പൊതുവേ മലയാളത്തിലെ ജീവചരിത്രസിനിമകള്‍ സങ്കീര്‍ണമാണ്. ഒരുപാട് കാര്യങ്ങള്‍ ഏതാനും മണിക്കൂറിനുള്ളില്‍ പറഞ്ഞു തീര്‍ക്കാനുള്ള ശ്വാസം മുട്ടല്‍ എല്ലാത്തിലും ഉണ്ടാകും. കമലിന്റെ സെല്ലുലോയ്ഡ് പോലെയുള്ള ജീവചരിത്രങ്ങള്‍ കൈയടക്കമില്ലാതെ പോയതും തിടുക്കം കാരണമായിരിക്കും. സിനിമയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അധികമാകുമ്പോള്‍ സ്വാഭാവികമായും നിരസിക്കേണ്ടത് ഏതൊക്കെ എന്ന ആശയക്കുഴപ്പം ഉണ്ടാകാം. വടക്കന്‍ വീരഗാഥ മികച്ച സിനിമ എന്ന ഖ്യാതി നേടിയിട്ടുണ്ടെങ്കിലും സങ്കീര്‍ണമായി തോന്നിയിരുന്നു. രണ്ട് മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള അത് കണ്ടുകഴിയുമ്പോള്‍ ദിവസങ്ങള്‍ കടന്നു പോയതു പോലെ തോന്നും. മനസ്സില്‍ അവശേഷിക്കുന്നത് പഞ്ച് ഡയലോഗുകളും പാട്ടുകളും സംഘട്ടനങ്ങളും മാത്രമായിരിക്കും. അവിടെ നഷ്ടമാകുന്നത് ആ വ്യക്തിയുടെ ജീവിതത്തിന്റെ/പ്രാധാന്യത്തിന്റെ ഉള്‍ക്കാഴ്ചകള്‍ ആയിരിക്കും. എളുപ്പം മറന്നു പോകാവുന്ന വീരന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ അത്തരം സിനിമകള്‍ ഉപകരിക്കൂ.
കേരളവര്‍മ്മ പഴശ്ശിരാജയിലൊക്കെ എത്തുമ്പോള്‍ അതിന്റെ പരമോന്നത കാണാം. റാംബോ പോലെയൊരു യോദ്ധാവിനെ മാത്രമേ അതില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ.
ചരിത്രവ്യക്തിയുടെ വീരസ്യം വിളമ്പുന്നതു മാത്രമല്ലാതെ, അവരുടെ ജീവിതത്തിലെ ചില പ്രത്യേക സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍ മുതലായവയെ അവലംബമാക്കി അവരുടെ മൊത്തം വ്യക്തിത്വത്തിനെ വെളിപ്പെടുത്തുന്ന സിനിമകള്‍ കൂടുതല്‍ അടുപ്പം തോന്നിപ്പിക്കുന്നവയാണ്. മലയാളത്തില്‍ അത്തരം സിനിമകള്‍ അപൂര്‍വ്വം തന്നെയാണ്.ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് അത്തരത്തിലൊന്ന്.
ദ അയണ്‍ ലേഡി, 12 ഇയേഴ്‌സ് എ സ്ലേവ്, ഡാലസ് ബയേഴ്‌സ് ക്ലബ്, ദ ലാസ്റ്റ് കിംഗ് ഓഫ് സ്‌കോട്ട്‌ലന്റ്, എ ബ്യൂട്ടിഫുള്‍ മൈന്റ് തുടങ്ങി അനേകം സിനിമകള്‍ (വാണിജ്യസിനിമകള്‍ ഉള്‍പ്പടെ) മനോഹരമായി ജീവിതകഥ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അത്തരം ഒരു കഥപറച്ചിലിനു സാധ്യതയില്ല എന്ന അവസ്ഥയുണ്ടോ എന്നറിയില്ല. നമ്മുടെ സിനിമാക്കാര്‍ തരുന്നത് വീരപാണ്ഡ്യന്മാരുടെ സാഹസികകഥകള്‍ മാത്രമാണല്ലോ.
മലയാളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമ പൊതുവേ അങ്ങിനെയാണ്. കുറച്ച് ചോര തിളപ്പിക്കാതെയൊന്നും ജീവചരിത്രം എടുക്കാന്‍ പ്രയാസമാണ്. വിറ്റു പോകും എന്ന ഉറപ്പ് അവര്‍ക്കുണ്ടാകുമായിരിക്കും. അത് ആമിര്‍ ഖാന്‍ ആയാലും, കമലഹാസന്‍ ആയാലും അതേ. ഉജ്ജ്വലമായ, വെടിക്കെട്ടിന് സമാനമായ പര്യവസാനം ഇല്ലാതെ ചരിത്രപുരുഷന്റെ ചരിതം പൂര്‍ണ്ണമാവില്ലെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു (അംബേദ്കര്‍ എന്ന സിനിമ കണ്ടിട്ടില്ല).
No comments:
Post a Comment