എപ്പോള്‍
മുതലാണ് അത് തുടങ്ങിയതെന്ന് വാസുദേവന് ഓര്‍മ്മ കിട്ടിയില്ല. അധികം നാളായിട്ടില്ല.
ചിലപ്പോള്‍ ഓഫീസിലെ പൊടി പിടിച്ച ഫയലുകള്‍ ക്കിടയില്‍
മുഷിഞ്ഞിരിക്കുമ്പോഴെങ്ങാനുമാകാം. അല്ലെന്കില്‍ വീട്ടില്‍
സരോജയുടെ പരാതികള്‍ ക്കിടയില്‍ ശ്വാസം മുട്ടുമ്പോള്‍ . എന്തായാലും
ആ വലിയൊരു ഓക്കാനം തന്റെ ജീവിതം നരകമാക്കുന്നെന്ന് അയാള്‍ മനസ്സിലാക്കി.
“ഒക്കെ തന്റെ തോന്നലാണെടോ..ഈ ലോകത്തെങ്ങുമില്ലാത്ത
ഒരു അസുഖം . എല്ലാം മനസ്സിന്റെ ഓരോ വികൃതികളല്ലേ..” സഹപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശശി തറയില്‍ പറഞ്ഞു. എഴുത്തുകാരനായത് കൊണ്ട് ശശിയ്ക്ക് തന്റെ വിഷമം മനസ്സിലാക്കാന്‍
കഴിയുമെന്ന് തോന്നിയതു കൊണ്ടാണ്` അയാളോട് എല്ലാം തുറന്ന്
പറഞ്ഞത്. പക്ഷേ ശശിയുടെ മറുപടി നിരാശാജനകമായിരുന്നു.
'ക്ല' എന്ന വാക്കിനോട് തനിക്കിത്ര വിരോധം എങ്ങിനെയുണ്ടായി?
ഒരു ഗവേഷകന്റെ വിശകലന വഴികളുപയോഗിച്ച് അത് കണ്ടുപിടിക്കാന്‍ നടത്തിയ
ശ്രമങ്ങള്‍ ആ വാക്കിനെ കൂടുതല്‍ ഓര്‍മ്മിപ്പിക്കുകയും മനം പിരട്ടലുണ്ടാക്കുകയും ചെയ്തു.
ക്ലാ
ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ......മകന്‍ യാതൊരു ആവശ്യവുമില്ലാതെ ഇങ്ങനെ ശബ്ദമുണ്ടാക്കിയപ്പോള്‍ അയാള്‍
കൈയ്യിലിരുന്ന പുസ്തകമെടുത്ത് അവനെ എറിഞ്ഞു.
ക്ലിപ്പ്
വാങ്ങണം ..ക്ലോസറ്റ് ലീക്കാകുന്നു എന്നൊക്കെ സരോജ പരാതി പറയുമ്പോള്‍ ഒറ്റ തൊഴി വച്ചു
കൊടുക്കാന്‍ തോന്നി.
അതും
പോരാഞ്ഞ്, ഓഫീസില്‍ ഒരുത്തന്‍ തൂവാനത്തുമ്പികള്‍ എന്ന സിനിമയുടെ ആരാധകനാണ്`. അതില്‍ ക്ലാരയെ അവതരിപ്പിക്കുന്ന സീനാണ്` ഇതു
വരെയുണ്ടായതില്‍ ഏറ്റവും മനോഹരം എന്ന് തര്‍ക്കിച്ചു കൊണ്ടിരിക്കും . അയാളെ ചൂടാക്കാന്‍ വേണ്ടി ക്ലാര മൊയ്ദീന്‍ എന്നൊരു ചെല്ലപ്പേരും ഓഫീസില്‍
പിറന്നിരുന്നു. ഓരോ അര മണിക്കൂറിടവിട്ട് ആ പേര്` ആരെന്കിലും പറയുമായിരുന്നു. ഹോ, ആ പദ്മരാജനെ എന്റെ കൈയ്യില്‍ കിട്ടിയാലുണ്ടല്ലോയെന്ന് അയാള്‍ ദേഷ്യപ്പെടും
. ലോകത്ത് വേറെയൊരു പേരും കിട്ടിയില്ല സുമലതയെ വിളിക്കാന്‍ .
