ഹുവാൻ റുൾഫോ
ഒരു
മരത്തണലും ഒരു വിത്ത് പോലും കാണാതെ, എന്തിന്റെയെങ്കിലും അവശിഷ്ടം പോലും കാണാതെ, ഒരുപാട്
നടന്നതിന് ശേഷം ഞങ്ങൾ പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേട്ടു. പ്രതീക്ഷയറ്റ ഈ വഴി പകുതി
പിന്നിട്ടപ്പോൾ, ഞങ്ങൾക്ക് ഒന്നും കണ്ടെത്താനാകില്ലെന്നും ഈ വരണ്ടു പിളർന്ന സമതലത്തിലും
വരണ്ട തോടിനും അപ്പുറം ഒന്നുമില്ലെന്നും തോന്നി. പക്ഷേ, അവിടെ എന്തോ ഉണ്ടായിരുന്നു.
അവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു. ഞങ്ങൾ പട്ടികൾ കുരയ്ക്കുന്നതും വായുവിൽ മണം പിടിച്ച്
എന്തോ പ്രതീക്ഷയുണർത്തുത് പോലെ മനുഷ്യന്റെ ഗന്ധം പിടിച്ചെടുക്കുന്നതും കേട്ടു. പക്ഷേ
ഗ്രാമം വളരെയകലെയായിരുന്നു. കാറ്റ് കാരണം അടുത്തെന്ന് തോന്നിക്കുന്നതാണ്.
ഞങ്ങൾ
പുലർച്ച മുതൽ നടക്കുന്നതാണ്. ഇപ്പോൾ വൈകുന്നേരം നാല് മണി ആയിരിക്കുന്നു. ഒരാൾ തുറന്ന ആകാശത്തിലേയ്ക്ക് നിശ്ചലനായ സുര്യനെ നോക്കി
പറഞ്ഞു: ‘നാല് മണി ആയിക്കാണും.’
അ
ഒരാളാണ് മെലിറ്റോൺ. അവന്റെയൊപ്പം ഫോസ്റ്റിനോയും, എസ്റ്റെബാനും ഞാനും ഉണ്ട്. ഞങ്ങൾ നാല്
പേർ. ഞാൻ എണ്ണി: മുന്നിൽ രണ്ട് പേർ, പിന്നിൽ രണ്ട് പേർ. ഞാൻ പുറകിലേയ്ക്ക് നോക്കി,
ആരുമില്ല. ഞാൻ എന്നോട് തന്നെ പറഞ്ഞു: “ഞങ്ങൾ നാല് പേരുണ്ട്.” കുറച്ച് മുമ്പ്, ഏതാണ്ട്
പതിനൊന്ന് മണിയ്ക്ക്, ആകെ ഇരുപത് പേരുണ്ടായിരുന്നു; പക്ഷേ ഞങ്ങളുടെ ചെറിയ കൂട്ടത്തെ
ഉപേക്ഷിച്ച് എല്ലാവരും പോയിക്കളഞ്ഞു.
ഫോസ്റ്റിനോ
പറഞ്ഞു: “മഴ പെയ്യുമായിരിക്കും.”
ഞങ്ങളെല്ലാവരും
മുകളിലേയ്ക്ക് നോക്കിയപ്പോൾ കറുത്ത മേഘങ്ങൾ നീങ്ങുന്നത് കണ്ടു. ഞങ്ങൾ കരുതി: “ചിലപ്പോൾ”.
ഞങ്ങൾ ചിന്തിക്കുന്നത് പറയാറില്ല. കുറച്ച് മുമ്പ് ഞങ്ങൾക്ക് സംസാരിക്കാനുള്ള താല്പര്യം
നഷ്ടപ്പെട്ടിരുന്നു. ഈ ചൂടിൽ ഞങ്ങൾക്കത് നഷ്ടപ്പെട്ടു. നിങ്ങൾ ചിലപ്പോൾ വേണമെന്ന് വച്ച്
സംസാരിക്കുമായിരിക്കും, പക്ഷേ ഇവിടെ അതും പ്രയാസമാണ്. ഇവിടെ, നിങ്ങൾ സംസാരിക്കുമ്പോൾ,
വാക്കുകൾ പുറത്തെ ചൂടിൽ ഉരുകി നാക്കിലെ ഒരു കിതപ്പായി മാറും. ഇവിടത്തെ കാര്യങ്ങൾ അങ്ങിനെയാണ്.
