രാമൻ കുട്ടി എന്ന യുവാവിന്റെ കഥയാണ് പറയാൻ പോകുന്നത്. പുറമേയ്ക്ക് അസ്വാഭാവികമാണെന്നും കെട്ടിച്ചമച്ചതാണെന്നും തോന്നുമെങ്കിലും, രാമൻ കുട്ടിയെ അടുത്തറിഞ്ഞിട്ടുള്ളവർക്കറിയാം അങ്ങിനെയല്ലെന്ന്. തെക്കേ മലബാറിലെ അറിയപ്പെടാത്ത ഒരു കുഗ്രാമത്തിനാണ് രാമൻ കുട്ടി ജനിച്ചതും വളർന്നതും. പഠനത്തിൽ ഒന്നാമനായില്ലെങ്കിലും ഒരു ക്ലാസ്സിലും തോൽക്കാതെ പത്താം തരവും അതിന് ശേഷം പ്രീഡിഗ്രി, ഡിഗ്രീ തുടങ്ങിയ ഉന്നതവിദ്യാഭ്യാസങ്ങളും കരസ്ഥമാക്കുവാൻ അയാൾക്ക് നിഷ് പ്രയാസം കഴിഞ്ഞു. ബി.എ ഇക്കണോമിക്സ് പാസ്സായതിന് ശേഷം കുറച്ച് കാലം അടുത്തുള്ള പാരലൽ കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് കോയമ്പത്തൂർ, സേലം, ഈറോഡ് തുടങ്ങി അങ്ങ് ചെന്നൈ വരെ ( പണ്ട് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം) അലയുകയും കുറേ വർഷങ്ങൾ ചില്ലറ ജോലികളൊക്കെ ചെയ്ത് അവിടങ്ങളിൽ കഴിച്ച് കൂട്ടുകയും ചെയ്ത രാമൻ കുട്ടി നാട്ടിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. പക്ഷേ, അയാളുടെ കഥ തുടങ്ങുന്നത് ഇവിടെ വച്ചല്ല. പണിയൊന്നുമില്ലാതെ ഗ്രാമത്തിലെ ചായക്കടയിലും വായനശാലയിലും കലുങ്കിലുമൊക്കെയായി സമയം ചിലവഴിച്ചിരുന്ന അയാൾക്ക് എൽ ഡി ക്ലർക്കിന്റെ ജോലി കിട്ടുന്നതോടെയാണ് ഈ കഥയ്ക്കാസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്. എൽ ഡി ക്ലാർക്കിന്റെ ജോലി ചുമ്മാ അങ്ങ് കിട്ടിയതൊന്നുമല്ലായിരുന്നു. ഒരു ദിവസം വായനശാലയിൽ പോയി തിരികെ വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന രാമൻ കുട്ടിയെ സുഹൃത്തും അപ്പോൾ സർക്കാർ ജീവനക്കാരനുമായിരുന്ന സഹദേവൻ എന്നയാൾ കണ്ടുമുട്ടി. ചെറുപ്പക്കാർ ഉത്തരവാദിത്തമില്ലാതെ അലഞ്ഞ് നടക്കുന്നതിനെക്കുറിച്ചും ഭാവിജീവിതം കെട്ടിപ്പടുക്കാൻ ഇപ്പോഴേ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും ചെറുതല്ലാത്ത ഒരു പ്രസംഗം സഹദേവൻ രാമൻ കുട്ടിയെ കേൾപ്പിച്ചു. വീടെത്തുമ്പോഴേയ്ക്കും സർക്കാരുദ്യോഗം എന്ന മോഹം രാമൻ കുട്ടിയുടെ മനസ്സിൽ പൂവും കായുമിട്ടിരുന്നു. എന്ന് വച്ച് വെറുതേയങ്ങ് കയറിച്ചെന്നാൽ സർക്കാരുദ്യോഗം കിട്ടുമോ? ഇല്ലാ. അതിന് വേണ്ടി രാമൻ കുട്ടി അദ്ധ്വാനിക്കാൻ തുടങ്ങി. പി എസ് സി പരീക്ഷ പാസ്സാകാൻ വേണ്ടിയുള്ള പുസ്തകങ്ങൾ വാങ്ങി രാവും പകലും പഠിച്ചു. ഒരു സുപ്രഭാതത്തിൽ നിയമന ഉത്തരവ് കൈപ്പറ്റുമ്പോൾ അയാൾക്ക് അത്ഭുതമൊന്നും തോന്നിയതേയില്ല.
