കിഴവനും കടലും



കൊടുങ്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പ് റേഡിയോയിൽ തുടർച്ചയായി വന്നുകൊണ്ടിരുന്നു. അറിയിപ്പ് ആവർത്തിച്ച് മടുത്തിട്ടാണെന്ന് തോന്നുന്നു, അവർ കഴിഞ്ഞ വർഷങ്ങളിലെ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി. അപ്പോൾ കിഴവൻ സാന്തിയാഗോ റേഡിയോ ഓഫ് ചെയ്ത് തന്റെ പിഞ്ഞിത്തുടങ്ങിയ കൌബോയ് തൊപ്പി ധരിച്ച് വീട് പൂട്ടിയിറങ്ങി. മുറ്റത്ത് ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ കാറ്റിൽ പറന്നു പോകുമല്ലോയെന്ന് ആലോചിച്ച് പിന്നെ സാരമില്ലെന്ന മട്ടിൽ നടന്നു. കഴിഞ്ഞ വർഷത്തെ പേമാരിയിൽ അടർന്നു പോയ മേൽക്കൂര നന്നാക്കാനുള്ള പണം കണ്ടെത്തിയത് വളരെ ബുദ്ധിമുട്ടിയായിരുന്നു. ആരൊക്കെയോ സഹായിച്ചു. അതിന്റെ കടം ഇപ്പോഴും വീട്ടിയിട്ടില്ല. ഇനിയൊരു കൊടുങ്കാറ്റ് കൂടി താങ്ങാനുള്ള കരുത്ത് തന്റെ പഴയ വീടിനില്ലെന്ന തിരിച്ചറിവ് അയാളെ വിഷമിപ്പിച്ചു. കൊടുങ്കാറ്റിന്റെ ദേവനെ മനസ്സിൽ പ്രാർഥിച്ച് വെള്ള മണലിലൂടെ ശാന്തമായി തിരയടിക്കുന്ന കടൽക്കരയിലൂകടെ നടന്നു. തുന്നൽക്കാരൻ എൽദോയുടെ വീടായിരുന്നു ലക്ഷ്യം. എന്ത് പേമാരി വന്നാലും തന്റെ തുന്നൽ യന്ത്രത്തിൽ ദിവസവും രാവിലെ എണ്ണയൊഴിച്ച് കടൽക്കരയിലെ അന്തേവാസികളുടെ വസ്ത്രം തുന്നിക്കൊണ്ടിരിക്കും എൽദോ. കൂടുതലും കീറിയ ഭാഗങ്ങൾ തുന്നാനോ വലുപ്പം കുറയ്ക്കാനോ ആയിരിക്കും ആളുകൾ തുന്നൽക്കാരന്റെ അടുത്ത് പോകുക.

കടൽ ശാന്തമായിരുന്നു. തെളിഞ്ഞ ആകാശം. കൊടുങ്കാറ്റ് പോയിട്ട് ഒരു ചാറ്റൽ മഴ പോലും വരുന്ന ലക്ഷണമില്ല. ആറ് പതിറ്റാണ്ടുകളിലെ തന്റെ കടൽ ജീവിതത്തിൽ ഒരിക്കൽ പോലും തന്റെ പ്രവചനം തെറ്റിയിട്ടില്ലെന്ന് സാന്തിയാഗോ ഓർത്തു. ഏറ്റവും അവസാനം, അഞ്ച് വർഷങ്ങൾക്ക് മുമ്പ്, കടലിൽ പോയപ്പോൾ എന്തോ ഒരു തോന്നലുണ്ടായി. വിചാരിച്ചത് പോലെ ശാന്തതയിൽ നിന്നും കടൽ ഇളകി. ഒപ്പം വന്നിരുന്ന ബോട്ട് മറിഞ്ഞു.  കാണാതായ നാല് മീൻപിടുത്തക്കാർ. അവർക്ക് മുന്നറിയിപ്പ് നൽകി ബോട്ട് തിരിച്ചോടിക്കുന്നതിനിടയിലായിരുന്നു അവരെ കടൽ വിഴുങ്ങിയത്. അതിനുശേഷം, അവശമായിപ്പോയ ശരീരവും കൊണ്ട് കടലിനോട് മല്ലിടാനാകാതെ പണിയ്ക്ക് പോകുന്നത് നിർത്തി. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റേഡിയോ ആയി കൂട്ട്. ഇടയ്ക്ക് തുന്നൽക്കാരൻ എൽദോയുടെ കടയിൽ പോയിരിക്കും. അയാളുടെ രണ്ടാം ഭാര്യ റീത്ത കട്ടൻ ചായയോ ഉരുളക്കിഴങ്ങ് പുഴുങ്ങിയതോ കൊടുത്ത് സൽക്കരിക്കും. കിഴവൻ സാന്തിയാഗോ വരുന്ന ദിവസം കൃത്യമായി ഉരുളക്കിഴങ്ങ് പുഴുങ്ങുന്നതിന്റെ രഹസ്യം അറിയില്ലെന്ന് പറഞ്ഞ് അവൾ ചിരിക്കും.

