എന്താണെന്റെ പേര്? - പി സത്യവതി



ഒരു യുവതി, വീട്ടമ്മയാകുന്നതിന് മുമ്പ്. വിദ്യാഭ്യാസമുള്ള, നല്ല സ്വഭാവമുള്ള, ബുദ്ധിമതിയായ, കാര്യപ്രാപ്തിയുള്ള, നർമ്മബോധമുള്ള, സുന്ദരിയായ ഒരു യുവതി.

അവളുടെ സൌന്ദര്യത്തിലും ബുദ്ധിയിലും മയങ്ങി, അവളുടെ അച്ഛൻ വാഗ്ദാനം ചെയ്ത സ്ത്രീധനത്തിൽ വീണ് ഒരു ചെറുപ്പക്കാരൻ അവളുടെ കഴുത്തിൽ മിന്നു കെട്ടി, അവളെ വീട്ടമ്മയാക്കിയിട്ട് പറഞ്ഞു, ‘നോക്കൂ, കുട്ടീ, ഇത് നിന്റെ വീടാണ്. അവൾ ഉടനേ സാരിത്തലപ്പ് ഇടുപ്പിൽ തിരുകി വീട് മുഴുവൻ വൃത്തിയാക്കി നിലത്ത് കോലം വരച്ചു. ചെറുപ്പക്കാരൻ അവളുടെ ജോലിയെ അഭിനന്ദിച്ചു. ‘നീ നിലം തുടയ്ക്കുന്നതിൽ സമർഥയാണ് – കോലം വരയ്ക്കുന്നതിൽ അതിനേക്കാൾ മിടുക്കി. സബാഷ്…കീപ് ഇറ്റ് അപ്’. അയാൾ അവളുടെ തോളിൽ തട്ടി അഭിനന്ദിച്ചു കൊണ്ട് ഇംഗ്ലീഷിൽ പറഞ്ഞു. അതിൽ മതിമറന്ന ആ വീട്ടമ്മ, നിലം തുടയ്ക്കുന്നത് തന്റെ പ്രധാന ജീവിതലക്ഷ്യമായി കണക്കാക്കി ജീവിക്കാൻ തുടങ്ങി. അവൾ എപ്പോഴും ഒരു പൊട്ടു പോലുമില്ലാത്ത വിധം വീട് വൃത്തിയാക്കി നിലത്ത് പല നിറങ്ങളിലുള്ള കോലങ്ങൾ വരച്ചു കൊണ്ടിരുന്നു. അങ്ങിനെ അവളുടെ ജിവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു, നിലം തുടയ്ക്കാനുള്ള തുണിയും കോലപ്പൊടിയും നിലയ്ക്കാതെ എത്തിക്കൊണ്ടിരുന്നു.

ഒരു ദിവസം നിലം തുടയ്ക്കുമ്പോൾ വീട്ടമ്മ പെട്ടെന്ന് തന്നോട് തന്നെ ചോദിച്ചു, ‘എന്റെ പേരെന്താണ്? ആ ചോദ്യം അവളെ ഞെട്ടിച്ചു. നിലം തുടയ്ക്കുന്ന തുണിയും കോലപ്പൊടി നിറച്ച ഡബ്ബയും അവിടെത്തന്നെ ഉപേക്ഷിച്ച് അവൾ ജനലരികിൽ നിന്ന് തലചൊറിഞ്ഞു, ആലോചനകളിൽ മുഴുകി. ‘എന്റെ പേരെന്താണ്? എന്റെ പേരെന്താണ്? റോഡിനെതിരേയുള്ള വീടുകളിൽ പേരെഴുതിയ പലകകൾ ഉണ്ടായിരുന്നു. മിസ്സിസ് എം. സുഹാസിനി, എം.എ, പി എച്ച് ഡി, പ്രിൻസിപ്പാൾ, ‘എക്സ്’ കോളേജ്, അതെ, അവളുടെ അയൽക്കാരിയെപ്പോലെ അവൾക്കും ഒരു പേരുണ്ടായിരുന്നു – ഞാനെങ്ങനെ അത് മറന്നു പോയി? നിലം തുടച്ച് തുടച്ച് ഞാനെന്റെ പേര് മറന്നിരിക്കുന്നു – ഇനിയെന്ത് ചെയ്യും? വീട്ടമ്മ അങ്കലാപ്പിലായി. അവളുടെ മനസ്സ് അസ്വസ്ഥമായി. എങ്ങിനെയൊക്കെയോ അവൾ കോലം വരച്ചു തീർത്തു.

