രാജസം



വങ്കരാജ്യത്ത് വരൾച്ച കൊടികുത്തി. കൊടും ചൂടിൽ ദിക്കുകൾ എരിഞ്ഞു. ഉണക്കപ്പുല്ല് പോലും കിട്ടാതെ കന്നുകാലികൾ ചത്തൊടുങ്ങി. കുടിവെള്ളത്തിനായി കാതങ്ങളോളം നടന്ന് ജനം വീടും നാടും മറന്നു. മരങ്ങൾ കരിഞ്ഞു വീണു. പുഴകൾ വറ്റിവരണ്ടു. കൃഷിയിടങ്ങളിൽ ജീവനറ്റു.

ജഠരാഗ്നിയിൽ വങ്കരാജ്യം വലഞ്ഞു.

എന്നിട്ടും സൂതന്മാർ വങ്കരാജ്യത്തിന്റെ മഹിമകൾ പാടിനടന്നു. വരൾച്ചയും കൊടുമയും വെറും അഭ്യൂഹങ്ങളാണെന്ന് അയൽ രാജ്യങ്ങളിൽ വാർത്ത പരന്നു. കാരണം, തപ:ശക്തി കൊണ്ട് മഴ പെയ്യിക്കാനും ക്ഷാമം നീക്കുവാനും കഴിവുള്ള മഹർഷിമാർ വംശമറ്റിരുന്നു. ഋശ്യശൃംഗൻ മണ്ണടിഞ്ഞിട്ട് നൂറ്റാണ്ടുകളായിരിക്കുന്നു. ഒരു വൈശാലി ആരുടേയും മറവിയിൽ പോലും ഇല്ലായിരുന്നു. കൊട്ടാരം വൈദികന്മാർ ഹോമകുണ്ഠത്തിന്റെ മുന്നിലിരുന്ന് രാവും പകലും ഹോമങ്ങൾ തുടർന്നു. ചമത കീറി കൊട്ടാരം പണിയാളരുടെ നടുവൊടിഞ്ഞു. കത്തുന്ന പകലുകളിൽ ഹോമാഗ്നിയിൽ നിവേദിക്കുന്ന നെയ്യ് വാസന മാത്രം ചുറ്റും പരന്നു. മന്ത്രങ്ങളുടെ ഒച്ച തളർന്നു. ഒരു ദേവനും കേൾക്കാനാകാത്ത വിധം…..



തദവസരം, സ്വർഗത്തിൽ പോലും പേരെടുത്ത മഹാരാജാവ് പള്ളിയുറക്കം കഴിഞ്ഞ് കണ്ണുകൾ തുറന്നു. തലേ ദിവസം അന്യനാട്ടിൽ നിന്നും വന്ന വണിക്കുകൾക്കായി വിരുന്നേർപ്പെടുത്തിയിരുന്നു. രാത്രി വൈകും വരെ ആട്ടവും പാട്ടും സൽക്കാരവും ഉണ്ടായിരുന്നു. മദ്യപിച്ചും കൊട്ടാരം ദാസിമാരുമായി സല്ലപിച്ചും രാത്രിയെത്ര വൈകിയെന്നറിയില്ല. പുലർന്നിട്ടിപ്പോൾ എത്ര നേരമെന്നുമറിയില്ല.

