കവര്‍ സ്റ്റോറി


ചീഫ് എഡിറ്ററുടെ മുറിയില്‍നിന്നും പുറത്തിറങ്ങിയതിനുശേഷം ഇത് മൂന്നാമത്തെ തവണയാണ് മുനീറ ഫോട്ടോഗ്രാഫര്‍ അമന്‍ ഇരിക്കുന്ന കോണിലേയ്ക്ക് പോയി വരുന്നത്. ആദ്യത്തെ രണ്ടു തവണയും അവിടെ ആരും ഉണ്ടായിരുന്നില്ല. മൂന്നാമത്തെ തവണ ട്രെയ്നി ഫോട്ടോഗ്രാഫര്‍, അമന്റെ ശിഷ്യന്‍ ഉണ്ടായിരുന്നു.
“അമന്‍ ഇന്ന് വരില്ലേ?” മുനീറ ചോദിച്ചു. അവളുടെ സ്വരത്തിലെ ആകാംക്ഷ അയാളെ അമ്പരപ്പിച്ചു.
“രാവിലെ എന്തോ ഫോട്ടോഷൂട്ട് ഉണ്ടെന്ന് പറഞ്ഞിരുന്നു, എപ്പോള്‍ വരുമെന്നറിയില്ല”
“എവിടെയാണെന്നറിയാമോ?”
“ഇല്ല മാഡം.. ഇത് ഞങ്ങളറിയാത്ത എന്തോ ആണ്.” അയാള്‍ നൈരാശ്യം കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. അയാളെ കൂടുതല്‍ വിഷമിപ്പിക്കാതെ മുനീറ ഒരു കപ്പ് കാപ്പിയെടുത്ത് സ്വന്തം ഇരിപ്പിടത്തില്‍ തിരിച്ചെത്തി.
രാവിലെ എത്തിയയുടനെ ചീഫ് എഡിറ്റര്‍ കാബിനിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. അധികം മുഖവുരയൊന്നുമില്ലാതെ ഒരു അസൈന്‍മെന്റ് ഏല്പിച്ചു. ആദ്യം ഒന്ന് ചൂളിയെങ്കിലും അയാളുടെ ദ്രവിച്ച നോട്ടത്തിനു മുന്നില്‍നിന്ന് രക്ഷപ്പെടാനുള്ള തിടുക്കംകാരണം കൂടുതലൊന്നും സംസാരിക്കാന്‍ നിന്നില്ല. ഡസ്ക്കില്‍ പോയിരുന്ന് ആലോചിച്ചപ്പൊഴാണ് ഒരു വിറയല്‍ തന്നെ ബാധിക്കുന്നതറിഞ്ഞത്.
എന്തിന്?. അവള്‍ ആലോചിച്ചു. അതിനു മാത്രം എന്ത് വലിയ കാര്യമാണിതിലുള്ളത്?
അപ്പോള്‍ അവളുടെ കൈപ്പടം വിയര്‍ക്കുന്നുണ്ടായിരുന്നു.
കുറേ ഹോം വര്‍ക്ക് ചെയ്യണം. അവളോര്‍ത്തു. അതിനു മുമ്പ് അമനുമായി സംസാരിക്കണം.
ദുപ്പട്ടയില്‍ കൈതുടച്ച് അവള്‍ ആര്‍ക്കൈവ്സില്‍ തെരയാന്‍തുടങ്ങി.
പഴയ റിപ്പോര്‍ട്ടുകളിലൂടെ മറിച്ചുനോക്കിയപ്പോള്‍ വിയര്‍പ്പല്ല, അറ്റുപോയ ഏതോ ശരീരഭാഗത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍പോലെ തോന്നി. ഒരു ശൂന്യത.
“മുനീറാ” പെട്ടെന്ന് ച്iഫ് എഡിറ്ററുടെ ശബ്ദംകേട്ടപ്പോള്‍ അവള്‍ ഞെട്ടിയെഴുന്നേറ്റു.
“ഇത്രയ്ക്കൊന്നും നെര്‍വ്വസ് ആകേണ്ട കാര്യമൊന്നുമില്ല. നീ സാധാരണചെയ്യുന്ന ഫീച്ചറുകളിലൊന്നായി കണ്ടാല്‍മതി.”
