Thursday, April 7, 2016

ഹോളിവുഡും ശീതയുദ്ധവുംരണ്ടാം ലോകമഹായുദ്ധശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം ഇരുരാജ്യങ്ങളിലേയും രാഷ്ട്രീയവിഷയങ്ങളിൽ മാത്രമല്ല, ജീവിതത്തിലെ സകലമേഖലകളിലും പ്രതിഫലിച്ചിരുന്നു. തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും അറിയിക്കാനും, സർവ്വോപരി സ്വന്തം ജനതയോടും ലോകത്തോടും സംവാദത്തിലേർപ്പെടാനും അവർ സിനിമ ഉപയോഗിച്ചു. സിനിമ ഏറ്റവും ജനകീയമായ കല എന്ന നിലയിൽ തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള കുറുക്കുവഴിയായിത്തീർന്നു അവർക്ക്. ഒട്ടേറെപുസ്തകങ്ങൾ അക്കാലത്ത് എഴുതപ്പെട്ടെങ്കിലും സിനിമയിലൂടെയുള്ള വഴക്ക് പ്രധാനമായിരുന്നു. ഹോളിവുഡും തങ്ങളുടെ ആയുധങ്ങൾ ഉപയോഗിച്ച് ശീതയുദ്ധം പരസ്യമാക്കിയപ്പോൾ സോവിയറ്റ് യൂണീയനും അതേ നാണയത്തിൽ തിരിച്ചടിക്കാൻ തുടങ്ങി. 

ശീതയുദ്ധം അവസാനിച്ച ശേഷവും ഹോളിവുഡ് അതിന്റെ സ്മരണകളിൽ നിന്നും മുക്തമായിട്ടില്ലെന്നതിന്റെ സൂചനയാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ത്രില്ലറുകളും വാർ മൂവീസും. ആദ്യം സിനിമ ഒരു ആയുധമായിരുന്നെങ്കിൽ ഇപ്പോൾ അതിന്റെ ധർമ്മം ജനങ്ങളെ ശീതയുദ്ധത്തിന്റെ ഓർമ്മകളിൽ പിടിച്ച് നിർത്തുക എന്നതാണ്. ഗൃഹാതുരതയുണർത്തുന്ന രീതിയിൽ ഹോളിവുഡിൽ യുദ്ധസിനിമകളും ത്രില്ലറുകളും നിർമ്മിക്കപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോഴും തുടരുന്നു (ഹോളിവുഡിന്റെ മറ്റൊരു പ്രിയപ്പെട്ട വിഷയമാണ് രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂതന്മാരുടെ യാതനകൾ. ഹോളോകാസ്റ്റ് സിനിമകളും ധാരാളം നിർമ്മിക്കപ്പെട്ടിട്ടുണ്ട്).
സ്റ്റീഫൻ സ്പീൽബർഗിന്റെ Bridge of Spies (2015) എന്ന സിനിമയും മറ്റൊന്നുമല്ല ചെയ്യുന്നത്.  സിനിമയിലെ ഒരു രംഗം:

വക്കീൽ ആയ ഡോനോവൻ ഒരു ദിവസം കാണുന്നത് തന്റെ മകൻ ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ഒരു മാപ് പരിശോധിക്കുന്നതാണ്. അതിന്റെ കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ബോംബ് ആക്രമണം ഉണ്ടായാൽ വെള്ളത്തിന് ക്ഷാമമുണ്ടാകും, അതുകൊണ്ട് ബാത്ത് ടബ് നിറച്ച് വയ്ക്കണമെന്നാണ്. അവൻ എപ്പോഴും ഒരു ബോംബ് ആക്രമണം പ്രതീക്ഷിച്ച് രക്ഷപ്പെടാൻ തയ്യാറാവുകയാണ്.


ഈ രംഗം സ്വന്തം അനുഭവത്തിൽ നിന്നും എടുത്തെഴുതിയതാണെന്ന് സ്പീൽബർഗ് തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അമേരിക്കയെ മുഴുവൻ ഭീതിയിലാഴ്ത്തിയിരുന്ന അന്ത്യവിധിദിനം കുട്ടിയായിരുന്ന സ്പീൽബർഗിനേയും ഭയപ്പെടുത്തിയിരുന്നത് സ്വാഭാവികം. 

"It was on TV. It was in the newspaper, and the conversation that was on everyone's lips was about doomsday," സ്പീൽബർഗ് അഭിമുഖത്തിൽ പറയുന്നു.