ശരിയാണ്, താൻ എപ്പോഴൊക്കെ തുന്നൽക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോ അപ്പോഴെല്ലാം റീത്ത ഉരുളക്കിഴങ്ങ് പുഴുങ്ങുകയായിരിക്കും. അവൾ ചിലപ്പോൾ കപ്പ പുഴുങ്ങി കുടമ്പുളിയിട്ട് പറ്റിച്ചെടുത്ത മീൻ കറിയും ഉണ്ടാക്കും. എരിവു കാരണം വിയർക്കുമെങ്കിലും ഭൂമിയിലെ ഏറ്റവും രുചികരമായ ഭക്ഷണമാണതെന്ന് സാന്തിയാഗോ അവളെ പുകഴ്ത്തും. മൺ ചട്ടിയിൽ ബാക്കി വന്ന തലേന്നത്തെ മീൻ കറിയ്ക്കാണ് രുചിയെന്ന് അവൾ പറയും. പക്ഷേ മീൻ കറി വച്ചതിന്റെ അടുത്ത ദിവസം സാന്തിയാഗോ പോകാറുമില്ലല്ലോ.

‘ഇനി നീ ഞാൻ വരുന്നതിന്റെ തലേ ദിവസം മീൻ കറി വച്ചാൽ മതി’. സാന്തിയാഗോ ഒരിക്കൽ പറഞ്ഞു.

‘അപ്പോൾ ഉരുളക്കിഴങ്ങ് ആര് പുഴുങ്ങും?’ റീത്ത.

തുന്നൽക്കാരൻ തുന്നിക്കൊണ്ടിരുന്ന കുപ്പായത്തിന്റെ കുടുക്കുകൾ എണ്ണിനോക്കിയിട്ട് ചിരിച്ചു. ഇതിൽ എത്ര കുടുക്കുകൾ വച്ചാലും രണ്ടു ദിവസത്തിനകം പുതിയ കുടുക്ക് തുന്നാൻ കൊണ്ടുവരുന്ന ലാലിച്ചനെക്കുറിച്ച് പറഞ്ഞു. ലാലിച്ചൻ എപ്പോഴും തന്റെ വിരിഞ്ഞ നെഞ്ച് കാണിച്ച് ‘കണ്ടോ ഈ മസിൽ കാരണം കുപ്പായത്തിന്റെ കുടുക്കുകളെല്ലാം പൊട്ടിപ്പോണു. എന്ത് ചെയ്യാനാ’ എന്ന് പറഞ്ഞ് അഭിമാനം കലർന്ന വിഷമത്തോടെ നിൽക്കും.

