(വര: വിനീത് എസ് പിള്ള)
ഹൈദരാബാദിലേയ്ക്ക്
ട്രെയിനിംഗിന് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ആറംഗ സംഘത്തിൽ പേരു വന്നപ്പോൾ മുതൽ
വിറളി പിടിച്ചതു പോലെയായിരുന്നു അനിതയ്ക്ക്. നോട്ടീസ് ബോർഡിൽ പേരുകൾ അച്ചടിച്ച്
പതിച്ചിരുന്നതിൽ അത് താനല്ലാതിരിക്കുമോയെന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും നോക്കി
നിരാശപ്പെട്ടുകൊണ്ടിരുന്നു അവൾ. ആറ് പേർക്ക് സന്തോഷിക്കാനുള്ള വക
അതിലുണ്ടായിരുന്നു, അല്ല അഞ്ചെന്ന് കസ്റ്റമർ സപ്പോർട്ടിലെ ജെറി തിരുത്തി. ഈ
ട്രെയിനിംഗ് എന്ന് പറഞ്ഞാൽ കുറച്ച് ദിവസത്തേയ്ക്ക് ജോലിസമ്മർദ്ദങ്ങളിൽ നിന്നും
കമ്പനിച്ചെലവിൽ മാറി നിന്ന് നാട് കാണാനുള്ള അവസരമാണെന്ന് എല്ലാവർക്കും
അറിയാമായിരുന്നു. പക്ഷേ അനിതയെ സംബന്ധിച്ചിടത്തോളം അത് ബിപി കൂട്ടാനുള്ള
വഴികളിലൊന്നു മാത്രമായിരുന്നു.
‘എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു,’ അനിത സംഘത്തിലെ മറ്റൊരു പെൺതരിയായ ഉഷയോട്
പറഞ്ഞു. ‘കഴിഞ്ഞ തവണ ഡെൽഹിയ്ക്ക് പോയിട്ട് ഉണ്ടായ
പുകിലൊക്കെ നിനക്കറിയാവുന്നതല്ലേ. ആ പ്രൊജക്ട് മാനേജർ ഇത്രയും
കണ്ണിൽച്ചോരയില്ലാത്തവനായിപ്പോയല്ലോ. ഞാനിനി നന്ദേട്ടനോട് എന്ത് പറയും? അങ്ങേരെന്നെ പച്ചയ്ക്ക് തിന്നും.’
‘അതിപ്പോ ചേച്ചി സ്വയം തീരുമാനിച്ച്
പോകുന്നതൊന്നും അല്ലല്ലോ, നന്ദേട്ടനും ഇങ്ങനെ ഒരുപാട് ഒഫീഷ്യൽ ടൂറുകൾക്ക്
പോകാറുള്ളതല്ലേ. പറഞ്ഞാൽ മനസ്സിലാകാത്തതൊന്നുമില്ലല്ലോ.’ ഉഷ പറഞ്ഞു.
‘ആ, നിനക്കെന്തറിയാം ഉഷേ, ഞാനൊരു ദിവസം മാറി
നിന്നാൽ മതി, വീട് യുദ്ധക്കളമാക്കും അങ്ങേരും പിള്ളേരും കൂടി. മൂത്തവനാണെങ്കിൽ
അവനിഷ്ടമുള്ളത് വച്ച് കൊടുത്തില്ലേ പട്ടിണി കിടക്കും. രണ്ടാമത്തവൻ പിന്നെ
കുഴപ്പമില്ലെന്ന് വയ്ക്കാം. പക്ഷേങ്കിലേ നന്ദേട്ടന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ
പറ്റില്ല. ഒന്നാമതേ ജോലി കഴിഞ്ഞ തല ചൂടായി വരുവായിരിക്കും, അതിന്റെ കൂടെ പിള്ളേരും
കൂടെയായാപ്പിന്നെ ഹൈദരാബാദിലെന്നല്ല, ശൂന്യാകാശത്ത് പോയാപ്പോലും എനിക്ക്
സ്വസ്ഥതയുണ്ടാവില്ല.’
‘അതിനിപ്പോ നമുക്കെന്ത് ചെയ്യാൻ പറ്റും ചേച്ചീ? കുറുപ്പ് സാറിന്റെ സ്വഭാവം അറിയാല്ലോ.’