വീട്ടിൽ നിന്നും കൃത്യം 36 കിലോമീറ്റർ അകലെയുള്ള തുറവങ്കോട് പഞ്ചായത്തിലാണ് അയാൾക്ക് നിയമനം ഉത്തരവായിരുന്നത്. സസ്യശ്യാമളകോമളമായ ഒരു പഞ്ചായത്തായിരുന്നു അത്. വിശാലമായ നെൽ പ്പാടങ്ങളും അരുവികളും മരങ്ങളും പൂക്കളും നിറഞ്ഞ മനോഹരമായ ഗ്രാമം. വൈകുന്നേരം ജോലി കഴിഞ്ഞ് കുറേ ദൂരം പ്രകൃതിഭംഗി ആസ്വദിച്ച് നടക്കുകയാണെങ്കിൽ മനസ്സിൽ കുളിർമ്മയും തണലും വിരിയുന്ന ഭൂപ്രദേശം. രാമൻ കുട്ടിയ്ക്ക് സ്ഥലം നന്നേയങ്ങ് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ! എന്നും പോയിവരാനുള്ള ബുദ്ധിമുട്ട് കാരണം ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് തുറവങ്കോട്ട് താമസമാക്കുകയായിരുന്നു രാമൻ കുട്ടി.
ഇത് വരെ അയാൾക്ക് ഒരു കുഴപ്പവും വരുന്നില്ല. കൃത്യമായി ഓഫീസിലെത്തുകയും ഊർജ്ജസ്വലനായി ജോലി ചെയ്യുകയും മൂലം അയാൾ പഞ്ചായത്ത് വാസികൾക്കും പ്രിയപ്പെട്ടവനായിത്തീർന്നു. കൂടാതെ പുകവലി, മദ്യപാനം തുടങ്ങിയ ദു:ശ്ശീലങ്ങളില്ലാതിരുന്നതും അയാളുടെ സൽപ്പേരിന് തിളക്കം കൂട്ടി. പക്ഷേ, ജോലി കിട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവത്തിൽ കാതലായ മാറ്റം സംഭവിക്കുകയായിരുന്നു. കൃത്യമായി ജോലിയ്ക്കെത്താതായി. എത്തിയാലും ആളുകളെ മുഷിപ്പിക്കുന്ന രീതിയിൽ പെരുമാറ്റം തുടങ്ങി. വൈകുന്നേരം മദ്യപാനവും പുകവലിയും രാത്രി വൈകുവോളം അലഞ്ഞ് നടക്കുകയും ചെയ്തു. നാട്ടുകാർക്ക് ഇതിലൊന്നും വലിയ താല്പര്യം ഉണ്ടാവാനിടയില്ലല്ലോ. അവർ അയാളെക്കുറിച്ച് ചർച്ച ചെയ്യുകയും , ഓ ഇതിലൊക്കെ നമ്മളെന്ത് ചെയ്യാനാ എന്ന് സാമാന്യമായി പറഞ്ഞുപേക്ഷിക്കുകയും ചെയ്തു.
വാസ്തവത്തിൽ നാശത്തിന്റെ പടുകുഴിയിലേയ്ക്ക് എറിയപ്പെടുകയായിരുന്നു രാമൻ കുട്ടി. അപ്പോളയാൾക്ക് മുപ്പത് വയസ്സ് തികയുന്നേയുള്ളായിരുന്നു.വീട്ടുകാർ തനിക്ക് വിവാഹം ആലോചിക്കുന്നുണ്ടെന്ന വിചാരം പോലുമില്ലാതെ അയാൾ അസാന്മാർഗ്ഗിക പ്രവൃത്തികളിൽ മുഴുകുകയും നാട്ടിലും വീട്ടിലും ചീത്തപ്പേരുണ്ടാക്കുകയും ചെയ്തു.
