എങ്ങിനെ ഇതൊക്കെ സംഘടിപ്പിക്കുന്നു?എവിടെ നിന്നാണ് ഫ്രീലാൻസ് ജോലികൾ ലഭിക്കുന്നത് എന്ന ചോദ്യത്തിന് എന്റെ അനുഭവത്തിലുള്ള ഉത്തരം.


മുങ്ങിമരിച്ചവരിൽ സുന്ദരനായ മനുഷ്യൻ


എന്റപ്പൻ ചെറിമൂട്ടിൽ വറീതിനു പെയിന്റുപണിയായിരുന്നു. കുട്ടിക്കാലത്തേ പെയിന്റ് ടിന്നുകളെടുത്തു കളിച്ചാ ഞാനും സഹോദരങ്ങളും വളർന്നത്. വലുതായപ്പോ ഞാൻ മാത്രം അപ്പന്റെ വഴിയേ പോയി. ഇപ്പോഴും വീട്ടിൽ പെയിന്റു ടിന്നുകൾ തട്ടീട്ടു നടക്കാൻ പറ്റണില്ലെന്ന പരാതി കേട്ട് ചെവിക്കായം വരെ ഇല്ലാണ്ടായി. എന്റെ തൊഴിലതായിപ്പോയില്ലേ. മാത്രല്ല, അപ്പന്റെ വഴിയേ പോകാൻ ഞാൻ മാത്രമല്ലേയുണ്ടായിരുന്നുള്ളൂ. അതിൽ അപ്പനു സന്തോഷമേയുള്ളൂന്നു കുഴിമാടത്തിൽക്കിടന്നു പറയണപോലെത്തോന്നാറുണ്ട്. അപ്പന് ഏറ്റോം ഇഷ്ടം എന്നോടാരുന്നല്ലോ. അതുകൊണ്ടല്ലേ നാട്ടില് വേറാർക്കും അറിയാത്ത രഹസ്യകഥയൊക്കെ എന്നോടുമാത്രം പറയാറുണ്ടായിരുന്നത്. ഒന്നാന്തരം കഥ പറച്ചിലുകാരനായിരുന്ന അപ്പൻ പോയപ്പോ കഥകളും പോയി. അപ്പനങ്ങനാരുന്നു, ഞാനങ്ങനേമല്ലാരുന്നു. അതുകൊണ്ടു എനിക്കു കഥ കിട്ടാതെ പോയി.
ഇപ്പൊ പണ്ടത്തത്ര പണിയൊന്നുമില്ല. ഞാൻ പഴയ മട്ടിൽ ഒരാഴ്ച കൊണ്ടു തീർക്കണ പണി പുതിയ പിള്ളേരു രണ്ടീസം കൊണ്ടു തീർക്കും. എന്നുവച്ച് അങ്ങനെ ഗതിയില്ലാതൊന്നും ആയിട്ടില്ല. ഈശോപാപ്പീനെ അറിയാവുന്നവരു വേറാരേം പണിയ്ക്കു വിളിക്കില്ല. പണീന്റെ ഗുണം കണ്ടിട്ടൊന്നുമല്ല, പഴേ സ്നേഹം ഉള്ളിലൊറച്ചു കെടപ്പുണ്ടേ. അതു പ്രായാകുന്തോരും അങ്ങ് പടർന്ന് പന്തലിക്കേള്ള്. മാത്രല്ല, പീഡാനുഭവദിവസം കുരിശിന്റെ വഴി പോകുമ്പോ കർത്താവിന്റെ വേഷം കെട്ടി ടാബ്ലോ കെടക്കാൻ പാപ്പിയല്ലാതെ ആരുണ്ട് നാട്ടിൽ? അതെല്ലാർക്കും അറിയാം. ദേഹം മൊത്തം ചായം തേച്ച് വലിയ മരക്കുരിശിന്മേ ചോരയൊലിപ്പിച്ച് ഒറ്റക്കെടപ്പാണ്. രണ്ട് രണ്ടര മണിക്കൂർ ഒരു കണ്ണിലെപ്പീലി പോലും ഇളകില്ല. പോകുന്നോരെല്ലാം പ്രാർഥിച്ച് കുരിശും വരച്ചേ പോകൂള്ളൂ. അങ്ങനൊക്കെ സ്നേഹാവണതാ. എന്തായാലും പട്ടിണിയില്ലാണ്ട് ജീവിക്കാനൊള്ളത് കിട്ടുന്നുണ്ട്, സമാധാനം. പിന്നെ വയസ്സൊക്കെയായില്ലേന്ന് ഞാനും ഒന്നൊതുങ്ങിന്നും കൂട്ടിക്കോ.
അപ്പൻ പണ്ട് പറഞ്ഞ ഒരു കഥയാ ഓർമ്മ വരുന്നേ.
ഇവിടന്ന് വടക്കോട്ട് ഒരു ഒന്നര കിലോമീറ്റർ ചെലുങ്ങനെ നടന്നാ ആദ്യം കാണണത് വത്തിക്കാൻ ചാക്കോയുടെ മാളികയുടെ ഉയർന്ന മോന്തായമാണ്. അത് മുമ്പ് ചാക്കോയുടെ അപ്പൻ എൽദോയുടെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മക്കള് വലിയ ആളുകളാകുമ്പോ അപ്പനുമമ്മേം വഴി മാറിക്കൊടുത്തല്ലേ പറ്റുള്ളൂ. അങ്ങനെ എൽദോയുടെ പ്രതാപകാലത്താണ് അപ്പൻ പറഞ്ഞ കഥ നടക്കുന്നത്. മാളികാന്ന് വച്ചാ എന്തൊരു മാളികയാ. നോഹേടെ പെട്ടകം രണ്ടെണ്ണം അതിന്റകത്ത് കൊള്ളും. എൽദോയ്ക്കാണെങ്കി പലമാതിരി കച്ചോടങ്ങളായിരുന്നു. കാശ് പതിനാറ് ദിക്കീന്നും ഒഴുകുമെന്ന് അപ്പൻ അത്ഭുതം ഭാവിച്ച് പറയുമായിരുന്നു. ആർക്കും ഉപകാരമൊന്നും ചെയ്യില്ലെങ്കിലും ഉപദ്രവവും ഇല്ലായിരുന്നു എൽദോയ്ക്ക്. അങ്ങനുള്ള എൽദോയ്ക്ക് മാളിക കുമ്മായമടിക്കണെങ്കി എന്റപ്പൻ തന്നെ വേണം. പിന്നെ പള്ളിപ്പെരുന്നാള് പോലെയാ വീട്ടിൽ. രണ്ട് മൂന്ന് മാസമെടുക്കും മാളികയിൽ മുഴുവനും പുത്തൻ കുമ്മായത്തിന്റെ ചൂട് നിറയാൻ. ഞാനും അപ്പനെ സഹായിക്കാൻ പോകുമ്പോ മാളിക മൊത്തം ചുറ്റിക്കണ്ടിട്ടിണ്ട്. രണ്ട് നൂറ്റാണ്ട് പഴക്കം കാണും അതിന്. അതിൽക്കൂടിയാലേയുള്ളൂ. പത്തുമുപ്പത് മുറികളുണ്ടാകും. മുകളിലത്തെ നിലയിൽ സിനിമാകൊട്ടകേന്റെ വലുപ്പത്തിലൊരു ഹാളുണ്ട്. അതിനോട് ചേർന്ന് രണ്ടുമൂന്ന് കിടപ്പറകളും. ആഘോഷമെല്ലാം മുകളിലത്തെ ഹാളിൽ വച്ചായിരുന്നു. കളളും പാട്ടും നൃത്തവുമായി നേരം വെളുക്കും വരെ വെളിച്ചത്തിന്റെ പുറകിൽ നിഴലുകൾ ഓടിപ്പായുന്നത് കാണാത്ത നാട്ടാര് കുറവായിവിടെ.
അങ്ങനൊരിക്കൽ മാളിക കുമ്മായം പൂശാൻ അപ്പനെ വിളിച്ചു. കുമ്മായമടി കഴിയുന്നത് വരെ എനിക്കും സഹോദരങ്ങൾക്കും കൊതി മാറാനുള്ള സമയമാരിക്കും. വൈന്നേരം അപ്പൻ വരുമ്പോ മാളികേന്ന് കിട്ടണ എന്തെങ്കിലും തിന്നാൻ കൊണ്ടരും. അതിന്റെ രുചിയിലായിരിക്കും ഞങ്ങടെ ജീവിതം മൊത്തം അപ്പോൾ. കുമ്മായമടി കഴിഞ്ഞാപ്പിന്നെ കുറച്ച് നാളത്തേയ്ക്ക് ഞങ്ങൾക്ക് സങ്കടമായിരിക്കും. അമ്മച്ചീടെ കഞ്ഞീം ചമ്മന്തീം കഴിക്കുമ്പോ ഞങ്ങൾ കോഴിപൊരിച്ചതിന്റേയും ഞണ്ടുകറിയുടേയും ഓർമ്മകൾ തൊട്ടുനക്കുമായിരുന്നു.
അങ്ങനൊരൂസം അപ്പൻ പറഞ്ഞത് മാളികേലെ മുകളിലത്തെ മുറിയിലെ ജനൽക്കമ്പികളെക്കുറിച്ചായിരുന്നു. പഴയ പെയിന്റും തുരുമ്പും പിടിച്ച് ജനൽ ഉരകടലാസുകൊണ്ട് ചുരണ്ടുകയായിരുന്നു അപ്പൻ. ചോര കട്ട പിടിച്ച പോലെ തുരുമ്പ് എന്നായിരുന്നു അപ്പൻ പറഞ്ഞത്. ഉരച്ചപ്പോ തുരുമ്പും പെയിന്റും കൂടെ പച്ചയിറച്ചി പോലെ ഇളകിവന്നെന്ന് അപ്പൻ പറഞ്ഞപ്പോ എന്റെ പല്ല് പുളിച്ചുപോയി. അപ്പനങ്ങനെ പറയണെങ്കി അതില് കാര്യമായ എന്തെങ്കിലും കാണുമെന്ന് എനിക്കറിയാരുന്നു. അധികം വൈകാണ്ടെ രഹസ്യം വെളിപ്പെടുമെന്നും. അതോണ്ട് ഒന്നും കുത്തിച്ചോദിച്ചില്ല. അപ്പനും കൂടുതലൊന്നും പറയാണ്ടെ കിടന്നുറങ്ങാൻ പോയി.
അപ്പൻ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ടതാണോന്ന് അറീല്ല, പക്ഷേങ്കില് നാലാം പക്കം മഴ കൊട്ടിപ്പെയ്തപ്പോ കനാലില് ഒഴുകിയെത്തിയത് ഞങ്ങള് പിള്ളേരടെ ഇഷ്ടക്കാരായ കാരിയും കൂരിയും ഒന്നുമല്ലായിരുന്നു. രണ്ടാഴ്ച മുമ്പ് വരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയെന്ന് നാട്ടാര് വിചാരിച്ച സലോമിക്കുട്ടിയായിരുന്നു. കോളേജിൽ പഠിക്കാൻ പോകുന്ന സലോമീനെ കാണാണ്ട് ഒരു ദിവസം വല്ലാത്ത പുകിലാരുന്നു. എന്നാലും കോളേജ് അവധിയായിരുന്ന അന്നേ ദിവസം അവൾ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആരുമറിയാണ്ടെ ഒളിച്ചോടിപ്പോയത് വിശ്വസിക്കാൻ പറ്റാത്തതായിരുന്നു.
അപ്പൻ എന്നോട് രഹസ്യം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായി. അപ്പനങ്ങനെയാ, എപ്പഴും സിഐഡീന്റെ പോലെ അവസാനത്തേയ്ക്ക് വല്ലതും ബാക്കി വയ്ക്കും. എന്നാ ഇപ്രാവശ്യം അതുമുണ്ടായില്ല. രഹസ്യം വെളിപ്പെടുത്താനാവണേക്കും മുന്നേ അപ്പൻ സ്വർഗ്ഗത്തീപ്പോയി.
എൽദോ മരിച്ചത് എളുപ്പത്തിലായിരുന്നു. ഒരു ഞായറാഴ്ച കുർബാനേം കഴിഞ്ഞ് മാളികേലെത്തിയ എൽദോ ഉമ്മറത്തെ ചാരുകസേരേല് ഇരുന്നങ്ങ് മരിച്ചുപോയി. ഒന്നും സംഭവിക്കാത്ത പോലെ അപ്പന്റെ ശവമടക്കും കഴിഞ്ഞ് ചാക്കോ കാറോടിച്ച് പോകുന്നത് കണ്ടപ്പോ കപ്യാർക്കടക്കം സംശയമായി, എൽദോന്റെ സന്തതി തന്നെയാണോ ചാക്കോന്ന്!
പിന്നങ്ങോട്ട് ചാക്കോയുടെ കാലമായിരുന്നല്ലോ. അപ്പൻ ഭൂതത്തിനെപ്പോലെ കാവലിരുന്ന് നഷ്ടപ്പെടാണ്ട് നോക്കിയ സ്വൊത്തൊക്കെ മാളികേന്ന് ഇറങ്ങിപ്പോകാൻ തുടങ്ങി. ചാക്കോയ്ക്ക് കൂട്ടുകാരെന്ന് വച്ചാ മരിക്കുമായിരുന്നു. മാളികേല് ആഘോഷമില്ലാത്ത ദിവസമുണ്ടായിരുന്നോന്ന് ചോദിച്ചാ കുറേ വർഷങ്ങൾക്ക് മുമ്പേന്ന് ഉത്തരം കിട്ടുമായിരുന്നു. അപ്പഴേക്കും ചാക്കോയുടെ അമ്മച്ചീം കുഴീപ്പോയിക്കെടന്നു. ഒന്നും സംഭവിക്കാത്ത പോലെ അമ്മച്ചീടെ ശവമടക്കും കഴിഞ്ഞ് ചാക്കോ കാറോടിച്ച് പോകുന്നത് കണ്ടപ്പോ കപ്യാർക്ക് മാത്രമല്ല സംശയമുണ്ടായത്.
ചാക്കോയ്ക്ക് കാശിന് ബുദ്ധിമുട്ട് വരാൻ തുടങ്ങിയത് പെട്ടെന്നായിരുന്നു. മാളിക മാത്രം ബാക്കിയായ നിലയായപ്പോ കൂട്ടുകാരും ഇല്ലാണ്ടായി. മാളിക കുമ്മായം പൂശിയിട്ട് അപ്പഴേക്കും വർഷങ്ങളായിരുന്നു. എന്റപ്പനുണ്ടായിരുന്നെങ്കി ചാക്കോന്റെ കാല് പിടിച്ചിട്ടാണെങ്കിലും കുമ്മായമടി മുടക്കാതിരിക്കുമായിരുന്നു.
അങ്ങിനിരിക്കുന്ന കാലത്താണ് നാട്ടാരെ മുഴുവനും അന്തിപ്പിച്ച് കൊല്ലത്തുനിന്നോ മറ്റോ ചാക്കോയെ കാണാൻ ഒരു സംഘം ആളുകൾ വരുന്നത്. ആണും പെണ്ണുമായി പത്തുപന്ത്രണ്ട് പേരുണ്ടായിരുന്നു. ഒരു വെള്ളവാനിലായിരുന്നു അവർ വന്നത്. കവലയിൽ വച്ച് മാളികേലേക്കുള്ള വഴി ചോദിക്കാൻ നിർത്തിയില്ലായിരുന്നെങ്കിൽ അവർ ചാക്കോയെ അന്വേഷിച്ച് വന്നതായിരുന്നെന്ന് ആരും കരുതില്ലായിരുന്നു.
പിന്നങ്ങോട്ട് കുറേക്കാലത്തേക്ക് നാട്ടാരുടെ വിരലെല്ലാം മൂക്കത്ത് തന്നെയായിരുന്നു. ചാക്കോയെ കാണാൻ വന്നത് ഏതാണ്ട് ആതുരസേവനക്കാരായിരുന്നു. അവർക്ക് വത്തിക്കാനീന്ന് നേരിട്ട് പണസഹായം കിട്ടുമാരുന്നു. അതൊക്കെ ചെറിയ ഏർപ്പാടായിരുന്നേ. ചാക്കോ അവരടെ കൂടെച്ചേർന്നപ്പോ സംഗതി വലിയ കളിയായി. ചാക്കോയങ്ങ് വത്തിക്കാനിലേക്ക് പോയെന്നേ. അതിന്റെ കെട്ടും പകിട്ടുമെല്ലാം അറിയാൻ ഇടയ്ക്കൊക്കെ ചാക്കോയുടെ മാളിക വഴി പോയാ മതി. മാളികേലെ മുറികളില്ലാം കാശ് നെറഞ്ഞിട്ട് അതിലുള്ള മനുഷ്യേർക്ക് കെടന്നൊറങ്ങാൻ സ്ഥലമില്ലെന്ന് നാട്ടാര് പറയാൻ തൊടങ്ങീതിലും അതിശയോന്നൂല്ല. അത്രക്കൊന്നുല്ലെങ്കിലും ചാക്കോ കാശ് വാരണത് വലിയ വള്ളത്തിലാന്ന് എനിക്കറിയാർന്ന്. കാരണം അതിന്റെടക്ക് രണ്ട് തവണ മാളിക പെയിന്റടിക്കാൻ പോയത് ഈ പാപ്പിയല്ലേ...
എന്റപ്പൻ എപ്പഴും പറയുമാരുന്നു. പുത്തൻ പണക്കാരുടേം സാത്താന്മാരുടേം വീട്ടിൽ പണിയ്ക്ക് പോകുമ്പോ കണ്ണും കാതും തുറന്നിരിക്കണമെന്ന്. ചുവരെല്ലാം ചുരണ്ടിക്കൊണ്ടല്ലേ ഞങ്ങടെ പണി തുടങ്ങണത്. അങ്ങനെ ചായം ഇളകിവരുമ്പോ എന്തൊക്കെ കഥകളായിരിക്കും വെളിപ്പെടുക. എന്തൊക്കെ രഹസ്യങ്ങളായിരിക്കും അവർ പിറുപിറുക്കുക. ദൈവത്തിന് നെരക്കാത്തത് ചെയ്തട്ടിണ്ടെങ്കി അവർക്ക് അത് സംസാരിക്കാണ്ടിരിക്കാൻ പറ്റില്ലെന്നും അപ്പൻ പറയാരുന്നു.
ചാക്കോന്റെ പേരിന്റെ മുന്നില് വത്തിക്കാൻ കേറീപ്പിന്നെ ആദ്യായിട്ട് മാളിക പെയിന്റടിക്കാൻ വിളിച്ചപ്പോ സത്യത്തിന് എനിക്ക് പേടിതോന്നിയിരുന്നു. പിന്നെ അപ്പനായിട്ട് ഉണ്ടാക്കിയ വഴി ഞാനായിട്ട് അടച്ചുപൂട്ടണ്ടന്ന് കരുതി സമ്മതിച്ചതാ. മാളികേലെ മുകളിലത്തെ മുറികളിൽ പണി തുടങ്ങിയപ്പോ എനിക്ക് അപ്പൻ പറഞ്ഞതെല്ലാം മനസ്സിലാകാൻ തുടങ്ങീരുന്നു. അതിലേറ്റവും ഭീകരമായതെന്തായിരുന്നെന്നോ, ദ്രോഹം പറ്റിയ പെണ്ണിന്റെ കരച്ചിൽ നൂറ്റാണ്ട് കഴിഞ്ഞാലും വായൂലിണ്ടാകുമെന്ന്.
വർഷങ്ങൾക്കിപ്പുറവും ഞാൻ കേട്ടത് സലോമീന്റെ കരച്ചിലായിരുന്നെന്ന് എനിക്കുറപ്പായിരുന്നു. അപ്പനുണ്ടാരുന്നെങ്കി അത് പറഞ്ഞ് കരയേങ്കിലും ചെയ്യാമായിരുന്നു. മാളികേലെ പണി കഴിഞ്ഞന്ന് ഞാൻ നേരേ ചെന്നത് അപ്പന്റെ കുഴിമാടത്തിലേക്കാരുന്നു. ആവോളം അപ്പനോട് കരഞ്ഞ് മനസ്സ് ശാന്താമാക്കീട്ടാണ് വീട്ടിലേയ്ക്ക് പോയത്. എനിക്ക് മനസ്ഥാപം തോന്നാൻ വേറേം കാരണമുണ്ടായിരുന്നു. അപ്പന്റെ കുഴിമാടത്തിന്റെ അപ്പുറത്തായിരുന്നു ദൈവത്തിന് നിരക്കാത്ത വഴിയിൽ മരിച്ചുപോയവരെ അടക്കാനുള്ള പറമ്പ്. സലോമീനേം അവിടാണല്ലോ അടക്കിയിരിക്കണതെന്ന് എനിക്കോർമ്മ വന്നതും അടിവയറ്റീക്കൂടെ ചുണ്ണാമ്പ് നീറ്റിയത് പോലെ ആളൽ പാഞ്ഞു.
