'ചുവന്ന ബാഡ്ജ്'


ഡിഗ്രി പഠനകാലത്ത് എന്റെ ഒരു അടുത്ത ചങ്ങാതി വീട്ടില്‍ വന്നു. ഒരു പുസ്തകം വാങ്ങാന്‍ വന്നതായിരുന്നു. അവന്‍ പോയ ശേഷം അതാരാണെന്ന് അമ്മ ചോദിച്ചു. കൂടെ പഠിക്കുന്ന സലീം ആണെന്നു പറഞ്ഞപ്പോള്‍ അമ്മ മുഖം ചുളിച്ച് പറഞ്ഞത് 'കണ്ടാലറിയാം കാക്കാന്‍ ആണെന്ന്' എന്നായിരുന്നു.
ഒരു വലിയ പെരുന്നാളിനു മറ്റൊരു മുസ്ലീം ചങ്ങാതിയുടെ വീട്ടില്‍ പോയി ഞാന്‍ മട്ടന്‍ ബിരിയാണി കഴിച്ചു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉച്ചയ്ക്ക് കഴിച്ചു എന്ന് അമ്മയോടു പറഞ്ഞു. 'കാക്കാന്മാരുടെ വീട്ടില്‍ പോയി കഴിക്കുന്നതെന്തിനാ?' എന്നായിരുന്നു അമ്മയുടെ ചോദ്യം.
പിന്നീടു ഹൈദരാബാദില്‍ ഒരു കമ്പനിയില്‍ ജോലിയ്ക്കു ചേര്‍ന്ന സമയം. മുഖത്ത് നോക്കി ജാതി ചോദിക്കുന്നതില്‍ ഒരു പ്രയാസവുമില്ലാത്ത ആളുകളായിരുന്നു അവിടെ. ഞാന്‍ മലയാളി ആയതു കൊണ്ട് കൃസ്ത്യാനി ആയിരിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ ഊഹിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ കൃസ്ത്യാനി അല്ലെന്ന് മനസ്സിലാക്കിയ ഒരാള്‍ പറഞ്ഞത് 'ആദ്യമായിട്ടാണ് കൃസ്ത്യാനിയല്ലാത്ത മലയാളിയെ കാണുന്നത്' എന്നായിരുന്നു. അവന്റെ മുഖത്ത് ഒരു ആശ്വാസവും പ്രതിഫലിച്ചിരുന്നു. പിന്നെ അവന്‍ ചോദിച്ചത് ഞാന്‍ നായരാണോ നമ്പൂതിരി ആണോ എന്നായിരുന്നു. അതിനപ്പുറം ഒന്നും അവന്‍ ഹിന്ദു എന്ന ഗണത്തില്‍ പെടുത്തില്ല എന്ന പോലെ.
ഫാസിസം പൊടുന്നനെ ഒരു ദിവസം ബാലറ്റ് പെട്ടിയിലൂടെ പുറത്തിറങ്ങുന്ന ഒന്നാണെന്ന് ചിലരെങ്കിലും കരുതുന്നത് അടുത്ത കാലത്തായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 'മോദി വന്നതിനു ശേഷം' എന്ന് പ്രത്യേകം എടുത്തു പറയാന്‍ അവര്‍ ജാഗ്രത കാണിക്കുന്നത് അല്പം ചവര്‍പ്പോടെയാണു തിരിച്ചറിഞ്ഞത്. ഫാസിസം അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളെപ്പോലെ എപ്പോഴും നമുക്കു ചുറ്റും ഉണ്ടായിരുന്ന ഒന്നാണെന്ന് അധികം ആരും സമ്മതിക്കാന്‍ തയ്യാറാവില്ല. അവസരം കിട്ടുമ്പോള്‍ അത് പൂര്‍ണരൂപം എടുക്കും എന്നതേയുള്ളൂ. ഫാസിസം തുടങ്ങുന്നത് നമ്മുടെ കുടുംബങ്ങളിലൂടെ തന്നെയാണ്. ഒളിഞ്ഞും തെളിഞ്ഞും അത് ആചാരപൂര്‍വം തലച്ചോറുകളില്‍ നിറയുന്നു. അപകടം മനസ്സിലാക്കാതെ അതിനെ വിശ്വാസത്തിന്റേയും, ആദര്‍ശത്തിന്റേയും, സദാചാരത്തിന്റേയും, പ്രത്യയശാസ്ത്രത്തിന്റേയും, ലൈംഗികതയുടേയും, ഭക്ഷണത്തിന്റേയും മറ്റു നൂറായിരം കാരണങ്ങളുടേയും പിന്‍ബലത്തില്‍ പരിപാലിച്ചു പോരുകയാണ് സമൂഹം.
