മരണം, സർപ്പം, സ്വാതന്ത്ര്യം- അപരാജിതരുടെ പ്രിയബിംബങ്ങൾ



മരണം എന്ന സ്വതന്ത്ര്യത്തെക്കുറിച്ച് വാചാലനാവാനാണ് കഥാകാരൻ എസ്. ജയേഷിനു പ്രിയം. മരണം എന്ന പേടിയെ അതേ പേടി കൊണ്ട് ജയിക്കാൻ ശ്രമിക്കുന്നവരാണ് പലേ കഥാപാത്രങ്ങളും. പരാജയങ്ങൾ നിർവ്വചനങ്ങളിൽ ഒതുങ്ങാതെ വിജയം ആക്കി മാറ്റിയവരുടെ കഥകൾ. സ്വാതന്ത്ര്യദിനത്തെ അർത്ഥവത്താക്കുന്ന മോക്ഷപ്രാപ്തിയുടെ കഥകൾ. മരണത്തിലൂടെ ആകാശവും ഭൂമിയും സ്വന്തമാക്കുന്നവരുടെ കഥകൾ. വിരസവും നിർമ്മമവും ആയ ജീവിതത്തെ നേർവിപരീതശക്തികളുള്ള ഉഗ്രസർപ്പം ആയി സ്വയം മാറ്റാൻ കഴിവുള്ളവരുടെ ലോകമാണിത്.

വിരോധാഭാസങ്ങൾ നിരത്തി സമതുലിതാവസ്ഥയുടെ നിർവ്വഹണം സ്ഥാപിക്കുന്നത് കഥാഖ്യാനത്തിൽ പുതുതൊന്നുമല്ല. എന്നാൽ ഇവിടെ വിപരീതങ്ങളെ ഒന്നിച്ചിണക്കി നിരത്തി സങ്കീർണ്ണമായ അനുഭവസ്ഥലികൾ സൃഷ്ടിച്ച്   ക്ലിഷ്ടമായ ചോദ്യങ്ങൾ അനുവാചകരെക്കൊണ്ട് ചോദിപ്പിക്കാനാണു കഥാകൃത്തിനു താൽപ്പര്യം. മരണം വരിച്ചവർ അപരാജിതരാണ്, ജീവിച്ചിരിക്കുന്നവരെ ഉണർത്താൻ കഴിവില്ലാത്തതിൽ സങ്കടപ്പെടുന്നവരാണവർ. കാമസമ്പൂർത്തിയ്ക്ക് ഇടംകൊടുക്കുന്ന വേശ്യകൾ നിർബ്ബന്ധമാകുന്ന സന്ദർഭങ്ങൾ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളുണ്ട്.  മകുടിയും പാമ്പിലേയും ഗാങ്സ്റ്ററിലേയും നായകന്മാർക്ക്  ഇല്ലാതെ പോയ ലൈംഗികതാസാഫല്യം  ഒരേ സമയം നിർവൃതിയും മരണത്തിനു തത്തുല്യമായ അവസാനവും പ്രദാനം ചെയ്യപ്പെടുന്നതുപോലെയാണ്. മരണവും സ്വാതന്ത്ര്യവും ബന്ധിപ്പിക്കുന്നിടത്ത് ചെന്നെത്തുന്നു കഥാകാരൻ പലപ്പൊഴും. ലൈംഗികതയുടെ ഉൽക്കണ്ഠകൾ, മരണത്തെപ്പറ്റിയുള്ള ഉൽക്കണ്ഠകൾ- മനുഷ്യന്റെ സർവ്വപ്രധാനമായ ഇത്തരം സമസ്യകൾക്കു തന്നെ കഥാകാരനും തുറസ്സുകൾ  നൽകാനിഷ്ടം. ആസക്തികൾ വന്ന് മേലാകെ മൂടുമ്പോൾ മനസ്സാകെ ഉലയ്ക്കുമ്പോൾ പകച്ചുപോകുന്ന മനുഷ്യഹൃദയത്തിന്റെ നേർ ചിത്രങ്ങൾ തന്നെ ഇവ.

