കാറ്റ് പറഞ്ഞ കഥ*

രാത്രിയാത്ര വേണ്ടെന്നത് നഫീസയുടെ നിർബന്ധമായിരുന്നു. ബാംഗ്ലൂരിൽ നിന്നും പാലക്കാട് വരെ കൂടി വന്നാൽ എത്ര മണിക്കൂർ എടുക്കും എന്ന വാദങ്ങളൊന്നും വിലപ്പോയില്ല. അവളുടെ വാശിയ്ക്ക് കാരണവുമുണ്ട്. വിമാനത്തിലോ, കുറഞ്ഞത് തീവണ്ടിയിലോ പോകാതെ അത്രയും ദൂരം കാറിൽ പോകാമെന്ന തന്റെ തീരുമാനം അവളെ രോഷം കൊള്ളിച്ചു കാണണം. അല്ലെങ്കിലും തന്റെ വാക്കുകൾക്ക് ഈ വീട്ടിൽ വിലയില്ലെന്ന് അവളുടെ സ്ഥിരം പരാതിയാണല്ലോ. പക്ഷേ, ആ തീരുമാനം തന്റെയല്ലല്ലോയെന്നും ഓർത്തു.

 ‘ചേച്ചിയ്ക്ക് പേടിയായിട്ടായിരിക്കും ന്ന്, ഇന്നലെക്കൂടി ന്നോട് കൂട്ടം കൂടിയതാണു, ഡ്രൈവർ കുമാരൻ പറഞ്ഞു.

കൊച്ചുണ്ണിയ്ക്ക് ചിരിക്കാനാണ് തോന്നിയത്. താൻ മനസ്സിൽ ഓർത്തതിന്റെ തുടർച്ച അവൻ കണ്ടെത്തിയതിന്റെ രഹസ്യം ചികയുകയായിരുന്നു കൊച്ചുണ്ണി. എല്ലാവരും മെന്റലിസ്റ്റുകളാകുന്ന കാലം വന്നെത്തിയോയെന്ന് സംശയം ഉണ്ടായി. എന്തായാലും ബാംഗ്ലൂരിൽ വന്ന് ഇത്രയും കാലമായിട്ടും അവന്റെ നാവിൽ നിന്നും പാലക്കാടൻ ശൈലി മാഞ്ഞുപോകാത്തതിൽ ആശ്വാസം തോന്നി.

നഫീസ അതിരാവിലെ എഴുന്നേറ്റ് വഴിയ്ക്ക് കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി കുമാരനെ ഏൽപ്പിച്ചു. ഒറ്റയ്ക്കാണെങ്കിൽ താൻ ആഹാരചിട്ടകൾ തെറ്റിക്കും എന്നവൾക്കറിയാം. പോകുന്ന വഴി എവിടെയെങ്കിലും നിർത്തി കഴിയ്ക്കാൻ നിർബന്ധിക്കണം എന്നും അവൾ നിർദ്ദേശിച്ചു കാണും. ആഹാരത്തിന് മുമ്പും പിമ്പും കഴിക്കാനുള്ള മരുന്നുകൾ ഉണ്ട്. കുമാരന് ജോലി കൂടി എന്ന് പറഞ്ഞാൽ തരക്കേടില്ല.
നഫീസ എന്ന പുണ്യം, അയാൾ സ്വയം പറഞ്ഞു. ഇന്നത്തെയത്ര ഇല്ലെങ്കിലും ഹിന്ദുവും മുസ്ലീമും വിവാഹം കഴിയ്ക്കുക എന്നതെല്ലാം അന്നും കലാപസാധ്യതകളുള്ള വിഷയമായിരുന്നു. ജെഎൻയൂവിലെ പഠനകാലത്ത് തുടങ്ങിയ ഇഷ്ടം. ബിരുദം കഴിഞ്ഞ ഉപരിപഠനത്തിലായി അവൾ അമേരിക്കയിലേയ്ക്ക് പോയപ്പോൾ താൻ ഡൽഹിയിൽത്തന്നെ ജോലി സമ്പാദിക്കാൻ ശ്രമിച്ചു. ഒപ്പം ഉപരിപഠനവും. ഒരു വർഷം കഴിഞ്ഞ അവൾ അമേരിക്കയിൽ നിന്നും തിരികെയെത്തിയിട്ട് വിവാഹം എന്നായിരുന്നു ധാരണ.