‘അതാ...’ അനിത എന്തോ
ചിന്തയിൽ പിടിച്ച് കുറച്ചു നേരത്തേയ്ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു.
ഉഷ പറഞ്ഞതിൽ
കാര്യമുണ്ടായിരുന്നു. പ്രൊജക്ട് ഡയറക്ടർ ആയ കുറുപ്പ് ഒരു കടുംപിടുത്തക്കാരനായിരുന്നു.
പല തവണ അരിച്ചരിച്ചാണ് അയാൾ ആറ് പേരെ തെരഞ്ഞെടുത്തത്. അതിലുൾപ്പെടുകയെന്നത്
ഹൈദരാബാദ് യാത്രയെന്നതിലുപരി ഇനിയങ്ങോട്ടുള്ള അനേകം ഓൺസൈറ്റ് വിദേശയാത്രകൾക്കും
അപ്രൈസൽ വരുമ്പോൾ കരയിപ്പിക്കാത്ത ഹൈക്ക് വരുന്നതിനും എല്ലാം പ്രധാനപ്പെട്ടതാണ്.
പ്രൊജക്ട് ഡയറക്ടറുടെ ഇഷ്ടപ്പട്ടികയിൽ
എത്തിപ്പെടാതെ ആ ഓഫീസിൽ നിന്നും ആരും കടൽ കടന്നിട്ടില്ല. എതിർപ്പ് ചിലപ്പോൾ
ദുരിതപൂർണ്ണമായ ഔദ്യോഗികജീവിതവും തൊഴിൽ നഷ്ടം വരേയും സമ്മാനിച്ചേക്കാനും മതി.
അനിതയ്ക്ക് ബോധം
തിരിച്ചു കിട്ടിയപ്പോൾ അവർ ക്യാന്റീനിൽ ഇരിക്കുകയായിരുന്നു. സ്വാഭാവികമായും ഒരു
സംഘത്തിൽ ഉൾപ്പെട്ടവർ എല്ലാവരും ഒന്നിച്ച് മേശയ്ക്ക് ചുറ്റുമിരുന്നു. എല്ലാവരും
സന്തോഷത്തിലായിരുന്നു, അനിത മാത്രം കറുത്ത മേഘങ്ങൾ വിരാജിക്കുന്ന ആകാശം പോലെ മുഖം
കനപ്പിച്ചിരുന്നു.
ലഞ്ച് ബോക്സുകൾ
തുറക്കപ്പെട്ടപ്പോൾ പല തരത്തിലുള്ള പാചകഫലങ്ങളുടെ ഗന്ധം പൊട്ടിപ്പുറപ്പെട്ടു.
പതിവുള്ള പങ്കു വയ്ക്കലുകളും പരിഹാസങ്ങളും തുടങ്ങി. എല്ലാ ദിവസവും ഉരുളക്കിഴങ്ങ്
കറി കൊണ്ടുവരുന്ന ജെറിയെ ടെസ്റ്റിംഗിലെ വിനോദ് നമ്പ്യാർ കളിയാക്കി. നിന്റെ ഹൌസ്
ഓണർക്ക് രാത്രി സമാധാനമായി ഉറങ്ങാൻ പറ്റുന്നുണ്ടോടാ എന്നോ മറ്റോ ആയിരുന്നു അത്.
മുട്ടയും ഉരുളക്കിഴങ്ങും ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിലെ മിക്കവാറും ബാച്ചിലേഴ്സ്
പട്ടിണി കിടന്ന് മരിക്കുമായിരുന്നെന്ന് ജെറി മറുപടി കൊടുത്തു.
സംഭാഷണങ്ങൾ
പെട്ടെന്നു തന്നെ ഹൈദരാബാദിലേയ്ക്ക് മാറി. സംഘത്തിൽ മുമ്പ് അവിടെ പോയിട്ടുള്ളവർ
അനുഭവങ്ങൾ പങ്കുവച്ചു. അവിടെ കാണേണ്ട സ്ഥലങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും
എന്തൊക്കെയാണെന്ന് പറയുമ്പോൾ അവർക്ക് എന്തൊക്കെയോ വെട്ടിപ്പിടിക്കുന്ന
ആവേശമുണ്ടായിരുന്നു. അതിനെക്കുറിച്ച് ഒന്നും അറിയാത്തവരാകട്ടെ നിസ്സഹായരായി
കേട്ടിരുന്നതേയുള്ളൂ, അനിതയൊഴിച്ച്. അവൾ പാവയ്ക്കാ മെഴുക്കുവരട്ടിയും മോരുകറിയും
ചോറിലിട്ട് കുഴച്ചുകൊണ്ടിരുന്നു.
