തിരുച്ചങ്കോട്ടിലെ ജീവിതങ്ങള്‍ 

ഇത് പുതിയ സംഭവമല്ല. ആവിഷ്കാരസ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോൾ നെറ്റി ചുളിക്കാൻ ഒരു കൂട്ടർ എല്ലാക്കാലത്തും ഉണ്ടാകും. അതാത് കാലത്ത് മത/രാഷ്ട്രീയ/സാംസ്കാരിക/സാമൂഹിക രംഗങ്ങളിൽ അതിർ വരമ്പുകൾ നിശ്ചയിക്കാനും നേതൃത്വം ഏറ്റെടുക്കാനും സ്വയം ഏൽ‌പ്പിച്ചവർ ഉണ്ടായിക്കൊണ്ടിരിക്കും. അവർ തങ്ങൾക്ക് ദഹിക്കാത്തതിനെ ഇല്ലാതാക്കാൻ ശ്രമിക്കും. നാട് കടത്തും, വധഭീഷണി മുഴക്കും, കൊല്ലും.

ഒരു കലാകാരൻ (ഈ വിഷയം സാഹിത്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നത് കൊണ്ടാണ് കലാകാരൻ എന്ന വാക്ക് ഉപയോഗിക്കുന്നത്) സ്വന്തം മരണം പ്രഖ്യാപിക്കുക എന്നതിനേക്കാൾ ക്രൂരമായ എന്തുണ്ട്? മരണം എന്ന് കേൾക്കുമ്പോൾത്തന്നെ നെറ്റി ചുളിക്കുന്നവരാണ് മനുഷ്യൻ. അങ്ങിനെയിരിക്കേ, താൻ മരിച്ചു എന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത്ര ദുർഗ്ഗതി ഒരു കലാകാരന് വരണമെങ്കിൽ അയാൾ ജീവിച്ചിരിക്കുന്ന സമൂഹം എത്രത്തോളം മലീമസമാണെന്നും മനസ്സിലാക്കേണ്ടതാണ്. പെരുമാൾ മുരുഗന് അങ്ങിനെ ചെയ്യേണ്ടി വന്നു. ഉവ്വ്, എഴുത്തുകാരും, സാമൂഹികപ്രവർത്തകരും എല്ലാം അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രചനകൾ മുമ്പെങ്ങും ഇല്ലാതിരുന്ന വിധം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, ഈ കോലാഹലങ്ങൾ എന്ത് ഫലം തരുന്നെന്നും ആലോചിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാം കൊണ്ട് പെരുമാൾ മുരുഗൻ എന്ന എഴുത്തുകാരൻ ഉയർത്തെഴുന്നേൽക്കുമോ?
ഏതായാലും ഇത്ര മാത്രം പ്രശ്നങ്ങളുണ്ടാകാൻ ഈ നോവലിൽ എന്താണുള്ളതെന്ന് നോക്കാം.




മാതൊരുഭാഗൻ എന്നാൽ പരമശിവന്റെ അർദ്ധനാരീശ്വരരൂപം എന്ന് അർഥം. ഇതേ പേരിലുള്ള വിവാദമായ നോവലിന്റെ ആമുഖത്തിൽ പെരുമാൾ മുരുഗൻ എഴുതുന്നു:

മാതൊരുഭാഗൻ ആയി ശിവൻ ദർശനം തരുന്നത് തിരുച്ചങ്കോട്ടിൽ മാത്രമാണ്. ഈ രൂപം ഈ കോവിലിൽ വരാൻ ഊഹിക്കാവുന്നതിനുമപ്പുറമുള്ള കാരണങ്ങൾ ഉണ്ടാകാം. ശൈവം, കോവിലിന്റെ മുൻകാല ചരിത്രം എന്നിവയേക്കാൾ ജനങ്ങൾക്കിടയിൽ ആ കോവിലിനുള്ള സ്വാധീനമായിരുന്നു എന്നെ ആകർഷിച്ച വിഷയം. ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും ഏതോ ഒരു തരത്തിൽ കോവിൽ പ്രാധാന്യം നേടുന്നു. മലയുടെ അടിവാരം മുതൽ ഉച്ചി വരെയുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരായി ദൈവങ്ങൾ നിരന്ന് നിൽക്കുന്നു. ആ സന്ദർഭമനുസരിച്ച് ദൈവങ്ങളെ തിരഞ്ഞെടുക്കാവുന്നതാണ്.