എന്നാൽ അതിനേക്കാൾ വലുത് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വത്തിക്കാൻ ചാക്കോ വലിയ മുതലാളിയായി പിശാചിന്റെ വഴിയേ പോകാൻ തുടങ്ങിയിട്ട് നാളേറെയായിരുന്നു. എത്ര പെണ്ണുങ്ങടെ കരച്ചിലാ തോരാതെ വായുവിൽ അലഞ്ഞുതിരിയുന്നത്. ചാക്കോന്റെ ഇഷ്ത്തിന് ഒപ്പം നിക്കാത്തവരെ നാട്ടിൽ നിന്നോടിക്കാൻ എന്ത് കുതന്ത്രവും കാണിക്കുമായിരുന്നല്ലോ. ചാക്കോന്നല്ല, വത്തിക്കാനെന്ന് കേട്ടാൽപ്പോലും നാട്ടാര് പേടിച്ചോടിയൊളിക്കുന്ന പോലായില്ലേ കാര്യങ്ങൾ. എന്നാലും എന്നോട് മാത്രം ചാക്കോ തനിസ്വഭാവോം കൊണ്ട് വന്നതൊന്നുമില്ല. ഒന്നുരണ്ട് തവണ മാളിക പെയിന്റടിക്കാൻ പോകുകേം ചെയ്തു. അപ്പോഴൊക്കെ ഞാൻ അപ്പൻ പറഞ്ഞതെല്ലാം മറക്കുമായിരുന്നു. കണ്ണും കാതും മൂടിയേ ഞാൻ ചുവരുകളിൽ നിന്നും ചായം ചുരണ്ടിക്കളയുമായിരുന്നുള്ളൂ.
ഈ ലോകത്ത് എന്തൊക്കെ യുദ്ധങ്ങളുണ്ടാകുന്നു, മനുഷ്യന്മാര് തമ്മിത്തല്ലി ചാകുന്നു. വെശപ്പ് മാറ്റാൻ വഴിയില്ലാതെ എത്ര ജനങ്ങൾ വാവിട്ട് കരയുന്നു. ആ ദുരിതമെല്ലാം എന്നെങ്കിലും അവസാനിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നതുമില്ലല്ലോ. അതങ്ങിനാ, കഷ്ടപ്പാടുകൾ അവസാനിക്കുമെന്ന് വിചാരിക്കാൻ മാത്രം ധൈര്യം ലോകത്താർക്കുമില്ലാതായിപ്പോയി. ചാക്കോയുടെ കാര്യത്തിൽ നാട്ടാർക്കുണ്ടായിരുന്ന വികാരവും അങ്ങിനെയാരുന്നു. ചാക്കോ മരണം തീണ്ടാത്തവനായി എല്ലാക്കാലവും ഒരു ശല്യമായി തുടരുമെന്ന് എല്ലാരും ഉറപ്പിച്ചുകഴിഞ്ഞ ഒരു സമയത്തായിരുന്നു വേളാങ്കണ്ണീപ്പോയി മടങ്ങും വഴി ചാക്കോയുടെ ബെൻസ് കാർ ആറ്റിലേക്ക് മറിഞ്ഞത്. നാട്ടിലാരും വിശ്വസിച്ചില്ല. ചാക്കോയുടെ ശവം കൊണ്ടുവന്ന ആംബുലൻസ് മാളികേടെ മുറ്റത്ത് നിന്നപ്പോപ്പോലും ആരും  ഒരക്ഷരം മിണ്ടിയില്ല. വെള്ളം കുടിച്ച് ചീർത്ത ചാക്കോ സുന്ദരനായിപ്പോയെന്ന് എനിക്ക് തോന്നിയിരുന്നു.
മരിച്ചവരെപ്പറ്റി ദോഷം പറയാൻ പാടില്ലെന്ന് എന്റപ്പൻ എപ്പഴും പറയുമാരുന്നു. എന്നാലും ചാക്കോനെ അടക്കാൻ പോകുന്നത് അപ്പന്റെ കുഴിമാടത്തിന്റെയടുത്താണെന്ന് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. അപ്പനെന്ത് തെറ്റ് ചെയ്തോവോ. ചാക്കോ മരിച്ച് പത്ത് പന്ത്രണ്ട് കൊല്ലം കഴിഞ്ഞിട്ടും എനിക്കാ സങ്കടം മാറിയില്ലാരുന്നു. അപ്പന്റെ ഓർമ്മദിവസം കുഴിമാടത്തിൽ മെഴുകിതിരി കത്തിച്ച് വയ്ക്കുമ്പോൾ അതിന്റെ വെട്ടം ചാക്കോയും കാണുമല്ലോന്ന് ഞാൻ ആവശ്യമില്ലാതെ വ്യസനിക്കാറുണ്ടായിരുന്നു. അപ്പന്റെ കുഴിമാടം അപ്പോഴേയ്ക്കും പേരിലേ ഉണ്ടായിരുന്നുള്ളൂ. ഭൂമീല് പുതിയ താമസക്കാര് വരുമ്പോ പഴയ ആൾക്കാര് മാറിക്കൊടുക്കണല്ലോ. അതേ ന്യായം തന്നെയായിരുന്നു മരിച്ചവരുടെ കാര്യത്തിലും. പുതിയ മരിച്ചവർ വന്നപ്പോ അപ്പന്റെ കുഴിമാടം മാന്തി എല്ലും പടലവും വാരിക്കളഞ്ഞ് കിടപ്പാടം ഉണ്ടാക്കിക്കൊടുത്തു.
സെമിത്തേരി പരിശോധിക്കാൻ മെത്രാൻ വന്ന ദിവസം ഞാനും പോയിരുന്നു. അപ്പന്റെ കല്ലറ കൊട്ടിനോക്കിയിട്ട് പൊളിച്ചോളാൻ പറഞ്ഞപ്പോ എന്റെ ഉള്ളിൽ തുരുമ്പ് പിടിച്ച ജനൽക്കമ്പിയിൽ ഉരകടലാസ് പിടിയ്ക്കുന്നത് പോലെ തോന്നി. പിന്നൊരു കാര്യത്തിൽ സമാധാനവും ഉണ്ടായി. എന്തൊക്കെയായാലും അപ്പൻ ചാക്കോയുടെ സഹവാസത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ. അത്രേം ദൈവത്തിന് സ്തുതി.
ചാക്കോ മരിച്ചേപ്പിന്നെ നാട്ടിൽ ആകെയൊരു മൌനം മൂടിയിരുന്നു. അത്രേം അക്രമം കാണിക്കാൻ ത്രാണിയൊള്ള ആരും നാട്ടിലില്ലായിരുന്നു. ചാക്കോയുടെ മക്കളാകട്ടെ അമ്മച്ചിയേം കൊണ്ട് ദൂരനാട്ടിലെങ്ങോ പാർപ്പ് തുടങ്ങി. വല്ലപ്പോഴും കൂടി മാളികേല് വന്ന് അവധിക്കാലം ആഘോഷിച്ച് മടങ്ങുകയേയുള്ളൂ. വരുമ്പോഴൊക്കെ ആഘോഷമായിരിക്കും. എന്നാലും ചാക്കോയുടെ മക്കളെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാതെ നോക്കാനും അവർ ശ്രദ്ധിച്ചിരുന്നു.
എന്റപ്പൻ പറയുമായിരുന്നു, അവനവൻ ചെയ്ത് കൂട്ടിയ പാപങ്ങളെല്ലാം വരാനിരിക്കുന്ന തമുറകളേം ബാധിക്കുമെന്ന്. എന്നാൽ ചാക്കോയുടെ മക്കളുടെ കാര്യത്തിൽ അങ്ങിനെയൊന്നും ഉണ്ടായില്ല. അവരൊക്കെവലിയ നെലേലെത്തി പെണ്ണും പെടക്കോഴീമായി സുഖമായി ജീവിക്കുകയായിരുന്നു. അപ്പോ ചാക്കോ ചെയ്തതൊന്നും പാപമല്ലായിരുന്നോ എന്ന ചോദ്യം ഇടയ്ക്കിടെ എന്നെ അലട്ടുമായിരുന്നു. അല്ലെങ്കിലും പാവങ്ങള് പാപം ചെയ്യുമ്പോഴല്ലേ അതിന്റെ ഫലം മക്കൾക്കും കിട്ടൂള്ളൂ. പണക്കാരുടെ പാപം ദൈവം കണ്ടില്ലെന്ന് നടിക്കുമായിരിക്കും. അപ്പനൊരു ദിവസം സ്വപ്നത്തിൽ വന്ന് ചിരിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയത് ശരിയാണെന്ന് തോന്നി.
ചാക്കോയുടെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റിയെന്ന് പിന്നീടാണ് മനസ്സിലായത്. ഒരു വേനലവധിയ്ക്ക് ചാക്കോയുടെ മക്കൾ അമ്മച്ചീനേം കൊണ്ട് മാളികേല് വന്നപ്പോഴായിരുന്നു അത്. മെത്രാൻ സെമിത്തേരി പരിശോധിക്കാൻ വന്ന ദിവസം തന്നെ ചാക്കോയുടെ ഭാര്യ അവസാനത്തെ ശ്വാസം വലിച്ചു. കുറേ പെണ്ണുങ്ങടെ കരച്ചിലിൽ വീർപ്പുമുട്ടുന്ന കിടപ്പുമുറിയിൽ വച്ചായിരുന്നു അന്ത്യം. മക്കൾ ഒന്നും സംഭവിക്കാത്ത പോലെ ശവമടക്കിനുള്ള കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങി. മെത്രാൻ ചാക്കോയുടെ ശവക്കല്ലറ കൊട്ടി നോക്കിയിട്ട് തൃപ്തി പോരാതെ മുഖം ചുളിച്ചു. വെറെ കുഴിയിലടക്കാൻ ചാക്കോയുടെ മക്കളും തയ്യാറല്ലായിരുന്നു. എന്നാ കല്ലറ പൊളിക്കെന്ന് മെത്രാൻ പറഞ്ഞു.
എന്റപ്പൻ കെട്ടുകഥകളും പറയുമായിരുന്നു. അപ്പൻ പുസ്തകം വായിക്കുന്നതൊന്നും ഞാൻ കണ്ടിട്ടില്ല. എന്നാലും കേട്ടാൽ കോരിത്തരിക്കുന്ന കഥകൾ പറയാൻ അപ്പന് വല്ലാത്ത മിടുക്കായിരുന്നു. എനിക്കെന്തോ കഥ പറച്ചിലൊന്നും വലിയ താല്പര്യമില്ലാതെ പോയി. എന്റെ സഹോദരങ്ങൾക്കും അങ്ങിനെ തന്നെയായിരുന്നു. ജീവിക്കാൻ തന്നെ സമയമില്ലാത്തപ്പോ അപ്പനിതെന്തിന്റെ കേടായിരുന്നെന്ന് അവർ പരിഹസിക്കുമായിരുന്നു.
പക്ഷേ, എനിക്ക് മാത്രമേ അപ്പനെ മനസ്സിലാക്കാൻ പറ്റിയിട്ടുള്ളൂ. അപ്പൻ കഥ പറഞ്ഞിട്ടുണ്ടെങ്കി അതിൽ കാര്യവും കാണുമെന്ന് എനിക്കറിയാമായിരുന്നു. മരിക്കണേക്കും മുമ്പേ അപ്പൻ പറഞ്ഞ കഥയിലെല്ലാം അവസാനിപ്പിക്കാൻ പറ്റാത്ത ഒരു തുമ്പുണ്ടാകുമായിരുന്നു. അപ്പൻ എന്തോ മനസ്സിലൊളിപ്പിച്ചാണ് പറയുന്നതെന്ന് അറിയായിരുന്നെങ്കിലും അതെന്താണെന്ന് ചോദിക്കാൻ എനിക്ക് പേടിയായിരുന്നു.
പാപ്പീ, നമ്മള് മരിച്ചാലും ഈ ലോകം വിട്ട് പോകാൻ പറ്റില്ലടാ. നമ്മടെ പാപവും പുണ്യവുമെല്ലാം പൂർത്തിയാകാതെ കെടക്കുന്നുണ്ടാകും. അത് കണ്ട് വ്യസനിക്കാൻ വേണ്ടി ഇവിടിങ്ങനെ അലഞ്ഞ് നടക്കാനാ എല്ലാരടേം വിധി, അപ്പൻ അവസാനം പറഞ്ഞ വാക്കുകളാണ്. അല്ലെങ്കി മരിച്ച് വന്നവരുടെ വഴി മുടക്കിക്കിടന്ന ചാക്കോയുടെ ശവം മാന്തിയെടുത്തപ്പോൾ മെത്രാനടക്കം വിരണ്ട് പോയതെന്തിനാ?
ആ കാഴ്ച കണ്ടവരൊക്കെ ലോകാവസാനം അടുത്തൂന്ന് വിചാരിച്ച് നിലവിളിച്ചോടി. കുഞ്ഞുങ്ങളേം കെട്ടിപ്പിടിച്ച് അമ്മമാർ ഓടിയ ഓട്ടം ഞാനിന്നും മറക്കില്ല. ദൈവനിന്ദ പറഞ്ഞോണ്ട് നടന്ന കൂട്ടം തെറ്റിയ കുഞ്ഞാടുകൾ പോലും അന്ന് ഭയന്ന് വിറച്ചിരിക്കുന്നത് എന്റെ കണ്ണ് കൊണ്ട് കണ്ടതാ. അപ്പനുണ്ടായിരുന്നെങ്കി ഒരു രഹസ്യച്ചിരിയുമായി എന്തെങ്കിലും കഥ പറഞ്ഞേനേയെന്ന് ഞാനോർത്തു.
പുതിയൊരു ശവപ്പെട്ടി കൊണ്ടുവന്ന് ചാക്കോയുടെ ശവം കിടത്തി സെമിത്തേരിയുടെ നടുക്ക് വച്ചിരുന്നു. മരിച്ചപ്പോഴേക്കാൾ കുറച്ച് പ്രായം കൂടിയ പോലെയുണ്ടായിരുന്നു. എങ്കിലും മണ്ണിന്റെ കെട്ടിപ്പിടുത്തത്തിനൊന്നും വഴങ്ങിക്കൊടുക്കാതെ മുഷ്കനായിട്ടായിരുന്നു ചാക്കോയുടെ കിടപ്പ്. അപ്പന്റെ ശവം ഇങ്ങനെ കിടക്കുമ്പോ അമ്മേടെ ശവം അടക്കുന്നതിനെക്കുറിച്ചായിരുന്നു ചാക്കോയുടെ മക്കളുടെ ആലോചന. സെമിത്തേരീലാണെങ്കി മാന്താൻ പാകത്തിലൊള്ള കുഴിയൊന്നും ഉണ്ടായിരുന്നില്ല.
കാശ് കൊടുക്കാണെങ്കി ഏതെങ്കിലും കുഴി ഒപ്പിച്ചെടുത്താ അപ്പനെ അടക്കിത്തരാമെന്ന് ആരൊക്കെയോ പറഞ്ഞെങ്കിലും മക്കള് സമ്മതിച്ചില്ല. കുടുംബപ്പേരെഴുതിയ കല്ലറയിലേ അടക്കാൻ പറ്റൂന്ന് അവർ വാശി പിടിച്ചപ്പോ ഞാൻ പോലും ഞെട്ടിപ്പോയി. ചാക്കോയുടെ മക്കൾ തന്നെയാണോന്ന് സംശയം തോന്നിപ്പോകും. മാത്രല്ല, ഒരിക്കൽ സെമിത്തേരിയിൽ അടക്കിക്കഴിഞ്ഞാപ്പിന്നെ മണ്ണോട് ചേരണമെന്നാണ് നിയമം. എന്നാലേ കുടുംബക്കാര് വരുമ്പോ സ്ഥലമൊഴിഞ്ഞ് കൊടുക്കാൻ പറ്റൂ.
എന്റപ്പൻ പറയുമായിരുന്നു, നാട് വിട്ട് പോയവന്റെ കിടപ്പാടം അന്യാധീനപ്പെട്ട് പോകുമെന്ന്. ഇല്ലെങ്കി ഉയർത്തെഴുന്നേൽക്കണം. അപ്പൻ അന്നത് പറഞ്ഞേന്റെ ഉള്ളുകള്ളി എനിക്കിപ്പഴാണ് മനസ്സിലായത്. ചാക്കോയ്ക്ക് ഇതൊക്കെ സംഭവിക്കുമെന്ന് അപ്പനറിയാരുന്ന പോലെ. അപ്പൻ ഒരു കഥേം പറഞ്ഞിരുന്നു. കടൽത്തീരത്ത് അടിഞ്ഞ ഒരു ശവത്തിന്റെ കഥ. ഭയങ്കര സുന്ദരനായ ഒരു ശവമായിരുന്നു അത്. നാട്ടിലെ പെണ്ണുങ്ങളെല്ലാം ആ ശവത്തിനെ പ്രേമിക്കാൻ തുടങ്ങി. ആ ശവം ഒരു ഗ്രാമത്തിനെത്തന്നെ മാറ്റിക്കളഞ്ഞു. എസ്തപ്പാൻ എന്നായിരുന്നു ആ ശവത്തിന്റെ പേര്. ഒടുക്കം എല്ലാരും കൂടെ എസ്തപ്പാനെ കടലിലൊഴുക്കി യാത്രയയ്ക്കുകയായിരുന്നു. കഥ നല്ലതായിരുന്നെങ്കിലും എനിക്ക് അത്ര വിശ്വാസം വന്നില്ല. എന്റെ സംശയം അപ്പന് മനസ്സിലായി. പാപ്പീ, കഥ കേക്കുമ്പോ വിശ്വാസം വരില്ലടാ... നേരിട്ട് കാണുമ്പോ നീ അപ്പനെ ഓർക്കും... അപ്പൻ പറഞ്ഞു.
ചാക്കോയുടെ ശവം കടലിലൊതുക്കാമെന്ന് തീരുമാനമായപ്പോൾ ഞാൻ അപ്പനെ അടക്കിയിരുന്നിടത്ത് പോയി മുട്ടിപ്പായി പ്രാർത്ഥിച്ചു. അപ്പനെ കേട്ടിരുന്നെങ്കി എനിക്ക് എന്തൊക്കെ രഹസ്യങ്ങൾ തുറന്നു കിട്ടുമായിരുന്നെന്ന് സങ്കടം വന്നു. അപ്പോഴേക്കും ചാക്കോയെ കയറ്റിയ ഒരു ശവപ്പെട്ടി കടൽ ലക്ഷ്യമാക്കി യാത്രയായിരുന്നു.
മൂന്ന് വഞ്ചികൾ കടലിലേയ്ക്കിറക്കി. ഒന്നിൽ ചാക്കോയുടെ ശരീരവും മറ്റ് രണ്ടെണ്ണത്തിൽ കല്ലും കയറും മെത്രാനും. നടുക്കടലിലെങ്ങോ വഞ്ചികൾ മറയും വരെ ഞങ്ങൾ നോക്കി നിന്നു. ചാക്കോയില്ലാതെ വഞ്ചികൾ തിരിച്ചെത്തിയ ശേഷമേ എല്ലാവർക്കും ശ്വാസം വീണുള്ളൂ. എന്നിട്ടും എനിക്ക് സംശയം തീർന്നില്ലായിരുന്നു.
അപ്പൻ പറഞ്ഞ കഥയിൽ ഞാൻ വിട്ടുപോയ എന്തെങ്കിലും ഉണ്ടായിരുന്നോയെന്ന് ആലോചിക്കുകയായിരുന്നു. അന്നത്തേക്കാളും കര പിടിച്ചെടുത്ത കടൽ വേലിയേറ്റത്തിൽ അലറുന്നുണ്ടായിരുന്നു. അടിവയറ്റിലെ ഒരു വിലാപം തികട്ടി വരുന്നത് പോലെയായിരുന്നു തിരമാലകൾ. ഞാനിങ്ങനെ ദിവസോം വൈകുന്നേരം കടൽത്തീരത്ത് വന്ന് കുറച്ച് നേരം നോക്കിയിരിക്കും. വേറൊന്നുമല്ല, അപ്പൻ എസ്തപ്പാന്റെ കഥ പറഞ്ഞോണ്ടിരുന്നപ്പഴാ നെഞ്ചുളുക്കി വീണതും എനിക്കപ്പനില്ലാണ്ടായതും. കഥയുടെ അവസാനം എസ്തപ്പാൻ തിരിച്ച് വരുമോന്ന് അപ്പനേടെങ്ങനാ ചോദിക്കുകാന്നാ ദിവസോം ഞാനിവിടിരുന്ന് ആലോചിക്കുന്നത്.