കുട്ടിക്കാലത്തെ ആ ഭയം ഇപ്പോഴും തന്നെ വിട്ടു പോയിട്ടില്ലെന്നതിന്റെ സൂചനയായിരിക്കുമോ പതിറ്റാണ്ടുകൾക്ക് ശേഷം സ്വന്തം ജീവിതത്തിലെ അനുഭവം സിനിമയിൽ പകർത്താൻ പ്രേരിപ്പിച്ചത്?
അതോ, ഇപ്പോഴും അമേരിക്കൻ ജനതയുടെ മനസ്സിലെവിടെയോ ഒരു ഭയം ഒളിഞ്ഞിരിക്കുന്നുണ്ടെന്നോ?
സ്പീൽബർഗ് മറ്റൊരു അഭിമുഖത്തിൽ പറയുന്നു: 

So many things were in my mind in the contemporary world. Drone missions. Guantánamo Bay.
Cyberhacking, because cyberhacking is a form of spying. At the very beginning of technological
spycraft in the late ’50s, with the U-2 overflights, our fear was that the Sputnik was a spy
satellite, which it turned out of course not to be, and there was also great suspicion and fear of
nuclear holocaust. I grew up in that era. The stakes were very, very high. And yet today, there is
much more dread and fear of who’s looking over our shoulders. There was a specific enemy, the
Soviet Union, in the 1950s and ’60s. Today we don’t know our enemy. The enemy doesn’t have
a specific face.

Bridge of Spies എന്ന സിനിമയിൽ ശീതയുദ്ധകാലത്തെ ഒരു സ്പൈ എക്സ്ചേഞ്ച് ആണ് വിഷയമാക്കിയിരിക്കുന്നത്. യഥാർഥ സംഭവം ആധാരമാക്കി നിർമ്മിച്ച സിനിമയാണെങ്കിലും സിനിമയിൽ നടക്കാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു എന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഡോനോവന്റെ വീട്ടിൽ വെടിവയ്പ്പുണ്ടാകുന്നതും, ബെർലിനിൽ വച്ച് ഓവർ കോട്ട് തട്ടിയെടുക്കപ്പെടുന്നതും, ബെർലിൻ മതിൽ കടക്കാൻ ശ്രമിച്ച ചെറുപ്പക്കാരെ വെടിവയ്ക്കുന്നത് കണ്ടതും എല്ലാം വ്യാജമാണെന്നാണ് ആരോപണങ്ങൾ. സിനിമ സംഭവബഹുലമാക്കാനും, കഥയ്ക്ക് യഥാർഥ ശീതയുദ്ധകാലത്തിന്റെ നിറം നൽകാനും വേണ്ടി ഇതെല്ലാം ചേർത്തതാകാനും മതി.


എന്തായാലും ഓർമ്മകൾ ഉണർത്തുന്ന ഇത്തരം സിനിമകൾ അമേരിക്കയ്ക്ക് ആവശ്യമാണെന്ന് തന്നെ വേണം പറയാൻ. മുഖമില്ലാത്തതെങ്കിലും ഒരു ശത്രു തങ്ങൾക്കുണ്ടെന്ന ബോധം ഇല്ലാതാകുമ്പോൾ അധികാരവൃന്ദങ്ങൾക്ക് നഷ്ടപ്പെടാനേറേയുണ്ട്. തങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ മനുഷ്യക്കുരുതികൾക്കും കടന്നുകയറ്റങ്ങൾക്കും ഉത്തരം പറയേണ്ടിവരും എന്ന ഭീഷണിയും ഹോളിവുഡിനെ ആശ്രയിക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടാകും.

