വളർത്തേണം
വഞ്ചിഭൂമി പതം ചിരം
ത്വൽചരിതം എങ്ങും ഭൂമി വിശ്രുതമായ്
വിളങ്ങേണം
ശ്രീപത്മനാഭദാസ
വഞ്ചിപാല മഹാരാജ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപെരുമാൾ
തിരുവിതാംകൂർ വാണിരുന്ന കാലത്ത് ആലപ്പുഴയ്ക്കടുത്തുള്ള രാവിലായി ദേശം
കിഴക്കുഭാഗത്തായി വൈദ്യവൃത്തിയിലേർപ്പെട്ട് ഉപജീവനം കഴിയ്ക്കുകയായിരുന്ന വേലുക്കുട്ടി
വൈദ്യർ വഞ്ചീശമംഗളം തന്റെ വൈദ്യശാലയുടെ പുറംഭിത്തിയിൽ എഴുതിച്ചേർക്കുകയും ജീവൻ
വെടിയും വരെ രാജഭക്തനായി നിലകൊള്ളുകയും ചെയ്തതിനു പിന്നിൽ മുല്ലയ്ക്കൽ ദേവിയുടെ
അനുഗ്രഹവും വരപ്രസാദവും ആയിരുന്നെന്ന് അധികമാരും പ്രസ്താവിച്ചു കേട്ടിട്ടില്ല. വേലുക്കുട്ടി
വൈദ്യരുടെ പിന്നീടു പ്രശസ്തമായിത്തീർന്നതും മഹാരാജാവിന്റെ പ്രീതിയ്ക്കു
പാത്രമായിത്തീർന്നതുമായ ഭയങ്കര നാഡിതൈലം ഉണ്ടായതും ദേവിയുടെ അത്ഭുതപ്രവർത്തിയുടെ
ഫലമാണെന്നതും ആരും നിഷേധിക്കാനിടയില്ല. രാവിലായി ദേശത്തെ പഴമക്കാർക്കു മാത്രം
അറിയാനിടയുള്ള ആ ഐതിഹ്യമാണു അടിയൻ ഇവിടെ ദേവീ ഉപാസകരായ പൊതുജനങ്ങൾക്കായി
പങ്കുവയ്ക്കാൻ പോകുന്നത്.
പാരമ്പര്യമായി
വൈദ്യവൃത്തിയിൽ മുഴുകിവരുന്നവരായിരുന്നു വേലുക്കുട്ടി വൈദ്യരുടെ കുടുംബം.
പേരുകേട്ട വൈദ്യന്മാരാരും ആ കുടുംബത്തിന്റേതായി ഇല്ലായിരുന്നെങ്കിലും
അന്നാട്ടുകാർക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നവശം ആശ്രയം എന്ന നിലയിൽ താമസംവിനാ
വിളിച്ചെത്തിക്കാൻ വേലുക്കുട്ടി വൈദ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് അയാൾക്ക്
ഉപജീവനത്തിനായുള്ള പരിഹാരം ഏർപ്പെടുത്തിക്കൊടുക്കുമായിരുന്നു. എന്നിരുന്നാലും
ഭാര്യയും അഞ്ചു മക്കളും അടങ്ങുന്ന ആ കുടുംബത്തിന്റെ വിശപ്പടക്കാനുള്ള വകയൊന്നും
ചികിത്സയിൽ നിന്നും ലഭ്യമായിരുന്നില്ല എന്നതും വാസ്തവമായിരുന്നു. മുല്ലയ്ക്കൽ
ദേവിയോടു സങ്കടം പറയാമെന്നല്ലാതെ അയാൾക്കു വേറെ വഴിയൊന്നും തോന്നിയതുമില്ല.
