(The Revenant : Alejandro Iñárritu) മഞ്ഞിൽ പതിഞ്ഞ ചോരപ്പാടുകൾ




പല ആവശ്യങ്ങൾക്ക് വേണ്ടി മൃഗങ്ങളെ വേട്ടയാടുന്നതിന് ട്രാപ്പിങ് (Trapping) എന്ന് പറയുന്നു. അങ്ങിനെ വേട്ടയാടുന്നവരെ ട്രാപ്പേഴ്സ് (Trappers) എന്നും വിളിയ്ക്കുന്നു. അമേരിക്കക്കാരനായ ഒരു ഹ്യൂഗ് ഗ്ലാസ്സ് എന്ന ട്രാപ്പർ അയാളുടെ സാഹസികമായ അതിജീവനത്തിന്റെ കഥയുടെ പേരിലാണ് അറിയപ്പെടുന്നത്. കരടിയാ‍ൽ ആക്രമിക്കപ്പെട്ട് മരണാസന്നനായിത്തീർന്ന ഗ്ലാസ്സിനെ അയാളുടെ സംഘാംഗങ്ങൾ മരിക്കാൻ ഉപേക്ഷിച്ച് പോകുന്നതും അതിദുർഘടമായ സാഹചര്യങ്ങളെ അതിജീവിച്ച് ഗ്ലാസ്സ് ജീവൻ നിലനിർത്തിയതുമായ കഥ പ്രശസ്തമാണ്. അതേ ഹ്യൂഗ് ഗ്ലാസ്സ് ആണ് അലജാൻഡ്രോ ഇനാരിറ്റുവിന്റെ പുതിയ സിനിമയായ ദ റെവനന്റിലെ പ്രധാന കഥാപാത്രം. 


1823 ഇൽ മേജർ ആൻഡ്ര്യൂ ഹെന്രി എന്ന രോമക്കച്ചവടക്കാരന്റെ പര്യവേഷണസംഘത്തിൽ വഴികാട്ടിയായി ഹ്യൂഗ് ഗ്ലാസ്സ് ചേരുന്നു. ആ യാത്രയിൽ അയാൾക്കുണ്ടാകുന്ന തിക്താനുഭവങ്ങളാണ് ഇനാരിറ്റുവിന്റെ സിനിമയുടെ കഥാതന്തു.
അത്തരത്തിൽ വേട്ടയ്ക്കിറങ്ങിയ സംഘം മഞ്ഞ് പുതച്ച് കിടക്കുന്ന ആ താഴ്വരയിലെ ഗോത്രവർഗക്കാരുടെ ആക്രമണത്തിനിരയാകുമ്പോൾ, കൂട്ടാളികൾ അമ്പേറ്റ് വീണ് മരിക്കുമ്പോൾ അവശേഷിക്കുന്നവരേയും കൊണ്ട് രക്ഷപ്പെടുകയേ ക്യാപ്റ്റന് മാർഗമുണ്ടായിരുന്നുള്ളൂ. വഴിയറിയാവുന്ന ഒരേയൊരാളായ ഹ്യൂഗ് ഗ്ലാസ്സ് അവിചാരിതമായി ഒരു തള്ളക്കരടിയാൽ ആക്രമിക്കപ്പെടുന്നു. ദേഹമാസകലം മുറിവേറ്റ് മരണത്തോടടുത്തെത്തുന്ന അയാളെ കൂടുതൽ യാതനകൾക്ക് വിട്ടു കൊടുക്കാതെ കൊന്ന് കളയാൻ സംഘാംഗങ്ങളിലൊരാളായ ഫിറ്റ്സ്ജെറാൾഡ് നിർദ്ദേശിക്കുന്നു. പക്ഷേ മേജർ ഹെന്രിയ്ക്ക് ആ നിർദ്ദേശം നടപ്പിലാക്കാൻ വയ്യാതെ ഗ്ലാസ്സിന് കാവലിരിയ്ക്കാൻ തയ്യാറുള്ളവർക്ക് പ്രതിഫലം നൽകാമെന്ന് പറയുന്നു. ഒടുവിൽ ഫിറ്റ്സ്ജെറാൾഡ് തന്നെ ആ ദൌത്യം ഏറ്റെടുക്കുകയും ബാക്കിയുള്ളവർ യാത്ര തുടരുകയും ചെയ്യുന്നിടത്ത് നിന്ന് ഹ്യൂഗ് ഗ്ലാസ്സിന്റെ കഥയിലേയ്ക്ക് ഇനാരിറ്റു കൂട്ടിക്കൊണ്ട് പോകുകയാണ്.
റെവെനെന്റ് എന്ന വാക്കിന് മരണത്തെ അതിജീവിച്ചവൻ എന്നാണ് അർഥം. ഫിറ്റ്സ്ജെറാൾഡിന്റെ കുടിലബുദ്ധിയ്ക്ക് ഇരയായി മരിക്കാൻ ഉപേക്ഷിക്കപ്പെടുന്ന ഗ്ലാസ്സ് ഒരു തരത്തിൽ രക്ഷപ്പെടുന്നെങ്കിലും തുടർന്നുള്ള യാത്രയിൽ അയാൾ പല വട്ടം മരണത്തിനെ മുഖാമുഖം കാണുകയാണ്. അത് കൊടും തണുപ്പായും വിശപ്പായും ഗോത്രവർഗക്കാരുടെ അമ്പുമുനകളായും പിന്തുടരുകയാണ്. എല്ലാം ദുർഘടങ്ങളേയും അതിജീവിച്ച് പ്രതികാരദാഹിയായി ഗ്ലാസ്സ് ലക്ഷ്യത്തിലെത്തുന്ന കാഴ്ചകളിലൂടെ ദ റെവെനെന്റ് മുന്നേറുന്നു.


