പറക്കും തളിക


ദിവാരേട്ടന് ആദ്യമൊന്നും അതത്ര കാര്യമായി തോന്നിയില്ല. കഴിഞ്ഞ ശനിയാഴ്ച ഓഫീസിലെ ജോണിക്കുട്ടിയുടെ വക പാർട്ടി കഴിഞ്ഞ് തിരിച്ചു വരുമ്പോഴായിരുന്നു അത് അനുഭവപ്പെട്ടത്. എന്തിനായിരുന്നു ജോണിക്കുട്ടി പാർട്ടി തന്നതെന്ന് ഓർക്കുന്നില്ല. പല്ലവി ബാറിൽ വച്ചായിരുന്നു . കുറേപ്പേരുണ്ടായിരുന്നു. അന്നെന്തോ രണ്ട് ലാർജ്ജ് അകത്തു ചെന്നപ്പോഴേ തളർന്നു. തലയ്ക്കടി കിട്ടിയത് പോലെയായി. ജോണിക്കുട്ടിയോട് എന്തോ ഒഴിവു പറഞ്ഞിറങ്ങി. ഇരുട്ടായിരുന്നു പുറത്ത്. അന്നെന്തോ സാധാരണ വീട്ടിലേയ്ക്ക് നടക്കാറുള്ള വഴിയിലൊന്നും വെളിച്ചമുണ്ടായിരുന്നില്ല. പരിചയമുള്ള വഴിയായതു കൊണ്ട് പേടിയൊന്നുമില്ല. എന്നാലും അകാരണമായ ഒരു തിക്കുമുട്ടൽ തോന്നി. പതിവ് ബ്രാന്റ് തന്നെയാണ് കുടിച്ചത്. കാലുകൾ ഭൂമിയിൽ നിന്നും ഉയർന്ന് പോകുന്നത് പോലെ തോന്നി. തോന്നൽ വല്ലാതായപ്പോൾ വഴിയിലെ ഒരു ടെലഫോൺ പോസ്റ്റിൽ പിടിച്ച് നിന്നു. കുറച്ച് ആശ്വാസമായപ്പോൾ നടക്കാൻ തുടങ്ങി. പിന്നേം അതേ പോലെ തോന്നി. നടക്കുകയല്ല, പറക്കുകയാണ്. ബ്രാന്റ് മാറ്റണമെന്ന് തീരുമാനിച്ച് എങ്ങിനെയൊക്കെയോ വീടെത്തി. ശാന്തയോട് ഒന്നും മിണ്ടാൻ നിൽക്കാതെ പോയിക്കിടന്നു. രാവിലെ നല്ല തലവേദനയുണ്ടായിരുന്നു. ശാന്ത സംഭാരം കലക്കി കൊണ്ടുവന്നത് കുടിച്ചപ്പോൾ ഉണർവ്വ് തോന്നി. അവൾ തലേന്നത്തെ കാര്യം പറഞ്ഞ് പിണങ്ങാനുള്ള പദ്ധതിയിലാണെന്ന് കണ്ടപ്പോൾ പത്രം നിവർത്തി കാര്യമായെന്തോ വായിക്കുകയാണെന്ന മട്ടിലിരുന്നു.

