സ്പൈഡറും മുരുഗദാസും മഹേഷ് ബാബുവും...



ഹൈദരാബാദ് വാസക്കാലത്ത് വളരെ കുറച്ചു തെലുഗു സിനിമകളേ തിയ്യറ്ററിൽ പോയി കണ്ടിട്ടുള്ളൂ. തെലുഗു സുഹൃത്തുക്കൾ ടിക്കറ്റ് എടുക്കാമെന്നു പറഞ്ഞാലും സ്നേഹപൂർവ്വം നിരസിക്കുകയേയുള്ളൂ. നിർബന്ധം സഹിച്ച് തിയ്യറ്ററിൽ പോയപ്പോഴെല്ലാം തലവേദനയും ഓക്കാനവും കൊണ്ടേ തിരിച്ചു വന്നിട്ടുള്ളൂ. ശബ്ദമലിനീകരണം ആദ്യത്തെ കാരണം. ആൾക്കൂട്ടത്തിനിടയിൽ അകപ്പെടുമ്പോൾ തല കറങ്ങുന്ന പ്രശ്നം (എന്തോ മാനിയ) ഉള്ളതിനാൽ പത്തുനൂറു പേർ ഭീകരപാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് കണ്ടാൽ ആകെ പ്രശ്നമാകും. നിർഭാഗ്യവശാൽ കണ്ടതിൽ മിക്കവാറും സിനിമകളിലും നൃത്തക്കാരുടെ തിരക്ക് അധികമായിരുന്നു. വയലൻസ് അതിനപ്പുറം. തെലുഗു കൂട്ടുകാർ അതെല്ലാം ആസ്വദിക്കുന്ന കൂട്ടരാണ്. പൊതുവേ അവിടത്തുകാർ ആഘോഷങ്ങളുടെ ആൾക്കാരാണ്. പരമാവധി ഒച്ചയുണ്ടാക്കുക എന്നതാകുന്നു അവരുടെ ആഘോഷം. അതിരിക്കട്ടെ!

തെലുഗു സിനിമയിൽ ലോജിക് തിരയുന്നവർ കാലം തെറ്റിപ്പിറന്നവരത്രേ. ഇടി, ഡാൻസ്, ഇടി ഡാൻസ് പിന്നെ പുട്ടിന് പീര പോലെ തകർപ്പൻ ഡയലോഗുകൾ. കഥാപാത്രങ്ങളെല്ലാം ചെവിപൊട്ടന്മാരാണോയെന്നു സംശയം തോന്നും ഡയലോഗ് ഡെലിവെറി കേട്ടാൽ. പോട്ടെ, അവർക്ക് അതൊക്കെ കൈയ്യടിക്കാനുള്ളതാണ്.

