(അലി ഡെബ്
1941ല്‍ ടുണീഷ്യയില്‍ ജനിച്ചു. കവിയും കഥാകൃത്തും നാടകരചയിതാവുമാണ്. നാടകങ്ങള്‍ ടുണീഷ്യന്‍ റേഡിയോയില്‍ വായിക്കപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ടുണീഷ്യന്‍ റൈറ്റേഴ്സ് യൂണിയനിലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.)ത്രീ പീസ് സ്യൂട്ട്
ഈ മാസം, ആദ്യമായിട്ട്, വീട്ടുചെലവുകളുടെ ബഡ്ജറ്റ് ഒത്തു വന്നു….… കുറച്ച് ലാഭിക്കാനും കഴിഞ്ഞു. എന്താണെന്നറിയില്ല, ഞാന്‍ എന്റെ പതിവുകള്‍ക്കെതിരായി ഒരു നല്ല ത്രീ പീസ് സ്യൂട്ട് വാങ്ങിച്ചു, ഒന്നാന്തരം നീല ഇംഗ്ലീഷ് തുണിയില്‍ തുന്നിയത്- നല്ല തെളിച്ചമുള്ള ആകാശം പോലെ - അതില്‍ തുന്നല്‍ക്കാരന്റെ കരവിരുത് പ്രകടമായിരുന്നു, സ്യൂട്ടും ഞാനും ഒരുമിച്ച് ജനിച്ചതു പോലെ, ഒന്നായ പോലെ…. ബട്ടനുകള്‍ മിടുക്കനായ നാവികന്റെ തോളിലെ നക്ഷത്രങ്ങള്‍പോലെ തിളങ്ങും. തുണിക്കടക്കാരന്‍ പറഞ്ഞത് അത് അത്ര വലിയ വിലയൊന്നുമല്ലെന്നാണ്, ഞാന്‍ തലയുയര്‍ത്തി നിന്ന് സ്വയം പറഞ്ഞു, ‘നിങ്ങള്‍ വസ്ത്രം ധരിക്കുന്നത് എങ്ങിനെയാണെന്ന് പറയൂ, നിങ്ങളാരാണെന്ന് ഞാന്‍ പറയാം.’
ഞാന്‍ ഒട്ടും മടിക്കാതെ പ്രധാനവീഥിയിലുള്ള മുന്തിയ കഫേയിലേയ്ക്ക് നടന്നു. പ്രതീക്ഷിച്ചതുപോലെ, എന്റെ കൂട്ടുകാര്‍ എന്റെ ചുറ്റും കൂടി, അവരുടെ വിരലുകള്‍കൊണ്ട് തൊട്ടും തലോടിയും. ഞാനൊന്ന് ഞെളിഞ്ഞു, ഒരു മയിലിനെപ്പോലെ അഹന്തയോടെ, എന്നിട്ട് പേപ്പര്‍ തൂവാലകളും സിഗരറ്റും നിറഞ്ഞ പൊതിതുറന്ന് അവര്‍ക്ക് കൈകള്‍ തുടയ്ക്കാന്‍ കൊടുത്തു. ‘ഞാനങ്ങനെ പുക വലിക്കാറില്ല, പക്ഷേ എനിക്കത് വലിയ ഇഷ്ടമാണ്, എന്തൊരാനന്ദം!‘ ഒരു കൂട്ടുകാരന്‍ പറഞ്ഞു.
‘സാധാരണ സിഗരറ്റ് ടാറും നിക്കോട്ടിനും നിറഞ്ഞതാണ്’ ഞാന്‍ പിറുപിറുത്തു.
സ്വാഭാവികമായും, കുടിച്ചതിന് ഞാന്‍ പണം കൊടുക്കുകയും നന്നായി സേവിച്ച വെയ്റ്റര്‍ക്ക് ടിപ്പ് കൊടുക്കുകയും ചെയ്തു. ഞങ്ങള്‍ വിലക്കയറ്റത്തേയും ഉയരുന്ന ജീവിതച്ചെലവുകളേയുംകുറിച്ച് സംസാരിച്ചു.