തിരുച്ചങ്കോടിനെ സംബന്ധിച്ച എന്റെ അന്വേഷണത്തിൽ ഒരുപാട് വിവരങ്ങൾ ലഭിച്ചു. എന്റെ കുട്ടിക്കാലം മുതൽ അറിഞ്ഞ നാട്, എന്റെയുള്ളിൽ ഊറിക്കിടക്കുന്ന നാട് എന്ന അഹന്തയിൽ മുഴുകി ഞാൻ അന്വേഷിച്ചു. ഈ നാട് തന്റെയുള്ളിൽ വച്ചിരിക്കുന്ന രഹസ്യമായ വേരോട്ടങ്ങളിൽ ഒന്ന് എന്നെ കാണിച്ച് തന്നത് അത്ഭുതമായിരുന്നു. ചുറ്റുവട്ടത്തിലുള്ള ഗ്രാമങ്ങളിൽ ‘സ്വാമി കൊടുത്ത കുഞ്ഞ്’ എന്നും ‘സ്വാമിയുടെ കുട്ടി’ എന്നും വിളിക്കപ്പെടുന്നവർ ധാരാളമുണ്ട്. അവരെല്ലാം സ്വാമിയോട് യാചിച്ച് ജനിച്ചവരാണെന്ന വിശ്വാസമാണെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ കോവിൽ ഉത്സവത്തിനും സ്വാമിയുടെ കുട്ടിയ്ക്കും ഉള്ള ബന്ധം യാദൃശ്ചികമായി അറിയാൻ കഴിഞ്ഞു. മനുഷ്യന്റെ ഉണർവ്വുകളേയും വികാരങ്ങളേയും ഈ നാട് ഇപ്പോഴും പല രീതിയിൽ ഈ സമൂഹം അടിച്ചമർത്തുന്നുണ്ട്. ആ അറിവിന്റെ ചരട് പിടിച്ച് പോയപ്പോൾ എനിക്ക് പലതും കാണാൻ കഴിഞ്ഞു. മനുഷ്യരുടെ മുഖങ്ങൾ വാടിപ്പോയിരിക്കുന്നു. അലഞ്ഞ ഇടങ്ങളിലെല്ലാം അറുപത് എഴുപത് വർഷങ്ങൾ പഴക്കമുള്ളയിടത്തേയ്ക്ക് പോകുന്നത് പോലെയുണ്ടായിരുന്നു…..’

അല്പം കൂടി പറയാനുണ്ട്. ഈ നോവലിൽ പറയുന്ന കഥ ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് മുമ്പ് നടന്നതായിട്ടാനുള്ളത്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് തിരുച്ചങ്കോട്ടിലെ ആ കോവിലിലെ ഒരു വിശേഷദിവസം സന്താനലബ്ധിയ്ക്കുള്ള അവസരം ലഭിക്കുന്നുണ്ട്. എന്ന് വച്ചാൽ സ്ത്രീകൾ അന്യപുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് ഗർഭം ധരിക്കുന്ന രീതി തന്നെ. അങ്ങിനെ ജനിക്കുന്ന കുട്ടികളെ ആണ് സ്വാമിയുടെ കുട്ടി എന്ന് വിളിക്കപ്പെടുന്നത്. ദമ്പതികൾ പരസ്പരം ധാരണയിലെത്തിയിട്ടാണ് ഇതിന് മുതിരുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന അപമാനങ്ങൾ അവരെ ഇതിലേയ്ക്ക് നയിക്കുന്നു. ഇത് നോവലിലെ പ്രധാന ഘടകമായി ഉൾപ്പെടുത്തിയതാണ് പെരുമാൾ മുരുഗനെ പ്രശ്നത്തിലെത്തിച്ചത്. ഇപ്പോൾ നിലവിലില്ലെന്ന് പറയപ്പെടുന്ന ഈ ആചാരം മുമ്പ് ഉണ്ടായിരുന്നെന്ന് എഴുതുന്നത് എന്ത് ആധാരത്തിലാണെന്നാണ് ചോദ്യം. ഉത്തരം അറിയില്ല.

