Let's go to the movies...



ഒരു രാത്രി firecrackers (മരിയുവാന) തേടിയിറങ്ങിയ രണ്ട് ചെറുപ്പക്കാർ എത്തിച്ചേരുന്നത് ചാർളിയുടെ അടുത്താണ്. കുറച്ച് മാറി നിൽക്കുന്ന മൈക്കിളിന്റെയടുത്ത് നല്ല മരിയുവാന കിട്ടുമെന്ന് ചാർളി പറയുന്നു. ചെറുപ്പക്കാർ മൈക്കിളുമായി സംസാരിച്ച് ‘സ്റ്റഫ്’ വാങ്ങാനുറപ്പിക്കുന്നു. ടോണിയോടൊപ്പം അവരെ കാറിൽ കയറ്റി ചൈനാ ടൌണിലെത്തിയ ടോണി അവരോട് പണം വാങ്ങിയിട്ട് അര മണിക്കൂറിൽ തിരിച്ചെത്താം എന്ന് പറഞ്ഞ് പോകുന്നു. ചെറുപ്പക്കാർ കാറിൽ നിന്നിറങ്ങിയതും മൈക്കിളും ടോണിയും ചാർളിയുടെ വീട് ലക്ഷ്യമാക്കി പോകുന്നു. ചെറുപ്പക്കാരിൽ നിന്നും 20 ഡോളർ പറ്റിച്ചതായി അറിയുമ്പോൾ ചാർളി പറയുന്നത് ‘Let's go to the movies...on you‘ എന്നാണ്. പിന്നീട് അവരെ കാണുന്നത് ‘ഡോനോവൻസ് റീഫ്’ എന്ന സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിനുള്ളിലാണ്.
പ്രസിദ്ധ അമേരിക്കൻ സംവിധായകനായ മാർട്ടിൻ സ്കോർസസിയുടെ മീൻ സ്ട്രീറ്റ്സ് (Mean Streets,1973) എന്ന സിനിമയിലെ ഒരു രംഗമാണ് മുകളിൽ വായിച്ചത്. ഹോളിവുഡിലെ എക്കാലത്തേയും ഒറിജിനൽ സിനിമകളിൽ ഒന്ന് എന്ന വിശേഷണമാണ് മീൻ സ്ട്രീറ്റ്സിന് ലഭിച്ചത്. എഴുപതുകളിലെ അമേരിക്കൻ ജീവിതത്തിനെ അതിന്റെ യാഥാർഥ്യത്തോടെ വരച്ച് കാണിക്കുന്ന സിനിമ എന്ന രീതിയിലും മീൻ സ്ട്രീറ്റ്സ് അഭിനന്ദിക്കപ്പെട്ടു. അമേരിക്കൻ സിനിമയുടെ ഉയർത്തെഴുന്നേൽ‌പ്പിന്റെ കാലം കൂടിയായിരുന്ന എഴുപതുകളിലെ ഏറ്റവും മികച്ച സിനിമയായി മീൻ സ്ട്രീറ്റ്സ് കണക്കാക്കപ്പെടുന്നു.



എഴുപതുകളിൽ അമേരിക്കൻ സിനിമയിൽ ഒട്ടേറെ അഴിച്ചുപണികൾ നടന്ന ദശാബ്ധമായിരുന്നു. സിനിമയിലെ വിലക്കുകളും നിയന്ത്രണങ്ങളും എടുത്തുകളയാൻ തുടങ്ങിയ കാലം. ലൈംഗികത, അക്രമം, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവയിൽ ഉണ്ടായിരുന്ന പരിമിതികൾ/വെട്ടിനിരത്തുലകൾ പതുക്കെ ഇല്ലാതാകുകയും അതെല്ലാം സിനിമയിൽ വളരെ സ്പഷ്ടവും വിദഗ്ദ്ധവുമായി ഉപയോഗിക്കപ്പെടുകയും ചെയ്തു. എഴുപതുകളിലെ പ്രതിസംസ്കാരം ഹോളിവുഡ് സിനിമയെ വളരെയധികം സ്വാധീനിക്കുകയും കലാപരമായും ആശയപരമായും, പരീക്ഷണപരമായും, ഘടനാപരമായും സിനിമയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ചെറുപ്പക്കാരായ സംവിധായകർക്ക് പ്രചോദനം ലഭിക്കുകയും ചെയ്തു.

കലാപരമായി ഒരുപാട് മാറ്റങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കേ ആ സമയത്ത് സിനിമ എന്നത് സമകാലികസമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഉള്ളറകളെ ചോദ്യം ചെയ്യുന്നത് കൂടിയായിരുന്നു. സ്കോർസസിയെപ്പോലുള്ള സംവിധായകർ തങ്ങളുടെ കരിയറിലെ മികച്ച സിനിമകൾ പുറത്തെടുത്ത ദശാബ്ധം കൂടിയായി മാറി എഴുപതുകൾ. 

