എത്രയോ സംഭവവികാസങ്ങൾക്ക് നമ്മൾ കാരണമാകുന്നുണ്ടാകും! അറിഞ്ഞോ അറിയാതെയോ അത്തരമൊന്നിൽ നമ്മൾ അകപ്പെട്ട് പോകുമ്പോൾ, സ്വാഭാവികമായും ഒരു അന്ധാളിപ്പ് അല്ലെങ്കിൽ ആ കുരിശ് ഇറക്കി വയ്ക്കാനുള്ള തിടുക്കം ഉണ്ടാകും. എന്നാൽ ചിലർ അങ്ങിനെയല്ല താനും. ആകാശം ഇടിഞ്ഞ് വീണാലും എനിക്കൊരു ചുക്കുമില്ലെന്ന ഭാവം. വാസ്തവത്തിൽ അത്തരക്കാരാണ് ശരിക്കും ജീവിതം ആസ്വദിക്കുന്നതെന്ന് തോന്നാറുണ്ട്. ഇടങ്കോലുകളും കീറാമുട്ടികളും എടാകൂടങ്ങളും ആണല്ലോ ഏറെപക്ഷവും ജീവിതത്തിനെ പങ്കുവച്ചെടുക്കുന്നത്. ജീവിതസന്ധാരണം എന്ന ഓമനപ്പേരിൽ ശരിക്കും നമ്മൾ മറന്ന് പോകുന്നത് ജീവിതാസ്വാദനം എന്ന പ്രക്രിയയെയാണ്. വിയോജിപ്പുകൾ ഉണ്ടാകാം. ചിലർക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ ആയിരിക്കും ആസ്വാദനം നൽകുന്നത്. ചിലർക്ക് ലക്ഷ്യമില്ലായ്മയും. വ്യക്തിപരമായ തിരഞ്ഞെടുക്കലുകളോ സാഹചര്യങ്ങളുടെ ബലദൗർബല്യങ്ങളോ ആയിരിക്കും അതിനെ തീരുമാനിക്കുക.
Spoiler alert
നൂറ് വയസ്സ് വരെ ജീവിച്ച് മരിച്ച സെഞ്ച്വറി ഗൗഡ എന്തായാലും അത്യാവശ്യം ഭൂസ്വത്ത് സമ്പാദിച്ചിട്ടുണ്ട്, അതായിരിക്കണം അയാളുടെ ജിവിതാസ്വാദനം. അല്ലെങ്കിൽ വഴിയിൽ പോകുന്നവരെയെല്ലാം ആഹ്ലാദത്തോടെ ചീത്ത വിളിച്ച് അടുത്ത നിമിഷം അങ്ങ് മരിക്കുക എന്നൊക്കെ പറഞ്ഞാൽ ഇനിയൊന്നും ജീവിതത്തിൽ നേടാനില്ലാത്തത് പോലെയാണ്. അപ്പോൾ സഹജീവികളോട് അല്പം മര്യാദകേടൊക്കെയാകാം എന്ന് നൂറ്റാണ്ട് കിഴവൻ വിചാരിച്ചാലും കുറ്റം പറയാൻ പറ്റില്ല. വല്ലാത്തൊരു തമാശയാണത് സിനിമയിൽ.
എന്നാൽ വല്ലാത്തൊരു പറ്റ് പറ്റിപ്പോയി സെഞ്ച്വറി ഗൗഡയ്ക്ക്.
അയാളുടെ മകൻ തന്നെ ആ പറ്റ്. ഗഡപ്പ എന്നറിയപ്പെടുന്ന താടിക്കാരൻ മകൻ ലൗകികജീവിതമെല്ലാം ഉപേക്ഷിച്ചിട്ട് കാലങ്ങളേറെയായി. അതിന് അയാൾക്ക് കാരണവുമുണ്ട്. ടൈഗർ ബ്രാണ്ടി മൊത്തിക്കൊണ്ട് ശരിക്കും കടുവയെപ്പോലെ അലയാനാണ് അയാൾക്കിഷ്ടം. ജീവിതം താൻ അനുവഭിച്ചതാണോ അതോ ഇന്നലെ കണ്ട സ്വപ്നമാണോയെന്നൊക്കെ ആശ്ചര്യപ്പെട്ട് ആടുപുലിയാട്ടം കളിച്ച് അയാളുടെ രീതിയിൽ ജീവിതസന്ധാരണം നടത്തുന്നു.
ഗഡപ്പയുടെ മകൻ തമ്മപ്പയാകട്ടെ സെഞ്ച്വറി ഗൗഡയുടെ രീതിയാണെന്ന് തോന്നുന്നു. സ്വത്ത് സമ്പാദിക്കുന്നതിൽ താല്പര്യമുള്ള പക്ഷം. അതിന് തടസ്സമായി നിൽക്കുന്നതിനെ പിഴുതെറിയാൻ ഏതറ്റവും പോകാൻ അയാൾക്ക് മടിയില്ല. തമ്മപ്പയുടെ മകൻ അഭി ആകട്ടെ താൽക്കാലികമായ വേലത്തരങ്ങളുമായി ജീവിതം തുടങ്ങിയിട്ടേയുള്ളൂ.
Spoiler alert ends
ഇങ്ങനെ നാല് തലമുറകൾക്കിടയിലൂടെയാണ് രാം റെഡ്ഡി സംവിധാനം ചെയ്ത ‘തിഥി’ മുന്നേറുന്നത്. പ്രത്യക്ഷത്തിൽ ഒരു നാടോടിക്കഥ. പലപ്പോഴും അത്രയ്ക്കും ലളിതമാകും എന്ന രീതിയിൽ സ്വാഭാവികനർമ്മത്തിന്റെ അകമ്പടിയോടെ ചെറിയൊരു കഥ പറയുന്നത് പോലെ. എന്നാൽ അത്രയ്ക്കും ലളിതമല്ല താനും.
പരിചയസമ്പന്നരായ അഭിനേതാക്കൾ ഒന്നുമല്ല തിഥിയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. എല്ലാവരും പുതുമുഖങ്ങൾ. അത് സിനിമയ്ക്ക് മൊത്തത്തിൽ ഒരു ഉണർവ്വ് നൽകുന്നുണ്ട്. ഗ്രാമീണജീവിതത്തിന്റെ സ്വാഭാവികത ഒട്ടും ചോരാതെ ഒപ്പിയെടുത്തതും അത്രയും വിശ്വസനീയമായി കണ്ണികൾ കോർത്തെടുത്തതും മികച്ച കാഴ്ചാ/കഥാനുഭവം നൽകാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട്.
കഥപറച്ചിലിൽ കൈയ്യടക്കമുള്ള രാം റെഡ്ഡി തുടക്കവും ഒടുക്കവും തമ്മിലുള്ള വിളക്കിച്ചേർക്കൽ ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. അന്യഥാ ഒരു മരണാനന്തരച്ചടങ്ങിനെ ചുറ്റിപ്പറ്റി നീങ്ങാമായിരുന്ന കഥയിൽ ഉപകഥകൾ കൂട്ടിച്ചേർത്തത് സിനിമയ്ക്ക് അന്യാപദേശകഥകളുടെ പരിവേഷം നൽകുന്നുണ്ട്.
ഇത്രയും ജീവിതത്തളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് മരണാനന്തരച്ചടങ്ങിന്റെ പേരിട്ടത് സംവിധായകന്റെ വികൃതിയായി കരുതാമോ?
കണ്ടുനോക്കട്ടെ!!!!!
ReplyDeleteകണ്ടുനോക്കട്ടെ!!!!!
ReplyDelete