ഇതിനിടയിലും അപവാദങ്ങൾ ഇല്ലെന്ന് പറഞ്ഞൂടാ. രസിച്ചു കണ്ട തെലുഗു സിനിമകളും ഉണ്ട്. സിദ്ധാർഥിന്റെ ബൊമ്മരില്ലു, നുവ്വൊസ്താനണ്ടെ നേനൊദ്ദണ്ടാനാ എല്ലാം തരക്കേടില്ലാത്ത സിനിമകളായിരുന്നു. ആക്ഷൻ സിനിമകളിൽ കണ്ടിരിക്കാവുന്ന ആൾ മഹേഷ് ബാബുവിന്റെ സിനിമകൾ തന്നെ. ഒക്കഡു, അതഡു, കൌബോയ് സിനിമയായ തക്കാരി ദൊംഗ, പോക്കിരി, എല്ലാം തലവേദന സമ്മാനിക്കാത്തതും കണ്ടിരിക്കാവുന്നതുമായ സിനിമകൾ ആയിരുന്നു. തെലുഗു സിനിമയിൽ കുറച്ചു ബോധം ഉള്ള നടനും ആണ് മഹേഷ് ബാബു എന്നും തോന്നിയിട്ടുണ്ട്. റീമേയ്ക്കുകളിൽ അഭിനയിക്കാൻ താല്പര്യമില്ല എന്ന അദ്ദേഹത്തിന്റെ അഭിപ്രായമെല്ലാം നല്ലതായി തോന്നിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് കണ്ട അർജുൻ റെഡ്ഡിയും ക്ലൈമാക്സ് ഒഴിച്ചാൽ നല്ല സിനിമയായിരുന്നു.
ഏ ആർ മുരുഗദാസിനെപ്പറ്റി പണ്ടേ അഭിപ്രായമില്ല. ഓവർറേറ്റഡ് ആയ സംവിധായകനായിട്ടേ അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. നമ്മടെ പ്രിയദർശനെപ്പോലെയാണ് അദ്ദേഹം. പേരു കേൾക്കുമ്പോൾ സിനിമാലോകം എഴുന്നേറ്റു നിൽക്കും. പടൈപ്പുകളൊക്കെ ഒരുമാതിരി ആയിരിക്കുകയും ചെയ്യും. ആ മുരുഗദാസ് മഹേഷ് ബാബുവിനെ നായകനാക്കി സിനിമ, അതും തമിഴിൽ, ചെയ്യുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നിയത് മഹേഷ് ബാബു എന്ന ആകർഷണം കൊണ്ടു മാത്രമായിരുന്നു. വിജയിനെ വച്ച് മാസ് സിനിമകൾ (മാസ് ഗാർബേജുകൾ) സംവിധാനം ചെയ്ത് പരിചയമുള്ള മുരുഗദാസ് മഹേഷേട്ടനെ എങ്ങിനെ അവതരിപ്പിക്കും എന്ന കൌതുകവും ഉണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷകൾക്ക് വിപരീതമായി ഒന്നും സംഭവിച്ചില്ല. മഹേഷേട്ടൻ തല വച്ചു കൊടുത്തു എന്നേ പറയാനുള്ളൂ.
ആക്ഷൻ സിനിമയിൽ (സിനിമയിൽത്തന്നെ) ലോജിക് തേടരുതെന്ന് സ്വയം പഠിപ്പിച്ച ശീലമാണ്. പക്ഷേ, മഹേഷ് ബാബുവിന്റെ ഞാൻ കണ്ടിട്ടുള്ള സിനിമകൾ അത്രയ്ക്കൊന്നും പ്രശ്നപൂരിതമായിരുന്നില്ല. ആ കുറവ് നികത്താൻ മുരുഗദാസിനായി, സ്പൈഡർ എന്ന സിനിമയിലൂടെ.
എസ് ജെ സൂര്യയുടെ കഥാപാത്രം ഡിസ്നി കാർട്ടൂണുകളിലെ വില്ലന്മാരെപ്പോലെയായിപ്പോയി. നന്നായി ജോലി ചെയ്തിട്ടുണ്ട് സൂര്യ. സൈക്കോ വില്ലൻ ഒരുതരം പ്രത്യേക ശബ്ദത്തിൽ നാടകശൈലിയിൽ സംസാരിക്കണമെന്ന് ഉണ്ടോ ആവോ. അവസാനം ബാറ്റ്മാനിലെ ജോക്കറുടെ രൂപമെല്ലാം തോന്നുന്നുണ്ട് സുടലൈയ്ക്ക്. പാറയുരുട്ടലും ആശുപത്രി തകർക്കലും അവസരം കിട്ടുമ്പോൾ പാട്ടുകളും (അല്ലാ, ആ നായിക എന്തിനായിരുന്നു? ആകെ ഒരു നിർണ്ണായക ക്ലൂ കൊടുക്കുക മാത്രമേ മൊത്തം സിനിമയിൽ ആ കുട്ടി ചെയ്തിട്ടുള്ളൂ).
സ്പൈഡർ എത്രത്തോളം മുഷിപ്പിച്ചെന്നും നിരാശപ്പെടുത്തിയെന്നും വിശദീകരിക്കാൻ വയ്യ. ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം, മഹേഷ് ബാബുവിനു പകരം വിജയിനെ നായകനാക്കിയിരുന്നെങ്കിൽ ഉപകാരപ്പെട്ടേനേം. സിനിമ കാണുകേം വേണ്ട, ഉൽക്കയെ പിടിച്ചു നിർത്തിയാലും അതിശയിക്കുകയും വേണ്ട.

എന്നാലും ന്റെ മഹേഷ് ബാബു അണ്ണയ്യാ, മീരു എന്തുക്കു എലാ ചേസാരു???


No comments:

Post a Comment