Showing posts with label വിവർത്തനം. Show all posts
Showing posts with label വിവർത്തനം. Show all posts

Quentin Tarantino: Chapter 1 – Reservoir Dogs



Prologue

1992 ഇൽ പുറത്തിറങ്ങിയ ഹോളിവുഡ്സിനിമകൾ പരിശോധിച്ചാൽ ആ വർഷം നന്നായി ഓടിയത് ‘Aladdin’, ‘The Bodyguard’, ‘Home Alone – 2, ‘Wayne’s World’, ‘Lethal Weapon 3, ‘Batman Returns’, ‘A few good men’, ‘Sister Act’, ‘Dracula’, ‘Basic Instinct’ തുടങ്ങിയ സിനിമകളാണ്. ആ വർഷം തന്നെയാണ് ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത Unforgiven എന്ന സിനിമയും പുറത്ത് വന്നത്. അതിന് 4 ഓസ്കാറുകളും  ലഭിച്ചു. എല്ലാ വർഷവും ഇങ്ങനെയുള്ള പ്രധാനപ്പെട്ട സിനിമകൾ ശ്രദ്ധിക്കുകയാണെങ്കിൽ ഓഡിയൻസിന്റെ ട്രെന്റ് മനസ്സിലാക്കാം. അതുപോലെ സിനിമാ നിർമ്മാതാക്കൾ എങ്ങിനെയുള്ള സിനിമകൾ എടുക്കാനാണ് താല്പര്യപ്പെടുന്നതും നന്നായി വ്യക്തമാകും.

ഒരു ആനിമേഷൻ സിനിമ, ഒരു റൊമാൻസ് സിനിമ, ഒരു കോമിക്സ് സിനിമ, ഒരു ആക്ഷൻ സിനിമ, ഒരു പ്രേതസിനിമ, ഒരു ഡ്രാമ എന്നിങ്ങനെയാണ് ആ വർഷം തകർത്തോടിയ സിനിമകൾ. ഈ സിനിമകൾക്കിടയിൽ 1992 ന്റെ അവസാനം പുറത്തുവന്ന Reservoir Dogs എന്ന സിനിമ, ഇവയിലെ നിന്നെല്ലാം പാടെ മാറി, അവിടെ നിന്നും ഓഡിയൻസിന് ഒരു ഗംഭീരമായ സിനിമാ അനുഭവം നൽകാൻ തുടങ്ങി. ആ അനുഭവം ഇന്നും ക്വെന്റിൻ ടരന്റിനോയുടെ സിനിമകൾ മൂലം സിനിമാപ്രേമികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും റിസർ വോയർ ഡോഗ്സ് സിനിമ കാണുമ്പോൾ പുത്തൻ സിനിമയൊരെണ്ണം കാണുന്നത് പോലെ ഒരനുഭവം തരുന്നതാണ് അതിന്റെ മഹത്വം. ആ സിനിമ മാത്രമല്ല, ടരന്റിനോയുടെ എല്ലാ സിനിമകളും അങ്ങിനെയാണ് (Death Proof ഒഴികെ).

കഴിഞ്ഞ മൂന്ന് ആഴ്ചകളായി, , I was totally obsessed with Tarantino like never before. എനിക്ക് ഇഷ്ടമുള്ള സംവിധായകനാണ് ടരന്റിനോ എന്നാലും, വേറേയും ചില സംവിധായകരെ എനിക്കിഷ്ടമാണ്. എന്നാൽ ഒരു പ്രത്യേക രീതിയിൽ എങ്ങിനെയുള്ള സിനിമകളാണ് എനിക്കിഷ്ടമുള്ളത് – ഞാൻ എങ്ങിനെയുള്ള സിനിമകളാണ് തിരശ്ശീലയിൽ കാണാൻ ആഗ്രഹിക്കുന്നത് – അങ്ങിനെയുള്ള സിനിമകളാന് ടരന്റിനോയുടെ സിനിമകൾ എന്ന് ഒരു വെളിപാട് പോലെ ഞാൻ മനസ്സിലാക്കിയത് മൂന്ന് ആഴ്ചകൾക്ക് മുമ്പാണ്. അതുകൊണ്ടാണ് ടരന്റിനോയുടെ എല്ലാ സിനിമകളും പല തവണ തിരിച്ചും മറിച്ചും കണ്ടത്. അദ്ദേഹത്തിന്റെ തിരക്കഥകൾ പലപ്രാവശ്യം വായിച്ചു. അദ്ദേഹവുമായുള്ള അഭിമുഖങ്ങൾ (ശരിക്കും പറഞ്ഞാൽ, 320 പേജുകൾ) ആവർത്തിച്ച് വായിച്ചു. അദ്ദേഹത്തിനെപ്പറ്റിയുള്ള ധാരാളം വീഡിയോകൾ കണ്ടു. എനിക്ക് എങ്ങിനെയുള്ള അനുഭവങ്ങളാണ് ഉണ്ടായതെന്ന് ഒരു പരിധി വരെ ഈ ലേഖനം വായിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ I will be real happy. അങ്ങിനെയല്ലെങ്കിലും ഇഷ്ടപ്പെട്ട സിനിമകളെപ്പറ്റി സംസാരിക്കുന്നത് തന്നെ രസമല്ലേ?

സിനിമ ചിത്രീകരിക്കുമ്പോൾ നായ അപ്പിയിടുമ്പോഴെല്ലാം ഓടി വന്ന് അത് വൃത്തിയാക്കുന്ന ജോലിയായിരുന്നു ടരന്റിനോ ആദ്യം ചെയ്തിരുന്നത്. അതിനുശേഷം പോൺ സിനിമകൾ കാണിക്കുന്ന ഒരു തിയേറ്ററിൽ ആളുകൾക്ക് ടോർച്ച് തെളിച്ച് ഇരിപ്പിടം കാണിച്ചു കൊടുക്കുന്ന ജോലി കുറച്ചു കാലം ചെയ്തിരുന്നു. പിന്നീടും ഇതുപോലെയുള്ള ചെറിയ ജോലികൾ ചെയ്തിരുന്നപ്പോൾ ആദ്യമായി സിനിമകളോട് ചേർന്നിരിക്കുന്ന ജോലി കിട്ടി. ഒരു വീഡിയോ കടയിൽ. Video Archives എന്ന ആ കടയിൽ ഏകദേശം ആറ് വർഷങ്ങൾ അദ്ദേഹം ജോലി ചെയ്തിരുന്നു. ഇഷ്ടം പോലെ സിനിമകൾ കണ്ട്, സിനിമകളെപ്പറ്റി അവിടെ വരുന്നവരോടും കൂടെ ജോലി ചെയ്യുന്നവരോടും സംസാരിച്ച് (സഹജോലിക്കാരന്റെ പേര് – റോജർ ഓവെറി) ജീവിതം മുന്നോട്ട് നീങ്ങി. സിനിമകളിൽ മുഴുവനായും ഇഴുകിച്ചേർന്നപ്പോൾ, സംവിധായകനാകണമെന്ന് ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സ് നിറയാൻ തുടങ്ങിയ സമയം. എൺപതുകളുടെ രണ്ടാം പകുതി. അദ്ദേഹം തിരക്കഥകൾ തിരക്കിട്ടെഴുതാൻ തുടങ്ങി. തിടുക്കത്തിൽ അവയെല്ലാം പല സ്ഥാപനങ്ങൾക്കും അയച്ചു കൊടുത്തു. അങ്ങിനെ അയച്ച ഒരു സ്ഥാപനം, ടരന്റിനോയുടെ ഏജന്റിന് അയച്ച ഒരു മറുപടി താഴെ:

Dear Fucking Cathryn,
How dare you send me this fucking piece of shit. You must be out of your fucking mind. You want to know how I feel about it? Here’s your fucking piece of shit back. Fuck you.

ഇങ്ങനെ ഒരു മറുപടി കിട്ടിയ തിരക്കഥയാണ് – True Romance. അതിനെപ്പറ്റി തീർച്ചയായും പിന്നീട് സംസാരിക്കുന്നുണ്ട്. ഇങ്ങനെ കലി പൂണ്ട മറുപടികൾ ലഭിക്കാനുള്ള കാരണം – തിരക്കഥകളിൽ ടരന്റിനോ ഉപയോഗിച്ചിരുന്ന മോശം വാക്കുകളാണ്. എന്നാൽ അതൊന്നും കൊണ്ട് മനസ്സ് തളരാത്ത അദ്ദേഹം, തന്റെ കൂട്ടുകാരെ ചേർത്ത് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്തു. ആ സിനിമയുടെ പേരാണ് – My best friend’s wedding. ഏകദേശം മൂന്ന് വർഷങ്ങളെടുത്തു ആ സിനിമ പിടിക്കാൻ. ആദ്യത്തെ രണ്ട് വർഷങ്ങളിൽ എടുത്ത ഷോട്ടുകളെപ്പറ്റി ടരന്റിനോയെ ‘എങ്ങിനെയെല്ലാം ഒരു സിനിമ എടുക്കാൻ പാടില്ല എന്ന് പഠിപ്പിച്ച അനുഭവങ്ങളാണ്’ എന്ന് പറയുന്നുണ്ട്. അവസാനത്തെ ഒരു വർഷത്തിലാണ് ഒരു സിനിമ എങ്ങിനെ എടുക്കണമെന്ന് ടരന്റിനോയ്ക്ക് മനസ്സിലായത്. കോളേജിൽ പോയി സിനിമ പഠിക്കാതെ, സിനിമയിലെ ജോലികൾ അറിയാതെ എങ്ങിനെ നിങ്ങൾക്ക് ഗംഭീരമായ സിനിമകൾ എടുക്കാൻ കഴിയുന്നെന്ന ചോദത്തിന്, ‘I didn’t go to film school, but I went to Films’ എന്ന് പറയുന്നതാണ് ടരന്റിനോയുടെ ശീലം. അദ്ദേഹത്തിന്റെ ആ അനുഭവവും, സിനിമ കാണാനുള്ള ആവേശവുമാണ് കാരണം. അടിസ്ഥാനപരമായി ടരന്റിനോ ഒരു movie geek ആണ്. ഏത് സിനിമയായാലും അതിന്റെ മുഴുവൻ വിവരങ്ങളും അറിയാവുന്നയാൾ. അതുകൊണ്ട് തന്നെ തന്റെ സിനിമകളിലെ ദൃശ്യാവിഷ്കാരം, സംഗീതം തുടങ്ങിയവ ഏത് സിനിമയിൽ നിന്നും എങ്ങിനെയെല്ലാം സ്വീകരിക്കണമെന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