അപ്പോഴാണ് ഏട്ടന്റെ ടെലഗ്രാം വരുന്നത്. ആദ്യം മനസ്സിൽ തോന്നിയത് അച്ഛന്റെ രൂപമായിരുന്നു. അടുത്ത ദിവസം തന്നെ പുറപ്പെട്ടു. ഊഹം തെറ്റിയില്ല. ഏട്ടന് കുറച്ചു കൂടി പ്രായം കൂടിയതായി തോന്നിയിരുന്നു.
ബലികർമ്മങ്ങൾക്ക് ശേഷം തിരികെ ഡൽഹിയിലേയ്ക്ക് പോകുന്ന കാര്യം ഏട്ടനോട് അവതരിപ്പിക്കുന്നതിന്റെ പ്രയാസത്തിലായിരുന്നു താൻ. അപ്പോഴത്തെ അവസ്ഥയിൽ ഏട്ടനെ തനിച്ചാക്കി പോകുന്നതിൽ കുറ്റബോധം ഉണ്ടായിരുന്നു. തറവാട്ടിൽ അമ്മ മാത്രമേയുള്ളൂ. ചേച്ചിയാകട്ടെ, മക്കളുടെ പഠിപ്പിന്റെ ആകുലതകൾ നിരത്തി വേഗം തിരിച്ചു പോയിരുന്നു. ഒരു ഏട്ടത്തിയമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷങ്ങളിലൊന്നായിരുന്നു അത്.

അതൊന്നും ഓർത്ത് ഉണ്ണി വിഷമിക്കണ്ട. തിരികെ പൊയ്ക്കോളൂ... ജോലി നോക്കുക, കഴിയുമെങ്കിൽ ഇനിയും പഠിയ്ക്കുക. അമ്മയുണ്ടല്ലോ ഇവിടെ, ഏട്ടൻ പറഞ്ഞു.

എന്നാൽ പറയുന്നതിനേക്കാൾ മറ്റെന്തോ ചോദിക്കാമുണ്ടായിരുന്നു എന്ന് മനസ്സിലായി. ഡൽഹിയിൽ നിന്നും നാട്ടിലേയ്ക്ക് വാർത്തകളെത്താൻ വഴികൾ ധാരാളമുണ്ടല്ലോ.

ഉണ്ണീ, നല്ലോണം ആലോചിച്ചിട്ടാണോ നീ? എന്താ ആ കുട്ടീടെ പേര്?, ഏട്ടൻ അമ്മ പരിസരത്തില്ലെന്ന് ഉറപ്പാക്കി ചോദിച്ചു.

നഫീസ, അമേരിക്കയിലേയ്ക്ക് പോയിരിക്കുകയാണ്, ഒരു വർഷം കഴിയും വരാൻ.