കുറച്ചകലെ നിന്നേ തുന്നൽ യന്ത്രത്തിന്റെ ശബ്ദം കേട്ടു. തുന്നൽക്കാരന്റെ വീടിനോട് ചേർന്നുള്ള കടയിൽ നല്ല തിരക്കുണ്ടായിരുന്നു. കൊടുങ്കാറ്റ് വരുമെന്ന് വിചാരിച്ച് ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കായിരിക്കുമെന്ന് വിചാരിച്ച് സാന്തിയാഗോ ആകാശത്തിലേയ്ക്ക് നോക്കി. കടൽക്കാക്കകൾ മേയുന്ന ആകാശം ഉടഞ്ഞ വെള്ളമേഘങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരു പരുന്ത് വട്ടം വരച്ച് കളിക്കുന്നു. കടൽക്കരയിൽ കയറ്റിയിട്ടിരിക്കുന്ന വഞ്ചികളുടെ തണലിൽ ആരൊക്കെയോ ചീട്ട് കളിക്കുന്നുണ്ടായിരുന്നു. പണിയ്ക്ക് പോകാതിരിക്കാൻ ഒരു കാരണം നോക്കി നടക്കുന്ന അവരുടെ ഭാര്യമാർ ഇന്നത്തെ ദിവസം വഴക്ക് പറയാൻ സാധ്യതയില്ലെന്ന് സാന്തിയാഗോ തമാശയോടെ ഓർത്തു.

‘രാവിലെ ഉരുളക്കിഴങ്ങ് വാങ്ങി വരുമ്പോഴേ ഞാൻ ഓർത്തിരുന്നു. സാന്തിച്ചേട്ടൻ വരുമെന്ന്’ റീത്ത പറഞ്ഞു.

‘അതെ. ഇന്ന് നീ ഉരുളക്കിഴങ്ങ് വാങ്ങുമെന്ന് എനിക്കറിയാമായിരുന്നു.’

‘അതെങ്ങനെ?’

‘എൽദോയുടെ ആമക്കണ്ണട സ്വപ്നം കണ്ടപ്പോൾ’

എൽദോ തുന്നൽ നിർത്തി എന്തോ മറന്നത് പോലെ തുറിച്ചു നോക്കി. ശരിയാണ് കണ്ണട വയ്ക്കാൻ മറന്നിരിക്കുന്നു. ഏതോ സായിപ്പ് സമ്മാനിച്ചതാണ് ആമത്തോട് കൊണ്ടുള്ള ചട്ടമുള്ള ആ കണ്ണട എന്നാണ് തുന്നൽക്കാരൻ എൽദോ അഭിമാനത്തോടെ പറയാറുള്ളത്. ചിലപ്പോൾ ശരിയായിരിക്കും. പണ്ട്, വളരെപ്പണ്ട് ബിലാത്തിയിൽ നിന്നും വന്ന കുറേ സായിപ്പന്മാർ അടുത്തുള്ള പട്ടണത്തിൽ താമസിച്ചിരുന്നു. അന്ന് എൽദോ പട്ടണത്തിലെ ഒരു തുന്നൽക്കടയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. സായിപ്പന്മാർക്ക് ശീമ രീതിയിൽ കുപ്പായം തുന്നിക്കൊടുക്കാൻ അറിയാവുന്നത് എൽദോയ്ക്ക് മാത്രമായിരുന്നു. അപ്പോൾ എപ്പോഴെങ്കിലും സമ്മാനിച്ചതായിരിക്കും. പക്ഷേ അതിൽ ഇത്ര അഭിമാനിക്കാൻ എന്തിരിക്കുന്നെന്ന് സാന്തിയാഗോയ്ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

‘ബിലാത്തിയിലെ രാജ്ഞിയുടെ അടുത്തയാളായിരുന്നു ആ സായിപ്പ്. ഞാൻ തുന്നിക്കൊടുത്ത കാൽ സരായി ഇഷ്ടപ്പെട്ട് തന്നതാ. അല്ലാതെ വെറും ഊക്കിളി സായിപ്പല്ല…ഹും’

എൽദോ ദേഷ്യപ്പെടും. അയാൾ ജീവനേക്കാളും റീത്തയേക്കാളും സ്നേഹിക്കുന്നത് ആ കണ്ണടയെയാണെന്ന് തോന്നും.

