പണ്ട് പണ്ട്, എന്ന് പറഞ്ഞാല്‍ വളരെപ്പണ്ട്, ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നു. ബാറ്റയും വുഡ് ലാന്റും ഒക്കെ വരുന്നതിന് മുമ്പാണെന്നോര്‍ക്കണം. കാസിം എന്നായിരുന്നു അയാളുടെ പേര്. വലിയ തിരക്കൊന്നുമില്ലാത്ത ഒരിടത്തരം പട്ടണത്തിലായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. കേടായ ചെരുപ്പുകള്‍ നന്നാക്കുകയായിരുന്നു അയാളുടെ ജോലി. പക്ഷേ, അന്നൊക്കെ ചെരുപ്പെന്ന് പറഞ്ഞാല്‍ ചെരുപ്പാണ്. നല്ല മുന്തിയയിനം തുകല്‍ കൊണ്ടുണ്ടാക്കിയ ചെരുപ്പൊരെണ്ണം വാങ്ങിയാല്‍ കുറഞ്ഞത് അഞ്ചാറ് വര്‍ഷമെങ്കിലും കേടുവരാതെ നില്ക്കും. അല്ലാതെ വാങ്ങി ഇത്തിരി വെള്ളം നനഞ്ഞയുടനെ പിഞ്ഞിപ്പോകുന്ന തരമൊന്നും അന്നില്ല. കുറേ കാലത്തിന് ശേഷം അത് കേടുവന്നെങ്കിലാകട്ടെ, ആരും തുന്നിക്കെട്ടനൊന്നും മിനക്കെടില്ല. പുതിയൊരെണ്ണം ഉണ്ടാക്കിക്കുകയേയുള്ളൂ. എന്നുവെച്ചാല്‍ കാസിമിന് കാര്യമായ പണിയൊന്നും കിട്ടാറില്ലെന്ന് ചുരുക്കം. പട്ടണത്തിലെ ചെരുപ്പുനിര്‍മ്മാണക്കാരൊന്നും അയാള്‍ക്ക് പണിയൊന്നും കൊടുക്കാറില്ല. തുകല്‍ വാങ്ങി ചെരുപ്പുണ്ടാക്കി വില്ക്കാന്‍ കാശുമില്ല. അയാളുടെ രൂപമായിരുന്നു പ്രശ്നം. താടിയും മുടിയുമൊക്കെ വല്ലാതെ വളര്‍ന്ന് ( കാശ് കൊടുക്കാതെ ക്ഷുരകന്‍ താടിയും മുടിയും വടിച്ച് കൊടുക്കുമോ?) മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങളും ധരിച്ച് വഴിവക്കിലെ ഒരു വേപ്പുമരച്ചുവട്ടില്‍ പണിയായുധങ്ങളുമായിരിക്കുന്ന അയാളെ ആരും അടുപ്പിക്കില്ലായിരുന്നു. ആള്‍ക്കാരെ കള്ളം പറഞ്ഞ് മയക്കി പറ്റിക്കുന്ന രീതി അയാള്‍ക്കറിയുകയുമില്ല!
ആര് ശ്രദ്ധിക്കാനാണ്! അയാള്‍ക്കാണെങ്കില്‍ വിശന്ന് പൊരിയുന്നു. എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായി. ഇന്നാളാരോ ദയ തോന്നി കൊടുത്ത കുറച്ച് ഈന്തപ്പഴങ്ങളാണ് അവസാനമായി കഴിച്ചത്. വിശപ്പ് മൂക്കുമ്പോള്‍ കുറേ വെള്ളം കുടിക്കും . പിന്നെ മരച്ചുവട്ടിലിരിക്കും. ഇരുട്ടാകുമ്പോള്‍ പണിയായുധങ്ങള്‍ സഞ്ചിയില്‍ നിറച്ച് അവിടെത്തന്നെ കിടന്നുറങ്ങും. അയാള്‍ക്കൊരു ചെറിയ കൂരയുണ്ടായിരുന്നു. അഹമ്മദ് മുതലാളിയുടെ മാളികയുടെ മുന്നില്‍. ആ കൂര തന്റെ മാളികയ്ക്ക് ദൃഷ്ടിദോഷമുണ്ടാക്കും എന്ന് പറഞ്ഞ് അഹമ്മദ് മുതലാളി അത് പൊളിച്ച് നിരത്തി. അതോടെ കാസിം മരച്ചുവട്ടിലായി.
