ബോൾട്ട്

ഉസൈൻ ബോൾട്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരൻ. ഒളിമ്പിക്സിൽ സ്വർണ്ണമെഡലുകളും ലോകറെക്കാർഡും നേടിയ ജമൈക്കൻ കായികതാരം…

ബോൾട്ട് ലണ്ടനിലെ ട്രാക്കിലൂടെ സ്വർണ്ണമെഡലിലേയ്ക്കും ലോകറെക്കാർഡിലേയ്ക്കും കുതിയ്ക്കുമ്പോൾ, ഇവിടെയൊരാൾ താൻ ഒന്നര വർഷമായി ചിലവഴിച്ചു കൊണ്ടിരിക്കുന്ന ട്രാക്കിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ലണ്ടനിനല്ല, ഇങ്ങ് ഇന്ത്യയിലെ ഒരു നഗരത്തിൽ. വീട്, ജോലിസ്ഥലം എന്നിവയ്ക്കിടയിലുള്ള ഏതാനും കിലോമീറ്റർ ദൂരമായിരുന്നു അയാളുടെ ഒളിമ്പിക് ട്രാക്ക്. ഈ ഒന്നര വർഷത്തെ ഓട്ടത്തിനിടയിൽ അയാൾ ട്രാക്കിൽ നിന്നും ഇറങ്ങിയിട്ടില്ലായിരുന്നു. എന്നു വച്ചാൽ വീട്, ജോലിസ്ഥലം എന്നിവയുടെയിടയിൽ ഒതുങ്ങുകയായിരുന്നു.

വിശ്വസിക്കാൻ ബുദ്ധിമുട്ട് കാണും. എന്നാൽ കേട്ടോളൂ, ഈ ഏതാനും കിലോമീറ്ററുകൾക്കിടയിൽ വന്ന മാറ്റങ്ങൾ അയാൾ കൃത്യമായി പറയും. മറ്റൊന്നും അറിയുകയുമില്ല.

ഉദാഹരണത്തിന്, പ്രധാനതെരുവിലെ അലങ്കോലമായ ട്രാഫിക് നിയന്ത്രിക്കാൻ വേണ്ടി റോഡിനെ രണ്ടായി പകുത്തുകൊണ്ട് സിമന്റിൽ നിർമ്മിച്ച ഡിവൈഡർ സ്ഥാപിച്ചത്. കോളനിയിലെ ചില കെട്ടിടങ്ങളുടെ നിറം മാറിയത്, വഴിയോരത്തെ കച്ചവടക്കാർ ഒഴിപ്പിക്കപ്പെട്ടതും പിന്നീട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അവർ തിരിച്ചു വന്നതും, ഓഫീസിനടുത്തുള്ള മെഡിക്കൽ ഷോപ്പ് ഓട്ടോമൊബൈൽ സാധനങ്ങൾ വിൽക്കുന്ന കടയായി മാറിയത്, എ ടി എം പൂട്ടിയത്, ചായക്കടകളുടെ സ്ഥാനചലനങ്ങൾ, മെട്രോ റെയിൽ വരുന്നതിന്റെ മുന്നോടിയായി ഇരുമ്പിൽ തീർത്ത ചട്ടങ്ങളിൽ തൊഴിലാളികൾ ബോൾട്ടുകൾ മുറുക്കിക്കയറ്റുന്നത്….

ആ ബോൾട്ടുകൾ ഇപ്പോൾ മഴ കൊണ്ട് തുരുമ്പ് പിടിക്കാൻ തുടങ്ങിയിട്ടുണ്ടാകും…

എന്നാലും അയാൾ ആ ട്രാക്കിലൂടെ ദിവസവും അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. ബോൾട്ടിന് ഒരിക്കലും ഓടാതിരിക്കാനാകാത്തതു പോലെ.

ഇപ്പോൾ മനസ്സിലായില്ലേ, വിശ്വാസമായില്ലേ?

എന്നാൽ, ഈ ദിവസം, അയാൾ ട്രാക്ക് വിടാൻ തീരുമാനിച്ചു. ചിലന്തിവല പോലെ തന്നെ ഒരിടത്ത് കുടുക്കിയിട്ടിരിക്കുന്ന നഗരത്തിന്റെ സിരകളിലൂടെ ഓടണമെന്ന് തീരുമാനിച്ചു. എതിർദിശയിലൂടെ തുടങ്ങാമെന്ന് വച്ചു. ഓട്ടോറിക്ഷകൾ ഒരിടത്ത് യാത്രക്കാരെ കാത്തു കിടക്കുന്നുണ്ട്. വെടിയൊച്ച കേൾക്കാൻ കാതോർക്കുന്ന ഓട്ടക്കാരെപ്പോലെ.

