Showing posts with label English. Show all posts
Showing posts with label English. Show all posts

ഹോളിവുഡും ശീതയുദ്ധവും



രണ്ടാം ലോകമഹായുദ്ധശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം ഇരുരാജ്യങ്ങളിലേയും രാഷ്ട്രീയവിഷയങ്ങളിൽ മാത്രമല്ല, ജീവിതത്തിലെ സകലമേഖലകളിലും പ്രതിഫലിച്ചിരുന്നു. തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും അറിയിക്കാനും, സർവ്വോപരി സ്വന്തം ജനതയോടും ലോകത്തോടും സംവാദത്തിലേർപ്പെടാനും അവർ സിനിമ ഉപയോഗിച്ചു. സിനിമ ഏറ്റവും ജനകീയമായ കല എന്ന നിലയിൽ തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള കുറുക്കുവഴിയായിത്തീർന്നു അവർക്ക്. ഒട്ടേറെപുസ്തകങ്ങൾ അക്കാലത്ത് എഴുതപ്പെട്ടെങ്കിലും സിനിമയിലൂടെയുള്ള വഴക്ക് പ്രധാനമായിരുന്നു. ഹോളിവുഡും തങ്ങളുടെ ആയുധങ്ങൾ ഉപയോഗിച്ച് ശീതയുദ്ധം പരസ്യമാക്കിയപ്പോൾ സോവിയറ്റ് യൂണീയനും അതേ നാണയത്തിൽ തിരിച്ചടിക്കാൻ തുടങ്ങി. 

ശീതയുദ്ധം അവസാനിച്ച ശേഷവും ഹോളിവുഡ് അതിന്റെ സ്മരണകളിൽ നിന്നും മുക്തമായിട്ടില്ലെന്നതിന്റെ സൂചനയാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ത്രില്ലറുകളും വാർ മൂവീസും. ആദ്യം സിനിമ ഒരു ആയുധമായിരുന്നെങ്കിൽ ഇപ്പോൾ അതിന്റെ ധർമ്മം ജനങ്ങളെ ശീതയുദ്ധത്തിന്റെ ഓർമ്മകളിൽ പിടിച്ച് നിർത്തുക എന്നതാണ്. ഗൃഹാതുരതയുണർത്തുന്ന രീതിയിൽ ഹോളിവുഡിൽ യുദ്ധസിനിമകളും ത്രില്ലറുകളും നിർമ്മിക്കപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോഴും തുടരുന്നു (ഹോളിവുഡിന്റെ മറ്റൊരു പ്രിയപ്പെട്ട വിഷയമാണ് രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂതന്മാരുടെ യാതനകൾ. ഹോളോകാസ്റ്റ് സിനിമകളും ധാരാളം നിർമ്മിക്കപ്പെട്ടിട്ടുണ്ട്).
സ്റ്റീഫൻ സ്പീൽബർഗിന്റെ Bridge of Spies (2015) എന്ന സിനിമയും മറ്റൊന്നുമല്ല ചെയ്യുന്നത്.  സിനിമയിലെ ഒരു രംഗം:

വക്കീൽ ആയ ഡോനോവൻ ഒരു ദിവസം കാണുന്നത് തന്റെ മകൻ ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ഒരു മാപ് പരിശോധിക്കുന്നതാണ്. അതിന്റെ കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ബോംബ് ആക്രമണം ഉണ്ടായാൽ വെള്ളത്തിന് ക്ഷാമമുണ്ടാകും, അതുകൊണ്ട് ബാത്ത് ടബ് നിറച്ച് വയ്ക്കണമെന്നാണ്. അവൻ എപ്പോഴും ഒരു ബോംബ് ആക്രമണം പ്രതീക്ഷിച്ച് രക്ഷപ്പെടാൻ തയ്യാറാവുകയാണ്.


ഈ രംഗം സ്വന്തം അനുഭവത്തിൽ നിന്നും എടുത്തെഴുതിയതാണെന്ന് സ്പീൽബർഗ് തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അമേരിക്കയെ മുഴുവൻ ഭീതിയിലാഴ്ത്തിയിരുന്ന അന്ത്യവിധിദിനം കുട്ടിയായിരുന്ന സ്പീൽബർഗിനേയും ഭയപ്പെടുത്തിയിരുന്നത് സ്വാഭാവികം. 