പക്ഷേ, അതു കൊണ്ടവസാനിച്ചില്ല. തിങ്കളാഴ്ച ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഒരു മദ്യപാനക്ഷണനം ഉണ്ടായിരുന്നു. ശാന്തയുടെ പിണങ്ങിയ മുഖം ഓർത്തപ്പോൾ നിരസിച്ചു. കുറച്ച് നേരം ജില്ലാ ലൈബ്രറിയിൽ ചിലവഴിച്ച് പച്ചക്കറിയും വാങ്ങി വീട്ടിലേയ്ക്ക് നടന്നു. കോട്ടമൈതാനം കഴിഞ്ഞ് സിവിൽ സ്റ്റേഷന്റെ പിന്നിലൂടെ നടക്കുമ്പോൾ പെട്ടെന്ന് വഴിയെല്ലാം വിജനമായത് പോലെ തോന്നി. അന്നത്തെപ്പോലെ അസ്വസ്ഥതയും. അപ്പോൾ പ്രശ്നം ബ്രാന്റിന്റെയല്ലെന്ന് ആശ്വസിച്ചെങ്കിലും കാലുകൾ ഭൂമി വിട്ട് ഉയരുന്ന പ്രതിഭാസം ഒരു പ്രഹേളികയായി. സ്വതവേ നിരീക്ഷണപടു ആയ ദിവാരേട്ടൻ കാര്യമായൊന്ന് പരീക്ഷിക്കാൻ തന്നെ വിചാരിച്ചു. വീട്ടിലെത്തി കാപ്പി കുടിച്ച് ആർക്കോ അത്യാവശ്യമായി ഫോൺ ചെയ്യണമെന്ന് പറഞ്ഞ് ടെറസിലേയ്ക്ക് പോയി. ഏതാനും നിമിഷങ്ങൾ മനസ്സിനെ ശാന്തമാക്കി വച്ചു. പ്രാണായാമം ചെയ്തു. അപ്പോളതാ, അതിശയം കാലുകൾ ഉയരുന്നു. താൻ മുകളിലേയ്ക്ക് ഒരു അപ്പൂപ്പൻ താടി പോലെ പറക്കുന്നു. അധികം ഉയരത്തിൽ പോയാൽ ആരെങ്കിലും കണ്ടാലോയെന്നോർത്ത് താഴെയിറങ്ങി. ശാന്തയോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവൾ ചിരിക്കുകയേയുള്ളൂ. എന്തൊക്കെയായാലും ദിവാരേട്ടന് ആഹ്ലാദം തോന്നി. പുതിയ വണ്ടി മേടിക്കുമ്പോൾ ഇടയ്ക്കിടെ പുറത്തേയ്ക്ക് പോകാൻ തോന്നുന്നത് പോലെ പറന്ന് നോക്കാൻ ആഗ്രഹം തോന്നി.
രാത്രികളിൽ ശാന്തയും കുട്ടികളും ഉറങ്ങിക്കഴിയുമ്പോൾ ദിവാരേട്ടൻ പുറത്തേയ്ക്കിറങ്ങി പറന്നു കളിച്ചു. മുറ്റത്തു നിന്ന് ടെറസിലേയ്ക്ക്, അവിടെ നിന്ന് അടുക്കളവശം വഴി അപ്പുറത്തെ വീടിന്റെ ടെറസിലേയ്ക്ക് അങ്ങിനെയങ്ങിനെ. പക്ഷേ, ഏത് പാതിരാത്രിയ്ക്കും തുറന്ന കണ്ണുകളുമായി ചുറ്റും നിരീക്ഷിക്കുന്ന സമൂഹത്തിന്റെ കണ്ണുവെട്ടിക്കാൻ ദിവാരേട്ടനായില്ല. ആരോ അത് കണ്ടിരുന്നു. പിറ്റേന്ന് ശാന്ത പ്രത്യേകരീതിയിൽ തന്നെ നോക്കുന്നത് കണ്ടപ്പോൾ ദിവാരേട്ടന് കാര്യം മനസ്സിലായി. അവളോട് എല്ലാം തുറന്നു പറഞ്ഞു. പറക്കുന്നത് കാണണമെന്ന് അവൾ വാശി പിടിച്ചു. അന്ന് രാത്രി ടെറസിൽ പോയി അവളെ പറന്ന് കാണിച്ചു കൊടുത്തു. ശാന്ത ബോധം കെട്ട് വീണില്ലന്നേയുള്ളൂ. സമനില വീണ്ടെടുത്തപ്പോൾ അവൾ ദിവാരേട്ടനെ കെട്ടിപ്പിടിച്ച് കുറേ ഉമ്മകൾ കൊടുത്തു. കല്ല്യാണം കഴിഞ്ഞ സമയത്തെ ആ പുത്തനുമ്മകൾ പോലെ.

കാര്യം ഇതൊക്കെയാണെങ്കിലും ദിവാരേട്ടന് ആശയക്കുഴപ്പമായിരുന്നു. ഇങ്ങനെയൊരു കഴിവ് കിട്ടിയിട്ട് എന്ത് പ്രയോജനം? തനിക്ക് എവിടെയെങ്കിലും പോകണമെങ്കിൽ ശരി, അല്ലെങ്കിൽ വീട്ടിലെ എല്ലാവർക്കും ഈ കഴിവ് കിട്ടണം. അപ്പോൾ കുടുംബമായി എങ്ങോട്ടെങ്കിലും പറന്ന് പോകാമായിരുന്നു. വണ്ടിക്കാശ് എത്രയാ ലാഭം.