ഉഷ അവളെ
സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഇത്തവണ വേറൊരു രീതിയിലായിരുന്നു അവൾ കരു നീക്കിയത്.
‘എന്റെ ചേച്ചീ, ഇങ്ങനെ വേവലാതിപ്പെടാതെ.
പെണ്ണുങ്ങൾ ശൂന്യാകാശത്തിലേയ്ക്ക് പോകുന്ന കാലമാണിത്. അപ്പോഴാ, ഒരാഴ്ച ചേച്ചി മാറി
നിന്നെന്നും വച്ച് കെട്ട്യോനും കുട്ട്യോളും ഇല്ലാതാകുകയൊന്നുമില്ല.’
‘ഏതേങ്കിലും പെണ്ണ് ചൊവ്വാഗ്രഹത്തിലേയ്ക്ക്
പോയെന്ന് പറഞ്ഞാലും എന്റെ കാര്യം മാറില്ലെടീ.’ അനിത
വിട്ടുകൊടുക്കാനുള്ള ഭാവമില്ലായിരുന്നു.
‘അനിതയും സുനിതയും, ഇന്ദ്രനും ചന്ദ്രനും എന്ന്
പറയുന്ന പോലെയുണ്ട്,’ ജെറി ഒരു തമാശ പൊട്ടിച്ചു. ആണുങ്ങളെല്ലാവരും
കുലുങ്ങിച്ചിരിച്ചു. ഉഷയ്ക്ക് അതിൽ തമാശ തോന്നാത്തതിനാൽ തുമ്മാൻ വരുന്നതായി
ഭാവിച്ച് കണ്ണുകളിറുക്കി.
വാസ്തവത്തിൽ ഉഷ
സുനിത വില്യംസിന്റെ ഉദാഹരണം തന്നെയായിരുന്നു പറഞ്ഞത്. കാരണം അവർ അത്
സംസാരിക്കുമ്പോൾ സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കാനെത്തിയിട്ടുണ്ടായിരുന്നു. അവർ
മണ്ണിലിറങ്ങിയെന്ന് ഏതോ ഓൺലൈൻ പത്രത്തിൽ തലക്കെട്ട് കണ്ടത് അവളോർത്തു. സ്പേസ്
സ്യൂട്ടിലും അല്ലാതെ സാധാരണ വസ്ത്രത്തിലുമുള്ള സുനിത വില്യംസിന്റെ ഫോട്ടോയും
ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ഉഷയ്ക്ക് വല്ലാതെ വിഷമവും തോന്നിപ്പോയി. അവൾ എപ്പോഴും
പല നിറത്തിലും ഡിസൈനിലും ഉള്ളതാണെങ്കിലും ചുരിദാർ മാത്രമേ ധരിക്കാറുള്ളൂ. കോഡിംഗിലെ
ഷെർളിയെപ്പോലെ ജീൻസും ടോപ്പും ധരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവളുടെ നെഞ്ചിലേയ്ക്കും
ചന്തിയിലേയ്ക്കും ആണുങ്ങൾ കൊതിയോടെ നോക്കുന്നത് കാണുമ്പോൾ ഭയം തോന്നുമായിരുന്നു.
അനിത ഭക്ഷണം കഴിക്കാൻ
പ്രയാസപ്പെട്ട് അവസാനം ചോറും കറിയുമെല്ലാം വാരിയെടുത്ത് കുപ്പത്തൊട്ടിയിലിട്ടു.
തലവേദനയെടുക്കുന്നു എന്ന് പറഞ്ഞ് പാരസെറ്റാമോൾ വാങ്ങിക്കാനായി എച്ച് ആറിലേയ്ക്ക്
പോയി.