"It was on TV. It was in the newspaper, and the conversation that was on everyone's lips was about doomsday," സ്പീൽബർഗ് അഭിമുഖത്തിൽ പറയുന്നു.

കുട്ടിക്കാലത്തെ ആ ഭയം ഇപ്പോഴും തന്നെ വിട്ടു പോയിട്ടില്ലെന്നതിന്റെ സൂചനയായിരിക്കുമോ പതിറ്റാണ്ടുകൾക്ക് ശേഷം സ്വന്തം ജീവിതത്തിലെ അനുഭവം സിനിമയിൽ പകർത്താൻ പ്രേരിപ്പിച്ചത്?
അതോ, ഇപ്പോഴും അമേരിക്കൻ ജനതയുടെ മനസ്സിലെവിടെയോ ഒരു ഭയം ഒളിഞ്ഞിരിക്കുന്നുണ്ടെന്നോ?
സ്പീൽബർഗ് മറ്റൊരു അഭിമുഖത്തിൽ പറയുന്നു: 

So many things were in my mind in the contemporary world. Drone missions. Guantánamo Bay.
Cyberhacking, because cyberhacking is a form of spying. At the very beginning of technological
spycraft in the late ’50s, with the U-2 overflights, our fear was that the Sputnik was a spy
satellite, which it turned out of course not to be, and there was also great suspicion and fear of
nuclear holocaust. I grew up in that era. The stakes were very, very high. And yet today, there is
much more dread and fear of who’s looking over our shoulders. There was a specific enemy, the
Soviet Union, in the 1950s and ’60s. Today we don’t know our enemy. The enemy doesn’t have
a specific face.

Bridge of Spies എന്ന സിനിമയിൽ ശീതയുദ്ധകാലത്തെ ഒരു സ്പൈ എക്സ്ചേഞ്ച് ആണ് വിഷയമാക്കിയിരിക്കുന്നത്. യഥാർഥ സംഭവം ആധാരമാക്കി നിർമ്മിച്ച സിനിമയാണെങ്കിലും സിനിമയിൽ നടക്കാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു എന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഡോനോവന്റെ വീട്ടിൽ വെടിവയ്പ്പുണ്ടാകുന്നതും, ബെർലിനിൽ വച്ച് ഓവർ കോട്ട് തട്ടിയെടുക്കപ്പെടുന്നതും, ബെർലിൻ മതിൽ കടക്കാൻ ശ്രമിച്ച ചെറുപ്പക്കാരെ വെടിവയ്ക്കുന്നത് കണ്ടതും എല്ലാം വ്യാജമാണെന്നാണ് ആരോപണങ്ങൾ. സിനിമ സംഭവബഹുലമാക്കാനും, കഥയ്ക്ക് യഥാർഥ ശീതയുദ്ധകാലത്തിന്റെ നിറം നൽകാനും വേണ്ടി ഇതെല്ലാം ചേർത്തതാകാനും മതി.


എന്തായാലും ഓർമ്മകൾ ഉണർത്തുന്ന ഇത്തരം സിനിമകൾ അമേരിക്കയ്ക്ക് ആവശ്യമാണെന്ന് തന്നെ വേണം പറയാൻ. മുഖമില്ലാത്തതെങ്കിലും ഒരു ശത്രു തങ്ങൾക്കുണ്ടെന്ന ബോധം ഇല്ലാതാകുമ്പോൾ അധികാരവൃന്ദങ്ങൾക്ക് നഷ്ടപ്പെടാനേറേയുണ്ട്. തങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ മനുഷ്യക്കുരുതികൾക്കും കടന്നുകയറ്റങ്ങൾക്കും ഉത്തരം പറയേണ്ടിവരും എന്ന ഭീഷണിയും ഹോളിവുഡിനെ ആശ്രയിക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടാകും.