അതുകൊണ്ടാണ് ആർക്കും സംസാരിക്കാൻ തോന്നാത്തത്.
ഒരു
വലിയ തുള്ളി ഭൂമിയിൽ ഒരു തുള ഉണ്ടാക്കിക്കൊണ്ട് പതിച്ചു, തുപ്പൽ പോലെ ഒന്നുണ്ടാക്കിക്കൊണ്ട്.
അതൊന്ന് മാത്രമേ വീണുള്ളൂ. ഞങ്ങൾ കൂടുതൽ പതിക്കുമെന്ന് പ്രതീക്ഷിച്ച് നോക്കി. പക്ഷേ
കൂടുതലൊന്നും വീണില്ല. മഴ പെയ്യുകയായിരുന്നില്ല. ഞങ്ങൾ ആകാശത്തിലേയ്ക്ക് നോക്കുമ്പോൾ,
മേഘങ്ങൾ അതിവേഗത്തിൽ അകലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഗ്രാമത്തിൽ നിന്നുള്ള കാറ്റ്
അതിനെ നീലമരനിലകളിലേയ്ക്ക് തള്ളുകയാണ്. അബദ്ധത്തിൽ വീണ ആ തുള്ളിയെ ഭൂമി വലിച്ചെടുത്ത്
ദാഹം തീർത്തു.
ആരാണീ
വലിയ തുറസ്സുണ്ടാക്കിയത്? എന്തിനാണിത്?
ഞങ്ങൾ
വീണ്ടും നടക്കാൻ തുടങ്ങി; മഴയ്ക്കു വേണ്ടി ഒന്ന് കാത്ത് നിന്നതായിരുന്നു. മഴ പെയ്തില്ല.
അതുകൊണ്ട് വീണ്ടും നടക്കാൻ തുടങ്ങി. ഞങ്ങൾ പിന്നിട്ടതിനേക്കാൾ ദുരം നടന്നു കഴിഞ്ഞെന്ന്
എനിക്ക് തോന്നി. എന്തൊക്കെയായാലും, എന്റെ ചെറുപ്പം തൊട്ട്, സമതലത്തിൽ മഴ പെയ്യുന്നത്
കണ്ടിട്ടില്ല, നിങ്ങൾ മഴ എന്ന് പറയുന്ന അതിനെ.
ഈ
സമതലം ഒന്നിനും കൊള്ളില്ല. അവിടെ മുയലുകളും പക്ഷികളും ഇല്ല. ഇവിടെ ഒന്നുമില്ല. കുറച്ച്
നശിച്ച മുള്ളുള്ള മരങ്ങളും മൂർച്ചയുള്ള പരുക്കൻ പുല്ലുകളും ഒഴിച്ച് ഇവിടെ ഒന്നുമില്ല.
ഒടുക്കം
ഞങ്ങളെത്തി. ഞങ്ങൾ നാല് പേരും.
ആദ്യം,
ഞങ്ങൾ കുതിരപ്പുറത്ത് തോളിൽ റൈഫിൾസുമായാണ് പുറപ്പെട്ടത്. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ റൈഫിൾസ്
ഒന്നുമില്ല.