ദ്രവിച്ചനോട്ടത്തിന്റെ അവശേഷിപ്പുകള്‍ ഉപേക്ഷിച്ച് അയാള്‍ പോയി. അയാള്‍ മനസ്സിലാക്കിയിരിക്കുന്നു തന്റെ വീര്‍പ്പുമുട്ടല്‍, മുനീറ ഓര്‍ത്തു. ഇങ്ങനെ നോക്കിനോക്കിയാണ് അയാളുടെ കണ്ണുകള്‍ ഉണക്കമീനിന്റെ പോലെയായതെന്ന് ഒരിക്കല്‍ അമന്‍ പറഞ്ഞിരുന്നു.
“പക്ഷേ..സര്‍”
“ഉം?”
“ആരാണ് എന്റെ കൂടെ വരുന്നത്?.”
“അമന്‍ വരും.. അതല്ലേ നിനക്കും ഇഷ്ടം.. ഞാന്‍ അയാളോട് പറഞ്ഞിട്ടുണ്ട്.”
ചെറിയൊരാശ്വാസം തോന്നി. അമന്‍, അവന് മനസ്സിലാവും. പക്ഷേ ഇങ്ങനെയൊരു ഫീച്ചര്‍ ചെയ്യാന്‍ പോകുന്നത് അവന്‍ സൂചിപ്പിച്ചതുപോലുമില്ലല്ലോ.
ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമന്റെ മുഖം വാതില്ക്കല്‍തെളിഞ്ഞു. ധൃതിപിടിച്ചുള്ള അവന്റെ വരവ്. അമന്‍ നേരെ മുനീറയുടെ അടുത്തേയ്ക്കാണ് ചെന്നത്.
“ചീഫിനെ കണ്ടോ?” അമന്‍ സ്വകാര്യംപോലെ ചോദിച്ചു.
“ഉം.. കണ്ടു. വിശേഷവും അറിഞ്ഞു.”
“എങ്കില്‍ വാ.. ഇപ്പോള്‍ത്തന്നെ പുറപ്പെടണം.”
“അമന്‍.. ഒന്നാലോചിക്കാന്‍ സമയം താ.”
“ആലോചിക്കാനൊന്നുമില്ല മുനീ.. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു കലാപം, കൂട്ടക്കൊല. ഒരു വംശക്കാര്‍ ആക്രമിക്കപ്പെടുന്നു. അവരില്‍ ബാക്കിയുള്ളവരുടെ ജിവിതം.. അതറിയാന്‍, ശരിക്കും പറഞ്ഞാല്‍ അങ്ങോട്ട് പോകേണ്ടതു പോലുമില്ല. പക്ഷേ..”
“എന്ത് പക്ഷേ?.”
“അവരില്‍ ചിലര്‍ക്ക് നീതിലഭിക്കുമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ട് നിയമവും ഭരണകൂടവും.”
അമന്‍ ചെറുതായൊന്ന് ചിരിച്ചുകൊണ്ടുപറഞ്ഞു. മുനീറ പിന്നെയൊന്നും പറഞ്ഞില്ല. അമന്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും നിറച്ച സഞ്ചി തോളിലിട്ട് നടന്നു. അവന്‍ ഒരു നോട്ട് പാഡും പേനയും മാത്രം എടുത്തു.
നഗരത്തില്‍നിന്നും കഷ്ടിച്ച് അമ്പത് കിലോമീറ്റര്‍ ദൂരെയാണ് കലാപംനടന്ന സ്ഥലം. കലാപംതുടങ്ങി രണ്ടുദിവസം കഴിഞ്ഞാണ് നിയമപാലകര്‍ ക്രമസമാധാനം നിലനിര്‍ത്താന്‍വേണ്ടി പുറപ്പെട്ടത്. അപ്പോഴേയ്ക്കും ഇരകള്‍ ഭൂരിഭാഗവും ബലികൊടുക്കപ്പെട്ടിരുന്നു. ഓടി രക്ഷപ്പെട്ടവരും മരണം അടുത്തിട്ടില്ലാത്തവരുമായ കുറേയാളുകള്‍ മാത്രം ബാക്കിയായി. അന്ന് മുനീറ കേരളത്തിലെ ഒരു പത്രത്തില്‍ ട്രെയ്നി റിപ്പോര്‍ട്ടര്‍ ആയിരുന്നു. ഓഫീസില്‍ നിറഞ്ഞിരുന്ന കനത്തമൌനം മനസ്സില്‍നിന്നും മാറിക്കിട്ടാന്‍ കുറേ നാളുകളെടുത്തു. ആരും അതിനെക്കുറിച്ച് അധികം സംസാരിച്ചില്ല. അത്തരം ഒരു വര്‍ഗ്ഗീയകലാപം കേരളത്തില്‍ ഉണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ചായി അധികവും ചര്‍ച്ചചെയ്യപ്പെട്ടത്. പിന്നീട് അഞ്ചുവര്‍ഷങ്ങള്‍കഴിഞ്ഞ് കലാപഭൂമിയിലെ ഒരു പത്രത്തില്‍ ജോലികിട്ടിയപ്പോള്‍ കൈവിയര്‍ക്കാതെ പുറപ്പെട്ടത് ആ പത്രത്തിന്റെ പ്രശസ്തി കണ്ടത് കൊണ്ടുമാത്രമായിരുന്നു. അത്രയും വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും അലര്‍ച്ചയൊലികള്‍ അവിടെയെല്ലാം മുഴങ്ങുന്നത് തീവണ്ടിയിറങ്ങിയതും അവളുടെ മനസ്സിലെത്തിയിരുന്നു. ഇപ്പോഴും ആ അലകള്‍ അടങ്ങിയിട്ടില്ല.