'ഡോ..തനിക്ക് വല്ലാത്ത വട്ടാണ്`..'എല്ലാവരും പറയും . അതെ എനിക്ക് വട്ടാണ്`, അതറിയാമെന്കില്‍ എനിക്ക് വട്ടുണ്ടാക്കുന്ന വാക്കുകള്‍
ഒഴിവാക്കിക്കൂടേയെന്ന് അയാള്‍ തര്‍ക്കിച്ചു. ക്ലാര ഞങ്ങളുടെ
അവകാശമാണെന്ന് മറ്റുള്ളവര്‍എതിര്‍ത്തു.
ഈ
ദുരവസ്ഥയില്‍ നിന്നും മോചനം നേടാന്‍ എന്ത് വഴി..
'ക്ലേശം തന്നെ.. '.
'ക്ല ഉപയോഗിച്ചുള്ള എല്ലാത്തിനോടും വെറുപ്പാണോ?'
'ഇതൊരു ക്ലീഷേ ആകുന്നല്ലോ '
'മനസ്സിന്റെ ഏതോ ക്ലസ്റ്റര്‍'
'ഒരു ക്ലൂ തരാമോ?'
'താന്‍ വൈക്ലബ്യപ്പെടേണ്ട കാര്യമൊന്നുമില്ല, നല്ലൊരു
സൈക്കാട്രിസ്റ്റിന്റെ സഹായം തേടൂ..'
'ക്ലയന്റ്സ് വരുമ്പോള്‍ തന്റെയീ ഓക്കാനം ഒന്നും കാണിക്കരുത്'
'ക്ലിയോപാട്രയുടെ ഒരു കാര്യം '
'സംഗതി ക്ലിയര്‍ആണ്`,..ദിസ് ഈസ് അ ക്ലോസ് ആക്സിഡന്റ്'
'ആ ക്ലസ്റ്റര്‍അടിച്ചു പോയി'
'ഞാന്‍ ആ സ്റ്റെപ്സ് ക്ലൈമ്പ് ചെയ്യുമ്പോള്‍ '
'ക്ലിന്റ് ഈസ്റ്റ് വുഡ്'
'ക്ലൈമറ്റ് കൊള്ളാമല്ലേ'
ഹോ...ഹാ...ഈ ക്ലാ ഇല്ലാതെ സംഭാഷണം സാധ്യമല്ലേ? വാസുദേവന്‍
തലമുടി പിടിച്ചു വലിച്ചു. എല്ലാവരും മന:പൂര്‍വ്വം ക്ലാ വാക്കുകള്‍ ക്കിടയില്‍ തിരുകിക്കയറ്റുകയാണ്`. തന്നെ ദ്രോഹിക്കാന്‍ വേണ്ടി.
'സരോജ..'
'ഉം ?'
'നീ എന്ത് ചെയ്യുകയാ?'
'പാത്രം കഴുകുന്നു'
വാസുദേവന്‍
ആദ്യമായി തന്റെ ഭാര്യയോട് ക്ല യുടെ പ്രശ്നം പറഞ്ഞു. അവള്‍ ഒരു നിമിഷം പാത്രം കഴുകുന്നത്
നിര്‍ത്തി. അയാളെ അതിശയത്തോടെ നോക്കി.
'ചേട്ടാ...എന്തായിതൊക്കെ?'
'എന്താന്നറിയില്ല..എനിക്ക് അങ്ങിനെയൊക്കെ തോന്നുന്നു.'
'എപ്പോ മുതല്‍ ?'
'അറിയില്ല'
'എന്നാലും ക്ല എന്ത് പിഴച്ചു. അത് വെറുമൊരു വാക്കല്ലേ'
'അതെ..പക്ഷേ എനിക്ക് പറ്റുന്നില്ല ആ വാക്ക്'
'ഇനിയിപ്പോ എന്ത് ചെയ്യും ?'
'സരോജാ...എന്റെ വിചാരം ആ വാക്ക് അത്ര
ഉപയോഗത്തിലുള്ളതല്ലെന്നായിരുന്നു. പക്ഷേ, പിന്നീട് മനസ്സിലായി ആ വാക്കില്ലാതെ ഒരു ദിവസം എന്തിന്` ഒരു മണിക്കൂര്‍പോലും ജീവിക്കാന്‍ പറ്റില്ല. ഓക്സിജന്‍
ഇല്ലാതെ ജീവിക്കാന്‍ പറ്റാത്തത് പോലെ ആ വാക്കില്ലാതെയും പറ്റില്ല.'