അപ്പോൾ വേലക്കാരി വന്നു. അവൾക്കെങ്കിലും ഓർമ്മയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് വീട്ടമ്മ ചോദിച്ചു, ‘നോക്കൂ കുട്ടീ, നിനക്കെന്റെ പേര് ഓർമ്മയുണ്ടോ?’

‘എന്താണത്, അമ്മാ?’  ആ പെൺകുട്ടി ചോദിച്ചു. ‘കൊച്ചമ്മമാരുടെ പേരറിഞ്ഞിട്ട് ഞങ്ങൾക്കെന്തിനാണ്? നിങ്ങൾ ഞങ്ങൾക്ക് ഒരു കൊച്ചമ്മ മാത്രമാണ് – വെള്ള നിറമുള്ള വീട്ടിലെ, താഴത്തെ നിലയിലുള്ള കൊച്ചമ്മ എന്ന് പറഞ്ഞാൽ നിങ്ങളാണ്‘.

‘അതെ, ശരിയാണ്, നിങ്ങൾക്കെങ്ങിനെ അറിയും, കഷ്ടം.’ വീട്ടമ്മ മനസ്സിൽ പറഞ്ഞു.

ഉച്ചയ്ക്ക് കുട്ടികൾ സ്കൂളിൽ നിന്നും ഊണ് കഴിക്കാൻ വന്നു. ‘കുട്ടികളെക്കെങ്കിലും എന്റെ പേര് ഓർമ്മ കാണുമായിരിക്കും’ – വീട്ടമ്മ പ്രതീക്ഷിച്ചു.

‘നോക്ക് മക്കളേ, നിങ്ങൾക്ക് എന്റെ പേരറിയാമോ?’ അവൾ ചോദിച്ചു.

അവർ അമ്പരന്നുപോയി.

‘നിങ്ങൾ അമ്മയാണ് – അമ്മ എന്നാണ് പേര് – ഞങ്ങൾ ജനിച്ചപ്പോൾ മുതൽ ഞങ്ങൾക്ക് അങ്ങിനെയേ അറിയാവൂ, ഇവിടെ കത്തുകൾ അച്ഛന്റെ പേരിൽ മാത്രമേ വരാറുള്ളൂ – എല്ലാവരും അച്ഛനെ പേര് വിളിക്കുന്നത് കൊണ്ട് അച്ഛന്റെ പേരറിയാം. – നിങ്ങൾ ഒരിക്കലും പേര് പറഞ്ഞു തന്നിട്ടില്ല –നിങ്ങളുടെ പേരിൽ കത്തുകളൊന്നും വരാറുമില്ല’ കുട്ടികൾ തുറന്ന് പറഞ്ഞു. ‘അതെ, എനിക്കാരാണ് കത്തയക്കുക? അച്ഛനും അമ്മയും മാസത്തിലൊരിക്കൽ ഫോൺ ചെയ്യുക മാത്രമേയുള്ളൂ. എന്റെ സഹോദരിമാരും അവരുടെ വീട് വൃത്തിയാക്കുന്നതിൽ തിരക്കാണ്. അവരെ കുങ്കും ചടങ്ങിന് കണ്ടുമുട്ടിയാലും, അവർ പുതിയ കോലങ്ങളെപ്പറ്റിയും, പുതിയ വിഭവങ്ങളെപ്പറ്റിയും സംസാരിച്ച് നേരം കളയും, പക്ഷേ കത്തുകളൊന്നുമില്ല!‘ വീട്ടമ്മയ്ക്ക് നൈരാശ്യമായി – സ്വന്തം പേര് അറിയാനുള്ള ആഗ്രഹം അവളിൽ കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു.