നൃത്തമണ്ഠപത്തിലെ ഒഴിഞ്ഞ മദ്യചഷകങ്ങളും വിരുന്നവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ദാസിമാരെയാണ് മഹാരാജാവ് കണി കണ്ടത്. സിംഹാസനത്തിൽ നിന്നും എപ്പോഴോ ഊർന്നുവീണ് നിലത്തെ വിലകൂടിയ പരവതാനിയിലായിരുന്നു അദ്ദേഹം പള്ളിയുറക്കം നടത്തിയത്. സ്ഥാനം തെറ്റിയ വസ്ത്രത്തിനിടയിലൂടെ തന്റെ വാർദ്ധക്യം ബാധിച്ച് ചുളിഞ്ഞ തൊലിയിലേയ്ക്ക് ദാസിമാർ അവജ്ഞയോടെ നോക്കിയിരിക്കുമോയെന്ന ചിന്ത തിരുമനസ്സിനെ വ്യാകലനാക്കി. ഒപ്പം തലേന്നത്തെ വീര്യത്തിന്റെ ബാക്കിപത്രമെന്ന നിലയിൽ തലയിൽ കനത്തിരിക്കുന്ന മേഘങ്ങൾ. കോട്ടുവായിട്ടപ്പോൾ മദ്യത്തിന്റെ പുളിച്ച നാറ്റം ശ്വസിച്ച് സ്വയം മൂക്ക് പൊത്തി.

‘മന്ത്രീ…’ മഹാരാജാവ് ക്ഷീണിച്ച സ്വരത്തിൽ വിളിച്ചു. കുളിച്ച്, അലക്കിത്തേച്ച വസ്ത്രങ്ങളണിഞ്ഞ് രാജാവിനേക്കാൾ മോടിയോടെ മന്ത്രി മുഖം കാണിച്ചു.

‘തിരുമനസ്സ് നീണാൽ വാഴട്ടെ’ മുട്ടോളം കുനിഞ്ഞ് മന്ത്രി അഭിവാദനം ചെയ്തു.

‘ഉം…’ രാജാവ് അരിശത്തോടെ എന്തോ പിറുപിറുത്തു.

‘ക്ഷമിക്കണം പ്രഭോ…അടിയന് മനസ്സിലായില്ല..എന്താണങ്ങയെ അലട്ടുന്നത്?’

‘അതറിയാൻ പോലും ബുദ്ധിയില്ലേ മന്ത്രിയ്ക്ക്?’

‘തിരുവുള്ളക്കേടുണ്ടാകരുത്…ഇന്നലെ രാത്രി അവിടുന്ന് എത്ര സന്തോഷവാ‍നായിരുന്നു..ആടിയും പാടിയും…ദാസിമാരൊത്ത്….’

രാജാവിന്റെ കത്തുന്ന നോട്ടത്തിൽ മന്ത്രിയ്ക്ക് വാക്കുകളറ്റു.

‘ദാസിമാർ…ഹും…ഈ പേക്കോലങ്ങളോ ദാസിമാർ? ദേഹത്ത് അല്പമെങ്കിലും മജ്ജയുള്ള ഒറ്റയൊരുത്തിയും ഇല്ലേ കൊട്ടാരത്തിൽ? ഈ പേക്കോലങ്ങളെയാണോ മന്ത്രി എനിക്കായി കണ്ടെത്തിയിരിക്കുന്നത്? അപമാനം തന്നെ..’

‘ക്ഷമിക്കണം പ്രഭോ…രാജ്യത്തെ ഏറ്റവും നല്ല പെൺ കുട്ടികളാണവർ…ബാക്കിയുള്ളത് അങ്ങയ്ക്ക് ഒന്ന് നോക്കാൻ പോലും പറ്റില്ല.’

‘നമ്മുടെ രാജ്യത്ത് തടിച്ചികൾ വംശമറ്റു പോയെന്നാണോ?’

‘ഇവർ ഒരുകാലത്ത് തടിച്ചികളായിരുന്നു പ്രഭോ…’

‘പിന്നെയെന്ത് പറ്റി?’

മന്ത്രി എന്തോ പറയാൻ തുനിഞ്ഞു, പക്ഷേ രാജകോപത്തിന് പാത്രമാകാൻ ഇഷ്ടമില്ലാത്തതിനാൽ മൌനം പാലിച്ചു.