'ശരി..എന്താ ഒരു പോം വഴി?'
'
ഉം ..പുറത്തുള്ളവരെ എനിക്ക് നിയന്ത്രിക്കാന്‍
പറ്റില്ല. കുറഞ്ഞത് വീട്ടിലെന്കിലും എനിക്ക് ആ വാക്കിനെ
നിരോധിച്ചേ പറ്റൂ.'
'എങ്ങനെ?'
'ആ വാക്ക് നിങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്ന് '
'ഹോ..അത് വലിയ കഷ്ടമാകും ചേട്ടാ...എപ്പോഴും ഓര്‍ത്തിരിക്കാന്‍ പറ്റുമോ?'
'പറ്റണം ..'
'ശ്രമിക്കാം ..അറിയാതെയെങ്ങാനും ക്ലാ പറഞ്ഞാല്‍
ഞങ്ങളോട് ദേഷ്യപ്പെടരുത്'
'ഹോ'
ക്ലായില്‍
നിന്നും താല്‍ ക്കാലികമായി രക്ഷപ്പെടാന്‍ വാസുദേവന്‍ ഓഫിസില്‍ നിന്നും അവധിയെടുത്തു. വീട്ടില്‍
സരോജയും മകനും ആവുന്നത്ര ക്ലാ ഒഴിവാക്കി. എന്നാലും അതത്ര
എളുപ്പമല്ലായിരുന്നു. ഇടയ്ക്കിടെ ഓഫിസില്‍ നിന്നും ഫോണ്‍
കോളുകള്‍ വരുമായിരുന്നു.
'വാസൂ..ആ ഫയല്‍ ക്ലിയര്‍ചെയ്തോ?'
'ക്ലാരിഫൈ ചെയ്യാന്‍ കുറേയുണ്ടായിരുന്നല്ലോ...എല്ലാം ക്ലോസ്
ചെയ്തോ?'
'ക്ലാര്‍ക്ക് വന്നില്ല....'
'ങാ..ആ ക്ലോക്ക് ചത്തു വാസൂ'
'
ക്ലാ ക്ലം ക്ലീ ക്ലോ ക്ലൗ ക്ല്വാ...'
ഇങ്ങനെ
പോയാല്‍ തന്നെ ഊളമ്പാറയില്‍ അടയ്ക്കേണ്ടി വരുമെന്ന നിലയിലായപ്പോള്‍ അയാള്‍ ഫോണ്‍
സ്വിച്ച് ഓഫ് ചെയ്തു.
'ചേട്ടാ..'
'എന്താ?'
'എത്ര ദിവസം ഇങ്ങനെ ഒളിച്ചിരിക്കും ?'
'അറിയില്ല'
'ഏതെന്കിലും ഡോക്ടറെ കാണൂന്നേ'
'കാണാം ..ആരാ നല്ല ഡോക്ടര്‍ഉള്ളത്?'
'ആ ക്ലീറ്റസ് ഉണ്ടല്ലോ' അത് പറഞ്ഞതും സരോജ അറിയാതെ വാ
പൊത്തി.
'എന്റമ്മേ..വേണ്ട..'
'പിന്നെന്ത് ചെയ്യും ?'
'ഒരു മന്ത്രവാദിയെ കണ്ടാലോ?'
'അയ്യേ..ഇക്കാലത്ത് ആരാ മന്ത്രവാദം ഒക്കെ ചെയ്യുന്നത്?'
'പിന്നെ എന്ത് ചെയ്യും ?'
'എന്കില്‍ ഞാന്‍ ഒരു കാര്യം പറയാന്‍ പോകുന്നു...വിഷമം
തോന്നരുത്'
'പറയ്..സരോജേ'
'എനിക്ക് ഇങ്ങനെയൊരാളുടെ കൂടെ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഞാനും മോനും എന്റെ വീട്ടിലേയ്ക്ക് പോകുകയാ'
'സരോജേ. നീയും ?'