Reservoir Dogs പുറത്ത് വന്നത് 1992 ലാണ്. ടരന്റിനോ സിനിമാലോകത്തിലെത്തിയിട്ട് 22 വർഷങ്ങൾ ആയിരിക്കുന്നു. തന്റെ 29 മത്തെ വയസ്സിൽ ആദ്യത്തെ സിനിമ സംവിധാനം ചെയ്ത ടരന്റിനോയ്ക്ക് ഇപ്പോൾ 51 വയസ്സായി. എന്നാലും ടരന്റിനോയുടെ അഭിമുഖങ്ങൾ വായിക്കുംപ്പ്ഴും അദ്ദേഹത്തിന്റെ വീഡിയോകൾ കാണുമ്പോഴും, എപ്പോഴും തന്റെ സുഹൃത്തുക്കളുടെ കൂടെ ആവേശത്തോടെ സംസാരിച്ച്, ജോളിയായി തമാശ പറഞ്ഞ് എപ്പോഴും ചുറുചുറുക്കോടെയുള്ള ഒരു കൂട്ടുകാരനെ കാണുന്നത് പോലെയുണ്ടാകും. അദ്ദേഹത്തിനെ ഒരു legend, Icon എന്നൊന്നും വിളിക്കാൻ തോന്നില്ല. കാരണം, ആദ്യം പറഞ്ഞത് തന്നെ. പ്രത്യേക താല്പര്യവുമായി ഒരു സിനിമ കാണാൻ പോകുമ്പോൾ ഞാൻ ഏതെല്ലാം സിനിമകൾ കാണാൻ ആഗ്രഹിക്കുന്നുവോ, ആ സിനിമകൾ കാണുമ്പോൾ സന്തോഷം തോന്നുന്നുവോ, അങ്ങിനെയുള്ള സിനിമകൾ തുടർച്ചയായി എടുക്കുന്നയാളാണ് അദ്ദേഹം.

The Story


ക്വെന്റിൻ ടരന്റിനോ ജോലി ചെയ്തിരുന്ന വീഡിയോ കടയിലുള്ള എല്ലാ സിനിമകളും അദ്ദേഹത്തിന് കാണാപ്പാഠമായത് കൊണ്ട്, ജോലി മുഷിയാതിരിക്കാൻ ഇടയ്ക്കിടെ സ്വയം സിനിമാമേളകൾ ഉണ്ടാക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഏതെങ്കിലും ഒരു genre എടുത്ത് ആ വകയിലുള്ള സിനിമകൾ എല്ലാം കാണുന്നതും ഈ സിനിമാമേളയിൽ ഉൾപ്പെടും. അങ്ങിനെയൊരിക്കൽ Heist സിനിമകൾ ഒന്നൊന്നായി കണ്ട ടരന്റിനോ, ‘കുറേ വർഷങ്ങളായി ഒരു നല്ല Heist വരുന്നില്ലല്ലോ?’ എന്ന് ആലോചിക്കാൻ തുടങ്ങി. So, I wrote one എന്ന് കൂളായി പറയുന്നതാണ് ടരന്റിനോയുടെ സ്റ്റൈൽ. എല്ലാ അഭിമുഖങ്ങളിലും ഇങ്ങനെ പല വിഷയങ്ങളെപ്പറ്റി വലരെ ജോളിയായി just like that എന്ന് പറയുന്നതും ടരന്റിനോയുടെ പതിവാണ്.

അങ്ങനെ ഒരു തിരക്കഥ മൂന്ന് ആഴ്ചകൾ കൊണ്ട് എഴുതാൻ കഴിഞ്ഞു ടരന്റിനോയ്ക്ക്. എഴുതിക്കഴിഞ്ഞതും തിരക്കഥ തന്റെ കൂട്ടുകാരോടൊപ്പം ഒരു 16 എം എം ക്യാമറയിൽ ബ്ലാക്ക്& വൈറ്റിൽ എടുക്കണമെന്നായി ടരന്റിനോയുടെ ലക്ഷ്യം. അതനുസരിച്ച് പ്രി-പ്രൊഡക്ഷൻ ജോലികൾ തുടങ്ങി. പക്ഷേം ടരന്റിനോയുടെ കൂട്ടുകാരനായിരുന്ന ലോറൻസ് പെന്റർ എന്നയാൾ (do you remember the name?) ഒരു അഭിനയക്കളരിയിൽ ചേർന്ന് അഭിയയം പഠിക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന് അഭിനയം പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്റെ ഭാര്യ Actors Studio എന്ന പ്രശസ്തമായ സ്ഥാപനത്തിലായിരുന്നു. ആ സ്ഥാപനം, ഹോളിവുഡിന്റെ പാരമ്പര്യമുള്ള അഭിനയക്കളരികളിൽ ഒന്നായിരുന്നു. അവിടത്തെ പ്രശസ്തനായ ആദ്യകാലവിദ്യാർഥികളിൽ ഒരാളായിരുന്നു ലീ സ്ട്രാസ്ബെർഗ്. എന്തായാലും, ലോറൻസ് പെന്ററിന്റെ ഗുരുനാഥന്റെ ഭാര്യ, Actors Studio യിൽ ആയത് കൊണ്ട് അവിടെയുണ്ടായിരുന്ന പ്രശസ്തരായ അഭിനേതാക്കളിൽ ഒരാളായ ഹാർവി കയ്ടെൽ (Harvey Keitel) ന്റെ സുഹൃത്തുമായിരുന്നു. ആ നിലയിൽ, ടരന്റിനോയുടെ തിരക്കഥ വായിച്ച കൂട്ടുകാരൻ ലോറൻസ് പെന്റർ അതിനെ തന്റെ ഗുരുനാഥനെ കാണിച്ച്, അത് വായിച്ച് വിയർത്ത് പോയ ഗുരുനാഥൻ ഭാര്യയോട് അതിനെപ്പറ്റി പറഞ്ഞ്, തിരക്കഥ വായിച്ച ഭാര്യ വളരെ ഇമ്പ്രസ് ആയി അത് ഉടനെ തന്നെ തന്റെ സുഹൃത്ത് ഹാർവി കയ്ടെലിനെ കാണിച്ചു. ഹാർവി ആ തിരക്കഥ വായിച്ചു.

മൂന്ന് ദിവസങ്ങൾ കഴിഞ്ഞ്, ടരന്റിഓയുടെ കുടുസ്സുമുറിയിലേയ്ക്ക് ഒരു ഫോൺ വരുന്നു. ഫോൺ എടുത്തതും, തന്റെ സ്വതസിദ്ധമായ സ്വരത്തിൽ ‘ഞാൻ ഹാർവി കയ്ടൽ. നീയാണോ ടരന്റിനോ? നിന്റെ തിരക്കഥ വായിച്ചു. എനിക്കിഷ്ടമായി. ഞാൻ ഉടനേ അങ്ങോട്ട് വരുന്നുണ്ട്. ഈ സിനിമയെടുക്കാൻ എനിക്കും താല്പര്യമുണ്ട്.’ എന്ന് പറഞ്ഞ് ഫോൺ വച്ചു കയ്ടെൽ.

അതിന് ടരന്റിനോയുടെ റിയാക്ഷൻ എങ്ങിനെയായിരുന്നെന്ന് താഴെയുള്ള വീഡിയോയിൽ കാണാം. Reservoir Dogs എന്ന സിനിമയുടെ പത്താമത്തെ anniversary ആഘോഷിക്കുന്നതിനായി 2002 ഇൽ പുറത്ത് വന്ന ഡിവിഡിയിൽ behind the scenes ൽ ഉള്ള വീഡിയോ ആണത്. ആ വീഡിയോ മറക്കാതെ കാണുക. 1992 ഇൽ റിസർവോയർ ഡോഗ്സ് സിനിമ വന്നാപ്പോൾ ടരന്റിനോ എങ്ങിനെയായിരുന്നെന്നും അദ്ദേഹത്തിന്റെ പ്രതികരണവും ആ വീഡിയോയിൽ കാണാം. കണ്ട് കഴിഞ്ഞതും, ജോളിയായി തെരുവിൽ കറങ്ങിത്തിരിഞ്ഞ് സിനിമകൾ കാണുന്ന ഒരു ചെറുപ്പക്കാരൻ ഇങ്ങനെയേയുണ്ടാകൂയെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. ആ ചെറുപ്പക്കാരന്റെ ആഗ്രഹങ്ങൾ എന്തൊക്കെയായിരിക്കും? കൈയ്യിൽ കിട്ടുന്ന പണം കൊണ്ട് വീഡിയോ കാസറ്റുകൾ വാങ്ങണം; വലിയ സംഗീതറെക്കാർഡുകൾ (LP) വാങ്ങണം; സിനിമാപോസ്റ്ററുകൾ വാങ്ങി മുറിയിലെങ്ങും ഒട്ടിക്കണം; സിനിമകൾ കാണണം; ഹോട്ടലുകളിൽ പോയി കഴിക്കണം; എന്നൊക്കെയായിരിക്കും. ഇതെല്ലാം ടരന്റിനോ പറയുന്നത് ശ്രദ്ധിക്കൂ.

സിനിമാഭ്രാന്തനായിരുന്ന ആ ചെറുപ്പക്കാരന്, തന്റെ തിരക്കഥ സിനിമയാക്കാൻ ആദ്യമായി  ഒരു അവസരം കിട്ടിയാൽ എങ്ങിനെയുണ്ടാകും? അത്യുത്സാഹത്തിൽ ഇറങ്ങിയ ടരന്റിനോയുടെ ഗംഭീരമായ സിനിമകളിൽ ആദ്യത്തേതായിരുന്നു റിസർവോയർ ഡോഗ്സ്.