സമകാലിക മലയാളം വാരിക, ഒക്ടോബർ 2018

സ്പേസ് സ്റ്റേഷനിലെ ജീവിതം


(വര: വിനീത് എസ് പിള്ള)

ഹൈദരാബാദിലേയ്ക്ക് ട്രെയിനിംഗിന് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ആറംഗ സംഘത്തിൽ പേരു വന്നപ്പോൾ മുതൽ വിറളി പിടിച്ചതു പോലെയായിരുന്നു അനിതയ്ക്ക്. നോട്ടീസ് ബോർഡിൽ പേരുകൾ അച്ചടിച്ച് പതിച്ചിരുന്നതിൽ അത് താനല്ലാതിരിക്കുമോയെന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും നോക്കി നിരാശപ്പെട്ടുകൊണ്ടിരുന്നു അവൾ. ആറ് പേർക്ക് സന്തോഷിക്കാനുള്ള വക അതിലുണ്ടായിരുന്നു, അല്ല അഞ്ചെന്ന് കസ്റ്റമർ സപ്പോർട്ടിലെ ജെറി തിരുത്തി. ഈ ട്രെയിനിംഗ് എന്ന് പറഞ്ഞാൽ കുറച്ച് ദിവസത്തേയ്ക്ക് ജോലിസമ്മർദ്ദങ്ങളിൽ നിന്നും കമ്പനിച്ചെലവിൽ മാറി നിന്ന് നാട് കാണാനുള്ള അവസരമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ അനിതയെ സംബന്ധിച്ചിടത്തോളം അത് ബിപി കൂട്ടാനുള്ള വഴികളിലൊന്നു മാത്രമായിരുന്നു.

എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു, അനിത സംഘത്തിലെ മറ്റൊരു പെൺതരിയായ ഉഷയോട് പറഞ്ഞു. കഴിഞ്ഞ തവണ ഡെൽഹിയ്ക്ക് പോയിട്ട് ഉണ്ടായ പുകിലൊക്കെ നിനക്കറിയാവുന്നതല്ലേ. ആ പ്രൊജക്ട് മാനേജർ ഇത്രയും കണ്ണിൽച്ചോരയില്ലാത്തവനായിപ്പോയല്ലോ. ഞാനിനി നന്ദേട്ടനോട് എന്ത് പറയും? അങ്ങേരെന്നെ പച്ചയ്ക്ക് തിന്നും.

അതിപ്പോ ചേച്ചി സ്വയം തീരുമാനിച്ച് പോകുന്നതൊന്നും അല്ലല്ലോ, നന്ദേട്ടനും ഇങ്ങനെ ഒരുപാട് ഒഫീഷ്യൽ ടൂറുകൾക്ക് പോകാറുള്ളതല്ലേ. പറഞ്ഞാൽ മനസ്സിലാകാത്തതൊന്നുമില്ലല്ലോ. ഉഷ പറഞ്ഞു.

ആ, നിനക്കെന്തറിയാം ഉഷേ, ഞാനൊരു ദിവസം മാറി നിന്നാൽ മതി, വീട് യുദ്ധക്കളമാക്കും അങ്ങേരും പിള്ളേരും കൂടി. മൂത്തവനാണെങ്കിൽ അവനിഷ്ടമുള്ളത് വച്ച് കൊടുത്തില്ലേ പട്ടിണി കിടക്കും. രണ്ടാമത്തവൻ പിന്നെ കുഴപ്പമില്ലെന്ന് വയ്ക്കാം. പക്ഷേങ്കിലേ നന്ദേട്ടന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. ഒന്നാമതേ ജോലി കഴിഞ്ഞ തല ചൂടായി വരുവായിരിക്കും, അതിന്റെ കൂടെ പിള്ളേരും കൂടെയായാപ്പിന്നെ ഹൈദരാബാദിലെന്നല്ല, ശൂന്യാകാശത്ത് പോയാപ്പോലും എനിക്ക് സ്വസ്ഥതയുണ്ടാവില്ല.

അതിനിപ്പോ നമുക്കെന്ത് ചെയ്യാൻ പറ്റും ചേച്ചീ? കുറുപ്പ് സാറിന്റെ സ്വഭാവം അറിയാല്ലോ.

അതാ... അനിത എന്തോ ചിന്തയിൽ പിടിച്ച് കുറച്ചു നേരത്തേയ്ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു.

ഉഷ പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു. പ്രൊജക്ട് ഡയറക്ടർ ആയ കുറുപ്പ് ഒരു കടുംപിടുത്തക്കാരനായിരുന്നു. പല തവണ അരിച്ചരിച്ചാണ് അയാൾ ആറ് പേരെ തെരഞ്ഞെടുത്തത്. അതിലുൾപ്പെടുകയെന്നത് ഹൈദരാബാദ് യാത്രയെന്നതിലുപരി ഇനിയങ്ങോട്ടുള്ള അനേകം ഓൺസൈറ്റ് വിദേശയാത്രകൾക്കും അപ്രൈസൽ വരുമ്പോൾ കരയിപ്പിക്കാത്ത ഹൈക്ക് വരുന്നതിനും എല്ലാം പ്രധാനപ്പെട്ടതാണ്. പ്രൊജക്ട്  ഡയറക്ടറുടെ ഇഷ്ടപ്പട്ടികയിൽ എത്തിപ്പെടാതെ ആ ഓഫീസിൽ നിന്നും ആരും കടൽ കടന്നിട്ടില്ല. എതിർപ്പ് ചിലപ്പോൾ ദുരിതപൂർണ്ണമായ ഔദ്യോഗികജീവിതവും തൊഴിൽ നഷ്ടം വരേയും സമ്മാനിച്ചേക്കാനും മതി.

അനിതയ്ക്ക് ബോധം തിരിച്ചു കിട്ടിയപ്പോൾ അവർ ക്യാന്റീനിൽ ഇരിക്കുകയായിരുന്നു. സ്വാഭാവികമായും ഒരു സംഘത്തിൽ ഉൾപ്പെട്ടവർ എല്ലാവരും ഒന്നിച്ച് മേശയ്ക്ക് ചുറ്റുമിരുന്നു. എല്ലാവരും സന്തോഷത്തിലായിരുന്നു, അനിത മാത്രം കറുത്ത മേഘങ്ങൾ വിരാജിക്കുന്ന ആകാശം പോലെ മുഖം കനപ്പിച്ചിരുന്നു.
ലഞ്ച് ബോക്സുകൾ തുറക്കപ്പെട്ടപ്പോൾ പല തരത്തിലുള്ള പാചകഫലങ്ങളുടെ ഗന്ധം പൊട്ടിപ്പുറപ്പെട്ടു. പതിവുള്ള പങ്കു വയ്ക്കലുകളും പരിഹാസങ്ങളും തുടങ്ങി. എല്ലാ ദിവസവും ഉരുളക്കിഴങ്ങ് കറി കൊണ്ടുവരുന്ന ജെറിയെ ടെസ്റ്റിംഗിലെ വിനോദ് നമ്പ്യാർ കളിയാക്കി. നിന്റെ ഹൌസ് ഓണർക്ക് രാത്രി സമാധാനമായി ഉറങ്ങാൻ പറ്റുന്നുണ്ടോടാ എന്നോ മറ്റോ ആയിരുന്നു അത്. മുട്ടയും ഉരുളക്കിഴങ്ങും ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിലെ മിക്കവാറും ബാച്ചിലേഴ്സ് പട്ടിണി കിടന്ന് മരിക്കുമായിരുന്നെന്ന് ജെറി മറുപടി കൊടുത്തു.

സംഭാഷണങ്ങൾ പെട്ടെന്നു തന്നെ ഹൈദരാബാദിലേയ്ക്ക് മാറി. സംഘത്തിൽ മുമ്പ് അവിടെ പോയിട്ടുള്ളവർ അനുഭവങ്ങൾ പങ്കുവച്ചു. അവിടെ കാണേണ്ട സ്ഥലങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും എന്തൊക്കെയാണെന്ന് പറയുമ്പോൾ അവർക്ക് എന്തൊക്കെയോ വെട്ടിപ്പിടിക്കുന്ന ആവേശമുണ്ടായിരുന്നു. അതിനെക്കുറിച്ച് ഒന്നും അറിയാത്തവരാകട്ടെ നിസ്സഹായരായി കേട്ടിരുന്നതേയുള്ളൂ, അനിതയൊഴിച്ച്. അവൾ പാവയ്ക്കാ മെഴുക്കുവരട്ടിയും മോരുകറിയും ചോറിലിട്ട് കുഴച്ചുകൊണ്ടിരുന്നു.

ഉഷ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഇത്തവണ വേറൊരു രീതിയിലായിരുന്നു അവൾ കരു നീക്കിയത്.
എന്റെ ചേച്ചീ, ഇങ്ങനെ വേവലാതിപ്പെടാതെ. പെണ്ണുങ്ങൾ ശൂന്യാകാശത്തിലേയ്ക്ക് പോകുന്ന കാലമാണിത്. അപ്പോഴാ, ഒരാഴ്ച ചേച്ചി മാറി നിന്നെന്നും വച്ച് കെട്ട്യോനും കുട്ട്യോളും ഇല്ലാതാകുകയൊന്നുമില്ല.

ഏതേങ്കിലും പെണ്ണ് ചൊവ്വാഗ്രഹത്തിലേയ്ക്ക് പോയെന്ന് പറഞ്ഞാലും എന്റെ കാര്യം മാറില്ലെടീ. അനിത വിട്ടുകൊടുക്കാനുള്ള ഭാവമില്ലായിരുന്നു.

അനിതയും സുനിതയും, ഇന്ദ്രനും ചന്ദ്രനും എന്ന് പറയുന്ന പോലെയുണ്ട്, ജെറി ഒരു തമാശ പൊട്ടിച്ചു. ആണുങ്ങളെല്ലാവരും കുലുങ്ങിച്ചിരിച്ചു. ഉഷയ്ക്ക് അതിൽ തമാശ തോന്നാത്തതിനാൽ തുമ്മാൻ വരുന്നതായി ഭാവിച്ച് കണ്ണുകളിറുക്കി.

വാസ്തവത്തിൽ ഉഷ സുനിത വില്യംസിന്റെ ഉദാഹരണം തന്നെയായിരുന്നു പറഞ്ഞത്. കാരണം അവർ അത് സംസാരിക്കുമ്പോൾ സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കാനെത്തിയിട്ടുണ്ടായിരുന്നു. അവർ മണ്ണിലിറങ്ങിയെന്ന് ഏതോ ഓൺലൈൻ പത്രത്തിൽ തലക്കെട്ട് കണ്ടത് അവളോർത്തു. സ്പേസ് സ്യൂട്ടിലും അല്ലാതെ സാധാരണ വസ്ത്രത്തിലുമുള്ള സുനിത വില്യംസിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ഉഷയ്ക്ക് വല്ലാതെ വിഷമവും തോന്നിപ്പോയി. അവൾ എപ്പോഴും പല നിറത്തിലും ഡിസൈനിലും ഉള്ളതാണെങ്കിലും ചുരിദാർ മാത്രമേ ധരിക്കാറുള്ളൂ. കോഡിംഗിലെ ഷെർളിയെപ്പോലെ ജീൻസും ടോപ്പും ധരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവളുടെ നെഞ്ചിലേയ്ക്കും ചന്തിയിലേയ്ക്കും ആണുങ്ങൾ കൊതിയോടെ നോക്കുന്നത് കാണുമ്പോൾ ഭയം തോന്നുമായിരുന്നു.

അനിത ഭക്ഷണം കഴിക്കാൻ പ്രയാസപ്പെട്ട് അവസാനം ചോറും കറിയുമെല്ലാം വാരിയെടുത്ത് കുപ്പത്തൊട്ടിയിലിട്ടു. തലവേദനയെടുക്കുന്നു എന്ന് പറഞ്ഞ് പാരസെറ്റാമോൾ വാങ്ങിക്കാനായി എച്ച് ആറിലേയ്ക്ക് പോയി.
*
വിമാനത്താവളത്തിൽ എല്ലാവരും എത്തിച്ചേർന്നപ്പോൾ യാത്രയുടെ നേതൃത്വം വിനോദ് നമ്പ്യാർ സ്വമേധയാ ഏറ്റെടുത്തു. അവരിലാരും തന്നെ മുമ്പ് വിമാനത്തിൽ കയറാത്തവരായി ഇല്ലാതിരുന്നതിനാൽ ആർക്കും പ്രശ്നമൊന്നും തോന്നിയില്ല. ബോർഡ് ചെയ്യാൻ ഇനിയും ഒരു മണിക്കൂർ ബാക്കിയുണ്ടായതിനാൽ ജെറി എയർപോർട്ടിലെ ബാർ അന്വേഷിച്ച് പോയി. ബാക്കിയുള്ള ആണുങ്ങൾ ഡ്യൂട്ടി ഫ്രീ ഷോപ്പിലേയ്ക്കും. അനിതയും ഉഷയും വെയ്റ്റിംഗ് ലോഞ്ചിൽ ഇരുന്ന് മറ്റു യാത്രക്കാരെ നിരീക്ഷിച്ചു.

നന്ദേട്ടൻ ഇന്നലെ എന്നെ ദഹിപ്പില്ലെന്നേയുള്ളൂ ഉഷേ, അനിത മൌനം മുറിച്ചു. ഉഷ എന്താണെന്ന മട്ടിൽ നോക്കി.

ഇത് ഞാൻ മനഃപൂർവ്വം പ്ലാൻ ചെയ്തതാണെന്നാ പറയുന്നത്. ഒരാഴ്ച ഞാനില്ലാതെ അവരെങ്ങിനെ ജീവിക്കുമെന്നോർത്ത് എനിക്ക് നെഞ്ച് വേദനിക്കുന്നു. പോരാത്തതിന് തിരിച്ചെത്തുമ്പോഴേക്കും അപ്പനും മക്കളും ചേർന്ന് വീട് ചന്തയാക്കും. അതൊക്കെ വൃത്തിയാക്കിയെടുക്കണമെങ്കി ഞാൻ തന്നെ ഒരു മാസം കഷ്ടപ്പെടണം.

ഇങ്ങനെ ആധി പിടിക്കല്ലേ ചേച്ചീ, ഒരു ജോലിയിലിരിക്കുമ്പോൾ ഇതൊക്കെ വേണ്ടി വരുമെന്ന് നന്ദേട്ടനും അറിയാവുന്നതല്ലേ. പിന്നെ ഈ ലോകത്തെ പെണ്ണുങ്ങളാരും ഇതുപോലെ ടെൻഷനടിക്കുന്നുണ്ടാവില്ല.
നിനക്കതൊക്കെ പറയാം. ജോലിയ്ക്ക് പോകണമെന്ന് പറഞ്ഞപ്പോ നന്ദേട്ടൻ എന്നെ കൊന്നില്ലെന്നേയുള്ളൂ. ഞാൻ സമ്പാദിച്ചിട്ട് കുടുംബം പോറ്റണ്ട കാര്യമില്ലെന്നും പറഞ്ഞ്. നീ തന്നെ പറഞ്ഞേ ഉഷേ, ഞാൻ എന്തിനാ കഷ്ടപ്പെട്ട് എഞ്ചിനീയറിംഗ് പഠിച്ചത്. എന്റെയാഗ്രഹമായിരുന്നു ഒരു ജോലിയൊക്കെ ചെയ്ത് കുടുംബവും നോക്കി സന്തോഷമായി ജീവിക്കണമെന്ന്. ചുമ്മാ വീട്ടിലിരുന്ന് സീരിയലും കണ്ട് കാലം കഴിക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു.

ചേച്ചിയുടെ മനസ്സിൽ ഇത്രയ്ക്കൊക്കെ ഉണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഉഷ പറഞ്ഞു.

പിന്നെ, എന്റെ കൂടെപ്പഠിച്ചവരൊക്കെ അമേരിക്കേലും ആസ്ത്രേലിയേലും പോയി ജോലി ചെയ്ത് സുഖമായി ജീവിക്കുമ്പോ, ഞാൻ ഇത്രയെങ്കിലും ചെയ്തില്ലെങ്കി എങ്ങിനാ?’

ഉഷ അഭിനന്ദിക്കുന്ന മട്ടിൽ പുഞ്ചിരിച്ചു.

ങാ, നീ ചിരിച്ചോ, നിന്റെ കാര്യവും ഇതൊക്കെപ്പോലെയായിരിക്കും. കല്യാണം കഴിയുമ്പോഴറിയാം. അനിത പറഞ്ഞു.

എന്റെ ജോലിയെ തൊട്ടുകളിക്കുന്ന ഒരു കോന്തനേയും ഞാൻ കെട്ടില്ല ചേച്ചീ.

അനിത അതിന് മറുപടി പറയാതെ ചിന്തകളിലേയ്ക്ക് തിരിച്ചുപോയി. ഉഷ ന്യൂസ് സ്റ്റാന്റിൽ പോയി അന്നത്തെ പത്രം വാങ്ങിക്കൊണ്ടുവന്ന് വായിക്കാൻ തുടങ്ങി. സുനിത വില്യംസിന്റെ ഇന്ത്യ സന്ദർശനം വലിയ പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ടായിരുന്നു. അമേരിക്കൻ പൌരത്വമുള്ള സുനിതയെ ഇന്ത്യൻ പെണ്ണായി ചിത്രീകരിക്കാനുള്ള ആവേശം റിപ്പോർട്ടിലുടനീളം കാണാമായിരുന്നു. അതിനേക്കാൾ, അവർ ഗുജറാത്ത് സന്ദർശനവേളയിൽ അവിടത്തെ മുഖ്യമന്ത്രിയുടെ ക്ഷണം അവഗണിച്ചതായിരുന്നു പ്രധാനം.

ആ വാർത്ത അനിതയെ കാണിക്കണമെന്ന് അവൾക്ക് തോന്നി. തൽക്കാലത്തേയ്ക്ക് അവളെ ഒന്ന് സമാധാനിപ്പിക്കാൻ അതിന് സാധിക്കുമെന്ന് എന്തോ അവൾ വിചാരിച്ചുപോയി. അനിത അപ്പോൾ മൊബൈൽ ഫോൺ എടുത്ത് നന്ദേട്ടനെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. അന്ന് ഞായറാഴ്ചയാണെന്നും നന്ദേട്ടൻ വീട്ടിൽത്തന്നെ കാണുമെന്നും അനിത പറഞ്ഞിരുന്നത് അവളോർത്തു. എയർപോർട്ടിൽ യാത്രയയ്ക്കാൻ വരാത്തതെന്താണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത് മറ്റൊരു കദനകഥയിലേയ്ക്ക് എത്തിക്കും എന്നതിനാൽ ഉപേക്ഷിക്കുകയായിരുന്നു.
എന്തോ കാരണത്താൽ കാൾ കണക്ട് ആകുന്നില്ലായിരുന്നു. അനിത ഉഷയുടെ ഫോൺ കടം വാങ്ങി ശ്രമിച്ചുനോക്കി. ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന് റെക്കോർഡ് ചെയ്ത ശബ്ദം പല ഭാഷകളിൽ ആവർത്തിച്ചതല്ലാതെ ഒന്നുമുണ്ടായില്ല.

ഇന്ന് കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി വച്ചിട്ടാ ഞാൻ വന്നത്, അനിത പറഞ്ഞു. രാവിലെ കഴിക്കാൻ ദോശയും ചമ്മന്തിയും ഉണ്ടാക്കി, മൂത്തവന് വറ്റൽ മുളക് ചുട്ടരച്ച തേങ്ങാച്ചമ്മന്തി ഇഷ്ടമാ. ഇളയവന് പ്രത്യേകിച്ചങ്ങിനെ ഒന്നിനോടും താല്പര്യമില്ലാത്തത് കൊണ്ട് അത്രയും സമാധാനം. കുറച്ച് ചിക്കൻ ഉണ്ടായിരുന്നത് കറി വച്ചിട്ടുണ്ട്, ഫ്രൈഡ് റൈസും ഉണ്ടാക്കി, ഉച്ചയ്ക്ക് കഴിക്കാൻ അതുമതിയാകും. സമയം കിട്ടിയാരുന്നെങ്കി കുറച്ച് ചിക്കൻ വറക്കാമായിരുന്നു. രാത്രിയിലേയ്ക്കും അത് തികയും, ഇനി രാത്രിയും അത് തന്നെയാകുമ്പോ കഴിക്കാതിരിക്കുമോന്നാ...

അനിത ആരോടോയെന്ന പോലെ പറഞ്ഞു. ഉഷ അതിശയത്തോടെ അതെല്ലാം കേട്ടിരുന്നു. രാവിലെ ബ്രഡ്ഡും ഓംലറ്റും ഒരു ഗ്ലാസ്സ് പാലും കഴിച്ചിറങ്ങി വീണ്ടും വിശക്കാൻ തുടങ്ങിയിരുന്ന അവൾക്ക് ആ വിഭവങ്ങളുടെ പേര് കേട്ടപ്പോൾത്തന്നെ വായിൽ വെള്ളമൂറിത്തുടങ്ങിയിരുന്നു.

എന്നാലും, ചേച്ചീ, ഇത്ര രാവിലെ തന്നെ ഇതൊക്കെ എങ്ങിനെയുണ്ടാക്കി?’ ഉഷ അത്ഭുതം മറച്ചു വച്ചില്ല. അവളുടെ അമ്മ ഇത്തരം അവസരങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി പാചകമെല്ലാം പൂർത്തിയാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അനിതയ്ക്ക് വേറെ എന്തെങ്കിലും സൂത്രപ്പണി അറിയാമായിരിക്കുമോ എന്ന് അവൾക്ക് സംശയം തോന്നിയിരുന്നു.

രാവിലെ മൂന്ന് മണിയ്ക്ക് എഴുന്നേറ്റതാ പെണ്ണേ...ഇന്നത്തെ കാര്യം കുഴപ്പമില്ല. നാളെത്തൊട്ട് ഒരാഴ്ച അവരെങ്ങിനെ കഴിക്കുമെന്നോർക്കുമ്പോഴാ...ആ കുറുപ്പുസാറിന് അതൊന്നും അറിയണ്ടല്ലോ. അനിത അത്രയും പറഞ്ഞ് ഒരു കോട്ടുവായിട്ടു.
ഹോട്ടലുകളൊക്കെയുള്ള നാട്ടിലല്ലേ ജീവിക്കുന്നത് ചേച്ചീ, പിന്നെ നന്ദേട്ടന് അടുക്കളയിൽ കയറി വല്ലതും പരീക്ഷിക്കാനുള്ള ഒന്നാന്തരം അവസരമല്ലേ...

നന്നായിരിക്കും, അങ്ങേർക്ക് ചായയുണ്ടാക്കാൻ പോലും അറിയില്ല. ഹോട്ടലീന്ന് കഴിച്ച് വയറ് കേടാക്കാതിരുന്നാ മതിയായിരുന്നു. ഇളയവനാണെങ്കി രണ്ട് നേരം ഹോട്ടലീന്ന് കഴിച്ചാപ്പിന്നെ വയറിളക്കമാ.
ഉഷയ്ക്ക് എന്തോ മടുപ്പ് തോന്നി. അനിത പറഞ്ഞതിൽ കുറേയൊക്കെ അവൾ തന്റെ അമ്മ പറഞ്ഞ് പല തവണ കേട്ടിട്ടുള്ളതായിരുന്നു. അതിനിടയിൽ സുനിത വില്യംസിനെ മറന്നു പോയെന്ന് മനസ്സിലായപ്പോൾ പത്രത്തിലേയ്ക്ക് തിരിച്ചുപോയി. അവരെപ്പറ്റി അനിതയോടെ ഇപ്പോൾ പറയേണ്ടെന്നും തീരുമാനിച്ചു. റിപ്പോർട്ടിൽ കൂടുതലായി ഒന്നുമില്ലായിരുന്നു. അതുകൊണ്ട് അവൾ മൊബൈൽ എടുത്ത് ഗൂഗിളിൽ സുനിത വില്യംസ് എന്ന് തിരഞ്ഞു.

ത്രസിപ്പിക്കുന്ന ആ ജീവിതത്തിനെക്കുറിച്ച് വായിച്ചപ്പോൾ അവൾക്ക് എന്തൊക്കെയോ നഷ്ടബോധങ്ങൾ തോന്നി. സുനിത വില്യംസ് സ്പേസ് സ്റ്റേഷനിൽ നിന്നും ഭൂമിയെ നോക്കിക്കാണുന്നത് ആലോചിച്ചപ്പോൾത്തന്നെ ശരീരമാകെ ഒരു വിറയൽ പാഞ്ഞു. എന്തിന് വിമാനം ടോക്ക് ഓഫ് ചെയ്യുമ്പോൾ പെട്ടെന്ന് തോന്നുന്ന ഭാരക്കുറവ്  അവളെ ഇപ്പോഴും നടുക്കുന്നതായിരുന്നു. ഒപ്പം അവൾക്ക് അടിവയറിൽ നിന്നും ഒരു വേദന ഉരുൾപൊട്ടിയെത്തി.

അനിത വീണ്ടും മൊബേൽ എടുത്ത് ശ്രമം തുടങ്ങി. ഇപ്പോക്ഷ ബീപ് ശബ്ദം മാത്രമേയുള്ളൂ. മൂത്തവൻ മൊബൈൽ ഫോൺ വേണമെന്ന് പറഞ്ഞപ്പോൾ വാങ്ങിക്കൊടുക്കാതിരുന്നതിൽ അപ്പോൾ വിഷമം തോന്നുകയും ചെയ്തു.

അപ്പോഴേയ്ക്കും പല വഴിയ്ക്ക് പോയിരുന്ന ആണുങ്ങൾ തിരിച്ചെത്തിയിരുന്നു. ജെറി അത്യാവശ്യം നന്നായി മിനുങ്ങിയിട്ടുണ്ടായിരുന്നു. ബാക്കിയുള്ളവരും തരക്കേടില്ലാത്ത വിധം മദ്യപിച്ച് മുഖത്ത് ഒരു തരം തിളക്കവുമായി നിൽക്കുമ്പോൾ ബോർഡ് ചെയ്യാൻ സമയമായത് അറിയിച്ചുകൊണ്ട് അനൌൺസ്മെന്റ് വന്നു.
ഉഷ പന്തികേടോടെ അനിതയെ നോക്കി. അനിതയ്ക്ക് കാര്യം മനസ്സിലായി. ഇതൊക്കെ നേരത്തേ അറിഞ്ഞ് ചെയ്യേണ്ടതല്ലേയെന്ന് ശാസനയോടെ നോക്കിക്കൊണ്ട് വാഷ് റൂം ലക്ഷ്യമാക്കി പോകാനൊരുങ്ങി.

എന്താ, ഈ സമയത്ത് എവിടെപ്പോണു?’ വിനോദ് നമ്പ്യാർ അരിശത്തോടെ ചോദിച്ചു.

ഒന്ന് വാഷ് റൂം വരെ പോയിട്ട് വരാം, ഉഷയ്ക്ക് വയ്യ. അനിത പറഞ്ഞു. ഉഷ ഹാന്റ്ബാഗിൽ പാഡിനു വേണ്ടി തിരയുകയായിരുന്നു.