എല്ലാ വര്‍ഷവും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആരെങ്കിലും അതിനെക്കുറിച്ച് ഫീച്ചര്‍ ചെയ്യാറുണ്ട്. ഡസ്ക്കില്‍ത്തന്നെയിരുന്ന് പൊന്തയ്ക്കുചുറ്റുംതല്ലുന്ന ചടങ്ങ്. എന്തിനാണതെന്ന് ഒരിക്കല്‍ അമനോട് അവള്‍ ചോദിച്ചിരുന്നു.
“ആരും അത് മറക്കാതിരിക്കാന്‍വേണ്ടിത്തന്നെ.” അമന്‍ പറഞ്ഞു.
“അതെങ്ങനെ മറക്കും അമന്‍?.”
“മറക്കും മുനീ..എളുപ്പം മറന്നു പോകും എല്ലാരും. ഇനിയും ഇതെല്ലാം സംഭവിക്കുമെന്ന് ഓര്‍മ്മപ്പെടുത്താന്‍വേണ്ടി ഇടയ്ക്കിടെ അവര്‍ ഫീച്ചറുകള്‍ എഴുതിക്കും”
“ആര്?.”
“അവര്‍.” അന്ന് അമന്‍ അധികം സംസാരിക്കാന്‍ കൂട്ടാക്കിയില്ലായിരുന്നു. ചോരചിന്തിയ തെരുവുകള്‍ അവന്റെ മനസ്സിലുടെ കടന്നു പോയിട്ടുണ്ടാകും. അവനും ഒരു ദൃക്‍സാക്ഷിയായിരുന്നല്ലോ.
കാര്‍ താന്‍തന്നെയോടിച്ചോളാമെന്ന് അമന്‍ പറഞ്ഞു. നഗരത്തിരക്കിലൂടെ പതുക്കെ തെന്നിനീങ്ങുമ്പോള്‍ മുനീറയ്ക്ക് ചോദ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു. നഗരപരിധി കഴിഞ്ഞ് കാര്‍ വേഗതപിടിച്ചെടുത്തപ്പോള്‍ മുനീറ ചോദിക്കാനാഞ്ഞു. അത് പ്രതീക്ഷിക്കുകയായിരുന്നെന്നപോലെ അമന്‍ ചിരിച്ചു.
“മുനീ.. ഒരാഴ്ച മുന്നേതന്നെ ഞാനിതറിഞ്ഞിരുന്നു. പക്ഷേ, നിന്നെ ഈ ജോലി ഏല്പിക്കുമെന്ന് അറിഞ്ഞിരുന്നില്ല.”
“പക്ഷേ എന്നെ എന്തിനിതേല്പിച്ചു. പതിവുകാര്‍ ഉള്ളപ്പോള്‍?.”
“രാവിലെ നിന്നെ ഈ ജോലി എല്പിക്കുമ്പോള്‍ നിനക്ക് എന്തുതോന്നി?.”
“ആകെയൊരു വിറയല്‍..എന്തോ കുത്തിക്കയറിയതു പോലെ.”
“അത് അയാള്‍ക്കറിയാം..അതുകൊണ്ടാണ് നീ…നീ എഴുതുമ്പോള്‍ പത്ത് വര്‍ഷങ്ങളുടെ അകലം പ്രശ്നമാവില്ലെന്ന് അയാള്‍ ഊഹിക്കുന്നു.”