*
വിമാനത്താവളത്തിൽ
എല്ലാവരും എത്തിച്ചേർന്നപ്പോൾ യാത്രയുടെ നേതൃത്വം വിനോദ് നമ്പ്യാർ സ്വമേധയാ
ഏറ്റെടുത്തു. അവരിലാരും തന്നെ മുമ്പ് വിമാനത്തിൽ കയറാത്തവരായി ഇല്ലാതിരുന്നതിനാൽ
ആർക്കും പ്രശ്നമൊന്നും തോന്നിയില്ല. ബോർഡ് ചെയ്യാൻ ഇനിയും ഒരു മണിക്കൂർ
ബാക്കിയുണ്ടായതിനാൽ ജെറി എയർപോർട്ടിലെ ബാർ അന്വേഷിച്ച് പോയി. ബാക്കിയുള്ള ആണുങ്ങൾ
ഡ്യൂട്ടി ഫ്രീ ഷോപ്പിലേയ്ക്കും. അനിതയും ഉഷയും വെയ്റ്റിംഗ് ലോഞ്ചിൽ ഇരുന്ന് മറ്റു
യാത്രക്കാരെ നിരീക്ഷിച്ചു.
‘നന്ദേട്ടൻ ഇന്നലെ എന്നെ ദഹിപ്പില്ലെന്നേയുള്ളൂ
ഉഷേ,’ അനിത മൌനം മുറിച്ചു. ഉഷ എന്താണെന്ന മട്ടിൽ
നോക്കി.
‘ഇത് ഞാൻ മനഃപൂർവ്വം പ്ലാൻ ചെയ്തതാണെന്നാ
പറയുന്നത്. ഒരാഴ്ച ഞാനില്ലാതെ അവരെങ്ങിനെ ജീവിക്കുമെന്നോർത്ത് എനിക്ക് നെഞ്ച്
വേദനിക്കുന്നു. പോരാത്തതിന് തിരിച്ചെത്തുമ്പോഴേക്കും അപ്പനും മക്കളും ചേർന്ന് വീട്
ചന്തയാക്കും. അതൊക്കെ വൃത്തിയാക്കിയെടുക്കണമെങ്കി ഞാൻ തന്നെ ഒരു മാസം കഷ്ടപ്പെടണം.’
‘ഇങ്ങനെ ആധി പിടിക്കല്ലേ ചേച്ചീ, ഒരു
ജോലിയിലിരിക്കുമ്പോൾ ഇതൊക്കെ വേണ്ടി വരുമെന്ന് നന്ദേട്ടനും അറിയാവുന്നതല്ലേ.
പിന്നെ ഈ ലോകത്തെ പെണ്ണുങ്ങളാരും ഇതുപോലെ ടെൻഷനടിക്കുന്നുണ്ടാവില്ല.’
‘നിനക്കതൊക്കെ പറയാം. ജോലിയ്ക്ക് പോകണമെന്ന്
പറഞ്ഞപ്പോ നന്ദേട്ടൻ എന്നെ കൊന്നില്ലെന്നേയുള്ളൂ. ഞാൻ സമ്പാദിച്ചിട്ട് കുടുംബം
പോറ്റണ്ട കാര്യമില്ലെന്നും പറഞ്ഞ്. നീ തന്നെ പറഞ്ഞേ ഉഷേ, ഞാൻ എന്തിനാ കഷ്ടപ്പെട്ട്
എഞ്ചിനീയറിംഗ് പഠിച്ചത്. എന്റെയാഗ്രഹമായിരുന്നു ഒരു ജോലിയൊക്കെ ചെയ്ത് കുടുംബവും
നോക്കി സന്തോഷമായി ജീവിക്കണമെന്ന്. ചുമ്മാ വീട്ടിലിരുന്ന് സീരിയലും കണ്ട് കാലം
കഴിക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു.’
‘ചേച്ചിയുടെ മനസ്സിൽ ഇത്രയ്ക്കൊക്കെ
ഉണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു,’ ഉഷ പറഞ്ഞു.
‘പിന്നെ, എന്റെ കൂടെപ്പഠിച്ചവരൊക്കെ അമേരിക്കേലും
ആസ്ത്രേലിയേലും പോയി ജോലി ചെയ്ത് സുഖമായി ജീവിക്കുമ്പോ, ഞാൻ ഇത്രയെങ്കിലും
ചെയ്തില്ലെങ്കി എങ്ങിനാ?’
