എവിടെയും നഷ്ടപ്പെടുതിയില്ല.
    ഒരിയ്ക്കല്‍കൂടി നന്ദി.
    സ്നേഹം.

    ReplyDelete
    Replies
    1. വായിച്ചതിനും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിനും നന്ദി മനോജ്...

      Delete
  3. ജയേഷ്,
    പാതി വായിച്ച് ഇന്ന് നിര്‍ത്തുകയാണ്
    നന്ദി പറയട്ടെ ഈ കഥ പരിചയപ്പെടുത്തിയതിനും വിവര്‍ത്തനം ചെയ്യാന്‍ ഉപയോഗിച്ച സുന്ദരമായ ഭാഷാശൈലിയ്ക്കും. അല്പം തിരക്ക്, നാളെ വായിച്ച് പൂര്‍ണ്ണമാക്കാമെന്ന് കരുതുന്നു

    ആശംസകള്‍

    ReplyDelete
  4. നന്നായി ജയേഷ് . സുന്ദരമായൊരു കഥ . അസ്സലായി വിവര്‍ത്തനം . ബെന്‍ ഒക്രിയെ ആദ്യമായി വായിക്കുന്നു . നന്ദി ഈ പരിജയപ്പെടുതലിന് :)

    ReplyDelete
  5. Thanks for the Translation !
    Ben Okri ye parichayappeduthiyathinu nanni !

    ReplyDelete