‘ഉം.. ഏട്ടന് എതിർപ്പൊന്നൂല്ലാട്ടോ ഉണ്ണീ.. അമ്മയും ഒന്നും പറയില്ല. നീ സന്തോഷായിരിക്കണത് കാണണംന്നേയുള്ളൂ,‘ അത്രയും പറഞ്ഞ് ഏട്ടൻ എഴുന്നേറ്റ് അകത്തേയ്ക്ക് പോയി. കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്ന സൂചന. സന്ധ്യ പോലൊരു മതിൽ ഉയർത്തി വിട്ടിട്ട് ഏട്ടൻ പോകുന്നു. അല്ലെങ്കിലും ഏട്ടൻ അനുഭവിച്ച ജീവിതത്തിന് ഏതാനും പ്രകാശവർഷങ്ങളുടെ ദൈർഘ്യം കൂടുതൽ കാണും.
അടുത്ത ദിവസം തിരികെ പോയി. ഒരു വർഷം കഴിഞ്ഞ് നഫീസ തിരിച്ചെത്തി. വിവാഹം കഴിഞ്ഞ് അമേരിക്കയിലേയ്ക്ക് തിരിച്ചു പോകാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടായിരുന്നു വരവ്. തിടുക്കത്തിൽ വിവാഹം നടത്തി. അനുമോദനം അറിയിച്ചുകൊണ്ട് ഏട്ടന്റെ ടെലഗ്രാം വന്നു. ഉടനെ നാട്ടിലേയ്ക്ക് വരണ്ട എന്ന അറിയിപ്പും.

ന്യൂയോർക്കിൽ പഠനവും ജോലിയുമായി വർഷങ്ങൾ കടന്നു പോയി. പോകുന്നതിന് മുമ്പ് വിവരങ്ങൾ അറിയിച്ച് ഏട്ടന് എഴുതിയിരുന്നു. അമേരിക്കയിൽ എത്തിയ ശേഷവും രണ്ട് തവണ എഴുതി. മറുപടിയൊന്നും വന്നില്ല. ഏട്ടൻ അങ്ങിനെയാണ്. സുഖമാണെന്നറിഞ്ഞാൽ മതി., ചോദ്യങ്ങളൊന്നും ഇല്ല.

സൈറ വന്നതിന് ശേഷമാണ് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചത്. അപ്പോഴേയ്ക്കും ഇരുവർക്കും ഗവേഷണബിരുദങ്ങൾ ലഭിച്ചിരുന്നു. ആ യോഗ്യത ധാരാളമായിരുന്നു ഉയർന്ന ശമ്പളത്തിന് ബാംഗ്ലൂരിൽ ജോലി ചെയ്യാനുള്ള ക്ഷണം ലഭിക്കാൻ. രണ്ടാമതൊന്ന് ആലോചിച്ചില്ല, അമേരിക്കയോട് വിട പറഞ്ഞു.

ഏട്ടനെ പല പ്രാവശ്യം ബാംഗ്ലൂരിലേയ്ക്ക് ക്ഷണിച്ചതാണ്. വന്നില്ല. അമ്മ മരിച്ചതിന് ശേഷം വല്ലാതെ ഒറ്റപ്പെട്ട് പോകുകയായിരുന്നു ഏട്ടൻ. തറവാട് ഭാഗം വച്ചപ്പോൾ ഏട്ടന് കിട്ടിയത്, അല്ല തിരഞ്ഞെടുത്തത്, മലയോരത്തെ ഒരു കളപ്പുരയും അതിനോട് ചേർന്നുള്ള സ്ഥലവും ആയിരുന്നു.