എൽദോയുടെ റേഡിയോയിൽ കൊടുങ്കാറ്റ് തന്നെയായിരുന്നു അപ്പോഴും വിഷയം. അവർ ലോകത്തിലെ പ്രകൃതിദുരന്തങ്ങളുടെ കാര്യം ആവർത്തിച്ചു കൊണ്ടിരുന്നു.

‘അല്ലാ സാന്തിച്ചേട്ടാ…ശരിക്കും കൊടുങ്കാറ്റ് വരുമോ?’ റീത്ത ചോദിച്ചു.

‘ഇല്ല. വരില്ല.’

‘അപ്പോൾ ഇവരിങ്ങനെ പേടിപ്പിക്കുന്നതോ?’

‘കടലുമായി ഇത്രയും അടുപ്പമുള്ള നമ്മളേക്കാൾ ഉറപ്പുണ്ടാകുമോ ഈ റേഡിയോ പിള്ളേർക്ക്?’

‘അങ്ങനെ പറയരുത്. അവർക്ക് അതൊക്കെ അറിയാനുള്ള സൂത്രങ്ങൾ ഉണ്ട്.’ തുന്നൽക്കാരൻ ഇടപെട്ടു.

‘എന്ത് സൂത്രം?’

‘അതൊന്നും എനിക്കറിയില്ല. പണ്ട് ഒരു സായിപ്പ് എന്തോ ഒരു സാധനം വച്ച് ആകാശത്ത് നോക്കി മഴ പെയ്യുമെന്ന് പറഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്. കൃത്യമായി മഴ പെയ്യുകയും ചെയ്തു’

‘മഴ വരുമോന്നറിയാൻ അത്രയ്ക്ക് ബുദ്ധിമുട്ടുന്നതെന്തിനാ? ഞാൻ ഒരു യന്ത്രവും ഇല്ലാതെ പറയാല്ലോ. നാല് ദിവസം കഴിഞ്ഞ് ഇവിടെ നല്ല മഴ പെയ്യാൻ സാധ്യതയുണ്ട്.’

‘അതെന്താ അത്ര ഉറപ്പ്?’

‘കടൽക്കാക്കകളുടെ പറക്കൽ കണ്ടാൽ എനിക്ക് അറിയാം. മഴയാണോ കാറ്റാണോയെന്ന്.’

‘പുളു..വെറും പുളു.’

അപ്പോൾ തുന്നൽക്കാരന്റെ ഇളയ മകൻ എവിടെനിന്നോ ഓടിയെത്തി. അവന്റെ കൈയ്യിൽ ഒരു ശംഖ് ഉണ്ടായിരുന്നു.

‘ഇതെവിടന്ന് കിട്ടി?’ സാന്തിയാഗോ ചോദിച്ചു. അവൻ ദൂരേയ്ക്ക് ചൂണ്ടിക്കാണിച്ചു.

‘അറിയോ..ഇതിന്റെയുള്ളിലാ സ്രാവുകൾ കിടന്നുറങ്ങുന്നത്’ സാന്തിയാഗോ പറഞ്ഞു.

‘ചുമ്മാ കുട്ടികളെ പറ്റിക്കല്ലേ സാന്തിച്ചേട്ടാ.’ റീത്ത കട്ടൻ ചായയുമായി വന്നു.

‘സാന്തിയങ്കിൾ സ്രാവിനെ പിടിച്ചിട്ടുണ്ടോ?’

‘ഉണ്ടോന്നോ? ഞാൻ പണ്ടൊരു സ്രാവിനെ പിടിച്ച കഥ ലോകം മുഴുവൻ അറിഞ്ഞതല്ലേ. ഒരു അമേരിക്കക്കാരൻ അത് കഥയാക്കി എഴുതി സമ്മാനവും മേടിച്ചു.’

