ജനലിലൂടെ തെരുവ് കാണാമായിരുന്നു. ചലനങ്ങൾ ഒട്ടേറെ
വേദനിപ്പിക്കുന്നതായ ശരീരത്തിനെ വീൽചെയറിൽ ഒതുക്കി അയാൾ തെരുവിലെ കാഴ്ചകളിൽ മുഴുകിയിരുന്നു.
വീട് നിശ്ശബ്ദവും വിഷാദം നിറഞ്ഞതുമായിരുന്നു. എഴുപതാണ്ടുകൾ ജീവിച്ച് തീർത്തതിന്റെ എല്ലാ
പരാധീനതകളും അയാളുടെ മനസ്സിൽ പുകഞ്ഞു. എന്നിട്ട് എന്ത് നേടി? അയാൾ എന്നും എപ്പോഴും
സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു അത്. വിൽചെയറിൽ തടവിലാക്കപ്പെട്ട ഒരു ശരീരം! അതോ
അതിനേക്കാൾ തടവറയായിത്തീർന്ന മനസ്സ്! ഓരോന്നോർത്തപ്പോൾ അയാൾക്ക് നൈരാശ്യം തോന്നി. ഒന്നും
ഓർക്കാതിരിക്കാനാണ് ആഗ്രഹം. പക്ഷേ, ഒമ്പത് മണിയോടെ ആരവങ്ങളും ബഹളങ്ങളും നിലച്ച് മൂകമാകുന്ന
വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഓർമ്മകൾ അനുവാദം ചോദിക്കാറില്ല.
അയാൾ ഗ്രാമത്തിലെ വീടും നിലവും വിറ്റ് നഗരത്തിൽ മകന്റെ കൂടെ താമസമാക്കിയിട്ട്
രണ്ട് വർഷങ്ങൾ തികഞ്ഞിരുന്നു. പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതെയായിരുന്നു നഗരത്തിലെത്തിയത്.
പെട്ടെന്ന് ഒരു ദിവസം കുഴഞ്ഞു വീണു. ശരീരം തളർന്നു.
ജീവിതപങ്കാളിയായി ചക്രങ്ങൾ പിടിപ്പിച്ച
കസേരയും എപ്പോഴും ഉറക്കം നിഷേധിക്കുന്ന കട്ടിലും കിട്ടി. ഇനി വൈകുന്നേരം മകനും ഭാര്യയും
തിരിച്ചെത്തുന്നത് വരെ തെരുവിലേയ്ക്ക് നോക്കിയിരിക്കുന്നതാണ് സമയം കൊല്ലാനുള്ള ഏക വഴി.
ടെലിവിഷനും പത്രങ്ങളും ഒരിക്കലും അയാളുടെ താല്പര്യങ്ങളിൽ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക്
പേരക്കുട്ടികൾ സ്കൂളിൽ നിന്നും വരും. തിടുക്കത്തിൽ എന്തെങ്കിലും കഴിച്ച് റ്റ്യൂഷൻ എന്നും
പറഞ്ഞ് വീണ്ടും ഓടും. പിന്നെ വൈകുന്നേരം വേറെ എന്തൊക്കെയോ പഠനങ്ങൾ. രാത്രിയാകും അവർ
സ്വസ്ഥമാകാൻ. അപ്പോഴും ഹോം വർക്ക് എന്നൊക്കെ പറഞ്ഞ് പുസ്തകങ്ങളുടെ കൂമ്പാരത്തിൽ അവർ
മുങ്ങിപ്പോകും. മകന്റെ ഭാര്യയാകട്ടെ അടുക്കളയിൽ തിരക്കിലായിരിക്കും. മകൻ എപ്പോഴെങ്കിലും
കയറി വരും. അപ്പോഴെല്ലാം അവൻ അരിശത്തിലായിരിക്കും.
തനിക്ക് ഇങ്ങനെയൊരു ജീവിതം ഉണ്ടായിരുന്നില്ലെന്ന് അയാൾ ഓർത്തു.
കൃഷിയായിരുന്നു തൊഴിൽ. പാടത്തും പറമ്പിലും പണി കഴിഞ്ഞ് എന്ത് സന്തോഷത്തോടെയായിരുന്നു
വീട്ടിൽ തിരിച്ചെത്തിയിരുന്നത്. വേറൊന്നും അറിയേണ്ട ആവശ്യമില്ലായിരുന്നു. ഉച്ചയ്ക്കും
രാത്രിയും രുചിയുള്ള ആഹാരം വച്ച് വിളമ്പിത്തരുന്ന ഭാര്യ. അവൾ പോയതോടെ എല്ലാം പോയി.