ഒരു അയൽക്കാരി അവളെ കുങ്കും ചടങ്ങിന് ക്ഷണിക്കാൻ വന്നു. വീട്ടമ്മ അയൽക്കാരിയോട് അവരെങ്കിലും അവളുടെ പേര് ഓർത്തിരിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിൽ ചോദിച്ചു. ചിരിച്ചു കൊണ്ട് ആ സ്ത്രീ പറഞ്ഞു, ‘എന്തുകൊണ്ടോ ഞാനൊരിക്കലും നിന്റെ പേര് ചോദിച്ചിട്ടുമില്ല നീയൊട്ട് പറഞ്ഞിട്ടുമില്ല. വലതുവശത്തെ, വെള്ള വീട്, അല്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ മാനേജറുടെ ഭാര്യ, അതുമല്ലെങ്കിൽ വെളുത്ത് ഉയരമുള്ള പെണ്ണ്, അങ്ങിനെയാണ് ഞങ്ങൾ നിന്നെപ്പറ്റി പറയാറുള്ളത്, അത്രേയുള്ളൂ. ആ വീട്ടമ്മയ്ക്ക് അത്രയുമേ പറയാനുണ്ടായിരുന്നുള്ളൂ.

ഒരു കാര്യവുമില്ല. എന്റെ മക്കളുടെ കൂട്ടുകാർ പോലും എന്തായിരിക്കും പറയുക – അവർക്ക് എന്നെ കമലയുടെ അമ്മ അല്ലെങ്കിൽ ഒരു ആന്റി മാത്രമാണ് – ഇനി എന്റെ ബഹുമാനപ്പെട്ട ഭർത്താവിനേ സഹായിക്കാൻ പറ്റൂ – ആരെങ്കിലും ഓർത്തിരിക്കുന്നുണ്ടെങ്കിൽ, അത് അദ്ദേഹം മാത്രമേ ആകാനിടയുള്ളൂ.

അത്താഴത്തിന്റെ സമയത്ത് അവൾ അയാളോട് ചോദിച്ചു, ‘ഒന്ന് നോക്കൂ, ഞാനെന്റെ പേര് മറന്നു പോയി – നിങ്ങൾക്ക് ഓർമ്മയുണ്ടെങ്കിൽ ഒന്ന് പറയാമോ?’

ബഹുമാനപ്പെട്ട ഭർത്താവ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘എന്തായിത് മോളേ, ഇതിനു മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ലല്ലോ, നീ നിന്റെ പേരിനെക്കുറിച്ച് സംസാരിക്കുന്നത്. നമ്മുടെ വിവാഹം കഴിഞ്ഞപ്പോൾത്തൊട്ട് ഞാൻ നിന്നെ യെമോയ് എന്നേ വിളിച്ചിട്ടുള്ളൂ. നീയും ഒരിക്കലും നിന്നെ അങ്ങിനെ വിളിക്കരുതെന്നും നിനക്കൊരു പേരുണ്ടെന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ എന്തു പറ്റി? എല്ലാവരും നിന്നെ മിസ്സിസ് മൂർത്തി എന്നാണ് വിളിക്കുന്നത്, അല്ലേ?

മിസ്സിസ്സ് മൂർത്തി അല്ല, എനിക്ക് എന്റെ സ്വന്തം പേരാണ് അറിയേണ്ടത് – ഞാനിനി എന്ത് ചെയ്യും?’ അവൾ വേദനയോടെ പറഞ്ഞു.

‘അതിനെന്താ, നീ ഒരു പുതിയ പേര് കണ്ടെത്തൂ, ഏതെങ്കിലും ഒരു പേര്.’ ഭർത്താവ് ഉപദേശിച്ചു.