'പിന്നെ? നിങ്ങടെ അസുഖം മാറീട്ട് വരാം ഞങ്ങള്‍ '
പിറ്റേ
ദിവസം സരോജയും മകനും വീട്ടിലേയ്ക്ക് പോയതോടെ അയാള്‍ ഈ ലോകത്തെ ഒരു അവസാനബിന്ദു
പോലെയായി.
ഒറ്റയ്ക്കിരിക്കുമ്പോള്‍
ക്ലാ ക്ലാ എന്ന് മനസ്സില്‍ ആരോ ചുറ്റിക കൊണ്ട് ഇടിയ്ക്കുന്നത് പോലെ. ഒരുപാട്
ആലോചിച്ചതിനു ശേഷം അയാള്‍ ഒരു തീരുമാനത്തിലെത്തി.
ക്ലാ
യെ സ്നേഹിക്കുക.
കോളേജില്‍ പഠിക്കുമ്പോള്‍ ഇഷ്ടമല്ലെന്ന് പറഞ്ഞ എത്ര പെണ്‍
പിള്ളേരുടെ പിറകേ നാണമില്ലാതെ അലഞ്ഞിട്ടുണ്ട്. പിന്നെയാണ്`
ഒരു ക്ലാ.
അയാള്‍
ശബ്ദതാരാവലി തുറന്ന് ക്ലാ ഇല്‍ തുടങ്ങുന്ന വാക്കുകള്‍ ഉരുവിട്ടു പഠിക്കാന്‍
തുടങ്ങി. ഒരോ വാക്കിനും ഓരോ തവണ വീതം ചര്‍ദ്ദിച്ചു. പതുക്കെപ്പതുക്കെ
ക്ലാ വരുതിയിലാകാന്‍ തുടങ്ങി. വെറുപ്പ് അകന്നു തുടങ്ങി.
ക്ലബ്ദതാരാവലി, ക്ലാവാലം, ക്ലേശാഭിമാനി, ക്ലാലചന്ദ്രന്‍ ക്ലുള്ളിക്കാട്, ക്ലോഹന്‍
ലാല്‍ , ക്ലുരേഷ് ക്ലോപി, ക്ലേശ,
ക്ലത്രിക, ക്ലം ടി ക്ലാസുദേവന്‍ നായര്‍,
ക്ലാബ്ലോ നെരൂദ, ക്ലുമ്മന്‍ ചാണ്ടി, ക്ലന്മോഹന്‍ സിങ്ങ്, ക്ലിന്ത്യ, ക്ലൈന എന്നിങ്ങനെ ക്ലാ ആവുന്നത്ര പ്രയോഗിച്ച് ഒരു വിധത്തില്‍ ആ മനം പിരട്ടലില്‍
നിന്നും മോചനം നേടി. ഇനി ധൈര്യമായി
പുറത്തിറങ്ങാമെന്നായപ്പോള്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു. അവധി
മതിയാക്കി തിരിച്ചു വരുന്നെന്ന് അറിയിച്ചു. സരോജയും മകനും സന്തോഷത്തോടെ
തിരിച്ചെത്തി. ക്ല വച്ചുള്ള കുറേ വാക്കുകള്‍ പറഞ്ഞ്
പരിശോധിച്ചു. ഒരു കുഴപ്പവുമില്ല.
അന്ന്
വൈകുന്നേരം എഴുത്തുകാരന്‍ ശശി തറയില്‍ വീട്ടിലേയ്ക്ക് വന്നു.
'വാസു..എനിക്കും തന്നെപ്പൊലൊരു പ്രശ്നം '
'ഏതാണാ വാക്ക്?' അയാള്‍ ചോദിച്ചു.
'ഞ്ച'
വാസു
സന്തോഷത്തോടെ അകത്തേയ്ക്ക് പോയി ശബ്ദതാരാവലി എടുത്തുകൊണ്ടു വന്ന് എഴുത്തുകാരന്` സമ്മാനിച്ചു.
'ഇതേയുള്ളൂ മരുന്ന്..' അയാള്‍ ആഹ്ലാദത്തോടെ പറഞ്ഞു.
പക്ഷേ, 'ഞ്ച'
ഇല്‍ തുടങ്ങുന്ന എത്ര വാക്കുണ്ട്?