ഇതൊക്കെ എന്നും ഓർക്കുന്നതാണ്. രാത്രിയും പകലും പോലെ എന്നും മുടക്കമില്ലാതെ
വന്നെത്തുന്നത്.
അപ്പോൾ തെരുവിൽ എന്തോ ബഹളം കേട്ടു. ഇത്തരം ബഹളങ്ങൾ എന്നുമുണ്ടാകും.
അപ്പോഴാണ് കുറച്ച് നേരം ഓർമ്മകളുടെ ശല്യമില്ലാതെ കഴിഞ്ഞ് പോകുന്നത്. എന്തിനാണാവോ ഇന്നത്തെ
വഴക്ക്. അയാൾ തെരുവിലേയ്ക്ക് നോക്കി.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ പ്രകാശന് വല്ലാത്ത മടുപ്പ് തോന്നി.
നോട്ട് പുസ്തകം മടക്കി വച്ച് പേന ക്യാപ്പിട്ട് മേശപ്പുറത്ത് വച്ചു. പുറത്ത് പോയി ഒരു
ചായ കുടിച്ചാലോയെന്ന് ആലോചിച്ചു. പിന്നീട് ഉപേക്ഷിച്ചു. ജങ്ക്ഷൻ വരെ നടന്ന് പോയി ചായ
കുടിക്കാൻ വയ്യ. വല്ലാത്ത മടുപ്പാണ്.
മേശപ്പുറത്ത് ചത്ത് പോയ ഏതോ ജന്തുവിനെപ്പോലെ മൊബൈൽ ഫോൺ കിടക്കുന്നുണ്ടായിരുന്നു.
ദിവസങ്ങളായി അത് ശബ്ദിച്ചിട്ട്. എന്തിനാണാവോ ഇത്ര മൌനം, മൌനം എന്ന എന്ന തമിഴ് സിനിമാപ്പേര്
അയാൾ പിറുപിറുത്തു. മാത്രമല്ല, രണ്ട് മൂന്ന് ദിവസങ്ങളായി മുറിയിൽ ഇങ്ങനെ അടച്ചുപൂട്ടിയിരിക്കുന്നു.
ഫേസ് ബുക്ക്, ജിടാക്ക് തുടങ്ങിയ എല്ലാത്തിനും അവധി കൊടുത്തു. അതെല്ലാം തുറന്നിരിക്കുമ്പോൾ
ഒറ്റയ്ക്കാണെന്ന് പറയാൻ പറ്റില്ലല്ലോ. അത് മാത്രമാണോ കാരണം? അല്ലല്ലോ..രേണു വിളിച്ചിട്ട്
ഇപ്പോൾ എത്ര ദിവസമായിരിക്കുന്നു. എന്തൊരു പിണക്കമാണവളുടേത്. ഒരബദ്ധം. ഒരു വാക്ക്. അത്
പോലും ക്ഷമിക്കാൻ മനസ്സില്ലെങ്കിൽ എങ്ങിനെ അവൽ തന്നെ സ്നേഹിക്കുന്നെന്ന് പറയുന്നു.
അന്ന് താൻ വല്ലാത്തൊരു മൂഡിലായിരുന്നു. കൺ ഫ്യൂസ്ഡ് എന്ന് തന്നെ പറയാം. അപ്പോഴാണ് അവൾ
വിളിക്കുന്നത്. അവളുടെ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നിയിരുന്നതാണ്. അവളാകട്ടെ വല്ലാത്ത
തമാശ മൂഡിലും. എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് ആകെ കുഴപ്പത്തിലാക്കി. ആകെ അസ്വസ്ഥനായിരിക്കുന്ന
ഒരാളെ കൂടുതൽ വിഷമിപ്പിക്കാനേ അത്തരം സംഭാഷണങ്ങൾ ഉപകരിക്കൂ. ദേഷ്യം വന്നപ്പോൾ കാൾ കട്ട്
ചെയ്തു. നിന്നെ പ്രേമിക്കുന്നത് സമയം പാഴാക്കലാണെന്ന് ഒരു എസ് എം എസ് അയച്ച് മൊബൈൽ
സ്വിച്ച് ഓഫ് ചെയ്തു. മനസ്സ് ഒന്ന് തണുത്തപ്പോഴാണ് എന്ത് വലിയ അബദ്ധമാണ് കാണിച്ചതെന്ന്
ആലോചിച്ചത്. അവളോട്, അവളോട് അങ്ങിനെയൊക്കെ…ഇനി വിളിച്ചാൽ അവൾ ഫോൺ എടുക്കില്ല. അതാണവളുടെ
സ്വഭാവം. അത്ര പെട്ടെന്നൊന്നും ക്ഷമിക്കാത്ത തരം. രണ്ട് ദിവസം കഴിഞ്ഞ് വെറുതേ വിളിച്ച്
നോക്കി. ഇല്ല, മറുപടിയില്ല. മാപ്പ് പറഞ്ഞും ക്ഷമ ചോദിച്ചും എസ് എം എസുകൾ അയച്ചു. വെറുതേ
സമയം പാഴാക്കണ്ടെന്ന് മാത്രം മറുപടി. ഹോ…എന്ത് ചെയ്യാൻ….