‘നന്നായിരിക്കുന്നു – നിങ്ങളുടെ പേര് സത്യനാരായണ മുർത്തി; ഞാൻ നിങ്ങളോട് നിങ്ങളുടെ പേര് ശിവ റാവു അല്ലെങ്കിൽ സുന്ദര റാവു എന്നാക്കാൻ പറഞ്ഞാൽ നിങ്ങൾ മിണ്ടാതിരിക്കുമോ? എനിക്ക് എന്റെ പേര് മാത്രം മതി’ അവൾ പറഞ്ഞു.

‘ശരി, നീയൊരു വിദ്യാഭ്യാസമുള്ള പെണ്ണാണ് – നിന്റെ പേര് സർട്ടിഫിക്കറ്റിൽ കാണുമല്ലോ – നിനക്ക് അത്ര പോലും വെളിവില്ലേ – പോയി അതെവിടെയെന്ന് നോക്ക്’ അയാൾ അവളെ ഉപദേശിച്ചു.

വീട്ടമ്മ സർട്ടിഫിക്കറ്റിനായി തീവ്രമായി തിരയാൻ തുടങ്ങി, അലമാരയിൽ - പട്ടുസാരികൾ, ഷിഫോൺ സാരികൾ, ഹന്റ്ലൂം സാരികൾ, വോയിൽ സാരികൾ, മാച്ചിങ് ബ്ലൌസുകൾ, പെറ്റിക്കോട്ടുകൾ, വളകൾ, മുത്ത്, മൂക്കുത്തി, കുങ്കുമം, വെള്ളിപ്പാത്രങ്ങൾ, ചന്ദനം അരച്ചു വയ്ക്കാനുള്ള വെള്ളി കോപ്പകൾ, ആഭരണങ്ങൾ, എല്ലാം മനോഹരമായി അടുക്കി വച്ചിരിക്കുന്നു. എവിടേയും സർട്ടിഫിക്കറ്റ് കണ്ടില്ല. അതെ – വിവാഹത്തിന് ശേഷം അവൾ സർട്ടിഫിക്കറ്റുകൾ സുക്ഷിച്ചു വയ്ക്കാൻ ശ്രദ്ധിച്ചതേയില്ല.

‘അതെ – ഞാനത് ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല – ഞാൻ വീട്ടിലേയ്ക്ക് പോയി സർട്ടിഫിക്കറ്റുകൾ തിരഞ്ഞ് എന്റെ പേര് കണ്ടുപിടിച്ച് കുറച്ചു ദിവസം കഴിഞ്ഞ് വരാം’. അവൾ ഭർത്താവിനോട് അനുവാദം ചോദിച്ചു. ‘അതു നന്നായി, നിന്റെ പേരിനു വേണ്ടി മാത്രം പോകണോ? നീ പോയാൽ അത്രയും ദിവസം ആര് വീട് വൃത്തിയാക്കും? അവളുടെ ഭഗവാൻ പറഞ്ഞു. അതെ, അത് ശരിയാണ് – കാരണം അവൾ മറ്റുള്ളവരേക്കാൾ നന്നായി വൃത്തിയാക്കും, അവൾ വേറെ ആരേയും ആ പണി ചെയ്യാൻ അനുവദിച്ചിട്ടില്ല. എല്ലാവരും അവരവരുടെ ജോലികളുമായി തിരക്കിലാണ്. അദ്ദേഹത്തിന് ഓഫീസ് – കുട്ടികൾക്ക് പഠനം. അവർ ഇതിനെക്കുറിച്ച് എന്തിന് ആലോചിക്കണം, എല്ലാം അവൾ ചെയ്യുന്നുണ്ടല്ലോ – അവർക്ക് എങ്ങിനെ ചെയ്യണമെന്ന് പോലും അറിയില്ല, തീർച്ചയായും!

എന്നാലും, സ്വന്തം പേര് അറിയാതെ എങ്ങിനെ ജീവിക്കും? ആ ചോദ്യം വരുന്നതിന് മുമ്പ് എല്ലാം കുഴപ്പമൊന്നുമില്ലാതെ നീങ്ങിയിരുന്നു, ഇപ്പോൾ പേരറിയാതെ ജിവിക്കാൻ പ്രയാസമായിരിക്കുന്നു.