അങ്ങിനെയിരിക്കേ,
വൈദ്യവൃത്തി ഒട്ടുംതന്നെ വരുമാനം ഉണ്ടാക്കിക്കൊടുക്കാതിരിക്കുകയും ദാരിദ്ര്യം
മേൽക്കൂരയ്ക്കു മുകളിൽ കനത്തുനിൽക്കുകയും ചെയ്തു. സഹായത്തിനു വഴിയൊന്നും കാണാതെ വേലുക്കുട്ടി
വൈദ്യരും കുടുംബവും ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തി. അതിനുമുമ്പ് ഈ
കഷ്ടതകളൊക്കെ കണ്ടിട്ടും മുടങ്ങാതെ പ്രാർത്ഥിച്ചിട്ടും കാരുണ്യം തെളിയാത്ത
മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ദേവിയോടു രണ്ടു വർത്തമാനം പറഞ്ഞ് അവിടത്തന്നെ
ജീവനൊടുക്കാൺ എന്ന തീരുമാനവുമായി അവർ ആറുപേരും രായ്ക്കുരാമാനം
ദേവീസന്നിധിയിലെത്തിച്ചേർന്നു. അതികഠിനമായിത്തന്നെ സങ്കടങ്ങളോരോന്നായി ഉണർത്തിച്ചു
ജീവൻ വെടിയാനുള്ള ഒരുക്കം തുടങ്ങി വൈദ്യരും കുടുംബവും. ഏതാണ്ടു പുലർച്ചയോടെ ആദ്യമേ
ആഹാരം കിട്ടാതെ മൃതപ്രായരായിരുന്ന അവരുടെ ശരീരത്തിൽ നിന്നും ജീവൻ
ചോർന്നുപോകുന്നതിന്റെ ലക്ഷണങ്ങൾ കാണാനും തുടങ്ങി.
എത്രയൊക്കെയായാലും
ഭക്തവത്സലയായ ദേവി തന്റെ കിടാങ്ങളെ ഉപേക്ഷിക്കുകയില്ലെന്ന് ആർക്കാണറിയാത്തത്.
ശ്രീകോവിലിൽ നിന്നും ഇറങ്ങിവന്ന ദേവി വൈദ്യർക്കു ദർശനഭാഗ്യം അനുവദിക്കുകയും ചെയ്തു
എന്നാണ് ഐതിഹ്യം. ദേവി കാതിലോതിക്കൊടുത്ത വിശേഷപ്പെട്ട മരുന്നുകൂട്ട് ഉരുവിട്ടു
മനഃപ്പാഠമാക്കി വൈദ്യർ തിരികെ വീട്ടിലേയ്ക്കു പോകുകയും ചെയ്തു.
ദേവീദർശനം
തരായി, വിശേഷ ഔഷധക്കൂട്ടും അറിഞ്ഞു. അതുകൊണ്ടായില്ലല്ലോ, മരുന്നു പ്രയോഗിക്കാൻ
രോഗികളാരെങ്കിലും വന്നാലേ വയറു നിറയുകയുള്ളൂ എന്നായി കാര്യങ്ങൾ. ദേവിയുടെ
വാത്സല്യത്തിനെ കുറച്ചുകാണുകയായിരുന്നു വൈദ്യർ എന്നും പറയാവുന്നതാണ്. അല്ലെങ്കിൽ ആ
സമയത്തു തന്നെ മഹാരാജാവിന്റെ ദിവാനായ അറുമുഖംപിള്ള അമ്പലപ്പുഴ
സന്ദർശിക്കാനെത്തുകയും എന്തോ മറിമായം കൊണ്ടു എങ്ങുനിന്നോ എത്തിപ്പെട്ട ഒരു
ഉഗ്രസർപ്പത്തിന്റെ ദംശനമേറ്റു ശയ്യാവലംബനാകാനും ഹേതുവെന്ത്. കൊട്ടാരം വൈദ്യനും
നാട്ടിലുള്ള എല്ലാ ചികിത്സാപ്രമാണിമാരും പഠിച്ചതെല്ലാം പ്രയോഗിച്ചിട്ടും പിള്ളയുടെ
വിഷബാധ അതിഘോരമായതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. നീലിച്ചുപോയ ദേഹവുമായി വേദന
സഹിക്കാനാകാതെയുള്ള പിള്ളയുടെ അലർച്ച ദേശമെങ്ങും മുഴങ്ങിക്കൊണ്ടിരുന്നു.
ആ സമയത്ത് എന്തോ
ധൈര്യം ഓതിക്കിട്ടിയ വേലുക്കുട്ടി വൈദ്യർ തന്റെ ഔഷധക്കൂട്ട് പരീക്ഷിക്കാമെന്നു
കരുതി അറുമുഖം പിള്ളയെ കാണാൻ ചെന്നു. ആരെന്തു വിദ്യയുമായി വന്നാലും
പരീക്ഷിച്ചുനോക്കാമെന്നായിരുന്നു പിള്ളയുടെ നിലപാട്. ദേവിയുടെ അത്ഭുതം എന്നല്ലാതെ
എന്തുപറവാൻ. ഔഷധം തൊട്ടയുടനെ അറുമുഖം പിള്ളയ്ക്കു വിഷമിറങ്ങുകയും മുമ്പത്തേക്കാൾ
കേമത്തത്തോടെ എഴുന്നേറ്റു നിൽക്കുകയും ചെയ്തു. ആഹ്ലാദം മറച്ചുവയ്ക്കാതെ വേലുക്കുട്ടിയോടുള്ള
പ്രീതിയോടെ ഒരു പണക്കിഴി സമ്മാനിച്ചു പിള്ള. ഔഷധത്തിന്റെ പേര് ആരാഞ്ഞപ്പോൾ
ദേവിയുടെ അനുഗ്രഹം എന്നുമാത്രമേ വൈദ്യർ പറഞ്ഞുള്ളൂ. ഭയങ്കരം എന്ന്
കണ്ണുതള്ളിപ്പറഞ്ഞു അറുമുഖം പിള്ള. അതോടെ വേലുക്കുട്ടി വൈദ്യരുടെ ഔഷധം രാവിലായി
വൈദ്യരുടെ ഭയങ്കര നാഡിതൈലം എന്ന പേരിൽ പ്രശസ്തമാകുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
സർവ്വരോഗപരിഹാരത്തിനായി ഭയങ്കരനാഡിതൈലം ഉപയോഗിക്കാത്തവർ അന്നു തിരുവിതാംകൂറിൽ
ഇല്ലമായിരുന്നെന്നു പറഞ്ഞാലും തരക്കേടില്ല.
ഉപ്പുമാങ്ങാഭരണിയും
തകഴിയിലെ എണ്ണയും എല്ലാം തപ്പിയെടുത്തെഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി വേലുക്കുട്ടി
വൈദ്യരുടെ ഭയങ്കര നാഡിതൈലത്തിനെ അറിയാതെ പോയതെങ്ങിനെ എന്നായിരുന്നു വിഷ്ണുദാസൻ
വൈദ്യരുടെ സംശയം. പറഞ്ഞുവരുമ്പോൾ വേലുക്കുട്ടി വൈദ്യരുടെ പരമ്പരയിലെ ഇപ്പോഴത്തെ
കണ്ണിയാണു വിഷ്ണുദാസൻ. അയാളുടെ അച്ഛൻ കുമാരൻ വൈദ്യർ പാരമ്പര്യമായ തൊഴിലിനെ
കൈവിടാതെ ഒരു വൈദ്യശാല നടത്തിപ്പോന്നിരുന്നു. കാലക്രമേണ തൈലത്തിന്റെ
അത്ഭുതസിദ്ധിയെല്ലാം ലോപിച്ചു പോയിരുന്നെങ്കിലും രാവിലായി വൈദ്യന്റെ
പിന്തുടർച്ചക്കാരൻ എന്ന നിലയിൽ അന്നാട്ടിലെ പഴമക്കാരായ ചിലരെങ്കിലും ഭയങ്കരതൈലത്തിൽ
വിശ്വാസം അർപ്പിച്ചിരുന്നു. ജീവിച്ചു പോകാൻ അതുമതിയായില്ലെങ്കിലും വൈദ്യവൃത്തി
ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ തേടിപ്പോകാൻ കുമാരൻ വൈദ്യർ തയ്യാറായില്ല. മകനായ വിഷ്ണുദാസിനേയും
പച്ചമരുന്നുകൾ അരപ്പിച്ചും തിളപ്പിച്ചും കൂടെക്കൂട്ടി തന്റെ വഴിയ്ക്കെത്തിക്കുവാൻ
പ്രത്യേകം ശ്രദ്ധിച്ചിരുന്നു അയാൾ. അതിൽ പരിപൂർണ്ണവിജയം കൈവരിക്കുകയും
ചെയ്തുവെന്നതിൽ സംശയവുമില്ല.
എന്നാൽ
കാര്യങ്ങൾ അത്ര എളുപ്പത്തിലല്ലായിരുന്നുതാനും. ഇംഗ്ലീഷുവൈദ്യം വന്നതോടെ
തൊഴിൽരഹിതരായിത്തീർന്നവരാണു തങ്ങളെന്നു കുമാരൻ വൈദ്യർ അവകാശപ്പെടുമായിരുന്നു.
ഒന്നോർത്തപ്പോൾ അതു ശരിയാണെന്നു വിഷ്ണുദാസിനും തോന്നാതിരുന്നില്ല.
പട്ടണത്തിലേയ്ക്കു പോകുന്ന വഴിയാണു ഇടിക്കുള ഡോക്ടറുടെ ക്ലിനിക്. എല്ലാ രോഗത്തിനും
അവിടെ ചികിത്സയുണ്ടത്രേ. ഇനിയിപ്പോ ഇടിക്കുളയുടെ പഠിപ്പിനു മാറ്റാൻ പറ്റാത്ത
രോഗമാണെങ്കിൽ പട്ടണത്തിലെ കൊട്ടാരം ആശുപത്രിയിലേയ്ക്ക് എഴുതിക്കൊടുക്കും.
പോരാത്തതിനു ഫേസ്ബുക്കിലും വാട്ട്സാപ്പിലും എന്നുവേണ്ട സകലയിടത്തും അലോപ്പതിയുടെ
വീരസ്യം കാണാനേ കിട്ടാനുള്ളൂ.
‘അലോപ്പതി ത്ഫൂ...’ വിഷ്ണുദാസൻ
കാർക്കിച്ചു തുപ്പി. അപ്രതീക്ഷിതമായി ഉണ്ടായ ആ ആട്ടലിൽ അപ്പോൾ മാത്രം
അവിടെയെത്തിച്ചേർന്ന വറീത് പകച്ചുപോയി.
“നോക്കണേ
തോന്ന്യാസം... കാല് പഴ്ത്ത് മുറിഞ്ഞ് വീഴാനായിട്ടാണ് അച്ചൻകുഞ്ഞു ഇടിക്കുള
ഡാക്കിട്ടറിനെ കാണാമ്പോയത്. അവടച്ചെന്നപ്പഴേ... അല്ലേ കേട്ടില്ലേ മരുന്ന്
കൊടുക്കാൻ പറ്റത്തില്ലാന്ന്... കൊട്ടാരം ആശൂത്രീലേക്ക് പൊയ്ക്കോളാൻ ഉപദേശം... ഏത്? ആ കാലും വച്ച്
പോകാനെക്കൊണ്ട് പറ്റ്വോന്ന് നോക്കണ്ടേ ഡാക്കിട്ടറ്?” ഉച്ചയ്ക്ക്
കറച്ചുനേരം സൊറ പറഞ്ഞിരിക്കാനായി രാംദാസിന്റെ വൈദ്യശാലയിലെത്താറുള്ള വറീത് പരിഭവം
പറഞ്ഞു. അതുകേട്ടപ്പോൾ രാംദാസിന് അരിശം തോന്നാതെയിരുന്നില്ല. പക്ഷേ, എന്തെങ്കിലും
പറഞ്ഞാലും കുഴപ്പമാകും എന്ന പേടി കാരണം മിണ്ടാതിരുന്നതേയുള്ളൂ.
പ്രതികരണം
തണുത്തതാണെന്നു കണ്ടപ്പോൾ വറീത് കുമാരൻ വൈദ്യരെ അന്വേഷിച്ചു. കഫക്കെട്ടിനുള്ള
കഷായം കുടിച്ച് ഒന്നു മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ. വറീതിന്റെ പരാതി
കേട്ടപ്പോൾ ഉറങ്ങാനും കഴിഞ്ഞില്ല. വൈദ്യശാലയുടെ തിണ്ണയിൽ ഒരു സ്റ്റൂൾ
വലിച്ചിട്ടിരുന്നു കുമാരൻ വൈദ്യർ.
‘പറയാനാണെങ്കി
കൊറേയുണ്ടെന്നേ വറീതേ... ഇന്നാളില്ലേ പടിഞ്ഞാട്ടൊള്ള അമ്മിണിയമ്മ നെഞ്ചുവേദനയുമായി
ഡാക്കിട്ടറെ കാണാൻ ചെന്നു. എന്തോ ഗുളികയും വാങ്ങി പോകുകേം ചെയ്തു. രണ്ടാം നാള് ആള്
ഠിം! എന്ത് മര്ന്നാണോ
അയാള് കൊട്ത്തത്... ആരന്വേഷിക്കാനാ...’
‘ഇംഗ്ളീഷ്
മരുന്ന് വന്നേപ്പിന്നെ നാട്ടാർക്ക് ആയുസ്സ് കൊറഞ്ഞൂന്ന് പറേണത് വെർതാണോ വൈദ്യരേ? തിരുതാങ്കൂർ
രാജാവിന്റെ പട്ടും വളേം മേടിച്ച പാരമ്പര്യല്ലേ നിങ്ങക്കുള്ളത്? അതിനേക്കാ
വര്വോ ബിലാത്തിക്കാർടെ കുത്തും കൊഴലും?’
“മാർത്താണ്ഡവർമ്മ
ഡച്ചുകാരെ ഓടിച്ചതൊക്കെ ശരി... എന്നാലോ ഇംഗ്ലീഷുകാർടെ സമ്പർക്കം വേണ്ടാത്തായിരുന്നേ...
അവന്മാര് സൂത്രത്തിന് ഇംഗ്ലണ്ടീന്ന് വൈദ്യം ഇവടെയെറക്കീല്ലേ... പിന്നോ... ഇവടത്തെ
കുറേ ചെർക്കന്മാരും ഇംഗ്ലീഷ് വൈദ്യം പഠിക്കാൻ പോയി സകല നെറികേടും കൊണ്ടന്നു...”
തന്റെ തൊഴിലിനെ
ഇല്ലാതാക്കിയ ചരിത്രസത്യങ്ങളിലേയ്ക്കാണു സംഭാഷണം നീങ്ങുന്നതെന്ന് മനസ്സിലാക്കിയ വിഷ്ണുദാസൻ
താല്പര്യത്തോടെ കേൾക്കാൻ തുടങ്ങി. വേലുക്കുട്ടി വൈദ്യരുടെ ഭയങ്കര
നാഡിതൈലത്തിനെതിരെ ബ്രിട്ടീഷുകാർ അപവാദപ്രചരണം നടത്തിയതും അവരുടെ മരുന്നുകളെ
തിരുകിക്കയറ്റാൻ കാണിച്ച കുതന്ത്രങ്ങളും കേട്ടപ്പോൾ അയാളുടെ ചോര തിളച്ചു. രാജവാഴ്ച
അവസാനിച്ചതും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതും വരുത്തിവച്ച നഷ്ടങ്ങൾ
ചില്ലറയല്ലെന്നും അയാൾക്കു മനസ്സിലായി. എന്നു വച്ചാൽ താനിങ്ങനെ ആയതിന്റെ കാരണം
തിരുവിതാംകൂർ രാജാക്കന്മാരുടെ പിടിപ്പുകേടല്ലാതെ മറ്റെന്താണ്?
‘പത്മനാഭദാസാ...’ അപ്പോൾ കുമാരൻ
വൈദ്യർ നെഞ്ചത്തു കൈവച്ച് പിറുപിറുത്തു.
‘മഹാത്മാ
ഗാന്ധിക്ക് ജ്വരം വന്നപ്പൊ... ഇംഗ്ലീഷ് ഡാക്കിട്ടർമാര് പഠിച്ച പണി പതിനെട്ടും
നോക്കി... നടന്നില്ല... ഒറ്റപ്പാലത്തീന്ന് ഒരു വൈദ്യൻ രണ്ട് കെട്ട് ഔഷധക്കൂട്ടും
കൊണ്ട് പോയി ഒറ്റ പ്രയോഗമായിരുന്ന്... പയറുപോലല്ലേ ഗാന്ധി എഴുന്നേറ്റ് നടന്നത്... പിന്നല്ലാതെ...’ കുമാരൻ വൈദ്യർ
പറഞ്ഞു. അത് വിഷ്ണുദാസിനു പുതിയ അറിവായിരുന്നു. എന്തായിരിക്കും ഗാന്ധിജിയുടെ ജ്വരം
മാറ്റിയ ഒറ്റമൂലിയെന്ന് ആലോചിക്കുകയും ചെയ്തു.
‘എന്തിനങ്ങുവരെ പോകുന്നൂ? ഈയെമ്മെസ്സ്
സഖാവ് ഒളിവിലായിരുന്നപ്പോ ചെറിയൊരു ഏനക്കേട് വന്നേ... അപ്പോ ആരാ മരുന്നെത്തിച്ച്
സഖാവിനെ സുഖപ്പെടുത്തിയേ?’ കുമാരൻ വൈദ്യർ കുറച്ചുനേരം ആകാംക്ഷ
നിലനിർത്തിയ ശേഷം അഭിമാനത്തോടെ സ്വന്തം നെഞ്ചിൽ തട്ടിക്കൊണ്ട് ചിരിച്ചു. ചുവരിൽ
തൂക്കിയിട്ടിരുന്ന ഇഎംഎസ് ഫോട്ടോയിലേയ്ക്കു ആദരപൂർവ്വം നോക്കുകയും ചെയ്തു.
വിഷ്ണുദാസന്റെ
മൊബൈൽ ചിലച്ചു. ലോൺ ആവശ്യമുണ്ടോയെന്നു ചോദിക്കാനായി ഏതോ ബാങ്കിൽ നിന്നും വിളിച്ച
തരുണീമണിയെ ഒറ്റത്തെറിയിൽ ഓടിച്ചു അയാൾ.
അപ്പോൾ
വൈദ്യശാലയിലേയ്ക്ക് ആരോ വന്നു. ഭയങ്കര നാഡിതൈലത്തിൽ ഇപ്പോഴും വിശ്വാസമർപ്പിക്കുന്ന
ഒരു പഴമക്കാരനായിരുന്നു അത്. നെഞ്ചെരിച്ചിലാണു പ്രശ്നം. പ്രായം ചുരുക്കിക്കളഞ്ഞ
നെഞ്ചിൻകൂട്ടിൽ തടവിക്കൊണ്ട് അയാൾ തൈലവും വാങ്ങി ഉച്ചവെയിലിലേയ്ക്കു നടന്നകന്നു.
‘വിഷ്ണുദാസാ...
നീ ഒന്ന് ഒറ്റപ്പാലം വരെ പോയിട്ട് വാ... അവിടെയിപ്പോഴും പഴയ ചികിത്സയുണ്ട്... വല്ല
വിദ്യയും കിട്ടാണ്ടിരിക്കില്ല...’ കുമാരൻ വൈദ്യർ പറഞ്ഞു. അതു വിഷ്ണുദാസിനു സ്വീകാര്യമായില്ല.
അത്തരത്തിലൊരു സഹായം തേടൽ ഭയങ്കരതൈലത്തിനെ അപമാനിക്കുന്നതായിരിക്കുമെന്ന് അയാൾ
കരുതി. മാത്രമല്ല വടക്കന്മാരുടെ സൂത്രപ്പണിയിലൊന്നും അയാൾക്കു വലിയ മതിപ്പും
തോന്നിയില്ല. ഒന്നോർത്തപ്പോൾ അതു ശരിയാണെന്നു കുമാരനും സമ്മതിച്ചു. ഇടിക്കുള
ഡോക്ടർക്കും പറഞ്ഞു വരുമ്പോൾ പാലക്കാട്ടെവിടെയോയാണു വേരുകളുള്ളത്.
‘ചുമ്മാതല്ല...’ കുമാരൻ വൈദ്യർ
മുറ്റത്തേയ്ക്കു നീട്ടിത്തുപ്പി.
അതിനിടയിൽ വറീത്
ഇറങ്ങിപ്പോകുകയും ചെയ്തു. ഇടിക്കുള ഡോക്ടറെ കുറ്റം പറഞ്ഞ അയാൾ തന്റെ ഭാര്യയ്ക്കു
ചെന്നിക്കുത്ത് വന്നപ്പോൾ നാണമില്ലാതെ ഇംഗ്ലീഷ് മരുന്ന് വാങ്ങാൻ പോയതെല്ലാം വിഷ്ണുദാസിനറിയാമായിരുന്നു.
ഇവിടെ ഒന്നു പറയും അപ്പുറത്തുപോയി വൈദ്യശാലയേയും കുറ്റം പറയും സർവ്വാംഗരോമൻ.
എന്തായാലും
തോറ്റുകൊടുക്കാനൊന്നും വിഷ്ണുദാസൻ തയ്യാറല്ലായിരുന്നു. അനുദിനം ശോഷിച്ചുവരുന്ന
വൈദ്യശാലയെ ഉണർത്തിയെടുക്കുക തന്നെയെന്നു അയാൾ തീരുമാനിച്ചിരുന്നു. കുമാരൻ വൈദ്യർ
മകനെ അകമഴിഞ്ഞ് അനുഗ്രഹിച്ചു. മുല്ലയ്ക്കൽ ദേവി സഹായിക്കും എന്ന് ഉപദേശിക്കുകയും
ചെയ്തു. അല്ലെങ്കിൽത്തന്നെ തിരുവിതാംകൂർ രാജാവിന്റെ പട്ടും വളയും വാങ്ങിയ
പാരമ്പര്യത്തിനു മുന്നിൽ ആർക്കാണു മൂക്കു തോണ്ടാനാകുക?
ഒരു ദിവസം
അതിരാവിലെ പുറപ്പെട്ടു പോയി അയാൾ. രണ്ടു രാവും രണ്ടു പകലും യാത്ര ചെയ്ത്
പുണ്യപുരാതനമായ ഒരു തീർത്ഥാടനകേന്ദ്രത്തിലെത്തിച്ചേർന്നു. ലൌകീകജീവിതത്തിനോടു
വിരക്തി തോന്നിയവരും മനഃസ്സുഖം തേടിയെത്തിയവരും അവിടെ തിങ്ങിനിറഞ്ഞിരുന്നു. പുണ്യജലം
ഒഴുകുന്ന നദിയിൽ കുളിച്ച് ഹിമാലയസാനുക്കളിൽ തപസ്സനുഷ്ഠിച്ച് വരപ്രസാദം നേടിയെത്തിയ
ഗുരുവര്യനെ കാണാൻ പോയി. മഹാരോഗങ്ങൾക്കുള്ള ചികിത്സകൾ സൌജന്യമായി നൽകിവരുന്ന
അദ്ദേഹം വിഷ്ണുദാസിനെ പ്രതീക്ഷിച്ചിരിക്കുന്നതു പോലെയായിരുന്നു.
‘വിഷ്ണുദാസൻ...
സാക്ഷാൽ ശ്രീരാമന്റെ പാദാരവിന്ദങ്ങളിൽ സ്വയം അർപ്പിക്കുന്നവൻ... പറയൂ നിന്റെ
സങ്കടങ്ങൾ...’ ഗുരു പറഞ്ഞു. വിഷ്ണുദാസൻ ബ്രിട്ടീഷുകാരുടെ ചതിയെപ്പറ്റിയും
മാർത്താണ്ഡവർമ്മയുടെ കെടുകാര്യസ്ഥത മൂലം കുറ്റിയറ്റുപോകുന്ന തന്റെ
ഭയങ്കരതൈലത്തിനെക്കുറിച്ചും എല്ലാം അറിയിച്ചു. നീണ്ടുവെളുത്ത താടി തഴുകിക്കൊണ്ട്
എല്ലാം കേട്ടിരുന്ന ഗുരു അവന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. ഏറെ
നേരത്തെ ആലോചനയ്ക്കും ധ്യാനത്തിനും ശേഷം ഗുരു അവനെ അരികിലേയ്ക്കു വിളിച്ചു.
ഗുരു
കാതിലോതിക്കൊടുത്ത അത്ഭുതക്കൂട്ടിന്റെ രഹസ്യവുമായി വിഷ്ണുദാസൻ നാട്ടിൽ
തിരിച്ചെത്തി. സഹകരണബാങ്കിൽ നിന്നും ലോണെടുത്ത് വൈദ്യശാല ഒന്നു പുതുക്കി. രാവിലായി
ഭയങ്കര നാഡിതൈലം എന്ന വലിയ ബോർഡ് സ്ഥാപിച്ചു. കവലയിലും വൈദ്യശാലയിലേയ്ക്കുള്ള
കൈചൂണ്ടി ഒരെണ്ണം വയ്ക്കാൻ ഏർപ്പാടാക്കുകയും ചെയ്തു.
