യന്ത്രം

ആരോ എന്നെ നെന്ചില്‍ തൊട്ടുണര്‍ത്തി. ശീതീകരിച്ച മുറിയില്‍ എന്നെപ്പോലെ വേറേയും കുറേ യന്ത്രങ്ങളുണ്ടായിരുന്നു. രസകരമായ രീതിയില്‍ നിരന്നിരിക്കുന്ന എല്ലാവര്‍ക്കും ഒരേ മുഖം . ഞങ്ങള്‍ക്ക് മുന്നിലെ കസേരകളില്‍ ആരൊക്കെയോ വന്നിരിക്കുന്നുണ്ട്. അവര്‍ വര്‍ത്തമാനം പറയുകയും പറയാതിരിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ വേറെയാരും ഇല്ലെന്ന മട്ടില്‍ സ്വയം പിറുപിറുക്കുന്നു.

എന്റെ മുന്നില്‍ ഒരു പെണ്‍കുട്ടി വന്നിരുന്നു. ആദ്യമായിട്ടാണ്‌ ഞാനവളെ കാണുന്നത്. ഇന്നലെ രാത്രി എന്നെ ഉറക്കിയിട്ട് പോയത് മുരടന്‍ വിരലുകളുള്ള ഒരാളായിരുന്നു. അയാള്‍ ആവേശം മൂക്കുമ്പോള്‍ തടിച്ച വിരലുകള്‍ കൊണ്ട് കുത്തിനോവിക്കുമായിരുന്നു. പക്ഷേ ഇവള്‍ , ക്യാരറ്റ് പോലത്തെ വിരലുകള്‍ കൊണ്ട് എന്നെ ഇക്കിളിപ്പെടുത്തുന്നു. കീബോഡില്‍ ചിത്രശലഭത്തേക്കാള്‍ മൃദുവായാണ്‌ തൊടുന്നത്. എന്റെ മുഖത്തെ തെളിയുന്ന അക്ഷരങ്ങളിളേയ്ക്ക് ഇടയ്ക്കിടെ അവള്‍ സൂക്ഷിച്ച് നോക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നി. എനിക്കവളെ ഇഷ്ടമായി.

എന്റെ ഓര്‍ മ്മയിലേയ്ക്ക് അവള്‍ എന്തൊക്കെയോ എഴുതിച്ചേര്‍ ക്കുന്നു. എന്തോ അവളുടെ എല്ലാത്തിലും എന്തോ വിഷാദമുള്ളത് പോലെ എനിക്ക് തോന്നി.

എത്ര നാളുകളായി ഞാനീ വലിയ മുറിയില്‍ മറ്റ് യന്ത്രങ്ങള്‍ക്കൊപ്പം ഇരിപ്പ് തുടങ്ങിയിട്ടെന്നറിയില്ല. ചിലപ്പോള്‍ ദിവസങ്ങളോളം ഉണര്‍ന്നിരിക്കേണ്ടി വരും . കണ്ണുകള്‍ ചുവന്ന്, മുഖത്ത് മുറുകിയ പേശികളുമായി ജോലി ചെയ്യുന്നവര്‍ മാറിമാറി വന്നു. ആരോടും എനിക്ക് ഒരു ആത്മബന്ധവും തോന്നിയിരുന്നില്ല. ഒരേ നിര്‍ വ്വികാരതയോഓടെ ഞാന്‍ ഓര്‍മ്മ തുറന്നിട്ട് കൊടുക്കും . അവര്‍ എഴുതുകയും മായ്ക്കുകയും ചെയ്യും . എനിക്കറിയില്ല അവര്‍ എന്താണ്‌ ചെയ്യുന്നതെന്ന്. പക്ഷേ, വിരസതയകറ്റാന്‍ വേണ്ടി അവരെ പഠിക്കാനുള്ള ശ്രമങ്ങള്‍ നടത്തിപ്പോന്നു. ആദ്യമൊക്കെ അവരുടെ സ്വഭാവമാണ്‌ പഠിക്കാനുദ്ദേശിച്ചത്. പക്ഷേ, അത് പ്രയാസമായിരുന്നു. ഇന്ന് സ്വസ്ഥമായിരിക്കുന്ന അതേ ആള്‍ നാളെ കാണ്ടാമൃഗമായിരിക്കും . അസ്ഥിരമായ പെരുമാറ്റരീതികള്‍ എന്നെ കുഴപ്പത്തിലാക്കിയതേയുള്ളൂ. ആദ്യത്തെ ഉദ്യമം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ കഥകളുണ്ടാക്കാന്‍ തുടങ്ങി. അതും കുഴപ്പമായി. കാരണം പഴയത് തന്നെ. ഇന്നൊരു കാമുകനാക്കിയയാള്‍ നാളെ കപ്പല്‍ ത്തൊഴിലാളിയെപ്പോലെയായിരിക്കും .
മറ്റന്നാള്‍ പത്ത് കുട്ടികളുടെ അച്ഛന്‍ . പെട്ടെന്നായിരിക്കും കഥാനായകന്‍ അപ്രത്യക്ഷനാകുന്നത്. അയാള്‍ ക്ക് പകരം പുതിയ മുഖം പ്രത്യക്ഷപ്പെടുന്നു. പിന്നെ എല്ലാം ആദ്യം തൊട്ട് തുടങ്ങണം . അതും മടുത്തു. ഇത് വരെ ഒരാളും എന്നോട് യാത്ര പറയാന്‍ മിനക്കെട്ടിട്ടില്ല. ഞാന്‍ വെറുമൊരു യന്ത്രം . കുറച്ച് നാളത്തെ സ്പര്‍ശനം കൊണ്ടെങ്കിലും ഒരു ബന്ധമുണ്ടാകും എന്ന് വിചാരിച്ച മണ്ടന്‍ .