‘രണ്ട് ദിവസത്തേയ്ക്ക് എങ്ങിനെയെങ്കിലും സഹിക്കൂ – എനിക്ക് പേര് കണ്ടെത്തും വരെ സ്വസ്ഥമായി ജിവിക്കാൻ കഴിയില്ല, അവൾ ഭർത്താവിനോട് കരഞ്ഞപേക്ഷിച്ച് ഒരു തരത്തിൽ അനുവാദം വാങ്ങി.

‘എന്താ മോളേ, പെട്ടെന്നൊരു വരവ്? നിന്റെ ഭർത്താവിനും കുട്ടികൾക്കും സുഖമല്ലേ? നീ എന്താ ഒറ്റയ്ക്ക് വന്നത്?’

മാതാപിതാക്കളുടെ സ്നേഹപുർവ്വമുള്ള ചോദ്യങ്ങൾക്ക് കുമ്പ് അവിടെയൊരു സംശയത്തിന്റെ നിഴലുണ്ടായിരുന്നു. വന്ന കാര്യം പെട്ടെന്ന് ഓർത്തെടുത്ത് അവൾ അമ്മയോട് ചോദിച്ചു, ‘അമ്മാ, എന്റെ പേരെന്താണ്?’

‘എന്തായിത് മോളേ? നീ ഞങ്ങളുടെ മൂത്ത മകളാണ്. നിന്നെ ബി എ വരെ ഞങ്ങൾ പഠിപ്പിച്ചു, അമ്പതിനായിരം രൂപ സ്ത്രീധനം കൊടുത്ത് കല്യാണം കഴിപ്പിച്ചു. നിന്റെ രണ്ട് പ്രസവവും നോക്കി – ഓരോ തവണയും പ്രസവത്തിന്റെ ചിലവെല്ലാം ഞങ്ങൾ തന്നെയാണ് നോക്കിയത്. നിനക്ക് രണ്ട് കുട്ടികളുണ്ട് – നിന്റെ ഭർത്താവിന് നല്ല ഉദ്യോഗമുണ്ട് – ഒരു നല്ല മനുഷ്യനുമാണ് – നിന്റെ കുട്ടികൾ നന്നായി പഠിക്കുന്നുണ്ട്.’

‘എന്റെ ചരിത്രമല്ല അമ്മാ, അമ്മാ –എന്റെ പേരാണ് എനിക്ക് വേണ്ടത്. അല്ലെങ്കിൽ എന്റെ സർട്ടിഫിക്കറ്റുകൾ എവിടെയാണെന്നെങ്കിലും പറയൂ.’

‘എനിക്കറിയില്ല മോളേ. ഇന്നാള് പഴയ പേപ്പറുകളും ഫയലുകളും വയ്ക്കുന്ന അലമാര വൃത്തിയാക്കി അതിൽ കുപ്പിപ്പാത്രങ്ങൾ വച്ചു. കുറച്ച് പ്രധാനപ്പെട്ട കടലാസുകൾ അട്ടത്ത് വച്ചു – നാളെ ഞങ്ങൾ തിരയാം. ഇപ്പോ എന്തിനാ ഇത്ര ധൃതി, നീ അതിനെക്കുറിച്ചോർത്ത് വിഷമിക്കല്ലേ – ഒന്ന് കുളിച്ച് ഊണ് കഴിക്ക്.’ അമ്മ പറഞ്ഞു.

വീട്ടമ്മ നന്നായൊന്ന് കുളിച്ച് ഊണ് കഴിച്ചു, പക്ഷേ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. വീട് വൃത്തിയാക്കുമ്പോൾ, സന്തോഷത്തോടെ മൂളിപ്പാട്ട് പാടി, ആഹ്ലാദത്തോടെ കോലം വരക്കുമ്പോൾ, സ്വന്തം പേര് മറന്നതുകൊണ്ട് ഇത്രയും പ്രശ്നങ്ങൾ വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

നേരം വെളുത്തു, എന്നിട്ടും സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചില്ല.