ബാബറി മസ്ജിദ്, ഗുജറാത്ത് കലാപം, മുസ്സാഫര്‍ നഗര്‍ കലാപം എന്നിങ്ങനെ തുടങ്ങി ഇന്ത്യയുടെ ഭരണം കൈയാളുന്നതു വരെ ഫാസിസത്തിനെ വളര്‍ത്തിയത് ഓരോ വീടുകളും കുടുംബങ്ങളുമാണ്. ശക്തമായ ഭരണഘടന എന്ന വിശ്വാസത്തില്‍ ഫാസിസ്റ്റുകള്‍ ഇടപെട്ടു വരുത്തുന്ന കൃത്രിമങ്ങളെ നിസ്സാരമാക്കി കണക്കാക്കാന്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകുന്നില്ല. പശുവിന്റെ പേരില്‍ ആരേയെങ്കിലും തല്ലിക്കൊന്നാല്‍ അതൊക്കെ സാധാരണമല്ലേയെന്ന് ചിന്തിക്കാന്‍ മാത്രം നിഷ്‌കളങ്കരായി അഭിനയിക്കുകയാണ് ജനം. കാരണം, ഭയം ഉള്ളില്‍ നിറഞ്ഞു കഴിഞ്ഞു. വാഴത്തോട്ടത്തില്‍ കയറിയ പശുവിനെ ഇനി ആരെങ്കിലും ആട്ടിയോടിക്കുമോയെന്ന് കണ്ടറിയണം.
കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ ഗുണ്ടകള്‍ നടത്തിയ ആക്രമണം കഴിഞ്ഞിട്ട് അധികനാളുകള്‍ ആയിട്ടില്ല. പൊതുയിടങ്ങളില്‍ പോലും കടന്നാക്രമണം നടത്താനുള്ള ധൈര്യം അവര്‍ക്കുണ്ടായത് സമൂഹത്തിൽ അവര്‍ പടര്‍ത്തി വിട്ടിരിക്കുന്ന ഭയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്നതിന്റെ സൂചന തന്നെയാണ്. അപ്പോഴും ആ സംഭവത്തിനെ ന്യായീകരിക്കുന്ന രീതിയിലുള്ള ആഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. മുകളില്‍ പറഞ്ഞ ചില ഫാസിസവാഹിനികളിലൊന്നായ സദാചാരം ആയിരുന്നു ആശ്വാസം കണ്ടെത്താന്‍ അവര്‍ ഉപയോഗിച്ചത്. നിസ്സാരവൽക്കരിക്കുക എന്നത് ഫാസിസത്തിനെ ന്യായീകരിക്കാനുള്ള ആയുധം ആയിരിക്കുന്നു.
രണ്ട് ദിവസം മുമ്പാണ്, ഡൽഹി മെട്രോയില്‍ മുതിര്‍ന്നവര്‍ക്കുള്ള സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട ഒരു മുസ്ലീം വൃദ്ധനോട് പാകിസ്ഥാനിലേയ്ക്ക് പോകാന്‍ ചില ചെറുപ്പക്കാര്‍ പറഞ്ഞ വാര്‍ത്ത നാരദാ ന്യൂസില്‍ എഴുതിയത്. നാരദയുടെ ഫേസ്ബുക്ക് പേജില്‍ അത് ഷെയര്‍ ചെയ്തിരുന്നു. അതില്‍ വന്ന ഒരു കമന്‌റിന്‍ 'ഈ നിസ്സാരസംഭവത്തില്‍' ഇന്ത്യയെ മൊത്തം കൊണ്ടുവരുന്നത് എന്തിനാണെന്ന മട്ടില്‍ ഒരാള്‍ പറഞ്ഞു. ആ സംഭവം നിസ്സാരമായി ഒരാള്‍ക്കു തോന്നാനിടയാക്കിയതിനു പിന്നിലെ രാഷ്ട്രീയപ്രവര്‍ത്തനം ആയിരുന്നു എന്നെ ഭയപ്പെടുത്തിയത്.
ഇത്രയും പറഞ്ഞത് രാജേഷ് ആര്‍ വര്‍മ്മയുടെ 'ചുവന്ന ബാഡ്ജ്' എന്ന നോവല്‍ വായിച്ചതിന്റെ പശ്ചാത്തലത്തിലാണ്. ഇതുവരെ കാണുകയും കേള്‍ക്കുകയും ചെയ്തുവരുന്ന കാര്യങ്ങള്‍ തന്നെയാണ് രാജേഷേട്ടന്‍ അതില്‍ വിവരിക്കുന്നത്. അതുകൊണ്ട്, ഒരു പ്രവാചകസ്വഭാവത്തിലല്ല നോവലിന്റെ നിലനില്‍പ് എന്ന് എന്റെ അഭിപ്രായം. ഫാസിസകാലങ്ങളെക്കുറിച്ചുള്ള അനേകം പുസ്തകങ്ങളും സിനിമകളും ഇറങ്ങിയിട്ടുണ്ട്. അതിലൊന്നായി നമ്മള്‍ കടന്നു പോയ ഫാസിസകാലത്തിന്റെ രേഖപ്പെടുത്തല്‍ ആയിരിക്കും ചുവന്ന ബാഡ്ജ്. അങ്ങിനെയധികം മലയാളത്തില്‍ വന്നിട്ടുമില്ലല്ലോ!

No comments:

Post a Comment