ടരന്റിനോയുടെ തിരക്കഥയിൽ ആകർഷിതനായ ഹാർവി കെയ്ടെൽ, ലോസ് ഏഞ്ചലസിലുള്ള ടരന്റിനോയേയും ലോറൻസ് പെന്ററേയും തന്റെ സ്വന്തം ചിലവിൽ ന്യൂ യോർക്കിലേയ്ക്ക് കൊണ്ടുവന്ന് താ‍മസിപ്പിച്ച്, മറ്റ് അഭിനേതാക്കളെ കണ്ടെത്തുന്നതിനും സഹായിച്ചു. ഓരോരുത്തരായി സിനിമയിൽ എത്തിപ്പെട്ടു. മൈക്കിൾ മാഡ്സൺ (Mr. Blonde), സ്റ്റീവ് ബൂഷെമി (Mr. Pink), ലോറൻസ് ഡിയർനി (Joe Cabot), ക്രിസ് ബെൻ (Nice guy Eddie), ടിം റാത് (Mr. Orange), ഏഡ്വേർഡ് ബങ്കർ - ഇദ്ദേഹം യഥാർഥ ജീ‍വിതത്തിലും ബാങ്ക് കൊള്ളക്കാരനായിരുന്നു, ഇവരോടൊപ്പം ടരന്റിനോ തന്നെ Mr. Brown ആയി അഭിനയിച്ചു.

ടരന്റിനോയുടെ പ്രശസ്തമായ വേറൊരു കാര്യം – അദ്ദേഹത്തിന്റെ സിനിമകളിൽ മുമ്പുള്ള സിനിമകളിൽ നിന്ന് എടുക്കപ്പെടുന്ന സംഗീതമാണ് കൂടുതലും ഉപയോഗിക്കുകയെന്നതാണ്. അതിനുള്ള വിത്ത് റിസർവോയർ ഡോഗ്സിൽ തന്നെയാണുള്ളത്. ആ സിനിമ എഴുതുമ്പോൾത്തന്നെ എഴുപതുകളിലെ രസികൻ പാട്ടുകൾ വച്ച് തന്നെ പശ്ചാത്തലസംഗീതം ചമയ്ക്കണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. കാരണം എന്താണെന്നാൽ, അതിനുമുമ്പ് വന്നിരുന്ന അങ്ങിനെയുള്ള സംഗീതങ്ങൾ തിരശ്ശീലയിൽ അനുഭവിച്ച് അമ്പരന്നിരുന്നു അദ്ദേഹം. ഉദാഹരണത്തിന്, റിച്ചാർഡ് വാഗ്നറുടെ സംഗീതത്തിലുള്ള Ride of the Valkyrie, Apocalypse Now എന്ന സിനിമ വന്നതിനു ശേഷമാണ് പലരും അറിഞ്ഞതെന്നത് ടരന്റിനോ പറയുന്നു. അതുപോലെയാണ് സ്കാർസേസിയുടെ Mean Streets (ഹാർവി കയ്ടെനായിരുന്നു നായകൻ) സിനിമയുടെ ടൈറ്റിലിൽ വരുന്ന Be my Baby എന്ന പാട്ട്. ആ പാട്ട് എവിടെ കേട്ടാലും ആ സിനിമ ഓർമ്മ വരുമെന്നാണ് ടരന്റിനോ പറയുന്നത്. അങ്ങിനെയാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാട്ടുകൾ റിസർവോയർ ഡോഗ്സിൽ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത്. വേറൊരു പാട്ട് - Singin’ in the Rain. ക്ലോക്ക് വേർത് ഓറഞ്ച് കണ്ടവർക്ക് ഈ പാട്ട് ഓർമ്മ വരും. ഈ പാട്ടിന്റെ സ്പെഷ്യാലിറ്റി – പാട്ട് ഉപയോഗിച്ചിരിക്കുന്നത് ഒരു ടോർച്ചർ രംഗത്തിലാണ്. അങ്ങിനെയൊന്ന് കൂടി താഴെ)
ഇങ്ങനെ തന്റെ ആദ്യത്തെ സിനിമയ്ക്കായി പാട്ടുകൾ തിരഞ്ഞെടുത്തു ടരന്റിനോ. സിനിമയുടെ ടൈറ്റിൽ സംഗിതമായി, Little Green Bag തിരഞ്ഞെടുത്തു. സിനിമയുടെ തുടക്കത്തിൽ വരുന്ന ദൈർഘ്യമുള്ള മഡോണ സംഭാഷണത്തിനെ തുടർന്ന് എല്ലാവരും പുറത്ത് വരുമ്പോൾ ആ പാട്ട് തുടങ്ങും. പാട്ടിലുള്ള ആ റിഥം, അഭിനേതാക്കളുടെ ആഹ്ലാദം നിറഞ്ഞ നിമിഷങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. അതുപോലെ സിനിമയിൽ ഇടയ്ക്കിടെ റേഡിയോയിൽ പറയുന്നത് പോലെ ഒരു ശബ്ദം വരുന്നുണ്ട്. അതെല്ലാം typical ടരന്റിനോ അച്ച് തന്നെ.
സാധാരണയായി തന്റെ സിനിമകളുടെ പ്രേക്ഷകരെ താൻ വിചാരിച്ചത് പോലെ വരുതിയിലാക്കുന്നത് ടരന്റിനോയ്ക്ക് ഇഷ്ടമാണ്. അതിനും ഈ സിനിമയിൽ പല ഉദാഹരണങ്ങളുണ്ട്. ആദ്യം സിനിമ തുടങ്ങിയതും മഡോണയെപ്പറ്റിയുള്ള സംഭാഷണം തുടങ്ങുന്നു. അതിനുശേഷം ടിപ്സ് കൊടുക്കുന്നതിനെപ്പറ്റി ഒരു അഭിപ്രായം വരും. ഇതെല്ലാം പ്രേക്ഷകർക്ക് ചിരിയുണ്ടാക്കുന്ന കാര്യങ്ങളാണ്. അതിനുശേഷം ഈ ടൈറ്റിൽ സീക്വൻസ്. അത് കഴിഞ്ഞതും ക്രൂരമായ ഒരു സീക്വൻസ് തുടങ്ങുന്നു. ടിം റാത് കാറിൽ വയറിൽ വെടി കൊണ്ട് രക്തം ഒഴുകി പിടഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ച ആരംഭിക്കുന്നു. ആ കാഴ്ച അവസാനിച്ചതും ഹാർവി കയ്ടെലും ടിം റാത്തും സിനിമയിലെ ഗോഡൌണിൽ എത്തുന്നു. അവിടെ സ്റ്റീവ് ബൂഷെമി എത്തുന്നു. റാത്തിനെ തറനിൽ കിടത്തി അയാളോട് സംസാരിക്കാൻ തുടങ്ങുന്നു ഹാർവി കയ്ടെൻ. അപ്പോൾ ഫ്ലാഷ് ബാക്കുകൾ വന്നുകൊണ്ടിരിക്കും. പിന്നീട് അവിടെ മൈക്കേൽ മാഡ്സൺ വരുന്നു. അയാളെ ഒരു സൈക്കോ എന്ന് വിളിക്കുന്നു കയ്ടെൻ. കാരണം, കൊള്ളയടിക്കാൻ പോയ സ്ഥലത്ത് അയാൾ പലരേയും വെടി വയ്ക്കുന്നുണ്ടായിരുന്നു. അപ്പോൾ മൈക്കിൾ മാഡ്സണിന്റെ കാറിൽ കുടുങ്ങിയിരുന്ന ഒരു പോലീസുകാരനെപ്പറ്റി മാഡ്സൺ പറയുന്നു. അയാളെ അകത്ത് കൊണ്ടുവന്ന് കെട്ടിയിട്ട് അവിടെ വരുന്ന ക്രിസ് ബെൻ എന്ന കഥാപാത്രത്തിനൊപ്പം എല്ലാവരും പുറത്ത് വരുന്നു. അപ്പോൾ അകത്ത് ഒരു ചതിയൻ ഉണ്ടെന്ന് എല്ലാവർക്കും മനസ്സിലാകുന്നു. ഒറ്റയ്ക്കായതും മൈക്കിൾ മാഡ്സൺ, ഉല്ലാസത്തോടെ ആ പോലീസിന്റെ അടുത്തേയ്ക്ക് പോകുന്നു. അപ്പോൾ വരുന്ന പാട്ടാണ് – Stuck in the middle with you (Stealers Wheel). ഈ പാട്ട് അയാൾ മൂളിക്കൊണ്ട് നൃത്തം ചെയ്യുന്നത് മനോഹരമായ ദൃശ്യമാണ്. ഇതിനു മുമ്പുള്ള ദൃശ്യങ്ങൾ കണ്ട് അല്പം ഭയന്നിരിക്കുന്ന പ്രേക്ഷകർ ഈ പാട്ട് കേട്ടതും ആശ്വസിക്കുന്നു. കാരണം അത് ഒരു പ്രശസ്തമായ പാട്ടാണ്. എന്നാൽ ആ പാട്ടാണ് സിനിമയിലെ ക്രുരമായ കാഴ്ചകളിൽ ഒന്നിന് തുടക്കമിടുന്നതും.