അനന്തരം മഹാരാജാവ് അന്തപ്പുരത്തിലേയ്ക്ക് പോയി. മഹാറാണി മുഖം കറുപ്പിച്ച് നിൽക്കുന്നുണ്ടായിരുന്നു. ദുർമേദസ്സ് നിറഞ്ഞ ആ ശരീരത്തിനെ അവജ്ഞയോടെ നോക്കിയിട്ട് തിരുമനസ്സ് പ്രഭാതകൃത്യങ്ങൾക്കായി പുറപ്പെട്ടു. കൊട്ടാരത്തിലെ കൃത്രിമജലാശയത്തിൽ നീന്തിത്തുടിയ്ക്കേ അദ്ദേഹത്തിന് ചെറുപ്പകാലം ഓർമ്മ വന്നു. അതെന്ത് മനോഹരമായിരുന്നെന്ന് മനസ്സിൽ വിഷാദത്തോടെ പറഞ്ഞു. പള്ളിനീരാട്ടും പള്ളിയമൃതും കഴിഞ്ഞപ്പോൾ ക്ഷീണം അല്പം കുറഞ്ഞത് പോലെ തോന്നി. ഇന്നിനി കൊട്ടാരനടപടികൾ മേൽനോട്ടം വഹിക്കാൻ മന്ത്രിയെ ഏൽ‌പ്പിച്ച് അദ്ദേഹം ഉദ്യാനത്തിലേയ്ക്ക് വിശ്രമത്തിനായി പോയി. കൊട്ടാരം കവിയെ വിളിപ്പിച്ച് അല്പം കവിത കേട്ടാലോയെന്ന് തോന്നി. പിന്നീട് വേണ്ടെന്ന് വച്ചു. അയാളുടെ മുഖസ്തുതിയ്ക്കൊന്നും പഴയ വീര്യമില്ല. കൊട്ടാരം ഗായകരുടെ മാധുര്യം നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട് പാട്ട് പാടുമ്പോഴേയ്ക്കും അവർ കിതയ്ക്കാൻ തുടങ്ങുന്നു. നർത്തകരാകട്ടെ, പാവക്കൂത്താണോയെന്ന് സംശയം തോന്നും വിധം ജീവനറ്റവ. ചിത്രകാരന് കണ്ണ് പിടിയ്ക്കുന്നില്ലത്രേ. എന്ത് പറ്റി എന്റെ രാജ്യത്തിന്!

രാജാവ് കുണ്ഠിതപ്പെട്ടു.

എന്റെ വിനോദങ്ങൾക്ക് അന്യദേശത്ത് പോകേണ്ടി വരുമോ? കുലദേവതയെ ധ്യാനിച്ച് തിരുമനസ്സ് വാടിയിലൂടെ ഉലാത്തി. കഷ്ടം! പൂക്കൾ പോലും നിറമറ്റിരിയ്ക്കുന്നു. ഇലകൾക്ക് പച്ചപ്പ് നഷ്ടപ്പെട്ടിരിയ്ക്കുന്നു. കാറ്റിന് തരളതയില്ല. എന്റെ മനസ്സിലും കപ്പൽഛേദം വന്നത് പോലെയുണ്ടല്ലോ!!!

ഉടൻ തന്നെ മന്ത്രിയെ വിളിപ്പിച്ചു. കൊട്ടാരം കാര്യങ്ങൾ സേനാധിപതിയെ ഏൽ‌പ്പിച്ച് മന്ത്രി ഓടിയെത്തി.

‘തിരുവുള്ളം’

‘മന്ത്രിപുംഗവാ…എന്താണ് നമ്മുടെ രാജ്യത്തിന് പറ്റിയത്? അയൽ രാജ്യത്തെ സുന്ദരിമാരെ നോക്കൂ. എത്ര മാംസളം…അവരുടെ ഗായകർക്ക് മധുരക്കരിമ്പിന്റെ സ്വരമാധുരി, അവരുടെ നർത്തകർ സ്വർഗലോകത്ത് നിന്നും വന്നവർ…ഈ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്?’

‘അങ്ങ് വൃഥാ വ്യസനിക്കുന്നെന്നേ പറയാനുള്ളൂ…’

‘അമ്മമഹാറാണി എവിടെ?’