പിന്നീടൊന്നും ചോദിക്കാന്‍ അവള്‍ക്ക് തോന്നിയില്ല. അമനും ഒന്നും പറയാന്‍ താല്പര്യമില്ലാത്തതു പോലെയായിരുന്നു. അവിടെ ചെന്നിട്ട് എന്ത് എവിടെ തുടങ്ങണമെന്നായിരുന്നു അവളുടെ മനസ്സില്‍. പത്തു വര്‍ഷങ്ങള്‍.. ചോര ഉണങ്ങിക്കാണുമോ!
“നിനക്കറിയാമോ മുനീ..” അമന്‍ മൌനം കുടഞ്ഞെറിഞ്ഞു. “ കലാപത്തില്‍ സ്വന്തം മകനെ വെട്ടിക്കീറുന്ന കാഴ്ചകണ്ട അമ്മമാരുണ്ടവിടെ. ഭാഗ്യത്തിന് ജിവന്‍ തിരിച്ചുകിട്ടിയ പാവങ്ങളും. അവര്‍ ഇത്രയും വര്‍ഷങ്ങളായി കോടതി കയറിയിറങ്ങുന്നു. തെളിവുകളുടെ അഭാവവും ഉള്ളതിന്റെ വിശ്വാസക്കുറവും പറഞ്ഞ് അവരുടെ കാത്തിരിപ്പിനെ വലിച്ചു നീട്ടുന്നു.”
“അറിയാം..കഴിഞ്ഞ വര്‍ഷം അതിനെക്കുറിച്ച് ഒരു ഫീച്ചര്‍ ഉണ്ടായിരുന്നല്ലോ.”
“അതെ. ഇപ്പോള്‍ നമ്മള്‍ കാണാന്‍പോകുന്നതും അത്തരം ഒരാളെയാണ്. തിരിച്ചുകിട്ടിയ ജീവന്‍ എന്തുചെയ്യണമെന്നറിയാതെ ജീവിക്കുന്ന ഒരാള്‍.”
“പക്ഷേ, അവിടെ ഇപ്പോഴും അത്ര നല്ല കാലാവസ്ഥ അല്ലെന്നാണല്ലോ കേട്ടത്.”
“ശരിയാണ്. അവിടെ എപ്പോഴും ഓങ്ങി നില്കുന്ന വാള്‍ത്തലപ്പ് ഉണ്ട്. എല്ലായിടത്തും.”
“അപ്പോള്‍ നമ്മുടെ കാര്യം അങ്ങിനെ?.”
“ഒരാളുണ്ട്. അയാള്‍ സഹായിക്കും. ഞാനെല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ട്.”
“രാവിലെ നീ അവിടെയായിരുന്നോ?.”
‘ഇന്നലെ രാത്രി മുതല്‍.” അമന്‍ ചിരിച്ചു.
വെയിലിന്റെ കാഠിന്യം കൂടിവരികയായിരുന്നു. വേനലില്‍ വരണ്ട നാട്ടുവഴികളിലൂടെ, ഉണങ്ങിയ ചാണകംനിറഞ്ഞ വഴികളിലൂടെ, വെള്ളംതേടിപ്പോകുന്ന ഗ്രാമീണരുടെ തളര്‍ന്ന നോട്ടങ്ങളിലൂടെ, ഇലകള്‍കരിഞ്ഞ വഴിമരങ്ങള്‍ക്കിടയിലൂടെ….അവന്‍ കണ്ണാടി മുകളിലേയ്ക്കുയര്‍ത്തി. അത് ഉഷ്ണം കൂട്ടാനേ ഉപകരിച്ചുള്ളൂ. ലക്ഷ്യം അടുക്കുന്തോറും തന്റെയുള്ളില്‍ ഒരു ഭയം മുള പൊട്ടുന്നത് അവളറിഞ്ഞു. അമന്‍ ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി വണ്ടിയോടിക്കുന്നതില്‍മാത്രം ശ്രദ്ധചെലുത്തിയിരുന്നു. ഗ്രാമം തുടങ്ങുന്നതിനു കുറച്ചു മുമ്പായി അമന്‍ കാര്‍ നിര്‍ത്തി.
“ഇവിടെ നിന്ന് നമുക്ക് നടക്കാം.” അമന്‍ പറഞ്ഞു.
“എന്താ?.”
“ഇപ്പോഴും പുറത്തു നിന്നു വരുന്നവരെ, പ്രത്യേകിച്ച് ക്യാമറയും തൂക്കി വരുന്നവരെ ഇവിടെ അത്ര സ്വീകാര്യമല്ല.”
“അപ്പോള്‍?.”