അപ്പോള്‍ അതിലൊരാള്‍ എന്റെ ചെവിയില്‍ സ്വകാര്യംപറഞ്ഞു, ‘ഇതെന്ത് ഷര്‍ട്ടും ടൈയ്യുമാണ്?’ എന്നിട്ടവന്‍ എന്നെ ഉയര്‍ന്നനിലവാരമുള്ളതിന് പ്രശസ്തവും വളരെ വൈവിദ്ധ്യമുള്ളതുമായ ഒരു കടയിലേയ്ക്ക് കൊണ്ടുപോയി. അവന്റെ താല്പര്യവും ആദരവും എന്റെ പോക്കറ്റ് കാലിയാക്കിയെന്ന് മാത്രമല്ല കഷ്ടിച്ച് വീട്ടിലെത്താനുള്ള പണമേ മിച്ചം വന്നുള്ളൂ.
പിന്നെ ഒരാഴ്ചത്തേയ്ക്ക്, ഞാന്‍ എന്റെ ചെലവുകള്‍ നിയന്ത്രിക്കുന്നതിലും സ്വയം നിയന്ത്രിക്കുന്നതിലും മുഴുകി. മുട്ട, വെണ്ണ എന്നിങ്ങനെയുള്ള ആര്‍ഭാടങ്ങള്‍ ഒഴിവാക്കി. ഇറച്ചിയും സിഗരറ്റും ഉപയോഗിക്കുന്നത് പകുതിയായി കുറച്ചു. കൂട്ടുകാരോടൊപ്പമുള്ള വിനോദങ്ങളും കുറച്ചു…. എങ്ങിനെയൊക്കെയോ ചിലവുകള്‍ വരുതിയിലാക്കാന്‍ സാധിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ, അപ്പോഴും എന്റെ മീശ വെട്ടി വൃത്തിയാക്കാന്‍ മറന്നില്ല, നല്ല ഷേവിങ് ചെയ്ത് മുഖം മിനുസമാക്കാനും, ആഫ്റ്റര്‍ ഷേവ് പൂശാനും മറന്നില്ല.
ഞാനങ്ങനെ, അലസമായി, അല്പം അഭിമാനത്തോടെ, പ്രധാനതെരുവില്‍, പെണ്ണുങ്ങളുടെ നോട്ടങ്ങളെ ശ്രദ്ധിച്ച്, അവരുടെ നോട്ടം സൂക്ഷ്മവും പ്രത്യേകതാല്പര്യങ്ങള്‍ അടങ്ങിയതുമാണ്…. എനിക്ക് കേട്ടതായി തോന്നി, “നിങ്ങളുടെ കുഴപ്പം ഷൂവിലാണ്”. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചെറുപ്പക്കാരി പെണ്ണിനെ കണ്ടു. ഞാന്‍ എന്റെ ഷൂവിന്റെ പ്രായം എണ്ണി നോക്കി. ഹോ, എത്ര പെട്ടെന്നാണ് മാസങ്ങള്‍ പോകുന്നത്. “അപ്പോള്‍ എനിക്കും പൂര്‍ണ്ണതയ്ക്കുമിടയില്‍ ഒരു ഷൂവാണുള്ളത്!”. ഞാന്‍ ലിബെര്‍ട്ടി അവന്യൂവില്‍നിന്നും ഒരു ജോഡി തിരഞ്ഞെടുത്തു, എന്നിട്ട് കൂട്ടുകാരുടെ അടുത്തേയ്ക്ക് തിരിച്ചുപോയി. അവര്‍ അവരുടെ നാടകീയമായ പ്രതികരണങ്ങള്‍ എന്നെ കാണിച്ചെങ്കിലും ഞാന്‍ ഒരു രുചിയുള്ള കാപ്പിയിലേയ്ക്ക് പോയി സമാധാനപ്പെട്ടു, വില അല്പം കൂടുതലായിരുന്നെങ്കിലും. ഞാന്‍ വേറെയൊരു സ്ഥലം പറയാന്‍ വിചാരിച്ചെങ്കിലും ഉപേക്ഷിച്ചു, ഈ കഫേ എന്റെ രീതികള്‍ക്ക് ചേരുന്നതായിരുന്നു. എന്റെ പ്രതികരണം നീളമുള്ളതും ഉചിതമായതുമായ ഒരു ദീര്‍ഘനിശ്വാസമായിരുന്നു.
വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍, കാലാവസ്ഥ തകിടം മറിഞ്ഞ് മഴത്തുള്ളികള്‍ എന്റെ അഭിമാനമായ മൂക്കില്‍ പതിച്ചു. “വിശ്വസിക്കാന്‍ കൊള്ളാത്ത ആകാശം”, എന്നിട്ട് ഞാന്‍ കേടുവന്നതാണെങ്കിലും കൈയ്യിലുണ്ടായിരുന്ന കുട നിവര്‍ത്തി.
ബാഴ്സലോണ ചത്വരത്തില്‍, എന്നെ ഭിക്ഷക്കാര്‍ വളഞ്ഞു. അവരുടെ ഇരുണ്ട മുഖങ്ങള്‍, നീട്ടിപ്പിടിച്ച കൈകള്‍ പിന്നെ യാചന എന്നിവയെല്ലാം എന്നെ അസ്വസ്ഥനാക്കി. അവര്‍ മൂന്ന് പേരുണ്ടായിരുന്നു, ഞാന്‍ അമ്പത് മില്ലിമെം വീതം അവര്‍ക്ക് കൊടുത്തു, എന്നിട്ട് അവരുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടു, ഞാനൊന്ന് ആശ്വസിച്ചതേയുള്ളൂ, അപ്പോള്‍ അവരുടെ നേതാവ് എന്റെ പിന്നാലെ വന്നു, എന്നിട്ട് ആ നാണയം എല്ലാവരേയും പ്രദര്‍ശിപ്പിച്ചു കൊണ്ട് പറഞ്ഞു “നിങ്ങള്‍ക്ക് കൂടുതല്‍ തരാന്‍ കഴിയും”,. ഞാന്‍ ഇരട്ടി പണംകൊടുത്ത് അവന്റെ വായടപ്പിച്ചു.
ഞാന്‍ ജാഗ്രതയോടെ നടന്നു, നടപ്പാതയിലൂടെ, പൊടിയും വഴിയാത്രക്കാരുടെ തിരക്കില്‍ നിന്നും ഒഴിഞ്ഞ്. ഞാന്‍ ബസ്സുകളേയും ആള്‍ക്കൂട്ടത്തേയും ഒഴിവാക്കി ഒഴുകി, എന്റെ ഷൂവും വസ്ത്രവും മുഷിയാതെ, ഇടയ്ക്കിടെ ഷൂ പോളീഷ് ചെയ്ത് വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട്, ഇടയ്ക്ക് വസ്ത്രമുണക്കാന്‍ അടുപ്പിനരികില്‍ വച്ച്. ജനുവരിയിലെ തണുപ്പ് പെട്ടെന്ന് ഓര്‍മ്മയിലെത്തിയപ്പോള്‍ ഒരു കോട്ടും തണുപ്പുകാലത്തേയ്ക്കുള്ള വസ്ത്രങ്ങളും വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. ഒരു ലോണ്‍ എടുക്കണോ അതോ കമ്പനിയുടെ പണപ്പെട്ടിയില്‍ കൈവയ്ക്കണോ? അവസാനം, ഞാനൊരു തീവണ്ടിയില്‍ കയറി. ഞാന്‍ യാത്രക്കാരുടെ നാറുന്ന മണം അറിഞ്ഞു, ഇരിപ്പിടത്തിന്റെ കൈതാങ്ങിയില്‍ തൊട്ടു, ഒരു സ്ത്രീ അതൃപ്തിയോടെ പിറുപിറുക്കുന്നുണ്ടായായിരുന്നു, “അവര്‍ നമ്മുടെ സെക്കന്റ് ക്ലാസ്സ് സീറ്റിനു വേണ്ടിപ്പോലും മത്സരിക്കുന്നു”. അപ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ്സിലേയ്ക്ക് മാറി, അവിടെ ഒരു