ന്യൂ ഹോളിവുഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമയത്താണ് കപോളയുടെ ഗോഡ്ഫാദർ (1974), പൊളാൻസ്കിയുടെ ചൈനാടൌൺ (1974), ക്യൂബ്രിക്കിന്റെ എ ക്ലോക്ക് വർക്ക് ഓറഞ്ച് (1971), ഫ്രീഡ്കിന്നിന്റെ ദ ഫ്രഞ്ച് കണക്ഷൻ (1971), ജാക്ക് നിക്കോൾസന്റെ എ ഫ്ല്യൂ ഓവർ ദ കുക്കൂസ് നെസ്റ്റ് (1975) തുടങ്ങിയ ഒരു പറ്റം ബ്രഹ്മാണ്ഡസിനിമകൾ ഹോളിവുഡിൽ നിർമ്മിക്കപ്പെടുന്നത്. ഇവയെല്ലാം ആശയപരമായും കലാപരമായും മുൻ ധാരണകളെ മാറ്റിമറിയ്ക്കുന്നതിനോടൊപ്പം അതാത് കാലത്തെ പല ജീവിതങ്ങളേയും അവസ്ഥകളേയും രാഷ്ട്രീയത്തിനേയും കലയെത്തന്നേയും പോസ്റ്റ് മോർട്ടം ടേബിളിൽ കിടത്തുകയും ചെയ്തിരുന്നു.
സ്കോർസേസിയുടെ മീൻ സ്ട്രീറ്റിലെ ഒരു രംഗത്തിൽ നിന്നാണല്ലോ തുടങ്ങിയത്. അല്പം പണം ലഭിക്കുമ്പോൾ ആ മൂന്ന് ചെറുപ്പക്കാർ സിനിമയ്ക്ക് പോകാനാണ് തീരുമാനിക്കുന്നത്. എന്ത് കൊണ്ട് അവർ മദ്യപിയ്ക്കാനോ ചുവന്ന തെരുവിലേയ്ക്കോ മയക്കുമരുന്നിലേയ്ക്കോ പോകാതെ സിനിമ തിരഞ്ഞെടുത്തത് എന്ന ചിന്തയാണ് ഇത്രയും പറയാൻ കാരണം. ഏതൊരു കലാസൃഷ്ടിയെപ്പോലേയും, ചിലപ്പോൾ ഏറ്റവും മികച്ച രീതിയിൽ, ആസ്വാദകരെ സ്വാധീനിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന കലാരൂപമാണ് സിനിമ എന്ന് പറയാമോ? സ്കോർസേസി ഒരു കാലഘട്ടത്തിനെ അഭ്രപാളിയിൽ രേഖപ്പെടുത്തുമ്പോൾ പിൻ തലമുറയ്ക്ക് ലഭിക്കുന്നത് തങ്ങൾ അറിയാതെ പോയതും ഇപ്പോൾ അനുഭവിക്കാൻ ഇടയില്ലാത്തതുമായ ഒരു ജീവിതം തന്നെയാണ്. ഇങ്ങനെയൊക്കെയായിരുന്നു കാലം എന്നും ഇപ്പോൾ അതെത്ര മാത്രം മുന്നോട്ടോ പിന്നോട്ടോ മാറിപ്പോയെന്നും മനസ്സിലാക്കാൻ അതാത് കാലത്തെ സിനിമകൾ പരിശോധിച്ചാൽ മതിയാകുമായിരിക്കും.

ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇത് വളരെയെളുപ്പം മനസ്സിലാക്കാൻ കഴിയും. ബോളിവുഡിലും മറ്റ് പ്രാദേശികഭാഷകളിലും നിർമ്മിക്കപ്പെടുന്ന സിനിമകളുടെ സ്വഭാവം പരിശോധിച്ചാൽ ലഭിക്കുന്നത് ഇപ്പോഴത്തെ ജനതയുടെ പല മുഖങ്ങൾ തന്നെയായിരിക്കും. ഒരു വശത്ത് ദേശസ്നേഹം വിളമ്പുമ്പോൾ മറുവശത്ത് പുരാണകാലത്തെ പ്രകീർത്തിക്കുന്നു. കൊല്ലും കൊലയും കൊള്ളയും നടത്തുന്ന നായകന്മാർ ഉണ്ടാകുന്നു, കൈയ്യടി നേടുന്നു. നിലവിലുള്ള രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങൾ പുരസ്കാരനിർണ്ണയങ്ങളിൽ പോലും ഇടപെടുന്നത് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു. പികെ പോലുള്ള സിനിമകൾ വിമർശനങ്ങൾ വാങ്ങിക്കൂട്ടുന്നതും അതോടൊപ്പം അതിനെ അഭിനന്ദിക്കാൻ ആസ്വാദകർ ഉണ്ടാകുന്നതും സമൂഹത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടേയും ഭിന്നതയുടേയും ഫലം തന്നെയാണ്.


മലയാളത്തിൽ നോക്കുകയാണെങ്കിലും ഇതെല്ലാം തന്നെ അവസ്ഥ. ഫ്യൂഡൽ അതിമാനുഷികർക്ക് ഇപ്പോഴും നല്ല പിന്തുണ കിട്ടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംവിധായകരും തിരക്കഥാകൃത്തുക്കളും തുടർച്ചയായി അത്തരം സിനിമകൾ എടുക്കുന്നത്. പരീക്ഷണങ്ങളും മാറ്റങ്ങളും ശ്രമിക്കപ്പെടുന്നുണ്ട് എന്ന് സമ്മതിക്കുമ്പോൾത്തന്നെ പുരുഷഫെമിനിസ്റ്റുകളും, സദാചാരസന്ദേശങ്ങളും, ദേശസ്നേഹികളും, പുണ്യവാന്മാരും എല്ലാം തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത് സമൂഹത്തിന്റെ പ്രതിഫലനമാകുന്നു സിനിമ എന്നതിന്റെ ഒരു കാരണം കൊണ്ടായിരിക്കണം.

1 comment:

  1. പിന്നോട്ട് പോയി ഒരുപാട് നല്ല സിനിമകളെ പരിചയപ്പെടുത്തുന്നതോടൊപ്പം മുന്നോട്ട് തിരിഞ്ഞു സമകാലിക സിനിമ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുക കൂടി ചെയ്തിരിക്കുന്നൂ. നന്ദി ! അഭിനന്ദനങ്ങൾ !

    ReplyDelete