അവർ
ഞങ്ങളുടെ തോക്കുകൾ എടുത്ത് മാറ്റിയത് നന്നായെന്ന് എനിക്ക് തോന്നുമായിരുന്നു. ഇവിടെയൊക്കെ,
ആയുധവുമായി നടക്കുന്നത് അപകടമാണ്. നിങ്ങളെ ഒരു 30-ബോർ പട്ടയിൽ കൊളുത്തിയിരിക്കുന്നത്
കാണുമ്പോൾത്തന്നെ അവർ കൊന്ന് കളയും. പക്ഷേ കുതിരകളുടെ കാര്യം വേറെയാണ്. ഞങ്ങൾ കുതിരപ്പുറത്തായിരുന്നെങ്കിൽ,
ഞങ്ങൾ ഇപ്പോൾത്തന്നെ വെള്ളത്തിന്റെ സ്വാദറിഞ്ഞ് വയറ് നിറച്ച് കഴിച്ച് ഗ്രാമത്തിൽ അത്താഴവും
തേടി നടന്നേനെ. ഞങ്ങൾ അത് ആദ്യമേ ചെയ്തേനെ, ആ കുതിരകൾ ഉണ്ടായിരുന്നെങ്കിൽ. . പക്ഷെ
അവർ തോക്കുകൾക്കൊപ്പം ഞങ്ങളുടെ കുതിരകളേയും കൊണ്ടുപോയി.
ഞാൻ
സമതലത്തിലേയ്ക്ക് തിരിഞ്ഞു നോക്കി. ഒരു പ്രയോജനവുമില്ലാത്ത പരന്ന ഭൂമി. ഒന്നും കാണാനില്ലത്തപ്പോൾ
നിങ്ങളുടെ കണ്ണുകൾ ഇടറും. കുറച്ച് ഓന്തുകൾ മാളത്തിൽ നിന്നും തല പൊക്കി നോക്കിയിട്ട്
പൊള്ളുന്ന ചൂടിൽ നിന്നും രക്ഷപ്പെടാനായി കല്ലുകളുടെ നിഴലിൽ ഒളിച്ചു. പക്ഷേ ഞങ്ങൾക്ക്
ജോലിയുണ്ടല്ലോ, എന്ത് ചെയ്യും? ഞങ്ങൾ എങ്ങിനെയാണ് ഈ വെയിലിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്താൻ
പോകുന്നത്? ഞങ്ങൾക്ക് വിത്തെറിയാൻ ഈ ചത്ത പൊറ്റ തന്നതെന്തിന്?
അവർ
പറഞ്ഞു: “ഇവിടം തൊട്ട് ഗ്രാമം നിങ്ങളുടേതാണ്.”
ഞങ്ങൾ
ചോദിച്ചു: “ ഈ സമതലമോ?”
“….അതെ,
സമതലം തന്നെ. ഈ ഒന്നാന്തരം സമതലം മുഴുവൻ”
ഞങ്ങൾക്ക്
ഈ സ്ഥലമല്ല വേണ്ടതെന്ന് പറയാൻ നാവ് പൊങ്ങിയതായിരുന്നു. ഞങ്ങൾക്ക് പുഴയരികിലുള്ള
സ്ഥലമായിരുന്നു വേണ്ടിയിരുന്നത്. പുഴയ്ക്കക്കരെ, കസാറിനാസ് എന്ന് വിളിക്കുന്ന മരങ്ങളുള്ള
പുൽത്തകിടികൾ നിറഞ്ഞ നല്ല സ്ഥലമുണ്ടായിരുന്നു. ഈ സമതലം എന്ന് വിളിക്കുന്ന നശിച്ച സ്ഥലമല്ല.
പക്ഷേ
അവർ ഞങ്ങളെ പറയാൻ അനുവദിച്ചില്ല. അവരുടെ പ്രതിനിധി ഞങ്ങളോട് സംസാരിക്കാൻ വന്നിരുന്നില്ല.
അയാൾ കടലാസുകൾ ഞങ്ങൾ തന്നിട്ട് പറഞ്ഞു: “ഇത്രയും അധികം ഭൂമി കണ്ട് അന്തിച്ച് പോകണ്ട.”
‘പക്ഷേ
ഈ സമതലം, സെനോർ…”
“ആയിരക്കണക്കിന്
ഏക്കറുണ്ട്….“
“പക്ഷേ
ഇവിടെ വെള്ളമില്ല. ഞങ്ങൾക്ക് കുടിക്കാൻ പോലും വെള്ളമില്ല.”