‘ഹോ…മതി സാന്തിച്ചേട്ടാ…പിള്ളേരെ ഇങ്ങനെ പറ്റിക്കല്ലേ.’ റീത്ത ചിരിച്ചു.

‘ഹ ഹാ…സാന്തിച്ചേട്ടൻ പിടിച്ച സ്രാവിനെ ഞങ്ങൾ ഒരു വർഷം കറി വച്ച് കഴിച്ചതാ’ തുന്നൽക്കാരൻ ചിരിച്ചു.

‘അപ്പോ ഇന്ന് കൊടുങ്കാറ്റ് വരില്ലെന്നാണോ പറയുന്നത്?’ റീത്ത ഉരുളക്കിഴങ്ങ് പുഴുങ്ങിയതിൽ ഉപ്പ് വിതറിക്കൊണ്ട് ചോദിച്ചു.

‘ഇല്ല. ഒരു കാറ്റും വരില്ല.’

‘വന്നാലോ?’ തുന്നൽക്കാരൻ വെല്ലുവിളിക്കുന്നത് പോലെ ചോദിച്ചു. സാന്തിയാഗോയുടെ നരച്ച താടി വിറയ്ക്കുന്നത് കണ്ട് റീത്ത കുലുങ്ങിച്ചിരിച്ചു. സാന്തിയാഗോയ്ക്ക് ദേഷ്യം വരുമ്പോൾ അങ്ങിനെയാണ്, താടി കിലുകിലേ വിറയ്ക്കും.

‘ഞാൻ പറഞ്ഞത് ഇന്നേ വരെ തെറ്റിയിട്ടില്ല. നീ നോക്കിക്കോ’ സാന്തിയാഗോ ഉരുളക്കിഴങ്ങ് ഒരു കഷ്ണം എടുത്ത് ചവച്ചു.

‘ഇത് ശരിക്ക് വെന്തിട്ടില്ല’ സാന്തിയാഗോ പറഞ്ഞു.

‘ശരിക്ക് വെന്തതാണല്ലോ’ റീത്ത ഒരു കഷ്ണം രുചിച്ചു നോക്കിയിട്ട് പറഞ്ഞു.

‘ഇല്ല…ഇങ്ങനെയല്ല ഉരുളക്കിഴങ്ങ് വേവിക്കുന്നത്’

സാന്തിയാഗോ എഴുന്നേറ്റ് പുറപ്പെടാൻ തുടങ്ങി.

‘സാന്തിച്ചേട്ടൻ പോകുകയാണോ?’ റീത്ത വിഷമത്തോടെ ചോദിച്ചു.

‘ഉം…തുണി ഉണങ്ങാനിട്ടിരിക്കുന്നു. കാറ്റ് വന്നാൽ എല്ലാം പറന്നു പോകും.’

‘അപ്പോ കാറ്റ് വരുമല്ലേ?’ തുന്നൽക്കാരൻ എൽദോ കളിയാക്കി.

അതിന് മറുപടി പറയാതെ സാന്തിയാഗോ ഇറങ്ങി നടന്നു. റേഡിയോയിൽ അപ്പോഴും കൊടുങ്കാറ്റ് തന്നെയായിരുന്നു വിഷയം.

19 comments:

  1. ഉരുളക്കിഴങ്ങ് നന്നായി വെന്തിട്ടുണ്ടല്ലോ

    ReplyDelete
    Replies
    1. 'ഉരുളക്കിഴങ്ങ് നന്നായി വെന്തിട്ടുണ്ടല്ലോ.'

      ഈ ഡയലോഗിനൊക്കെ ഒരുപാടർത്ഥങ്ങളുണ്ട് ട്ടോ കഥാകാരാ.!

      Delete
  2. ‘സാന്തിച്ചേട്ടൻ പോകുകയാണോ?’ റീത്ത വിഷമത്തോടെ ചോദിച്ചു.

    ‘ഉം…തുണി ഉണങ്ങാനിട്ടിരിക്കുന്നു. കാറ്റ് വന്നാൽ എല്ലാം പറന്നു പോകും.’

