മുങ്ങിമരിച്ചവരിൽ സുന്ദരനായ മനുഷ്യൻ


എന്റപ്പൻ ചെറിമൂട്ടിൽ വറീതിനു പെയിന്റുപണിയായിരുന്നു. കുട്ടിക്കാലത്തേ പെയിന്റ് ടിന്നുകളെടുത്തു കളിച്ചാ ഞാനും സഹോദരങ്ങളും വളർന്നത്. വലുതായപ്പോ ഞാൻ മാത്രം അപ്പന്റെ വഴിയേ പോയി. ഇപ്പോഴും വീട്ടിൽ പെയിന്റു ടിന്നുകൾ തട്ടീട്ടു നടക്കാൻ പറ്റണില്ലെന്ന പരാതി കേട്ട് ചെവിക്കായം വരെ ഇല്ലാണ്ടായി. എന്റെ തൊഴിലതായിപ്പോയില്ലേ. മാത്രല്ല, അപ്പന്റെ വഴിയേ പോകാൻ ഞാൻ മാത്രമല്ലേയുണ്ടായിരുന്നുള്ളൂ. അതിൽ അപ്പനു സന്തോഷമേയുള്ളൂന്നു കുഴിമാടത്തിൽക്കിടന്നു പറയണപോലെത്തോന്നാറുണ്ട്. അപ്പന് ഏറ്റോം ഇഷ്ടം എന്നോടാരുന്നല്ലോ. അതുകൊണ്ടല്ലേ നാട്ടില് വേറാർക്കും അറിയാത്ത രഹസ്യകഥയൊക്കെ എന്നോടുമാത്രം പറയാറുണ്ടായിരുന്നത്. ഒന്നാന്തരം കഥ പറച്ചിലുകാരനായിരുന്ന അപ്പൻ പോയപ്പോ കഥകളും പോയി. അപ്പനങ്ങനാരുന്നു, ഞാനങ്ങനേമല്ലാരുന്നു. അതുകൊണ്ടു എനിക്കു കഥ കിട്ടാതെ പോയി.
ഇപ്പൊ പണ്ടത്തത്ര പണിയൊന്നുമില്ല. ഞാൻ പഴയ മട്ടിൽ ഒരാഴ്ച കൊണ്ടു തീർക്കണ പണി പുതിയ പിള്ളേരു രണ്ടീസം കൊണ്ടു തീർക്കും. എന്നുവച്ച് അങ്ങനെ ഗതിയില്ലാതൊന്നും ആയിട്ടില്ല. ഈശോപാപ്പീനെ അറിയാവുന്നവരു വേറാരേം പണിയ്ക്കു വിളിക്കില്ല. പണീന്റെ ഗുണം കണ്ടിട്ടൊന്നുമല്ല, പഴേ സ്നേഹം ഉള്ളിലൊറച്ചു കെടപ്പുണ്ടേ. അതു പ്രായാകുന്തോരും അങ്ങ് പടർന്ന് പന്തലിക്കേള്ള്. മാത്രല്ല, പീഡാനുഭവദിവസം കുരിശിന്റെ വഴി പോകുമ്പോ കർത്താവിന്റെ വേഷം കെട്ടി ടാബ്ലോ കെടക്കാൻ പാപ്പിയല്ലാതെ ആരുണ്ട് നാട്ടിൽ? അതെല്ലാർക്കും അറിയാം. ദേഹം മൊത്തം ചായം തേച്ച് വലിയ മരക്കുരിശിന്മേ ചോരയൊലിപ്പിച്ച് ഒറ്റക്കെടപ്പാണ്. രണ്ട് രണ്ടര മണിക്കൂർ ഒരു കണ്ണിലെപ്പീലി പോലും ഇളകില്ല. പോകുന്നോരെല്ലാം പ്രാർഥിച്ച് കുരിശും വരച്ചേ പോകൂള്ളൂ. അങ്ങനൊക്കെ സ്നേഹാവണതാ. എന്തായാലും പട്ടിണിയില്ലാണ്ട് ജീവിക്കാനൊള്ളത് കിട്ടുന്നുണ്ട്, സമാധാനം. പിന്നെ വയസ്സൊക്കെയായില്ലേന്ന് ഞാനും ഒന്നൊതുങ്ങിന്നും കൂട്ടിക്കോ.
അപ്പൻ പണ്ട് പറഞ്ഞ ഒരു കഥയാ ഓർമ്മ വരുന്നേ.