“മഴ
പെയ്യില്ലേ? നിങ്ങൾക്ക് വെള്ളമുള്ള സ്ഥലം തരാമെന്ന് ആരും പറഞ്ഞിട്ടില്ല. മഴ പെയ്യുമ്പോൾ
വിത്തുകൾ തനിയെ മുളച്ചോളും.”
“പക്ഷേ
സെനോർ, ഈ ഭൂമി കട്ടി കൂടിയതും ദ്രവിച്ചതുമാണ്. ഈ പാറക്കെട്ടിൽ കലപ്പ കയറുമെന്ന് തോന്നുന്നില്ല.
വിത്ത് നടാൻ ഭൂമിയിൽ കുഴിയുണ്ടാക്കണമെന്ന് മാത്രമല്ല ഇവിടെ ഒന്നും വളരുമെന്നും തോന്നുന്നില്ല.
ചോളം മാത്രമല്ല, ഒന്നും വളരില്ല.”
“ഇതൊക്കെ
എഴുതിത്താ, ഇപ്പോൾ നിങ്ങൾ പോ. നിങ്ങൾ പരാതി പറയുന്നത് വലിയ എസ്റ്റേറ്റിനെപ്പറ്റിയാണ്,
നിങ്ങൾക്ക് അത് തന്ന സർക്കാരിനെപ്പറ്റിയല്ല.”
“നിൽക്കൂ
സെനോർ, ഞങ്ങൾ സർക്കാരിനെതിരെ ഒന്നും പറഞ്ഞില്ല. ഈ സ്ഥലത്തെക്കുറിച്ച് മാത്രമാണ്. നിങ്ങൾക്ക്
ഒന്നും ചെയ്യാൻ പറ്റാത്ത കാര്യത്തിനെതിരേ യുദ്ധം ചെയ്യാൻ സാധിക്കില്ല. അതാണ് ഞങ്ങൾ
പറഞ്ഞത്. ഞങ്ങൾ വിശദീകരിക്കാം. നോക്കൂ, നമുക്ക് ആദ്യം തൊട്ട് തുടങ്ങാം…”
പക്ഷേ
അയാൾ ഒന്നും കേൾക്കാൻ താല്പര്യപ്പെട്ടില്ല.
അങ്ങിനെ
അവർ ഞങ്ങൾക്ക് ഈ സ്ഥലം തന്നു. മാത്രമല്ല ഈ ചുട്ട ഭൂമിയിൽ ഞങ്ങൾ വിത്ത് വിതച്ച് എന്തെങ്കിലും
കൃഷി ചെയ്യണമെന്നും പറയുന്നു. പക്ഷേ ഇവിടെ ഒന്നും വളരില്ല. പ്രാപ്പിടിയൻ പോലും. അവയെ
അങ്ങ് ആകാശത്ത് കാണാം, ഈ വെളുത്ത പാറക്കെട്ടുകളിൽ നിന്നും എത്രയും വേഗം രക്ഷപ്പെടാൻ
വേഗത്തിൽ രക്ഷപ്പെടാൻ വേണ്ടി. ഇവിടെ നടക്കുമ്പോൾ നിങ്ങൾക്ക് പിന്നോട്ട് പോകുന്നത് പോലെ
തോന്നും.
മെലിറ്റോൺ
പറഞ്ഞു: “ ഇതാണോ അവർ നമുക്ക് തന്ന സ്ഥലം?”
ഫോസ്റ്റിനോ
പറഞ്ഞു: “എന്ത്?”
ഞാനൊന്നും
പറഞ്ഞില്ല. ഞാൻ വിചാരിച്ചു: “ മെലിറ്റോൺ ശരിയായിട്ടല്ല ആലോചിക്കുന്നത്. ഈ ചൂടായിരിക്കും
അവനെക്കൊണ്ടിത് പറയിക്കുന്നത്. ചൂട് അവന്റെ തൊപ്പിയിലൂടെ ഇറങ്ങി തല ചൂടാക്കിയിരിക്കുന്നു.
അല്ലെങ്കിൽ, അവൻ അത് പറയേണ്ട ആവശ്യമെന്ത്? കാറ്റിന് വലുതായൊന്നും ചെയ്യാൻ ഇവിടെയൊന്നുമില്ല.