ഇതിനെപ്പറ്റി തന്റെ അഭിമുഖങ്ങളിൽ ടർന്റിനോ ഇങ്ങനെ പറയുന്നു. ’You’re supposed to laugh until I stop you laughing. ജോളിയായി പാട്ട് ആസ്വദിക്കുന്നു. നൃത്തം ചിരിയുണർത്തുന്നു. പെട്ടെന്ന് കത്തിയെടുത്ത് മൈക്കിൾ മാഡ്സൺ പോലീസിന്റെ മുഖത്ത് വരച്ച് എല്ലാ ചിരിയും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കുന്നു. പിന്നോട് പോലീസിന്റെ ചെവി മൈക്കിൾ മാഡ്സൺ അറുത്തെടുക്കുമ്പോൾ അതുവരെ നമ്മൾ ചിരിച്ചതിന് വിപരീതമായ ഭീതി ഉണർത്തുന്നു (സാധാരണ പ്രേക്ഷകരെപ്പറ്റി പറഞ്ഞതാണ്. എനിക്ക് പേടിയൊന്നും തോന്നിയില്ല). യഥാർഥ ജീവിതത്തിലെ ക്രൂരതകൾക്കും സിനിമയിൽ വരുന്ന ക്രൂരതകൾക്കുമുള്ള ബന്ധത്തിനെപ്പറ്റി ടരന്റിനോയോട് പലരും ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഒരേ മറുപടിയാണ് വരുക. ‘ക്രൂരത എന്നത് സൌന്ദര്യാത്മകമാണ്. എങ്ങിനെ ചിലർക്ക് പ്രണയസിനിമകൾ ഇഷ്ടമാകുന്നുവോ അതുപോലെ എനിക്ക് ക്രൂരത ഇഷ്ടമാണ്. ഒരുപക്ഷേ നിങ്ങൾക്ക് പ്രണയ സിനിമകളോ അടിപിടി സിനിമകളോ പാട്ടുകളോ ഇഷ്ടമല്ലെങ്കിൽ, ലോകത്തിലെ അത്ഭുതകരമായ ഒരു പ്രണയസിനിമ ഞാൻ എടുത്താലും ഇഷ്ടമായില്ലെന്നേ നിങ്ങൾ പറയൂ. കാരണം അടിസ്ഥാനപരമായി നിങ്ങൾക്ക് പ്രണയസിനിമകൾ ഇഷ്ടമല്ല. എന്നാൽ നിങ്ങൾക്ക് ഇഷ്ടമല്ല എന്നുവച്ച് ഞാൻ അത് കാണിക്കാൻ പാടില്ലെന്ന് പറയുന്നത് എന്ത് ന്യായമാണ്? ധാരാളം സിനിമകളിൽ കോമഡി വരുന്നുണ്ടെന്ന് വച്ച്, അതുകൊണ്ട് ലോകത്ത് എല്ലാരും കോമഡിക്കാരായി മാറുമോ?
അങ്ങിനെയാണ് സിനിമകളിൽ വരുന്ന ക്രൂരത എല്ലാവരേയും ക്രൂരരാക്കുമെന്ന് പറയുന്നതും”.

ഇതാണ് ടരന്റിനോ പറയുന്ന മറുപടി. എന്നാൽ ഇത് മുകളിൽ കണ്ട റിസവോയർ ഡോഗ്സ് behind the scenes വീഡീയോയിൽ ടരന്റിനോ പറയുമായിരുന്നിരിക്കും. അപ്പോൾ മുതൽ അദ്ദേഹം അങ്ങിനെയാണ്. ഇനിയങ്ങിനെ തുടരുകയും ചെയ്യും. സിനിമയുടെ പശ്ചാത്തലത്തിൽ വരുന്ന വെറൊരു സംഗീതവും ആ ദൃശ്യവും മനോഹരമായി ചേർന്ന് പോകും. അതാണ് Hooked on a Feeling – Blue Swede. അടുത്ത കാലത്ത് പുറത്ത് വന്ന Guardians of the Galaxy എന്ന സിനിമയിലും ഇതേ പാട്ട് അങ്ങിനെ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈ പാട്ടിന്റെ വശ്യത അങ്ങിനെയാണ്.


ഈ സിനിമയിൽ subtext എന്ന് പറയാവുന്ന ഒരു അടിയൊഴുക്ക് ഉണ്ട്. എന്നാൽ അങ്ങിനെയുള്ളത് ടരന്റിനോ പിന്നീടാണ് ശ്രദ്ധിച്ചത്. സിനിമയിൽ ബോസ്സ് ആയി വരുന്ന ലോറൻസിനെ ഏകദേശം ഒരു അച്ഛനെപ്പോലെയാണ് ഹാർവി കാണുന്നത്. എന്നാൽ ടിം റാത് എന്ന കഥാപാത്രത്തിനെ കാറിൽ കൊണ്ടുവരുമ്പോൾ അയാൾക്ക് തന്നെ അത് തന്റെ മകനെപ്പോലെ തോന്നുന്നു. അവനെ രക്ഷിക്കുന്നതാണ് തന്റെ ലക്ഷ്യം എന്ന് അയാൾ കരുതുന്നു. അതുകൊണ്ടാണ് ആ രംഗം മുഴുവനും ‘ജോ വന്നതും നിന്നെ രക്ഷിക്കാം’ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാ ടിം റാത്തിനെപ്പറ്റിയുള്ള സത്യം അദ്ദേഹത്തിനറിയില്ല. ടിം റാത്തിനാകട്ടെ തൻ ഒരു ചതിയനാണെന്നറിയാം. അതുകൊണ്ട് അയാൾ കുറ്റബോധത്തിലാണ്. അവസാനം ടിം റാത്തിന് വെടിയേൽക്കുമ്പോൾ തന്റെ അച്ഛനെക്കാൾ തന്റെ മകനാണ് തനിക്ക് വേണ്ടതെന്ന് തീരുമാനിക്കുന്നു. അതുകൊണ്ടാണ് ആ mexican standoff ക്ലൈമാക്സിൽ അവസാനിക്കുന്നത്. ഇത് മനസ്സിലാക്കിയതും ടരന്റിനോ വളരെ അതിശയിച്ച് പോയെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

മൊത്തത്തിൽ നോക്കുമ്പോൾ Reservoir Dogs പോലെയുള്ള ഒരു തിരക്കഥ ഏത് കാലത്ത് വന്നാലും ചർച്ച ചെയ്യപ്പെടും. അതാണ് ആ തിരക്കഥയുടെ മേന്മയും. ഒരു കൊള്ളയടിയെപ്പറ്റി പറയുന്ന സിനിമയിൽ ആ കൊള്ള വരുന്നതേയില്ല. സിനിമ മുഴുവനും സംഭാഷണം നിറഞ്ഞിരിക്കുന്ന തിരക്കഥയാണത്. ആ സംഭാഷണങ്ങളും, ചുറ്റിലുമുള്ള സമൂഹത്തിനെ സൂക്ഷമായി നിരീക്ഷിച്ച് അതിനെപ്പറ്റി ഒരു അഭിപ്രായമായി തോന്നും. അങ്ങിനെയാകുമ്പോൾ ടർന്റിനോ പറയുന്നത് പോലെ, അദ്ദേഹത്തിന്റെ തിരക്കഥകൾ സാഹിത്യം തന്നെയാണ്. നല്ല സാഹിത്യമാണോ ചീത്ത സാഹിത്യമാണോയെന്നത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.


ഈ ലേഖനം വായിച്ചതിന് ശേഷം റിസർവോയർ ഡോഗ്സ് ഒന്ന് കാണൂ. പല കാര്യങ്ങൾ ഈ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. എല്ലാം വായിച്ചത് പോലെ കാണുകയാണെങ്കിൽ സിനിമ ഗംഭീരമായ അനുഭവം തരും എന്നതിൽ സംശയമില്ല.

പിൻ കുറിപ്പുകൾ:

1 - ടരന്റിനോയുടെ സിനിമകളുടെ അവസാനം വരുന്ന Title Credit – പ്രത്യേകിച്ച് അതിന്റെ അവസാനം വിട്ടുകളയരുത്. അതിൽ നിന്നും എനിക്ക് ഒരുപാട് കിട്ടിയിട്ടുണ്ട്. പല പാട്ടുകൾ, സിനിമകൾ, അഭിനേതാക്കൾ എന്നിങ്ങനെ. നിങ്ങൾക്കും കിട്ടും.

2- സിനിമയിൽ അങ്ങിങ്ങ് ടരന്റിനോയ്ക്ക് ഇഷ്ടമുള്ള അംശങ്ങൾ തല കാണിക്കും . . Hooked on the Feeling എന്ന പാട്ട് വരുന്നതിന് മുമ്പ് വാതിലിൽ ഒട്ടിച്ചിരിക്കുന്ന Silver Surfer poster പോലെ.

3 – ഹാർവി കയ്ടെൻ എനിക്കും വളരെ ഇഷ്ടപ്പെട്ട നടനാണ്.

4- റിസർവോയർ ഡോഗ്സ് എന്നാലെന്താണ്? വീഡിയോ കടയിൽ ജോലി ചെയ്യുമ്പോൾ Au Revoir Les Enfants എന്ന സിനിമയെപ്പറ്റി പറയുമ്പോഴെല്ലാം ‘Oh that.. the Reservoir film’ എന്നാണ് ടരന്റിനോ പറയാറുള്ളത്. കാരണം അത് അദ്ദേഹത്തിന് അത് മനസ്സിലായിട്ടില്ല. അത് ഓർമ്മ വച്ചാണ് തന്റെ ആദ്യത്തെ സിനിമയ്ക്ക് Reservoir Dogs എന്ന് പേരിട്ടത്.

5 – കഴിയുമെങ്കിൽ സിനിമയിലെ പാട്ടുകൾ എല്ലാം കേൾക്കുക. പിന്നീട് സിനിമയിൽ അവയെല്ലാം എവിടെ വരുന്നെന്ന് നോക്കുക. അപ്പോൾ ടരന്റിനോയുടെ ക്രാഫ്റ്റ് മനസ്സിലാകും.

- - - രാജേഷ്
Web: http://karundhel.com/

എന്താണെന്റെ പേര്? - പി സത്യവതി



ഒരു യുവതി, വീട്ടമ്മയാകുന്നതിന് മുമ്പ്. വിദ്യാഭ്യാസമുള്ള, നല്ല സ്വഭാവമുള്ള, ബുദ്ധിമതിയായ, കാര്യപ്രാപ്തിയുള്ള, നർമ്മബോധമുള്ള, സുന്ദരിയായ ഒരു യുവതി.