ഓട്ടോറിക്ഷ എന്നേയും കൊണ്ട് കുതിച്ചു (പറയാനുള്ള എളുപ്പത്തിനു വേണ്ടി ഇനി മുതൽ ‘അയാൾ’ ‘ഞാൻ’ ആവുകയാണ്). തകർന്ന ട്രാക്കിലൂടെ, ക്ഷമിക്കണം റോഡിലൂടെ കുലുങ്ങിക്കുലുങ്ങി ഞങ്ങൾ പായുന്നു. പാതയോരങ്ങളിലെല്ലാം ബോൾട്ടുമാരെക്കൊണ്ട് നിറഞ്ഞിരുന്നു. അങ്ങോട്ടുമിങ്ങോട്ടും നൂറായിരം മീറ്റർ ഓട്ടമത്സരങ്ങൾ.

അതിനിടയിലൂടെ, ഒരു ജമൈക്കൻ അത് ലറ്റിനെപ്പോലെ ഞങ്ങളുടെ ഓട്ടോറിക്ഷയും.

ഓട്ടോറിക്ഷയുടെ മീറ്റർ കുലുങ്ങിത്തെറിയ്ക്കുന്നുണ്ടായിരുന്നു.

‘ഇതിനെന്തു പറ്റി?’ ഞാൻ ചോദിച്ചു.

‘ഓ..അതിന്റെ ആ സാധനം പോയി’ ഓട്ടോക്കാരൻ താല്പര്യമില്ലാത്തതു പോലെ പറഞ്ഞു.

‘ബോൾട്ട്’ ഞാൻ മനസ്സിൽ കരുതി.

‘അതെ..അതു തന്നെ..’ ഓട്ടോക്കാരൻ പറഞ്ഞു.

അപ്പോൾ എന്റെ മൊബൈൽ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ കണ്ടപ്പോൾ എടുക്കേണ്ടെന്ന് വച്ചു. ക്രെഡിറ്റ് കാർഡ്, ലോൺ, വിവാഹം, തൊഴിൽ എന്നിങ്ങനെ എത്രയെത്ര വിളികൾക്കാണ് താല്പര്യമില്ലായ്ക പറയേണ്ടിവരുന്നത്. ഇന്നത്തെ ദിവസം അതിനൊന്നും കൊടുക്കില്ലെന്ന് തീരുമാനിച്ചു.

വീണ്ടും മൊബൈൽ കരഞ്ഞു. കേട്ടില്ലെന്ന് നടിച്ചു.

നിർത്ത്, ഞാൻ പറഞ്ഞു. ഓട്ടോറിക്ഷ ഒരു ഓരത്ത് നിർത്തി. യാത്രയുടെ പകുതിലെങ്ങോ ഇറങ്ങിപ്പോയെന്ന് തോന്നലുണ്ടായെങ്കിലും…

അപ്പോൾ മൊബൈലിൽ എസ് എം എസ് വന്ന ശബ്ദം.

ദേഷ്യത്തോടെ എടുത്തു നോക്കിയപ്പോൾ ഒരു ചെറിയ സന്ദേശമാണ്.

‘wnt 2 tlk 2 u’

‘hu s dis?’

‘bolt’

പിന്നാലെ അതേ നമ്പറിൽ നിന്ന് വിളിയും വന്നു. ഞാൻ സംസാരിച്ചു.

‘ഹലോ..ഞാൻ ബോൾട്ട് ആണ്..ഉസൈൻ ബോൾട്ട്..’

‘പറയൂ’

‘എനിക്ക് നിങ്ങളെ ഒന്ന് കാണണം..വൈകുന്നേരം ഫ്രീയായിരിക്കുമോ?’

‘എന്താ കാര്യം?’

‘പറയാം..വൈകുന്നേരം ***ലേയ്ക്ക് വരൂ’

‘ശരി’

എന്തിനായിരിക്കണം ഉസൈൻ ബോൾട്ട് എന്നെ കാണണമെന്ന് പറയുന്നതെന്നൊന്നും അപ്പോൾ ഞാൻ ആലോചിച്ചില്ല. യാതൊരു ആകാംക്ഷയ്ക്കും സ്ഥാനമില്ലാത്തവിധം ശൂന്യമായിരുന്നു മനസ്സ്.