മെലിറ്റോൺ
പിന്നേയും പറഞ്ഞു: “ഇത് എന്തിനെങ്കിലും ഉപകരിച്ചേക്കും. പെൺ കുതിരകളെ പരിശീലിപ്പിക്കാനെങ്കിലും.”
“ഏത്
പെൺ കുതിര?” എസ്റ്റബാൻ ചോദിച്ചു.
ഞാൻ
എസ്റ്റബാനെ അത്ര അടുത്ത് ശ്രദ്ധിച്ചിരുന്നില്ല. അവൻ ഇപ്പോൾ സംസാരിച്ചപ്പോൾ ഞാൻ അവനെ
നോക്കി. അവൻ വയറ് വരെ എത്തുന്ന ജാക്കറ്റ് ധരിച്ചിരുന്നു. ജാക്കറ്റിനുള്ളിൽ ഒരു കോഴിയെപ്പോലെ
എന്തോ ഒന്നുണ്ടായിരുന്നു.
“നോക്ക്..ടെബാൻ,
നീ എവിടന്നാ ആ കോഴിയെ പൊക്കിയത്?”
“അത്
എന്റെയാണ്!“ അവൻ പറഞ്ഞു.
“ആദ്യം
നിന്റെ കൈയ്യിൽ അതുണ്ടായിരുന്നില്ല. നീ എവിടെ നിന്നാ അതിനെ മേടിച്ചത്?”
“ഞാൻ
വാങ്ങിച്ചതൊന്നുമല്ല. എന്റെ പറമ്പിലെ കോഴിയാണ്.”
“അപ്പോൾ
നീ അതിന് ആഹാരവും കൊണ്ടുവന്നിട്ടുണ്ടാകുമല്ലോ, ഇല്ലേ?”
“ഇല്ല.
ഞാൻ അതിനെ സംരക്ഷിക്കാൻ വേണ്ടി കൊണ്ടുവന്നതാണ്. ഞാൻ വീട് കാലിയാക്കിയാണ് വന്നത്. ഇവൾക്ക്
ആഹാരം അവിടെ കൊടുക്കാൻ ആരുമില്ല. ഞാൻ ദൂരേയ്ക്ക് പോകുമ്പോഴെല്ലാം ഇവളേയും കൊണ്ടു പോകും.”
“അവൾക്ക്
ശ്വാസം മുട്ടുന്നുണ്ടാകും. അവളെ പുറത്തെടുക്കുന്നതായിരിക്കും നല്ലത്.”
അവൻ
അവളെ കക്ഷത്ത് വച്ച് അതിന്റെ മുഖത്ത് ഊതി. എന്നിട്ട് പറഞ്ഞു:“ നമ്മൾ താഴ്വരയിൽ എത്താനായി.”
പിന്നെ
എസ്റ്റബാൻ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ഞങ്ങൾ താഴവരയിലേയ്ക്ക് ഇറങ്ങാനായി വരിയായി
നടന്നു. അവൻ പിടക്കോഴിയെ കാലിൽ തൂക്കിപ്പിടിച്ച് ആട്ടിയാട്ടി അതിന്റെ തല കല്ലിൽ അടിക്കുന്നത്
കാണാം.
താഴേയ്ക്കിറങ്ങുന്തോറും
ഭൂമി നല്ലതായി വന്നു. ഞങ്ങൾ കഴുതകളാണെന്ന പോലെ പൊടി പരന്നു കൊണ്ടിരുന്നു, ഞങ്ങൾക്ക്
പൊടിയിൽ മുങ്ങുന്നത് ഇഷ്ടമായിരുന്നു. ഞങ്ങൾ ഇഷ്ടമാണ്. പതിനൊന്ന് മണിക്കൂർ നേരത്തെ യാത്രയ്ക്ക്
ശേഷം, സമതലത്തിന്റെ യാതനകൾ സഹിച്ച്, ഞങ്ങൾക്ക് ആ ഭൂമിയുടെ രസതന്ത്രത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത്
പോലെ തോന്നി.