അവിടെയായിരുന്നപ്പോള്‍ ദിവസവും രാവിലെ പത്തിരിയുടേയും ഇറച്ചിക്കറിയുടേയും മണം കിട്ടുമായിരുന്നു. ഉച്ചയ്ക്ക് ബിരിയാണിയുടെ, രാത്രി എന്തൊക്കെയോ...... ആ മണം മാത്രം മതിയായിരുന്നു വിശപ്പ് കെടാന്‍. പക്ഷേ, ഇപ്പോള്‍ മണങ്ങളൊന്നും കാസിമിനെ കൊതിപ്പിക്കാറില്ല. വിശപ്പ് വല്ലപ്പോഴും ഉണ്ടാകുന്ന തലവേദന പോലെ വന്നും പോയുമിരിക്കും. എന്ന് വച്ച് തെണ്ടാനൊന്നും അയാള്‍ തയ്യാറല്ലായിരുന്നു. എന്തോ ഭാഗ്യത്തിന് ചെറുപ്പകാലത്ത് നിക്കാഹ് കഴിക്കാനൊന്നും തോന്നാത്തത് കാരണം ഒരാള്‍ മാത്രം പട്ടിണി കിടന്നാല്‍ മതിയല്ലോയെന്നോര്‍ത്ത് ആശ്വസിക്കും .
രാവിലെയുണരുമ്പോള്‍ അയാളുടെ കൂടെ തെരുവുപട്ടികളും കിടന്നുറങ്ങുന്നുണ്ടാകും. അയാള്‍ ക്ഷീണിച്ച് ശോഷിച്ച് എല്ലും തോലുമായി. അയാളുടെ മരണം ഉറപ്പിക്കാന്‍ വരുന്നത് പോലെയാണ് പട്ടികള്‍ രാവിലെ ഉണര്‍ന്ന് മണത്ത് നോക്കുന്നത്. അയാള്‍ പണിസഞ്ചിയെടുത്ത് അവറ്റകളെ എറിഞ്ഞോടിക്കും .
എന്നിട്ടും അയാള്‍ വിഷമിച്ചില്ല. എല്ലാം തന്റെ വിധിയെന്ന് സമാധാനിച്ച് മരണവും കാത്ത് മരച്ചുവട്ടില്‍ കിടക്കും. ദയയില്ലാത്ത ലോകത്തിനോട് പക കാണിക്കാതെ.
ഒരു ദിവസം, നേരം ഇരുട്ടിയ ശേഷം. പട്ടണം നിശ്ശബ്ദമായി. ജാരന്മാരും ചോരന്മാരും പുറത്തിറങ്ങുന്ന സമയം. തന്റെ തൊണ്ടയിലൂടെ മുഴുത്ത എന്തോ ഒന്ന് പുറത്തേയ്ക്ക് ചാടാനൊരുങ്ങുന്നത് പോലെ അയാള്‍ക്ക് തോന്നി. അത് തന്റെ ജിവനാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ല. ശ്വാസം മുട്ടി മുട്ടി അയാളുടെ കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി. അവസാനമായി ഒരിറ്റ് വെള്ളം കുടിക്കാന്‍ തോന്നി. അനങ്ങാന്‍ പറ്റുന്നില്ല. ഹൃദയത്തില്‍ നിന്നും എന്തോ പറിച്ചെടുക്കുന്നത് പോലെ വേദന.