‘പിംഗളദേശത്ത് അവധിക്കാലം ആസ്വദിക്കാൻ പോയിരിക്കുന്നു’

‘ആ രാജ്യത്തെ തടിച്ചികളെ മന്ത്രി കണ്ടിട്ടില്ലേ?’

‘ഉവ്വ്’

‘എന്നിട്ടാണോ?’

‘ആ തടിച്ചികൾ അവിടുന്ന് തന്നെ ഒരിക്കൽ സമ്മാനിച്ചവരാണ്. അവരിൽ പലർക്കും സുന്ദരികളായ പെൺ മക്കളുണ്ടായി..അവരും മഹാതടിച്ചികളായി വളരുന്നെന്ന് ചാരന്മാർ വഴി അറിയാൻ കഴിഞ്ഞു പ്രഭോ..’

‘ലജ്ജാവഹം….ഇനിയെന്ത് ചെയ്യും നമ്മൾ? നമ്മുടെ ദാസിമാരെ തിരികെ ചോദിച്ചാലോ?’

‘നാണക്കേട്..മാത്രമല്ല പിംഗളരാജൻ അതിന് സമ്മതിക്കുമെന്ന് കരുതുന്നുണ്ടോ?

‘പിന്നെ എന്തിനാണ് ഒരു മഹാസൈന്യം നമുക്ക്? പറഞ്ഞയയ്ക്കുക പടയെ…പിടിച്ച് കൊണ്ടുവരുക തടിച്ചികളെ.. എനിക്ക് പുത്രദു:ഖം പോലെ കനത്തതാണത്.‘

‘അമ്മമഹാറാണി സമ്മതിക്കുമെന്ന് തോന്നുന്നില്ല…അങ്ങുന്നിന്റെ ഭ്രമങ്ങളിൽ മഹാറാണി അസംതൃപ്തയുമാണ്’

‘എന്താണിതിനൊക്കെ കാരണം മന്ത്രീ?’

‘വൃദ്ധിക്ഷയം’ മന്ത്രി പിറുപിറുത്തു. ആ വാക്ക് ആദ്യമായി കേൾക്കുന്നത് പോലെ രാജാവ് കണ്ണ് മിഴിച്ചു.

‘പറയൂ മന്ത്രിപുംഗവാ…ഏത് മഹാമുനിയുടെ ശാപമാണിത്?’

‘ഇല്ല രാജൻ…അത്രയും തപ:ശക്തിയുള്ള ഒരു താപസൻ ഈ രാജ്യത്ത് കാലുകുത്തിയിട്ട് നൂറ്റാണ്ടുകളായിരിക്കുന്നു.’

‘ഉം…രാജകുമാരൻ എവിടെ? വങ്കരാജ്യത്ത് ഇത്ര വലിയ ആപത്ത് നടക്കുമ്പോൾ അവൻ എന്ത് ചെയ്യുകയാണ്?’

‘രാജകുമാരൻ സജ്ജനങ്ങളോടൊപ്പം തീർഥാടനത്തിലാണ്. വനവാസം സ്വയം സ്വീകരിക്കാൻ പോകുന്നെന്ന് കേട്ടു. നാടിന്റെ അഭിവൃദ്ധിയ്ക്കായി ബ്രഹ്മചര്യം സ്വീകരിക്കുമെന്നും…’

‘എന്റെ വംശം!‘ രാജാവ് നടുങ്ങി.

‘മഹാറാണി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലേ രാജൻ?’

‘ഇല്ല….മഹാറാണി തിരുവായ തുറന്നിട്ട് ദിവസങ്ങളായിരിക്കുന്നു.’

‘ഉം….’

‘അതിരിക്കട്ടെ മന്ത്രീ…എന്റെ സങ്കടത്തിനുള്ള പരിഹാരം പറയൂ..’

