ഉരഗശയനം



ഇരുട്ടിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ പതുപതുത്ത മെത്തയുടേയും മിനുസമുള്ള കമ്പിളിയുടേയും ഇളക്കങ്ങൾ അയാളെ അസ്വസ്ഥനാക്കി. ഉറക്കം വഴുതിപ്പോകുന്ന വരാലിനെപ്പോലെ അയാളെ കൊതിപ്പിച്ചു. കണ്ണടച്ച് കുറച്ചു നേരം അനങ്ങാതെ കിടക്കുമ്പോൾ, കട്ടിൽ ദൂരയാത്രയ്ക്കു പോകുന്ന വിമാനത്തിലെ പിന്നോട്ട് ചായുന്ന ഇരിപ്പിടം പോലെ, വിലാപയാത്രയുടെ അകമ്പടിയോടെ നീങ്ങുന്ന ശവമഞ്ചം പോലെ – അയാളൊന്നു ഞെട്ടി. മരണം എന്ന വാക്കിന്റെ കറുത്ത ഫലിതത്തിൽ നടുക്കം വിട്ടു മാറാതെ, വരളുന്ന തൊണ്ട നനയ്ക്കാൻ എഴുന്നേൽക്കാനാകാതെ, പുതപ്പിന്റെ സംരക്ഷണത്തിൽ നിന്നും രാത്രിയ്ക്ക് സ്വയം വിട്ടു കൊടുക്കാനാകാതെ, അരികെ ഇടതുവശം തിരിഞ്ഞുറങ്ങുന്ന വനജയുടെ – സഹ്യസാനുക്കൾ പോലെ ഇരുളിൽ തോന്നിപ്പിക്കുന്ന – മങ്ങിയ വടിവുകളിൽ നോക്കി ഊറിയുറയുന്ന ഭയത്തിൽ മലർന്നു കിടന്നു.

ശരീരം നിശ്ചലമായിട്ട് വളരെ നേരമായെന്ന് അയാളോർത്തു. ശരീരത്തിന്റെ താപനിലയുമായി സമരസപ്പെട്ടു കഴിഞ്ഞ മെത്തയും കമ്പിളിയും ഉറങ്ങിപ്പോയതു പോലെ. അത്രയും നേരം താൻ ഉറങ്ങുകയല്ലായിരുന്നെന്നും തുടർച്ചയില്ലാത്ത ദൃശ്യങ്ങളിൽ കലങ്ങിപ്പോയ മനസ്സിനെ തിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നെന്നും മനസ്സിലായപ്പോൾ വീണ്ടും ഭയം മുരടനക്കി.

വനജയെ ഉണർത്തിയാലോയെന്ന് ആലോചിച്ചു. രാത്രിയുടെ പകുതിയിലേറെ കഴിഞ്ഞിരിക്കുന്ന ഈ നേരത്ത്, ഉറക്കത്തിന്റെ ചരടു പൊട്ടിയ വേഗത്തിൽ സഞ്ചരിക്കുന്ന അവളെ ഉണർത്തുന്നത് പാപമാണെന്ന ചിന്തയിൽ ആഗ്രഹം അടക്കി വച്ചു. അല്ലെങ്കിലും ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവൾ ഉനർന്നാലും മുഷിപ്പോടെയുള്ള നോട്ടവും ചിലപ്പോൾ പിണക്കവും മാത്രമാകും ഫലം. അത് രാവിലെ ഉണർന്നതിനു ശേഷം ചെറിയ കാര്യങ്ങൾക്കു പോലും വഴക്കുണ്ടാക്കാനിടയുള്ള അനാവശ്യമായ ശ്രമവുമാകും.