‘ അങ്ങനെയല്ല ദിവാരേട്ടാ…എല്ലാർക്കും കിട്ടില്ലല്ലോ ഇങ്ങനത്തെ കഴിവുകൾ. ആ ശാരദേന്റെ മോനെ നോക്ക്യേ..എന്ത് നന്നായിട്ട് പാട്ടു പാടും..എപ്പോഴും സ്കൂളിൽ പാട്ടു മത്സരത്തിന് ഫസ്റ്റാ..ന്ന് വച്ച് എല്ലാർക്കും പറ്റ്വോ? അത് പോലെയാ ഇതും’

‘അതിന് ലോകത്തെവിട്യാ പറക്കൽ മത്സരം? എനിക്ക് സമ്മാനം വാങ്ങാൻ’

‘ഒന്ന് പോ..തമാശ പറയാ? സമ്മാനം വാങ്ങാനൊന്ന്വല്ല. വേറെ എന്തൊക്കെ ചെയ്യാമ്പറ്റും.’

പിന്നീട് അതിനെക്കുറിച്ചുള്ള ചർച്ചകൾ കൊണ്ട് അവരുടെ ദിവസങ്ങൾ നിറഞ്ഞു. ഇടയ്ക്ക് സജിമോന്റെ കാർട്ടൂൺ പുസ്തകത്തിലെ സൂപ്പർ മാന്റെ ചിത്രം കാണിച്ച് ശാന്ത പറഞ്ഞു:

‘കണ്ടോ..ഇയാളെപ്പോലെയാ ദിവാരേട്ടനിപ്പോ’

‘അയ്യേ..ഇയാൾടെ കുപ്പായം കൊള്ളില്ലെടീ’

‘കുപ്പായൊന്നും മാറ്റണ്ട, ഇപ്പഴത്തെപ്പോലെ മുണ്ടും ഷർട്ടും മതി. ന്നാലും ഒരു കഴിവ് കിട്ടീട്ട് വെറുതെ കളയണ്ട‘

‘ശരി..അപ്പോ ഞാനിനി കള്ളന്മാരെ പിടിക്കാൻ പോകണമായിരിക്കും’

‘എന്നല്ലാ..എന്നാലും അതുപോലെ എന്തൊക്കെ കാണും..ഇപ്പോ അത്യാവശ്യമായി തേങ്ങ വേണം. പറന്നങ്ങ് ചെന്ന് ഇട്ടാൽ പോരേ..അങ്ങിനെ..’

‘അതു കൊള്ളാം..എന്നിട്ട് വേണം നാട്ടുകാരുടെ തെങ്ങിലൊക്കെ കയറിയിറങ്ങി തേങ്ങയിടാൻ അല്ലെ’
‘ഓ…എന്ത് പറഞ്ഞാലും തമാശ…എനിക്കൊന്ന്വറില്ല…ദിവാരേട്ടന്റെ ഇഷ്ടം പോലെ ചെയ്യ്’

പക്ഷേ ദിവാരേട്ടൻ അതത്ര നിസ്സാമാക്കിയില്ല. സൂപ്പർ മാന്റെ പടം കുറേ നേരം നോക്കി ആലോചിച്ചു. ഇതു പോലെ കഴിവുള്ള വേറെ എത്ര പേരുണ്ട്? സ്പൈഡർ മാൻ പറക്കുകയല്ലല്ലോ, ചരടിൽ തൂങ്ങി ചാടുകയല്ലേ. ബാറ്റ് മാൻ പറക്കും ശക്തിമാനും. പിന്നെ ആരുണ്ട്..എത്ര ആലോചിച്ചിട്ടും ഒന്നും കിട്ടിയില്ല. വേറെ ഒരാളേയുള്ളൂ, ദിവാകരൻ. ദിവാകരൻ മാൻ, ഛേ..വളിച്ച പേര്. ആക്രമികൾക്കെതിരെ പോരാടാൻ ദിവാരേട്ടൻ തീരുമാനിച്ചു. പറക്കാനുള്ള കഴിവിനൊപ്പം എല്ലാവരേയും ഇടിച്ച് വീഴ്ത്താനുള്ള കഴിവും വന്നിട്ടുണ്ടാകുമല്ലോ. അങ്ങിനെയല്ലേ ഇങ്ങനത്തെ സൂപ്പർ ആളുകൾ. അന്ന് രാത്രി ദിവാരേട്ടൻ നഗരത്തിലേയ്ക്കിറങ്ങി. ആക്രമികൾക്ക് പഞ്ഞമൊന്നുമില്ലല്ലോ. രാത്രിയായാൽ എല്ലാം പെരുച്ചാഴികളെപ്പോലെ നഗരത്തിൽ ഇറങ്ങും. തെറ്റിയില്ല, സുൽത്താൻ പേട്ടയെത്തിയപ്പോൾ ദേ നിൽക്കുന്നു രണ്ട് ആക്രമികൾ. എന്തോ മോഷണത്തിനുള്ള പ്ലാനിടുകയാണവർ. ദിവാരേട്ടൻ അവരുടെ നേരെ നെഞ്ചും വിരിച്ച് ചെന്നു.