അന്നേരം എവിടെ നിന്നോ ഒരു പ്രകാശം അയാളുടെ മേല്‍ പതിഞ്ഞു. മഞ്ഞിനിടയിലൂടെ വഴിവിളക്ക് പ്രകാശിക്കുന്ന പോലെ മൃദുവായ പ്രകാശം. അയാള്‍ അമ്പരപ്പോടെ എഴുന്നേല്ക്കാന്‍ ശ്രമിച്ചു. പറ്റിയില്ല. ശരീരം പാടെ തളര്‍ന്നിരിക്കുന്നു.
'കാസിം'. ആരോ വിളിച്ചു. അയാള്‍ പ്രയാസപ്പെട്ട് നോക്കി. അപ്പോള്‍ പ്രകാശം അടുത്തേയ്ക്ക് വന്നു. അതൊരു മാലാഖയായിരുന്നു. വെള്ളമേഘങ്ങള്‍പോലെ ചിറകുകള്‍. ജ്വലിക്കുന്ന മുഖം. തിളങ്ങുന്ന കുപ്പായം. അറബിക്കഥകളിലെപ്പോലെ ഒരു മാലാഖ. അയാള്‍ മരണവെപ്രാളത്തിലെ തന്റെ തോന്നലാണെന്ന് വിചാരിച്ച് അത് കാര്യമാക്കിയെടുത്തില്ല. അല്ലെങ്കില്‍ തന്നെ കൊണ്ടുപോകാന്‍ വന്ന ദൈവദൂതനുമാകാം .
മാലാഖ അയാളുടെ അടുത്തിരുന്നു. അയാളുടെ തല മടിയില്‍ വച്ച് നെറ്റിയിലും മുഖത്തും തലോടി. അപ്പോള്‍ അയാള്‍ക്ക് കുറച്ച് ആശ്വാസം തോന്നി. ദിവ്യശക്തികൊണ്ട് മാലാഖയുടെ കൈയ്യില്‍ ഒരു മാന്ത്രികവടി പ്രത്യക്ഷപ്പെട്ടു.
'കാസിം .. ഞങ്ങളുടേ പ്രിയപ്പെട്ട മകനേ' മാലഖ പറഞ്ഞു. എന്നിട്ട് മന്ത്രവടി വീശിയപ്പോള്‍ ഒരു പാത്രം നിറയെ മുന്തിരിച്ചാര്‍ പ്രത്യക്ഷപ്പെട്ടു. മാലാഖ അത് അയാളെ കുടിപ്പിച്ചു. അപ്പോള്‍ അയാള്‍ക്ക് ആശ്വാസം തോന്നി.
'പറയൂ.. നിനക്കെന്ത് വേണം? '
'ഒന്നും വേണ്ട' കാസിം പറഞ്ഞു. അയാള്‍ക്ക് ശബ്ദമിടറുന്നുണ്ടായിരുന്നു. മാലാഖ അയാളുടെ നെറ്റിയില്‍ മുത്തമിട്ടു. അയാള്‍ എഴുന്നേറ്റ് മരത്തോട് ചാരിയിരുന്നു.