എങ്കിലും ഏറെ നേരം സഹിച്ചു കിടക്കാനായില്ല. എഴുന്നേറ്റ് വെള്ളം കുടിയ്ക്കണമെങ്കിൽ പരസഹായം വേണ്ടി വരുമെന്ന അവസ്ഥ. പേശികൾ അതിശൈത്യത്തിൽ ഉറഞ്ഞ് ഒഴുക്കു നിലച്ച നദികൾ പോലെയായിരിക്കുന്നു. അപ്പോഴും താൻ വിയർക്കുന്നതിന്റെ വൈരുദ്ധ്യം അയാളെ കുഴക്കി. വനജേ..വനജേ….ഞാൻ മരിച്ചു പോയിരിക്കുന്നെന്നു തോന്നുന്നു. ഒന്നുണരൂ, ഒന്ന് തൊട്ടു നോക്കൂ…..ശരിരത്തിലെ അവസാനത്തെ ചൂടും വറ്റിപ്പോകുന്നതിനു മുമ്പ്….എന്ന് പിറുപിറുക്കാൻ ശ്രമിച്ച് തൊണ്ടയിൽ ഉരുണ്ടുകൂടിയ ഗോളത്തിനെ തുപ്പാനും ഇറക്കാനുമാകാതെ അയാളുടെ നെഞ്ച് പിടച്ചു.

വനജ തിരിഞ്ഞു കിടന്നതാകണം കട്ടിലൊന്നുലഞ്ഞു. അവളുടെ ഭാരിച്ച ശരീരം ഒരു മലക്കം മറിഞ്ഞ് തന്നോട് ചേരുന്നതും ഒരു കൈ ചുട്ടുപൊള്ളുന്ന നെഞ്ചിലേയ്ക്ക് എടുത്തെറിയപ്പെടുന്നതും പുർവ്വജന്മസ്മൃതിയിലെന്ന പോലെ അയാൾ അറിഞ്ഞു. താൻ ഉറങ്ങുകയാണോ ഉണർന്നു കിടക്കുകയാണോയെന്ന് തീരുമാനിക്കാനാകാതെ മുഖം തിരിച്ച് വനജയെ നോക്കി. അവൾ ഒന്നു കൂടി ചേർന്നു കിടന്ന്, ശ്വാസം അയാളുടെ കഴുത്തിൽ പതിയ്ക്കുന്നത്ര അടുത്ത് കിടന്നു.

ഇരുട്ട് ഒരു വൻ ചുഴി പോലെ അയാളെ വട്ടം കറക്കി. മറുവശത്ത് വനജയുടെ ശരീരം അലയടിക്കുന്നതു കണ്ട് എത്തിപ്പിടിച്ച് കരകയറ്റാനാകാതെ ചൂഴ്നിലയിൽ‌പ്പെട്ട് ശ്വാസം മുട്ടി. കട്ടിൽ ഒരു ചങ്ങാടം പോലെയുലഞ്ഞു. കെട്ടുകളഴിഞ്ഞ് അടർന്നു പോകാൻ തുടങ്ങുന്ന പലകക്കഷ്ണങ്ങളെ ചേർത്തു പിടിക്കാൻ കൈകൾ നീട്ടിയപ്പോൾ ശൂന്യമായ ഒരു ചലനത്തിൽ കൈകൾ തന്നോടൊപ്പമില്ലെന്നറിഞ്ഞു. ഒരു വൃത്തം കഴിഞ്ഞപ്പോൾ തന്റെ ശരീരം ചങ്ങാടത്തിൽ പറ്റിച്ചേർന്ന നിലയിൽ ചുഴിയുടെ ഗർഭത്തിലേയ്ക്ക് ഒഴുകിയിറങ്ങുന്നത് കണ്ടു. നടുക്കത്തോടെ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ, ശരീരമില്ലാത്ത ഉറക്കത്തിനെ ആവാഹിക്കാനുള്ള പാഴ്ശ്രമമോർത്ത് പളുങ്കു പോലെ സുതാര്യമായ തന്റെ ബോധത്തിനെ ഇനിയെന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലായി.