പുഴയ്ക്ക്
മുകളിൽ, കസോറിനകളുടെ അഗ്രങ്ങൾക്ക് മുകളിൽ, ചചലചകൾ പറക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക്
അതായിരുന്നു ഇഷ്ടവും.
ഇപ്പോൾ
ഞങ്ങൾക്ക് പട്ടികൾ കുരയ്ക്കുന്നത് കേൾക്കാം, ഗ്രാമത്തിൽ നിന്നുള്ള കാറ്റ് താഴ്വാരത്തിൽ
തട്ടി പ്രതിധ്വനിച്ച് എല്ലാ ശബ്ദങ്ങൾക്കുമൊപ്പം ചേരുന്നത് കൊണ്ട്.
ഞങ്ങൾ
ആദ്യത്തെ വീടെത്തുമ്പോൾ എസ്റ്റബാൻ പിടക്കോഴിയെ കൈയ്യിൽ തൂക്കിപ്പിടിച്ചു. അവൻ അതിന്റെ
കാലുകളിലെ കെട്ടഴിച്ച് അതിനെ സ്വതന്ത്രയാക്കി അവനും കോഴിയും മെസ്ക്കിറ്റ് മരങ്ങൾക്കപ്പുറം
മറഞ്ഞു.
“ഇവിടെയാണ്
ഞാൻ താമസിക്കാൻ പോകുന്നത്!“ എസ്റ്റെബാൻ ഞങ്ങളോട് പറഞ്ഞു.
ഞങ്ങൾ
മുന്നോട്ട് പോയി ഗ്രാമത്തിന്റെ നടുവിലെത്തി.
അവർ
ഞങ്ങൾക്ക് തന്ന ഭൂമി തന്നെയായിരുന്നു അത്.
ഇങ്ങനെ കഥകള്‍ വിവര്‍ത്തനം ചെയ്ത് തരുന്നതിന് നന്ദി.
ReplyDelete:) good attempt...
ReplyDeleteനന്നായി ...അങ്ങിനെ പലരുടെയും കഥകളില്‍ ഇറങ്ങി ചെല്ലാം
ReplyDeleteവളരെ നല്ലൊരു ശ്രമം.ആശംസകള്‍
ReplyDeleteനന്ദി, ഈ പരിചയപ്പെടുത്തലിനു.
ReplyDeleteആശംസകള്‍
ReplyDeleteThanx n Congrats Jayesh....
ReplyDeleteമൂലകഥ വായിച്ചിട്ടില്ല . എങ്കിലും വിവര്‍ത്തനശ്രമം കൊള്ളാം ജയേഷ് .
ReplyDeleteകഥ ആസ്വദിച്ചു.....
ReplyDeleteവിവര്‍ത്തനം നന്നായില്ലെങ്കില്‍ കഥ ആസ്വദിക്കാനാവില്ല....
വായിച്ച് അഭിപ്രായം അറിയിച്ചവർക്കും അറിയിക്കാത്തവർക്കും നന്ദി. ഈ കഥ മനസ്സിലാക്കാൻ താഴെയുള്ള ലിങ്കുകൾ വഴി ഒന്ന് പോകാൻ അപേക്ഷ.
ReplyDeletehttp://en.wikipedia.org/wiki/Mexican_Revolution
http://en.wikipedia.org/wiki/History_of_Mexico
സസ്നേഹം
ജയേഷ്
ചില കഥകള്‍ അങ്ങനെയാണ് ,അവ ദേശാന്തരങ്ങള്‍ കടന്നുപോകും ,എല്ലായിടത്തെയും കിളികള്‍ക്കൊപ്പം പാട്ടുപാടും ,കേള്‍ക്കുന്നവര്‍ക്ക് ഇമ്പുള്ള പാട്ട് ,താന്‍ പാടിയ പാട്ട് എന്ന് തോന്നിക്കുന്ന പാട്ട് ,ജയേഷ് ,ഒരിക്കലെങ്കിലും മോശം എന്ന് പറയാന്‍ ഒന്ന് സമ്മതിക്കെടെ,പ്ലീസ് !
ReplyDelete