എന്ത് ചെയ്യാൻ! രാമൻ കുട്ടി കൈ വിട്ട് പോയെന്ന് പറഞ്ഞാൽ മതിയല്ലോ.
അങ്ങിനെയിരിക്കേ ഒരു ദിവസം രാത്രി വൈകിയ ശേഷം രാമൻ കുട്ടി പുറത്തേയ്ക്കിറങ്ങി. വാറ്റ് ചാരായം കിട്ടുന്ന സ്ഥലം അന്വേഷിച്ചിറങ്ങിയതായിരുന്നു. പാടവരമ്പും കടന്ന്, കാനനച്ചോലയും കടന്ന് ചാരായം വാറ്റുന്ന മുത്തുച്ചാമി എന്ന തമിഴന്റെ വീട്ടിൽ അയാൾ എത്തിച്ചേർന്നു. മുത്തുച്ചാമി പറമ്പിൽ കുഴിച്ചിട്ടിരുന്ന വാറ്റ് ചാരായത്തിന്റെ കുപ്പിയെടുത്ത് അയാൾക്ക് കൊടുക്കുകയും ചെയ്തു. അയാൾക്ക് പണം കിട്ടിയാൽ മതിയല്ലോ!
ചാരായം കുടിച്ച് കുടിച്ച് ലക്ക് കെട്ട് കനാലിനരികിലൂടെ നടക്കുകയായിരുന്ന രാമൻ കുട്ടി കാല് തെറ്റി കനാലിൽ വീഴുകയായിരുന്നു. നീന്തലറിയാത്ത അയാൾ മുങ്ങിയും പൊങ്ങിയും മരണവുമായി മല്ലിട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങി.
ഇതിലിപ്പോൾ എന്താണ് അസ്വാഭാവികത എന്നായിരിക്കും നിങ്ങൾ ചോദിക്കാൻ പോകുന്നത്. ഒരാൾ വെറുതേയങ്ങ് മരിക്കുന്നത് സ്വാഭാവികം തന്നെ. ആർക്കും എപ്പോൾ വേണമെങ്കിലും നിന്ന നിൽപ്പിൽ മരിക്കാവുന്ന ലോകമാണല്ലോയിത്! പക്ഷേ, രാമൻ കുട്ടിയുടെ കഥയിലെ പിന്നാമ്പുറത്താണ് രഹസ്യം ഒളിച്ചിരിക്കുന്നത്. അതറിയുമ്പോൾ ‘ അപക്വമതിയായ യുവതിയുടെ ക്രൂരത’ എന്നോ ‘ ഒരു പെണ്ണിന്റെ അലസത കാരണം നഷ്ടപ്പെട്ട ജീവിതം’ എന്നോ കഥയുടെ പേര് മാറ്റേണ്ടതായി വരും. അത് പക്ഷേ സ്ത്രീവിരുദ്ധം എന്ന് ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള പേരിൽ തന്നെ കഥയുടെ തുടർന്നുള്ള ഭാഗം പറയാൻ നിർബന്ധിതനാകുകയാണ്.
കഥ ആറ് മാസങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുകയാണ്. രാമന്‍ കുട്ടി തുറങ്കോട് പഞ്ചായത്തില്‍ ജോലി ചെയ്ത് നല്ല പേര് സമ്പാദിച്ച് കൊണ്ടിരുന്ന സമയം. സുമുഖനും സുശീലനുമായ അയാളെ തുറവങ്കോട്ടെ ഒരു പെണ്‍കുട്ടി രഹസ്യമായി പ്രണയിച്ചിരുന്നു. സുന്ദരി എന്നൊന്നും പറഞ്ഞാല്‍ കഴിയാത്തത്ര സുന്ദരിയായിരുന്നു ഷീല എന്ന അവള്‍. ബി.എ വരെ വിദ്യാഭ്യാസമുള്ള ഷീല ഉപരിപഠനം വേണോ അതോ അച്ഛന്‍ പറയുന്നത് അനുസരിച്ച് വിവാഹം കഴിച്ച് നല്ല കുടുംബിനിയാകണോയെന്ന് ആശയക്കുഴപ്പത്തിലായിരുന്നു. ഇടയ്ക്ക് ആലോചിച്ച് തല പെരുക്കുമ്പോള്‍ അവള്‍ വായനശാലയില്‍ പോയി കവിതാപുസ്തകങ്ങള്‍ വായിക്കും. കൂടാതെ എംബ്രോയ്ഡറി, പെയിന്റിങ് തുടങ്ങിയ കലാപരമായ കാര്യങ്ങളും ചെയ്തിരുന്നു. ഒരു ദിവസം അവള്‍ ഒരു തൂവാലയില്‍ പൂക്കള്‍ തുന്നിക്കൊണ്ടിരിക്കുമ്പോള്‍ ചുവന്ന നൂല് തീര്‍ന്ന് പോയി. പഞ്ചായത്തിനടുത്തുള്ള ഫാന്‍സി സ്റ്റോറില്‍ നൂല്‍ വാങ്ങാന്‍ പോയപ്പോഴാണ് അവള്‍ ആദ്യമായി രാമന്‍ കുട്ടിയെ കാണാനിടയാകുന്നത്( വിധിയുടെ വിളയാട്ടം എന്നോ മറ്റോ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്).