'അതെന്താ ഒന്നും വേണ്ടന്ന് പറഞ്ഞത്? നീ ഞങ്ങളുടെ പ്രിയപുത്രനാണ്. എന്ത് വേണമെങ്കിലും ചോദിച്ചോളൂ. അഹമ്മദ് മുതലാളിയെപ്പോലെ നിന്നെ പണക്കാരനാക്കണോ? ഈ പട്ടണത്തിന്റെ, അല്ലെങ്കില്‍ രാജ്യത്തിന്റെ അധിപനാക്കണോ? നിന്റെ ഏതാഗ്രവും സാധിച്ചുതരാനാണ് ഞാന്‍ വന്നിരിക്കുന്നത് '
'എനിക്കൊന്നും വേണ്ട ' കാസിം ആവര്‍ത്തിച്ചു. മാലാഖ സന്തുഷ്ടയായി. അയാളെ അനുഗ്രഹിച്ചിട്ട് മാലാഖ ഇങ്ങനെ പറഞ്ഞു:
'നീ ദൈവത്തിന് നിരക്കാത്തത് എന്തെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് വിഷമമായേനെ. നിന്റെ നന്മയാണ് നിന്നെ ഞങ്ങളുടെ പ്രിയപുത്രനാക്കിയത്. കഷ്ടപ്പാടിലും നീ ദൈവത്തെ പഴിപറഞ്ഞില്ല. മോഷ്ടിക്കാനും ഇരക്കാനും പോയില്ല. ഇതാ നിന്റെ നല്ല ഗുണങ്ങള്‍ക്കുള്ള പ്രതിഫലം നിന്റെ മുന്നില്‍ വന്ന് കഴിഞ്ഞു '
മാലാഖ അത്രയും പറഞ്ഞതും തെരുവില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. കാസിമിന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞ നിമിഷം മാലാഖ അപ്രത്യക്ഷയായി. ഇരുളിലൂടെ ആരോ ഓടിയകലുന്നത് അയാള്‍ കണ്ടു. അഹമ്മദ് മുതലാളിയുടെ ഭാര്യമാരുടെ ആരുടേയെങ്കിലും ജാരനായിരിക്കണം. അയാള്‍ വിചാരിച്ചു. അപ്പോള്‍ പാതയില്‍ എന്തോ തിളങ്ങുന്നത് പോലെ. അയാള്‍ എഴുന്നേറ്റ് അതെന്താണെന്ന് നോക്കി.
വില കൂടിയ രത്നങ്ങള്‍ പിടിപ്പിച്ച കമ്മലായിരുന്നു അത്. അഹമ്മദ് മുതലാളിയുടെ ഭാര്യയുടേതാകാനേ വഴിയുള്ളൂ. അയാളെ കോടീശ്വരനാക്കാന്‍ അത് മാത്രം മതി. ഇതാണോ മാലാഖ പറഞ്ഞ പ്രതിഫലം? അയാള്‍ ആലോചിച്ചു. അങ്ങിനെയാണെങ്കില്‍ തനിക്കത് വേണ്ടെന്നും തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ അയാള്‍ കമ്മലുമായി അഹമ്മദ് മുതലാളിയുടെ മാളികയില്‍ ചെന്നു. കമ്മല്‍ അയാളെ ഏല്പിച്ചു. വിലപിടിച്ച ആഭരണം കളവ് പോയതില്‍ വിഷമിച്ചിരിക്കുകയായിരുന്ന അഹമ്മദ്, കാസിമിനെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. അതേ സമയം തന്റെ ജാരന്‍ പിടിക്കപ്പെടാത്തതില്‍ മാളികയിലെ ഏതോ ഒരു സ്ത്രീ സന്തോഷിക്കുകയും ചെയ്തു.
അഹമ്മദ്, കാസിമിന് പാരിതോഷികങ്ങള്‍ നല്കാന്‍ ശ്രമിച്ചു. ചോദിക്കുന്നതെന്തും നല്കാമെന്ന് വാക്ക് കൊടുത്തു. കാസിം ഒന്നും ആവശ്യപ്പെട്ടില്ല. അഹമ്മദ് അവസാനം തന്റെ മുപ്പത്തിനാല് ഭാര്യമാരുടേയും കേടായ ചെരുപ്പുകള്‍ നന്നാക്കുന്ന ജോലി കാസിമിന് കൊടുക്കാമെന്നേറ്റു. അത് കാസിമിന് സമ്മതമായിരുന്നു.
അങ്ങനെ കാസിമിന് വളരെക്കാലത്തിന് ശേഷം പണി കിട്ടി. മരച്ചുവട്ടിലിരുന്ന് അയാള്‍ ചെരുപ്പുകള്‍ നന്നാക്കി. പതിയെപ്പതിയെ പട്ടണവാസികള്‍ അയാളെ പരിഗണിച്ച് തുടങ്ങി. അയാള്‍ എങ്കിലും തന്റെ രൂപത്തില്‍ മാറ്റമൊന്നും വരുത്താന്‍ തയ്യാറല്ലായിരുന്നു. തഴച്ച് വളര്‍ന്ന താടിമീശകള്‍ അങ്ങിനെ തന്നെ അവശേഷിച്ചു. ഓരോ പണി വരുമ്പോഴും അയാള്‍ മാലാഖയ്ക്ക് നന്ദി പറഞ്ഞു.