ഞാനിറങ്ങിയത് ഒരു ഷോപ്പിങ് മാളിന്റെ മുന്നിലായിരുന്നു. ശരി കയറിക്കളയാം എന്ന് കരുതി അകത്തേയ്ക്ക് കടന്നു. ബോൾട്ട് പറഞ്ഞ സമയത്തിന് ഇനിയും മണിക്കൂറുകളുണ്ട്.
അകത്ത് നല്ല കുളിരായിരുന്നു. ധാരാളം ആണുങ്ങളും പെണ്ണുങ്ങളും തിരക്കിട്ട് സാധനങ്ങൾ വാങ്ങുന്നുണ്ടായിരുന്നു. എല്ലാവരും പുതിയ ആളുകൾ. ഏതോ ഏലിയൻ സിനിമയിൽ കുടുങ്ങിയത് പോലെ തോന്നി എനിക്ക്. ഒന്നും വാങ്ങാനില്ലായിരുന്നതിനാൽ അധികനേരം അവിടെ ചിലവഴിച്ചില്ല. പുറത്തിറങ്ങി ഒരു ചായ കുടിച്ച് റോഡിലൂടെ നടന്നു. നടക്കുന്നത് വളരെ നാളുകൾ കൂടിയാണല്ലോ. കാലുകൾ തിടുക്കം കൂട്ടുന്നത് പോലെ.

വൈകുന്നേരമായപ്പോൾ ബോൾട്ട് പറഞ്ഞ സ്ഥലത്തേയ്ക്ക് തിരിച്ചു. അതൊരു പബ്ബ് ആയിരുന്നു. കനത്ത സംഗീതത്തിന് ചുവടുകൾ വയ്ക്കുന്നവരെക്കൊണ്ട് നിറഞ്ഞിരുന്നു. ബാർ കൌണ്ടറിന്റെ ഒരറ്റത്ത് അയാളെ കണ്ടു. ഒളിമ്പിക്സിൽ ധരിച്ചിരുന്ന അതേ വേഷം. ലണ്ടനിൽ നിന്നും അതേ പോലെ ഓടുകയായിരുന്നോ ഇയാൾ?

‘ഹലോ’ ഞാൻ പറഞ്ഞു.

‘ഹലോ..സുഖമല്ലേ?’ അയാൾ കറുത്ത് ബലിഷ്ഠമായ കൈ തന്നു.

‘എന്താ കാണണമെന്ന് പറഞ്ഞത്?’

‘വരൂ..ഇവിടെ വല്ലാത്ത ബഹളം..നമുക്ക് പുറത്ത് പോകാം’

ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.

‘അല്ലാ…ഞാൻ കുറേനാളായി നിങ്ങളെ ശ്രദ്ധിക്കുകയായിരുന്നു. എപ്പൊ നോക്കിയാലും ഓട്ടമാണല്ലോ..എന്തിനാ ഇങ്ങനെ ഓടുന്നത്?’

ഞാൻ ചിരിച്ചു, അല്ലാതെന്ത് ചെയ്യാൻ!

‘ബോൾട്ടേ…നിങ്ങൾ എന്തിനാണ് ഓടുന്നത്?’

‘ഓട്ടം എന്റെ ജീവനാണ്’

‘ഞങ്ങൾക്കും അങ്ങിനെയാണ്’

‘ഞങ്ങൾ? അപ്പോൾ വേറെ ആളുകളുമുണ്ടോ നിങ്ങളുടെ കൂടെ?’

‘ഈ രാജ്യം മുഴുവൻ ഓട്ടക്കാരാണ് ബോൾട്ട്’

‘എന്നിട്ട് ഒളിമ്പിക്സിൽ നിങ്ങളെയാരേയും കണ്ടില്ലല്ലോ?’

‘ഞങ്ങളും ജീവിക്കാൻ വേണ്ടി ഓടുകയാണ്’

‘ഓഹ്..അത്രയ്ക്ക് പെരുപ്പിക്കുകയൊന്നും വേണ്ട’

‘ഉവ്വ…ചങ്ങാതീ, ഈ ഞങ്ങൾ ഒരായുസ്സിൽ ഓടിയത് നേരെ നിവർത്തി വച്ചാൽ സൌരയൂഥം താണ്ടും’

‘നുണ..നിങ്ങൾ വെറുതേ വീമ്പടിക്കുകയാണ്’

‘എങ്കിൽ ഒന്നോടി നോക്കിയാലോ?’

‘ഓക്കേ…എങ്ങോട്ട്?’

‘ഇവിടന്ന് രണ്ട് കിലോമീറ്റർ ദൂരെയുള്ള ഫ്ലൈ ഓവർ വരെ’

‘ശരി’

ഞങ്ങൾ തയ്യാറായി. പൊസിഷനിൽ നിന്നു. ആരോ വെടി പൊട്ടിച്ചു.

ഞാൻ ഓടി..സാധാരണ എന്നും ഓടാറുള്ളത് പോലെ. ഒരു പ്രയാസവും തോന്നിയില്ല. കാലുകൾ ആനന്ദം കൊണ്ട് കരയുന്നത് പോലെ.