‘പരിഹാരം ഒന്നേയുള്ളൂ… ഒരു യുദ്ധം വേണമെങ്കിൽ ആകാം..പക്ഷേ പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല….അവർ നമ്മേക്കാൾ ശക്തരാണിപ്പോൾ…’

‘പിന്നെ എന്ത് ചെയ്യും? എന്റെ സന്തോഷം എങ്ങിനെ തിരിച്ച് പിടിക്കും?’

‘തൽക്കാലം അങ്ങുന്ന് വേഷപ്രച്ഛന്നനായി പിംഗളരാജ്യത്തേയ്ക്ക് പോകുക. അവിടെ വേണ്ട ഏർപ്പാടുകൾ അടിയൻ ശരിയാക്കിക്കോളാം. ആസ്വദിക്കുക. തടിച്ചികളെ ആവോളം ഉണ്ണുക..മറ്റ് വിനോദങ്ങളും ഏർപ്പാടാക്കാം…’

‘അപ്പോൾ പ്രജകൾ എന്ത് പറയും? അവർ ചോദിക്കില്ലേ?’

‘രാജ്യത്തിന്റെ അഭിവൃത്തിയ്ക്കായി തീർഥാടനത്തിന് പോയതാണെന്ന് സൂതന്മാരെക്കൊണ്ട് അടിയൻ പാടിച്ചോളാം…തിരിച്ചെത്തുമ്പോഴേയ്ക്കും വരൾച്ച മാറുമെന്നും വിശ്വസിപ്പിച്ചോളാം…’

‘ബലേ ഭേഷ്…മന്ത്രീ…ബുദ്ധിരാക്ഷസൻ തന്നെ…’

‘എങ്കിൽ അടിയൻ…’

‘പോകൂ…ഞാൻ അല്പം വിശ്രമിക്കട്ടെ…’

രാജാവിനെ വണങ്ങിയിട്ട് മന്ത്രി രംഗം കാലിയാക്കി. അല്പനേരത്തിനകം വിനോദങ്ങളൊന്നുമില്ലാതെ രാജാവിന് മുഷിഞ്ഞു തുടങ്ങി. ദാസിമാരെ വിളിച്ച് മദ്യം വരുത്തിച്ചു. അവർ കാല് തിരുമ്മികൊണ്ടിരിയ്ക്കേ അവരുടെ ഒട്ടിയ മാറിടം കണ്ട് കോപം വന്ന രാജൻ മദ്യചഷകവുമായി എഴുന്നേറ്റ് നടന്നു.

‘ഇതെന്ത്! പൂക്കൾ വാടിയും കാറ്റ് ഉഷ്ണിച്ചുമിരിക്കുന്നല്ലോ. ഉദ്യാനത്തിന്റെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നല്ലോ. മന്ത്രി പറഞ്ഞത് ശരി തന്നെ….കുറച്ചു നാൾ പിംഗളരാജ്യത്ത് സുഖജീവിതം നയിക്കാം….ഉടനെ തന്നെ വേണം…അല്ലെങ്കിൽ മനസ്സ് മുരടിയ്ക്കും…പക്ഷേ അതുവരെ വിനോദത്തിന് എന്ത് ചെയ്യും!‘

ഇങ്ങനെയൊക്കെ വിചാരിച്ച് ഉദ്യാനത്തിൽ ഉലാത്തുകയായിരുന്ന രാജാവിന്റെ മുന്നിൽ ഒരു ദാസി വന്നുപെട്ടു. അവൾ കറുത്തും മെലിഞ്ഞുമായിരുന്നു. അവളുടെ മുഖം ആരോ മോഷ്ടിച്ചത് പോലെയുണ്ടായിരുന്നു. അരിശം വന്ന രാജാവ് അവളെ ശകാരിച്ച് ഓടിച്ചു.