വീട്ടമ്മ കാണുന്നവരൊടെല്ലാം ചോദിക്കാൻ തുടങ്ങി – മരങ്ങളോട് ചോദിച്ചു – ഉറുമ്പിൻ പുറ്റിനോട് ചോദിച്ചു – കുളത്തിനോട് – അവൾ പഠിച്ചിരുന്ന സ്കൂളിനോട് ‌- കോളേജിനോട്. എല്ലാ ഒച്ചകൾക്കും ബഹളങ്ങൾക്കും ശേഷം അവൾ ഒരു കൂട്ടുകാരിയെ കണ്ടുമുട്ടി – പേര് കണ്ടെത്തി.

കൂട്ടുകാരിയും അവളെപ്പോലെയായിരുന്നു – വിവാഹിത, വീട്ടമ്മ, പക്ഷേ അവൾ വീട് വൃത്തിയാക്കുന്നത് ജീവിതലക്ഷ്യ്മായി കണ്ടിരുന്നില്ല; അത് ജിവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു അവൾക്ക്. അവൾക്ക് അവളുടെ പേരും കൂട്ടുകാരുടെ പേരുകളും ഓർമ്മയുണ്ടായിരുന്നു. ആ കൂട്ടുകാരി നമ്മുടെ വീട്ടമ്മയേയും തിരിച്ചറിഞ്ഞു.

‘ശാരദ! എന്റെ പൊന്നു ശാരദ!‘ അവൾ വിളിച്ചപ്പോൾ വീട്ടമ്മ അമ്പരന്നു പോയി. വീട്ടമ്മയ്ക്ക് താനൊരു വ്യക്തിയാണെന്ന് തോന്നി – ദാഹിച്ച് തൊണ്ട വരണ്ട് മരിക്കാനാകുമ്പോൾ മൺകൂജയിലെ തണുത്ത വെള്ളം കൊടുത്ത് ജിവൻ രക്ഷിച്ചു. കൂട്ടുകാരി ഒരു പുതിയ ജന്മം തന്നെയാണ് തന്നത്. ‘നീ ശാരദയാണ്. നീ പത്താം ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ ഒന്നാമതായിരുന്നു. നമ്മുടെ കോളേജിലെ പാട്ടുമത്സരത്തിൽ നീ ഒന്നാമതെത്തിയിരുന്നു. നീ ചിത്രം വരയ്ക്കുമായിരുന്നു. നമ്മൾ മൊത്തം പത്ത് കൂട്ടുകാരികളുണ്ടായിരുന്നു  - ഞാൻ ഇടയ്ക്കൊക്കെ എല്ലാവരേയും കാണാറുണ്ട്. ഞങ്ങൾ പരസ്പരം കത്തുകളെഴുതാറുണ്ട്. നീ മാത്രമേ കൈവിട്ടു പോയുള്ളൂ! നീയിങ്ങനെ മാറിപ്പോയതെന്താ, പറയ്? അവളുടെ കൂട്ടുകാരി അവളെ ചോദ്യം ചെയ്തു.

‘അതേ, പ്രമീള – നീ പറഞ്ഞത് ശരിയാണ്. ഞാൻ ശാരദയാണ് – നീ പറയുന്നത് വരെ എനിക്കത് ഓർത്തെടുക്കാൻ പറ്റുന്നില്ലായിരുന്നു – എന്റെ മനസ്സിലെ അറകളെല്ലാം ഒരേയൊരു കാര്യത്തിനായി മാറ്റി വച്ചിരിക്കുകയായിരുന്നു – എങ്ങിനെ നന്നായി നിലം തുടയ്ക്കാം. ഞാൻ വേറൊന്നും ഓർത്തില്ല. നിന്നെ കണ്ടില്ലായിരുന്നെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചേനേ’, ശാരദ എന്ന പേരുള്ള വീട്ടമ്മ പറഞ്ഞു.