ഇവിടന്ന് വടക്കോട്ട് ഒരു ഒന്നര കിലോമീറ്റർ ചെലുങ്ങനെ നടന്നാ ആദ്യം കാണണത് വത്തിക്കാൻ ചാക്കോയുടെ മാളികയുടെ ഉയർന്ന മോന്തായമാണ്. അത് മുമ്പ് ചാക്കോയുടെ അപ്പൻ എൽദോയുടെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മക്കള് വലിയ ആളുകളാകുമ്പോ അപ്പനുമമ്മേം വഴി മാറിക്കൊടുത്തല്ലേ പറ്റുള്ളൂ. അങ്ങനെ എൽദോയുടെ പ്രതാപകാലത്താണ് അപ്പൻ പറഞ്ഞ കഥ നടക്കുന്നത്. മാളികാന്ന് വച്ചാ എന്തൊരു മാളികയാ. നോഹേടെ പെട്ടകം രണ്ടെണ്ണം അതിന്റകത്ത് കൊള്ളും. എൽദോയ്ക്കാണെങ്കി പലമാതിരി കച്ചോടങ്ങളായിരുന്നു. കാശ് പതിനാറ് ദിക്കീന്നും ഒഴുകുമെന്ന് അപ്പൻ അത്ഭുതം ഭാവിച്ച് പറയുമായിരുന്നു. ആർക്കും ഉപകാരമൊന്നും ചെയ്യില്ലെങ്കിലും ഉപദ്രവവും ഇല്ലായിരുന്നു എൽദോയ്ക്ക്. അങ്ങനുള്ള എൽദോയ്ക്ക് മാളിക കുമ്മായമടിക്കണെങ്കി എന്റപ്പൻ തന്നെ വേണം. പിന്നെ പള്ളിപ്പെരുന്നാള് പോലെയാ വീട്ടിൽ. രണ്ട് മൂന്ന് മാസമെടുക്കും മാളികയിൽ മുഴുവനും പുത്തൻ കുമ്മായത്തിന്റെ ചൂട് നിറയാൻ. ഞാനും അപ്പനെ സഹായിക്കാൻ പോകുമ്പോ മാളിക മൊത്തം ചുറ്റിക്കണ്ടിട്ടിണ്ട്. രണ്ട് നൂറ്റാണ്ട് പഴക്കം കാണും അതിന്. അതിൽക്കൂടിയാലേയുള്ളൂ. പത്തുമുപ്പത് മുറികളുണ്ടാകും. മുകളിലത്തെ നിലയിൽ സിനിമാകൊട്ടകേന്റെ വലുപ്പത്തിലൊരു ഹാളുണ്ട്. അതിനോട് ചേർന്ന് രണ്ടുമൂന്ന് കിടപ്പറകളും. ആഘോഷമെല്ലാം മുകളിലത്തെ ഹാളിൽ വച്ചായിരുന്നു. കളളും പാട്ടും നൃത്തവുമായി നേരം വെളുക്കും വരെ വെളിച്ചത്തിന്റെ പുറകിൽ നിഴലുകൾ ഓടിപ്പായുന്നത് കാണാത്ത നാട്ടാര് കുറവായിവിടെ.
അങ്ങനൊരിക്കൽ മാളിക കുമ്മായം പൂശാൻ അപ്പനെ വിളിച്ചു. കുമ്മായമടി കഴിയുന്നത് വരെ എനിക്കും സഹോദരങ്ങൾക്കും കൊതി മാറാനുള്ള സമയമാരിക്കും. വൈന്നേരം അപ്പൻ വരുമ്പോ മാളികേന്ന് കിട്ടണ എന്തെങ്കിലും തിന്നാൻ കൊണ്ടരും. അതിന്റെ രുചിയിലായിരിക്കും ഞങ്ങടെ ജീവിതം മൊത്തം അപ്പോൾ. കുമ്മായമടി കഴിഞ്ഞാപ്പിന്നെ കുറച്ച് നാളത്തേയ്ക്ക് ഞങ്ങൾക്ക് സങ്കടമായിരിക്കും. അമ്മച്ചീടെ കഞ്ഞീം ചമ്മന്തീം കഴിക്കുമ്പോ ഞങ്ങൾ കോഴിപൊരിച്ചതിന്റേയും ഞണ്ടുകറിയുടേയും ഓർമ്മകൾ തൊട്ടുനക്കുമായിരുന്നു.
അങ്ങനൊരൂസം അപ്പൻ പറഞ്ഞത് മാളികേലെ മുകളിലത്തെ മുറിയിലെ ജനൽക്കമ്പികളെക്കുറിച്ചായിരുന്നു. പഴയ പെയിന്റും തുരുമ്പും പിടിച്ച് ജനൽ ഉരകടലാസുകൊണ്ട് ചുരണ്ടുകയായിരുന്നു അപ്പൻ. ചോര കട്ട പിടിച്ച പോലെ തുരുമ്പ് എന്നായിരുന്നു അപ്പൻ പറഞ്ഞത്. ഉരച്ചപ്പോ തുരുമ്പും പെയിന്റും കൂടെ പച്ചയിറച്ചി പോലെ ഇളകിവന്നെന്ന് അപ്പൻ പറഞ്ഞപ്പോ എന്റെ പല്ല് പുളിച്ചുപോയി. അപ്പനങ്ങനെ പറയണെങ്കി അതില് കാര്യമായ എന്തെങ്കിലും കാണുമെന്ന് എനിക്കറിയാരുന്നു. അധികം വൈകാണ്ടെ രഹസ്യം വെളിപ്പെടുമെന്നും. അതോണ്ട് ഒന്നും കുത്തിച്ചോദിച്ചില്ല. അപ്പനും കൂടുതലൊന്നും പറയാണ്ടെ കിടന്നുറങ്ങാൻ പോയി.