അവളിനി ഒരിക്കലും തിരിച്ച് വരില്ലായിരിക്കും. നമ്പർ പോലും മൊബൈലിൽ
നിന്നു മായ്ച്ച് കളഞ്ഞു കാണും.
എല്ലാം ഓർത്തപ്പോൾ പ്രകാശന് സങ്കടവും ദേഷ്യവും ഒന്നിച്ച് വന്നു.
എന്നിട്ടാണ് ഇവിടെയിരുന്ന് കിഴവന്റെ കഥ എഴുതുന്നത്. അയാൾ നോട്ട് ബുക്കിൽ നിന്നും എഴുതിയ
താൾ കീറിയെടുത്ത് ചുരുട്ടിക്കൂട്ടി എറിഞ്ഞു. അത് ഒരു ഉൽക്ക പോലെ മുറിയുടെ ഒരു മൂലയിൽ
പോയി വീണു.
അപ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. പോയി നോക്കിയപ്പോൾ ബേബിയാണ്.
അവനെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതും ഈ സമയത്ത്. അവൻ ചിരിച്ചു കൊണ്ട് വലിച്ച്
തീരാറായ സിഗരറ്റ് നിലത്ത് ചവുട്ടിക്കെടുത്തി അകത്തേയ്ക്ക് വന്നു. ആദ്യം തന്നെ അവന്റെ
കണ്ണിൽ പെട്ടത് പ്രകാശൻ എറിഞ്ഞു കളഞ്ഞ താൾ ആയിരുന്നു. ബേബി അതെടുത്ത് വായിച്ചു. എന്നിട്ട്
പുഞ്ചിരിയോടെ അത് ചുരുട്ടിയെറിഞ്ഞു. അത്ര കൃത്യമായി അത് പഴയ സ്ഥാനത്ത് തന്നെ പതിച്ചത്
പ്രകാശനെ അത്ഭുതപ്പെടുത്തി.
“ നിന്റെ കിഴവന് എന്താടാ ഇത്ര സങ്കടം?’ ബേബി കസേരയിൽ അമർന്നിരുന്ന്
ചോദിച്ചു.
“ ഇത്രയും കാലം ജിവിച്ചതിന്റെ ആയിരിക്കും “ പ്രകാശൻ ആ ചോദ്യം ഇഷ്ടപ്പെടാത്തത്
പോലെ പറഞ്ഞു.
“എയ്…അതല്ലല്ലോ.. എന്തെങ്കിലും കാരണം വേണ്ടേ?”
“ കാരണം ഉണ്ടല്ലോ…ജീവിതം, ഏഴ് പതിറ്റാണ്ടുകളുടെ ജീവിതം”
“ പക്ഷേ നീ എഴുതിയത് വച്ച് അയാൾക്ക് അത്ര വലിയ നൈരാശ്യം തോന്നേണ്ട
കാര്യമില്ലല്ലോ..വേണമെങ്കിൽ നഗരത്തിലെ ജീവിതവും തന്റെ രോഗവും അയാളെ വിഷമിപ്പിക്കാവുന്നതാണ്.
അതല്ലാതെ വേറെ കാരണമൊന്നും ഇല്ലല്ലോ”
“നൈരാശ്യം തോന്നാൻ കാരണം നിർബന്ധമാണോ?“
“ നിർബന്ധമല്ല, പക്ഷേ, എന്തെങ്കിലും കാരണം കൊണ്ടാണല്ലോ..അതിരിക്കട്ടെ
എന്ത് കാരണത്തിനാണ് നിനക്കിത്ര നൈരാശ്യം?”
‘ ഒന്നുമില്ല…എനിക്ക് കുഴപ്പമൊന്നുമില്ല”
“ നിനക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ നിന്റെ കിഴവനും കുഴപ്പം വരാൻ
സാധ്യതയില്ല”
“ഓ..എനിക്കറിയില്ല…നിനക്ക് തോന്നുന്നത് പോലെ”
ബേബി ഒരു സിഗരറ്റ് കൂടി കത്തിച്ചു. പ്രകാശന് ഒരെണ്ണം സമ്മാനിച്ചു.