മൊണാക്കോയിലെ രാജകുമാരിജോൺ ഫോർഡ് തന്റെ സിനിമയിലേയ്ക്ക് ഗ്രേസിനെ തിരഞ്ഞെടുത്തപ്പോൾ സഫലമായത് അവളുടെ സ്വപ്നം കൂടിയായിരുന്നു. അഭിനേത്രിയാകണമെന്ന ആഗ്രഹവുമായി, മാതാപിതാക്കളുടെ അനിഷ്ടത്തിനെ വകവയ്ക്കാതെ ന്യൂയോർക്കിൽ എത്തിയ അവൾക്ക് അധികം വൈകാതെ തന്നെ അവസരങ്ങൾ ലഭിച്ചു തുടങ്ങി. നാടകരംഗത്ത് കഴിവ് തെളിയിച്ച ശേഷമായിരുന്നു ഗ്രേസ് വെള്ളിത്തിരയിലേയ്ക്കെത്തിയത്. അമേരിക്കൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിലൊരാളായി അവർ വളർന്നു. ആൽഫ്രഡ് ഹിച്ച്കോക്ക് അടക്കമുള്ള അതികായന്മാരുടെ സിനിമകളിൽ അഭിനയിച്ച് താരത്തിളക്കത്തിൽ നിൽക്കുമ്പോഴാണ് ഗ്രേസ് 1955 ലെ ഒരു മെയ് മാസത്തിൽ വിശ്വപ്രസിദ്ധമായ കാനസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. അത് അവരുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ പോകുന്ന യാത്രയായിരുന്നു. 
കാൻസ് ഫെസ്റ്റിവലിനിടയിൽ ഒരു വിരുന്നിൽ വച്ചാണ് ഗ്രേസ് റൈനറിനെ കണ്ടുമുട്ടുന്നത്. മൊണാക്കോയുടെ പ്രിൻസ് ആയ റൈനർ മൂന്നാമന് (Rainier Louis Henri Maxence Bertrand Grimaldi) ഗ്രേസിനോട് പ്രണയം തോന്നിയതിൽ അതിശയമൊന്നുമില്ല. ആദ്യത്തെ സമാഗമം കഴിഞ്ഞപ്പോൾ റൈനർ രാജകുമാരൻ ഗ്രേസിനെ പുകഴ്ത്തിയത്  അവരുടെ കുലീനമായ പെരുമാറ്റവും, ബുദ്ധിശക്തിയും എല്ലാമായിരുന്നു. ഗ്രേസും രാജകുമാരനെ പുകഴ്ത്താൻ മടി കാണിച്ചില്ല.


അവർ തമ്മിൽ കത്തിടപാടുകളും തുടങ്ങിയിരുന്നു. ഗ്രേസ് തന്റെ ഹൃദയം കീഴടക്കിയ വിവരം മറച്ചു വയ്ക്കാതെ റൈനർ മൂന്നാമൻ ഗ്രേസിന് ഒരു കത്തെഴുതി. അനുകൂലമായ മറുപടി ഗ്രേസിൽ നിന്നും ലഭിച്ചതോടെ ഹോളിവുഡിന്റെ ചരിത്രത്തിലെ ഒരു വലിയ അദ്ധ്യാ‍്യം അവസാനിക്കുക കൂടിയായിരുന്നു.


1955 ലെ ഡിസംബർ മാസത്തിൽ റൈനർ രാജകുമാരൻ അമേരിക്ക സന്ദർശിച്ചു. 

ഫ്രാൻസുമായുള്ള ചില പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. അവിവാഹിതനായിരുന്ന റൈനറിനെ പ്രശ്നത്തിലാക്കിയത് ഫ്രാൻസ് മുന്നോട്ട് വച്ച ഒരു ഉപാധിയായിരുന്നു. റൈനർക്ക് ഒരു പിൻ ഗാമി ഉണ്ടായില്ലെങ്കിൽ മൊണക്കോ ഫ്രാൻസിനോട് ചേർക്കപ്പെടും എന്നതായിരുന്നു അത്. ഈ വിവരങ്ങൾ അറിയാവുന്ന മാദ്ധ്യമങ്ങൾ അമേരിക്കയിൽ വച്ച് റൈനർ രാജകുമാരനോട് വിവാഹത്തിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം ഒഴുക്കൻ മട്ടിൽ ഒഴിഞ്ഞ് മാറുകയായിരുന്നു.


റൈനർ രാജകുമാരൻ ഗ്രേസിന്റെ മാതാപിതാക്കളെ കണ്ടു. നൂറ്റാണ്ടിന്റെ വിവാഹം എന്ന് അവർ പ്രകീർത്തിച്ച ആ വിവാഹം നടന്നു. ഹോളിവുഡിലെ റാണിയായിരുന്ന ഗ്രേസ് കെല്ലി മൊണാക്കോ എന്ന കൊച്ചു രാജ്യത്തിന്റെ രാജകുമാരിയായി മാറി.മുമ്പ് ഹിച്ച്കോക്കിന്റെ മൂന്ന് സിനിമകളിൽ, (Dial M for Murder (1954), Rear Window (1954), To Catch a Thief (1955),  അഭിനയിച്ചിട്ടുള്ള ഗ്രേസിനെത്തേടി ഹിച്ച്കോക്ക് വീണ്ടും എത്തി. ഇത്തവണ മോണാക്കോയിലെ രാജകുമാരിയോടായിരുന്നു തന്റെ സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിച്ചതെന്ന് മാത്രം. Marnie (1964) ആയിരുന്നു ആ സിനിമ. പക്ഷേ, പുതിയ മേൽ വിലാസം ഗ്രേസിന് തടസ്സമായിരുന്നു. റൈനർ രാജകുമാരന്റെ എതിർപ്പും മൊണക്കോയിലെ ജനവികാരവും സിനിമയിലേയ്ക്ക് തിരിച്ച് പോകുന്നതിൽ നിന്നും അവരെ വിലക്കി.പിന്നീടെല്ലാം യൂറോപ്പിലെ രാഷ്ട്രീയപ്പോരുകൾക്കിടയിലെ അദ്ധ്യായങ്ങൾ.