ഏതാനും വർഷങ്ങൾ കൂടി ജോലിയിൽ തുടരാമായിരുന്നു ഏട്ടന്. വിആർഎസ് എടുത്ത് കളപ്പുരയിൽ താമസമാക്കിയതോടെ ഏട്ടനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല. ഒരു കത്തെഴുതി. എപ്പോൾ വേണമെങ്കിലും ബാംഗ്ലൂർക്ക് വന്ന് ഞങ്ങളോടൊപ്പം താമസമാക്കാം എന്ന് അറിയിച്ചു. എനിക്കിവിടെ സുഖമാണ് ഉണ്ണീ എന്ന് മാത്രം മറുപടി വന്നു.
കളപ്പുരയോട് ചേർന്ന് ഒരു സർപ്പക്കാവുണ്ടായിരുന്നു. അവിടെ വിളക്ക് കൊളുത്തുന്നതും ഏട്ടനായിരുന്നു. പിന്നീടെപ്പോഴോ കളവും സ്ഥലവും വിൽക്കാമെന്ന് തീരുമാനിച്ചപ്പോൾ തടസ്സം നിന്നതും ആ സർപ്പക്കാവായിരുന്നു. ആരും സ്ഥലം വാങ്ങാൻ തയ്യാറായില്ല. അറിഞ്ഞുകൊണ്ട് കുരുക്കിൽ ചാടണോയെന്ന് മുഖത്ത് നോക്കി പറഞ്ഞവരുമുണ്ട്. സ്വത്തുക്കൾ വിറ്റ് ദേശാടനത്തിനിറങ്ങുകയായിരുന്നു ഏട്ടന്റെ പദ്ധതി. നാഗദേവതകൾ അതിനനുവദിച്ചില്ല.
ഏട്ടൻ ദുർബലനായിപ്പോയെന്നും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ സ്വയം വിധിച്ച ഈ ജീവിതത്തിൽ ഒതുങ്ങിക്കൂടില്ലായിരുന്നു. ഫ്രാങ്ക് സിനാട്രയും ജിമ്മി സ്കോട്ടും കീത്ത് എമേഴ്സനും എല്ലാമായിരുന്നു ഏട്ടന്റെ പ്രിയപ്പെട്ട ഗായകർ. വിദേശത്ത് നിന്നും മാസികകൾ വരുത്തി വായിക്കുന്ന ശീലവുമുണ്ടായിരുന്നു. ഏട്ടനാണ് തനിയ്ക്ക് ലോകം എന്താണെന്ന് പരിചയപ്പെടുത്തിത്തന്നത്. ആ ഏട്ടനാണ് കളപ്പുര പുതുക്കിപ്പണിത് ഒരു കൊച്ചുവീട്ടിൽ ഏകാന്തതയും ധ്യാനിച്ചിരിക്കുന്നത്.
ഇതുപോലൊരിക്കൽ ഏട്ടന്റെ കത്ത് വന്നിരുന്നു. വർഷങ്ങൾക്ക് മുമ്പ്. അന്നും ഒറ്റയ്ക്കായിരുന്നു തന്റെ യാത്ര. ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂർ വരെ ഫ്ലൈറ്റിൽ. അവിടന്ന് ടാക്സി പിടിച്ചു. അന്നായിരുന്നു ആദ്യമായി ഏട്ടന്റെ പുതിയ വീട് കാണുന്നത്. ചുറ്റിലും കാട്ടുചെയികളും മരങ്ങളും അതിനപ്പുറം നെൽപ്പാടങ്ങളും. എല്ലാത്തിനും നടുക്ക് സ്മൃതിമണ്ഡപം പോലെ ചെറിയൊരു വീട്.
പാലക്കാടൻ കാറ്റിന്റെ ഇരമ്പമുണ്ടായിരുന്നു ഏട്ടന്റെ വീട്ടിൽ. ഇടവഴിയിലൂടെ  ഇടയ്ക്ക് കടന്ന് പോകുന്ന പണിക്കാർ മാത്രമായിരുന്നു മനുഷ്യസാന്നിദ്ധ്യം ഉറപ്പിച്ചത്. ആരും ഏട്ടനോട് വിശേഷം ചോദിക്കുന്നതായി തോന്നിയില്ല. സ്വയം സൃഷ്ടിച്ച ധ്യാനപീഠത്തിൽ അദൃശ്യനായത് പോലെയായിരുന്നു ഏട്ടന്റെ ജീവിതം. സർപ്പക്കാവിൽ വിളക്ക് വയ്ക്കുന്നത് പതിവ് മുടങ്ങിയിരുന്നു. ആരോഗ്യം അനുവദിക്കുമെങ്കിൽ മാത്രം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തും. ചിലപ്പോൾ എവിടെ നിന്നോ ഒരു നാണിയമ്മ വന്ന് വിളക്ക് കൊളുത്തി തിരിച്ച് പോകും. നാണിയമ്മയോടും ഏട്ടൻ അധികം സംസാരിച്ചിരുന്നില്ല. സുഖമില്ലാതായാൽ ആരും വിളിക്കാതെ തന്നെ നാണിയമ്മ എത്തും. കഞ്ഞി വച്ച് കൊടുത്തിട്ട് പോകും. തലമുറകളായി പിന്തുടരുന്ന ഒരാചാരം പോലെയായിരുന്നു ഏട്ടന്റേയും നാണിയമ്മയുടേയും അടുപ്പം.
ഏട്ടന് സമ്മാനിക്കാൻ ഒരു മൊബൈൽ ഫോൺ കൂടി കരുതിയിരുന്നു. സ്വതസിദ്ധമായ പുഞ്ചിരിയോടെ ഏട്ടൻ അത് നിരസിച്ചു. പരിഷ്കാരത്തിനോടുള്ള അതൃപ്തിയായിരുന്നില്ല അത്. അകലങ്ങൾ അറ്റുപോകുമോയെന്ന ഭയമായിരുന്നു നിരാസത്തിന് പിന്നിൽ.
കത്തെഴുതുന്നതാണ് ഏട്ടനിഷ്ടം ഉണ്ണീ. മറുപടി വേണമെന്ന് നിർബന്ധമില്ല. സമയം കിട്ടുമ്പോൾ ഒരു വരി...അത്ര മതി... ഏട്ടൻ പറഞ്ഞു.
അവിടെ താമസിച്ച രണ്ട് ദിവസവും തന്റെ മൊബൈലിൽ സിഗ്നൽ കിട്ടാതെ അരിശം തോന്നിയതും ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചതായി തോന്നിയതും ഓർമ്മ വന്നു.