അപ്പൻ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ടതാണോന്ന് അറീല്ല, പക്ഷേങ്കില് നാലാം പക്കം മഴ കൊട്ടിപ്പെയ്തപ്പോ കനാലില് ഒഴുകിയെത്തിയത് ഞങ്ങള് പിള്ളേരടെ ഇഷ്ടക്കാരായ കാരിയും കൂരിയും ഒന്നുമല്ലായിരുന്നു. രണ്ടാഴ്ച മുമ്പ് വരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയെന്ന് നാട്ടാര് വിചാരിച്ച സലോമിക്കുട്ടിയായിരുന്നു. കോളേജിൽ പഠിക്കാൻ പോകുന്ന സലോമീനെ കാണാണ്ട് ഒരു ദിവസം വല്ലാത്ത പുകിലാരുന്നു. എന്നാലും കോളേജ് അവധിയായിരുന്ന അന്നേ ദിവസം അവൾ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആരുമറിയാണ്ടെ ഒളിച്ചോടിപ്പോയത് വിശ്വസിക്കാൻ പറ്റാത്തതായിരുന്നു.
അപ്പൻ എന്നോട് രഹസ്യം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായി. അപ്പനങ്ങനെയാ, എപ്പഴും സിഐഡീന്റെ പോലെ അവസാനത്തേയ്ക്ക് വല്ലതും ബാക്കി വയ്ക്കും. എന്നാ ഇപ്രാവശ്യം അതുമുണ്ടായില്ല. രഹസ്യം വെളിപ്പെടുത്താനാവണേക്കും മുന്നേ അപ്പൻ സ്വർഗ്ഗത്തീപ്പോയി.
എൽദോ മരിച്ചത് എളുപ്പത്തിലായിരുന്നു. ഒരു ഞായറാഴ്ച കുർബാനേം കഴിഞ്ഞ് മാളികേലെത്തിയ എൽദോ ഉമ്മറത്തെ ചാരുകസേരേല് ഇരുന്നങ്ങ് മരിച്ചുപോയി. ഒന്നും സംഭവിക്കാത്ത പോലെ അപ്പന്റെ ശവമടക്കും കഴിഞ്ഞ് ചാക്കോ കാറോടിച്ച് പോകുന്നത് കണ്ടപ്പോ കപ്യാർക്കടക്കം സംശയമായി, എൽദോന്റെ സന്തതി തന്നെയാണോ ചാക്കോന്ന്!
പിന്നങ്ങോട്ട് ചാക്കോയുടെ കാലമായിരുന്നല്ലോ. അപ്പൻ ഭൂതത്തിനെപ്പോലെ കാവലിരുന്ന് നഷ്ടപ്പെടാണ്ട് നോക്കിയ സ്വൊത്തൊക്കെ മാളികേന്ന് ഇറങ്ങിപ്പോകാൻ തുടങ്ങി. ചാക്കോയ്ക്ക് കൂട്ടുകാരെന്ന് വച്ചാ മരിക്കുമായിരുന്നു. മാളികേല് ആഘോഷമില്ലാത്ത ദിവസമുണ്ടായിരുന്നോന്ന് ചോദിച്ചാ കുറേ വർഷങ്ങൾക്ക് മുമ്പേന്ന് ഉത്തരം കിട്ടുമായിരുന്നു. അപ്പഴേക്കും ചാക്കോയുടെ അമ്മച്ചീം കുഴീപ്പോയിക്കെടന്നു. ഒന്നും സംഭവിക്കാത്ത പോലെ അമ്മച്ചീടെ ശവമടക്കും കഴിഞ്ഞ് ചാക്കോ കാറോടിച്ച് പോകുന്നത് കണ്ടപ്പോ കപ്യാർക്ക് മാത്രമല്ല സംശയമുണ്ടായത്.
ചാക്കോയ്ക്ക് കാശിന് ബുദ്ധിമുട്ട് വരാൻ തുടങ്ങിയത് പെട്ടെന്നായിരുന്നു. മാളിക മാത്രം ബാക്കിയായ നിലയായപ്പോ കൂട്ടുകാരും ഇല്ലാണ്ടായി. മാളിക കുമ്മായം പൂശിയിട്ട് അപ്പഴേക്കും വർഷങ്ങളായിരുന്നു. എന്റപ്പനുണ്ടായിരുന്നെങ്കി ചാക്കോന്റെ കാല് പിടിച്ചിട്ടാണെങ്കിലും കുമ്മായമടി മുടക്കാതിരിക്കുമായിരുന്നു.
അങ്ങിനിരിക്കുന്ന കാലത്താണ് നാട്ടാരെ മുഴുവനും അന്തിപ്പിച്ച് കൊല്ലത്തുനിന്നോ മറ്റോ ചാക്കോയെ കാണാൻ ഒരു സംഘം ആളുകൾ വരുന്നത്. ആണും പെണ്ണുമായി പത്തുപന്ത്രണ്ട് പേരുണ്ടായിരുന്നു. ഒരു വെള്ളവാനിലായിരുന്നു അവർ വന്നത്. കവലയിൽ വച്ച് മാളികേലേക്കുള്ള വഴി ചോദിക്കാൻ നിർത്തിയില്ലായിരുന്നെങ്കിൽ അവർ ചാക്കോയെ അന്വേഷിച്ച് വന്നതായിരുന്നെന്ന് ആരും കരുതില്ലായിരുന്നു.