ഉഷ അഭിനന്ദിക്കുന്ന
മട്ടിൽ പുഞ്ചിരിച്ചു.
‘ങാ, നീ ചിരിച്ചോ, നിന്റെ കാര്യവും
ഇതൊക്കെപ്പോലെയായിരിക്കും. കല്യാണം കഴിയുമ്പോഴറിയാം.’ അനിത പറഞ്ഞു.
‘എന്റെ ജോലിയെ തൊട്ടുകളിക്കുന്ന ഒരു കോന്തനേയും
ഞാൻ കെട്ടില്ല ചേച്ചീ.’
അനിത അതിന് മറുപടി
പറയാതെ ചിന്തകളിലേയ്ക്ക് തിരിച്ചുപോയി. ഉഷ ന്യൂസ് സ്റ്റാന്റിൽ പോയി അന്നത്തെ പത്രം
വാങ്ങിക്കൊണ്ടുവന്ന് വായിക്കാൻ തുടങ്ങി. സുനിത വില്യംസിന്റെ ഇന്ത്യ സന്ദർശനം വലിയ
പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ടായിരുന്നു. അമേരിക്കൻ പൌരത്വമുള്ള സുനിതയെ ഇന്ത്യൻ
പെണ്ണായി ചിത്രീകരിക്കാനുള്ള ആവേശം റിപ്പോർട്ടിലുടനീളം കാണാമായിരുന്നു.
അതിനേക്കാൾ, അവർ ഗുജറാത്ത് സന്ദർശനവേളയിൽ അവിടത്തെ മുഖ്യമന്ത്രിയുടെ ക്ഷണം അവഗണിച്ചതായിരുന്നു
പ്രധാനം.
ആ വാർത്ത അനിതയെ
കാണിക്കണമെന്ന് അവൾക്ക് തോന്നി. തൽക്കാലത്തേയ്ക്ക് അവളെ ഒന്ന് സമാധാനിപ്പിക്കാൻ
അതിന് സാധിക്കുമെന്ന് എന്തോ അവൾ വിചാരിച്ചുപോയി. അനിത അപ്പോൾ മൊബൈൽ ഫോൺ എടുത്ത്
നന്ദേട്ടനെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. അന്ന് ഞായറാഴ്ചയാണെന്നും നന്ദേട്ടൻ
വീട്ടിൽത്തന്നെ കാണുമെന്നും അനിത പറഞ്ഞിരുന്നത് അവളോർത്തു. എയർപോർട്ടിൽ
യാത്രയയ്ക്കാൻ വരാത്തതെന്താണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത് മറ്റൊരു
കദനകഥയിലേയ്ക്ക് എത്തിക്കും എന്നതിനാൽ ഉപേക്ഷിക്കുകയായിരുന്നു.
എന്തോ കാരണത്താൽ
കാൾ കണക്ട് ആകുന്നില്ലായിരുന്നു. അനിത ഉഷയുടെ ഫോൺ കടം വാങ്ങി ശ്രമിച്ചുനോക്കി.
ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന് റെക്കോർഡ് ചെയ്ത ശബ്ദം പല ഭാഷകളിൽ ആവർത്തിച്ചതല്ലാതെ
ഒന്നുമുണ്ടായില്ല.
‘ഇന്ന് കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി വച്ചിട്ടാ
ഞാൻ വന്നത്,’ അനിത പറഞ്ഞു. ‘രാവിലെ
കഴിക്കാൻ ദോശയും ചമ്മന്തിയും ഉണ്ടാക്കി, മൂത്തവന് വറ്റൽ മുളക് ചുട്ടരച്ച
തേങ്ങാച്ചമ്മന്തി ഇഷ്ടമാ. ഇളയവന് പ്രത്യേകിച്ചങ്ങിനെ ഒന്നിനോടും
താല്പര്യമില്ലാത്തത് കൊണ്ട് അത്രയും സമാധാനം. കുറച്ച് ചിക്കൻ ഉണ്ടായിരുന്നത് കറി
വച്ചിട്ടുണ്ട്, ഫ്രൈഡ് റൈസും ഉണ്ടാക്കി, ഉച്ചയ്ക്ക് കഴിക്കാൻ അതുമതിയാകും. സമയം
കിട്ടിയാരുന്നെങ്കി കുറച്ച് ചിക്കൻ വറക്കാമായിരുന്നു. രാത്രിയിലേയ്ക്കും അത്
തികയും, ഇനി രാത്രിയും അത് തന്നെയാകുമ്പോ കഴിക്കാതിരിക്കുമോന്നാ...’