കഴിക്കാനായോ സാർ?, കുമാരൻ ചോദിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നുണർന്നത്. മനസ്സിൽ നിന്നും ശരീരത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോൾ വിശപ്പ് അറിയാൻ തുടങ്ങി. വഴിയിലൊരിടത്ത് കാർ നിർത്തി നഫീസ തന്നയച്ച പൊതികൾ തുറന്ന് ഇരുവരും കഴിച്ചു. അല്പനേരം വിശ്രമിച്ച ശേഷം യാത്ര തുടർന്നു.

ഒരു മാസം മുമ്പ് പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ക്ഷണം വന്നിരുന്നു. സൈറ അവിടെയുണ്ടല്ലോയെന്നാണ് ആദ്യം തോന്നിയത്. കലാചരിത്രം പഠിക്കാനെന്നും പറഞ്ഞ് അവൾ പോയിട്ട് അധികകാലം ആയിട്ടില്ല. താല്പര്യം തോന്നിയില്ലെങ്കിലും ക്ഷണം സ്വീകരിച്ചു. ഒരാഴ്ച പാരീസിൽ. തിരിച്ചെത്തിയപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ നഫീസയുണ്ടായിരുന്നു. വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അവൾ ഏട്ടന്റെ കത്ത് വന്ന കാര്യം പറയുന്നത്.

‘കത്ത് വന്നിട്ട് രണ്ട് ദിവസമായി. ഏട്ടന്റെ കൈയ്യക്ഷരം കണ്ടപ്പോൾ... നീ വന്നിട്ട് പറയാമെന്ന് കരുതി...തെറ്റായിപ്പോയോ?‘ അവൾ ചോദിച്ചു.
‘ഇല്ല. നിനക്ക് തുറന്ന വായിക്കാമായിരുന്നില്ലേ?‘

അവൾ ഒന്ന് മന്ദഹസിച്ചു. ബാഗിൽ നിന്നും കത്ത് എടുത്ത് കൈമാറി. നഫീസയിലെ അനേകം ഗുണങ്ങളിലൊന്നായിരുന്നു അത്. വീട്ടിലെ മറ്റൊരാൾക്ക് വന്ന കത്ത് തുറന്ന് വായിക്കില്ല. ചിലപ്പോഴെല്ലാം അനാവശ്യമായ മാന്യതയാണെന്ന് പോലും തോന്നിപ്പോയിട്ടുണ്ടെങ്കിലും അവളിലെ ശരികളെ അംഗീകരിക്കാതെ പറ്റില്ലായിരുന്നു.