പിംഗളരാജ്യത്തേയ്ക്കുള്ള ഒരുക്കങ്ങൾ മന്ത്രി പൂർത്തിയാക്കി. രഹസ്യമായി യാത്രയ്ക്കുള്ള എല്ലാം തയ്യാറായി. ഒരു രാത്രി ആരോരുമറിയാതെ മഹാരാജാവ് പുറപ്പെട്ടു.

അപ്പോഴേയ്ക്കും സൂതന്മാർ പാട്ടുകൾ ചിട്ടപ്പെടുത്തി പ്രജകളെ പാടിക്കേൾപ്പിച്ചിരുന്നു. ചാരന്മാർ രാജാവിന്റെ യാത്രയെപ്പറ്റി സദ് വാർത്തകൾ രാജ്യമെങ്ങും പരത്തിയിരുന്നു.

പൊന്നുതിരുമേനിയുടെ ത്യാഗമോർത്ത് പ്രജകൾ വിശപ്പും ദാഹവും മറന്നു.

മനോമോഹനനായി മഹാരാജൻ എത്രയും പെട്ടെന്ന് തിരിച്ചെത്തി രാജ്യത്തിനെ അനുഗ്രഹിക്കാൻ അവർ പ്രാർഥിച്ചു.


അനുബന്ധം 1:

വങ്കരാജൻ പ്രച്ഛന്നവേഷത്തിൽ തന്റെ രാജ്യത്തെത്തിയത് ചാരന്മാർ മുഖേന അറിഞ്ഞ പിംഗളരാജൻ എല്ലാ ബഹുമാനത്തോടെയും അദ്ദേഹത്തിന്റെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. നൂറ്റൊന്ന് തടിച്ചികളെ അദ്ദേഹത്തിനെ സേവിക്കാനായി വിട്ടുകൊടുത്തു. പിംഗളകവികളും ഗായകരും അദ്ദേഹത്തിന്റെ ചുറ്റും അണി നിരന്നു. ആതിഥ്യമര്യാദയിൽ സന്തുഷ്ടനായ വങ്കരാജൻ തന്റെ രാജ്യത്തെ സൂതന്മാർക്ക് സന്ദേശമയച്ച് പുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ ആജ്ഞാപിച്ചു. സൂതന്മാരുടെ പാട്ടുകൾ കേട്ട് വങ്കപ്രജകൾ ആനന്ദത്തിലാറാടി.

അനുബന്ധം 2:

ഇത് അല്പം അവിശ്വസനീയമായി തോന്നുമെങ്കിലും നടന്നതാണ്.

തീർഥാടനത്തിന് പോയ രാജകുമാരൻ മഹാതാപസിയായി തിരിച്ചെത്തി. ഇന്ദ്രനെപ്പോലും വെല്ലുവിളിക്കാൻ പോന്നവനായി. തിരിച്ചെത്തിയയുടൻ അദ്ദേഹം കൊട്ടാരമുപേക്ഷിച്ച് ഒരു കുഗ്രാമത്തിലെ കുടിലിലിരുന്ന് തപസ്സ് തുടങ്ങി. തപസ്സിന്റെ ശക്തിയിൽ ഭയന്നുപോയ ഇന്ദ്രൻ തടഞ്ഞു വച്ച മഴയെ വങ്കരാജ്യത്തിന് തിരിച്ചു കൊടുത്തു. വങ്കരാജ്യം പുഷ്പിച്ചു. വിശപ്പെന്തെന്നറിയാത്ത ഒരു ജനത അവിടെ രൂപം കൊണ്ടു. അയൽ രാജ്യങ്ങളിൽ നിന്നും സുഖജീവിതം തേടി വങ്കരാജ്യത്തേയ്ക്ക് പലായനം ചെയ്യുന്നവരുടെ എണ്ണം അധികമായി…

എല്ലാം ആനന്ദഭദ്രം.

സ്വാമി ശരണം.