അനിത ആരോടോയെന്ന
പോലെ പറഞ്ഞു. ഉഷ അതിശയത്തോടെ അതെല്ലാം കേട്ടിരുന്നു. രാവിലെ ബ്രഡ്ഡും ഓംലറ്റും ഒരു
ഗ്ലാസ്സ് പാലും കഴിച്ചിറങ്ങി വീണ്ടും വിശക്കാൻ തുടങ്ങിയിരുന്ന അവൾക്ക് ആ
വിഭവങ്ങളുടെ പേര് കേട്ടപ്പോൾത്തന്നെ വായിൽ വെള്ളമൂറിത്തുടങ്ങിയിരുന്നു.
‘എന്നാലും, ചേച്ചീ, ഇത്ര രാവിലെ തന്നെ ഇതൊക്കെ
എങ്ങിനെയുണ്ടാക്കി?’ ഉഷ അത്ഭുതം മറച്ചു വച്ചില്ല. അവളുടെ അമ്മ ഇത്തരം
അവസരങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി പാചകമെല്ലാം പൂർത്തിയാക്കുന്നത്
കണ്ടിട്ടുണ്ടെങ്കിലും അനിതയ്ക്ക് വേറെ എന്തെങ്കിലും സൂത്രപ്പണി അറിയാമായിരിക്കുമോ
എന്ന് അവൾക്ക് സംശയം തോന്നിയിരുന്നു.
‘രാവിലെ മൂന്ന് മണിയ്ക്ക് എഴുന്നേറ്റതാ
പെണ്ണേ...ഇന്നത്തെ കാര്യം കുഴപ്പമില്ല. നാളെത്തൊട്ട് ഒരാഴ്ച അവരെങ്ങിനെ
കഴിക്കുമെന്നോർക്കുമ്പോഴാ...ആ കുറുപ്പുസാറിന് അതൊന്നും അറിയണ്ടല്ലോ.’ അനിത അത്രയും പറഞ്ഞ് ഒരു കോട്ടുവായിട്ടു.
‘ഹോട്ടലുകളൊക്കെയുള്ള നാട്ടിലല്ലേ ജീവിക്കുന്നത്
ചേച്ചീ, പിന്നെ നന്ദേട്ടന് അടുക്കളയിൽ കയറി വല്ലതും പരീക്ഷിക്കാനുള്ള ഒന്നാന്തരം
അവസരമല്ലേ...’
‘നന്നായിരിക്കും, അങ്ങേർക്ക് ചായയുണ്ടാക്കാൻ പോലും
അറിയില്ല. ഹോട്ടലീന്ന് കഴിച്ച് വയറ് കേടാക്കാതിരുന്നാ മതിയായിരുന്നു. ഇളയവനാണെങ്കി
രണ്ട് നേരം ഹോട്ടലീന്ന് കഴിച്ചാപ്പിന്നെ വയറിളക്കമാ.’
ഉഷയ്ക്ക് എന്തോ
മടുപ്പ് തോന്നി. അനിത പറഞ്ഞതിൽ കുറേയൊക്കെ അവൾ തന്റെ അമ്മ പറഞ്ഞ് പല തവണ
കേട്ടിട്ടുള്ളതായിരുന്നു. അതിനിടയിൽ സുനിത വില്യംസിനെ മറന്നു പോയെന്ന് മനസ്സിലായപ്പോൾ
പത്രത്തിലേയ്ക്ക് തിരിച്ചുപോയി. അവരെപ്പറ്റി അനിതയോടെ ഇപ്പോൾ പറയേണ്ടെന്നും
തീരുമാനിച്ചു. റിപ്പോർട്ടിൽ കൂടുതലായി ഒന്നുമില്ലായിരുന്നു. അതുകൊണ്ട് അവൾ മൊബൈൽ
എടുത്ത് ഗൂഗിളിൽ സുനിത വില്യംസ് എന്ന് തിരഞ്ഞു.