&&&ചില സിനിമകൾ അങ്ങിനെയാണ്. പ്രത്യേകിച്ചൊന്നും തരാനില്ലെങ്കിലും പരാജയപ്പെട്ടാലും സിനിമയ്ക്ക് പുറത്ത് ഒട്ടേറെ കൌതുകകരമായ കാര്യങ്ങൾ അവ നിരത്തി വയ്ക്കും. എന്ന സിനിമയും അത്തരത്തിലൊന്നാണ്. വിമർശകർ കൈവിട്ടെങ്കിലും ഗ്രേസ് കെല്ലി എന്ന അഭിനേത്രിയും പിന്നീട് മൊണാക്കോയിലെ രാജകുമാരിയും സിനിമയേക്കാൾ ഉൾക്കളികൾ നിറഞ്ഞ കഥയാണ് പറഞ്ഞ് തരുക. ഗ്രേസ് കെല്ലി ആയി നിക്കോൾ കിഡ്മാനും, റൈനർ രാജകുമാരനായി ടിം റോത്തും, ഹിച്ച്കോക്ക് ആയി റോജർ ഗ്രിഫിത്സും അഭിനയിച്ച ഗ്രേസ് ഓഫ് മൊണാക്കോ അത്ര വിജയമായിരുന്നില്ല. എങ്കിലും, ഗ്രേസ് കെല്ലി അന്ന അമേരിക്കൻ സിനിമയിലെ താരത്തിനെപ്പറ്റി സംസാരിച്ച സിനിമ എന്ന നിലയ്ക്ക് ചരിത്രത്തിലേയ്ക്ക് ഒരു ചൂണ്ടുപലകയായി ഗ്രേസ് ഓഫ് മൊണാക്കോ പ്രവർത്തിക്കുന്നുണ്ട്.

Monday, April 4, 2016

Let's go to the movies...ഒരു രാത്രി firecrackers (മരിയുവാന) തേടിയിറങ്ങിയ രണ്ട് ചെറുപ്പക്കാർ എത്തിച്ചേരുന്നത് ചാർളിയുടെ അടുത്താണ്. കുറച്ച് മാറി നിൽക്കുന്ന മൈക്കിളിന്റെയടുത്ത് നല്ല മരിയുവാന കിട്ടുമെന്ന് ചാർളി പറയുന്നു. ചെറുപ്പക്കാർ മൈക്കിളുമായി സംസാരിച്ച് ‘സ്റ്റഫ്’ വാങ്ങാനുറപ്പിക്കുന്നു. ടോണിയോടൊപ്പം അവരെ കാറിൽ കയറ്റി ചൈനാ ടൌണിലെത്തിയ ടോണി അവരോട് പണം വാങ്ങിയിട്ട് അര മണിക്കൂറിൽ തിരിച്ചെത്താം എന്ന് പറഞ്ഞ് പോകുന്നു. ചെറുപ്പക്കാർ കാറിൽ നിന്നിറങ്ങിയതും മൈക്കിളും ടോണിയും ചാർളിയുടെ വീട് ലക്ഷ്യമാക്കി പോകുന്നു. ചെറുപ്പക്കാരിൽ നിന്നും 20 ഡോളർ പറ്റിച്ചതായി അറിയുമ്പോൾ ചാർളി പറയുന്നത് ‘Let's go to the movies...on you‘ എന്നാണ്. പിന്നീട് അവരെ കാണുന്നത് ‘ഡോനോവൻസ് റീഫ്’ എന്ന സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിനുള്ളിലാണ്.
പ്രസിദ്ധ അമേരിക്കൻ സംവിധായകനായ മാർട്ടിൻ സ്കോർസസിയുടെ മീൻ സ്ട്രീറ്റ്സ് (Mean Streets,1973) എന്ന സിനിമയിലെ ഒരു രംഗമാണ് മുകളിൽ വായിച്ചത്. ഹോളിവുഡിലെ എക്കാലത്തേയും ഒറിജിനൽ സിനിമകളിൽ ഒന്ന് എന്ന വിശേഷണമാണ് മീൻ സ്ട്രീറ്റ്സിന് ലഭിച്ചത്. എഴുപതുകളിലെ അമേരിക്കൻ ജീവിതത്തിനെ അതിന്റെ യാഥാർഥ്യത്തോടെ വരച്ച് കാണിക്കുന്ന സിനിമ എന്ന രീതിയിലും മീൻ സ്ട്രീറ്റ്സ് അഭിനന്ദിക്കപ്പെട്ടു. അമേരിക്കൻ സിനിമയുടെ ഉയർത്തെഴുന്നേൽ‌പ്പിന്റെ കാലം കൂടിയായിരുന്ന എഴുപതുകളിലെ ഏറ്റവും മികച്ച സിനിമയായി മീൻ സ്ട്രീറ്റ്സ് കണക്കാക്കപ്പെടുന്നു.എഴുപതുകളിൽ അമേരിക്കൻ സിനിമയിൽ ഒട്ടേറെ അഴിച്ചുപണികൾ നടന്ന ദശാബ്ധമായിരുന്നു. സിനിമയിലെ വിലക്കുകളും നിയന്ത്രണങ്ങളും എടുത്തുകളയാൻ തുടങ്ങിയ കാലം. ലൈംഗികത, അക്രമം, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവയിൽ ഉണ്ടായിരുന്ന പരിമിതികൾ/വെട്ടിനിരത്തുലകൾ പതുക്കെ ഇല്ലാതാകുകയും അതെല്ലാം സിനിമയിൽ വളരെ സ്പഷ്ടവും വിദഗ്ദ്ധവുമായി ഉപയോഗിക്കപ്പെടുകയും ചെയ്തു. എഴുപതുകളിലെ പ്രതിസംസ്കാരം ഹോളിവുഡ് സിനിമയെ വളരെയധികം സ്വാധീനിക്കുകയും കലാപരമായും ആശയപരമായും, പരീക്ഷണപരമായും, ഘടനാപരമായും സിനിമയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ചെറുപ്പക്കാരായ സംവിധായകർക്ക് പ്രചോദനം ലഭിക്കുകയും ചെയ്തു.

കലാപരമായി ഒരുപാട് മാറ്റങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കേ ആ സമയത്ത് സിനിമ എന്നത് സമകാലികസമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഉള്ളറകളെ ചോദ്യം ചെയ്യുന്നത് കൂടിയായിരുന്നു. സ്കോർസസിയെപ്പോലുള്ള സംവിധായകർ തങ്ങളുടെ കരിയറിലെ മികച്ച സിനിമകൾ പുറത്തെടുത്ത ദശാബ്ധം കൂടിയായി മാറി എഴുപതുകൾ. 