“വരൂ.” അമന്‍ നടക്കാന്‍ തുടങ്ങി. മുനീറ ദുപ്പട്ട തലയിലൂടെ വലിച്ചിട്ട് വെയിലില്‍നിന്നു് രക്ഷപ്പെടാന്‍ ശ്രമിച്ചു.
“ഇപ്പോള്‍ നിന്നെ കണ്ടാല്‍ അസ്സല്‍ ഉമ്മച്ചിക്കുട്ടി.” അമന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ ഞാന്‍ ഉമ്മച്ചിക്കുട്ടിയല്ലേ? പിന്നെന്താ?.”
“നോക്കൂ മുനീ.. കലാപം നടന്ന സ്ഥലങ്ങളില്‍ ഏറ്റവും ക്രൂരമായ നരഹത്യ നടന്നതിവിടെയാണ്. പക്ഷേ ഈ ഗ്രാമത്തിന്റെ പേര് പുറത്തേയ്ക്ക് അത്ര അറിയപ്പെട്ടില്ല. എന്നാല്‍ ഇവിടെയിപ്പോള്‍ ജീവനോടെയുള്ളവരെല്ലാം ആ നടുക്കത്തില്‍നിന്നു് ഇനിയും കരകയറിയിട്ടില്ല. മാത്രമല്ല, ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നുമുണ്ട്.” അമന്‍ തുടര്‍ന്നു “ ഇവിടെയാണ് ആ അമ്മയ്ക്ക് സ്വന്തം മകന്റെ ചോരയൊലിക്കുന്ന ശരീരം കാണേണ്ടി വന്നത്, സ്വന്തം ഭര്‍ത്താവ് വെന്തുമരിക്കുന്നത് കാണേണ്ടി വന്ന കുടുംബിനി ഇവിടെയുണ്ട്.. അതുപോലെ ഓരോ കുടുംബത്തിനും ഓരോ ഉണങ്ങാമുറിവുകള്‍.”
“ഈ മുറിവുകള്‍ അവരുടെ മാത്രമല്ലല്ലോ അമന്‍.”
“ഉം.. പക്ഷേ, നമുക്കറിയാവുന്ന മുറിവുകള്‍ തീരെ ചെറുതാണ് മുനീ, പത്രങ്ങള്‍ ദയാപൂര്‍വ്വം അനുവദിച്ചു തന്ന പോറലുകള്‍.”
സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ വഴിയരികില്‍, ഒരു മരത്തണലില്‍ ഇരിക്കുകയായിരുന്ന ഒരു വൃദ്ധനെ അമന്‍ നോക്കി.
“അയാളാണ് നമ്മളെ സഹായിക്കാന്‍ പോകുന്നതു്.”
അമനെ കണ്ടപ്പോള്‍ അയാള്‍ എഴുന്നേറ്റുവന്നു. നരച്ച നീണ്ടതാടിയും ഒരു ഫക്കീറിന്റെ ഭാവങ്ങളുമുള്ള അയാളുടെ പ്രായം ഊഹിക്കുക പ്രയാസമായിരുന്നു. വാര്‍ദ്ധക്യത്തിലെത്തിയെങ്കിലും എന്തോ ഒന്ന് ഉള്ളില്‍ ജ്വലിക്കുന്നതിന്റെ തീക്ഷ്ണത. നെരിപ്പോട് പോലൊരു മനുഷ്യന്‍. മുനീറ മനസ്സില്‍കുറിച്ചിട്ടു. ഇയാളില്‍ നിന്നാകട്ടെ ഫീച്ചറിന്റെ തുടക്കം.
“വരണം ബാബൂ.. മേം സാബ് വരൂ.” അയാള്‍ വഴികാട്ടിയായി മുന്നില്‍ നടന്നു.
“ഇയാളുടെ പേര് ഹസ്സന്‍. അമന്‍ പറഞ്ഞു. എന്തോ കച്ചവടം ഉണ്ടായിരുന്നു. കലാപത്തിന്റെ സമയത്ത് ദൂരെയെങ്ങോ ആയിരുന്നതിനാല്‍ ജീവനോടെയിരിക്കുന്നു. പക്ഷേ, ഇയാളുടെ കുടുംബത്തെ മുഴുവന്‍ അവര്‍ തീവച്ച് ഇല്ലാതാക്കി.”
മുനീറ ഒന്നും മിണ്ടിയില്ല. കുറച്ച് അകലംപാലിച്ച്, ചുറ്റുപാടും സസൂക്ഷ്മം ശ്രദ്ധിച്ചായിരുന്നു അയാളുടെ നടത്തം. എല്ലായിടത്തും ശത്രുക്കളെ പ്രതീക്ഷിക്കുന്നതുപോലെ.