മൊണാക്കോയിലെ രാജകുമാരി



ജോൺ ഫോർഡ് തന്റെ സിനിമയിലേയ്ക്ക് ഗ്രേസിനെ തിരഞ്ഞെടുത്തപ്പോൾ സഫലമായത് അവളുടെ സ്വപ്നം കൂടിയായിരുന്നു. അഭിനേത്രിയാകണമെന്ന ആഗ്രഹവുമായി, മാതാപിതാക്കളുടെ അനിഷ്ടത്തിനെ വകവയ്ക്കാതെ ന്യൂയോർക്കിൽ എത്തിയ അവൾക്ക് അധികം വൈകാതെ തന്നെ അവസരങ്ങൾ ലഭിച്ചു തുടങ്ങി. നാടകരംഗത്ത് കഴിവ് തെളിയിച്ച ശേഷമായിരുന്നു ഗ്രേസ് വെള്ളിത്തിരയിലേയ്ക്കെത്തിയത്. അമേരിക്കൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിലൊരാളായി അവർ വളർന്നു. ആൽഫ്രഡ് ഹിച്ച്കോക്ക് അടക്കമുള്ള അതികായന്മാരുടെ സിനിമകളിൽ അഭിനയിച്ച് താരത്തിളക്കത്തിൽ നിൽക്കുമ്പോഴാണ് ഗ്രേസ് 1955 ലെ ഒരു മെയ് മാസത്തിൽ വിശ്വപ്രസിദ്ധമായ കാനസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. അത് അവരുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ പോകുന്ന യാത്രയായിരുന്നു. 




കാൻസ് ഫെസ്റ്റിവലിനിടയിൽ ഒരു വിരുന്നിൽ വച്ചാണ് ഗ്രേസ് റൈനറിനെ കണ്ടുമുട്ടുന്നത്. മൊണാക്കോയുടെ പ്രിൻസ് ആയ റൈനർ മൂന്നാമന് (Rainier Louis Henri Maxence Bertrand Grimaldi) ഗ്രേസിനോട് പ്രണയം തോന്നിയതിൽ അതിശയമൊന്നുമില്ല. ആദ്യത്തെ സമാഗമം കഴിഞ്ഞപ്പോൾ റൈനർ രാജകുമാരൻ ഗ്രേസിനെ പുകഴ്ത്തിയത്  അവരുടെ കുലീനമായ പെരുമാറ്റവും, ബുദ്ധിശക്തിയും എല്ലാമായിരുന്നു. ഗ്രേസും രാജകുമാരനെ പുകഴ്ത്താൻ മടി കാണിച്ചില്ല.


അവർ തമ്മിൽ കത്തിടപാടുകളും തുടങ്ങിയിരുന്നു. ഗ്രേസ് തന്റെ ഹൃദയം കീഴടക്കിയ വിവരം മറച്ചു വയ്ക്കാതെ റൈനർ മൂന്നാമൻ ഗ്രേസിന് ഒരു കത്തെഴുതി. അനുകൂലമായ മറുപടി ഗ്രേസിൽ നിന്നും ലഭിച്ചതോടെ ഹോളിവുഡിന്റെ ചരിത്രത്തിലെ ഒരു വലിയ അദ്ധ്യാ‍്യം അവസാനിക്കുക കൂടിയായിരുന്നു.


1955 ലെ ഡിസംബർ മാസത്തിൽ റൈനർ രാജകുമാരൻ അമേരിക്ക സന്ദർശിച്ചു. 

ഫ്രാൻസുമായുള്ള ചില പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. അവിവാഹിതനായിരുന്ന റൈനറിനെ പ്രശ്നത്തിലാക്കിയത് ഫ്രാൻസ് മുന്നോട്ട് വച്ച ഒരു ഉപാധിയായിരുന്നു. റൈനർക്ക് ഒരു പിൻ ഗാമി ഉണ്ടായില്ലെങ്കിൽ മൊണക്കോ ഫ്രാൻസിനോട് ചേർക്കപ്പെടും എന്നതായിരുന്നു അത്. ഈ വിവരങ്ങൾ അറിയാവുന്ന മാദ്ധ്യമങ്ങൾ അമേരിക്കയിൽ വച്ച് റൈനർ രാജകുമാരനോട് വിവാഹത്തിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം ഒഴുക്കൻ മട്ടിൽ ഒഴിഞ്ഞ് മാറുകയായിരുന്നു.