ന്യൂ ഹോളിവുഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമയത്താണ് കപോളയുടെ ഗോഡ്ഫാദർ (1974), പൊളാൻസ്കിയുടെ ചൈനാടൌൺ (1974), ക്യൂബ്രിക്കിന്റെ എ ക്ലോക്ക് വർക്ക് ഓറഞ്ച് (1971), ഫ്രീഡ്കിന്നിന്റെ ദ ഫ്രഞ്ച് കണക്ഷൻ (1971), ജാക്ക് നിക്കോൾസന്റെ എ ഫ്ല്യൂ ഓവർ ദ കുക്കൂസ് നെസ്റ്റ് (1975) തുടങ്ങിയ ഒരു പറ്റം ബ്രഹ്മാണ്ഡസിനിമകൾ ഹോളിവുഡിൽ നിർമ്മിക്കപ്പെടുന്നത്. ഇവയെല്ലാം ആശയപരമായും കലാപരമായും മുൻ ധാരണകളെ മാറ്റിമറിയ്ക്കുന്നതിനോടൊപ്പം അതാത് കാലത്തെ പല ജീവിതങ്ങളേയും അവസ്ഥകളേയും രാഷ്ട്രീയത്തിനേയും കലയെത്തന്നേയും പോസ്റ്റ് മോർട്ടം ടേബിളിൽ കിടത്തുകയും ചെയ്തിരുന്നു.
സ്കോർസേസിയുടെ മീൻ സ്ട്രീറ്റിലെ ഒരു രംഗത്തിൽ നിന്നാണല്ലോ തുടങ്ങിയത്. അല്പം പണം ലഭിക്കുമ്പോൾ ആ മൂന്ന് ചെറുപ്പക്കാർ സിനിമയ്ക്ക് പോകാനാണ് തീരുമാനിക്കുന്നത്. എന്ത് കൊണ്ട് അവർ മദ്യപിയ്ക്കാനോ ചുവന്ന തെരുവിലേയ്ക്കോ മയക്കുമരുന്നിലേയ്ക്കോ പോകാതെ സിനിമ തിരഞ്ഞെടുത്തത് എന്ന ചിന്തയാണ് ഇത്രയും പറയാൻ കാരണം. ഏതൊരു കലാസൃഷ്ടിയെപ്പോലേയും, ചിലപ്പോൾ ഏറ്റവും മികച്ച രീതിയിൽ, ആസ്വാദകരെ സ്വാധീനിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന കലാരൂപമാണ് സിനിമ എന്ന് പറയാമോ? സ്കോർസേസി ഒരു കാലഘട്ടത്തിനെ അഭ്രപാളിയിൽ രേഖപ്പെടുത്തുമ്പോൾ പിൻ തലമുറയ്ക്ക് ലഭിക്കുന്നത് തങ്ങൾ അറിയാതെ പോയതും ഇപ്പോൾ അനുഭവിക്കാൻ ഇടയില്ലാത്തതുമായ ഒരു ജീവിതം തന്നെയാണ്. ഇങ്ങനെയൊക്കെയായിരുന്നു കാലം എന്നും ഇപ്പോൾ അതെത്ര മാത്രം മുന്നോട്ടോ പിന്നോട്ടോ മാറിപ്പോയെന്നും മനസ്സിലാക്കാൻ അതാത് കാലത്തെ സിനിമകൾ പരിശോധിച്ചാൽ മതിയാകുമായിരിക്കും.

ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇത് വളരെയെളുപ്പം മനസ്സിലാക്കാൻ കഴിയും. ബോളിവുഡിലും മറ്റ് പ്രാദേശികഭാഷകളിലും നിർമ്മിക്കപ്പെടുന്ന സിനിമകളുടെ സ്വഭാവം പരിശോധിച്ചാൽ ലഭിക്കുന്നത് ഇപ്പോഴത്തെ ജനതയുടെ പല മുഖങ്ങൾ തന്നെയായിരിക്കും. ഒരു വശത്ത് ദേശസ്നേഹം വിളമ്പുമ്പോൾ മറുവശത്ത് പുരാണകാലത്തെ പ്രകീർത്തിക്കുന്നു. കൊല്ലും കൊലയും കൊള്ളയും നടത്തുന്ന നായകന്മാർ ഉണ്ടാകുന്നു, കൈയ്യടി നേടുന്നു. നിലവിലുള്ള രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങൾ പുരസ്കാരനിർണ്ണയങ്ങളിൽ പോലും ഇടപെടുന്നത് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു. പികെ പോലുള്ള സിനിമകൾ വിമർശനങ്ങൾ വാങ്ങിക്കൂട്ടുന്നതും അതോടൊപ്പം അതിനെ അഭിനന്ദിക്കാൻ ആസ്വാദകർ ഉണ്ടാകുന്നതും സമൂഹത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടേയും ഭിന്നതയുടേയും ഫലം തന്നെയാണ്.


മലയാളത്തിൽ നോക്കുകയാണെങ്കിലും ഇതെല്ലാം തന്നെ അവസ്ഥ. ഫ്യൂഡൽ അതിമാനുഷികർക്ക് ഇപ്പോഴും നല്ല പിന്തുണ കിട്ടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംവിധായകരും തിരക്കഥാകൃത്തുക്കളും തുടർച്ചയായി അത്തരം സിനിമകൾ എടുക്കുന്നത്. പരീക്ഷണങ്ങളും മാറ്റങ്ങളും ശ്രമിക്കപ്പെടുന്നുണ്ട് എന്ന് സമ്മതിക്കുമ്പോൾത്തന്നെ പുരുഷഫെമിനിസ്റ്റുകളും, സദാചാരസന്ദേശങ്ങളും, ദേശസ്നേഹികളും, പുണ്യവാന്മാരും എല്ലാം തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത് സമൂഹത്തിന്റെ പ്രതിഫലനമാകുന്നു സിനിമ എന്നതിന്റെ ഒരു കാരണം കൊണ്ടായിരിക്കണം.