ഗ്രാമത്തിലെ ആദ്യത്തെ വീടുകളിലൊന്നായിരുന്നു ഹസ്സന്റേത്. പൊട്ടിപ്പൊളിഞ്ഞ ചുവരുകള്‍. അടച്ചാലും പാതി തുറന്നതു പോലെയുള്ള വാതില്‍. ജനല്‍പ്പാളികള്‍ ഇല്ല.
“കലാപത്തിന്റെ ബാക്കി”. അമന്‍ പറഞ്ഞു.
അവര്‍ മറ്റു വീടുകള്‍ ശ്രദ്ധിച്ചു. ശരിയാണ്. ഈ ഒരു വീട് മാത്രം നന്നാക്കാതെ അതേ നിലയില്‍. മറ്റു വീടുകള്‍ കുറച്ചൊക്കെ ഭേദംതന്നെ.
ഹസ്സന്‍ അവരെ വീടിനകത്തേയ്ക്ക് ക്ഷണിച്ചു. നിലത്ത് പായവിരിച്ചിട്ട് ഇരിക്കാന്‍ പറഞ്ഞു.
“ ബാബൂ.. കുറച്ച് നേരം ഇരിക്കൂ.. ഉച്ചഭക്ഷണവുമായി സാനിയ ഇപ്പോഴെത്തും.. ഞാന്‍ ഇവിടെ പാചകമൊന്നും ചെയ്യാറില്ല.” ഹസ്സന്‍ പറഞ്ഞു.
ആദ്യം കണ്ടതിനുശേഷം ആദ്യമായാണ് അയാളെന്തെങ്കിലും പറയുന്നത്. അവള്‍ ഓര്‍ത്തു.
“അതൊന്നും വേണ്ട ഹസ്സന്‍.. ഞങ്ങള്‍ എത്രയും വേഗം തിരിച്ചു പോകണം.” അമന്‍ പറഞ്ഞു.
“അതു പറ്റില്ല.. മേം സാബ് ആദ്യമായി ഇവിടെ വന്നിട്ട് എന്തെങ്കിലും കഴിക്കാതെ പോകാന്‍ ഞാന്‍ സമ്മതിക്കില്ല. മാത്രമല്ല മുജീബ് എവിടെയാണെന്ന് അന്വേഷിക്കുകയും വേണം.”
“മുജീബ് എന്നാണയാളുടെ പേര്. ജീവനോടെ രക്ഷപ്പെട്ടവരില്‍ ഒരാള്‍. പക്ഷേ, ഒന്നും മറക്കാതിരിക്കാന്‍ അവര്‍ അയാളുടെ ഒരു കൈ വെട്ടിയെടുത്തു. ഒറ്റക്കൈയ്യന്‍ മുജീബ് എന്നാണിപ്പോള്‍ അയാള്‍ അറിയപ്പെടുന്നത്.” അമന്‍ പറഞ്ഞു.
“അയാളിപ്പോള്‍ എന്തു ചെയ്യുന്നു?.”
“എന്തൊക്കെയോ ചെയ്യുന്നു. ഒരു കൈകൊണ്ട് അയാള്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ.”
കുറച്ചുകഴിഞ്ഞപ്പോള്‍ സാനിയ എന്ന പെണ്‍കുട്ടി ഭക്ഷണവുമായി വന്നു. പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം ഉണ്ടാകും. അവളെക്കുറിച്ച് അന്വേഷിക്കാന്‍ എന്തോ മുനീറയ്ക്ക് തോന്നിയില്ല.
റൊട്ടിയും പരിപ്പുകറിയുമായിരുന്നു ഭക്ഷണം. ഇത്രയും നാളായിട്ടും ഉത്തരേന്ത്യന്‍ ഭക്ഷണത്തോട് പൊരുത്തപ്പെടാനാകാത്തതിന്റെ വിമ്മിഷ്ടം അവള്‍ക്കുണ്ടായി. എത്ര ശ്രമിച്ചിട്ടും ഉണങ്ങിയ റൊട്ടി ദാല്‍ കറിയില്‍ മുക്കിക്കഴിക്കുന്നത് അവള്‍ക്ക് എളുപ്പമായിട്ടില്ലായിരുന്നു. എങ്കിലും ഹസ്സനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഒരെണ്ണം കഴിച്ചു.
“കോടതി കയറിയിറങ്ങുന്ന അവരെ കാണാന്‍ പറ്റുമോ?.” മുനീറ ചോദിച്ചു.