പിന്നങ്ങോട്ട് കുറേക്കാലത്തേക്ക് നാട്ടാരുടെ വിരലെല്ലാം മൂക്കത്ത് തന്നെയായിരുന്നു. ചാക്കോയെ കാണാൻ വന്നത് ഏതാണ്ട് ആതുരസേവനക്കാരായിരുന്നു. അവർക്ക് വത്തിക്കാനീന്ന് നേരിട്ട് പണസഹായം കിട്ടുമാരുന്നു. അതൊക്കെ ചെറിയ ഏർപ്പാടായിരുന്നേ. ചാക്കോ അവരടെ കൂടെച്ചേർന്നപ്പോ സംഗതി വലിയ കളിയായി. ചാക്കോയങ്ങ് വത്തിക്കാനിലേക്ക് പോയെന്നേ. അതിന്റെ കെട്ടും പകിട്ടുമെല്ലാം അറിയാൻ ഇടയ്ക്കൊക്കെ ചാക്കോയുടെ മാളിക വഴി പോയാ മതി. മാളികേലെ മുറികളില്ലാം കാശ് നെറഞ്ഞിട്ട് അതിലുള്ള മനുഷ്യേർക്ക് കെടന്നൊറങ്ങാൻ സ്ഥലമില്ലെന്ന് നാട്ടാര് പറയാൻ തൊടങ്ങീതിലും അതിശയോന്നൂല്ല. അത്രക്കൊന്നുല്ലെങ്കിലും ചാക്കോ കാശ് വാരണത് വലിയ വള്ളത്തിലാന്ന് എനിക്കറിയാർന്ന്. കാരണം അതിന്റെടക്ക് രണ്ട് തവണ മാളിക പെയിന്റടിക്കാൻ പോയത് ഈ പാപ്പിയല്ലേ...
എന്റപ്പൻ എപ്പഴും പറയുമാരുന്നു. പുത്തൻ പണക്കാരുടേം സാത്താന്മാരുടേം വീട്ടിൽ പണിയ്ക്ക് പോകുമ്പോ കണ്ണും കാതും തുറന്നിരിക്കണമെന്ന്. ചുവരെല്ലാം ചുരണ്ടിക്കൊണ്ടല്ലേ ഞങ്ങടെ പണി തുടങ്ങണത്. അങ്ങനെ ചായം ഇളകിവരുമ്പോ എന്തൊക്കെ കഥകളായിരിക്കും വെളിപ്പെടുക. എന്തൊക്കെ രഹസ്യങ്ങളായിരിക്കും അവർ പിറുപിറുക്കുക. ദൈവത്തിന് നെരക്കാത്തത് ചെയ്തട്ടിണ്ടെങ്കി അവർക്ക് അത് സംസാരിക്കാണ്ടിരിക്കാൻ പറ്റില്ലെന്നും അപ്പൻ പറയാരുന്നു.
ചാക്കോന്റെ പേരിന്റെ മുന്നില് വത്തിക്കാൻ കേറീപ്പിന്നെ ആദ്യായിട്ട് മാളിക പെയിന്റടിക്കാൻ വിളിച്ചപ്പോ സത്യത്തിന് എനിക്ക് പേടിതോന്നിയിരുന്നു. പിന്നെ അപ്പനായിട്ട് ഉണ്ടാക്കിയ വഴി ഞാനായിട്ട് അടച്ചുപൂട്ടണ്ടന്ന് കരുതി സമ്മതിച്ചതാ. മാളികേലെ മുകളിലത്തെ മുറികളിൽ പണി തുടങ്ങിയപ്പോ എനിക്ക് അപ്പൻ പറഞ്ഞതെല്ലാം മനസ്സിലാകാൻ തുടങ്ങീരുന്നു. അതിലേറ്റവും ഭീകരമായതെന്തായിരുന്നെന്നോ, ദ്രോഹം പറ്റിയ പെണ്ണിന്റെ കരച്ചിൽ നൂറ്റാണ്ട് കഴിഞ്ഞാലും വായൂലിണ്ടാകുമെന്ന്.
വർഷങ്ങൾക്കിപ്പുറവും ഞാൻ കേട്ടത് സലോമീന്റെ കരച്ചിലായിരുന്നെന്ന് എനിക്കുറപ്പായിരുന്നു. അപ്പനുണ്ടാരുന്നെങ്കി അത് പറഞ്ഞ് കരയേങ്കിലും ചെയ്യാമായിരുന്നു. മാളികേലെ പണി കഴിഞ്ഞന്ന് ഞാൻ നേരേ ചെന്നത് അപ്പന്റെ കുഴിമാടത്തിലേക്കാരുന്നു. ആവോളം അപ്പനോട് കരഞ്ഞ് മനസ്സ് ശാന്താമാക്കീട്ടാണ് വീട്ടിലേയ്ക്ക് പോയത്. എനിക്ക് മനസ്ഥാപം തോന്നാൻ വേറേം കാരണമുണ്ടായിരുന്നു. അപ്പന്റെ കുഴിമാടത്തിന്റെ അപ്പുറത്തായിരുന്നു ദൈവത്തിന് നിരക്കാത്ത വഴിയിൽ മരിച്ചുപോയവരെ അടക്കാനുള്ള പറമ്പ്. സലോമീനേം അവിടാണല്ലോ അടക്കിയിരിക്കണതെന്ന് എനിക്കോർമ്മ വന്നതും അടിവയറ്റീക്കൂടെ ചുണ്ണാമ്പ് നീറ്റിയത് പോലെ ആളൽ പാഞ്ഞു.
