പുഷ്കിൻ



ഇന്ദു വന്നുചേരുന്നതോടെ പുതിയൊരു ജീവിതരീതിയിലേയ്ക്ക് താൻ വഴിമാറുമെന്ന് അയാൾക്ക് തോന്നിയിരുന്നു. സാമൂഹ്യവിരുദ്ധം എന്നൊന്നും പറയാവില്ലെങ്കിലും പരിചയക്കാരുടെയിടയിൽ മുറുമുറുപ്പുണ്ടാക്കിയിരുന്ന എന്നാൽ നിർദ്ദോഷകരമായ ജീവിതമായിരുന്നു അയാളുടേത്. പ്രധാനകാരണം അയാളുടെ മദ്യപാനം തന്നെ. ജോലിയ്ക്ക് പോകുമ്പോഴും ഉറങ്ങുമ്പോഴുമല്ലാത്ത മറ്റെല്ലാ സമയങ്ങളിലും അയാൾ മദ്യപിക്കുമായിരുന്നു. പറയത്തക്ക ദു:ഖകാരണങ്ങളൊന്നുമില്ലായിരുന്നെങ്കിലും ലഹരിയിൽ ആടിയാടിയുള്ള ജീവിതത്തിൽ അയാൾക്ക് എന്തൊക്കെയോ ദു:ഖങ്ങൾ മറവിയിലേയ്ക്ക് നാടുകടത്തപ്പെട്ടതായും സന്തോഷം കൊണ്ട് നിറഞ്ഞ ദിവസങ്ങൾ എത്തിച്ചേരുന്നതായിം തോന്നുമായിരുന്നു. മദ്യത്തിനൊപ്പം സിഗരറ്റിന്റെ പുക കൂടിയാകുമ്പോൾ അഗർബത്തിയുടെ സുഗന്ധമുള്ള വിശുദ്ധിയാർന്ന പൂജാമുറിയായി മാറും അയാളുടെ മനസ്സ്.

എന്നൊക്കെയാണെങ്കിലും ചില വാശികളൊക്കെ സൂക്ഷിക്കുന്ന കടും പിടുത്തക്കാരനായിരുന്നു അയാളിലെ കുടിയൻ. ബാറിൽ പോയി മദ്യപിക്കാൻ ഇഷ്ടപ്പെടാത്ത അയാൾ പുഷ്കിൻ എന്ന് പേരുള്ള വോഡ്ക മാത്രമേ കുടിക്കാറുള്ളൂ. പുഷ്കിൻ കിട്ടിയില്ലെങ്കിൽ നെക്സ്റ്റ് അവൈലബിൾ ചോയ്സ് എന്നതിനൊന്നും നിൽക്കാതെ അന്നത്തെ ദിവസം വിഷാദത്തിനെ ആവാഹിച്ചുവരുത്തി ഉന്മേഷം നഷ്ടപ്പെട്ടിരിക്കും. കവിത തീണ്ടാത്ത ഞരമ്പിലൂടെ പായുന്ന ചോരയെയോർത്ത് രാജ്യഭ്രഷ്ടനാക്കപ്പെട്ട രാജാവിനെപ്പോലെ കസേരയിൽ ചുരുണ്ടുകൂടിയിരിക്കും. ചിലപ്പോൾ ഏതെങ്കിലും സുഹൃത്ത് മദ്യപാനത്തിന് ക്ഷണിച്ചെന്നിരിക്കും. പക്ഷേ അയാൾ ക്ഷണം നിരസിക്കും. വേണ്ട, കിട്ടുന്നത് മോന്തി തൃപ്തിപ്പെടുന്ന ഒരു മൂന്നാം ലോകമദ്യപാനിയാവാൻ താല്പര്യമില്ല. അല്ലെങ്കിലും, പുഷ്കിൻ ഇല്ലെങ്കിലും മറ്റനേകം ബ്രാന്റുകൾ ലഭ്യമാണെങ്കിലും അയാളിലെ കുലീനനായ കരൾ മുഖം തിരിക്കുകയേയുള്ളൂ.