ആദ്യദര്‍ശനത്തില്‍ത്തന്നെ അവള്‍ രാമന്‍ കുട്ടിയില്‍ അനുരക്തയായി. എന്ത് സുന്ദരന്‍. അവള്‍ മനസ്സില്‍ അയാളെ എംബ്രോയ്ഡറി ചെയ്ത് വച്ചു. എന്ന് വച്ച് അയാളുടെ പിന്നാലെ കൂടി പ്രണയാഭ്യര്‍ത്ഥന നടത്താനോ പ്രേമലേഖനങ്ങള്‍ കൊടുത്ത് വിടാനോ അവള്‍ തയ്യാറായിരുന്നില്ല. പുറം കാഴ്ച കൊണ്ട് മാത്രം ഒരു മനുഷ്യനെ മനസ്സിലാക്കാനാകില്ലെന്ന് അവള്‍ക്ക് നല്ലപോലെ അറിയാമായിരുന്നു.
വരട്ടെ..പതുക്കെ കാര്യങ്ങള്‍ മുന്നോട്ട് നീക്കാം..അവള്‍ മനസ്സില്‍ പറഞ്ഞു.
ഇതേ സമയം അനുദിനം ഏകാന്തതയിലേയ്ക്ക് തെന്നി വീഴുകയായിരുന്നു രാമന്‍ കുട്ടി. ഒപ്പം അസാന്മാര്‍ഗികളായ ആളുകളുടെ കൂട്ടുകെട്ടും വന്ന് ചേര്‍ന്നു. ആറ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യം സൂചിപ്പിച്ചത് പോലെ അയാള്‍ ദു:ശ്ശീലങ്ങളില്‍ മുഴുകാന്‍ തുടങ്ങി. എന്നാല്‍ ഷീല ഇതൊന്നും അറിയുന്നതേയില്ലായിരുന്നു. അവള്‍ പതിവ് പോലെ അടുക്കളയില്‍ അമ്മയെ സഹായിച്ചും കവിതകള്‍ വായിച്ചും ചിത്രപ്പണികള്‍ ചെയ്തും പോന്നു. ഇടയ്ക്ക് പഞ്ചായത്ത് വഴി പോകുമ്പോള്‍ മാത്രം രാമന്‍ കുട്ടിയെ കാണാന്‍ പറ്റുമോയെന്ന് എത്തി നോക്കുകയല്ലാതെ സാധാരണ കാമുകിമാര്‍ക്കുണ്ടാകാറുള്ള അസ്വസ്ഥതകളൊന്നും അവള്‍ക്കുണ്ടായിരുന്നില്ല.
അവള്‍ക്ക് വിവാഹാലോചനകള്‍ വന്ന് തുടങ്ങിയിരുന്നു. രാമന്‍ കുട്ടിയുടെ കാര്യം അപ്പൊഴും അവള്‍ അച്ഛനോടോ അമ്മയോടോ എന്തിന്‍ അടുത്ത കൂട്ടുകാരികളോട് പോലും പറഞ്ഞില്ല. രാമന്‍ കുട്ടിയാകട്ടെ രാത്രിയെന്നോ പകലെന്നോയില്ലാതെ മദ്യപാനം തുടര്‍ന്നു. ഒടുക്കം ആ ദുരന്തം സംഭവിക്കുകയും ചെയ്തു.
