കാനനഛായയിൽ ..

ഒരു പ്രണയകഥയാണ് പറയാൻ പോകുന്നത്. പ്രകൃതിരമണീയമായ ഒരു നാട്ടിൻ പുറത്താണ് ഈ കഥയിലെ നായകനും നായികയും ജീവിച്ചിരിക്കുന്നത്. നായകന്റെ പേര് രമണൻ എന്നും നായികയുടേത് ചന്ദ്രിക എന്നുമാണ്. ഇതേ പെരുകളുള്ള കഥാപാത്രങ്ങളുമായി പ്രശസ്തമായ ഒരു കാവ്യ്ം നിലവിലുണ്ട്. രണ്ടും കൂട്ടിക്കുഴക്കരുതെന്ന് അപേക്ഷിക്കുന്നു.

ആദ്യമേ പറഞ്ഞപോലെ തികഞ്ഞ ഗ്രാമഭംഗിയുള്ള സ്ഥലമാണത്. കാട്ടുചോലകളും കുന്നിൻ പുറവും ധാരാളം മരങ്ങളും പൂക്കളും ഒക്കെയുണ്ട്. അവിടെ ആട്ടിടയനായ രമണൻ എന്നും ആടുകളെ മേയ്ക്കാൻ കുന്നിൻ മുകളിലേയ്ക്ക് പോകുകയും ആടുകൾ ചെടികളും ഇലകളും തിന്നുമ്പോൾ മരച്ചുവട്ടിലിരുന്ന് ഓടക്കുഴൽ വായിക്കുകയും ചെയ്തു. ചിലപ്പോൾ അയാളുടെ ഉറ്റചങ്ങാതിയായ മദനൻ എന്ന ഓട്ടോഡ്രൈവറും കൂടെക്കാണും . രമണൻ ചായക്കടയിൽ പാൽ വിറ്റാണ് അമ്മയും അനിയത്തിനും അടങ്ങുന്ന കുടുംബം പോറ്റുന്നത്. അത് കൂടാതെ ഏതാനും കോഴികളും അയാൾ ക്കുണ്ടായിരുന്നു. അനിയത്തിനെ നല്ല രീതിയിൽ കെട്ടിച്ച് വിടണം എന്നത് മാത്രമായിരുന്നു രമണന്റെ ചിന്ത. ആലോചനകൾ പലതും വരുന്നുണ്ട്, പക്ഷേ ഒന്നുമങ്ങ് ശരിയാവുന്നില്ല.

അതേ സമയം ചന്ദ്രികയാകട്ടെ, പണക്കാരനായ ദാസപ്പൻ മുതലാളിയുടെ ഒറ്റ മകളായിരുന്നു. ഓട്ടുകമ്പനിയും പട്ടണത്തിൽ ധാരാളം ബിസിനസ്സുമുള്ള ദാസപ്പൻ മുതലാളി അടുക്കാൻ കൊള്ളാവുന്ന ആളൊന്നുമല്ല. പക്ഷേ, മകളെന്ന് വച്ചാൽ പ്രാണനാണയാൾക്ക്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട മകളെ ധാരാളം ലാളിച്ചാണ് വളർത്തിയത്. എന്ന് വച്ച് ചന്ദ്രിക വഷളായതൊന്നുമില്ല.പ്ലസ് ടൂ കഴിഞ്ഞ് അവൾ കോളെജിൽ ബി.എ മലയാളം പഠിക്കാൻ പോയി.

നായികയേയും നായകനേയും പരിചയപ്പെട്ടല്ലോ. ഇനി കഥ പറയാം . രമണൻ എന്നും ആടുകളെ മേയ്ക്കാൻ കുന്നിൻ മുകളിലേയ്ക്ക് പോകും . ആടുകൾ മേഞ്ഞ് നടക്കുമ്പോൾ അയാൾ മരച്ചുവട്ടിലിരുന്ന് ഓടക്കുഴൽ വായിക്കും .മാത്രമല്ല അവിടെയിരുന്നാൽ റോഡിലൂടെ പോകുന്നവരെ കാണാം . അല്പം കുശലമൊക്കെയായി സമയം പോകാൻ എളുപ്പമാണ്. അങ്ങിനെ ഒരു ദിവസം ആടുകളെ മേയ്ക്കാനിറങ്ങിയതാണ്. അതൊരു ഞായറാഴ്ചയായിരുന്നു. കോളേജ് അവധിയായത് കൊണ്ട് ഒരു കവിതാപുസ്തകവും എടുത്ത് നടക്കാനിറങ്ങിയ ചന്ദ്രിക. മധുരമുള്ള ഓടക്കുഴൽ വിളി അവളെ ആകർ ഷിച്ചു. എവിടെനിന്നാണ് ഈ മനോഹരമായ ആലാപനം എന്നാലോചിച്ച് അവൾ കുന്നിൻ മുകളിലെത്തി. കാണാൻ തരക്കേടില്ലാത്ത ഒരു ചെറുപ്പക്കാരൻ മരച്ചുവട്ടിലിരിക്കുന്നത് കണ്ട് അവൾ ക്ക് പരിഭ്രമം തോന്നി. ആടുകളല്ലാതെ വേറെയാരും അവിടെയില്ലയിരുന്നല്ലോ.
ഓടക്കുഴലിൽ ലയിച്ചിരിക്കുന്ന രമണൻ അവളെ കണ്ടില്ല. അവളാകട്ടെ തന്റെ ഹൃദയത്തിൽ എന്തോ ഒരു വേദനയുണ്ടാകുന്നതും ശ്രദ്ധിച്ച് അയാളുടെ നേർക്ക് നടക്കുകയായിരുന്നു. അന്നേരം അവളുടെ കാലിൽ ഒരു മുള്ള് കുത്തുകയും അവൾ ചെറുതായൊന്ന് കരയുകയും ചെയ്തു. ശബ്ദം കേട്ട് നോക്കിയ രമണൻ കാണുന്നത് വേദന സഹിക്കാനാകാതെ കരയുന്ന അവളെയാണ്. അയാൾ അവളുടെയടുത്ത് ചെന്നു. കാൽ മടിയിലെടുത്ത് വച്ച് മുള്ള് പതുക്കെ വലിച്ചൂരി. തന്റെ ഹൃദയത്തിൽ തറച്ച് മുള്ളെടുക്കാനും രമണനാകുമെന്ന് അവൾക്ക് തോന്നി. അവർ പരസ്പരം കണ്ണുകളിൽ നോക്കി. പ്രണയം പൂവിട്ടു. വാക്കുകൾക്കതീതമായ ഭാവങ്ങളിൽ അവർ പലതും പറഞ്ഞു.

ചന്ദ്രിക ആരാനെന്നും മറ്റും പിന്നീടാണ് രമണൻ അറിയുന്നത്. കേട്ട പാടെ മദനൻ ഉടക്കി. ദാസപ്പൻ മുതലാളി ഒരു ക്രൂരനാണെന്നും തടി കേടാകുമെന്നും പറഞ്ഞു. രമണൻ അതൊന്നും കേട്ട് കുലുങ്ങിയില്ല. അയാൾക്ക് വേറെ പ്ലാനുകളുണ്ടായിരുന്നു. പണം കായ്ക്കുന്ന മരമാണ് ചന്ദ്രിക. അവളുടെ അച്ഛനാകട്ടെ മകളെന്ന് വച്ചാൽ പ്രാണനും . അപ്പോൾ എങ്ങിനെയെങ്കിലും അവളെ വിവാഹം ചെയ്യാൻ സാധിച്ചാൽ തന്റെ ദുരിതങ്ങൾ തീരുമെന്ന് അയാൾ ചിന്തിച്ചു.

നൂറ് കണക്കിന് ആടുകളുള്ള ഒരു ഫാം . സ്വർണ്ണത്തിൽ പൊതിഞ്ഞ് പടിയിറങ്ങിപ്പോകുന്ന അനിയത്തി എന്നിങ്ങനെ അയാളുടേ സ്വപ്നങ്ങൾ പൂത്തു. പ്രത്യക്ഷത്തിൽ ചതി, വഞ്ചന എന്നൊക്കെ തോന്നുമെങ്കിലും അയാളുടെ പ്രണയം നിർ വ്യാജമായിരുന്നു.

നാട്ടിൻ പുറമല്ലേ, പ്രണയമാണെന്ന് വച്ച് ചുമ്മാ ചുറ്റിയടിക്കാനോ മണിക്കൂറുകളോളം സംസാരിച്ചിരിക്കാനോ പറ്റില്ല. അതൊക്കെ അങ്ങ് പാരീസുപട്ടണത്തിലല്ലേ. അതുകൊണ്ട് പ്രേമലേഖനങ്ങളിലൂടെയാണ് അവർ മനസ്സ് പങ്കുവച്ചിരുന്നത്. ചന്ദ്രികയുടെ വിശ്വസ്ഥയായ കൂട്ടുകാരി മുഖേന അവർ കത്തുകൾ കൈമാറി. അവസരം കിട്ടുമ്പോഴെല്ലാം കുന്നിൻ മുകളിൽ വച്ച് കാണുകയും ചെയ്തു.

കാനനഛായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടയോ നിന്റെ കൂടെ?

പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ….

എന്നിങ്ങനെയായിരുന്നു അവരുടെ കത്തുകൾ

അങ്ങിനെ വർഷം മൂന്ന് കഴിഞ്ഞു. ചന്ദ്രിക ഫസ്റ്റ് ക്ലാസ്സൊടെ ബി എ പാസ്സായി. പാലക്കാട് വിക്ടോറിയ കോളേജിൽ പോയി എം എ പഠിയ്ക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം . പക്ഷേ ദാസപ്പൻ മുതലാളി സമ്മതിച്ചില്ല. പഠിച്ചതൊക്കെ മതി, ഇനി മകളെ കല്ല്യാണം കഴിച്ചയക്കണം എന്നായിരുന്നു അയാളുടെ നിലപാട്. തന്റെ ബിസിനസ്സ് പാർട്ണറുടെ മകന് വേണ്ടി ആലോചിക്കാൻ ജാതകം കൊടുത്തയയ്ക്കുകയും ചെയ്തു.

ഈ വിവരം അറിഞ്ഞ ചന്ദ്രിക രമണനെ കണ്ട് സം സാരിക്കണമെന്നും എത്രയും വേഗം ഒരു തീരുമാനമെടുക്കണമെന്നും ഉറപ്പിച്ചു. ആ സമയത്ത് രമണൻ നാട്ടിലുണ്ടായിരുന്നില്ല. അയാൾ പി എസ് സി പരീക്ഷയെഴുതാൻ ദൂരെയെങ്ങോ പോയിരിക്കുകയായിരുന്നു. ഒരു സർക്കാർ ജോലി കിട്ടുകയാണെങ്കിൽ ദാസപ്പൻ മുതലാളിയെ പ്രീതിപ്പെടുത്താനുതകുമെന്ന് അയാൾ വിചാരിച്ച് കാണും .

ചന്ദ്രിക കാത്തിരുന്നു. രമണൻ വന്നിട്ടില്ല. ഒടുവിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുന്നേ അച്ഛനോട് എല്ലാം തുറന്ന് പറയാൻ തീരുമാനിച്ചു. വിവരമറിഞ്ഞ ദാസപ്പൻ മുതലാളി കാലനായി മാറി. അവളെ തലങ്ങും വിലങ്ങും അടിച്ചു. ഒരു ആട്ടിടയനെ പ്രേമിക്കാനാണോ ഇവളെ താൻ ബി എ വരെ പഠിപ്പിച്ചതെന്ന് വിഷമിച്ചു.