ഞാന്‍ എല്ലാവരേയും വെറുക്കാന്‍ തുടങ്ങി. അവരെപ്പറ്റി ശുഭപര്യവസാനിയായ കഥകളുണ്ടാക്കുന്നത് നിര്‍ത്തി. പകരം ഞാനവരെ അപകടങ്ങളില്‍ പെടുത്തി, രോഗികളാക്കി, ദര്ദ്രരാക്കി, അടിമക്കൂടാരത്തിലെ മലം കോരികളാക്കി, വിശന്ന് ചാകുന്നവരാക്കി. അങ്ങനെ ഏത് മാറി വരുന്ന മുഖത്തിനും ചേരുന്ന കഥകളില്‍ ഞാനവരെ വധിച്ച് കൊണ്ടിരുന്നു.

പക്ഷേ, ഇവള്‍ .. നെറ്റിയില്‍ പന്ചസാര വിതറിയ പോലെ വിയര്‍പ്പുള്ളവള്‍ എന്നെ കീഴ്പ്പെടുത്തുന്നു. ഇവളെ ഭാവനയില്‍ പോലും വേദനിപ്പിക്കാന്‍ എനിക്കാവില്ല. അവളും എന്നെ വിട്ട് പോകുമായിരിക്കും . യാത്ര പറയാതെ തന്നെ. എങ്കിലും അവള്‍ എനിക്ക് പ്രിയപ്പെട്ടവള്‍ തന്നെയായിരിക്കും .

കുറച്ച് നേരമേ അവള്‍ ടൈപ്പ് ചെയ്തുള്ളൂ. എന്നിട്ട് എന്റെ മുഖത്തേയ്ക്ക് നോക്കിയിരിക്കുന്നു. ആദ്യം തോന്നിയ വിഷാദം കനപ്പെട്ട് വരുകയായിരുന്നു. അവള്‍ എഴുന്നേറ്റ് പോയി. അപ്പൊഴത്തെ ആ വിരഹം ഞാന്‍ ആദ്യമായനുഭവിക്കുന്നതായിരുന്നു.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വേറൊരാള്‍ ആ കസേരയില്‍ വന്നിരുന്നു. ഒരു ചെറുപ്പക്കാരന്‍ . പുതിയതായി ജോലിയ്ക്ക് കയറിയതാണെന്ന് വ്യക്തം . ആദ്യമായി ചുംബിക്കുമ്പോഴെന്ന പോലെ വിറയ്ക്കുന്ന വിരലുകള്‍ എന്റെ മേല്‍ പതിഞ്ഞു. തണുത്ത സ്പര്‍ശം . വിരക്തിയുടെ മണമുണ്ടായിരുന്നു അയാള്‍ക്ക്. അയാള്‍ എന്തോ വിഷമത്തിലായിരുന്നു. സാവധാനത്തിലായിരുന്നു ടൈപ്പ് ചെയ്തത്. തെറ്റുകളായിരുന്നു കൂടുതല്‍ . അയാള്‍ എന്റെ മുഖത്തേയ്ക്ക് നോക്കിയതേയില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ അയാളും ജോലി മതിയാക്കി എഴുന്നേറ്റ് പോയി.