എന്നാൽ അതിനേക്കാൾ വലുത് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വത്തിക്കാൻ ചാക്കോ വലിയ മുതലാളിയായി പിശാചിന്റെ വഴിയേ പോകാൻ തുടങ്ങിയിട്ട് നാളേറെയായിരുന്നു. എത്ര പെണ്ണുങ്ങടെ കരച്ചിലാ തോരാതെ വായുവിൽ അലഞ്ഞുതിരിയുന്നത്. ചാക്കോന്റെ ഇഷ്ത്തിന് ഒപ്പം നിക്കാത്തവരെ നാട്ടിൽ നിന്നോടിക്കാൻ എന്ത് കുതന്ത്രവും കാണിക്കുമായിരുന്നല്ലോ. ചാക്കോന്നല്ല, വത്തിക്കാനെന്ന് കേട്ടാൽപ്പോലും നാട്ടാര് പേടിച്ചോടിയൊളിക്കുന്ന പോലായില്ലേ കാര്യങ്ങൾ. എന്നാലും എന്നോട് മാത്രം ചാക്കോ തനിസ്വഭാവോം കൊണ്ട് വന്നതൊന്നുമില്ല. ഒന്നുരണ്ട് തവണ മാളിക പെയിന്റടിക്കാൻ പോകുകേം ചെയ്തു. അപ്പോഴൊക്കെ ഞാൻ അപ്പൻ പറഞ്ഞതെല്ലാം മറക്കുമായിരുന്നു. കണ്ണും കാതും മൂടിയേ ഞാൻ ചുവരുകളിൽ നിന്നും ചായം ചുരണ്ടിക്കളയുമായിരുന്നുള്ളൂ.
ഈ ലോകത്ത് എന്തൊക്കെ യുദ്ധങ്ങളുണ്ടാകുന്നു, മനുഷ്യന്മാര് തമ്മിത്തല്ലി ചാകുന്നു. വെശപ്പ് മാറ്റാൻ വഴിയില്ലാതെ എത്ര ജനങ്ങൾ വാവിട്ട് കരയുന്നു. ആ ദുരിതമെല്ലാം എന്നെങ്കിലും അവസാനിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നതുമില്ലല്ലോ. അതങ്ങിനാ, കഷ്ടപ്പാടുകൾ അവസാനിക്കുമെന്ന് വിചാരിക്കാൻ മാത്രം ധൈര്യം ലോകത്താർക്കുമില്ലാതായിപ്പോയി. ചാക്കോയുടെ കാര്യത്തിൽ നാട്ടാർക്കുണ്ടായിരുന്ന വികാരവും അങ്ങിനെയാരുന്നു. ചാക്കോ മരണം തീണ്ടാത്തവനായി എല്ലാക്കാലവും ഒരു ശല്യമായി തുടരുമെന്ന് എല്ലാരും ഉറപ്പിച്ചുകഴിഞ്ഞ ഒരു സമയത്തായിരുന്നു വേളാങ്കണ്ണീപ്പോയി മടങ്ങും വഴി ചാക്കോയുടെ ബെൻസ് കാർ ആറ്റിലേക്ക് മറിഞ്ഞത്. നാട്ടിലാരും വിശ്വസിച്ചില്ല. ചാക്കോയുടെ ശവം കൊണ്ടുവന്ന ആംബുലൻസ് മാളികേടെ മുറ്റത്ത് നിന്നപ്പോപ്പോലും ആരും  ഒരക്ഷരം മിണ്ടിയില്ല. വെള്ളം കുടിച്ച് ചീർത്ത ചാക്കോ സുന്ദരനായിപ്പോയെന്ന് എനിക്ക് തോന്നിയിരുന്നു.
മരിച്ചവരെപ്പറ്റി ദോഷം പറയാൻ പാടില്ലെന്ന് എന്റപ്പൻ എപ്പഴും പറയുമാരുന്നു. എന്നാലും ചാക്കോനെ അടക്കാൻ പോകുന്നത് അപ്പന്റെ കുഴിമാടത്തിന്റെയടുത്താണെന്ന് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. അപ്പനെന്ത് തെറ്റ് ചെയ്തോവോ. ചാക്കോ മരിച്ച് പത്ത് പന്ത്രണ്ട് കൊല്ലം കഴിഞ്ഞിട്ടും എനിക്കാ സങ്കടം മാറിയില്ലാരുന്നു. അപ്പന്റെ ഓർമ്മദിവസം കുഴിമാടത്തിൽ മെഴുകിതിരി കത്തിച്ച് വയ്ക്കുമ്പോൾ അതിന്റെ വെട്ടം ചാക്കോയും കാണുമല്ലോന്ന് ഞാൻ ആവശ്യമില്ലാതെ വ്യസനിക്കാറുണ്ടായിരുന്നു. അപ്പന്റെ കുഴിമാടം അപ്പോഴേയ്ക്കും പേരിലേ ഉണ്ടായിരുന്നുള്ളൂ. ഭൂമീല് പുതിയ താമസക്കാര് വരുമ്പോ പഴയ ആൾക്കാര് മാറിക്കൊടുക്കണല്ലോ. അതേ ന്യായം തന്നെയായിരുന്നു മരിച്ചവരുടെ കാര്യത്തിലും. പുതിയ മരിച്ചവർ വന്നപ്പോ അപ്പന്റെ കുഴിമാടം മാന്തി എല്ലും പടലവും വാരിക്കളഞ്ഞ് കിടപ്പാടം ഉണ്ടാക്കിക്കൊടുത്തു.