അവളുടെ സൌന്ദര്യത്തിലും ബുദ്ധിയിലും മയങ്ങി, അവളുടെ അച്ഛൻ വാഗ്ദാനം ചെയ്ത സ്ത്രീധനത്തിൽ വീണ് ഒരു ചെറുപ്പക്കാരൻ അവളുടെ കഴുത്തിൽ മിന്നു കെട്ടി, അവളെ വീട്ടമ്മയാക്കിയിട്ട് പറഞ്ഞു, ‘നോക്കൂ, കുട്ടീ, ഇത് നിന്റെ വീടാണ്. അവൾ ഉടനേ സാരിത്തലപ്പ് ഇടുപ്പിൽ തിരുകി വീട് മുഴുവൻ വൃത്തിയാക്കി നിലത്ത് കോലം വരച്ചു. ചെറുപ്പക്കാരൻ അവളുടെ ജോലിയെ അഭിനന്ദിച്ചു. ‘നീ നിലം തുടയ്ക്കുന്നതിൽ സമർഥയാണ് – കോലം വരയ്ക്കുന്നതിൽ അതിനേക്കാൾ മിടുക്കി. സബാഷ്…കീപ് ഇറ്റ് അപ്’. അയാൾ അവളുടെ തോളിൽ തട്ടി അഭിനന്ദിച്ചു കൊണ്ട് ഇംഗ്ലീഷിൽ പറഞ്ഞു. അതിൽ മതിമറന്ന ആ വീട്ടമ്മ, നിലം തുടയ്ക്കുന്നത് തന്റെ പ്രധാന ജീവിതലക്ഷ്യമായി കണക്കാക്കി ജീവിക്കാൻ തുടങ്ങി. അവൾ എപ്പോഴും ഒരു പൊട്ടു പോലുമില്ലാത്ത വിധം വീട് വൃത്തിയാക്കി നിലത്ത് പല നിറങ്ങളിലുള്ള കോലങ്ങൾ വരച്ചു കൊണ്ടിരുന്നു. അങ്ങിനെ അവളുടെ ജിവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു, നിലം തുടയ്ക്കാനുള്ള തുണിയും കോലപ്പൊടിയും നിലയ്ക്കാതെ എത്തിക്കൊണ്ടിരുന്നു.

ഒരു ദിവസം നിലം തുടയ്ക്കുമ്പോൾ വീട്ടമ്മ പെട്ടെന്ന് തന്നോട് തന്നെ ചോദിച്ചു, ‘എന്റെ പേരെന്താണ്? ആ ചോദ്യം അവളെ ഞെട്ടിച്ചു. നിലം തുടയ്ക്കുന്ന തുണിയും കോലപ്പൊടി നിറച്ച ഡബ്ബയും അവിടെത്തന്നെ ഉപേക്ഷിച്ച് അവൾ ജനലരികിൽ നിന്ന് തലചൊറിഞ്ഞു, ആലോചനകളിൽ മുഴുകി. ‘എന്റെ പേരെന്താണ്? എന്റെ പേരെന്താണ്? റോഡിനെതിരേയുള്ള വീടുകളിൽ പേരെഴുതിയ പലകകൾ ഉണ്ടായിരുന്നു. മിസ്സിസ് എം. സുഹാസിനി, എം.എ, പി എച്ച് ഡി, പ്രിൻസിപ്പാൾ, ‘എക്സ്’ കോളേജ്, അതെ, അവളുടെ അയൽക്കാരിയെപ്പോലെ അവൾക്കും ഒരു പേരുണ്ടായിരുന്നു – ഞാനെങ്ങനെ അത് മറന്നു പോയി? നിലം തുടച്ച് തുടച്ച് ഞാനെന്റെ പേര് മറന്നിരിക്കുന്നു – ഇനിയെന്ത് ചെയ്യും? വീട്ടമ്മ അങ്കലാപ്പിലായി. അവളുടെ മനസ്സ് അസ്വസ്ഥമായി. എങ്ങിനെയൊക്കെയോ അവൾ കോലം വരച്ചു തീർത്തു.

അപ്പോൾ വേലക്കാരി വന്നു. അവൾക്കെങ്കിലും ഓർമ്മയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് വീട്ടമ്മ ചോദിച്ചു, ‘നോക്കൂ കുട്ടീ, നിനക്കെന്റെ പേര് ഓർമ്മയുണ്ടോ?’

‘എന്താണത്, അമ്മാ?’  ആ പെൺകുട്ടി ചോദിച്ചു. ‘കൊച്ചമ്മമാരുടെ പേരറിഞ്ഞിട്ട് ഞങ്ങൾക്കെന്തിനാണ്? നിങ്ങൾ ഞങ്ങൾക്ക് ഒരു കൊച്ചമ്മ മാത്രമാണ് – വെള്ള നിറമുള്ള വീട്ടിലെ, താഴത്തെ നിലയിലുള്ള കൊച്ചമ്മ എന്ന് പറഞ്ഞാൽ നിങ്ങളാണ്‘.

‘അതെ, ശരിയാണ്, നിങ്ങൾക്കെങ്ങിനെ അറിയും, കഷ്ടം.’ വീട്ടമ്മ മനസ്സിൽ പറഞ്ഞു.

ഉച്ചയ്ക്ക് കുട്ടികൾ സ്കൂളിൽ നിന്നും ഊണ് കഴിക്കാൻ വന്നു. ‘കുട്ടികളെക്കെങ്കിലും എന്റെ പേര് ഓർമ്മ കാണുമായിരിക്കും’ – വീട്ടമ്മ പ്രതീക്ഷിച്ചു.

‘നോക്ക് മക്കളേ, നിങ്ങൾക്ക് എന്റെ പേരറിയാമോ?’ അവൾ ചോദിച്ചു.

അവർ അമ്പരന്നുപോയി.

‘നിങ്ങൾ അമ്മയാണ് – അമ്മ എന്നാണ് പേര് – ഞങ്ങൾ ജനിച്ചപ്പോൾ മുതൽ ഞങ്ങൾക്ക് അങ്ങിനെയേ അറിയാവൂ, ഇവിടെ കത്തുകൾ അച്ഛന്റെ പേരിൽ മാത്രമേ വരാറുള്ളൂ – എല്ലാവരും അച്ഛനെ പേര് വിളിക്കുന്നത് കൊണ്ട് അച്ഛന്റെ പേരറിയാം. – നിങ്ങൾ ഒരിക്കലും പേര് പറഞ്ഞു തന്നിട്ടില്ല –നിങ്ങളുടെ പേരിൽ കത്തുകളൊന്നും വരാറുമില്ല’ കുട്ടികൾ തുറന്ന് പറഞ്ഞു. ‘അതെ, എനിക്കാരാണ് കത്തയക്കുക? അച്ഛനും അമ്മയും മാസത്തിലൊരിക്കൽ ഫോൺ ചെയ്യുക മാത്രമേയുള്ളൂ. എന്റെ സഹോദരിമാരും അവരുടെ വീട് വൃത്തിയാക്കുന്നതിൽ തിരക്കാണ്. അവരെ കുങ്കും ചടങ്ങിന് കണ്ടുമുട്ടിയാലും, അവർ പുതിയ കോലങ്ങളെപ്പറ്റിയും, പുതിയ വിഭവങ്ങളെപ്പറ്റിയും സംസാരിച്ച് നേരം കളയും, പക്ഷേ കത്തുകളൊന്നുമില്ല!‘ വീട്ടമ്മയ്ക്ക് നൈരാശ്യമായി – സ്വന്തം പേര് അറിയാനുള്ള ആഗ്രഹം അവളിൽ കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു.

ഒരു അയൽക്കാരി അവളെ കുങ്കും ചടങ്ങിന് ക്ഷണിക്കാൻ വന്നു. വീട്ടമ്മ അയൽക്കാരിയോട് അവരെങ്കിലും അവളുടെ പേര് ഓർത്തിരിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിൽ ചോദിച്ചു. ചിരിച്ചു കൊണ്ട് ആ സ്ത്രീ പറഞ്ഞു, ‘എന്തുകൊണ്ടോ ഞാനൊരിക്കലും നിന്റെ പേര് ചോദിച്ചിട്ടുമില്ല നീയൊട്ട് പറഞ്ഞിട്ടുമില്ല. വലതുവശത്തെ, വെള്ള വീട്, അല്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ മാനേജറുടെ ഭാര്യ, അതുമല്ലെങ്കിൽ വെളുത്ത് ഉയരമുള്ള പെണ്ണ്, അങ്ങിനെയാണ് ഞങ്ങൾ നിന്നെപ്പറ്റി പറയാറുള്ളത്, അത്രേയുള്ളൂ. ആ വീട്ടമ്മയ്ക്ക് അത്രയുമേ പറയാനുണ്ടായിരുന്നുള്ളൂ.

ഒരു കാര്യവുമില്ല. എന്റെ മക്കളുടെ കൂട്ടുകാർ പോലും എന്തായിരിക്കും പറയുക – അവർക്ക് എന്നെ കമലയുടെ അമ്മ അല്ലെങ്കിൽ ഒരു ആന്റി മാത്രമാണ് – ഇനി എന്റെ ബഹുമാനപ്പെട്ട ഭർത്താവിനേ സഹായിക്കാൻ പറ്റൂ – ആരെങ്കിലും ഓർത്തിരിക്കുന്നുണ്ടെങ്കിൽ, അത് അദ്ദേഹം മാത്രമേ ആകാനിടയുള്ളൂ.

അത്താഴത്തിന്റെ സമയത്ത് അവൾ അയാളോട് ചോദിച്ചു, ‘ഒന്ന് നോക്കൂ, ഞാനെന്റെ പേര് മറന്നു പോയി – നിങ്ങൾക്ക് ഓർമ്മയുണ്ടെങ്കിൽ ഒന്ന് പറയാമോ?’