തുടങ്ങിയത് മദ്യത്തിൽ നിന്നല്ലല്ലോ, ഇന്ദുവിൽ നിന്നല്ലേ..ഇന്ദുവിനെ അയാൾ പരിചയപ്പെടുന്നത് കൃത്യം രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. എങ്ങിനെ, എവിടെയെന്നൊന്നും അയാൾക്ക് ഓർമ്മയില്ല. സുര്യനുദിക്കുന്നത് പോലെ, മഴ പെയ്യുന്നത് പോലെ തീവണ്ടി പുറപ്പെടുന്നത് പോലെ അതും സംഭവിക്കുകയായിരുന്നു. പരിചയപ്പെട്ട് കുറച്ചു നാളുകൾക്കകം തനിയ്ക്ക് അവളോട് പ്രണയമാണെന്ന് തോന്നിയ നിമിഷം അയാൾ ഓഫീസിലേയ്ക്ക് ഫോൺ ചെയ്തു. തിരക്കു പിടിച്ച സമയമാണെങ്കിലും ഒരു തരത്തിൽ അവധി തരപ്പെടുത്തി. ഒരു ഫുൾ ബോട്ടിൽ പുഷ്കിനുമായി ആലോചിച്ചിരുന്നു. പകുതി വോഡ്കയും ബാക്കി പകുതി സോഡയുമായി നുര പായുന്ന ചില്ലുഗ്ലാസിനെ കുറേ നേരം നോക്കിയിരുന്നു. ഗ്ലാസ്സിന്റെ അടിത്തട്ടിൽ നിന്നും അപാരവേഗത്തിൽ മുകളിലേയ്ക്ക് കുതിയ്ക്കുന്ന നുര കണ്ടപ്പോൾ അണ്ഡം ലക്ഷ്യമാക്കി പായുന്ന ബീജങ്ങളെയാണ് അയാൾക്ക് ഓർമ്മ വന്നത്. പെട്ടെന്നൊരു ഉത്തേജനത്തിൽ ഒറ്റ വലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കി. പിന്നെയൊരു പെഗ് കൂടി. തലച്ചോറിലെ ഞരമ്പുകൾക്ക് തീ പിടിക്കാൻ തുടങ്ങിയപ്പോൾ അയാൾ മൊബൈലെടുത്ത് അവളുടെ നമ്പർ അമർത്തി. സാധാരണ ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ജാള്യതയും സംഭ്രമവും അയാൾക്ക് തോന്നിയതേയില്ല. കാര്യം തുറന്നു പറഞ്ഞു. അവൾ അപ്പുറത്ത് ഞെട്ടുമെന്നും സംഭാഷണം നിർത്തുമെന്നും പ്രതീക്ഷിച്ച അയാളെ നിലം പരിശാക്കിക്കൊണ്ട് അവൾ സമ്മതം മൂളി.

അങ്ങിനെ രണ്ട് വർഷങ്ങൾ കടന്നു പോയി. ആദ്യമെല്ലാം അയാളുടെ ശീലങ്ങൾ അറിയില്ലാരുന്ന അവളിൽ നിന്നും പരാതികളൊന്നും കേൾക്കേണ്ടി വന്നില്ല. ഒരു ദിവസം താൻ മദ്യപിയ്ക്കുമെന്ന് വെളിപ്പെടുത്തിയപ്പോൾ അവളുടെ മുഖം വാടിയത് മാത്രം ഓർമ്മയുണ്ട്. പ്രതീക്ഷിക്കാവുന്ന ഉപദേശങ്ങളും ശകാരങ്ങളും അവളിൽ നിന്നും പുറത്തു ചാടി. വിവാഹം കഴിക്കണമെങ്കിൽ എല്ലാ ശീലങ്ങളും ഉപേക്ഷിക്കണമെന്ന് അവൾ ഉപാധി വച്ചു. അയാൾ സമ്മതിച്ചു. തലയിൽ തൊട്ട് സത്യം ചെയ്തു. ഇനിയൊരിക്കലും മദ്യപിയ്ക്കില്ലെന്ന് തീരുമാനമെടുക്കുമ്പോൾ പുഷ്കിൻ ഒരു ഫുൾ കാലിയായിരുന്നു.