ക്ല..ഒരു സംഭവം തന്നെ ..
ReplyDeleteഞ്ച... മറ്റൊരു സംഭവം
ഒരു നാട്ടുകാര്‍ക്ക് പടര്‍ന്നു പിടിച്ച രോഗം ...
അടുത്ത ആള്‍ ഇനി എന്തക്ഷരവുമായിട്ടാണോ വരവ് ..
ആശംസകള്‍
നമ്മുടെ കാക്കനാടന്‍റെ കസേര നിങ്ങള്ക്ക് ഞാന്‍ നീട്ടിയിട്ടു തരുന്നു, ഇരുന്നാലും.
ReplyDeleteഉഗ്രന്‍!!!,!!!!!
ക്ലാസ് സാധനം.
ReplyDelete..
loved it
ReplyDeleteആഹാ!ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
ReplyDeleteക്ലയേഷേ.. ഈ ക്ലഥ ക്ലംഭീരം ക്ലായിട്ടുണ്ട്. ക്ലത്യസ്ഥമായ ഒരു ക്ലാവന. ക്ലീ ക്ലാവനക്ക് ക്ലൊരു ക്ലൊടുകൈ... :)
ReplyDeleteട്രാന്‍സിലേഷന്‍ വേണ്ടല്ലോ അല്ലേ :):)
ക്ലാസായിട്ടുണ്ട് ട്ടോ....ഒരു അക്ഷരം കൊണ്ടൊരു കഥ ഒക്കെ ഉണ്ടാക്കാന്‍ പറ്റും അല്ലെ..അതും ഇത്ര ഭംഗി ആയിട്ട്..
ReplyDeleteക്ലൂപ്പർ ക്ലിടു ക്ലിക്ക്ലിടു..ക്ലിടിലൻ
ReplyDeleteജയേഷെ ഇത് കലക്കി. നല്ലൊരു ചിന്ത. നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
ReplyDeleteThis comment has been removed by the author.
ReplyDeleteമനോചേട്ടൻ ആണു ഈ വഴി കാണിച്ചത്...ഇതു നല്ല ഒരു രീതി ആണു പൊസ്റ്റിൽ നല്ല നർമ്മം കൊടുത്തിട്ട്..വാക്കുകൾ..സീരിയസ്സായി പറയുന്ന രീതി...ഒന്നാം തരം വായന നല്കി ...
ReplyDelete“..ആരാ നല്ല ഡോക്ടര്‍ഉള്ളത്?'
ReplyDelete'ആ ക്ലീറ്റസ് ഉണ്ടല്ലോ' ..!
സംഗതി ഉസ്സാറായി..!
ന്നാലും “ക്ല” എന്നത് ഒരു “വാക്ക്” ആയി കാണണ്ടായിരുന്നു.
അതിനെ ഒരു “അക്ഷര”മായിക്കാണുന്നതല്ലേ നല്ലത്..?
ഈ നല്ല്ല എഴുത്തിന് ആശംസകള്‍..!പുലരി
ഓ സൂപ്പര്‍ സൂപ്പര്‍. ക്ളിടിലം.........
ReplyDeleteഎന്റമ്മേ..ഈ 'ഞ്ച' എന്നിലും ചാഞ്ചല്ല്യം ഉണ്ടാക്കി തുടങ്ങി..
ReplyDeleteഒരു സംശയം.ക്ല എന്നത് വാക്കാണോ..?അതിനെ കൂട്ടക്ഷരം എന്നല്ലേ പറയുക..?
ReplyDeleteകഷ്ടകാലത്തിനാണെന്നു തോന്നുന്നു ഈ ബ്ലോഗില്‍ വന്നെത്തപ്പെട്ടത്.എന്നെയും ഇത് പോലെ ഓരോന്നൊക്കെ പിടി കൂടാന്‍ വരുന്നെന്ന ഒരു തോന്നല്‍.
ഇരിപ്പിടത്തിനു നന്ദി
വായിച്ച് അഭിപ്രായം പറഞ്ഞവര്‍ ക്കെല്ലാം നന്ദി. ക്ല, വാക്കോ അക്ഷരമോ എന്നൊരു സംശയം നിലനില്ക്ക്കുന്നുണ്ടല്ലേ...വിട്ടേക്ക്..കഥയില്‍ ചോദ്യമില്ലല്ലോ..