സെമിത്തേരി പരിശോധിക്കാൻ മെത്രാൻ വന്ന ദിവസം ഞാനും പോയിരുന്നു. അപ്പന്റെ കല്ലറ കൊട്ടിനോക്കിയിട്ട് പൊളിച്ചോളാൻ പറഞ്ഞപ്പോ എന്റെ ഉള്ളിൽ തുരുമ്പ് പിടിച്ച ജനൽക്കമ്പിയിൽ ഉരകടലാസ് പിടിയ്ക്കുന്നത് പോലെ തോന്നി. പിന്നൊരു കാര്യത്തിൽ സമാധാനവും ഉണ്ടായി. എന്തൊക്കെയായാലും അപ്പൻ ചാക്കോയുടെ സഹവാസത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ. അത്രേം ദൈവത്തിന് സ്തുതി.
ചാക്കോ മരിച്ചേപ്പിന്നെ നാട്ടിൽ ആകെയൊരു മൌനം മൂടിയിരുന്നു. അത്രേം അക്രമം കാണിക്കാൻ ത്രാണിയൊള്ള ആരും നാട്ടിലില്ലായിരുന്നു. ചാക്കോയുടെ മക്കളാകട്ടെ അമ്മച്ചിയേം കൊണ്ട് ദൂരനാട്ടിലെങ്ങോ പാർപ്പ് തുടങ്ങി. വല്ലപ്പോഴും കൂടി മാളികേല് വന്ന് അവധിക്കാലം ആഘോഷിച്ച് മടങ്ങുകയേയുള്ളൂ. വരുമ്പോഴൊക്കെ ആഘോഷമായിരിക്കും. എന്നാലും ചാക്കോയുടെ മക്കളെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാതെ നോക്കാനും അവർ ശ്രദ്ധിച്ചിരുന്നു.
എന്റപ്പൻ പറയുമായിരുന്നു, അവനവൻ ചെയ്ത് കൂട്ടിയ പാപങ്ങളെല്ലാം വരാനിരിക്കുന്ന തമുറകളേം ബാധിക്കുമെന്ന്. എന്നാൽ ചാക്കോയുടെ മക്കളുടെ കാര്യത്തിൽ അങ്ങിനെയൊന്നും ഉണ്ടായില്ല. അവരൊക്കെവലിയ നെലേലെത്തി പെണ്ണും പെടക്കോഴീമായി സുഖമായി ജീവിക്കുകയായിരുന്നു. അപ്പോ ചാക്കോ ചെയ്തതൊന്നും പാപമല്ലായിരുന്നോ എന്ന ചോദ്യം ഇടയ്ക്കിടെ എന്നെ അലട്ടുമായിരുന്നു. അല്ലെങ്കിലും പാവങ്ങള് പാപം ചെയ്യുമ്പോഴല്ലേ അതിന്റെ ഫലം മക്കൾക്കും കിട്ടൂള്ളൂ. പണക്കാരുടെ പാപം ദൈവം കണ്ടില്ലെന്ന് നടിക്കുമായിരിക്കും. അപ്പനൊരു ദിവസം സ്വപ്നത്തിൽ വന്ന് ചിരിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയത് ശരിയാണെന്ന് തോന്നി.
ചാക്കോയുടെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റിയെന്ന് പിന്നീടാണ് മനസ്സിലായത്. ഒരു വേനലവധിയ്ക്ക് ചാക്കോയുടെ മക്കൾ അമ്മച്ചീനേം കൊണ്ട് മാളികേല് വന്നപ്പോഴായിരുന്നു അത്. മെത്രാൻ സെമിത്തേരി പരിശോധിക്കാൻ വന്ന ദിവസം തന്നെ ചാക്കോയുടെ ഭാര്യ അവസാനത്തെ ശ്വാസം വലിച്ചു. കുറേ പെണ്ണുങ്ങടെ കരച്ചിലിൽ വീർപ്പുമുട്ടുന്ന കിടപ്പുമുറിയിൽ വച്ചായിരുന്നു അന്ത്യം. മക്കൾ ഒന്നും സംഭവിക്കാത്ത പോലെ ശവമടക്കിനുള്ള കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങി. മെത്രാൻ ചാക്കോയുടെ ശവക്കല്ലറ കൊട്ടി നോക്കിയിട്ട് തൃപ്തി പോരാതെ മുഖം ചുളിച്ചു. വെറെ കുഴിയിലടക്കാൻ ചാക്കോയുടെ മക്കളും തയ്യാറല്ലായിരുന്നു. എന്നാ കല്ലറ പൊളിക്കെന്ന് മെത്രാൻ പറഞ്ഞു.
എന്റപ്പൻ കെട്ടുകഥകളും പറയുമായിരുന്നു. അപ്പൻ പുസ്തകം വായിക്കുന്നതൊന്നും ഞാൻ കണ്ടിട്ടില്ല. എന്നാലും കേട്ടാൽ കോരിത്തരിക്കുന്ന കഥകൾ പറയാൻ അപ്പന് വല്ലാത്ത മിടുക്കായിരുന്നു. എനിക്കെന്തോ കഥ പറച്ചിലൊന്നും വലിയ താല്പര്യമില്ലാതെ പോയി. എന്റെ സഹോദരങ്ങൾക്കും അങ്ങിനെ തന്നെയായിരുന്നു. ജീവിക്കാൻ തന്നെ സമയമില്ലാത്തപ്പോ അപ്പനിതെന്തിന്റെ കേടായിരുന്നെന്ന് അവർ പരിഹസിക്കുമായിരുന്നു.