മഞ്ഞിൽ പതിഞ്ഞ ചോരപ്പാടുകൾ

തൂവെള്ളയായി പരന്ന് കിടക്കുന്ന മഞ്ഞിൽ ചോര വീഴുന്ന രംഗം മാർക്കേസിന്റെ ഒരു കഥയിലുണ്ട്. അത് പ്രണയത്തിന് വേണ്ടിയുള്ള ഒരു പ്രയാണം ആയിരുന്നെങ്കിൽ ഇനാരിറ്റുവിന്റെ സിനിമയിൽ മഞ്ഞിൽ ചോര വീഴുന്നത് അതിജീവനത്തിന് വേണ്ടിയാകുന്നു. ആത്മരക്ഷയ്ക്കും, വിശപ്പടക്കാനും, പ്രതികാരത്തിനും, ശിക്ഷയ്ക്കും, വഞ്ചനയ്ക്കും, ക്രൂരതയ്ക്കും ചോര വീണ് തന്നെ പരിഹാരം കാണണമെന്ന മനുഷ്യനിയമം ഇവിടെ തെറ്റുകുറ്റങ്ങളില്ലാതെ പ്രാവർത്തികമാകുന്നു. പ്രതികാരബുദ്ധി കൂടെയുണ്ടെങ്കിൽ ഈ ചോരയ്ക്ക് കൂടുതൽ ചുവപ്പായിരിക്കുമെന്നും സിനിമ പറയുന്നു. ഹ്യൂഗ് ഗ്ലാസ്സിന്റെ ദേഹത്ത് നിന്നും ഒഴുകുന്ന ചോര മുതൽ അധിനിവേശക്കാർ കൊന്ന് തള്ളുന്ന ഗോത്രവർഗക്കാരുടെ ചോര വരെ ഒരേ കഥ ഒഴുകുന്നു. മരണം എല്ലാത്തിനും പരിഹാരമാകുന്നു.

തണുത്തുറഞ്ഞ മഞ്ഞാണ് സിനിമയുടെ പശ്ചാത്തലത്തിന് മരണത്തിന്റെ തണുപ്പ് പകരുന്നത്. വൈഡ് ആംഗിൾ/ലോംഗ് ഷോട്ടുകളിലൂടെ തുടർച്ചയായി മരണത്തിന്റെ പിന്തുടരൽ സിനിമയിൽ ഇടയ്ക്കിടേ ഓർമ്മിപ്പിക്കുന്നു. പ്രശാന്തമായ നിസ്സഹായത, ഭയം ജനിപ്പിക്കുന്ന ഏകാന്തത, ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കൾ, പിന്തുടരുന്ന മരണഭയം എന്നിങ്ങനെ ആ താഴ്വാരം ഒരു ദുരൂഹമായ കഥാപാത്രമായി സിനിമയിലുടനീളം നിറഞ്ഞ് നിൽക്കുന്നു.


കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിക്കാതെ പല ലൊക്കേഷനുകളിലായി ചിത്രീകരിക്കാനുള്ള ഇനാരിറ്റുവിന്റെ തീരുമാനം ശരിവയ്ക്കും വിധം ദൃശ്യങ്ങൾക്ക് ഭാവം പകരുന്നു സിനിമയിലുടനീളം. ഇനാരിറ്റു തന്നെ പറയുന്നത് ശ്രദ്ധിക്കുക : "If we ended up in greenscreen with coffee and everybody having a good time, everybody will be happy, but most likely the film would be a piece of shit."




5 comments: