വീണ്ടും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിക്കുന്നതിന്റെ അസ്വസ്ഥതകള്‍

അങ്ങിനെയാണ് കാര്യങ്ങള്‍.
ഇന്ന് തിങ്കളാഴ്ച. പ്രസന്നമായ പ്രഭാതം. കുരുവികളുടെ ചിലയ്ക്കല്‍. ഇന്ന് എന്തെങ്കിലും സംഭവിച്ചേക്കും എന്ന പ്രതീക്ഷ തരുന്ന അന്തരീക്ഷം. സുപ്രഭാതം.
രാവിലെ തന്നെ ഉണര്‍ന്ന് മുഷിച്ചിലിന്റെ ദൈര്‍ഘ്യം കൂട്ടാതിരിക്കാന്‍ കഴിയുന്നത്ര വൈകിയുണരുന്നത് ശീലമാക്കിയിരുന്നതാണ്. ഇന്നലെ വരെ അത് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തിരുന്നു. ഏതാണ്ട് പത്തര, പതിനൊന്ന് മണിയോടെ കണ്ണ് തുറക്കുക, കുറച്ച് നേരം അലസമായി ചിന്തിച്ച് കിടക്കുക, ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ മാത്രം എഴുന്നേറ്റ് അന്നേ ദിവസത്തിന് സ്വയം വിട്ടുകൊടുക്കുക എന്നതൊക്കെ അത്ര എളുപ്പമുള്ള കാര്യമല്ല. നൂറായിരം കാര്യങ്ങളാണ് തലയിലൂടെ സഞ്ചരിക്കുന്നത്. തിരക്കുകള്‍..തിരക്കുകള്‍..എല്ലാം ഒന്ന് അടുക്കിപ്പെറുക്കണമെങ്കില്‍ത്തന്നെ ഒരു ദിവസം വേണ്ടിവരും. അപ്പോഴെന്ത് ചെയ്യും? വഴിയുണ്ട്, ഏറ്റവും ആദ്യം ഓര്‍മ്മയില്‍ വരുന്നത് മാത്രം ചെയ്യുക. ബാക്കിയുള്ളത് ആവശ്യക്കാര്‍ ഓര്‍മ്മിപ്പിച്ചോളും.
ഉദാഹരണത്തിന്, വിശപ്പ് എപ്പോഴും ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് ഓര്‍മ്മിപ്പിക്കല്‍ ആവശ്യമില്ല. അടുത്തുള്ള ചായക്കടയിലേയ്ക്ക് നടക്കുമ്പോള്‍ വേറെ ചിന്തയൊന്നുമില്ല. സമാധാനമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായക്കടക്കാരന്‍, മിക്കവാറും കുമാരേട്ടന്‍, പറ്റ് കണക്ക് പറഞ്ഞ് ഓര്‍മ്മിപ്പിക്കും. സംഭവം ക്ലിയര്‍. അതാണ് പറഞ്ഞത് നമ്മള്‍ മറന്നാലും ചിലതെല്ലാം ഓര്‍മ്മിപ്പിക്കാന്‍ ആളുകളുണ്ടാകും, ഉണ്ടായിക്കോളും.
തിരിച്ച് വീട്ടിലേയ്ക്ക് എത്തുമ്പോഴേയ്ക്കും ചെറിയ രീതിയിലുള്ള ഉറക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഉറങ്ങരുത്. ചിന്തിക്കണം, ചിന്തയെ കയറൂരി വിടണം. മേഞ്ഞ് മേഞ്ഞ് കൊഴുക്കണം. വീടെത്താറാകുമ്പോള്‍ വീട്ടുടമ ഗേറ്റിനരികിലുണ്ടാകും. വലിയ അവകാശവാദമാണ്. വാടക കിട്ടിയില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ വരുന്നതാണ്. എന്തോ കാര്യമായ ചിന്തയിലാണെന്നത് പോലെ നടന്നേക്കുക. പുള്ളിയെ കണ്ട ഭാവം പോലും നടിക്കരുത്. അപമാനിതനായ വീട്ടുടമയുടെ അഹങ്കാരം അതോടെ തീരും. എല്ലാം പിന്നെ, ഇപ്പോള്‍ തിരക്കിലാണ് എന്ന് മുഖഭാവം വരുത്തി അതിക്രമിയെ ഓടിച്ച് കഴിഞ്ഞാല്‍ കാര്യമായിത്തന്നെ ചിന്തിക്കുക.
ഇന്നു് തിങ്കളാഴ്ചയാണെന്ന് ആദ്യമേ പറഞ്ഞല്ലോ. ഒരു നല്ല തുടക്കത്തിന് പറ്റിയ ദിവസമാണ്. മുന്നില്‍ നമ്മുടെ ഭാവിയാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കുക. ഉള്ളവനും ഇല്ലാത്തവനും എന്ന തരംതിരിവ് ഇല്ലാതാകുന്ന കാലത്തെക്കുറിച്ച് ആലോചിക്കുക. പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ബൈക്കുടമകളും കാമുകിയുടമകളുമായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പരിഹാസം എപ്പോഴും പിന്തുടരുന്നുണ്ടാകും. ഒരു കാലത്തും ഒരു ദേശത്തും ഗുണം പിടിക്കാത്ത വര്‍ഗ്ഗമാണ് തൊഴിലാളികള്‍. ഗുണം പിടിക്കുന്നത് മുതലാളിമാര്‍ മാത്രമാണ്. പരിഹാസങ്ങളേയും വിമര്‍ശനങ്ങളേയും തള്ളിക്കളയുക. നമ്മള്‍ സമരം ചെയ്യുകയാണ്. ജീവിതത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയാണ്. ഈ വ്യവസ്ഥിതി ശരിയല്ല. ദുഷിച്ച് നാറിയത് എന്ന് പറയുന്നത് പഴഞ്ചന്‍ പ്രയോഗമാണ്. പുതിയത് കണ്ടുപിടിക്കണം. പണ്ടാരടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. എതിര്‍ക്കണം, പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം ഒരിക്കലും മാറില്ലെന്നുറപ്പാണെങ്കിലും ശക്തമായി വിയോജിച്ച് വേണം വ്യവസ്ഥിതിയെ നേരിടാന്‍.
തൊഴിലില്ലായ്മയാണ് എല്ലാത്തിനും കാരണം. ഒരു പണിയുമില്ലാത്ത ചെറുപ്പക്കാരുടെ മനസ്സില്‍ പിശാച് കൂട് കൂട്ടുന്നു. അവര്‍ തീവ്രവാദികളും കൊള്ളക്കാരുമാകുന്നു. വാടകഗുണ്ടകളാകുന്നു. മദ്യത്തിനും ലഹരിയ്ക്കും അടിമകളാകുന്നു. ഇതെല്ലാം സൃഷ്ടിക്കുന്നത് വ്യവസ്ഥിതിയാണ്. എന്നിട്ട് ഇതേ വ്യവസ്ഥിതി വഴിതെറ്റുന്ന ചെറുപ്പക്കാരെക്കുറിച്ച് കണ്ണീരൊഴുക്കുകയും ചെയ്യുന്നു. എതിര്‍ക്കുക, പോരാടുക.
ഇപ്പോള്‍ ഒരു ബീഡി വലിക്കാവുന്നതാണ്. ആശയങ്ങള്‍ക്ക് ചിറക് മുളയ്ക്കട്ടെ. നോക്കൂ, ചിത്രശലഭങ്ങള്‍ പൂക്കളെ ഉമ്മ വയ്ക്കുന്നത്. വെയിലും നിഴലും ചേര്‍ന്ന് ചിത്രം വരയ്ക്കുന്നത്. ആകാശത്ത് പറക്കുന്ന പറവകള്‍, തെങ്ങോലയില്‍ ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്‍…എല്ലാം ആസ്വദിക്കൂ. പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് നമ്മളിലെ നന്മകള്‍ക്ക് ജീവന്‍ വയ്ക്കുന്നത്. സഹജീവികളെ സ്നേഹിക്കാനാകുന്നത്. നമ്മളെ സ്നേഹത്തിന്റെ ഭാഷയില്‍ നിന്നും അകറ്റാനാണ് യന്ത്രങ്ങളെ ഉണ്ടാക്കിയിരിക്കുന്നത്. ഒരു രാജ്യം ആയുധം ഉണ്ടാക്കുമ്പോള്‍ അയല്‍രാജ്യങ്ങളും അത് തന്നെ ചെയ്യുന്നു. അത്രയും നാള്‍ ഇല്ലാതിരുന്ന വിദ്വേഷം സൃഷ്ടിക്കപ്പെടുന്നു. പിന്നെ യുദ്ധം, കൈയേറ്റം, പക, കൊലപാതകം.