ഈ പെണ്ണുങ്ങളേം കൊണ്ട് ഒരു വഴിയ്ക്ക് പോകാൻ പറ്റില്ല. വിനോദ് നമ്പ്യാർ പിറുപിറുത്തു.

ഉഷയും അനിതയും വാഷ് റൂമിലേയ്ക്ക് നടക്കുമ്പോൾ അസ്വസ്ഥരായ ആൺസംഘം വീണ്ടും ഹൈദരാബാദിലെ ആഘോഷങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചു.

                     
                         - മാധ്യമം ആഴ്ചപ്പതിപ്പ്, നവമ്പർ 2018


മരണം, സർപ്പം, സ്വാതന്ത്ര്യം- അപരാജിതരുടെ പ്രിയബിംബങ്ങൾമരണം എന്ന സ്വതന്ത്ര്യത്തെക്കുറിച്ച് വാചാലനാവാനാണ് കഥാകാരൻ എസ്. ജയേഷിനു പ്രിയം. മരണം എന്ന പേടിയെ അതേ പേടി കൊണ്ട് ജയിക്കാൻ ശ്രമിക്കുന്നവരാണ് പലേ കഥാപാത്രങ്ങളും. പരാജയങ്ങൾ നിർവ്വചനങ്ങളിൽ ഒതുങ്ങാതെ വിജയം ആക്കി മാറ്റിയവരുടെ കഥകൾ. സ്വാതന്ത്ര്യദിനത്തെ അർത്ഥവത്താക്കുന്ന മോക്ഷപ്രാപ്തിയുടെ കഥകൾ. മരണത്തിലൂടെ ആകാശവും ഭൂമിയും സ്വന്തമാക്കുന്നവരുടെ കഥകൾ. വിരസവും നിർമ്മമവും ആയ ജീവിതത്തെ നേർവിപരീതശക്തികളുള്ള ഉഗ്രസർപ്പം ആയി സ്വയം മാറ്റാൻ കഴിവുള്ളവരുടെ ലോകമാണിത്.

വിരോധാഭാസങ്ങൾ നിരത്തി സമതുലിതാവസ്ഥയുടെ നിർവ്വഹണം സ്ഥാപിക്കുന്നത് കഥാഖ്യാനത്തിൽ പുതുതൊന്നുമല്ല. എന്നാൽ ഇവിടെ വിപരീതങ്ങളെ ഒന്നിച്ചിണക്കി നിരത്തി സങ്കീർണ്ണമായ അനുഭവസ്ഥലികൾ സൃഷ്ടിച്ച്   ക്ലിഷ്ടമായ ചോദ്യങ്ങൾ അനുവാചകരെക്കൊണ്ട് ചോദിപ്പിക്കാനാണു കഥാകൃത്തിനു താൽപ്പര്യം. മരണം വരിച്ചവർ അപരാജിതരാണ്, ജീവിച്ചിരിക്കുന്നവരെ ഉണർത്താൻ കഴിവില്ലാത്തതിൽ സങ്കടപ്പെടുന്നവരാണവർ. കാമസമ്പൂർത്തിയ്ക്ക് ഇടംകൊടുക്കുന്ന വേശ്യകൾ നിർബ്ബന്ധമാകുന്ന സന്ദർഭങ്ങൾ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളുണ്ട്.  മകുടിയും പാമ്പിലേയും ഗാങ്സ്റ്ററിലേയും നായകന്മാർക്ക്  ഇല്ലാതെ പോയ ലൈംഗികതാസാഫല്യം  ഒരേ സമയം നിർവൃതിയും മരണത്തിനു തത്തുല്യമായ അവസാനവും പ്രദാനം ചെയ്യപ്പെടുന്നതുപോലെയാണ്. മരണവും സ്വാതന്ത്ര്യവും ബന്ധിപ്പിക്കുന്നിടത്ത് ചെന്നെത്തുന്നു കഥാകാരൻ പലപ്പൊഴും. ലൈംഗികതയുടെ ഉൽക്കണ്ഠകൾ, മരണത്തെപ്പറ്റിയുള്ള ഉൽക്കണ്ഠകൾ- മനുഷ്യന്റെ സർവ്വപ്രധാനമായ ഇത്തരം സമസ്യകൾക്കു തന്നെ കഥാകാരനും തുറസ്സുകൾ  നൽകാനിഷ്ടം. ആസക്തികൾ വന്ന് മേലാകെ മൂടുമ്പോൾ മനസ്സാകെ ഉലയ്ക്കുമ്പോൾ പകച്ചുപോകുന്ന മനുഷ്യഹൃദയത്തിന്റെ നേർ ചിത്രങ്ങൾ തന്നെ ഇവ.

മരിച്ചവർക്കും മരിയ്ക്കാത്തവർക്കും കിട്ടാനുള്ള സ്വസ്ഥലികൾ ഏത് എവിടെ എന്ന അന്വേഷണമാണ് മനുഷ്യനെ വേദാന്തിയാക്കുന്നത്. സ്വസ്ഥമായി എത്തിപ്പെടേണ്ടതെങ്ങിനെ എന്നതാണു ആത്യന്തിക പ്രഹേളിക., ആന്തരികസംഘർഷവും. സ്ഥലകാലങ്ങളിൽ നിന്നുള്ള പലായനം എന്തൊക്കെയോ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഇരുട്ടിലേക്ക് നോക്കുന്നു എന്ന കഥയിലെ നായകന്റെ മനോനില. എന്നാൽ മരണത്തെ ആഘോഷിക്കുന്നവരുടെ ഇടയിൽപ്പെട്ടു പോകുമ്പോൾ ഭാവനകൾ യാഥാർഥ്യമാകുമ്പോഴുള്ള അന്ധാളിപ്പ് അയാളെ വല്ലാതെ പിടികൂടുന്നുണ്ട്. വികൃതമാക്കപ്പെട്ട കണ്ണുകൾ വരച്ച സാൽവദോർ ദാലി ആ സംഭവം സിനിമയ്ക്കുവേണ്ടി ചിത്രീകരിക്കുമ്പോൾ ഭയചകിതനാകുന്നതുപോലെയാണെന്ന് സമർത്ഥനവുമുണ്ട്. മരണം എന്നതിന്റെ ആപേക്ഷികതയും ഈ കഥയിൽ വെളിവാക്കപ്പെടുകയാണ്. സൗഹൃദങ്ങളും ബന്ധങ്ങളും വിരസതയാർന്നതാകുമ്പോൾ ജീവിതത്തിന്റെ അന്ത്യം കുറിക്കപ്പെടുകയാണെന്നു കരുതാം എന്നാണു കഥാകാരന്റെ മനസ്സിലിരിപ്പ്. എന്നാൽ ആകാശവും ഭൂമിയും പ്രപഞ്ചം മുഴുവനും മരിച്ചവരുടേതാണ്; നക്ഷത്രമായി തിളങ്ങേണ്ടവർക്ക് ബഹിരാകാശത്ത് ശവസംസ്കാരം നടന്നാൽ അത് എളുപ്പവഴിയാണെന്നേ കരുതേണ്ടതുള്ളൂ (അവരുടെ ആകാശം, ഭൂമി). കഥയിലെ ഐസക്കിനും മരണത്തോടടുക്കുന്ന അപ്പച്ചനും ഇത് ആശ്വാസവഴികളാണ്. സ്വന്തം മരണത്തെ ആഘോഷമായിക്കാണുക എന്ന മുൻ ചിന്തയുള്ളവരായിരിക്കണം തുടർക്കൊലയാളികൾ ആയിത്തീരുന്നത്. ഒരിക്കൽ മാത്രം മരണം ആഘോഷിക്കപ്പെടുക എന്നത് ന്യൂനചിന്തയാണ്, മറ്റുള്ളവർക്ക് ഇത് അനുവദിക്കുക എന്നത് ന്യായം. ഇവാനും അൽജാൻഡ്രോയും വിപരീത സാമൂഹ്യനീതികളിൽ വിശ്വസിക്കുന്നു എന്നാലും ആത്യന്തികമായി ഒരേ വികാരം തന്നെ അവരുടെ കർമ്മോദ്ദേശത്തിൽ. മൂന്നാമത്തെ നായകനും ഈ മരണാഘോഷത്തിലെ ഉൽസാഹിയാണ്. രാകി മൂർച്ചപ്പെടുത്തിയ കത്തിയുമായി ഇരയെ കാത്തിരിക്കുന്നവർ അവരുടെ അവസാനത്തെ ഇര അവർ തന്നെയാണെന്ന് ഉത്തമബോദ്ധ്യമുള്ളവർ ആയിരിക്കണം. അതിനാൽ കഥയിലെ അവസാനത്തെ ചോദ്യം തനിക്കു നേരേ തന്നെ നീളുന്നതു തന്നെ. കൊല്ലുമ്പോൾ കിട്ടുന്ന സംതൃപ്തിയിൽ ഏറ്റക്കുറച്ചിൽ കണ്ടേയ്ക്കാമെങ്കിലും ആഹ്ലാദം അനുഭവിക്കുന്നതിന്റെ അളവ് ഒന്നു തന്നെ ആയിരിക്കണം. കാരണം അത് മരണത്തിന്റെ ആഹ്ലാദമാണ്. ഉരഗശയനത്തിലെ നായകനും അന്ത്യനിമിഷങ്ങളിൽ ഭയപ്പാടൊന്നുമില്ല, ജീവിച്ചിരിക്കുന്നവരെ ഉണർത്താൻ സാധിക്കില്ലല്ലോ എന്ന സങ്കടമേ ഉള്ളൂ. കാലത്തിന്റെ നിത്യസൂചകമായി കവികൾ പാടിപ്പുകഴ്ത്തപ്പെട്ട സർപ്പമായി മാറുകയാണ് ജീവിതാന്ത്യത്തിൽ എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട് മകുടിയും പാമ്പും എന്ന കഥയിൽ. ചാത്തുണ്ണി എന്ന മരണദായകൻ മകുടി എന്ന കാഹളവുമായി എത്തുകയാണ്. ഒരു ലഹര്യാനുഭവത്തിന്റെ പാരമ്യത്തിൽ അനുസരണയോടെയാണ് മനുഷ്യൻ സർപ്പമായി നിതാന്തയുടെ കൂടയിൽ അതിസൗഖ്യത്തോടെ ചുരുണ്ടു കൂടുന്നത്. അതുകൊണ്ടുതന്നെ മരണത്തിന്റെ ചാത്തുണ്ണിമാരെ അറിയാതെ സ്നേഹിച്ച് കൂടെ താമസിപ്പിക്കുന്നു നമ്മൾ. ഉരഗശയനത്തിന്റെ പരമസൗഖ്യം പകർന്നുതരാനുള്ള ചാത്തുണ്ണിമാർ.

സ്വാതന്ത്ര്യത്തിന്റെ വേളകളുമാണ് അന്തിമനിമിഷങ്ങൾ. വംശീയതയുടെ കരാളതകൾ മൂർത്തീകരിച്ച് കാവൽ നായ്ക്കളായിത്തീരുമ്പോൾ അടിക്കാടർക്ക് മരണം മാത്രമാണ് സമൂഹം വിധിയ്ക്കുത്. സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥകൽപ്പനകൾ ഐറണികൾ ചമയ്ക്കപ്പെടുകയാണ് കൈസർ ഇലെ സദൃശവും അനുരൂപങ്ങളുമായ രണ്ട് ഐതിഹ്യസമാനങ്ങളായ കഥകളിൽ. യാഥാസ്ഥിതികത്വവും കുലമഹിമയും കൂർത്ത ദംഷ്ട്രകളോടെ ഉള്ളിൽ വസിക്കുനത് പട്ടിയുടെ രൂപം ധരിച്ച്.  എന്ന് പുറത്തുചാടുമെന്ന് പറയാൻ വയ്യ. ഈ നായ്ക്കളുടെ ഇരയായിത്തീരാൻ പറ്റിയ ദിവസം ഇൻഡ്യയുടെ സ്വാതന്ത്ര്യദിനം തന്നെ.

കൊളോണിയലിസത്തിന്റേയും തറവാടിത്ത ഊറ്റം കൊള്ളലിന്റേയും ബഹിർഗ്ഗമനത്തിനു പറ്റിയ ദിവസം മറ്റൊന്നില്ല. വില്ല്യം സായിപ്പിന്റെ പട്ടികൾ അല്ലെങ്കിൽ സ്വയം പട്ടിയായി മാറിയ പൊന്നപ്പൻ ചേട്ടന്മാർ ഇന്നും സ്വച്ഛന്ദം നിർമ്മലപ്രണയത്തെ വംശീയതയോ ജാതിമതഭേദങ്ങളോ തീണ്ടാത്ത മനുഷ്യത്തഘോഷണപ്രകൃതിയെ-  കടിച്ചുകീറാൻ തയാറെടുത്തു നിൽക്കയാണ്.
      
ആത്മാർത്ഥമായ ഹൃദയമുണ്ടാകുക പരാജയമാണെന്ന് കാൽപ്പനികലോകം അംഗീകരിച്ച സ്ഥിതിയ്ക്ക് വിജയം എന്നതിന്റെ ആപേക്ഷികതയെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. പക്ഷേ പരാജിതരെ നിർവ്വചിക്കുന്നതിൽ അങ്കലാപ്പ്  മിച്ചം നിൽക്കുകയില്ലേ എന്ന സന്ദേഹം  സംഗതമാണു താനും. പരാജിതരുടെ സംഘടന നിലനിർത്തേണ്ടവർക്ക് ഇതൊരു സമസ്യയായി ഭവിക്കും, തീർച്ച തന്നെ. പരസ്പരവിശ്വാസമില്ലാതെ തമ്മിൽ പോരാടി എന്നിട്ടും ദാമ്പത്യം കാത്തു സൂക്ഷിക്കുന്നവരുടെ പരാജയം അംഗീകരിക്കേണ്ടതല്ലേ എന്നാണ് പരാജിതരുടെ രാത്രി കഥയിലെ സന്ദേഹം. സന്ദേശവും. ദാമ്പത്യപരാജയം സംഭവിച്ചവരെ വേർ പെടുത്തുമ്പോൾ അത് വിജയമാണ്; പരാജിതരുടെ സംഘടനയുടെ തലപ്പത്തിരിക്കുന്ന മത്തായി ഇതു ചെയ്യരുതായിരുന്നു എന്നാണ് അംഗങ്ങളുടെ വാദം. മത്തായി പരാജിതനാകുന്നതോടെ കഥ അവസാനിക്കുന്നു. ഓരോ പരാജയങ്ങളിലും വിജയം ഉൾച്ചേർന്നിരിക്കുന്നു എന്ന സാരം ഘനമേറ്റുന്നു.

സമാന്തരമായി രണ്ട് സ്ഥലകാലങ്ങളെ വിക്ഷേപിക്കുന്ന ആഖ്യാനചാതുരി കഥാകാരന്റെ ഇഷ്ടവിനോദമെന്ന മട്ടിലാണ് പ്രസരിക്കുന്നത്. സമൂഹപുരോഗതിയുടെ മാപിനികൾ അർത്ഥശൂന്യമായി ഭവിക്കുന്നു, മനുഷ്യമനസ്സിന്റെ ഇരുൾ പത്തായങ്ങളുടെ കോണുകളിൽ വെളിച്ചം എശുന്നതേയില്ല എന്നത് പൊതുന്യായമായി ഉൾക്കഥകളെ കണ്ണിവിളക്കിച്ചേർക്കുന്നു.  കൈസർഇലും മൂന്നു കൊലപാതകങ്ങൾഇലും ഘടനയിൽ ശൈഥില്യം സംഭവിപ്പിക്കാതെ അനുരൂപകഥകൾ ഒരേകഥയെന്ന മട്ടിൽ കഥാകൃത്ത് വിന്യസിപ്പിക്കുന്നുണ്ട്. സൂക്ഷ്മതകളുടെ വിളയാട്ടം കൊണ്ട് ചരിത്രയാഥാർത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന വിദ്യ ആവർത്തന വിരസതയെ ദൂരീകരിക്കാൻ ഉതകുകയാണ്.

ആവർത്തിച്ചു വരുന്ന ബിംബങ്ങൾ ഈ കഥകൾ വിളംബരം ചെയ്യുന്ന ദർശനവിധികളുടെ മൂർത്തിസാകല്യം തന്നെ. പല കഥകളിലേയും കഥാപാത്രങ്ങളെ പൊതുവീക്ഷണപദ്ധതിയോടെ നിരീക്ഷിക്കേണ്ടതുമുണ്ട്. അതുകൊണ്ട് ഈ പുസ്തകത്തിന്റെ താളുകൾ മുൻപോട്ടും പിറകോട്ടും മറിച്ചും തിരിച്ചും വായിക്കേണ്ടതാണ്.
- എതിരൻ കതിരവൻ

രാവിലായി വൈദ്യർ ഭയങ്കര നാഡിതൈലം മാഹാത്മ്യം


ദേവദേവൻ ഭവാനെന്നും ദേഹസൌഖ്യം
വളർത്തേണം
വഞ്ചിഭൂമി പതം ചിരം
ത്വൽചരിതം എങ്ങും ഭൂമി വിശ്രുതമായ്
വിളങ്ങേണം

ശ്രീപത്മനാഭദാസ വഞ്ചിപാല മഹാരാജ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപെരുമാൾ തിരുവിതാംകൂർ വാണിരുന്ന കാലത്ത് ആലപ്പുഴയ്ക്കടുത്തുള്ള രാവിലായി ദേശം കിഴക്കുഭാഗത്തായി വൈദ്യവൃത്തിയിലേർപ്പെട്ട് ഉപജീവനം കഴിയ്ക്കുകയായിരുന്ന വേലുക്കുട്ടി വൈദ്യർ വഞ്ചീശമംഗളം തന്റെ വൈദ്യശാലയുടെ പുറംഭിത്തിയിൽ എഴുതിച്ചേർക്കുകയും ജീവൻ വെടിയും വരെ രാജഭക്തനായി നിലകൊള്ളുകയും ചെയ്തതിനു പിന്നിൽ മുല്ലയ്ക്കൽ ദേവിയുടെ അനുഗ്രഹവും വരപ്രസാദവും ആയിരുന്നെന്ന് അധികമാരും പ്രസ്താവിച്ചു കേട്ടിട്ടില്ല. വേലുക്കുട്ടി വൈദ്യരുടെ പിന്നീടു പ്രശസ്തമായിത്തീർന്നതും മഹാരാജാവിന്റെ പ്രീതിയ്ക്കു പാത്രമായിത്തീർന്നതുമായ ഭയങ്കര നാഡിതൈലം ഉണ്ടായതും ദേവിയുടെ അത്ഭുതപ്രവർത്തിയുടെ ഫലമാണെന്നതും ആരും നിഷേധിക്കാനിടയില്ല. രാവിലായി ദേശത്തെ പഴമക്കാർക്കു മാത്രം അറിയാനിടയുള്ള ആ ഐതിഹ്യമാണു അടിയൻ ഇവിടെ ദേവീ ഉപാസകരായ പൊതുജനങ്ങൾക്കായി പങ്കുവയ്ക്കാൻ പോകുന്നത്.

പാരമ്പര്യമായി വൈദ്യവൃത്തിയിൽ മുഴുകിവരുന്നവരായിരുന്നു വേലുക്കുട്ടി വൈദ്യരുടെ കുടുംബം. പേരുകേട്ട വൈദ്യന്മാരാരും ആ കുടുംബത്തിന്റേതായി ഇല്ലായിരുന്നെങ്കിലും അന്നാട്ടുകാർക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നവശം ആശ്രയം എന്ന നിലയിൽ താമസംവിനാ വിളിച്ചെത്തിക്കാൻ വേലുക്കുട്ടി വൈദ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് അയാൾക്ക് ഉപജീവനത്തിനായുള്ള പരിഹാരം ഏർപ്പെടുത്തിക്കൊടുക്കുമായിരുന്നു. എന്നിരുന്നാലും ഭാര്യയും അഞ്ചു മക്കളും അടങ്ങുന്ന ആ കുടുംബത്തിന്റെ വിശപ്പടക്കാനുള്ള വകയൊന്നും ചികിത്സയിൽ നിന്നും ലഭ്യമായിരുന്നില്ല എന്നതും വാസ്തവമായിരുന്നു. മുല്ലയ്ക്കൽ ദേവിയോടു സങ്കടം പറയാമെന്നല്ലാതെ അയാൾക്കു വേറെ വഴിയൊന്നും തോന്നിയതുമില്ല.

അങ്ങിനെയിരിക്കേ, വൈദ്യവൃത്തി ഒട്ടുംതന്നെ വരുമാനം ഉണ്ടാക്കിക്കൊടുക്കാതിരിക്കുകയും ദാരിദ്ര്യം മേൽക്കൂരയ്ക്കു മുകളിൽ കനത്തുനിൽക്കുകയും ചെയ്തു. സഹായത്തിനു വഴിയൊന്നും കാണാതെ വേലുക്കുട്ടി വൈദ്യരും കുടുംബവും ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തി. അതിനുമുമ്പ് ഈ കഷ്ടതകളൊക്കെ കണ്ടിട്ടും മുടങ്ങാതെ പ്രാർത്ഥിച്ചിട്ടും കാരുണ്യം തെളിയാത്ത മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ദേവിയോടു രണ്ടു വർത്തമാനം പറഞ്ഞ് അവിടത്തന്നെ ജീവനൊടുക്കാൺ എന്ന തീരുമാനവുമായി അവർ ആറുപേരും രായ്ക്കുരാമാനം ദേവീസന്നിധിയിലെത്തിച്ചേർന്നു. അതികഠിനമായിത്തന്നെ സങ്കടങ്ങളോരോന്നായി ഉണർത്തിച്ചു ജീവൻ വെടിയാനുള്ള ഒരുക്കം തുടങ്ങി വൈദ്യരും കുടുംബവും. ഏതാണ്ടു പുലർച്ചയോടെ ആദ്യമേ ആഹാരം കിട്ടാതെ മൃതപ്രായരായിരുന്ന അവരുടെ ശരീരത്തിൽ നിന്നും ജീവൻ ചോർന്നുപോകുന്നതിന്റെ ലക്ഷണങ്ങൾ കാണാനും തുടങ്ങി.

എത്രയൊക്കെയായാലും ഭക്തവത്സലയായ ദേവി തന്റെ കിടാങ്ങളെ ഉപേക്ഷിക്കുകയില്ലെന്ന് ആർക്കാണറിയാത്തത്. ശ്രീകോവിലിൽ നിന്നും ഇറങ്ങിവന്ന ദേവി വൈദ്യർക്കു ദർശനഭാഗ്യം അനുവദിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ദേവി കാതിലോതിക്കൊടുത്ത വിശേഷപ്പെട്ട മരുന്നുകൂട്ട് ഉരുവിട്ടു മനഃപ്പാഠമാക്കി വൈദ്യർ തിരികെ വീട്ടിലേയ്ക്കു പോകുകയും ചെയ്തു.

ദേവീദർശനം തരായി, വിശേഷ ഔഷധക്കൂട്ടും അറിഞ്ഞു. അതുകൊണ്ടായില്ലല്ലോ, മരുന്നു പ്രയോഗിക്കാൻ രോഗികളാരെങ്കിലും വന്നാലേ വയറു നിറയുകയുള്ളൂ എന്നായി കാര്യങ്ങൾ. ദേവിയുടെ വാത്സല്യത്തിനെ കുറച്ചുകാണുകയായിരുന്നു വൈദ്യർ എന്നും പറയാവുന്നതാണ്. അല്ലെങ്കിൽ ആ സമയത്തു തന്നെ മഹാരാജാവിന്റെ ദിവാനായ അറുമുഖംപിള്ള അമ്പലപ്പുഴ സന്ദർശിക്കാനെത്തുകയും എന്തോ മറിമായം കൊണ്ടു എങ്ങുനിന്നോ എത്തിപ്പെട്ട ഒരു ഉഗ്രസർപ്പത്തിന്റെ ദംശനമേറ്റു  ശയ്യാവലംബനാകാനും ഹേതുവെന്ത്. കൊട്ടാരം വൈദ്യനും നാട്ടിലുള്ള എല്ലാ ചികിത്സാപ്രമാണിമാരും പഠിച്ചതെല്ലാം പ്രയോഗിച്ചിട്ടും പിള്ളയുടെ വിഷബാധ അതിഘോരമായതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. നീലിച്ചുപോയ ദേഹവുമായി വേദന സഹിക്കാനാകാതെയുള്ള പിള്ളയുടെ അലർച്ച ദേശമെങ്ങും മുഴങ്ങിക്കൊണ്ടിരുന്നു.

ആ സമയത്ത് എന്തോ ധൈര്യം ഓതിക്കിട്ടിയ വേലുക്കുട്ടി വൈദ്യർ തന്റെ ഔഷധക്കൂട്ട് പരീക്ഷിക്കാമെന്നു കരുതി അറുമുഖം പിള്ളയെ കാണാൻ ചെന്നു. ആരെന്തു വിദ്യയുമായി വന്നാലും പരീക്ഷിച്ചുനോക്കാമെന്നായിരുന്നു പിള്ളയുടെ നിലപാട്. ദേവിയുടെ അത്ഭുതം എന്നല്ലാതെ എന്തുപറവാൻ. ഔഷധം തൊട്ടയുടനെ അറുമുഖം പിള്ളയ്ക്കു വിഷമിറങ്ങുകയും മുമ്പത്തേക്കാൾ കേമത്തത്തോടെ എഴുന്നേറ്റു നിൽക്കുകയും ചെയ്തു. ആഹ്ലാദം മറച്ചുവയ്ക്കാതെ വേലുക്കുട്ടിയോടുള്ള പ്രീതിയോടെ ഒരു പണക്കിഴി സമ്മാനിച്ചു പിള്ള. ഔഷധത്തിന്റെ പേര് ആരാഞ്ഞപ്പോൾ ദേവിയുടെ അനുഗ്രഹം എന്നുമാത്രമേ വൈദ്യർ പറഞ്ഞുള്ളൂ. ഭയങ്കരം എന്ന് കണ്ണുതള്ളിപ്പറഞ്ഞു അറുമുഖം പിള്ള. അതോടെ വേലുക്കുട്ടി വൈദ്യരുടെ ഔഷധം രാവിലായി വൈദ്യരുടെ ഭയങ്കര നാഡിതൈലം എന്ന പേരിൽ പ്രശസ്തമാകുകയും ചെയ്തുവെന്നാണ് ഐതിഹ്യം. സർവ്വരോഗപരിഹാരത്തിനായി ഭയങ്കരനാഡിതൈലം ഉപയോഗിക്കാത്തവർ അന്നു തിരുവിതാംകൂറിൽ ഇല്ലമായിരുന്നെന്നു പറഞ്ഞാലും തരക്കേടില്ല.