അങ്ങിനെ ഒരു നല്ല ദിവസം ഇന്ദു മാനസികമായും ശാരീരികമായും അയാളുടെ ജീവിതത്തിലേയ്ക്ക് വലതുകാൽ വച്ച് കയറി. അവൾ വരുന്നത് പ്രമാണിച്ച് അയാൾ ഭേദപ്പെട്ട വേറൊരു വീട് വാടകയ്ക്കെടുത്തിരുന്നു. ഒരു ചെറിയ ഹാളും കിടപ്പുമുറിയും (കുളിമുറി അറ്റാച്ച്ഡ്) അടുക്കളയും ഉള്ള ഒരു ചെറിയ വീട്. ഇന്ദുവിന് വലിയ ഇഷ്ടമായെന്ന് തോന്നി. അവൾ വന്ന ദിവസം തന്നെ ഓടിനടന്ന് വീട് വൃത്തിയാക്കാൻ തുടങ്ങി. പുസ്തകങ്ങളും തുണികളും അടുക്കി വച്ചു. മുറികളെല്ലാം കഴുകിത്തുടച്ചു. കുളിമുറി കഴുകി. അടുക്കളയിൽ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി അയാളെ ഏൽ‌പ്പിച്ചു. എല്ലാത്തിനുമൊടുവിൽ അയാളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനും മറന്നില്ല.

എത്ര പെട്ടെന്നാണ് അവളൊരു വീട്ടമ്മയായി മാറിയതെന്ന് അയാൾ അതിശയിച്ചു. ഉത്തരവാദിത്തമുള്ള ഭാര്യ. തന്നെ സ്നേഹിക്കാനും ശകാരിക്കാനും നേർവഴിക്ക് നടത്താനും അധികാരമുള്ള ഭൂമിയിലെ ഒരേയൊരാൾ. താൻ ഭാഗ്യവാനാണെന്ന ചിന്തയിൽ അയാളുടെ മനസ്സ് തുടിച്ചു. ഒപ്പം കിടപ്പുമുറിയിലെ അലമാരയുടെ മുകളിൽ ഒരു കുപ്പി പുഷ്കിൻ ഒളിച്ചിരിക്കുന്നുണ്ടെന്ന ഓർമ്മയും. അതെ, അതാണ് സത്യം. ഞരമ്പുകൾക്ക് തളർച്ച തോന്നിയതിന്റെ രഹസ്യം അയാൾക്ക് വെളിപ്പെട്ടു. ഇപ്പോൾ അല്പം മദ്യം ശരീരം ആവശ്യപ്പെടുന്നുണ്ട്. ഇന്ദുവിന്റെ ഉമ്മകൾക്ക് ഉണർത്താൻ കഴിയാത്ത എണ്ണമറ്റ ഇന്ദ്രിയങ്ങൾ തന്നിൽ ഉറങ്ങിക്കിടക്കുന്നുണ്ട്. അതിനെയെല്ലാം ഉണർത്താൻ സോദയിൽ കിടന്ന് നുരയ്ക്കുന്ന പുഷ്കിനേ കഴിയൂ. പക്ഷേ വന്നു കയറി രണ്ടാം ദിവസം തന്നെ അവളുടെ മുന്നിൽ വച്ച് കുപ്പിയെടുക്കാനും ഒഴിക്കാനും കുടിക്കാനും അയാൾക്ക് ധൈര്യം വന്നില്ല. അവൾ പിണങ്ങിപ്പോകുമോയെന്ന ഭയം തന്നെയായിരുന്നു കാരണം. പിന്നീടയാൾ അവിശ്വസനീയമായി സ്വയം നിയന്ത്രിച്ചു.