    ‘അപ്പോ കാറ്റ് വരുമല്ലേ?’ തുന്നൽക്കാരൻ എൽദോ കളിയാക്കി.

    അതിന് മറുപടി പറയാതെ സാന്തിയാഗോ ഇറങ്ങി നടന്നു. റേഡിയോയിൽ അപ്പോഴും കൊടുങ്കാറ്റ് തന്നെയായിരുന്നു വിഷയം.

    ഹാഹാഹാഹാഹാഹാ
    ഇങ്ങനീം ഒരു കഥ,രസമായിട്ടുണ്ട്,ഇഷ്ടമായി ട്ടോ.
    ആശംസകൾ.

    ReplyDelete
  3. അക്ഷരങ്ങള്‍ വളരെ ചെറുതാണ്. വായിക്കാന്‍ വിഷമം എങ്കിലും കൊതിയോടെ വായിച്ചു. തൃപ്തിയായില്ല.

    ReplyDelete
  4. kollaam.. oru english kadhayude mattundu ithinu...

    ReplyDelete
  5. തുടക്കത്തിലെ ശക്തി ഒടുക്കം ഇത്തിരി നഷ്ടമായി . എങ്കിലും നല്ല കഥ തന്നെ . നിസ്സംശയം .

    ReplyDelete
  6. ഹെമിങ്ങ് വേ വായിച്ച് ഒരു കഥാകൃത്ത് പ്രതികരിച്ചത്.....
    കഥ നന്നായിരിക്കുന്നു......

    ReplyDelete
  7. വെരി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ് സീ

    ReplyDelete
  8. തിരക്കിട്ട് ഓടിവന്ന് വഴിമദ്ധ്യേ ഞാനിവിടെ വന്നതെന്തിനെന്ന് മറന്ന ആ ഒരവസ്ഥ വീണ്ടും ഓര്‍മ്മിപ്പിച്ചു ഈ വായന.

    ReplyDelete
  9. തുടക്കവും ഇടക്കും നന്നായി പക്ഷേ അവസാനം എന്തോ ഒരു ഇത്...

    ReplyDelete
    Replies
    1. ഒരു ഹോളിഡേ മൂഡിൽ എഴുതിയതാണ്. ചുമ്മാ മടിപിടിച്ചിരുന്ന്, ഒരു കട്ടനും അടിച്ചിരിക്കുന്നതിന്റെ സുഖത്തിൽ...

      Delete
  10. സാന്തിയാഗോ .. എല്‍ദോ ...റീത്ത .... പിന്നെ പെട്ടെന്ന് ഒരു മഞ്ചട്ടി , കുടംപുളി , ലാലിച്ചന്‍ ... പ്ലോട്ട് കംപീറ്റ് മാറി പോയി കഥാകാരാ ........
    അല്‍പ്പം കൂടി സമയം എടുത്ത് എഴുതാമായിരുന്നു . :(

    ReplyDelete
  11. കഥ നന്നായിട്ടുണ്ട്. പക്ഷേ പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ ഒരു അവസാനം എന്ന പോലെ തോന്നി. എങ്കിലും കഥാപാത്രങ്ങൾ വായനക്കാരനെ വല്ലാതങ്ങ് ആകർഷിക്കുന്നു...

    ReplyDelete
  12. കഥ നന്നായി...
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍...

    ReplyDelete
  13. പഴയ സാന്തിയാഗോയാണെങ്കിൽ കാറ്റ് വരില്ലായിരുന്നു. പറഞ്ഞാൽ പറഞ്ഞതാ..
    കാലം ( ലോകം ) ഒരുപാട് മാറിപ്പോയി..

    ReplyDelete
  14. kollam. pakshe ithalla enikariyaavunna santiago.

    ReplyDelete
  15. Kadha ishtamaayi !
    "Old man & the sea" thanneyaanu enikkum ormma vannathu.
    But ithu athinte veritta oru version.
    Nannaayi !

    ReplyDelete