ReplyDeleteആശംസകള്‍
ക്ലയേഷ്
ജയെഷേട്ട ക്ലിടിലോല്‍ ക്ലിടിലം......
ReplyDeleteഇത്ര ക്ലിപ്തമായി ക്ലേശമില്ലാതെ ഒരു വായന തന്നതിന്
ReplyDeleteക്ലിയര്‍ ആയി പറഞ്ഞാല്‍ ക്ലാപ്പ് അടിയ്ക്കാന്‍ തോന്നുന്നു.
ക്ലിത് ക്ലലക്കി.. ക്ലിരിച്ചു ക്ലിരിച്ചു ക്ലരിച്ചു.. ക്ലാശംസകള്‍.
ReplyDeleteകഥയിലും കമന്റുകളിലും ഒരി ക്ല മയം.. വ്യത്യസ്തമായ ഒരാശയം രസകരമായി പങ്കു വച്ചിരിക്കുന്നു
ReplyDeleteഒരു 'ക്ലാ'-യില്‍ നിന്നും ഒരു കഥ ജനിപ്പിച്ചിരിക്കുന്നു....
ReplyDeleteവിത്യസ്തമായ ഒന്ന്....അഭിനന്ദനങ്ങള്‍....
എന്നാലും 'ക്ലാ' എന്നാ അക്ഷരം തന്നെ തിരഞ്ഞെടുക്കനമായിരുന്നോ?
കഥയില്‍ ആണേല്‍ പോലും ഞങ്ങടെ ക്ലാരയെയോ പപ്പെട്ടനെയോ പറഞ്ഞാല്‍ ഞങ്ങള്‍ ക്ലാരയുടെ ആരാധകര്‍ വെറുതെ ഇരിക്കുമെന്ന് കരുതുന്നുണ്ടോ?
പിന്നെ, അവസാനം 'ക്ലാ'-യെ നായകന്‍ സ്നേഹിച്ചത് കൊണ്ട് മാത്രം ഞങ്ങള്‍ വെറുതെ വിടുന്നൂ....
ജയ് ജയ് ക്ലാ....!
ജയ് ക്ലാര ജയ്..!
ശ്രീ.വേളൂർ കൃഷ്ണൻ കുട്ടിയുടെ ക്ലാരമ്മയുടെ 'ക്ലാ'എന്നൊരു ഹാസ്യ കഥയുണ്ട്...അതിൽ ഈ ക്ലാ ഒരു വില്ലനാകുന്നൂ...ഞാൻ അതിനെ തിരുവന്ന്തപുരം ദൂരദർശനിൽ ഒരു ഷോർട്ട് ഫിലിമാക്കി അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ആ റോൾ കൈകാര്യം ചെയ്തത്.യശശരീരനായ നടൻ,ശ്രി.കൃഷ്ണൻ കുട്ടിയായിരുന്നൂ..അന്ന് ഷൂട്ടിങ്ങിനിടയിൽ ചിരിച്ച ചിരിയുടെ ബാക്കിപത്രമാകുന്നൂ...ഈ 'ക്ലാ' വീണ്ടും ചിരിപ്പിച്ന്തിനു ആശംസകൾ
ReplyDeleteഉഗ്രന്‍!
ReplyDeleteനന്നായിരിക്കുന്നു രചന
ReplyDeleteആശംസകള്‍
ക്ലിയര്‍ ആയി പറഞ്ഞു , സംഭവം ക്ലാസായിട്ടുണ്ട് ടോ ...:)
ReplyDeleteക്ലിയര്‍ ആയി പറഞ്ഞു , സംഭവം ക്ലാസായിട്ടുണ്ട് ടോ ...:)
ReplyDeleteക്ല ക്ലീ ക്ലൂ..
ReplyDeleteക്ലിയറായൊരു കഥാ ക്ലൂവിലൂടെയുള്ള സഞ്ചാരം...!
ശ്ശൊ ഞാൻ പേടിച്ചു പോയി പാത്രം കഴുകുന്ന സരോജ പാത്രം ക്ലാവു പിടിച്ചെന്നു പറയും ന്ന് രക്ഷപെട്ടു
ReplyDelete:)
...:) നല്ല ചിന്ത... നന്നായി അവതരിപ്പിച്ചിരിക്കുന്നു...!!