സീറ്റും പിന്നെ കുറച്ച് അധികം ചെലവും എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നിട്ട് ഞാനൊരു ലോക്കല്‍ സൂപ്പര്‍മാര്‍ക്കെറ്റില്‍ പോയി. ഞാന്‍ എന്തെങ്കിലും ഷോപ്പിങ്ങ് നടത്തിയിട്ട് കുറച്ച് കാലമായിരുന്നു. എന്നെ കണ്ടപ്പോള്‍, ഒരു അയല്‍ക്കാരന്‍ സന്തോഷത്തോടെ എന്റെ കൈപിടിച്ച് കുലുക്കിയിട്ട് അയാളുടെ വലിയ ശബ്ദത്തില്‍ അയാള്‍ എന്നോട് ചോദിച്ച കടത്തിനെക്കുറിച്ച് ചോദിച്ചു, ഞാന്‍ സ്യൂട്ട് വാങ്ങിയില്ലായിരുന്നെങ്കില്‍ എനിക്ക് കൊടുക്കാമായിരുന്നത്.
ഞാന്‍ കുറച്ച് സാധനങ്ങളെടുത്ത് അതെല്ലാം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. സെയില്‍സ് ഗേള്‍ ഒരു ബാസ്ക്കറ്റ് എനിക്ക് തന്നു. ഞാനെടുത്ത സാധനങ്ങളെല്ലാം അതിലിടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു, എന്നെപ്പോലെ വില നോക്കാതെ എന്തും വാങ്ങിക്കൂട്ടുന്ന ഒരാള്‍ മൊത്തം വിലയെക്കുറിച്ച് ആലോചിക്കേണ്ട കാര്യമേയില്ലായിരുന്നു. ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, എന്റെ രക്തസമ്മര്‍ദ്ദം അതിന്റെ ഉച്ചത്തിലായിരുന്നു, തല പെരുക്കുകയായിരുന്നു, എന്റെ നാക്ക് കുഴയുകയും നെഞ്ച് വേദനിക്കുകയും ചെയ്തു. ഞാന്‍ ജാക്കറ്റ് വലിച്ചെറിഞ്ഞ് ട്രൌസറും ഷര്‍ട്ടും അഴിച്ച് എങ്ങോട്ടാണ് നടന്നതെന്നൊന്നും ഓര്‍മ്മയില്ല. പല്ല് കടിച്ച് ഈ നൂറ്റാണ്ടിന്റെ ചതിക്കുഴികളേയും അതിന്റെ പിന്നാലെ പോകുന്ന മണ്ടന്മാരേയും ശപിച്ചു. ഞാന്‍ ഒടുക്കം പഴയ ഞാനായി മാറിക്കഴിഞ്ഞപ്പോള്‍ പിന്നെ ആരും എന്നെ ഉപദ്രവിക്കാന്‍ വന്നിട്ടില്ല.
നല്ല കഥ, പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ള പാഠവും.
ReplyDeleteകഥയുടെ രസച്ചരട് മുറിഞ്ഞുപോവാതുള്ള വിവര്‍ത്തനം.... അര്‍ഹിക്കാത്ത ആര്‍ഭാടം എടുത്തണിഞ്ഞ ആ മനുഷ്യന്റെ വിങ്ങലുകള്‍ കഥയിലൂടെ വായനക്കാരിലെത്തുന്നു
ReplyDeleteഎങ്ങെനെയെങ്കിലും ഞാന്‍ ഒന്ന് ഞാനായി മാറിയെങ്കില്‍........!!
ReplyDeleteJeevithathill ninnum cheenthiya our eadu!
ReplyDelete