വിവാഹത്തിനായി അയാൾ ഒരാഴ്ച അവധിയെടുത്തിരുന്നു. ഒരു ദിവസം ഇന്ദുവിനേയും കൂട്ടി അയാൾ സിനിമയ്ക്ക് പോയി. തിരിച്ചു വരുന്ന വഴി ഹോട്ടലിൽ നിന്നും ആഹാരം കഴിച്ചു. അവൾ എല്ലാം ആസ്വദിച്ചെന്ന് തോന്നി. അധികം ആഗ്രഹങ്ങളൊന്നുമില്ലാത്ത ഭാര്യയായിരുന്നു അവൾ. അയാൾ എപ്പോഴും അരികിലുണ്ടാകണമെന്ന് മാത്രമായിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്. എന്തെങ്കിലും ആവശ്യത്തിനായി അയാൾ പുറത്തേയ്ക്ക് പോയാൽ തിരിച്ചെത്തുന്നത് വരെ അവൾ വാതിൽക്കൽ കാത്തു നിൽക്കും. പക്ഷേ അയാൾക്കാകട്ടെ നാലാം ദിവസം തൊട്ട് പുഷ്കിൻ എന്ന് ഒറ്റ വിചാരം മാത്രമായി മാറി. പുറത്തേയ്ക്ക് പോകുമ്പോൾ സ്വാഗതം എന്നെഴുതിയ ബാറുകൾ അയാളെ ക്ഷണിക്കും. ഏറെ നേരത്തെ പിരിമുറുക്കങ്ങൾക്കൊടുവിലാണ് അതിൽ നിന്നും രക്ഷപ്പെടുക. അഞ്ചാമത്തെ ദിവസം പുഷ്കിനെ പുറത്തെടുക്കുക തന്നെ വേണമെന്ന് അയാൾ തീരുമാനിച്ചു. അവളറിഞ്ഞാൽ ഭൂകമ്പമുണ്ടായേക്കാം, ആകാശം ഇടിഞ്ഞു വീണേക്കാം, അവൾ ഇറങ്ങിപ്പോകുകയോ വാവിട്ട് കരയുകയോ ചെയ്തേക്കാം. ഇല്ല ഒരു പെണ്ണിനെ പേടിച്ച് ഉപേക്ഷിക്കാവുന്നതല്ല ചില ചിരകാലബന്ധങ്ങൾ. അവൾ പോകുന്നെങ്കിൽ പോകട്ടെ. തന്നെ വെറുക്കട്ടെ. എന്നെല്ലാം ആലോചിച്ച് അയാൾ അന്നത്തേയ്ക്കുള്ള പച്ചക്കറിയും വാങ്ങി വീട്ടിലേയ്ക്ക് നടന്നു. അവൾ വാതിൽക്കൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഫാനിന്റെ ചുവട്ടിലിരുന്ന് വിയർപ്പാറ്റുമ്പോൾ അവൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു.

‘ശ്രീയേട്ടാ..’ അവൾ വിളിച്ചു.

‘ഉം?’

‘എന്താ മുഖത്തൊരു വല്ലായ്ക? ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുകയാ…എന്നെ ഇഷ്ടമായില്ലേ?’

‘അങ്ങിനെയൊന്നുമില്ല…അലച്ചിലല്ലായിരുന്നോ..അതിന്റെ ക്ഷീണമാ..’

‘അല്ല…വേറെ എന്തോ ഉണ്ട്…എനിക്കറിയാം..’

‘എന്ത്?’

‘ഉം…എനിക്കറിയാം…’ എന്ന് പറഞ്ഞ് അവൾ കുളിയ്ക്കാനുള്ള പുറപ്പാടുകൾ തുടങ്ങി. അത് അയാളിൽ ചില ആശയങ്ങൾക്ക് വഴിതെളിച്ചു. അവൾക്ക് കുളിക്കാൻ ഒരുപാട് സമയം വേണം. കുറഞ്ഞത് അര മണിക്കൂറെങ്കിലും കഴിഞ്ഞേ പുറത്തിറങ്ങൂ. ആ തക്കത്തിന് ഒരു പെഗ് വീശി പുതച്ച് മൂടി കിടന്നാൽ മതി. ഉറങ്ങുന്നതായി നടിച്ചാൽ മതി.

സ്വന്തം ബുദ്ധിശക്തിയിൽ അയാൾക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഇടതൂർന്ന മുടിയിൽ പാരച്യൂട്ട് എണ്ണ തടവുകയായിരുന്ന അവളെ അയാൾ ഉൾച്ചിരിയോടെ നോക്കി.

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ഇന്ദു ടവലും വസ്ത്രങ്ങളുമെടുത്ത് കുളിമുറിയിലേയ്ക്ക് കയറി വാതിലടച്ചു. ഏതാനും നിമിഷങ്ങൾ കൂടി അയാൾ കാത്തിരുന്നു. എന്തെങ്കിലും ആവശ്യത്തിന് അവൾ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. വെള്ളം കോരിയൊഴിക്കുന്ന ശബ്ദം കേട്ടപ്പോൾ അയാൾ എഴുന്നേറ്റ് ചെന്ന് പുഷ്കിനെ പുറത്തെടുത്തു. വർഷങ്ങൾക്കു മുമ്പ് പിരിഞ്ഞു പോയ ചങ്ങാതിയെ യാദൃശ്ചികമായി കണ്ടുമുട്ടിയ സന്തോഷമായിരുന്നു അയാൾക്കപ്പോൾ തോന്നിയത്. സോഡ ഇല്ലന്നേയുള്ളൂ. പുഷ്കിൻ കവിത പോലെ അയാളിലേയ്ക്കിറങ്ങിച്ചെന്ന് സിരകളിൽ ഊർജ്ജം നിറച്ചു. നിർവൃതിയിൽ കുറച്ചു നേരം മുഴുകി അയാൾ ഒരു പെഗ് കൂടി ഒഴിക്കുമ്പോൾ പിന്നിൽ നിന്നും ഒരു തേങ്ങൽ കേട്ടു.