പ്രകാശൻ കുറച്ച് നേരം ആലോചിച്ചിട്ട് ഒരു തീരുമാനത്തിൽ എത്തിപ്പെടാൻ കഴിയാതെ അത് കത്തിച്ച്
പുകയൂതി.
“ പറയ്…രേണുവുമായുള്ള പ്രശ്നം തീർന്നില്ലെ?”
“ ഇല്ല..അത് തീരില്ല”
“അപ്പോ അതാണ് നിന്റെ ദുഖത്തിന്റ് ഹേതു”
“ഏയ്..അല്ല….അതിനി ഓർത്ത് വിഷമിക്കാനുള്ളതല്ല..”
“എന്ന് ആര് പറഞ്ഞു?”
“ബേബീ..ലോകമഹായുദ്ധങ്ങൾ പോലും മനുഷ്യൻ എത്രയെളുപ്പം മറക്കുന്നു?
കൂട്ടക്കൊലകൾ, കുരുതികൾ, പട്ടിണിമരണങ്ങൾ, സ്ത്രീപിഢനങ്ങൾ..അങ്ങനെയങ്ങനെ..അതിനേക്കാൾ
വലുതൊന്നുമല്ലല്ലോ ഇത്”
“ വാഹ്..വാഹ്..നീ സംസാരിക്കുന്നു..പക്ഷേ, സ്വയം വഞ്ചിക്കുന്നത്
അത്ര നല്ല ശീലമല്ല, പുകവലിയേക്കാൾ ദോഷമാണത്”
“ ഹും..പിന്നെ ഞാനെന്ത് ചെയ്യണമെന്ന് നീ പറ”
“ എനിക്കെങ്ങിനെ പറയാൻ പറ്റും..നീ അവളെ നേരിട്ട് പോയി കാണ്”
“ വയ്യ…അവളുടെ മുഖത്തേയ്ക്ക് നോക്കാൻ വയ്യ എനിക്ക്”
“ എങ്കിൽ അടുത്ത ലോകമഹായുദ്ധം വരെ നീ കരഞ്ഞോണ്ടിരിക്ക്”
അപ്പോൾ, പെട്ടെന്ന് അവർക്കിടയിൽ ഒരു മൌനം വീണു. മേഘങ്ങൾക്കിടയിൽ
നിന്നും സൂര്യൻ മുഖം കാണിക്കുന്നത് പോലെ. അവർ പുകയൂതുന്നതിൽ ശ്രദ്ധ ചെലുത്തി. കുറെ
നേരം കഴിഞ്ഞിട്ടും മടുപ്പൊന്നും കൂടാതെ മിണ്ടാതിരിക്കാൻ കഴിഞ്ഞതിൽ പ്രകാശന് അതിശയം
തോന്നി. ബേബിയാകട്ടെ മേൽക്കൂരയിലെ ഒരു ചിലന്തിയേയോ പല്ലിയേയോ (ആ രണ്ട് ജിവികളേ അവിടെയുണ്ടായിരുന്നുള്ളൂ)
സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.
പെട്ടെന്ന്..ബേബി ഉറക്കെ ചിരിച്ചു. പ്രകാശനും ചിരി പൊട്ടി. ചിരിച്ച്
ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരും വരെ ചിരിച്ചു. ചിരി ഒന്നടങ്ങിയപ്പോൾ പ്രകാശൻ ചോദിച്ചു:
“ നീ എന്തിനാ ചിരിച്ചത്?”
“എത്ര നേരം ആ പല്ലിയും ചിലന്തിയും മുഖത്തോടുമുഖം നോക്കിയിരിക്കുമെന്നോർത്ത്..അല്ലാ…നീയോ?”
“ നമ്മളെ നോക്കിയിരുന്ന്...നമ്മുടെ കഥയെഴുതുന്ന അജ്ഞാതനെയോർത്തപ്പോള്‍..എനിക്ക് ചിരി വന്നുപോയി....”
നല്ല രചന മിടുക്ക്. നല്ല കഥാകാരന്‍.., പക്ഷെ ഒരു വിയോജിപ്പ്. അല്പം കൂടെ കാര്യങ്ങള്‍ പ്രതീക്ഷിച്ചു.
ReplyDeleteനന്ദി പൊട്ടന്‍..പ്രതീക്ഷകള്‍ തെറ്റിക്കുന്നതും ഒരു സുഖം അല്ലേ...
ReplyDeleteബ്ലോഗിലെ വ്യത്യസ്തമായ ഒരിടം.
ReplyDeleteഎഴുത്തിൽ ഒരു വല്ലഭനാണ് കേട്ടൊ ഭായ്
ReplyDelete