ശാരദ വീട്ടിലേയ്ക്ക് പോയി. അട്ടത്ത് കയറി സർട്ടിഫിക്കറ്റുകൾ കണ്ടുപിടിച്ചു, അവൾ വരച്ച ചിത്രങ്ങൾ, അവൾ തേടിയതെല്ലാം കണ്ടുപിടിച്ചു. കുറച്ചു കൂടി തിരഞ്ഞ് അവൾക്ക് സ്കൂളിലും കോളേജിലും വച്ച് കിട്ടിയ സമ്മാനങ്ങൾ കണ്ടെത്തി.

ആഹ്ലാദത്തിൽ മതിമറന്ന് അവൾ വീട്ടിലേയ്ക്ക് തിരിച്ച് പോയി.

‘നീയില്ലാത്തത് കൊണ്ട് വീടിന്റെ അവസ്ഥ നോക്ക് – ചന്ത പോലെയുണ്ട്. ഹോ നീ വന്നത് എത്ര ആശ്വാസമായി, ഇനി ഞങ്ങൾക്ക് ഉത്സവമാണ്’ ശാരദയുടെ ഭർത്താവ് പറഞ്ഞു.

‘നിലം തുടച്ചത് കൊണ്ട് മാത്രം ഉത്സവമാവില്ല! എന്തായാലും, ഇനി മുതൽ എന്നെ യോമോയ് ഗാമോയ് എന്നൊന്നും വിളിക്കരുത്.’

‘എന്റെ പേര് ശാരദ എന്നാണ് – എന്നെ ശാരദ എന്ന് വിളിക്കണം, മനസ്സിലായോ?’

അത്രയും പറഞ്ഞ് അവൾ ആഹ്ലാദത്തോടെ അകത്തേയ്ക്ക് പോയി.

എപ്പോഴും അച്ചടക്കത്തിൽ ശ്രദ്ധിച്ചിരുന്ന ശാരദ, എല്ലാ കോണിലും കണ്ണു വച്ചിരുന്ന, എപ്പോഴും എവിടെയെങ്കിലും പൊടിയുണ്ടോയെന്ന് നോക്കിയിരുന്ന, എല്ലാം നന്നായി അടുക്കി വച്ചിട്ടുണ്ടെന്ന് നോക്കിയിരുന്ന ശാരദ ഇപ്പോൾ തുടച്ചിട്ട് രണ്ട് ദിവസമായ സോഫയിൽ ഇരിക്കുന്നു. അവൾ കുട്ടികൾക്കായി കൊണ്ടു വന്ന അവളുടെ പെയിന്റിങുകളുടെ ആൽബം അവർക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.


പി സത്യവതി : ഫെമിനിസ്റ്റ് പ്രവർത്തക, തെലുഗിലെ മുൻ നിര എഴുത്തുകാരി. വിജയവാഡയിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. കഥകൾ മറ്റു ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

21 comments:

  1. സന്തോഷം ജയേഷ് ഇതിവിടെ മൊഴി മാറ്റി ഇട്ടതിനു. പഴയ കോളേജു കൂട്ടുകാരോപ്പം കൂടുമ്പോള്‍ ഞാനും ഭര്‍ത്താവും കുട്ടികളും ഉള്ള ഒരാളാണ് എന്നത് അങ്ങ് പാടെ മറക്കും

    ReplyDelete
  2. ഒരു തെലുങ്കനെ കല്യാണം കഴിച്ച പഞ്ചാബിണിയായ എന്‍റെ കൂട്ടുകാരി ഈ കഥ വായിച്ചു എനിക്ക് ഹിന്ദിയില്‍ പറഞ്ഞു തന്നിട്ടുണ്ട്. ഈ മൊഴിമാറ്റത്തിനു ഒത്തിരി നന്ദി ജയേഷ്.

    ReplyDelete
  3. നന്ദി എച്ചുമു, റോസിലി ചേച്ചീസ്. ഈ കഥ ഈ ലക്കം തര്‍ ജ്ജനിയില്‍ വന്നിരുന്നു.

    http://www.chintha.com/node/147084

    ReplyDelete
  4. കഥ കൊള്ളാം പേര് മറന്നു പോയ ഒരു സ്ത്രീ ...!