ബഹുമാനപ്പെട്ട ഭർത്താവ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘എന്തായിത് മോളേ, ഇതിനു മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ലല്ലോ, നീ നിന്റെ പേരിനെക്കുറിച്ച് സംസാരിക്കുന്നത്. നമ്മുടെ വിവാഹം കഴിഞ്ഞപ്പോൾത്തൊട്ട് ഞാൻ നിന്നെ യെമോയ് എന്നേ വിളിച്ചിട്ടുള്ളൂ. നീയും ഒരിക്കലും നിന്നെ അങ്ങിനെ വിളിക്കരുതെന്നും നിനക്കൊരു പേരുണ്ടെന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ എന്തു പറ്റി? എല്ലാവരും നിന്നെ മിസ്സിസ് മൂർത്തി എന്നാണ് വിളിക്കുന്നത്, അല്ലേ?

മിസ്സിസ്സ് മൂർത്തി അല്ല, എനിക്ക് എന്റെ സ്വന്തം പേരാണ് അറിയേണ്ടത് – ഞാനിനി എന്ത് ചെയ്യും?’ അവൾ വേദനയോടെ പറഞ്ഞു.

‘അതിനെന്താ, നീ ഒരു പുതിയ പേര് കണ്ടെത്തൂ, ഏതെങ്കിലും ഒരു പേര്.’ ഭർത്താവ് ഉപദേശിച്ചു.

‘നന്നായിരിക്കുന്നു – നിങ്ങളുടെ പേര് സത്യനാരായണ മുർത്തി; ഞാൻ നിങ്ങളോട് നിങ്ങളുടെ പേര് ശിവ റാവു അല്ലെങ്കിൽ സുന്ദര റാവു എന്നാക്കാൻ പറഞ്ഞാൽ നിങ്ങൾ മിണ്ടാതിരിക്കുമോ? എനിക്ക് എന്റെ പേര് മാത്രം മതി’ അവൾ പറഞ്ഞു.

‘ശരി, നീയൊരു വിദ്യാഭ്യാസമുള്ള പെണ്ണാണ് – നിന്റെ പേര് സർട്ടിഫിക്കറ്റിൽ കാണുമല്ലോ – നിനക്ക് അത്ര പോലും വെളിവില്ലേ – പോയി അതെവിടെയെന്ന് നോക്ക്’ അയാൾ അവളെ ഉപദേശിച്ചു.

വീട്ടമ്മ സർട്ടിഫിക്കറ്റിനായി തീവ്രമായി തിരയാൻ തുടങ്ങി, അലമാരയിൽ - പട്ടുസാരികൾ, ഷിഫോൺ സാരികൾ, ഹന്റ്ലൂം സാരികൾ, വോയിൽ സാരികൾ, മാച്ചിങ് ബ്ലൌസുകൾ, പെറ്റിക്കോട്ടുകൾ, വളകൾ, മുത്ത്, മൂക്കുത്തി, കുങ്കുമം, വെള്ളിപ്പാത്രങ്ങൾ, ചന്ദനം അരച്ചു വയ്ക്കാനുള്ള വെള്ളി കോപ്പകൾ, ആഭരണങ്ങൾ, എല്ലാം മനോഹരമായി അടുക്കി വച്ചിരിക്കുന്നു. എവിടേയും സർട്ടിഫിക്കറ്റ് കണ്ടില്ല. അതെ – വിവാഹത്തിന് ശേഷം അവൾ സർട്ടിഫിക്കറ്റുകൾ സുക്ഷിച്ചു വയ്ക്കാൻ ശ്രദ്ധിച്ചതേയില്ല.

‘അതെ – ഞാനത് ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല – ഞാൻ വീട്ടിലേയ്ക്ക് പോയി സർട്ടിഫിക്കറ്റുകൾ തിരഞ്ഞ് എന്റെ പേര് കണ്ടുപിടിച്ച് കുറച്ചു ദിവസം കഴിഞ്ഞ് വരാം’. അവൾ ഭർത്താവിനോട് അനുവാദം ചോദിച്ചു. ‘അതു നന്നായി, നിന്റെ പേരിനു വേണ്ടി മാത്രം പോകണോ? നീ പോയാൽ അത്രയും ദിവസം ആര് വീട് വൃത്തിയാക്കും? അവളുടെ ഭഗവാൻ പറഞ്ഞു. അതെ, അത് ശരിയാണ് – കാരണം അവൾ മറ്റുള്ളവരേക്കാൾ നന്നായി വൃത്തിയാക്കും, അവൾ വേറെ ആരേയും ആ പണി ചെയ്യാൻ അനുവദിച്ചിട്ടില്ല. എല്ലാവരും അവരവരുടെ ജോലികളുമായി തിരക്കിലാണ്. അദ്ദേഹത്തിന് ഓഫീസ് – കുട്ടികൾക്ക് പഠനം. അവർ ഇതിനെക്കുറിച്ച് എന്തിന് ആലോചിക്കണം, എല്ലാം അവൾ ചെയ്യുന്നുണ്ടല്ലോ – അവർക്ക് എങ്ങിനെ ചെയ്യണമെന്ന് പോലും അറിയില്ല, തീർച്ചയായും!

എന്നാലും, സ്വന്തം പേര് അറിയാതെ എങ്ങിനെ ജീവിക്കും? ആ ചോദ്യം വരുന്നതിന് മുമ്പ് എല്ലാം കുഴപ്പമൊന്നുമില്ലാതെ നീങ്ങിയിരുന്നു, ഇപ്പോൾ പേരറിയാതെ ജിവിക്കാൻ പ്രയാസമായിരിക്കുന്നു.

‘രണ്ട് ദിവസത്തേയ്ക്ക് എങ്ങിനെയെങ്കിലും സഹിക്കൂ – എനിക്ക് പേര് കണ്ടെത്തും വരെ സ്വസ്ഥമായി ജിവിക്കാൻ കഴിയില്ല, അവൾ ഭർത്താവിനോട് കരഞ്ഞപേക്ഷിച്ച് ഒരു തരത്തിൽ അനുവാദം വാങ്ങി.

‘എന്താ മോളേ, പെട്ടെന്നൊരു വരവ്? നിന്റെ ഭർത്താവിനും കുട്ടികൾക്കും സുഖമല്ലേ? നീ എന്താ ഒറ്റയ്ക്ക് വന്നത്?’

മാതാപിതാക്കളുടെ സ്നേഹപുർവ്വമുള്ള ചോദ്യങ്ങൾക്ക് കുമ്പ് അവിടെയൊരു സംശയത്തിന്റെ നിഴലുണ്ടായിരുന്നു. വന്ന കാര്യം പെട്ടെന്ന് ഓർത്തെടുത്ത് അവൾ അമ്മയോട് ചോദിച്ചു, ‘അമ്മാ, എന്റെ പേരെന്താണ്?’

‘എന്തായിത് മോളേ? നീ ഞങ്ങളുടെ മൂത്ത മകളാണ്. നിന്നെ ബി എ വരെ ഞങ്ങൾ പഠിപ്പിച്ചു, അമ്പതിനായിരം രൂപ സ്ത്രീധനം കൊടുത്ത് കല്യാണം കഴിപ്പിച്ചു. നിന്റെ രണ്ട് പ്രസവവും നോക്കി – ഓരോ തവണയും പ്രസവത്തിന്റെ ചിലവെല്ലാം ഞങ്ങൾ തന്നെയാണ് നോക്കിയത്. നിനക്ക് രണ്ട് കുട്ടികളുണ്ട് – നിന്റെ ഭർത്താവിന് നല്ല ഉദ്യോഗമുണ്ട് – ഒരു നല്ല മനുഷ്യനുമാണ് – നിന്റെ കുട്ടികൾ നന്നായി പഠിക്കുന്നുണ്ട്.’

‘എന്റെ ചരിത്രമല്ല അമ്മാ, അമ്മാ –എന്റെ പേരാണ് എനിക്ക് വേണ്ടത്. അല്ലെങ്കിൽ എന്റെ സർട്ടിഫിക്കറ്റുകൾ എവിടെയാണെന്നെങ്കിലും പറയൂ.’

‘എനിക്കറിയില്ല മോളേ. ഇന്നാള് പഴയ പേപ്പറുകളും ഫയലുകളും വയ്ക്കുന്ന അലമാര വൃത്തിയാക്കി അതിൽ കുപ്പിപ്പാത്രങ്ങൾ വച്ചു. കുറച്ച് പ്രധാനപ്പെട്ട കടലാസുകൾ അട്ടത്ത് വച്ചു – നാളെ ഞങ്ങൾ തിരയാം. ഇപ്പോ എന്തിനാ ഇത്ര ധൃതി, നീ അതിനെക്കുറിച്ചോർത്ത് വിഷമിക്കല്ലേ – ഒന്ന് കുളിച്ച് ഊണ് കഴിക്ക്.’ അമ്മ പറഞ്ഞു.

വീട്ടമ്മ നന്നായൊന്ന് കുളിച്ച് ഊണ് കഴിച്ചു, പക്ഷേ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. വീട് വൃത്തിയാക്കുമ്പോൾ, സന്തോഷത്തോടെ മൂളിപ്പാട്ട് പാടി, ആഹ്ലാദത്തോടെ കോലം വരക്കുമ്പോൾ, സ്വന്തം പേര് മറന്നതുകൊണ്ട് ഇത്രയും പ്രശ്നങ്ങൾ വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

നേരം വെളുത്തു, എന്നിട്ടും സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചില്ല.

വീട്ടമ്മ കാണുന്നവരൊടെല്ലാം ചോദിക്കാൻ തുടങ്ങി – മരങ്ങളോട് ചോദിച്ചു – ഉറുമ്പിൻ പുറ്റിനോട് ചോദിച്ചു – കുളത്തിനോട് – അവൾ പഠിച്ചിരുന്ന സ്കൂളിനോട് ‌- കോളേജിനോട്. എല്ലാ ഒച്ചകൾക്കും ബഹളങ്ങൾക്കും ശേഷം അവൾ ഒരു കൂട്ടുകാരിയെ കണ്ടുമുട്ടി – പേര് കണ്ടെത്തി.