14 comments:

  1. ഇത് അല്പം അവിശ്വസനീയമായി തോന്നുമെങ്കിലും ?ഈ കാലത്തോ .....:)

    ReplyDelete
  2. അനുബന്ധെം വരെ കഥ സൂപ്പറായി. അനുബന്ധത്തില്‍ അല്‍പ്പം വീര്യം കുറഞ്ഞുപോയോ എന്നൊരു സംശയം. അത് ഒന്നുകൂടി നന്നാക്കാമായിരുന്നു......

    ReplyDelete
    Replies
    1. രാജകുമാരൻ പൊറോട്ട തിന്നുന്നതായി ചേർത്തിയാലോ?

      Delete
  3. സ്വാമി ശരണം!!

    ആ വങ്കന്‍ രാജന്‍ തിരിച്ചെത്തിയോ...

    അതോ....പിംഗളരാജ്യത്ത് തന്നെ ഒടുങ്ങിയോ...

    ചില സംശയങ്ങള്‍ ഇനീം ബാക്കി ഉണ്ട്!!! :)

    ReplyDelete
  4. അവിശ്വസനീയതയില്ല... പിന്നെ അനുബന്ധം അത്ര ഉഷാറായില്ലെന്ന് പറഞ്ഞോട്ടെ?

    ReplyDelete
  5. മനോമോഹനനായി മഹാരാജൻ എത്രയും പെട്ടെന്ന് തിരിച്ചെത്തി രാജ്യത്തിനെ അനുഗ്രഹിക്കാൻ അവർ പ്രാർഥിച്ചു.


    ദൈവേ..എത്രേം പെട്ടെന്ന് ഞങ്ങടെ രാജാവിനെ തിരിച്ചെത്തിയ്ക്കണേ

    അല്ലെങ്കി പിംഗളരാജ്യത്തിന്റെ കാര്യം പോക്കാണേ..!!

    ReplyDelete
  6. ജയേഷ്‌ ഭായ്‌, കഥയിൽ രാഷ്ട്രീയത്തെ തന്മയത്വത്തോടെ സന്നിവേശിപ്പിച്ചു. അൽപം കൂടി മൂർച്ച കൂട്ടാമായിരുന്നു എന്നും തോന്നി

    ReplyDelete
    Replies
    1. വെറുതേ പണി മേടിക്കണ്ടന്ന് വച്ച് അല്പം മൂർച്ച കുറച്ചതാ ഭായ്

      Delete
  7. തടിയുണ്ടായതില്‍ ഇപ്പോഴാണ് ഒരു സന്തോഷമൊക്കെ തോന്നുന്നത് :)
    പഠിച്ചു പഠിച്ചു പണിക്കരായപ്പോ ഇങ്ങിനെ ആയോ എഴുത്ത്?
    ബെന്‍ ഒക്രിയൊക്കെ മനോഹരമായി എഴുതിയ മനുഷ്യനാണ് .
    ഒരു വടിയെടുത്ത് നാലടി തരാന്‍ ആളില്ലാഞ്ഞിട്ടാണ് .

    ReplyDelete
    Replies
    1. ബെൻ ഒക്രിയ്ക്ക് ഇവിടെയെന്ത് കാര്യം അനാമികേ?

      Delete
    2. രാജാവിനെ കണ്ടൊരു നിവേദനം കൊടുക്കാന്‍ വന്നതാവും ഒക്രി .

      Delete
  8. ഭാഷയുടെ ശക്തി ആരോ മോഷ്ടിച്ചോ അവസാന ഭാഗങ്ങളില്‍ .. ഒരു പക്ഷേ , ആ ദാസിയുടെ മുഖം മോഷ്ടിച്ച മൂധേവിയാകില്ലെന്നു ആര് കണ്ടു ? ! ജയേഷ് കൊള്ളാം എന്ന് പറഞ്ഞു കൊള്ളിക്കാം ! ഉന്നം തെറ്റിയില്ല !

    ReplyDelete
  9. Kadha kalakki !
    "Dharmapuraan"athinte oru Manam adikkunnu.

    ReplyDelete