പിന്നീടൊരിക്കലും അവള്‍ എന്റെയടുത്ത് വന്നില്ല. എല്ലാ ദിവസവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. അവളുടെ വിരലുകള്‍ എന്നില്‍ അക്ഷരങ്ങള്‍ നിറയ്ക്കുന്നതായി സ്വപ്നം കണ്ടു. ഷിഫ്റ്റുകള്‍ മാറി വരുന്നവരോട് ഒരു യന്ത്രത്തേക്കാള്‍ ക്രൂരമായി പ്രതികരിച്ചു. അവര്‍ എന്നെ കുത്തിനോവിച്ചു. ക്ഷമകെട്ട വിരലുകള്‍ തൊടുമ്പോള്‍ ഞാന്‍ ഉള്ളില്‍ പുളയുകയായിരുന്നു. അവളെപ്പറ്റി ഒരു കഥയുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, ആ മനോഹരമായ വിരലുകള്‍ക്കപ്പുറം ഒന്നും എനിക്കോര്‍മ്മ വന്നില്ല.

ഞാന്‍ പണി മുടക്കാന്‍ തുടങ്ങി. ജോലി ചെയ്യുന്നവരെ ബുദ്ധിമുട്ടിച്ച് കൊണ്ടിരുന്നു. എനിക്ക് ഏറ്റവും പേടിയുള്ള alt+ctl+del അടിച്ചവരെന്നെ ഉണര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ അത്രയും വാശിയോടെ ഞാനവരെ പരീക്ഷിച്ച് കൊണ്ടിരുന്നു. ഒരിക്കലൊരാള്‍ എന്റെ മുഖത്തടിച്ചു. ഒരാള്‍ ആഞ്ഞ് ചവുട്ടി, ഒരാള്‍ കീബോഡ് തല്ലിപ്പൊട്ടിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വൈറസ്സായിരിക്കും എന്ന് പറഞ്ഞ് അവരെന്നെ എടുത്തുകൊണ്ടുപോയി.

---------------------------------------------------------------------------

ഓപ്പറേഷന്‍ ടേബിളിലെന്ന പോലെ കിടക്കുകയായിരുന്നു ഞാന്‍ . എന്റെ ശരീരം അഴിച്ച് വേറെവേറെയാക്കിയിരുന്നു. എന്നില്‍ നിന്നും ഓര്‍ മ്മകള്‍ മായ്ച്ച് കളയാനാണ്‌ തീരുമാനം എന്നറിഞ്ഞപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. അവള്‍ തൊട്ട കീബോഡ് ആരോ കൊണ്ടുപോയി വേറെ യന്ത്രത്തില്‍ ഘടിപ്പിച്ചു. നടുക്കം മാത്രമായിരുന്നു എനിക്ക് പിന്നെ.

ഫയലുകള്‍ വേറെ യന്ത്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു അവര്‍ . അതിനിടയില്‍ ഒരാള്‍ ആശ്ചര്യത്തോടെ സം സാരിക്കുന്നത് കേട്ടു.

' ഓ ഗോഡ്..ഇതവളുടെയാണ്‌ '

' അതെ..അവളുടെ തന്നെ..എന്താണതില്‍ ?'

' എന്റെ ദൈവമേ ' ആരോ നിലവിളിച്ചു.

' അപ്പോളവള്‍ .. തീരുമാനിച്ച് തന്നെയായിരുന്നു!'

' അതെ'

ആരൊക്കെയോ ഓടിക്കൂടി. എല്ലാവരും ചുറ്റും കൂടി നിന്ന് ചര്‍ച്ച ചെയ്യുന്നു. കാര്യം എന്താണെന്നറിയും മുന്നേ എന്റെ ഓര്‍മ്മ മായ്ക്കപ്പെട്ടു.
------------------------------------------------------------------------------



ആരോ എന്റെ നെന്ചില്‍ തൊട്ടുണര്‍ ത്തി. കണ്ണ്` തുറന്നപ്പോള്‍ ശീതീകരിച്ച മുറിയില്‍ എന്നെപ്പോലെ കുറേ യന്ത്രങ്ങള്‍ക്കൊപ്പം ഞാന്‍ .

എനിക്കെന്തോ ഒട്ടും രസം തോന്നിയില്ല.

1 comment:

  1. Though the climax was a kind of expected, the presentation was good. Not just machine everything in an office, breathing or not, will disappoint if it expect any relation with whom they meet....

    ReplyDelete