ബീഡി തീരുന്നു.
കട്ടിലില്‍ മലര്‍ന്ന് കിടന്ന് ചിന്തിക്കുകയാണിപ്പോള്‍. ഉച്ചവെയില്‍ കടുക്കുന്നു. അയല്‍ വീടുകളില്‍ നിന്നും മീന്‍ പൊരിക്കുന്നതിന്റേയും പപ്പടം കാച്ചുന്നതിന്റേയും മണം വായുവിലാകെ പരക്കുന്നു. അതൊരടവാണ്. വിപ്ലവചിന്തകളില്‍ നിന്നും നമ്മളെ അകറ്റാനുള്ള തന്ത്രം. അവര്‍ വേണമെങ്കില്‍ ഒരു നേരത്തെ ചോറ്‌ തരുമായിരിക്കും. മീന്‍ പൊരിച്ചത് വാഴയിലയില്‍ പൊതിഞ്ഞ് കൊടുത്തുവിടുമായിരിക്കും. തോല്‍ക്കരുത്. കീഴടങ്ങരുത്. സ്ഥിതിസമത്വം, അത് മാത്രമായിരിക്കണം മനസ്സില്‍. തീര്‍ച്ചയായും അപ്പോള്‍ വിശപ്പ് ആക്രമണം തുടങ്ങും. വിശപ്പ് ലോകത്ത് നിന്നും ഇല്ലതാക്കാത്തതെന്ത് കൊണ്ടെന്ന് മനസ്സിലായില്ലേ? ഈ വ്യവസ്ഥിതിയ്ക്ക് നിലനില്‍ക്കണമെങ്കില്‍ മനുഷ്യന് വിശക്കണം. ഒരു നേരത്ത് ആഹാരത്തിന് വേണ്ടി അവരുടെ ആജ്ഞകള്‍ക്ക് വഴങ്ങണം. കാല് നക്കണം. ഇല്ല, കീഴ്പ്പെടരുത്. ചിന്തിക്കുക, ആഹാരത്തെക്കുറിച്ചല്ല, ഭാവിയെക്കുറിച്ച്.
ആരോ വാതിലില്‍ മുട്ടുന്നു. ചാരന്മാരാണ്, ഉറപ്പ്. ചിന്തകളില്‍ നിന്നും എന്നെ വേര്‍പെടുത്താന്‍ വന്നിരിക്കുന്ന ചാരന്മാര്‍. വ്യവസ്ഥിതിയുടെ കൈയ്യാളന്മാര്‍. സമത്വലോകത്തിന്റെ ശത്രുക്കള്‍ .
സുമേഷ്, പീറ്റര്‍, ഇബ്രാഹിം എന്നീ സുഹൃത്തുക്കളായിരുന്നു. എല്ലാവരും തൊഴിലാളികളാണ്. ടൈയും ഷൂസുമിട്ട് ബൈക്കിലും കാറിലുമൊക്കെ ജോലിയ്ക്ക് പോകുന്നവരാണ്. തൊഴിലാളികള്‍, പുച്ഛം തോന്നി. ഗേറ്റിന് മുന്നില്‍ ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നു.
‘ നീയെന്തെടുക്കാ?’ സുമേഷ്
‘ ഒന്നുല്ല…വാ’ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു.