പക്ഷേ, എനിക്ക് മാത്രമേ അപ്പനെ മനസ്സിലാക്കാൻ പറ്റിയിട്ടുള്ളൂ. അപ്പൻ കഥ പറഞ്ഞിട്ടുണ്ടെങ്കി അതിൽ കാര്യവും കാണുമെന്ന് എനിക്കറിയാമായിരുന്നു. മരിക്കണേക്കും മുമ്പേ അപ്പൻ പറഞ്ഞ കഥയിലെല്ലാം അവസാനിപ്പിക്കാൻ പറ്റാത്ത ഒരു തുമ്പുണ്ടാകുമായിരുന്നു. അപ്പൻ എന്തോ മനസ്സിലൊളിപ്പിച്ചാണ് പറയുന്നതെന്ന് അറിയായിരുന്നെങ്കിലും അതെന്താണെന്ന് ചോദിക്കാൻ എനിക്ക് പേടിയായിരുന്നു.
പാപ്പീ, നമ്മള് മരിച്ചാലും ഈ ലോകം വിട്ട് പോകാൻ പറ്റില്ലടാ. നമ്മടെ പാപവും പുണ്യവുമെല്ലാം പൂർത്തിയാകാതെ കെടക്കുന്നുണ്ടാകും. അത് കണ്ട് വ്യസനിക്കാൻ വേണ്ടി ഇവിടിങ്ങനെ അലഞ്ഞ് നടക്കാനാ എല്ലാരടേം വിധി, അപ്പൻ അവസാനം പറഞ്ഞ വാക്കുകളാണ്. അല്ലെങ്കി മരിച്ച് വന്നവരുടെ വഴി മുടക്കിക്കിടന്ന ചാക്കോയുടെ ശവം മാന്തിയെടുത്തപ്പോൾ മെത്രാനടക്കം വിരണ്ട് പോയതെന്തിനാ?
ആ കാഴ്ച കണ്ടവരൊക്കെ ലോകാവസാനം അടുത്തൂന്ന് വിചാരിച്ച് നിലവിളിച്ചോടി. കുഞ്ഞുങ്ങളേം കെട്ടിപ്പിടിച്ച് അമ്മമാർ ഓടിയ ഓട്ടം ഞാനിന്നും മറക്കില്ല. ദൈവനിന്ദ പറഞ്ഞോണ്ട് നടന്ന കൂട്ടം തെറ്റിയ കുഞ്ഞാടുകൾ പോലും അന്ന് ഭയന്ന് വിറച്ചിരിക്കുന്നത് എന്റെ കണ്ണ് കൊണ്ട് കണ്ടതാ. അപ്പനുണ്ടായിരുന്നെങ്കി ഒരു രഹസ്യച്ചിരിയുമായി എന്തെങ്കിലും കഥ പറഞ്ഞേനേയെന്ന് ഞാനോർത്തു.
പുതിയൊരു ശവപ്പെട്ടി കൊണ്ടുവന്ന് ചാക്കോയുടെ ശവം കിടത്തി സെമിത്തേരിയുടെ നടുക്ക് വച്ചിരുന്നു. മരിച്ചപ്പോഴേക്കാൾ കുറച്ച് പ്രായം കൂടിയ പോലെയുണ്ടായിരുന്നു. എങ്കിലും മണ്ണിന്റെ കെട്ടിപ്പിടുത്തത്തിനൊന്നും വഴങ്ങിക്കൊടുക്കാതെ മുഷ്കനായിട്ടായിരുന്നു ചാക്കോയുടെ കിടപ്പ്. അപ്പന്റെ ശവം ഇങ്ങനെ കിടക്കുമ്പോ അമ്മേടെ ശവം അടക്കുന്നതിനെക്കുറിച്ചായിരുന്നു ചാക്കോയുടെ മക്കളുടെ ആലോചന. സെമിത്തേരീലാണെങ്കി മാന്താൻ പാകത്തിലൊള്ള കുഴിയൊന്നും ഉണ്ടായിരുന്നില്ല.
കാശ് കൊടുക്കാണെങ്കി ഏതെങ്കിലും കുഴി ഒപ്പിച്ചെടുത്താ അപ്പനെ അടക്കിത്തരാമെന്ന് ആരൊക്കെയോ പറഞ്ഞെങ്കിലും മക്കള് സമ്മതിച്ചില്ല. കുടുംബപ്പേരെഴുതിയ കല്ലറയിലേ അടക്കാൻ പറ്റൂന്ന് അവർ വാശി പിടിച്ചപ്പോ ഞാൻ പോലും ഞെട്ടിപ്പോയി. ചാക്കോയുടെ മക്കൾ തന്നെയാണോന്ന് സംശയം തോന്നിപ്പോകും. മാത്രല്ല, ഒരിക്കൽ സെമിത്തേരിയിൽ അടക്കിക്കഴിഞ്ഞാപ്പിന്നെ മണ്ണോട് ചേരണമെന്നാണ് നിയമം. എന്നാലേ കുടുംബക്കാര് വരുമ്പോ സ്ഥലമൊഴിഞ്ഞ് കൊടുക്കാൻ പറ്റൂ.