റൈനർ രാജകുമാരൻ ഗ്രേസിന്റെ മാതാപിതാക്കളെ കണ്ടു. നൂറ്റാണ്ടിന്റെ വിവാഹം എന്ന് അവർ പ്രകീർത്തിച്ച ആ വിവാഹം നടന്നു. ഹോളിവുഡിലെ റാണിയായിരുന്ന ഗ്രേസ് കെല്ലി മൊണാക്കോ എന്ന കൊച്ചു രാജ്യത്തിന്റെ രാജകുമാരിയായി മാറി.



മുമ്പ് ഹിച്ച്കോക്കിന്റെ മൂന്ന് സിനിമകളിൽ, (Dial M for Murder (1954), Rear Window (1954), To Catch a Thief (1955),  അഭിനയിച്ചിട്ടുള്ള ഗ്രേസിനെത്തേടി ഹിച്ച്കോക്ക് വീണ്ടും എത്തി. ഇത്തവണ മോണാക്കോയിലെ രാജകുമാരിയോടായിരുന്നു തന്റെ സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിച്ചതെന്ന് മാത്രം. Marnie (1964) ആയിരുന്നു ആ സിനിമ. പക്ഷേ, പുതിയ മേൽ വിലാസം ഗ്രേസിന് തടസ്സമായിരുന്നു. റൈനർ രാജകുമാരന്റെ എതിർപ്പും മൊണക്കോയിലെ ജനവികാരവും സിനിമയിലേയ്ക്ക് തിരിച്ച് പോകുന്നതിൽ നിന്നും അവരെ വിലക്കി.



പിന്നീടെല്ലാം യൂറോപ്പിലെ രാഷ്ട്രീയപ്പോരുകൾക്കിടയിലെ അദ്ധ്യായങ്ങൾ.


&&&



ചില സിനിമകൾ അങ്ങിനെയാണ്. പ്രത്യേകിച്ചൊന്നും തരാനില്ലെങ്കിലും പരാജയപ്പെട്ടാലും സിനിമയ്ക്ക് പുറത്ത് ഒട്ടേറെ കൌതുകകരമായ കാര്യങ്ങൾ അവ നിരത്തി വയ്ക്കും. എന്ന സിനിമയും അത്തരത്തിലൊന്നാണ്. വിമർശകർ കൈവിട്ടെങ്കിലും ഗ്രേസ് കെല്ലി എന്ന അഭിനേത്രിയും പിന്നീട് മൊണാക്കോയിലെ രാജകുമാരിയും സിനിമയേക്കാൾ ഉൾക്കളികൾ നിറഞ്ഞ കഥയാണ് പറഞ്ഞ് തരുക. ഗ്രേസ് കെല്ലി ആയി നിക്കോൾ കിഡ്മാനും, റൈനർ രാജകുമാരനായി ടിം റോത്തും, ഹിച്ച്കോക്ക് ആയി റോജർ ഗ്രിഫിത്സും അഭിനയിച്ച ഗ്രേസ് ഓഫ് മൊണാക്കോ അത്ര വിജയമായിരുന്നില്ല. എങ്കിലും, ഗ്രേസ് കെല്ലി അന്ന അമേരിക്കൻ സിനിമയിലെ താരത്തിനെപ്പറ്റി സംസാരിച്ച സിനിമ എന്ന നിലയ്ക്ക് ചരിത്രത്തിലേയ്ക്ക് ഒരു ചൂണ്ടുപലകയായി ഗ്രേസ് ഓഫ് മൊണാക്കോ പ്രവർത്തിക്കുന്നുണ്ട്.