ആ നാട്ടിലെ ദമ്പതിമാരായ കാളിയും പൊന്നാളും വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരു കുഞ്ഞുണ്ടാകാത്തതിൽ വിഷമിക്കുന്നവരാണ്. കാളിയെ രണ്ടാമതൊരു വിവാഹത്തിനായി എല്ലാവരും നിർബന്ധിക്കുന്നുമുണ്ട്. പക്ഷേ, പൊന്നാളിനെ അത്രയ്ക്ക് സ്നേഹിക്കുന്ന അയാൾ അതിന് വഴങ്ങുന്നില്ല. പിന്നീട് അവർ കണ്ടുപിടിയ്ക്കുന്ന വഴിയാണ് പതിനാലാം ഉത്സവദിവസത്തിലെ ആ ചടങ്ങിലേയ്ക്ക് പൊന്നാളിനെ അയയ്ക്കുക എന്നത്.

അയാളും അമ്മയും തമ്മിലുള്ള ഒരു രംഗം നോക്കൂ

‘സംസാരിക്കാൻ തുടങ്ങാൻ അവൾ അത്രയ്ക്ക് പ്രയാസപ്പെട്ടിട്ടും ഇത്ര വർഷങ്ങളായും ഇരുവർക്കും അറിയാവുന്ന രഹസ്യമാണല്ലോ എന്ന് വിചാരിച്ച് അയാൾ അമ്മയോട് ചോദിച്ചു. ‘കുറച്ച് കള്ളുണ്ട്, കുടിയ്ക്കണോ അമ്മാ?” ഇരുട്ടിൽ അവളുടെ മുഖം വ്യക്തമായില്ല. അവളുടെ മൌനം എന്താണ് അർഥമാക്കുന്നതെന്ന് മനസ്സിലായില്ല. മകൻ തന്നെ ഇങ്ങനെ നേരിട്ട് ചോദിക്കുന്നല്ലോയെന്ന് വിഷമിക്കുകയാണോ, തരൂ എന്ന് വാക്കുകളില്ലാതെ പറയുകയാണോ? എന്തോ ആകട്ടെ എന്ന് കരുതി കട്ടിലിന്റെ താഴെയുണ്ടായിരുന്ന മൊന്തയെടുത്ത് വെള്ളം തട്ടിക്കളഞ്ഞ് അതിൽ നിറയെ കള്ള് നിറച്ച് അമ്മയ്ക്ക് കൊടുത്തു. അവളുടെ നീട്ടിയ കൈയ്യിൽ സാരിയുടെ മുന്താണിയുണ്ടായിരുന്നു. അമ്മ അത് വാങ്ങിയതിൽ അവൻ സന്തോഷിച്ചു. പുരടയിൽ ഉണ്ടായിരുന്നത് അവൻ കുടിച്ചു. അമ്മയുടെ തൊണ്ടയിൽ തങ്ങിയിരിക്കുന്ന വിഷയം ഇനി പുറത്ത് വരാം എന്ന് തോന്നി.

‘എന്താ അമ്മാ, സംബന്ധിയും സംബന്ധിയും വെളുക്കും വരെ സംസാരിച്ചിരുന്നത്? ഏത് കോട്ട ഇനി പിടിക്കണമെന്നാണോ?”

അമ്മയുടെ മൊന്ത കാലിയായിട്ടില്ലായിരുന്നു. അവൾ കുറച്ച് കുറച്ചായി കുടിക്കുന്നവളാണ്. അവൾ കുടിയ്ക്കുന്ന രീതി അവന് ഇപ്പോഴാണ് മനസ്സിലായത്.