പതിവിന് വിപരീതമായി വേഗത്തിൽ അവൾ കുളി കഴിഞ്ഞെത്തിയിരിക്കുന്നു.

‘ഇതാ ഞാൻ പറഞ്ഞത്..എനിക്കറിയാമെന്ന്…’ അവൾ തേങ്ങലിനിടയിൽ പറഞ്ഞു.

‘അത്..’

‘ശ്രീയേട്ടാ…നമ്മൾ ഒന്നിച്ച് ജീവിക്കുമ്പോൾ എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൂടി പരിഗണിക്കണ്ടേ….അതില്ലെങ്കിൽ‌പ്പിന്നെ എനിക്കെന്ത് വിലയാണുള്ളത്?’

അയാൾ ഒരു നിമിഷം ചിന്തിച്ചു. അവൾ പറഞ്ഞതിൽ കാര്യമുണ്ട്. അവൾ വെറുമൊരു പെണ്ണല്ല. തന്റെ ഭാര്യയാണ്. ജീവിതമാണ്. മരണം വരെ ഒന്നിച്ച് ജീവിക്കേണ്ടവളാണ്. തന്നെ സ്നേഹിക്കുകയും വച്ചുവിളമ്പിത്തരുകയും ശരീരം പങ്കിടുന്നവളുമാണ്. അവൾക്ക് വില കൊടുത്തില്ലെങ്കിൽ പിന്നെയാർക്കാണ്? ചിന്തകളിൽ അയാളുടെ ലഹരിയിറങ്ങി. അത്രയും ദു:ഖത്തോടെ അയാൾ പറഞ്ഞു.

‘ശരിയാണ്. നീയല്ലാതെ എനിക്കാരാണുള്ളത്…പരസ്പരം ഇഷ്ടങ്ങൾ പങ്കു വയ്ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതിനല്ലേ നമ്മൾ വിവാഹം കഴിച്ചത്..എന്റെ ഇഷ്ടങ്ങൾ ഞാൻ ബലി കൊടുക്കാം…നിന്റെ ഇഷ്ടം മാത്രമേ ഇനി മുതൽ ഈ വീട്ടിൽ നടപ്പുള്ളൂ..’

അത് കേട്ട് അവളൊന്ന് പതറി. അരുതാത്തതെന്തോ പ്രവർത്തിച്ചത് പോലെ നാവു കടിച്ചു. കണ്ണുകൾ നിറഞ്ഞു. എന്നിട്ട് അയാളുടെ ജീവിതത്തിലെ ഏറ്റവും നടുക്കുന്ന കാഴ്ച അയാൾ കണ്ടു.

ഒഴിച്ചു വച്ചിരുന്ന പുഷ്കിനെ അവൾ ഒറ്റവീർപ്പിന് അകത്താക്കി. ചുവന്നു പോയ കണ്ണുകളുമായി അയാളെ കെട്ടിപ്പിടിച്ചു.

പുഷ്കിൻ വെറുമൊരു കവിയല്ല, പ്രണയത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത ധീരനുമാണ്.

17 comments:

  1. ഹഹഹഹ ...എന്നാലും ഈ പുഷ്കിന്‍ തകര്‍ത്തു ... കഥ അസ്സലായി .. :) അപ്രതീക്ഷിത ക്ലൈമാക്സ് :)

    ReplyDelete
  2. ഒഴിച്ചു വച്ചിരുന്ന പുഷ്കിനെ അവൾ ഒറ്റവീർപ്പിന് അകത്താക്കി. ചുവന്നു പോയ കണ്ണുകളുമായി അയാളെ കെട്ടിപ്പിടിച്ചു.
    ഇന്ദുവിന് നല്ല കപാസിറ്റി ആണന്നു തോന്നുന്നല്ലോ. നല്ല കഥ

    ReplyDelete
  3. മേഡ് ഫോര്‍ ഈച് അദര്‍

    ReplyDelete
  4. കടിക്കാന്‍ ഒരു പച്ചമുളകോ ,വറുത്ത താമരക്കിഴങ്ങോ കൊടുക്കാത്ത ഈ മെയില്‍ ഷോവിനിസ്റ്റ് പന്നിയെ എന്ത് ചെയ്യണം ?