കൂട്ടുകാരിയും അവളെപ്പോലെയായിരുന്നു – വിവാഹിത, വീട്ടമ്മ, പക്ഷേ അവൾ വീട് വൃത്തിയാക്കുന്നത് ജീവിതലക്ഷ്യ്മായി കണ്ടിരുന്നില്ല; അത് ജിവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു അവൾക്ക്. അവൾക്ക് അവളുടെ പേരും കൂട്ടുകാരുടെ പേരുകളും ഓർമ്മയുണ്ടായിരുന്നു. ആ കൂട്ടുകാരി നമ്മുടെ വീട്ടമ്മയേയും തിരിച്ചറിഞ്ഞു.

‘ശാരദ! എന്റെ പൊന്നു ശാരദ!‘ അവൾ വിളിച്ചപ്പോൾ വീട്ടമ്മ അമ്പരന്നു പോയി. വീട്ടമ്മയ്ക്ക് താനൊരു വ്യക്തിയാണെന്ന് തോന്നി – ദാഹിച്ച് തൊണ്ട വരണ്ട് മരിക്കാനാകുമ്പോൾ മൺകൂജയിലെ തണുത്ത വെള്ളം കൊടുത്ത് ജിവൻ രക്ഷിച്ചു. കൂട്ടുകാരി ഒരു പുതിയ ജന്മം തന്നെയാണ് തന്നത്. ‘നീ ശാരദയാണ്. നീ പത്താം ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ ഒന്നാമതായിരുന്നു. നമ്മുടെ കോളേജിലെ പാട്ടുമത്സരത്തിൽ നീ ഒന്നാമതെത്തിയിരുന്നു. നീ ചിത്രം വരയ്ക്കുമായിരുന്നു. നമ്മൾ മൊത്തം പത്ത് കൂട്ടുകാരികളുണ്ടായിരുന്നു  - ഞാൻ ഇടയ്ക്കൊക്കെ എല്ലാവരേയും കാണാറുണ്ട്. ഞങ്ങൾ പരസ്പരം കത്തുകളെഴുതാറുണ്ട്. നീ മാത്രമേ കൈവിട്ടു പോയുള്ളൂ! നീയിങ്ങനെ മാറിപ്പോയതെന്താ, പറയ്? അവളുടെ കൂട്ടുകാരി അവളെ ചോദ്യം ചെയ്തു.

‘അതേ, പ്രമീള – നീ പറഞ്ഞത് ശരിയാണ്. ഞാൻ ശാരദയാണ് – നീ പറയുന്നത് വരെ എനിക്കത് ഓർത്തെടുക്കാൻ പറ്റുന്നില്ലായിരുന്നു – എന്റെ മനസ്സിലെ അറകളെല്ലാം ഒരേയൊരു കാര്യത്തിനായി മാറ്റി വച്ചിരിക്കുകയായിരുന്നു – എങ്ങിനെ നന്നായി നിലം തുടയ്ക്കാം. ഞാൻ വേറൊന്നും ഓർത്തില്ല. നിന്നെ കണ്ടില്ലായിരുന്നെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചേനേ’, ശാരദ എന്ന പേരുള്ള വീട്ടമ്മ പറഞ്ഞു.

ശാരദ വീട്ടിലേയ്ക്ക് പോയി. അട്ടത്ത് കയറി സർട്ടിഫിക്കറ്റുകൾ കണ്ടുപിടിച്ചു, അവൾ വരച്ച ചിത്രങ്ങൾ, അവൾ തേടിയതെല്ലാം കണ്ടുപിടിച്ചു. കുറച്ചു കൂടി തിരഞ്ഞ് അവൾക്ക് സ്കൂളിലും കോളേജിലും വച്ച് കിട്ടിയ സമ്മാനങ്ങൾ കണ്ടെത്തി.

ആഹ്ലാദത്തിൽ മതിമറന്ന് അവൾ വീട്ടിലേയ്ക്ക് തിരിച്ച് പോയി.

‘നീയില്ലാത്തത് കൊണ്ട് വീടിന്റെ അവസ്ഥ നോക്ക് – ചന്ത പോലെയുണ്ട്. ഹോ നീ വന്നത് എത്ര ആശ്വാസമായി, ഇനി ഞങ്ങൾക്ക് ഉത്സവമാണ്’ ശാരദയുടെ ഭർത്താവ് പറഞ്ഞു.

‘നിലം തുടച്ചത് കൊണ്ട് മാത്രം ഉത്സവമാവില്ല! എന്തായാലും, ഇനി മുതൽ എന്നെ യോമോയ് ഗാമോയ് എന്നൊന്നും വിളിക്കരുത്.’

‘എന്റെ പേര് ശാരദ എന്നാണ് – എന്നെ ശാരദ എന്ന് വിളിക്കണം, മനസ്സിലായോ?’

അത്രയും പറഞ്ഞ് അവൾ ആഹ്ലാദത്തോടെ അകത്തേയ്ക്ക് പോയി.

എപ്പോഴും അച്ചടക്കത്തിൽ ശ്രദ്ധിച്ചിരുന്ന ശാരദ, എല്ലാ കോണിലും കണ്ണു വച്ചിരുന്ന, എപ്പോഴും എവിടെയെങ്കിലും പൊടിയുണ്ടോയെന്ന് നോക്കിയിരുന്ന, എല്ലാം നന്നായി അടുക്കി വച്ചിട്ടുണ്ടെന്ന് നോക്കിയിരുന്ന ശാരദ ഇപ്പോൾ തുടച്ചിട്ട് രണ്ട് ദിവസമായ സോഫയിൽ ഇരിക്കുന്നു. അവൾ കുട്ടികൾക്കായി കൊണ്ടു വന്ന അവളുടെ പെയിന്റിങുകളുടെ ആൽബം അവർക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.


പി സത്യവതി : ഫെമിനിസ്റ്റ് പ്രവർത്തക, തെലുഗിലെ മുൻ നിര എഴുത്തുകാരി. വിജയവാഡയിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. കഥകൾ മറ്റു ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

2013 ലവ് സ്റ്റോറി - നിലാവതനി



കഥയിലേയ്ക്ക് കടക്കുന്നതിന് മുമ്പ്…

ഞാൻ എപ്പോഴും ഒരു അഹിംസാവാദിയാണ്. ഗാന്ധിമാർഗത്തിൽ ജീവിക്കുന്നവൻ…ഒരു ഉറുമ്പിനെപ്പോലും ഉപദ്രവിക്കാത്തവൻ..അടിപിടിയൊന്നും എനിക്കിഷ്ടമല്ല..ഇങ്ങനെ ഒരു കഥ എഴുതണോയെന്ന് ഒരായിരം പ്രാവശ്യം ആലോചിച്ച്, നാല് പേർക്ക് നന്മ ഉണ്ടാകുമെങ്കിൽ എന്ത് എഴുതിയാലും തെറ്റില്ലെന്ന തോന്നലിലാണ് എഴുതിയത്. ക്ഷമയോടെ വായിക്കുക.

****

സമയം അതിരാവിലെ…

എല്ലാവരും വാക്കിങ് ജോഗിങ് എന്നിങ്ങനെ ആരോഗ്യം സംരക്ഷിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ, തണുപ്പിനെ അവഗണിച്ചും നടക്കാൻ തുടങ്ങിയിരിക്കുന്നു.

നമ്മുടെ കഥാനായകി രേഷ്മിയും രാജീവിന്റെ കൂടെ വാക്കിങിന് പോകാൻ തയ്യാറായി…കഴുത്തിൽ സ്കാർഫ് കെട്ടി അവൾ. തണുപ്പിന്…

വാക്കിങ്ങിന് പോകുമ്പോഴേ അവൾക്കൊരു സംശയം…ഇന്ന് അവർ വരുമോ?

നല്ല ഉറപ്പുള്ള ശരീരത്തോടെ കാണുന്നവരെ വീണ്ടും ഭയത്തോടെ തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിക്കുന്ന ഗാംഭീര്യം ആണവന്…മറ്റുള്ളവർ വിളിക്കുന്നത് കേട്ട് അവന്റെ പേര് ജെറി എന്നാണെന്ന് മനസ്സിലായി..അവളെ കാണുന്ന നോട്ടത്തിൽ മാത്രം എന്തോ മാറ്റം ഉണ്ടെന്ന് രേഷ്മിയ്ക്ക് തോന്നി….മറ്റുള്ള വരെ നോക്കി കണ്ണുരുട്ടുന്ന അവൻ ഇവളെ കാണുമ്പോൾ അല്പം അലിയുന്നത് പോലെയുണ്ടാകും.

എല്ലാം തന്റെ തോന്നലാണെന്ന് പോലും ചിലപ്പോൾ തോന്നും. വാക്കിങിന് പോകുമ്പോൾ, രാജൂവും, കെന്നഡിയും സംസാരിച്ചു കൊണ്ടിരിക്കും. എപ്പോഴും കെന്നഡിയുടെ കൂടെയാണ് ജെറി വരുന്നതെങ്കിലും, അവർ രണ്ടുപേരും സംസാരിക്കുമെന്നതല്ലാതെ, ഇവർ രണ്ട് പേരും സംസാരിക്കാറില്ല.

ബീച്ചിലുള്ള ജ്യൂസ് കടയിൽ, വാക്കിങ് കഴിഞ്ഞ് എവിടെയെങ്കിലും വിശ്രമിക്കാനിരുന്നാൽ അവിടെ നിന്നും ജ്യൂസ് കുടിക്കുന്നത് പതിവാണ്. അപ്പോഴാണ് രേഷ്മിയ്ക്ക് ആ വിഷയം അറിഞ്ഞത്. ജെറിയ്ക്ക് പൈൻ ആപ്പിൾ ജ്യൂസ് ഇഷ്ടമാണെന്നത്… അന്ന് തൊട്ട് പൈൻ ആപ്പിൾ എന്നാലേ പേടിച്ചോടും രേഷ്മി. ഇപ്പോൾ അവൾ പൈൻ ആപ്പിളിന്റെ ആരാധികയായി മാറിയിരിക്കുന്നു.