ലക്ഷ്യത്തിലെത്തി തിരിഞ്ഞ് നോക്കിയപ്പോൾ ദൂരെ ഒരു പൊട്ട് പോലെ ബോൾട്ടിനെ കണ്ടു.

- മലയാളനാട് ഓണപ്പതിപ്പിൽ വന്ന കഥ

18 comments:

  1. ബോൾട്ട് ഇളകിയല്ലേ? :)

    ReplyDelete
  2. മനോഹരമായൊരു ഫ്രൈമില്‍ കഥ പറഞ്ഞു . അതിലുപരി ഈ ആശയം ..എത്ര സത്യമാണ് ഇതെന്ന് ചിന്തിച്ചു പോകുന്നു. ഈ ലോകം മുഴുവന്‍ ഓട്ടക്കാരാണ്‌...,..എന്തിനോ വേണ്ടി എങ്ങോട്ടൊക്കെയോ ഓടിക്കൊണ്ടെയിരിക്കുന്നു..പക്ഷെ അവരെല്ലാം വിജയിക്കുന്നുണ്ടോ ...ചിന്തിക്കുന്നു വീണ്ടും...

    ആശംസകളോടെ

    ReplyDelete
  3. ഉത്രാടപ്പാച്ചിലിനോട് ചേര്‍ത്തുവച്ച ജീവിതപ്പാച്ചില്‍ ഇഷ്ടമായി.

    ReplyDelete
  4. രസിപ്പിച്ച നല്ലൊരു കഥ.നമ്മുടെ നാട്ടിലും ഒരുപാട് ബോള്‍ട്ട്മാര്‍ ജീവിക്കാന്‍ വേണ്ടി ഓടിതകര്‍കുനുണ്ടല്ലേ?ഇഷ്ടമായി ഒരുപാട് ചെറിയ ആശയത്തെ പെരുപ്പിച്ചു എഴുതിയ കഥ .

    ReplyDelete
  5. Carrying a good message. The frame selected also is appreciable. Good read!

    ReplyDelete
  6. ജീവിതമാകുന്ന ഓട്ടത്തില്‍ ബോള്‍ട്ട് ഒന്നും ഒന്നുമല്ല അല്ലെ. ജീവിക്കാന്‍ വേണ്ടി ഓടുന്നവരുടെ കഥ. നന്നായിരിക്കുന്നു.

    ReplyDelete
  7. ആനന്ദം കൊണ്ട് കരയുന്ന കാലുകളിൽ രണ്ടറ്റവും മുട്ടിക്കാൻ മരണപ്പാച്ചിൽ പായുന്ന ഇന്ത്യ....

    നന്നായി പറഞ്ഞു ജയേഷ്...

    ReplyDelete
  8. അളന്നു തിട്ടപെടുത്തിയ 100 മീറ്റര്‍ സിന്തറ്റിക്‌ ട്രാക്കില്‍ റെക്കോര്‍ഡ്‌ സൃഷ്ടിക്കുന്ന ബോള്‍ട്ടിനു ജീവിതത്തിന്റെ ട്രാക്കില്‍ രണ്ടു കിലോമീറ്റര്‍ പോയിട്ട് 200 മീറ്റര്‍ ഓടാന്‍ പറ്റില്ല. . . അത് മനസിലാക്കിയാല്‍ നന്ന്. . .

    ഇന്ത്യക്ക് ഒളിമ്പിക്സ്‌ മെഡലിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് കൂടി പറയുന്നു ഈ കഥ എന്ന് തോന്നി

    ReplyDelete
  9. ഓട്ടം
    ഒളിച്ചോട്ടം
    ജീവിക്കാനോട്ടം

    കഥ സൂപ്പറായിരിയ്ക്കുന്നു

    ReplyDelete
  10. ഇഷ്ടപ്പെട്ടു...

    ReplyDelete
  11. നന്നായിട്ടുണ്ട്. സമയവും ദൂരവും കുറിയ്ക്കാതെ ജീവിതം മുഴുവന്‍ ഒറ്റയ്ക്ക് ഓടിത്തീര്‍ക്കുന്നവര്‍ എത്രയെത്ര..

    ReplyDelete
  12. കഥ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷ. എല്ലാവർക്കും നന്ദി.

    ReplyDelete
  13. കഥ വ്യത്യസ്തം.. ഇഷ്ടപെട്ടു

    ReplyDelete
  14. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  15. ജയേഷ്, രസിച്ചു!

    സച്ചിന്റെ നൂറാം സെഞ്ച്വറിയോട് ചേര്ത്ത് വായിക്കാവുന്ന പോസ്റ്റ്!

    അഭിനന്ദനങ്ങള്‍!

    ReplyDelete
  16. "Aanandam kondu karayunna kaalukal."
    Ishtappettu !

    ReplyDelete