    ReplyDelete
    Replies
    1. അടി തുടങ്ങിയിട്ടല്ലേയുള്ളൂ...വേണ്ടാത്ത ശീലങ്ങളൊക്കെ പിന്നീട് പഠിപ്പിക്കാം എന്ന് വിചാരിച്ചാവും

      Delete
  5. ഒരു മദ്യത്തിന്റെ പേരില്‍ തുടങ്ങി ഒരു കഥ ഡവലപ്പ് ചെയ്തെടുത്തത് ഇഷ്ടപ്പെട്ടു. പക്ഷെ, കഥ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.ക്ലൈമാക്സ് ഇതാവുമെന്ന് പ്രതീക്ഷിച്ചിരുന്നു.. അത് ഇത്തരം ചിന്തകള്‍ ഒട്ടേറെ ഫെയ്സ്ബുക്കിലും മറ്റു ചില ബ്ലോഗുകളിലും കണ്ടിട്ടുള്ളത് കൊണ്ട് തന്നെയാവാം. മേല്‍കമന്റ് ചെയ്ത അനാമിക തന്നെ ഇത്തരത്തില്‍ ഒരു കഥ എഴുതിയിട്ടുണ്ട് എന്ന് ഓര്‍മ്മ..

    ReplyDelete
    Replies
    1. ഉവ്വ് മനോ ... ഞാന്‍ എഴുതിയിടുണ്ട് .. പക്ഷെ അതിത്രേം രസകരമായിരുന്നില്ല .

      Delete
  6. കൊള്ളാം..... എല്ലാ പെണ്ണുങ്ങളും ഇങ്ങിനെ ആയിരുന്നെങ്കില്‍ ഈ ഭൂമി എത്ര സുന്ദരസുരഭിലസൗരഭ്യപുരിതസ്വര്‍ഗമായേനെ....

    ReplyDelete
  7. കഥ തരക്കേടില്ലായിരുന്നു . ഇവിടെ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്ന നിലവാരം കിട്ടിയില്ല .
    ഇതുപോലൊരു ഭാര്യയെ കിട്ടാൻ കോടി പുണ്യം ചെയ്യണം :(

    പിന്നെ പുഷ്ക്കിന്റെ കൂടെ സോഡാ മാറ്റിയിട്ട് ഓറഞ്ച് നീരോ , നാരങ്ങയോ ചേർത്ത് നോക്കിയാലോ ... സംഗതി കിടിലൻ ആയിരിക്കുമോ ?

    ReplyDelete
  8. നന്നായിട്ടുണ്ട്‌
    ആശംസകള്‍

    ReplyDelete
  9. ക്ലൈമാക്സ് ഇഷ്ടമായി :)

    ReplyDelete
  10. ഹ്ഹ്ഹ്ഹ്ഹ് അടിപൊളി

    ReplyDelete
  11. നന്നായി അവതരിപ്പിച്ചു.അണ്ഡം ലക്ഷ്യമാക്കി പായുന്ന ബീജങ്ങളെയാണ് അയാള്‍ക്ക് ഓര്‍മ്മ വന്നത്-ഇത്തരം പ്രയോഗങ്ങള്‍ പഴങ്കഥകളിലേതാണ്.പുതിയ കഥയ്ക്ക് ഇതൊക്കെ ഒഴിവാക്കാനാകും.

    ReplyDelete
  12. നല്ല ഒഴുക്കോടെ വായിച്ച കഥ ഇഷ്ട്ടപ്പെട്ടു ..

    ReplyDelete
  13. ഏഴാമത്തെ ഖണ്ഡിക അശ്രദ്ധമായി എഴുതിയ പോലെ .. അകെ മൊത്തം കുഴപ്പമില്ല .. നല്ല കഥകളുമായി മുന്നോട്ടു പോകാൻ പ്രാർത്ഥന ... അപ്പോൾ നമ്മൾ ഇവിടെ വെച്ച് ഫോളോവർ ആകുന്നു .. നന്ദി :)

    ReplyDelete
  14. കഥയുടെ തുടക്കത്തില്‍ ഒരു " STATUTORY WARNING " ബോര്‍ഡ്‌ വെക്കുന്നത് നന്നായിരിക്കും.....അല്ലെങ്കില്‍ ഇനി ബ്ലോഗ്ഗിങ്ങില്‍ സെന്‍സര്‍ബോര്‍ഡ് വന്നാല്‍ കുഴപ്പമാകും.

    ReplyDelete