“ഇനി ഞങ്ങൾ എന്ത് കോട്ട പിടിക്കാൻ പോകാനാണ്. ഇന്ന് ചത്താൽ നാളെ കഴിഞ്ഞു. എല്ലാം നിങ്ങൾക്ക് വേണ്ടി സംസാരിക്കുകയായിരുന്നു.”

“എന്ത് വീണ്ടും കല്യാണവിഷയം ആണോ?”

“അതാണ് എത്ര പറഞ്ഞിട്ടും നീ അനുസരിക്കില്ലല്ലോ. പൊന്നാ അവളുടെ അമ്മ, അപ്പൻ എല്ലാരും സമ്മതിച്ചു. ഇത്തിരി നിർബന്ധിച്ചാൽ പൊന്നായും സമ്മതിക്കും. നീയല്ലേ സമ്മതിക്കാത്തത്. കാരണം എനിക്കും അറിയില്ല. ശരി അത് വിട്.”

അമ്മ വളരെ ശാന്തമായിട്ടാണ് സംസാരിച്ചത്. പതിവനുസരിച്ച് ഉച്ചത്തിലാവണമായിരുന്നു. ഈ അമ്മ അയാൾക്ക് പുതിയതായിരുന്നു. എത്ര വർഷങ്ങൾ ഒന്നിച്ചിരുന്നാലും ചില സന്ദർഭങ്ങളാണ് ചില മുഖങ്ങൾ പുറത്ത് കാണിക്കുക. സന്ദർഭങ്ങൾ ഇല്ലാതെ ഉള്ളിൽ അടക്കിയിരിക്കുന്ന മുഖങ്ങൾ വേറെയെത്രയോ. പുറത്ത് വരാതെ അവ അടക്കപ്പെടുന്നു. അമ്മ പറയാൻ വന്നതെല്ലാം നിർത്താതെ പറഞ്ഞു. നിർത്തിയാൽ പിന്നെ തുടർന്ന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് ഭയന്നിട്ടുണ്ടാകും.

“നിങ്ങൾ എത്ര പ്രാർഥിച്ച് നോക്കി. ആയിരത്തിലൊന്ന് ചുറ്റുന്ന വറടിക്കല്ല് പോലും ചുറ്റി വന്നു. ഒന്നും നടന്നില്ല. കുഞ്ഞ് ഉണ്ടായാലും ഇല്ലെങ്കിലും എല്ലാരും മരിക്കും. ജീവിക്കുന്ന കാലത്ത് നാല് പേരുടെ മുന്നിൽ അഭിമാനത്തോടെ ജീവിക്കുന്നു. വെറെന്താ ഉള്ളത് മനുഷ്യന്. നിന്റെ അപ്പൻ എന്നെ അനാഥയാക്കി മരിച്ച് പോയി. നീയും ഇല്ലാരുന്നെങ്കിൽ എന്റെ ഗതി എന്തായിരുന്നിരിക്കും? എന്തോ എനിക്ക് ഒരു മകൻ ഉണ്ടായിരുന്നത് കൊണ്ട് എല്ലാ വിഷമങ്ങളും സന്തോഷമായിപ്പോയി. എന്റെ ജീവിതത്തിന് ഒരു താങ്ങ് നീയാണ്. നിനക്കും അങ്ങിനൊന്ന് വേണ്ടേ? കാണുമ്പോഴൊക്കെ പേരക്കുട്ടികൾ വല്ലതുമുണ്ടോയെന്ന് ചോദിക്കുമ്പോൾ മറുപടി പറയാൻ എന്തെങ്കിലും ഉണ്ടോ?....”