ത്രസിപ്പിക്കുന്ന ആ
ജീവിതത്തിനെക്കുറിച്ച് വായിച്ചപ്പോൾ അവൾക്ക് എന്തൊക്കെയോ നഷ്ടബോധങ്ങൾ തോന്നി.
സുനിത വില്യംസ് സ്പേസ് സ്റ്റേഷനിൽ നിന്നും ഭൂമിയെ നോക്കിക്കാണുന്നത്
ആലോചിച്ചപ്പോൾത്തന്നെ ശരീരമാകെ ഒരു വിറയൽ പാഞ്ഞു. എന്തിന് വിമാനം ടോക്ക് ഓഫ്
ചെയ്യുമ്പോൾ പെട്ടെന്ന് തോന്നുന്ന ഭാരക്കുറവ്
അവളെ ഇപ്പോഴും നടുക്കുന്നതായിരുന്നു. ഒപ്പം അവൾക്ക് അടിവയറിൽ നിന്നും ഒരു
വേദന ഉരുൾപൊട്ടിയെത്തി.
അനിത വീണ്ടും മൊബേൽ
എടുത്ത് ശ്രമം തുടങ്ങി. ഇപ്പോക്ഷ ബീപ് ശബ്ദം മാത്രമേയുള്ളൂ. മൂത്തവൻ മൊബൈൽ ഫോൺ
വേണമെന്ന് പറഞ്ഞപ്പോൾ വാങ്ങിക്കൊടുക്കാതിരുന്നതിൽ അപ്പോൾ വിഷമം തോന്നുകയും ചെയ്തു.
അപ്പോഴേയ്ക്കും പല
വഴിയ്ക്ക് പോയിരുന്ന ആണുങ്ങൾ തിരിച്ചെത്തിയിരുന്നു. ജെറി അത്യാവശ്യം നന്നായി
മിനുങ്ങിയിട്ടുണ്ടായിരുന്നു. ബാക്കിയുള്ളവരും തരക്കേടില്ലാത്ത വിധം മദ്യപിച്ച്
മുഖത്ത് ഒരു തരം തിളക്കവുമായി നിൽക്കുമ്പോൾ ബോർഡ് ചെയ്യാൻ സമയമായത്
അറിയിച്ചുകൊണ്ട് അനൌൺസ്മെന്റ് വന്നു.
ഉഷ പന്തികേടോടെ
അനിതയെ നോക്കി. അനിതയ്ക്ക് കാര്യം മനസ്സിലായി. ഇതൊക്കെ നേരത്തേ അറിഞ്ഞ്
ചെയ്യേണ്ടതല്ലേയെന്ന് ശാസനയോടെ നോക്കിക്കൊണ്ട് വാഷ് റൂം ലക്ഷ്യമാക്കി
പോകാനൊരുങ്ങി.
‘എന്താ, ഈ സമയത്ത് എവിടെപ്പോണു?’ വിനോദ് നമ്പ്യാർ അരിശത്തോടെ ചോദിച്ചു.
‘ഒന്ന് വാഷ് റൂം വരെ പോയിട്ട് വരാം, ഉഷയ്ക്ക്
വയ്യ.’ അനിത പറഞ്ഞു. ഉഷ ഹാന്റ്ബാഗിൽ പാഡിനു വേണ്ടി
തിരയുകയായിരുന്നു.
‘ഈ പെണ്ണുങ്ങളേം കൊണ്ട് ഒരു വഴിയ്ക്ക് പോകാൻ
പറ്റില്ല.’ വിനോദ് നമ്പ്യാർ പിറുപിറുത്തു.
ഉഷയും അനിതയും വാഷ്
റൂമിലേയ്ക്ക് നടക്കുമ്പോൾ അസ്വസ്ഥരായ ആൺസംഘം വീണ്ടും ഹൈദരാബാദിലെ
ആഘോഷങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചു.
- മാധ്യമം ആഴ്ചപ്പതിപ്പ്, നവമ്പർ 2018
No comments:
Post a Comment