രണ്ടു മൂന്ന് ദിവസം ആശുപത്രിയിൽ ചിലവഴിച്ചശേഷം തിരിച്ച് വീട്ടിലെത്തിയ ദിവാരേട്ടന് ആകെ സങ്കടം വന്നു. ചുമ്മാ പറക്കാൻ മാത്രം പറ്റുന്ന താൻ ഒരു കാക്കയെക്കാൾ വലുതൊന്നുമല്ലെന്ന് മനസ്സിലായി. ഒരിടി പോലും കൊടുക്കാൻ പറ്റിയില്ല. അവന്മാർ പിടി വിട്ടാലല്ലേ പറന്ന് രക്ഷപ്പെടാൻ പറ്റൂ. ശാന്ത മൌനം പാലിച്ചു. ഇനി വെറുതെയിരുന്ന് ബോറാഡിക്കുമ്പോൾ പറന്ന് രസിക്കാം. അല്ലാതെ പ്രയോജനമൊന്നുമില്ല.

പക്ഷേ, മറ്റുള്ളവർ അങ്ങിനെയല്ല പറഞ്ഞത്. പ്രയോജനമുണ്ടെന്നാണ്. ഉദാഹരണത്തിന് ശാന്തയുടെ ഒരമ്മാവൻ വന്നിരുന്നു. ഗൾഫിലുള്ള അങ്ങേരുടെ മകൾക്ക് എന്തോ അത്യാവശ്യമായി. കൊടുത്തയക്കണമെന്ന്. അടുത്തെങ്ങും ആരും പോകുന്നില്ല. പാഴ്സൽ അയച്ച് അവിടെയെത്താനൊക്കെ ഒരുപാട് സമയമെടുക്കും. ദിവാരേട്ടൻ പറന്ന് ചെന്നങ്ങ്…

‘അതിന് എനിക്ക് പാസ്സ് പോർട്ടില്ല അമ്മാവാ..പോരാത്തതിന് അത്രേം ദൂരമൊക്കെ പറ്റുമോന്നറീല്ല’

ദിവാരേട്ടൻ അതുഴപ്പി. പിന്നെ ഓഫീസിലെ ജോണിക്കുട്ടി പറഞ്ഞു. വെള്ളമടിക്കണം. അടുത്തെങ്ങും നമ്മടെ ബ്രാന്റ് കിട്ടാനില്ല. തൃശ്ശൂരേയുള്ളൂ. പറന്ന് ചെന്ന് വാങ്ങിയാൽ പോരേ. ബസ്സിലൊക്കെ പോയി എപ്പോ തിരിച്ചെത്താനാ?

തൃശ്ശൂരെന്ന് കേട്ടപ്പോൾ ദിവാരേട്ടന് ഒരാഗ്രഹം തോന്നി. പണ്ട് കോളേജ് പഠനകാലത്ത് അഗാധമായി പ്രേമിച്ചിരുന്ന സുമതിയെ ഒന്ന് കാണണമെന്ന്. അവളിപ്പോൾ കുട്ടീം കുടുംബവുമൊക്കെയായി തൃശ്ശൂരിലാണ്. പറന്ന് പോയി അവളെയൊന്ന് കാണണം. അന്ന് ഭയങ്കര സുന്ദരിയായിരുന്നു. ഇപ്പോൾ എങ്ങിനെയായിട്ടുണ്ടാകുമോ എന്തോ.