മുല്ലയ്ക്കൽ
ദേവിയുടെ അത്ഭുതസിദ്ധിയെന്നല്ലാതെന്തു പറയാൻ, വിഷ്ണുദാസൻ വൈദ്യന്റെ പുതിയ
ഭയങ്കരതൈലം പരീക്ഷിക്കാൻ ആദ്യം അവസരം കിട്ടിയതു വറീതിനു തന്നെയായിരുന്നു.
സന്ധിവാതവുമായി കഷ്ടപ്പെടുകയായിരുന്ന അയാൾക്കു ഭയങ്കരതൈലവും അകമേ സേവിക്കാൻ
അതിഭയങ്കര ഗുളികയും വിഷ്ണുദാസൻ കൊടുത്തു. അതിശയമെന്നല്ലാതെന്തു പറയാൻ. വളരെ
പെട്ടെന്നുതന്നെ രാംദാസിന്റെ അതിഭയങ്കര ഗുളിക പ്രസിദ്ധിയാർജ്ജിച്ചു. ആബാലവൃദ്ധം
ജനങ്ങൾ വൈദ്യശാലയിലെ സ്ഥിരം സന്ദർശകരായിത്തീർന്നു. ദഹനക്കേടാകട്ടെ വെറുതേയിരുന്നു
മടുക്കുമ്പോഴാകട്ടെ, വിഷ്ണുദാസൻ വൈദ്യരുടെ അത്ഭുതമരുന്നു സേവിക്കാൻ എല്ലാവർക്കും
തിടുക്കമായതു പോലെയായി കാര്യങ്ങൾ. അതിവേഗം തന്നെ ഉത്തരേന്ത്യയിലേയ്ക്കും മരുന്നുകൾ
കയറ്റിയയ്ക്കാൻ തുടങ്ങിയെന്നറിയുമ്പോൾ പ്രസിദ്ധിയുടെ ആഴം
മനസ്സിലാക്കാവുന്നതേയുള്ളൂ. പട്ടണത്തിലേയ്ക്കു പോകുന്നവഴി ചികിത്സിക്കാൻ ആളുകൾ
വരാതായപ്പോൾ ഇടിക്കുള ഡോക്ടർ പൂട്ടിക്കളഞ്ഞ ക്ലിനിക്ക് കണ്ട് അയാൾ ഊറിച്ചിരിക്കുകയും
ചെയ്തു.
അന്നു രാവിലത്തെ
തിരക്കെല്ലാം കഴിഞ്ഞു കഞ്ഞി കുടിക്കാനിരിക്കുകയായിരുന്നു വിഷ്ണുദാസൻ. അയാളുടെ
പെട്ടെന്നുള്ള വളർച്ചയുടെ രഹസ്യം അറിയുകയെന്നത് അച്ഛനെന്ന നിലയ്ക്കു കുമാരൻ
വൈദ്യരുടേയും അവകാശമാണല്ലോ. അതയാൾ ചോദിക്കുകയും ചെയ്തു. വിഷ്ണുദാസൻ ചെറുചിരിയോടെ ആ
രഹസ്യക്കൂട്ട് അച്ഛന്റെ കാതിലോതിക്കൊടുത്തു:
‘ചന്ദ്രന്റെ
വേര്, വെള്ളിമൂങ്ങയുടെ നഖം, കിനാവള്ളിയുടെ രക്തം, കടൽക്കുതിരയുടെ കൊമ്പ് പിന്നെ
ഇല്ലിക്കൽ മലയിലെ....’
‘നീലക്കൊടുവേലി...’ കുമാരൻ വൈദ്യരുടെ
കണ്ണുകൾ ഏതോ പൂർവ്വസ്മൃതികളിൽ തിളങ്ങി.
- കലാകൌമുദി വാരിക, ഫെബ്രുവരി 2018
No comments:
Post a Comment