“പതിനാലാം ഉത്സവദിവസം തിരുച്ചങ്കോട്ടിൽ കാല് വയ്ക്കുന്ന ആണുങ്ങളെല്ലാം സ്വാമി ആണ്. കൊടുക്കുന്നതും സ്വാമിയാണ്. സ്വാമിയെ ധ്യാനിച്ചാൽ ഒരു കുഴപ്പവുമില്ല. ഏത് സ്വാമി ഏത് മുഖവും കൊണ്ട് വരുമെന്ന് ആർക്കറിയാം. മുഖം നോക്കാതെ കൊടുത്തിട്ട് പോകുന്നവനാണ് സ്വാമി. നീ പറയ്. ഈ വർഷം തന്നെ പോയേക്കാം. നമ്മുടെ നാട്ടിൽ നിന്നും വേണ്ട. പൊന്നാളുടെ അമ്മ തന്നെ കൂട്ടിക്കൊണ്ട് പോകും. നീ കൂടെപ്പോകണ്ട. ഇവിടെയിരുന്നാലും ശരി, അമ്മായിയഛന്റെ വീട്ടിലിരുന്നാലും ശരി. ശരിക്ക് ആലോചിച്ച് പറ. നിന്റെ കൈയ്യിലാണ് ഭാവി ഇരിക്കുന്നതെടാ സ്വാമീ”

കാളിയെ അമ്പരപ്പിച്ച ഒരു അഭിപ്രായം ആയിരുന്നു അത്. താൻ പല പ്രാവശ്യം പതിനാലാം ദിവസം ബീജദാനത്തിനായി പോയിട്ടുണ്ടെങ്കിലും സ്വന്തം ഭാര്യയെ അതിനയക്കുന്നത് അവനെ സംബന്ധിച്ച് ഒത്തുപോകാൻ പറ്റാത്തതായിരുന്നു. അന്നേ ദിവസം അയാളും ഭാര്യയും ഉത്സവത്തിന് പോകുന്നുണ്ട്. അയാളറിയാതെ പൊന്നാൾ സ്വാമിയുടെ കുഞ്ഞിനെ സ്വീകരിക്കാൻ തീരുമാനിക്കുന്നു.

അതിരിക്കട്ടെ. വിഷയത്തിലേയ്ക്ക് തിരിച്ച് വരാം. ഇത്തരം ആചാരം തിരിച്ചങ്കോട്ട് കോവിലിൽ ഉണ്ടായിരുന്നതിന് എന്ത് ആധാരമാണുള്ളതെന്നാണ് കലഹക്കാർ ചോദിക്കുന്നത്. പെരുമാൾ മുരുഗന് അത് സ്വന്തം നാട്ടിലെ ഒരു കേട്ടുകഥയുടെ പശ്ചാത്തലമേ ഉണ്ടായിരിക്കുള്ളൂ. ദൈവങ്ങളെ അപമാനിക്കുന്നു, വികാരം വ്രണപ്പെട്ടു എന്നൊക്കെ പറഞ്ഞ് സാമുദായികസംഘടനകൾ വഴക്കുണ്ടാക്കുന്നത് ആദ്യമായിട്ടല്ല. ഒരു നാടിന്റെ ചരിത്രത്തിലേയ്ക്ക് ഊളിയിടുമ്പോൾ ധാരാളം കയ്പ്പുള്ള സത്യങ്ങൾ അതിൽ അടങ്ങിയിരിക്കുമെന്നത് എഴുത്തുകാരന്റെ കുറ്റമല്ല. അത് എഴുതാതിരിക്കുക എന്നത് അയാളുടെ ബാധ്യതയുമല്ല.

പെരുമാൾ മുരുക ഒറ്റപ്പെട്ട സംഭവമല്ല. ഇനി വരാനിരിക്കുന്നത് അക്ഷരവും ശബ്ദവും വിരലുകളും നിറങ്ങളും കാഴ്ചയും എല്ലാത്തിനേയും കുപ്പത്തൊട്ടിയിലെറിയുന്ന ഒരു കാലമാണെന്നതിന്റെ മുന്നോടിയല്ലേ ഇപ്പോൾ സംഭവിക്കുന്നത്?

പ്രതിഷേധങ്ങൾക്കും സോഷ്യൽ മീഡിയകളിലെ ആർപ്പുവിളികൾക്കും എന്ത് ചെയ്യാൻ കഴിയുമെന്നുള്ളത് വരാനിരിയ്ക്കുന്ന മരണങ്ങളുടെ കണക്കനുസരിച്ചേ അളക്കാൻ കഴിയൂ.





1 comment:

  1. ഇത്രയും വിശദമായി ഈ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞത് ഇപ്പോളാണ്. താങ്ക്സ്

    ReplyDelete