ഇതിനിടയിൽ പരീക്ഷയെഴുതി തിരിച്ചെത്തിയ രമണനെ ദാസപ്പൻ മുതലാളിയുടെ ഗുണ്ടകൾ നന്നായൊന്ന് പെരുമാറി.രമണൻ ആശുപത്രിയിലായി. ഇതറിഞ്ഞ ചന്ദ്രിക അയാളെ കാണാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. അവൾ വീട്ടുതടങ്കലിലായിരുന്നു. അടി കിട്ടിയതിൽ രമണന് വിഷമമൊന്നും തോന്നിയില്ല. മറിച്ച് ചന്ദ്രികയോടുള്ള പ്രണയം തീവ്രമാകുകയായിരുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമയൊക്കെ കാണാറുള്ളയാളാണ് രമണൻ . നൂറ് കണക്കിന് ആടുകൾ മേയുന്ന ഫാം സ്വപ്നം കണ്ട് അയാൾ ഓറഞ്ചും ബൂസ്റ്റുമൊക്കെ കഴിച്ച് സുഖപ്പെടാൻ കാത്തു. ആശുപത്രിയിൽ വച്ച് രമണന്റെ മനസ്സ് മാറ്റാൻ മദനൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ രമണൻ പതിവ് പോലെ ആടുകളെ മേയ്ക്കാൻ കുന്നിൻ മുകളിലേയ്ക്ക് പോയി. അവിടെ ഓടക്കുഴൽ വായിച്ചിരിക്കുമ്പോൾ ആരും കാണാതെ ചന്ദ്രിക വന്നു. അവൾ ഒറ്റ ശ്വാസത്തിൽ ഇങ്ങനെ പറഞ്ഞു.

‘ എന്റെ കല്ല്യാണം എത്രയും വേഗം നടത്താണാണ് അച്ഛന്റെ പ്ലാൻ . അമേരിക്കയിൽ സോഫ്റ്റ് വേർ എഞ്ചിനീയറാണ് ചെറുക്കൻ . അടുത്ത മാസം അയാൾ അവധിക്ക് വരുന്നുണ്ട്. കല്ല്യാണം കഴിഞ്ഞാൽ എന്നേയും അമേരിക്കയിലേയ്ക്ക് കൊണ്ട് പോകുമെന്നാണ് പറയുന്നത്. രമണാ, നമ്മൾ കാത്തിരുന്നിട്ട് കാര്യമില്ല. വരൂ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോകാം നമുക്ക്.’

ഇത് കേട്ട് രമണന്റെയുള്ളിൽ കടന്നലിളകിയത് പോലെ തോന്നി. ഫാമിൽ നിന്നും നൂറ് കണക്കിന് ആടുകൾ മാഞ്ഞ് പോകുന്നു. അനിയത്തി വെള്ളം കോരിയും കഞ്ഞി വച്ചും വീട്ടിലീരിക്കുന്നു.

‘ എങ്കിലും ചന്ദ്രികേ..’ അയാൾ എന്തോ പറയാൻ തുടങ്ങി.

‘ ഒന്നും പറയണ്ട. എല്ലാം ഞാൻ ഏർ പ്പാട് ചെയ്തിട്ടുണ്ട്. നാളെ അതിരാവിലെ നമ്മൾ പോകുന്നു. ഞാൻ ഈ കുന്നിൻ മുകളിൽ കാത്തിരിക്കും . വന്നില്ലെങ്കിൽ എല്ലാത്തിനും കാരണം നിങ്ങളാണെന്ന് എഴുതി വച്ചിട്ട് ചത്തു കളയും ഞാൻ ’

ഇത്രയും പറഞ്ഞ് ചന്ദ്രിക തിരിച്ച് പോയി. ആകെ തകർന്ന് തരിപ്പണമായി രമണൻ . പ്രായോഗികതയിൽ വിശ്വസിക്കാതെ കാല്പനികമായ പ്രണയത്തിൽ മുഴുകി സമയം കളഞ്ഞത് കൊണ്ടാണ് തനിക്കീ ദുർഗതി വന്നതെന്ന് അയാൾ മനസ്സിലാക്കി. ഇത്രയും വൈകിക്കാതെ ചന്ദ്രികയെ വിവാഹം കഴിക്കാനുള്ളാതായിരുന്നു. ഇനിയിപ്പോൾ പറഞ്ഞിട്ടെന്ത് കാര്യം ? അവൾ പറഞ്ഞത് പോലെയെങ്ങാനും ചെയ്താൽ പിന്നെ ജീവിച്ചിരിരുന്നിട്ട് കാര്യമില്ല. ഒളിച്ചോടുകയെന്നൊക്കെ പറാഞ്ഞാൽ അതിൽ കഥയില്ല.