വളരെക്കാലത്തിന് ശേഷം ഏട്ടന്റെ കൈപ്പട കണ്ടപ്പോൾ ഉള്ളിലെന്തോ അപശകുനം പോലെ തോന്നി. തുറന്നു വായിച്ചു.

‘ഉണ്ണീ... ബുദ്ധിമുട്ടാവില്ലെങ്കിൽ ഇവിടം വരെ വരണം. നിന്റെ കാറിൽ വന്നാൽ മതി.‘

സ്നേപൂർവ്വം
ഏട്ടൻ

ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ കത്തിൽ. ഉടൻ പോകണമെന്ന് നഫീസ പറഞ്ഞു. കാറിൽ യാത്ര ചെയ്യണം എന്നതിൽ മാത്രമേ പരിഭവം ഉണ്ടായിരുന്നുള്ളൂ. കുമാരൻ കാറുമായി പോകട്ടേയെന്നും താൻ ഫ്ലൈറ്റിൽ പോകാമെന്നും അഭിപ്രായം വന്നു. ഏട്ടൻ പറഞ്ഞതാണ് എന്ന ഉപായത്തിൽ അതൊഴിവാക്കി.

കുമാരൻ റേഡിയോ ഓൺ ചെയ്തു. ഏറെ നേരത്തിന് ശേഷം അവന്റെ സാന്നിധ്യം ഓർമ്മ വന്നത് അപ്പോഴായിരുന്നു. ഇടയ്ക്കൊന്ന് മയങ്ങിപ്പോയി.

‘എവിടെയെത്തി കുമാരാ?‘

‘കോയമ്പത്തൂര് കഴിഞ്ഞു... ഇനി അധികം പോണ്ട.‘

‘നിനക്ക് വിശക്കണില്ലേ? എവിടെയെങ്കിലും നിർത്തി കഴിച്ചോളൂ.‘

‘വെശപ്പ് കെട്ടു സാർ... അവിടെത്തീട്ട് കഴിക്കാം ഇനി.‘

അവിടെ കഴിക്കാൻ വല്ലതും കാണുമോയെന്ന സംശയം പങ്കു വച്ചില്ല. അവനോട് ചെയ്യുന്ന ചതിയാണെങ്കിലും എത്തിച്ചേരാനുള്ള തിടുക്കം അതിന് പ്രേരിപ്പിച്ചു.

ഹൈവേയിൽ നിന്നും കാർ ഒരു വെട്ടുവഴിയിലേയ്ക്ക് പ്രവേശിച്ചു. പണ്ടെപ്പോഴേ ടാർ ചെയ്തിരുന്നതിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങ് കാണാനുണ്ടായിരുന്നു. വേനലായതിനാൽ മണ്ണിളകിക്കിടന്നു. ചെറുകാറ്റിൽ തവിട്ട് നിറത്തിലുള്ള പൊടി പാറിപ്പറന്ന് കാഴ്ച മൂടും. വഴിയ്ക്ക് അല്പം വീതി കൂടിയെന്നല്ലാതെ മാറ്റമൊന്നുമില്ല.

വീട്ടിലേയ്ക്കുള്ള വഴിയെത്തിയപ്പോൾ കുമാരൻ ശരിക്കും വിയർത്തു. കുണ്ടും കുഴിയുമായി ശോചനീയമായിരുന്നു വഴി. വളരെ ശ്രമപ്പെട്ടാണ് അവൻ കാർ വീട്ടുമുറ്റത്തെത്തിച്ചത്.

കാറിന്റെ ശബ്ദം കേട്ടതും ഏട്ടൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ദേഹം വല്ലാതെ ചടഞ്ഞിരുന്നു. ഏതോ രോഗബാധയിലെന്ന പോലെ തൊലിയുടെ നിറം മാറിയിരുന്നു.