“ഇല്ല.. അവന്‍ സ്ഥലത്തില്ല. കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച പുതിയ ആളുകള്‍ക്ക് മൊഴി കൊടുക്കാന്‍ പോയിരിക്കുകയാണ്.”
“ഇപ്പോഴും അവര്‍ മൊഴി കൊടുത്തുകൊണ്ടിരിക്കുന്നോ?.”
“അതെ..ഇടയ്ക്കിടെ മാറി വരുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് കഥ ഒന്നും അറിയില്ലല്ലോ.. അപ്പോള്‍ അവന്‍ പോയി പറഞ്ഞു കൊടുക്കും.”
ഹസ്സന്റെ ശബ്ദത്തില്‍ പരിഹാസം ഉണ്ടായിരുന്നു.
“അവര്‍ക്ക് നീതി കിട്ടുമായിരിക്കും അല്ലേ മേം സാബ്?.” ഹസ്സന്‍ ചോദിച്ചു. മുനീറയ്ക്ക് ഉത്തരം മുട്ടിപ്പോയി.
“മേം സാബിന് ഭക്ഷണം ഇഷ്ടമായില്ലെന്ന് തോന്നുന്നു.. ക്ഷമിക്കണം.. ഇവിടെ ഇത്രയ്ക്കൊക്കെ ചെയ്യാനുള്ള സൌകര്യമേയുള്ളൂ.”
ഭക്ഷണം കഴിഞ്ഞ് അവര്‍ പുറത്തേയ്ക്കിറങ്ങി. ഏതാണ്ട് വിജനമായിരുന്നു ഗ്രാമം. പൊള്ളുന്ന വെയില്‍. ഹസ്സനെ പിന്തുടരുമ്പോള്‍ മുനീറയും അമനും നിശ്ശബ്ദത പാലിച്ചു, എന്തിനാണെന്നറിയാതെ.
വഴിയരികിലെ ഒരു വീട്ടിലേയ്ക്ക് കയറിയ ഹസ്സന്‍ ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു.
“മുജീബ് സര്‍പഞ്ചിന്റെ അടുത്തുണ്ട്.”
“ആരാണ് സര്‍പഞ്ച്?” അമന്‍ ചോദിച്ചു.
“കിഷോര്‍ലാല്‍ എന്ന ഒരു തെമ്മാടി. ഇവിടെ അടിയും വഴക്കുമുണ്ടാക്കി നടന്നിരുന്ന ദുഷ്ടന്‍. കലാപത്തില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നത് അവനായിരിക്കും. എന്നാല്‍ ഒരു പരിക്കും കൂടാതെ ഇപ്പോള്‍ ഇവിടെ ഭരിക്കുന്നു.”
“എങ്ങനെ?.” മുനീറ ചോദിച്ചു.
“അയാളെ ഏല്പിച്ചിരിക്കുകയാണല്ലോ… ഇവിടെ അയാള്‍ എന്ത് ക്രൂരതചെയ്താലും ആരും ഒന്നും ചോദിക്കില്ല.”
“അപ്പോള്‍ മുജീബ്?.”
“അവനെ പൊട്ടന്‍ മുജീബ് എന്നാണ് അവര്‍ വിളിക്കുന്നത്..കിഷോര്‍ലാലിന്റെ അടിമപ്പണിയാണ് അവന്റെ പ്രധാനജോലി.”
‘അപ്പോള്‍ അങ്ങോട്ട് പോകാതിരിക്കുന്നതല്ലേ നല്ലത്?.”
“പോയി നോക്കാം..വരൂ.” ഹസ്സന്‍ നടക്കാന്‍തുടങ്ങി.
ഉണങ്ങിയ വയലുകളുടെ ഓരത്ത് ഒരു മരച്ചുവട്ടിലായിരുന്നു സര്‍പഞ്ചിന്റെ താവളം. ഒരു ചൂടിക്കട്ടിലില്‍, ചുറ്റും അനുയായികളുമായി അയാളിരിക്കുന്നു. അല്ല ചതുരംഗം കളിക്കുകയാണ്. കളി നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് തോന്നി. എല്ലാവരും ആകാംക്ഷയോടെ ചതുരംഗക്കളത്തിലേയ്ക്ക് കണ്ണുനട്ടിരിക്കുകയാണ്.