    പക്ഷെ ബ്ലോഗിലെ വരികള്‍ കാഴ്ചക്ക് കുറച്ചുകൂടി ഭംഗിയാക്കേണ്ടതുണ്ട്.

    നന്ദി ജയേഷ്.. :)

    ReplyDelete
    Replies
    1. നന്ദി റിയാസ്. ഞാന്‍ ലിനക്സ് ആണ്` ഉപയോഗിക്കുന്നത്. വായിക്കാന്‍ പറ്റുന്നുണ്ട്. ഫോണ്ട് വലുതാക്കണമെന്കില്‍ വലുതാക്കാം

      Delete
  5. ഒരു ഭാഷയിലോ ,ദേശത്തിലോ ഒതുങ്ങേണ്ട കഥയല്ലല്ലോ,പരിചയപ്പെടുത്തിയതു നന്നായി.

    ReplyDelete
  6. നമ്മുടെ ഭാഷയിലെ സ്ത്രീവിമോചന കഥാകാരികള്‍ ഇവരെ കണ്ടു പഠിക്കട്ടെ .ഇത്രയും മൂര്‍ച്ചയുള്ള ഒരു സ്ത്രീപക്ഷ കഥ ഞാന്‍ വായിച്ചിട്ടില്ല .അത് വിവര്‍ത്തിച്ച മെയില്‍ ഷോവിനിസ്റ്റ് പന്നിക്ക് എന്‍റെ സലാം

    ReplyDelete
  7. സ്വന്തം പേര് മറന്നു പോകുന്നത്ര ആഴത്തിൽ അവൾ കുടുംബത്തെ ..സ്നേഹിച്ചിരുന്നു.

    Good one.

    ReplyDelete
  8. നല്ല കഥ. മാതൃഭാഷയിൽആയിരുന്നെങ്കിൽ(വായിക്കാൻ, അറിഞ്ഞിരുന്നെങ്കിൽ:)) കുറെ കൂടെ സൌന്ദര്യം ഉണ്ടാകുമായിരുന്നു എന്ന് തോന്നി :)
    മലയാളികള്ക്ക് വേണ്ടി മൊഴിമാറ്റി തന്നതിന് ഒരു പാട് നന്ദി :)

    ReplyDelete
  9. vivahitha......sthree.....nannayirkkunnu.....

    ReplyDelete
  10. നന്നായിട്ടുണ്ട് ഒരികൽ ഞാനും ഇതു പോലെ ആയിരുന്നു ........

    ReplyDelete
  11. നന്നായിട്ടുണ്ട് ഒരികൽ ഞാനും ഇതു പോലെ ആയിരുന്നു ........

    ReplyDelete
  12. കുടുംബത്തോടുള്ള ഉത്തരവാതിത്തം അവളുടെ പേര് പോലും മറന്നുപോയി. നല്ല ആശയം. പക്ഷെ, ഒരു പഴയ ശൈലി.

    ReplyDelete
  13. പേര് തിരിയെ കിട്ടാതിരുന്നെങ്കില്‍.......??

    ReplyDelete
  14. നന്നായിരിക്കുന്നു കഥ
    ആശംസകള്‍

    ReplyDelete
  15. നല്ലൊരു കഥയുടെ ഓജസ്സ് ചോര്‍ന്നുപോവാതെ മലയാളത്തിലേക്ക് ചോര്‍ത്തിയെടുത്ത പ്രതിഭക്ക് ആദരവ്........

    ReplyDelete
  16. മെയിൽ ഷൊവനിസ്റ്റിനു സലാം - ശക്തമായ പെണ് കഥ

    ReplyDelete
  17. ഫോണ്ട് പ്രോബ്ലം കാരണം കഴിഞ്ഞദിവസം പലതവണ വന്ന് വായിക്കാനാവാതെ തിരികെ പോയതാണ്. ഇപ്പോള്‍ വായിച്ചു. നന്ദി ജയേഷ്, ശക്തമായൊരു കഥ നല്ല ഭാഷയില്‍ കേള്‍പ്പിച്ചതിന്.

    ReplyDelete