മരിച്ചവർക്കും മരിയ്ക്കാത്തവർക്കും കിട്ടാനുള്ള സ്വസ്ഥലികൾ ഏത് എവിടെ എന്ന അന്വേഷണമാണ് മനുഷ്യനെ വേദാന്തിയാക്കുന്നത്. സ്വസ്ഥമായി എത്തിപ്പെടേണ്ടതെങ്ങിനെ എന്നതാണു ആത്യന്തിക പ്രഹേളിക., ആന്തരികസംഘർഷവും. സ്ഥലകാലങ്ങളിൽ നിന്നുള്ള പലായനം എന്തൊക്കെയോ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഇരുട്ടിലേക്ക് നോക്കുന്നു എന്ന കഥയിലെ നായകന്റെ മനോനില. എന്നാൽ മരണത്തെ ആഘോഷിക്കുന്നവരുടെ ഇടയിൽപ്പെട്ടു പോകുമ്പോൾ ഭാവനകൾ യാഥാർഥ്യമാകുമ്പോഴുള്ള അന്ധാളിപ്പ് അയാളെ വല്ലാതെ പിടികൂടുന്നുണ്ട്. വികൃതമാക്കപ്പെട്ട കണ്ണുകൾ വരച്ച സാൽവദോർ ദാലി ആ സംഭവം സിനിമയ്ക്കുവേണ്ടി ചിത്രീകരിക്കുമ്പോൾ ഭയചകിതനാകുന്നതുപോലെയാണെന്ന് സമർത്ഥനവുമുണ്ട്. മരണം എന്നതിന്റെ ആപേക്ഷികതയും ഈ കഥയിൽ വെളിവാക്കപ്പെടുകയാണ്. സൗഹൃദങ്ങളും ബന്ധങ്ങളും വിരസതയാർന്നതാകുമ്പോൾ ജീവിതത്തിന്റെ അന്ത്യം കുറിക്കപ്പെടുകയാണെന്നു കരുതാം എന്നാണു കഥാകാരന്റെ മനസ്സിലിരിപ്പ്. എന്നാൽ ആകാശവും ഭൂമിയും പ്രപഞ്ചം മുഴുവനും മരിച്ചവരുടേതാണ്; നക്ഷത്രമായി തിളങ്ങേണ്ടവർക്ക് ബഹിരാകാശത്ത് ശവസംസ്കാരം നടന്നാൽ അത് എളുപ്പവഴിയാണെന്നേ കരുതേണ്ടതുള്ളൂ (അവരുടെ ആകാശം, ഭൂമി). കഥയിലെ ഐസക്കിനും മരണത്തോടടുക്കുന്ന അപ്പച്ചനും ഇത് ആശ്വാസവഴികളാണ്. സ്വന്തം മരണത്തെ ആഘോഷമായിക്കാണുക എന്ന മുൻ ചിന്തയുള്ളവരായിരിക്കണം തുടർക്കൊലയാളികൾ ആയിത്തീരുന്നത്. ഒരിക്കൽ മാത്രം മരണം ആഘോഷിക്കപ്പെടുക എന്നത് ന്യൂനചിന്തയാണ്, മറ്റുള്ളവർക്ക് ഇത് അനുവദിക്കുക എന്നത് ന്യായം. ഇവാനും അൽജാൻഡ്രോയും വിപരീത സാമൂഹ്യനീതികളിൽ വിശ്വസിക്കുന്നു എന്നാലും ആത്യന്തികമായി ഒരേ വികാരം തന്നെ അവരുടെ കർമ്മോദ്ദേശത്തിൽ. മൂന്നാമത്തെ നായകനും ഈ മരണാഘോഷത്തിലെ ഉൽസാഹിയാണ്. രാകി മൂർച്ചപ്പെടുത്തിയ കത്തിയുമായി ഇരയെ കാത്തിരിക്കുന്നവർ അവരുടെ അവസാനത്തെ ഇര അവർ തന്നെയാണെന്ന് ഉത്തമബോദ്ധ്യമുള്ളവർ ആയിരിക്കണം. അതിനാൽ കഥയിലെ അവസാനത്തെ ചോദ്യം തനിക്കു നേരേ തന്നെ നീളുന്നതു തന്നെ. കൊല്ലുമ്പോൾ കിട്ടുന്ന സംതൃപ്തിയിൽ ഏറ്റക്കുറച്ചിൽ കണ്ടേയ്ക്കാമെങ്കിലും ആഹ്ലാദം അനുഭവിക്കുന്നതിന്റെ അളവ് ഒന്നു തന്നെ ആയിരിക്കണം. കാരണം അത് മരണത്തിന്റെ ആഹ്ലാദമാണ്. ഉരഗശയനത്തിലെ നായകനും അന്ത്യനിമിഷങ്ങളിൽ ഭയപ്പാടൊന്നുമില്ല, ജീവിച്ചിരിക്കുന്നവരെ ഉണർത്താൻ സാധിക്കില്ലല്ലോ എന്ന സങ്കടമേ ഉള്ളൂ. കാലത്തിന്റെ നിത്യസൂചകമായി കവികൾ പാടിപ്പുകഴ്ത്തപ്പെട്ട സർപ്പമായി മാറുകയാണ് ജീവിതാന്ത്യത്തിൽ എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട് മകുടിയും പാമ്പും എന്ന കഥയിൽ. ചാത്തുണ്ണി എന്ന മരണദായകൻ മകുടി എന്ന കാഹളവുമായി എത്തുകയാണ്. ഒരു ലഹര്യാനുഭവത്തിന്റെ പാരമ്യത്തിൽ അനുസരണയോടെയാണ് മനുഷ്യൻ സർപ്പമായി നിതാന്തയുടെ കൂടയിൽ അതിസൗഖ്യത്തോടെ ചുരുണ്ടു കൂടുന്നത്. അതുകൊണ്ടുതന്നെ മരണത്തിന്റെ ചാത്തുണ്ണിമാരെ അറിയാതെ സ്നേഹിച്ച് കൂടെ താമസിപ്പിക്കുന്നു നമ്മൾ. ഉരഗശയനത്തിന്റെ പരമസൗഖ്യം പകർന്നുതരാനുള്ള ചാത്തുണ്ണിമാർ.

സ്വാതന്ത്ര്യത്തിന്റെ വേളകളുമാണ് അന്തിമനിമിഷങ്ങൾ. വംശീയതയുടെ കരാളതകൾ മൂർത്തീകരിച്ച് കാവൽ നായ്ക്കളായിത്തീരുമ്പോൾ അടിക്കാടർക്ക് മരണം മാത്രമാണ് സമൂഹം വിധിയ്ക്കുത്. സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥകൽപ്പനകൾ ഐറണികൾ ചമയ്ക്കപ്പെടുകയാണ് കൈസർ ഇലെ സദൃശവും അനുരൂപങ്ങളുമായ രണ്ട് ഐതിഹ്യസമാനങ്ങളായ കഥകളിൽ. യാഥാസ്ഥിതികത്വവും കുലമഹിമയും കൂർത്ത ദംഷ്ട്രകളോടെ ഉള്ളിൽ വസിക്കുനത് പട്ടിയുടെ രൂപം ധരിച്ച്.  എന്ന് പുറത്തുചാടുമെന്ന് പറയാൻ വയ്യ. ഈ നായ്ക്കളുടെ ഇരയായിത്തീരാൻ പറ്റിയ ദിവസം ഇൻഡ്യയുടെ സ്വാതന്ത്ര്യദിനം തന്നെ.

കൊളോണിയലിസത്തിന്റേയും തറവാടിത്ത ഊറ്റം കൊള്ളലിന്റേയും ബഹിർഗ്ഗമനത്തിനു പറ്റിയ ദിവസം മറ്റൊന്നില്ല. വില്ല്യം സായിപ്പിന്റെ പട്ടികൾ അല്ലെങ്കിൽ സ്വയം പട്ടിയായി മാറിയ പൊന്നപ്പൻ ചേട്ടന്മാർ ഇന്നും സ്വച്ഛന്ദം നിർമ്മലപ്രണയത്തെ വംശീയതയോ ജാതിമതഭേദങ്ങളോ തീണ്ടാത്ത മനുഷ്യത്തഘോഷണപ്രകൃതിയെ-  കടിച്ചുകീറാൻ തയാറെടുത്തു നിൽക്കയാണ്.
      
ആത്മാർത്ഥമായ ഹൃദയമുണ്ടാകുക പരാജയമാണെന്ന് കാൽപ്പനികലോകം അംഗീകരിച്ച സ്ഥിതിയ്ക്ക് വിജയം എന്നതിന്റെ ആപേക്ഷികതയെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. പക്ഷേ പരാജിതരെ നിർവ്വചിക്കുന്നതിൽ അങ്കലാപ്പ്  മിച്ചം നിൽക്കുകയില്ലേ എന്ന സന്ദേഹം  സംഗതമാണു താനും. പരാജിതരുടെ സംഘടന നിലനിർത്തേണ്ടവർക്ക് ഇതൊരു സമസ്യയായി ഭവിക്കും, തീർച്ച തന്നെ. പരസ്പരവിശ്വാസമില്ലാതെ തമ്മിൽ പോരാടി എന്നിട്ടും ദാമ്പത്യം കാത്തു സൂക്ഷിക്കുന്നവരുടെ പരാജയം അംഗീകരിക്കേണ്ടതല്ലേ എന്നാണ് പരാജിതരുടെ രാത്രി കഥയിലെ സന്ദേഹം. സന്ദേശവും. ദാമ്പത്യപരാജയം സംഭവിച്ചവരെ വേർ പെടുത്തുമ്പോൾ അത് വിജയമാണ്; പരാജിതരുടെ സംഘടനയുടെ തലപ്പത്തിരിക്കുന്ന മത്തായി ഇതു ചെയ്യരുതായിരുന്നു എന്നാണ് അംഗങ്ങളുടെ വാദം. മത്തായി പരാജിതനാകുന്നതോടെ കഥ അവസാനിക്കുന്നു. ഓരോ പരാജയങ്ങളിലും വിജയം ഉൾച്ചേർന്നിരിക്കുന്നു എന്ന സാരം ഘനമേറ്റുന്നു.

സമാന്തരമായി രണ്ട് സ്ഥലകാലങ്ങളെ വിക്ഷേപിക്കുന്ന ആഖ്യാനചാതുരി കഥാകാരന്റെ ഇഷ്ടവിനോദമെന്ന മട്ടിലാണ് പ്രസരിക്കുന്നത്. സമൂഹപുരോഗതിയുടെ മാപിനികൾ അർത്ഥശൂന്യമായി ഭവിക്കുന്നു, മനുഷ്യമനസ്സിന്റെ ഇരുൾ പത്തായങ്ങളുടെ കോണുകളിൽ വെളിച്ചം എശുന്നതേയില്ല എന്നത് പൊതുന്യായമായി ഉൾക്കഥകളെ കണ്ണിവിളക്കിച്ചേർക്കുന്നു.  കൈസർഇലും മൂന്നു കൊലപാതകങ്ങൾഇലും ഘടനയിൽ ശൈഥില്യം സംഭവിപ്പിക്കാതെ അനുരൂപകഥകൾ ഒരേകഥയെന്ന മട്ടിൽ കഥാകൃത്ത് വിന്യസിപ്പിക്കുന്നുണ്ട്. സൂക്ഷ്മതകളുടെ വിളയാട്ടം കൊണ്ട് ചരിത്രയാഥാർത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന വിദ്യ ആവർത്തന വിരസതയെ ദൂരീകരിക്കാൻ ഉതകുകയാണ്.

ആവർത്തിച്ചു വരുന്ന ബിംബങ്ങൾ ഈ കഥകൾ വിളംബരം ചെയ്യുന്ന ദർശനവിധികളുടെ മൂർത്തിസാകല്യം തന്നെ. പല കഥകളിലേയും കഥാപാത്രങ്ങളെ പൊതുവീക്ഷണപദ്ധതിയോടെ നിരീക്ഷിക്കേണ്ടതുമുണ്ട്. അതുകൊണ്ട് ഈ പുസ്തകത്തിന്റെ താളുകൾ മുൻപോട്ടും പിറകോട്ടും മറിച്ചും തിരിച്ചും വായിക്കേണ്ടതാണ്.
- എതിരൻ കതിരവൻ

No comments:

Post a Comment