(The Revenant : Alejandro Iñárritu) മഞ്ഞിൽ പതിഞ്ഞ ചോരപ്പാടുകൾ




പല ആവശ്യങ്ങൾക്ക് വേണ്ടി മൃഗങ്ങളെ വേട്ടയാടുന്നതിന് ട്രാപ്പിങ് (Trapping) എന്ന് പറയുന്നു. അങ്ങിനെ വേട്ടയാടുന്നവരെ ട്രാപ്പേഴ്സ് (Trappers) എന്നും വിളിയ്ക്കുന്നു. അമേരിക്കക്കാരനായ ഒരു ഹ്യൂഗ് ഗ്ലാസ്സ് എന്ന ട്രാപ്പർ അയാളുടെ സാഹസികമായ അതിജീവനത്തിന്റെ കഥയുടെ പേരിലാണ് അറിയപ്പെടുന്നത്. കരടിയാ‍ൽ ആക്രമിക്കപ്പെട്ട് മരണാസന്നനായിത്തീർന്ന ഗ്ലാസ്സിനെ അയാളുടെ സംഘാംഗങ്ങൾ മരിക്കാൻ ഉപേക്ഷിച്ച് പോകുന്നതും അതിദുർഘടമായ സാഹചര്യങ്ങളെ അതിജീവിച്ച് ഗ്ലാസ്സ് ജീവൻ നിലനിർത്തിയതുമായ കഥ പ്രശസ്തമാണ്. അതേ ഹ്യൂഗ് ഗ്ലാസ്സ് ആണ് അലജാൻഡ്രോ ഇനാരിറ്റുവിന്റെ പുതിയ സിനിമയായ ദ റെവനന്റിലെ പ്രധാന കഥാപാത്രം. 


1823 ഇൽ മേജർ ആൻഡ്ര്യൂ ഹെന്രി എന്ന രോമക്കച്ചവടക്കാരന്റെ പര്യവേഷണസംഘത്തിൽ വഴികാട്ടിയായി ഹ്യൂഗ് ഗ്ലാസ്സ് ചേരുന്നു. ആ യാത്രയിൽ അയാൾക്കുണ്ടാകുന്ന തിക്താനുഭവങ്ങളാണ് ഇനാരിറ്റുവിന്റെ സിനിമയുടെ കഥാതന്തു.
അത്തരത്തിൽ വേട്ടയ്ക്കിറങ്ങിയ സംഘം മഞ്ഞ് പുതച്ച് കിടക്കുന്ന ആ താഴ്വരയിലെ ഗോത്രവർഗക്കാരുടെ ആക്രമണത്തിനിരയാകുമ്പോൾ, കൂട്ടാളികൾ അമ്പേറ്റ് വീണ് മരിക്കുമ്പോൾ അവശേഷിക്കുന്നവരേയും കൊണ്ട് രക്ഷപ്പെടുകയേ ക്യാപ്റ്റന് മാർഗമുണ്ടായിരുന്നുള്ളൂ. വഴിയറിയാവുന്ന ഒരേയൊരാളായ ഹ്യൂഗ് ഗ്ലാസ്സ് അവിചാരിതമായി ഒരു തള്ളക്കരടിയാൽ ആക്രമിക്കപ്പെടുന്നു. ദേഹമാസകലം മുറിവേറ്റ് മരണത്തോടടുത്തെത്തുന്ന അയാളെ കൂടുതൽ യാതനകൾക്ക് വിട്ടു കൊടുക്കാതെ കൊന്ന് കളയാൻ സംഘാംഗങ്ങളിലൊരാളായ ഫിറ്റ്സ്ജെറാൾഡ് നിർദ്ദേശിക്കുന്നു. പക്ഷേ മേജർ ഹെന്രിയ്ക്ക് ആ നിർദ്ദേശം നടപ്പിലാക്കാൻ വയ്യാതെ ഗ്ലാസ്സിന് കാവലിരിയ്ക്കാൻ തയ്യാറുള്ളവർക്ക് പ്രതിഫലം നൽകാമെന്ന് പറയുന്നു. ഒടുവിൽ ഫിറ്റ്സ്ജെറാൾഡ് തന്നെ ആ ദൌത്യം ഏറ്റെടുക്കുകയും ബാക്കിയുള്ളവർ യാത്ര തുടരുകയും ചെയ്യുന്നിടത്ത് നിന്ന് ഹ്യൂഗ് ഗ്ലാസ്സിന്റെ കഥയിലേയ്ക്ക് ഇനാരിറ്റു കൂട്ടിക്കൊണ്ട് പോകുകയാണ്.
റെവെനെന്റ് എന്ന വാക്കിന് മരണത്തെ അതിജീവിച്ചവൻ എന്നാണ് അർഥം. ഫിറ്റ്സ്ജെറാൾഡിന്റെ കുടിലബുദ്ധിയ്ക്ക് ഇരയായി മരിക്കാൻ ഉപേക്ഷിക്കപ്പെടുന്ന ഗ്ലാസ്സ് ഒരു തരത്തിൽ രക്ഷപ്പെടുന്നെങ്കിലും തുടർന്നുള്ള യാത്രയിൽ അയാൾ പല വട്ടം മരണത്തിനെ മുഖാമുഖം കാണുകയാണ്. അത് കൊടും തണുപ്പായും വിശപ്പായും ഗോത്രവർഗക്കാരുടെ അമ്പുമുനകളായും പിന്തുടരുകയാണ്. എല്ലാം ദുർഘടങ്ങളേയും അതിജീവിച്ച് പ്രതികാരദാഹിയായി ഗ്ലാസ്സ് ലക്ഷ്യത്തിലെത്തുന്ന കാഴ്ചകളിലൂടെ ദ റെവെനെന്റ് മുന്നേറുന്നു.