‘ധൃതി പിടിച്ച വരണ്ടായിരുന്നല്ലോ ഉണ്ണീ,‘ ഏട്ടൻ സ്നേഹത്തോടെ പറഞ്ഞു.

‘വരണംന്ന് പറഞ്ഞ് കത്തെഴുതിയാൽപ്പിന്നെ വൈകിക്കാൻ പറ്റ്വോ ഏട്ടാ?‘

‘ഉം, നന്നായി. എത്രയും വേഗമാകുന്നോ അത്രയും നന്ന്,‘ തിണ്ണയിൽ ചാരിയിരുന്ന് ഏട്ടൻ പറഞ്ഞു. ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.

‘ഏട്ടന് എന്താ പറ്റ്യേ?‘

‘ഒന്നൂല്ല കുട്ടീ... പ്രായത്തിന്റെ തന്നെ...‘

‘സുഖമില്ലാതിരുന്നപ്പോൾ ആരായിരുന്നു സഹായത്തിന്?‘

‘ആ നാണിയമ്മ വരും... വല്ലതും വച്ചുണ്ടാക്കിത്തരും...പോരേ?‘

ദേഷ്യം തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. ദിവസം സായാഹ്നത്തോടടുക്കുകയായിരുന്നു. ഇലമറകൾക്കപ്പുറത്ത് ഇരുട്ടിന്റെ കച്ച മുറുകുന്നു. പകൽക്കളി കഴിഞ്ഞ് കലാകാരൻ ചമയമഴിയ്ക്കുന്നത് പോലെ നിറങ്ങൾ മങ്ങിത്തുടങ്ങി. ഏട്ടനും താനും ഏറെ നേരം ഒന്നും മിണ്ടാതിരുന്നു.

ഭക്ഷണം കഴിക്കാൻ പോയിരുന്ന കുമാരൻ കാർ ഒതുക്കിയിട്ട് വന്നു. ഏട്ടൻ അകത്തു പോയി കുറച്ച് മാമ്പഴങ്ങൾ കൊടുത്തു.
‘ഇപ്പഴും കായ്ക്കുന്നുണ്ട് മൂവാണ്ടൻ. പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. എന്തെങ്ക്ിലും കിട്ടുന്നത് നാണിയമ്മയ്ക്ക് കൊടുക്കും,‘ ഏട്ടൻ പറഞ്ഞു.
ഇരുൾ വീണ് തുടങ്ങിയപ്പോൾ നാണിയമ്മ വന്നു. സർപ്പക്കാവിൽ വിളക്ക് കൊളുത്താൻ വന്നതാണ്. ആചാരത്തിന് കുശലം ചോദിച്ചു. രാത്രി കഞ്ഞി മതിയെന്ന് പറഞ്ഞു. അതിഥികൾ ഉള്ളതിനാൽ നാരങ്ങ ഉണക്കിയതും താമരവള്ളി വറുത്തതും കൊണ്ടുവന്നിരുന്നു അവർ.

യാത്രയ്ക്കിടയിൽ എപ്പോഴേ നാണിയമ്മ മരിച്ചു കാണുമെന്ന് തോന്നിയിരുന്നു. അതിൽ കുറ്റബോധം തോന്നി. പെട്ടെന്ന് തന്നെ കഞ്ഞി തയ്യാറാക്കി യാത്ര പോലും പറയാതെ അവർ തിരിച്ച് പോയി.

യാത്രാക്ഷീണം ഉണ്ടായതിനാൽ നേരത്തേ കിടക്കാമെന്ന് വച്ചു. ഏട്ടൻ ഞങ്ങൾക്ക് കഞ്ഞി വിളമ്പിത്തന്നു. കുമാരന് കിടക്കാനിടെ ഒരുക്കിയതും ഏട്ടനായിരുന്നു.