അവര്‍ കുറച്ചുകൂടി അടുത്തേയ്ക്ക്നീങ്ങി. കട്ടിലിനു ചുവട്ടില്‍ നിലത്ത്കുന്തിച്ചിരിക്കുന്ന ഒരു ഒറ്റക്കൈയ്യനെ ചൂണ്ടി ഹസ്സന്‍ പറഞ്ഞു, അതാണ് മുജീബ്.
അതിനു മുമ്പേ മുജീബ് അവരെ ശ്രദ്ധിച്ചിരുന്നു. എന്തോ സൂചന കിട്ടിയതുപോലെ അയാള്‍ പരുങ്ങാന്‍ തുടങ്ങി. അത് കണ്ടിട്ടാകണം കിഷോര്‍ലാലിന്റെ ശ്രദ്ധയും അങ്ങോട്ടായി. അസ്വസ്ഥതയോടെ അയാള്‍ ചതുരംഗത്തിലേയ്ക്ക് തിരിച്ചു പോയി.
"നമുക്ക് നോക്കാം അമന്‍ ..എത്ര നേരമെന്ന്". അവള്‍ പറഞ്ഞു.
സമയം കഴിയുന്തോറും അവര്‍ ക്കിടയിലെ ദൂരത്തില്‍ ചൂട് പടരുന്നതറിഞ്ഞു. ചതുരം ഗത്തിലേക്കാള്‍ സമ്മര്‍ദ്ദം വായുവില്‍ നിറയുന്നു.
പെട്ടെന്ന് കിഷോര്‍ലാലിന്റെ ഒരു നോട്ടത്തില്‍ മുജീബ് എഴുന്നേറ്റ് ഓടാന്‍ തുടങ്ങി, കിഷോര്‍ലാല്‍ ചവച്ചുകൊണ്ടിരുന്ന പാന്‍മസാല നിലത്ത് തുപ്പി രൂക്ഷമായിനോക്കി..
“വാ..പോകാം..” ഹസ്സന്‍ പറഞ്ഞു. അത് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നത് പോലെ അമനും മുനീറയും തിരിഞ്ഞുനടന്നു.
കാറില്‍കയറി തിരിച്ചു യാത്രചെയ്യുമ്പോള്‍ ഫീച്ചറിന്റെ കരട് രൂപം മനസ്സില്‍ എഴുതുകയായിരുന്നു മുനീറ..
"ഇല്ല അമന്‍ .. ചീഫിന്റെ ആഗ്രഹം നടക്കില്ല". അവള്‍ പറഞ്ഞു.
"ഉം ?"
"അയാള്‍ വിചാരിക്കുന്നതു പോലെ ഒരു സ്റ്റോറി ഞാന്‍ എഴുതില്ല."
പിന്നെ"
"തീര്‍ ച്ചയായും ..പൊന്തയ്ക്കു ചുറ്റും തല്ലുന്ന ഒന്ന്"

- തര്‍ജ്ജനി മാസിക, ഏപ്രില്‍ 2012

7 comments:

  1. ജയേഷ്, എഴുത്ത് വ്യത്യസ്ഥം, ഇഷ്ടപ്പെട്ടു.
    ഇത് ഒരു നോവലിന്റെ ആദ്യ ചാപ്റ്റർ ആണെന്ന് കരുതുന്നു.
    :)

    ReplyDelete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. ഇന്ററസ്റ്റിങ്.. പക്ഷെ അനിലേട്ടന്‍ ചോദിച്ച പോലെ നോവലാണോ? എന്തോ അവസാന വരി എനിക്ക് ക്ലിക്ക് ആയില്ല. :(

    ReplyDelete
  4. കലാപം കഴിഞ്ഞ് പതിറ്റാണ്ടായിട്ടും വായുവില്‍ തങ്ങി നില്ക്കുന്ന ആ അസ്വസ്തത നന്നായി വിവരണത്തിലൂടെ അനുഭവിച്ചു.അതാണീ പോസ്റ്റിന്റെ വിജയവും അഭിനന്ദനങ്ങള്‍....

    ReplyDelete
  5. നന്നായി അങ്ങ് വായിച്ചു വരികയായിരുന്നു.അവസാന വരിയില്‍ ആകെ ഒരു കണ്ഫ്യൂഷന്‍

    ReplyDelete
  6. കൊള്ളാം.
    അവസാന വരിയിൽ എനിക്ക് കൺഫ്യൂഷൻ ഇല്ല!

    ReplyDelete
  7. എനിക്കും കണ്‍ഫ്യൂഷനില്ല...പക്ഷെ ഒന്നു പറയൂ, എന്താണീ “ദ്രവിച്ച നോട്ടം”

    ReplyDelete