ഒന്നാലോചിക്കാൻ മദനനേയും കാണുന്നില്ല. ഇനിയൊന്നും ആലോചിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ രമണൻ അന്ന് രാത്രി ഒരു കഷ്ണം കയറുമെടുത്ത് കുന്നിൻ മുകളിലേയ്ക്ക് പോയി കെട്ടിത്തൂങ്ങി മരിച്ചു. അങ്ങിനെ ദുരന്തപര്യവസാനിയായ രമണന്റേയും ചന്ദ്രികയുടേയും കഥ ഒരവസാനത്തിലേയ്ക്ക് വരുകയാണ്. സംഭവമറിഞ്ഞ ചന്ദ്രിക കുറച്ച് നാൾ വിഷമിച്ചെങ്കിലും പിന്നെ അമേരിക്കക്കാരനെ കല്ല്യാണം കഴിച്ച് കാലിഫോർണിയയിലേയ്ക്ക് പോയി.

മദനൻ കുറേ നാൾ വിഷമം സഹിക്കാൻ വയ്യാതെ ജോലിയ്ക്കൊന്നും പോകാതെ കുടിച്ചും അലഞ്ഞും തിരിഞ്ഞും നടന്നു. സാധാരണ ഇത്തരം കഥകളിൽ വരേണ്ട പോലെ അയാൾ രമണന്റെ അനിയത്തിയെ വിവാഹം കഴിച്ച് ആ കുടുംബത്തിന്റെ നാഥനായതൊന്നുമില്ല. അയാൾക്ക് അപ്പോഴും ഒന്നുമറിയില്ലല്ലോ.

ഒടുക്കം ക്രൂരയായ ചന്ദ്രികയെ കുറേ ചീത്ത പറഞ്ഞിട്ട് വേറേതോ നാട്ടിലേയ്ക്ക് അയാൾ പോയി. രമണനില്ലാത്ത നാട് തനിക്കും വേണ്ടെന്ന് കരുതിക്കാണും . പിന്നീട് അയാൾ സുഹൃത്തിനെക്കുറിച്ചോർ ത്ത് കവിതകൾ എഴുതാൻ തുടങ്ങിയെന്നും കേൾ ക്കുന്നു.

ശുഭം

7 comments:

  1. പാടില്ല പാടില്ല നമ്മെ നമ്മള്‍
    പാടെ മറന്നൊന്നും ചെയ്തു കൂടാ...

    ReplyDelete
  2. ഒരു സക്കറിയ കഥ വായിച്ച സുഖം!

    ReplyDelete
  3. എന്റെ കല്ല്യാണം എത്രയും വേഗം നടത്താണാണ് അച്ഛന്റെ പ്ലാൻ . അമേരിക്കയിൽ സോഫ്റ്റ് വേർ എഞ്ചിനീയറാണ് ചെറുക്കൻ . അടുത്ത മാസം അയാൾ അവധിക്ക് വരുന്നുണ്ട്. കല്ല്യാണം കഴിഞ്ഞാൽ എന്നേയും അമേരിക്കയിലേയ്ക്ക് കൊണ്ട് പോകുമെന്നാണ് പറയുന്നത്. രമണാ, നമ്മൾ കാത്തിരുന്നിട്ട് കാര്യമില്ല. വരൂ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോകാം നമുക്ക്

    സരസമായി എഴുതി.

    ReplyDelete
  4. ഹ ഹ !
    കൊള്ളാം ജയേഷെ, പുനര്‍വായന.
    കഥ ഇഷ്ടമായി.

    ReplyDelete
  5. വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ‍വർക്കും നന്ദി

    ReplyDelete