മഞ്ഞിൽ പതിഞ്ഞ ചോരപ്പാടുകൾ

തൂവെള്ളയായി പരന്ന് കിടക്കുന്ന മഞ്ഞിൽ ചോര വീഴുന്ന രംഗം മാർക്കേസിന്റെ ഒരു കഥയിലുണ്ട്. അത് പ്രണയത്തിന് വേണ്ടിയുള്ള ഒരു പ്രയാണം ആയിരുന്നെങ്കിൽ ഇനാരിറ്റുവിന്റെ സിനിമയിൽ മഞ്ഞിൽ ചോര വീഴുന്നത് അതിജീവനത്തിന് വേണ്ടിയാകുന്നു. ആത്മരക്ഷയ്ക്കും, വിശപ്പടക്കാനും, പ്രതികാരത്തിനും, ശിക്ഷയ്ക്കും, വഞ്ചനയ്ക്കും, ക്രൂരതയ്ക്കും ചോര വീണ് തന്നെ പരിഹാരം കാണണമെന്ന മനുഷ്യനിയമം ഇവിടെ തെറ്റുകുറ്റങ്ങളില്ലാതെ പ്രാവർത്തികമാകുന്നു. പ്രതികാരബുദ്ധി കൂടെയുണ്ടെങ്കിൽ ഈ ചോരയ്ക്ക് കൂടുതൽ ചുവപ്പായിരിക്കുമെന്നും സിനിമ പറയുന്നു. ഹ്യൂഗ് ഗ്ലാസ്സിന്റെ ദേഹത്ത് നിന്നും ഒഴുകുന്ന ചോര മുതൽ അധിനിവേശക്കാർ കൊന്ന് തള്ളുന്ന ഗോത്രവർഗക്കാരുടെ ചോര വരെ ഒരേ കഥ ഒഴുകുന്നു. മരണം എല്ലാത്തിനും പരിഹാരമാകുന്നു.

തണുത്തുറഞ്ഞ മഞ്ഞാണ് സിനിമയുടെ പശ്ചാത്തലത്തിന് മരണത്തിന്റെ തണുപ്പ് പകരുന്നത്. വൈഡ് ആംഗിൾ/ലോംഗ് ഷോട്ടുകളിലൂടെ തുടർച്ചയായി മരണത്തിന്റെ പിന്തുടരൽ സിനിമയിൽ ഇടയ്ക്കിടേ ഓർമ്മിപ്പിക്കുന്നു. പ്രശാന്തമായ നിസ്സഹായത, ഭയം ജനിപ്പിക്കുന്ന ഏകാന്തത, ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കൾ, പിന്തുടരുന്ന മരണഭയം എന്നിങ്ങനെ ആ താഴ്വാരം ഒരു ദുരൂഹമായ കഥാപാത്രമായി സിനിമയിലുടനീളം നിറഞ്ഞ് നിൽക്കുന്നു.


കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിക്കാതെ പല ലൊക്കേഷനുകളിലായി ചിത്രീകരിക്കാനുള്ള ഇനാരിറ്റുവിന്റെ തീരുമാനം ശരിവയ്ക്കും വിധം ദൃശ്യങ്ങൾക്ക് ഭാവം പകരുന്നു സിനിമയിലുടനീളം. ഇനാരിറ്റു തന്നെ പറയുന്നത് ശ്രദ്ധിക്കുക : "If we ended up in greenscreen with coffee and everybody having a good time, everybody will be happy, but most likely the film would be a piece of shit."