ഏട്ടന്റെ മുറിയിൽ താഴെ തഴപ്പായ വിരിച്ച് കിടന്നു. അടുത്ത് തന്നെ ഏട്ടനും. ഏട്ടൻ വിയർക്കുമ്പോഴുണ്ടാകുന്ന പ്രത്യേകമണം വളരെക്കാലത്തിന് ശേഷം അനുഭവിച്ചു.

‘രാവിലെ നേരത്തേ പുറപ്പെടണമായിരിക്കും അല്ലേ?‘ ഏട്ടൻ ചോദിച്ചു.
‘അതെ, അല്ലെങ്കിൽ രണ്ടും കെട്ട നേരമാകും എത്തുമ്പോൾ...‘

‘ഈ വീടും പറമ്പും നാണിയമ്മയ്ക്കുള്ളതാണ്. ഒറ്റയ്ക്കാണവർ...ഒരു സഹായമായിക്കോട്ടെ...നിനക്ക് തന്നിട്ടും ഉപയോഗമുണ്ടാവില്ല, 
വിൽക്കാനും പ്രയാസം...‘ ഏട്ടൻ ഒരു അറിയിപ്പ് പോലെ പറഞ്ഞു.

ഒരു ദീർഘനിശ്വാസത്തോടെ ഏട്ടൻ സംഭാഷണം അവസാനിപ്പിച്ചു. ഉഷ്ണം നിറഞ്ഞ രാത്രിയിൽ എപ്പോഴോ കണ്ടുമറന്ന സ്വപ്നങ്ങൾ തിരിച്ചെത്തി. അർദ്ധസുഷുപ്തിയിൽ ഏട്ടന്റെ സാമീപ്യം ആശ്വാസമായി പോന്നി. സ്വപ്നവും യാഥാർഥ്യവും ഇഴ കലർന്ന ഒരു അഴിമുഖമായിരുന്നു അത്. പിന്നീടെപ്പോഴോ പൂർണ്ണമായും ഉറക്കത്തിലേയ്ക്ക് വഴുതി.

അതിരാവിലെ പുറപ്പെട്ടു. ഏട്ടന് എടുക്കാൻ അധികമൊന്നും ഇല്ലായിരുന്നു. വീട് പൂട്ടി താക്കോൽ നാണിയമ്മയ്ക്ക് കൊടുത്തു. അവർ അപ്പോഴും ഏതോ ആചാരം പാലിക്കുന്ന മുഖഭാവത്തോടെ അത് വാങ്ങി.
ഏട്ടൻ തിരിഞ്ഞു നോക്കിയില്ല. കാറിന്റെ ശീതീകരണി പ്രവർത്തിച്ച് തുടങ്ങിയപ്പോൾ ഒന്ന് സ്വാസ്ഥ്യമായിരുന്നു.

‘ബാംഗ്ലൂർ അത്ര ദൂരെയൊന്നും അല്ലല്ലേ ഉണ്ണീ?‘

‘എത്തണതറീല്ല,‘ കുമാരനാണ് മറുപടി പറഞ്ഞത്.

നാട്ടുപാതകളിൽ പുലർവെളിച്ചം വീണുതുടങ്ങുന്നതേയുള്ളൂ. മൌനം വെടിഞ്ഞ് ഭിക്ഷാംദേഹിയുടെ രൂപം പ്രാപിക്കാൻ പോകുന്ന മറ്റൊരു പകലുണരുന്നു. വിലാപധ്വനിയിൽ വീശുന്ന പാലക്കാടൻ കാറ്റ് ഇല്ലിക്കാടുകളിൽ തട്ടിമുറിയുന്നു. ദൂരെയെവിടെയോ പ്രഭാതവന്ദനം മുഴങ്ങുന്നു. റിയർ മിററിലൂടെ നോക്കിയപ്പോൾ തുള്ളിയും തെറിച്ചും അകന്ന് പോകുന്ന ഗ്രാമം കണ്ടു.

*കടപ്പാട്: ഓ വി വിജയൻ

(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 2017)

No comments:

Post a Comment