‘ അല്ല…നിന്റെ ഉദ്ദേശം എന്താ? ജോലിയ്ക്കൊന്നും പോകണ്ടേ നിനക്ക്? നീയെന്തിനാ പറയാതെ ലീവെടുത്തത്? ‘ പീറ്റര്‍
‘ എം ഡി ആകെ ചൂടായിരിക്കുകാ..‘ ഇബ്രാഹിം
!!!!!!!
‘ ഏയ് അങ്ങനൊന്നൂല്ല…ഞാന്‍ ചുമ്മാ’
‘ ചുമ്മാതോ? നിന്റെ കാര്യം പോക്കാ…ഉള്ള ജോലി കളയാതെ എം ഡി യെ പോയിക്കണ്ട് ഓഫീസിലേയ്ക്ക് വരാന്‍ നോക്കെടാ ‘ സുമേഷ്
‘ ഉം…ആലോചിക്കാം ‘
‘ ഉവ്വ..നീ വാ…’
‘ എങ്ങോട്ട് ? ‘
‘ പാതാളത്തിലേയ്ക്ക്..ഓട്ടോ വെയ്റ്റ് ചെയ്യുന്നു..നീ ഡ്രസ്സ് മാറി വാ’
പാന്റും ഷര്‍ട്ടും ധരിച്ച് അവരുടെ കൂടെ ഇറങ്ങി. അവരെ ഒരുപാട് നേരം വീട്ടിലിരുത്തുന്നത് നല്ലതല്ല. ചാരന്മാരാണ്. സുഹൃത്തുക്കളുമാണ്. ഒറ്റിക്കൊടുക്കാന്‍ സാദ്ധ്യതയുണ്ട്. ചിന്തകള്‍ ഭദ്രമാണെന്നുറപ്പ് വരുത്തി ഓട്ടോയില്‍ കയറി.
പട്ടണത്തിലെത്തി. മുന്തിയ ബാറിന്റെ മുന്നില്‍ ഓട്ടോ നിന്നു.
‘ ഇവടെ വേണ്ടെടാ..നമക്ക് വേറെ എങ്ങോട്ടെങ്കിലും പോകാം ‘
‘ ഇവടെ എന്താ കുഴപ്പം ?’
‘ നമക്ക് കുറച്ച് തുറന്ന് സ്ഥലത്ത്..പ്രകൃതിയോട് ചേര്‍ന്നിരിക്കാം ‘ (!!!)
ഓട്ടോയില്‍ കുപ്പികള്‍ കയറി. പട്ടണത്തിന്റെ അതിര്‍ത്തി വിട്ട് ഞങ്ങള്‍ പാഞ്ഞു.
കുന്നിന്‍ മുകളിലെത്തി. കുപ്പികള്‍ ഗ്ലാസ്സുകളിലേയ്ക്ക് ചെരിയ്ക്കപ്പെട്ടു.
രണ്ടെണ്ണം അകത്തേയ്ക്ക് ചെന്നപ്പോള്‍ ആശ്വാസം തോന്നി. കുന്നിന്‍ മുകളിലെ പാറക്കെട്ടുകളില്‍ അനേകം ഹൃദയങ്ങളും പേരുകളും പോറിയിട്ടിരുന്നു. സഫലമാകാത്തതും ആയതുമായ ആഗ്രഹങ്ങളുടെ നടുവില്‍ ഒരു ചെറിയ കല്ലെടുത്ത് എഴുതി.
‘ വിപ്ലവം ജയിക്കട്ടെ’

-------------------------------------------------------- തർജ്ജനി മാസിക, ഡിസംബർ ലക്കം

3 comments:

  1. 'അയല്‍ വീടുകളില്‍ നിന്നും മീന്‍ പൊരിക്കുന്നതിന്റേയും പപ്പടം കാച്ചുന്നതിന്റേയും മണം വായുവിലാകെ പരക്കുന്നു.'
    ഏതു വിപ്ലവവും വായുവിലാകും.

    ReplyDelete
  2. ജയേഷെ ..
    എനിക്ക് ഭയങ്കര്‍ ഇഷ്ടം തോന്നുന്നു.
    :)

    ReplyDelete