ചിലപ്പോൾ ജ്യൂസ് കുടിക്കുമ്പോൾ മന:പൂർവ്വം ജെറി ബാക്കി വയ്ക്കുമ്പോൾ, അത് രേഷ്മി കുടിക്കാമെന്ന നിശ്ശബ്ദമായ ഒരു ഇഷ്ടം അരങ്ങേറിക്കൊണ്ടിരുന്നു.

ഇതെല്ലാം വച്ച് നോക്കുമ്പോൾ, താൻ ജെറിയെ പ്രണയിക്കുന്നോയെന്ന തോന്നൽ അവൾക്ക് ആരംഭിച്ചു. ആദ്യം അവൾ ആലോചിച്ചത് മതത്തിനെപ്പറ്റിത്തന്നെ. രണ്ടുപേരും വേറെ വേറെ മതം…പക്ഷേ രാജീവും കെന്നഡിയും കൂട്ടുകാരായതിനാൽ പ്രശ്നമുണ്ടാകാൻ ഇടയില്ല എന്ന് കരുതി തന്റെ ആലോചനകൾ അവൾ തുടർന്നു. എന്നാൽ അവൾക്ക് ഒരു കാര്യം മാത്രം ഉറപ്പിക്കേണ്ടിയിരുന്നു. ജെറിയ്ക്ക് തന്നോട് താല്പര്യം ഉണ്ടോയെന്ന് അറിയണമായിരുന്നു.

അതിനെപ്പറ്റിയുള്ള ചിന്തയിൽ താൻ ഇന്ന് പുറപ്പെടുമ്പോൾ, അവൻ വരുമോയെന്ന് ആലോചിച്ച് നിന്നവളെ രാജീവിന്റെ ശബ്ദം സ്വബോധത്തിലേയ്ക്ക് കൊണ്ടുവന്നു.

“എന്താ രേഷ്മി…അവിടെത്തന്നെ നിൽക്കുന്നത്…കമോൺ ക്വിക്ക്…ഗെറ്റ് ഫാസ്റ്റ്” എന്ന് പറഞ്ഞ് നടക്കാൻ തുടങ്ങി. രാജീവിനെ പിന്തുടർന്ന് രേഷ്മി വേഗത്തിൽ നടക്കാൻ തുടങ്ങി. പത്തടി വച്ചതും, കെന്നഡിയുടെ തല കണ്ടു. പക്ഷേ കൂടെ ജെറിയെ കണ്ടില്ല. രേഷ്മിയുടെ മുഖം വാടി. എങ്ങിനെ ചോദിക്കുമെന്ന് ആലോചിക്കുന്ന നിലയിൽ,

“കെന്നഡി, ജെറി വന്നില്ലേ…വാട്ട് ഹാപ്പൻഡ് റ്റു ഹിം? എന്ന് ചോദിച്ച് രശ്മിയുടെ വയറ്റിലെ തീ കെടുത്തി രാജീ.

നന്ദിയോടെ രാജീവിനെ നോക്കി, കെന്നഡിയുടെ മറുപടിയ്ക്കായി അവൾ കാത്തു.

“അതോ രാജൂ…അവന് സുഖമില്ലെന്ന് തോന്നുന്നു. ഈവനിങ് വന്നിട്ടു വേണം ആശുപത്രിയ്ക്ക് കൊണ്ടുപോകാൻ. വേറേ ആരുടെ കൂടേയും അവൻ പോകുകയുമില്ല. അവനെക്കൊണ്ട് ഇങ്ങനെയൊരു പ്രശ്നം..” എന്ന് കെന്നഡി പറഞ്ഞു.

അത് കേട്ടതും രേഷ്മിയ്ക്ക് വിഷമമായി. അയ്യോ ഇന്ന് അവനെ കാണാൻ പറ്റില്ലല്ലോ..ഇപ്പോൾ രാജീവും തന്നെ തനിയെ വിടില്ലല്ലോ….അങ്ങിനെയായാലും എന്ത് പറഞ്ഞ്, അവനെ പോയി കണ്ട് എന്നൊക്കെ അവൾ വിഷമിക്കാൻ തുടങ്ങി. അതിനോടൊപ്പം, താൻ പറയുന്നത് രാജീവ് ശരിയായി മനസ്സിലാക്കുമോയെന്ന സംശയം വേറേ..

ശരി…ദൈവത്തിനോട് പ്രാർഥിക്കുകയല്ലാതെ വേറേ വഴിയില്ല എന്ന് കരുതി, പോകുന്ന വഴിയിലുള്ള വിനായകർ കോവിലിൽ ഒരു അഭിഷേകം കഴിച്ച്, വ്രതമിരിക്കാമെന്ന് നേർന്ന് വീട്ടിലെത്തി രേഷ്മി.

ഇന്ന് അവനെ കണ്ടിരുന്നെങ്കിൽ, തന്റെ മനസ്സ് തുറക്കാമായിരുന്നെന്ന ആഗ്രഹത്തിനെ അവൾക്ക് മറികടക്കാൻ കഴിഞ്ഞില്ല. ശരി നാളെ നോക്കാമെന്ന് കരുതി മനസ്സിനെ അടക്കി അവൾ അന്നത്തെ ജോലികളിൽ മുഴുകി.

അടുത്ത ദിവസം രാവിലെ കണ്ണ് തുറന്ന രേഷ്മി, വാക്കിങ്ങിന് പോകാനുള്ള ആദ്യത്തെയാളായി തയ്യാറായി നിൽക്കുമ്പോൾ, രാജൂ അത്ഭുതത്തോടെ നോക്കിയിട്ട് ഒന്നും പറയാതെ പുറപ്പെട്ടു.

പതിവ് പോലെ, പാതി വഴിയിൽ രണ്ടുപേരേയും കണ്ടപ്പോൾ രേഷ്മിയുടെ മുഖം ആയിരം വാട്ട് ബൾബ് പോലെ പ്രകാശിച്ചു. ..ജെറിയെന്താ നിസ്സാരനാണോ…അവനും രേഷ്മിയെ ഒന്ന് അമർത്തി നോക്കി.

രാജൂവും, “എന്താ ജെറീ സുഖമായെന്ന് തോന്നുന്നു” എന്ന് അവന്റെ വക തുടങ്ങി.

വാക്കിങിന് പോകുമ്പോൾ സമയം മുഴുവൻ, രണ്ടുപേരും അടുത്തടുത്ത് നടക്കുമ്പോൾ, എന്നത്തേയും പോലെയല്ലാതെ അടിക്കടി മുഖം നോക്കുക എന്ന സുഖമുള്ള നാടകം നടന്നു. വാക്കുകളില്ലാതെ തന്നെ പരസ്പരമുള്ള ഇഷ്ടം പുറത്ത് വന്നു.

അന്ന് വൈകുന്നേരം കെന്നഡിയുടെ വീട്ടിൽ ഒരു ഗെറ്റ് റ്റുഗെദർ ഉണ്ടായിരുന്നു.

രാജീവിന്റെ വീട് അടുത്തായതിനാൽ രേഷ്മിയേയും കൂട്ടിക്കൊണ്ട് പോയി. വിരുന്നിൽ മാംസാഹാരം വിളമ്പിയപ്പോൾ രേഷ്മി മാറി നിന്നു. രാജു അവളെ വിചിത്രമായി നോക്കി. മാംസാഹാരം അവൾക്ക് ഇഷ്ടമാണെന്നറിയാം. എന്നിട്ടും ഒന്നും ചോദിക്കാതെ അവളുടെ ഇഷ്ടത്തിന് വിട്ടു.

രാജൂവും കെന്നഡിയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ജെറി പതുക്കെ രേഷ്മിയുടെ അരികിൽ വന്നു. നോട്ടം കൊണ്ട് എന്താ മാംസം കഴിച്ചില്ലെന്ന് ചോദിച്ചപ്പോൾ, രേഷ്മി താൻ ഒരാഴ്ച മാംസം കഴിക്കാതെ വ്രതമെടുക്കാമെന്ന് നേർന്നത് പറഞ്ഞപ്പോൾ, അവളുടെ സ്നേഹത്തിന്റെ മുന്നിൽ ജെറി തൊഴുത് നിന്നു.

വിവാഹജീവിതമെന്നാൽ രേഷ്മിയുടെ കൂടെ എന്ന് ആ നിമിഷത്തിൽ ജെറി തീരുമാനിച്ചു. പിന്നീട് രണ്ട് വീട്ടിലും സംസാരിച്ച് വിവാഹം കഴിക്കാനുള്ള സമ്മതം വാങ്ങാമെന്ന് ജെറി വാക്ക് കൊടുത്തു. രേഷ്മി തന്റെ മനസ്സ് വെളിപ്പെടുത്തിയ സന്തോഷത്തിൽ വീട്ടിലേയ്ക്ക് പോയി. അധികം സംസാരിക്കാതെ, പഴക്കമില്ലാത്ത സ്നേഹമാണെങ്കിലും, നേരുള്ള സ്നേഹമാണെങ്കിൽ വിജയിക്കും എന്ന അഭിമാനത്തോടെ.

പിൻ കുറിപ്പ്: രാജീവും കെന്നഡിയും യജമാനന്മാരാണ്. ജെറിയും, രേഷ്മിയും അവർ വളർത്തുന്ന നായകളും.

സൂപ്പർ പിൻ കുറിപ്പ്:

ദയവ് ചെയ്ത് ആരും ദേഷ്യപ്പെടരുത്. ദേഷ്യം ശരീരത്തിന് നല്ലതല്ല. അത് മനസ്സിനെ ബാധിക്കുമെന്ന് മുതിർന്നവർ പറഞ്ഞിട്ടുണ്ട്. അത് BP, Tension എന്നിങ്ങനെയുള്ളതെല്ലാം ഉണ്ടാക്കുമത്രേ. വലിയവർ പറഞ്ഞത് കേട്ട്, ആരും എന്നെ കല്ലെറിയുകയോ മുട്ടയെറിയുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.

കാരണം…… (ആമുഖം ഒന്ന് കൂടി വായിക്കുക)