ReplyDeleteജയേഷ്,
ReplyDeleteവായിച്ചു.. രസിച്ചു ....
അതില്‍ പറയുന്ന ശശി തറയില്‍ എന്ന എഴുത്തുകാരന്‍ എന്‍റെ സുഹൃത്താണ്.. അദ്ദേഹത്തെ വിളിച്ചു ചോദിക്കണം ഞ്ച' യുടെ ഉപദ്രവം തീര്‍ന്നോയെന്ന്..
ഒരു കാര്യം പറയാതെ വയ്യ, ഇത്രയും അധികം ക്ല നമ്മള്‍ ഉപയോഗിക്കുന്നു എന്നു നായകനെ പോലെ എനിക്കും മനസിലായി, ഏതു പേടിയേയും അതിനെ കണ്ടും കൊണ്ടും തന്നെ തീര്‍ക്കണം എന്ന വാശിയെ മരുന്നൊള്ളൂ എന്ന ആശയം സത്യമായും നന്നായി പറഞ്ഞു, വെറുമൊരു ക്ലായിലൂടെ..വ്യത്യസ്ഥവും, ബോറടിപ്പിക്കാതെയും ..അവസാനിപ്പിച്ചു..
ReplyDeleteക്ലാപ്പ്...
ReplyDeleteവിരലിന്റെ ഒരറ്റം മുറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എപ്പോഴും ആ ഭാഗം എവിടേലും മുട്ടുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്... അപ്പോഴേ നമ്മള്‍ ശ്രദ്ധിക്കുന്നുള്ളൂ ആ തട്ടലും മുട്ടലും...
ReplyDeleteഅതെ മനോവിചാരം തന്നെയിവിടെയും....
ഈ ആശയത്തിനും ലളിതമായ അവതരണത്തിനും ക്ലാപ്പുണ്ട്...
jayesh etta.....gud job:)....aparna narendran
ReplyDeleteക്ലലക്കി.. ക്ലായിരം ക്ലാപ്പ്...
ReplyDeleteഅവസാനം ഇഞ്ചി കടിചെന്നു പറഞ്ഞ പോലെ ആയി.. :D
ReplyDeleteവളരെ വളരെ ഇഷ്ടപ്പെട്ടു. പുതുമയുള്ള പ്രമേയം.അതിലുപരി എന്റെ വട്ട് സ്വഭാവത്തിന് സമാനതകളുമായി മറ്റൊരാളെ കണ്ടെത്തിയ സന്തോഷം. ഞാനും ഇത്തരം ചില കാര്യങ്ങളില്‍ ചെവിപൊത്തി,പല്ലിറുമ്മി, ഓടിയൊളിച്ച് പ്രതികരിക്കാറുണ്ട്. ഉദാ:-മകന്‍ ചില സംസാരഭാഷ ഉപയോഗിക്കുമ്പോള്‍ കിണ്ണന്‍ , മുറ്റ്, കിടിലന്‍ , എന്നൊക്കെ പറയുമ്പോള്‍ ഞാന്‍ ചെവിപൊത്തി പൊട്ടിത്തെറിക്കും. പിന്നെ തമിഴ് സംസാരം കേള്‍ക്കുമ്പോള്‍ ഞാന്‍ രംഗത്ത് നിന്ന് നിഷ്കാസിതയാകും.
ReplyDeleteക്ലാക്കിത്രയും ആരാധകരോ!! ഉഗ്രന്‍ കഥ .... ക്ലവി കൊള്ളാം :)
ReplyDeleteക്ല എന്ന് ജയേഷിന്മ്റ്റെ ബ്ലോഗില്‍ കണ്ടിരുന്നെങ്കിലും വായിക്കുന്നത് ഇന്നാണ്, താങ്ക്സ് റ്റു അംജത്!
ReplyDeletesooppar ...jayesh san... enjoyed your story in the printed emashi... now this one is simply great!!
ReplyDeleteക്ലമ്മേ..... ക്ളിതെന്തേ ക്ലാന്‍ ക്ലിത്വരെ ക്ലണ്ടില്ല...
ReplyDeleteക്ല ക്ലാസ്സായി B|
kidilan
ReplyDelete