എന്റപ്പൻ പറയുമായിരുന്നു, നാട് വിട്ട് പോയവന്റെ കിടപ്പാടം അന്യാധീനപ്പെട്ട് പോകുമെന്ന്. ഇല്ലെങ്കി ഉയർത്തെഴുന്നേൽക്കണം. അപ്പൻ അന്നത് പറഞ്ഞേന്റെ ഉള്ളുകള്ളി എനിക്കിപ്പഴാണ് മനസ്സിലായത്. ചാക്കോയ്ക്ക് ഇതൊക്കെ സംഭവിക്കുമെന്ന് അപ്പനറിയാരുന്ന പോലെ. അപ്പൻ ഒരു കഥേം പറഞ്ഞിരുന്നു. കടൽത്തീരത്ത് അടിഞ്ഞ ഒരു ശവത്തിന്റെ കഥ. ഭയങ്കര സുന്ദരനായ ഒരു ശവമായിരുന്നു അത്. നാട്ടിലെ പെണ്ണുങ്ങളെല്ലാം ആ ശവത്തിനെ പ്രേമിക്കാൻ തുടങ്ങി. ആ ശവം ഒരു ഗ്രാമത്തിനെത്തന്നെ മാറ്റിക്കളഞ്ഞു. എസ്തപ്പാൻ എന്നായിരുന്നു ആ ശവത്തിന്റെ പേര്. ഒടുക്കം എല്ലാരും കൂടെ എസ്തപ്പാനെ കടലിലൊഴുക്കി യാത്രയയ്ക്കുകയായിരുന്നു. കഥ നല്ലതായിരുന്നെങ്കിലും എനിക്ക് അത്ര വിശ്വാസം വന്നില്ല. എന്റെ സംശയം അപ്പന് മനസ്സിലായി. പാപ്പീ, കഥ കേക്കുമ്പോ വിശ്വാസം വരില്ലടാ... നേരിട്ട് കാണുമ്പോ നീ അപ്പനെ ഓർക്കും... അപ്പൻ പറഞ്ഞു.
ചാക്കോയുടെ ശവം കടലിലൊതുക്കാമെന്ന് തീരുമാനമായപ്പോൾ ഞാൻ അപ്പനെ അടക്കിയിരുന്നിടത്ത് പോയി മുട്ടിപ്പായി പ്രാർത്ഥിച്ചു. അപ്പനെ കേട്ടിരുന്നെങ്കി എനിക്ക് എന്തൊക്കെ രഹസ്യങ്ങൾ തുറന്നു കിട്ടുമായിരുന്നെന്ന് സങ്കടം വന്നു. അപ്പോഴേക്കും ചാക്കോയെ കയറ്റിയ ഒരു ശവപ്പെട്ടി കടൽ ലക്ഷ്യമാക്കി യാത്രയായിരുന്നു.
മൂന്ന് വഞ്ചികൾ കടലിലേയ്ക്കിറക്കി. ഒന്നിൽ ചാക്കോയുടെ ശരീരവും മറ്റ് രണ്ടെണ്ണത്തിൽ കല്ലും കയറും മെത്രാനും. നടുക്കടലിലെങ്ങോ വഞ്ചികൾ മറയും വരെ ഞങ്ങൾ നോക്കി നിന്നു. ചാക്കോയില്ലാതെ വഞ്ചികൾ തിരിച്ചെത്തിയ ശേഷമേ എല്ലാവർക്കും ശ്വാസം വീണുള്ളൂ. എന്നിട്ടും എനിക്ക് സംശയം തീർന്നില്ലായിരുന്നു.
അപ്പൻ പറഞ്ഞ കഥയിൽ ഞാൻ വിട്ടുപോയ എന്തെങ്കിലും ഉണ്ടായിരുന്നോയെന്ന് ആലോചിക്കുകയായിരുന്നു. അന്നത്തേക്കാളും കര പിടിച്ചെടുത്ത കടൽ വേലിയേറ്റത്തിൽ അലറുന്നുണ്ടായിരുന്നു. അടിവയറ്റിലെ ഒരു വിലാപം തികട്ടി വരുന്നത് പോലെയായിരുന്നു തിരമാലകൾ. ഞാനിങ്ങനെ ദിവസോം വൈകുന്നേരം കടൽത്തീരത്ത് വന്ന് കുറച്ച് നേരം നോക്കിയിരിക്കും. വേറൊന്നുമല്ല, അപ്പൻ എസ്തപ്പാന്റെ കഥ പറഞ്ഞോണ്ടിരുന്നപ്പഴാ നെഞ്ചുളുക്കി വീണതും എനിക്കപ്പനില്ലാണ്ടായതും. കഥയുടെ അവസാനം എസ്തപ്പാൻ തിരിച്ച് വരുമോന്ന് അപ്പനേടെങ്ങനാ ചോദിക്കുകാന്നാ ദിവസോം ഞാനിവിടിരുന്ന് ആലോചിക്കുന്നത്.

സമകാലിക മലയാളം വാരിക, ഒക്ടോബർ 2018

No comments:

Post a Comment