അന്ന് രാത്രി ദിവാരേട്ടൻ തൃശ്ശൂരിലേയ്ക്ക് പറന്നു. സുമതിയുടെ വീടിന് മുകളിൽ ഒരു പരുന്തിനെപ്പോലെ വട്ടമിട്ടു പറന്നു. അവളുടെ വീടിന്റെ മുന്നിൽ ഒരു പേരയ്ക്കാ മരമുണ്ടായിരുന്നതിന്റെ തുഞ്ചത്ത് ലാന്റ് ചെയ്തു. അവൾ ഉമ്മറത്തിരുന്ന് എന്തോ വായിക്കുന്നുണ്ട്. മനോരാജ്യം ആണെന്ന് തോന്നുന്നു. റ്റ്യൂബ് ലൈറ്റിന്റെ പാൽ പോലുള്ള വെളിച്ചത്തിൽ അവളെ തെളിഞ്ഞ് കാണാമായിരുന്നു. കുറച്ച് തടിച്ചിട്ടുണ്ടെന്നേയുള്ളൂ.

അങ്ങിനെ തന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ദിവാരേട്ടൻ പറന്ന് സാധിച്ചു. മലമ്പുഴ ഡാമിന്റെ മുകളിലൂടെ പറന്നപ്പോൾ ആളുകൾ കൈയ്യടിച്ചു. ഫോട്ടോയെടുത്തു. പെൺകുട്ടികൾ ഓട്ടോഗ്രാഫിനായി തിരക്കു കൂട്ടി.

‘നല്ല വരുമാനമുണ്ടാക്കാവുന്ന വഴിയാണ്. നീയാ ക്ലർക്കുജോലിയൊക്കെ കളഞ്ഞ് വല്ല ലൈവ് ഷോയും നടത്ത്..കാശുണ്ടാക്കാൻ നോക്ക്’ അടുത്ത വീട്ടിലെ കോളേജ് അദ്ധ്യാപകൻ പറഞ്ഞു. ദിവാരേട്ടന് അതിലൊന്നും താല്പര്യം തോന്നിയില്ല. താൻ സാധാരണ ക്ലർക്കായിത്തന്നെ ജീവിക്കുമെന്ന് മനസ്സിൽ പറഞ്ഞു. പക്ഷേ, ശാന്തയ്ക്കും അഭിപ്രായം വേറെയായിരുന്നു. ഇവിടെയൊന്നും വേണ്ട വിദേശത്ത് പോയി അതൊക്കെ ചെയ്താൽ മതിയെന്നായിരുന്നു അവൾക്ക്.

ദേഷ്യം വന്ന ദിവാരേട്ടൻ ഒറ്റ പറക്കലായിരുന്നു. പല്ലവി ബാറിന്റെ മുന്നിലിറങ്ങി. കൌണ്ടറിൽ ചെന്ന് തിടുക്കത്തിൽ രണ്ട് ലാർജ്ജ് വിഴുങ്ങി. പെട്ടെന്ന് തന്നെ തലയ്ക്ക് പിടിച്ചു. കാശ് കൊടുത്ത് പുറത്തേയ്ക്കിറങ്ങി നടന്നു. അന്നത്തെ ആ വഴിയെത്തിയപ്പോൾ വഴിവിളക്കുകൾ അണഞ്ഞു. ഒരു ഉൾവെളിച്ചത്തിൽ ദിവാരേട്ടൻ പറക്കാൻ ശ്രമിച്ചു. ഇല്ല, പറ്റുന്നില്ല. കാലുകൾ ഭൂമിയോട് ഒട്ടിച്ചേർന്നിരിക്കുന്നു. ആശ്വാസത്തോടെ ഒരു മൂളിപ്പാട്ടും പാടി ദിവാരേട്ടൻ നടന്നു.

ഹല്ല പിന്നെ!.

6 comments:

  1. ജയേശാ,
    ബ്രാന്‍ഡ് മാറി പൂശിയാല്‍ അങ്ങനെയൊക്കെ തോന്നും. പക്ഷെ അതൊക്കെ ഓര്‍ത്ത് വച്ച് എഴുതുക: ഹൌ, അത് ഒരു വല്യ സിദ്ധി തന്നെ!
    ഇനി അടുത്ത ബ്രാന്‍ഡ് മാറലിന് കാണാം!
    ബൈ!

    ReplyDelete
  2. ന്നാലും ആ സുമതീടെ കാര്യം എങ്ങന്യാ അറിഞ്ഞ് ഷ്ടാ ?

    ReplyDelete
  3. അമ്പടാ ജയേഷെ
    ഇത് കൽക്കീണ്ട്ട്ടാ ഭായ്

    ReplyDelete