ഇതില്‍ നിന്ന് നിങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൌരവം പിടികിട്ടിക്കാണുമെന്ന് കരുതുന്നു. ഷീല ഒരിക്കലെങ്കിലും രാമന്‍ കുട്ടിയോട് തന്റെ മനസിലിരിപ്പ് അറിയിച്ചിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുമായിരുന്നോ? ഇല്ലാ..ഒരിക്കലും ഇല്ല. രാമന്‍ കുട്ടി ഒരുപക്ഷേ അവളെ വിവാഹം ചെയ്തേനേ. കുറഞ്ഞ പക്ഷം ആസാന്മാര്‍ഗികപ്രവൃത്തികളില്‍ എത്തിപ്പെടാതെയെങ്കിലുമിരുന്നേനേ. എന്ത് ചെയ്യാന്‍, ക്രൂരനായ ദൈവം, മരണം രംഗബോധമില്ലാത്ത കോമാളി എന്നൊക്കെ പറഞ്ഞ് ആശ്വസിക്കയല്ലാതെ! അല്ലെങ്കിലും ഒരു ഞെട്ടലിനും രണ്ട് നെടുവീര്‍പ്പുകള്‍ക്കപ്പുറമൊന്നും ഒരു ദുരന്തവും നമ്മളെ പിടിച്ച് നിര്‍ത്താറില്ലല്ലോ.
തൂവാലയില്‍ പൂക്കള്‍ തുന്നിക്കൊണ്ടിരിക്കുന്ന ഷീലയുടെ ദൃശ്യം മനസ്സില്‍ കണ്ട് കഥ നിര്‍ത്തുന്നു.
അവള്‍ മനസ്സില്‍ അയാളെ എംബ്രോയ്ഡറി ചെയ്ത് വച്ചു.
ReplyDeletehehe nalla prayogam.
kadha nannayittundu jAY..
nice one!!!
ReplyDeleteഈ രാമന്‍ കുട്ടിക്ക് സൊന്തമായി ഒരു ബ്ലോഗ് ഉണ്ടോ ??
ReplyDeleteകഥ കൊള്ളാം ...
എന്നാലും എന്റെ ഷീലേ...?
ReplyDeleteകഥയിറങ്ങി വന്നപ്പോൾ ചില പൊളപ്പൻ ട്വിസ്റ്റുകളാ പ്രതീക്ഷിച്ചത്
ഇത് മതിയാവില്ല കഥക്ക് ...കുറച്ചു കൂടി ഭാവന വേണം .ഇത് ഒരു വിവരണത്തില്‍ കൂടുതല്‍ ഒന്നും ഇല്ല
ReplyDeleteഇഷ്ടപ്പെട്ടു...
ReplyDeleteകഥയുടെ ആഖ്യാനം പുതുമയുള്ളതു തന്നെ ..പക്ഷെ വിളക്കിചേര്‍ത്തതില്‍ ഒരു വിള്ളലുണ്ട്..തുടരുക
ReplyDeleteവന്നതിനും വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി
ReplyDeleteഅപക്വമതിയായ യുവതിയുടെ ക്രൂരത’ എന്നോ ‘ ഒരു പെണ്ണിന്റെ അലസത കാരണം നഷ്ടപ്പെട്ട ജീവിതം’ എന്നോ കഥയുടെ പേര് മാറ്റേണ്ടതായി വരും. അത് പക്ഷേ സ്ത്രീവിരുദ്ധം എന്ന് ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള പേരിൽ തന്നെ കഥയുടെ തുടർന്നുള്ള ഭാഗം പറയാൻ നിർബന്ധിതനാകുകയാണ്.
ReplyDeleteനമ്മളുടെ ഒളിച്ചൊട്ടത്തിന്റെ കാര്യം പറയാതിരിക്കുന്നതാണു നല്ലത് .പിന്നെ പേടിയുടെകാര്യം പറയാം
നല്ല ടിസ്റ്റ്. ഒത്തിരി ഇഷ്ടായി :)
ReplyDelete