നൂറ്റാണ്ടുകള്‍ കടന്നുപോയി. ആളുകള്‍ ബാറ്റയും ഐ.ഡി യും ലീകൂപ്പറും ഉപയോഗിക്കാന്‍ തുടങ്ങി. റബ്ബര്‍ചെരുപ്പുകള്‍ വിപണി കീഴടക്കി. ചെരുപ്പുകടകള്‍ കൂണുകള്‍ പോലെ മുളച്ചു. എങ്കിലും കാസിമിന് ഇപ്പോഴും ബുദ്ധിമുട്ടൊന്നും ഇല്ല. മൈസൂര്‍ ബാങ്കിന്റെ മുന്നിലെ മരച്ചുവട്ടിലിരുന്ന് അയാള്‍ ചെരുപ്പ് നന്നാക്കുന്നു. കാസിം ചാച്ച എന്റെ ചെരുപ്പൊന്ന് തുന്നിത്തരാമോയെന്ന് ചോദിക്കുമ്പോള്‍ താടിമീശകള്‍ക്കിടയില്‍ പുഞ്ചിരി വിടരും .
ഭൂമിയില്‍ മാലാഖമാര്‍ ഇപ്പോഴും ഉണ്ടെന്നല്ലേ ആ ചിരിയുടെ അര്‍ത്ഥം?
really touching story
ReplyDeleteഒരോ വാക്കിലും മെഡിറ്റേഷനുണ്ട്... ഒരു കഥ... അടുത്ത തലമുറക്കും പകര്‍ന്നുകൊടുക്കാവുന്ന ഒന്ന്... അങ്ങിനെ ഒന്ന് എഴുതാന്‍ കഴിയുക വലിയ കാര്യമാണ്. സെന്‍ കഥകളുടെ റിഥം ഈ കഥയെ ഉദാത്തമായ ഒരു തലത്തിലേക്കെത്തിക്കുന്നു. ജയേഷ്.. എനിക്ക് വളരെ ഇഷ്ടായി... തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൊടുത്തുവിടാവുന്ന കഥകള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ ജയാ.. നിന്‍റെ കഥകള്‍ നാളത്തെ ക്ളാസ്സിക്കുകള്‍ ആയേക്കാം... അങ്ങിനെയാവട്ടെ വരും തലമുറകള്‍ക്ക് ആഘോഷിക്കാവുന്ന കഥകള്‍ പിറക്കട്ടെ
ReplyDeleteസ്നേഹപൂര്‍വ്വം
jayesh, manoharamaayi avatharippichu..
ReplyDeletethat was great.
ReplyDeleteഒരു മുത്തശ്ശി കഥ പോലെ മനോഹരം. അഭിനന്ദനങ്ങള്‍ :)
ReplyDeleteഡാ നീ ഈ കഥാപാത്രങ്ങളെ എവിടുന്നു കണ്ടുപിടിക്കുന്നു ... മനോഹരം എന്ന് ഒന്നും പറഞ്ഞാല്‍ ഒന്നും ആവില്ല ... സന്തോഷ് പറഞ്ഞപോലെ നിന്റെ കഥകള്‍ ഒരു ക്ലാസിക് ആവട്ടെ ... അതില്‍ അഹങ്കാരത്തോടെ ഞാന്‍ അഭിമാനം കൊള്ളും...
ReplyDeleteകഥ വളരെ ഇഷ്ട്ടപ്പെട്ടു. മറ്റൊരു കഥയെഴുമ്പോള്‍ ഈ വഴി വീണ്ടും വരും.
ReplyDeleteജയേഷ്, ഭാഷയിലെ ഈ നിയന്ത്രണം ..അത് ഒരു പാട് ഇഷ്ടമായി.പിന്നെ, ആഖ്യാനത്തിലെ ചാരുതയും..അഭിനന്ദനങ്ങള്‍...
ReplyDelete