അപ്പോൾ നിശ്ശബ്ദത നിറഞ്ഞ മുറിയിൽ, കലങ്ങി മറിയുന്ന ഇരുട്ടിൽ നോക്കിക്കിടക്കുമ്പോൾ, അയാൾക്ക് ഇനിയൊരിക്കലും വനജയെ ഉണർത്താനാവില്ലെന്ന് തോന്നി. എന്തോ അയാൾക്ക് ഭയത്തേക്കാൾ സങ്കടമാണ് തോന്നിയത്.

- ഭാഷാപോഷിണി, ഏപ്രിൽ 2013

13 comments:

  1. ഇതു പോലെയുളള നിരവധി കഥകള് ഇതിനു മുന്പ് പലയിടത്തും വായിച്ചിട്ടുളളതാണ്....പക്ഷെ ക്രാഫ്റ്റിന്റെ സൌന്ദര്യം കൊണ്ട് ഇത് വളരെ ഇഷ്ടപ്പെട്ടു. കഥാകാരന് അഭിനന്ദനങ്ങള്

    ReplyDelete
  2. വിശ്വസിക്കാനാവാതെ ഫലിതം പോലെ മരണം....

    ReplyDelete
  3. ആദ്യം വായിച്ചു തുടങ്ങിയപ്പോഴേ സംഭവം എവിടെ ചെന്നെത്തും എന്നത് ക്ലിക്കായിരുന്നു... എങ്കിലും വേറിട്ട ഒരു വായന തന്നെയായിരുന്നു... ആശംസകള്‍ ...

    ReplyDelete
  4. സുഹൃത്തുക്കളേ..ഇതൊരു മഹത്തായ കഥയാക്കണം എന്ന് വിചാരിച്ച് പണിയെടുത്ത് എഴുതിയതല്ല. രാത്രി പെട്ടെന്നൊരു തോന്നലിൽ ഒറ്റയിരിപ്പിന് എഴുതിയതാണ്. പിന്നീട് തിരുത്താനൊന്നും തോന്നിയില്ല.വായിച്ച് അഭിപ്രായം പറഞ്ഞവർക്കെല്ലാം നന്ദി....

    ReplyDelete
  5. നന്നായിട്ടുണ്ട്‌
    ആശംസകള്‍

    ReplyDelete
  6. ജയേഷ് ഈയിടെയായി ക്രാഫ്റ്റില്‍ മാത്രം ആണ് ശ്രദ്ധിക്കുന്നതെന്ന് തോന്നുന്നു ..

    ReplyDelete
    Replies
    1. സിയാഫ് ഭായ്..ശരിയാണ്..ക്രാഫ്റ്റ് ആണ് എനിക്ക് പ്രധാനമായി തോന്നുന്നത്

      Delete
  7. ഭയത്തെക്കാള്‍ സങ്കടമാണ് തോന്നിയത്

    ReplyDelete
  8. :) പരീക്ഷണങ്ങളില്‍ ഒന്നുകൂടി അല്ലെ ?

    ReplyDelete
  9. വായിച്ചു.....
    എന്താ പറയേണ്ടതെന്ന് അറിയില്ല.......

    ReplyDelete
  10. മരണത്തിന്റെ ശയ്യാവലംബങ്ങൾ...

    ReplyDelete
  11. ജയേഷ് - ആശംസകൾ ... ഉയരങ്ങളിൽ എത്തട്ടെ ..ഒരു പാട് നല്ല കഥകള എഴുതിയ ജയേഷിന്റെ ഇക്കഥയുടെ ഘടന ഒഴിച്ചാൽ ശൂന്യം .. ഇതിനേക്കാൾ അപ്പുരത്താനല്ലോ നിങ്ങളുടെ കഴിവുള്ളത് .. അത് കൊണ്ടാണ് ... നന്ദി

    ReplyDelete
  12. Athyugran!!! A strong Hitchcockian overtunes!

    ReplyDelete