ഉപ്പുമാങ്ങാഭരണിയും തകഴിയിലെ എണ്ണയും എല്ലാം തപ്പിയെടുത്തെഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി വേലുക്കുട്ടി വൈദ്യരുടെ ഭയങ്കര നാഡിതൈലത്തിനെ അറിയാതെ പോയതെങ്ങിനെ എന്നായിരുന്നു വിഷ്ണുദാസൻ വൈദ്യരുടെ സംശയം. പറഞ്ഞുവരുമ്പോൾ വേലുക്കുട്ടി വൈദ്യരുടെ പരമ്പരയിലെ ഇപ്പോഴത്തെ കണ്ണിയാണു വിഷ്ണുദാസൻ. അയാളുടെ അച്ഛൻ കുമാരൻ വൈദ്യർ പാരമ്പര്യമായ തൊഴിലിനെ കൈവിടാതെ ഒരു വൈദ്യശാല നടത്തിപ്പോന്നിരുന്നു. കാലക്രമേണ തൈലത്തിന്റെ അത്ഭുതസിദ്ധിയെല്ലാം ലോപിച്ചു പോയിരുന്നെങ്കിലും രാവിലായി വൈദ്യന്റെ പിന്തുടർച്ചക്കാരൻ എന്ന നിലയിൽ അന്നാട്ടിലെ പഴമക്കാരായ ചിലരെങ്കിലും ഭയങ്കരതൈലത്തിൽ വിശ്വാസം അർപ്പിച്ചിരുന്നു. ജീവിച്ചു പോകാൻ അതുമതിയായില്ലെങ്കിലും വൈദ്യവൃത്തി ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ തേടിപ്പോകാൻ കുമാരൻ വൈദ്യർ തയ്യാറായില്ല. മകനായ വിഷ്ണുദാസിനേയും പച്ചമരുന്നുകൾ അരപ്പിച്ചും തിളപ്പിച്ചും കൂടെക്കൂട്ടി തന്റെ വഴിയ്ക്കെത്തിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അയാൾ. അതിൽ പരിപൂർണ്ണവിജയം കൈവരിക്കുകയും ചെയ്തുവെന്നതിൽ സംശയവുമില്ല.

എന്നാൽ കാര്യങ്ങൾ അത്ര എളുപ്പത്തിലല്ലായിരുന്നുതാനും. ഇംഗ്ലീഷുവൈദ്യം വന്നതോടെ തൊഴിൽരഹിതരായിത്തീർന്നവരാണു തങ്ങളെന്നു കുമാരൻ വൈദ്യർ അവകാശപ്പെടുമായിരുന്നു. ഒന്നോർത്തപ്പോൾ അതു ശരിയാണെന്നു വിഷ്ണുദാസിനും തോന്നാതിരുന്നില്ല. പട്ടണത്തിലേയ്ക്കു പോകുന്ന വഴിയാണു ഇടിക്കുള ഡോക്ടറുടെ ക്ലിനിക്. എല്ലാ രോഗത്തിനും അവിടെ ചികിത്സയുണ്ടത്രേ. ഇനിയിപ്പോ ഇടിക്കുളയുടെ പഠിപ്പിനു മാറ്റാൻ പറ്റാത്ത രോഗമാണെങ്കിൽ പട്ടണത്തിലെ കൊട്ടാരം ആശുപത്രിയിലേയ്ക്ക് എഴുതിക്കൊടുക്കും. പോരാത്തതിനു ഫേസ്ബുക്കിലും വാട്ട്സാപ്പിലും എന്നുവേണ്ട സകലയിടത്തും അലോപ്പതിയുടെ വീരസ്യം കാണാനേ കിട്ടാനുള്ളൂ.

അലോപ്പതി ത്ഫൂ... വിഷ്ണുദാസൻ കാർക്കിച്ചു തുപ്പി. അപ്രതീക്ഷിതമായി ഉണ്ടായ ആ ആട്ടലിൽ അപ്പോൾ മാത്രം അവിടെയെത്തിച്ചേർന്ന  വറീത് പകച്ചുപോയി.

നോക്കണേ തോന്ന്യാസം... കാല് പഴ്ത്ത് മുറിഞ്ഞ് വീഴാനായിട്ടാണ് അച്ചൻകുഞ്ഞു ഇടിക്കുള ഡാക്കിട്ടറിനെ കാണാമ്പോയത്. അവടച്ചെന്നപ്പഴേ... അല്ലേ കേട്ടില്ലേ മരുന്ന് കൊടുക്കാൻ പറ്റത്തില്ലാന്ന്... കൊട്ടാരം ആശൂത്രീലേക്ക് പൊയ്ക്കോളാൻ ഉപദേശം... ഏത്? ആ കാലും വച്ച് പോകാനെക്കൊണ്ട് പറ്റ്വോന്ന് നോക്കണ്ടേ ഡാക്കിട്ടറ്?” ഉച്ചയ്ക്ക് കറച്ചുനേരം സൊറ പറഞ്ഞിരിക്കാനായി രാംദാസിന്റെ വൈദ്യശാലയിലെത്താറുള്ള വറീത് പരിഭവം പറഞ്ഞു. അതുകേട്ടപ്പോൾ രാംദാസിന് അരിശം തോന്നാതെയിരുന്നില്ല. പക്ഷേ, എന്തെങ്കിലും പറഞ്ഞാലും കുഴപ്പമാകും എന്ന പേടി കാരണം മിണ്ടാതിരുന്നതേയുള്ളൂ.

പ്രതികരണം തണുത്തതാണെന്നു കണ്ടപ്പോൾ വറീത് കുമാരൻ വൈദ്യരെ അന്വേഷിച്ചു. കഫക്കെട്ടിനുള്ള കഷായം കുടിച്ച് ഒന്നു മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ. വറീതിന്റെ പരാതി കേട്ടപ്പോൾ ഉറങ്ങാനും കഴിഞ്ഞില്ല. വൈദ്യശാലയുടെ തിണ്ണയിൽ ഒരു സ്റ്റൂൾ വലിച്ചിട്ടിരുന്നു കുമാരൻ വൈദ്യർ.

പറയാനാണെങ്കി കൊറേയുണ്ടെന്നേ വറീതേ... ഇന്നാളില്ലേ പടിഞ്ഞാട്ടൊള്ള അമ്മിണിയമ്മ നെഞ്ചുവേദനയുമായി ഡാക്കിട്ടറെ കാണാൻ ചെന്നു. എന്തോ ഗുളികയും വാങ്ങി പോകുകേം ചെയ്തു. രണ്ടാം നാള് ആള് ഠിം! എന്ത് മര്ന്നാണോ അയാള് കൊട്ത്തത്... ആരന്വേഷിക്കാനാ...

ഇംഗ്ളീഷ് മരുന്ന് വന്നേപ്പിന്നെ നാട്ടാർക്ക് ആയുസ്സ് കൊറഞ്ഞൂന്ന് പറേണത് വെർതാണോ വൈദ്യരേ? തിരുതാങ്കൂർ രാജാവിന്റെ പട്ടും വളേം മേടിച്ച പാരമ്പര്യല്ലേ നിങ്ങക്കുള്ളത്? അതിനേക്കാ വര്വോ ബിലാത്തിക്കാർടെ കുത്തും കൊഴലും?’

മാർത്താണ്ഡവർമ്മ ഡച്ചുകാരെ ഓടിച്ചതൊക്കെ ശരി... എന്നാലോ ഇംഗ്ലീഷുകാർടെ സമ്പർക്കം വേണ്ടാത്തായിരുന്നേ... അവന്മാര് സൂത്രത്തിന് ഇംഗ്ലണ്ടീന്ന് വൈദ്യം ഇവടെയെറക്കീല്ലേ... പിന്നോ... ഇവടത്തെ കുറേ ചെർക്കന്മാരും ഇംഗ്ലീഷ് വൈദ്യം പഠിക്കാൻ പോയി സകല നെറികേടും കൊണ്ടന്നു...

തന്റെ തൊഴിലിനെ ഇല്ലാതാക്കിയ ചരിത്രസത്യങ്ങളിലേയ്ക്കാണു സംഭാഷണം നീങ്ങുന്നതെന്ന് മനസ്സിലാക്കിയ വിഷ്ണുദാസൻ താല്പര്യത്തോടെ കേൾക്കാൻ തുടങ്ങി. വേലുക്കുട്ടി വൈദ്യരുടെ ഭയങ്കര നാഡിതൈലത്തിനെതിരെ ബ്രിട്ടീഷുകാർ അപവാദപ്രചരണം നടത്തിയതും അവരുടെ മരുന്നുകളെ തിരുകിക്കയറ്റാൻ കാണിച്ച കുതന്ത്രങ്ങളും കേട്ടപ്പോൾ അയാളുടെ ചോര തിളച്ചു. രാജവാഴ്ച അവസാനിച്ചതും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതും വരുത്തിവച്ച നഷ്ടങ്ങൾ ചില്ലറയല്ലെന്നും അയാൾക്കു മനസ്സിലായി. എന്നു വച്ചാൽ താനിങ്ങനെ ആയതിന്റെ കാരണം തിരുവിതാംകൂർ രാജാക്കന്മാരുടെ പിടിപ്പുകേടല്ലാതെ മറ്റെന്താണ്?

പത്മനാഭദാസാ... അപ്പോൾ കുമാരൻ വൈദ്യർ നെഞ്ചത്തു കൈവച്ച് പിറുപിറുത്തു.

മഹാത്മാ ഗാന്ധിക്ക് ജ്വരം വന്നപ്പൊ... ഇംഗ്ലീഷ് ഡാക്കിട്ടർമാര് പഠിച്ച പണി പതിനെട്ടും നോക്കി... നടന്നില്ല... ഒറ്റപ്പാലത്തീന്ന് ഒരു വൈദ്യൻ രണ്ട് കെട്ട് ഔഷധക്കൂട്ടും കൊണ്ട് പോയി ഒറ്റ പ്രയോഗമായിരുന്ന്... പയറുപോലല്ലേ ഗാന്ധി എഴുന്നേറ്റ് നടന്നത്... പിന്നല്ലാതെ... കുമാരൻ വൈദ്യർ പറഞ്ഞു. അത് വിഷ്ണുദാസിനു പുതിയ അറിവായിരുന്നു. എന്തായിരിക്കും ഗാന്ധിജിയുടെ ജ്വരം മാറ്റിയ ഒറ്റമൂലിയെന്ന് ആലോചിക്കുകയും ചെയ്തു.

എന്തിനങ്ങുവരെ പോകുന്നൂ? ഈയെമ്മെസ്സ് സഖാവ് ഒളിവിലായിരുന്നപ്പോ ചെറിയൊരു ഏനക്കേട് വന്നേ... അപ്പോ ആരാ മരുന്നെത്തിച്ച് സഖാവിനെ സുഖപ്പെടുത്തിയേ?’ കുമാരൻ വൈദ്യർ കുറച്ചുനേരം ആകാംക്ഷ നിലനിർത്തിയ ശേഷം അഭിമാനത്തോടെ സ്വന്തം നെഞ്ചിൽ തട്ടിക്കൊണ്ട് ചിരിച്ചു. ചുവരിൽ തൂക്കിയിട്ടിരുന്ന ഇഎംഎസ് ഫോട്ടോയിലേയ്ക്കു ആദരപൂർവ്വം നോക്കുകയും ചെയ്തു.

വിഷ്ണുദാസന്റെ മൊബൈൽ ചിലച്ചു. ലോൺ ആവശ്യമുണ്ടോയെന്നു ചോദിക്കാനായി ഏതോ ബാങ്കിൽ നിന്നും വിളിച്ച തരുണീമണിയെ ഒറ്റത്തെറിയിൽ ഓടിച്ചു അയാൾ.

അപ്പോൾ വൈദ്യശാലയിലേയ്ക്ക് ആരോ വന്നു. ഭയങ്കര നാഡിതൈലത്തിൽ ഇപ്പോഴും വിശ്വാസമർപ്പിക്കുന്ന ഒരു പഴമക്കാരനായിരുന്നു അത്. നെഞ്ചെരിച്ചിലാണു പ്രശ്നം. പ്രായം ചുരുക്കിക്കളഞ്ഞ നെഞ്ചിൻകൂട്ടിൽ തടവിക്കൊണ്ട് അയാൾ തൈലവും വാങ്ങി ഉച്ചവെയിലിലേയ്ക്കു നടന്നകന്നു.

വിഷ്ണുദാസാ... നീ ഒന്ന് ഒറ്റപ്പാലം വരെ പോയിട്ട് വാ... അവിടെയിപ്പോഴും പഴയ ചികിത്സയുണ്ട്... വല്ല വിദ്യയും കിട്ടാണ്ടിരിക്കില്ല... കുമാരൻ വൈദ്യർ പറഞ്ഞു. അതു വിഷ്ണുദാസിനു സ്വീകാര്യമായില്ല. അത്തരത്തിലൊരു സഹായം തേടൽ ഭയങ്കരതൈലത്തിനെ അപമാനിക്കുന്നതായിരിക്കുമെന്ന് അയാൾ കരുതി. മാത്രമല്ല വടക്കന്മാരുടെ സൂത്രപ്പണിയിലൊന്നും അയാൾക്കു വലിയ മതിപ്പും തോന്നിയില്ല. ഒന്നോർത്തപ്പോൾ അതു ശരിയാണെന്നു കുമാരനും സമ്മതിച്ചു. ഇടിക്കുള ഡോക്ടർക്കും പറഞ്ഞു വരുമ്പോൾ പാലക്കാട്ടെവിടെയോയാണു വേരുകളുള്ളത്.

ചുമ്മാതല്ല... കുമാരൻ വൈദ്യർ മുറ്റത്തേയ്ക്കു നീട്ടിത്തുപ്പി.

അതിനിടയിൽ വറീത് ഇറങ്ങിപ്പോകുകയും ചെയ്തു. ഇടിക്കുള ഡോക്ടറെ കുറ്റം പറഞ്ഞ അയാൾ തന്റെ ഭാര്യയ്ക്കു ചെന്നിക്കുത്ത് വന്നപ്പോൾ നാണമില്ലാതെ ഇംഗ്ലീഷ് മരുന്ന് വാങ്ങാൻ പോയതെല്ലാം വിഷ്ണുദാസിനറിയാമായിരുന്നു. ഇവിടെ ഒന്നു പറയും അപ്പുറത്തുപോയി വൈദ്യശാലയേയും കുറ്റം പറയും സർവ്വാംഗരോമൻ.

എന്തായാലും തോറ്റുകൊടുക്കാനൊന്നും വിഷ്ണുദാസൻ തയ്യാറല്ലായിരുന്നു. അനുദിനം ശോഷിച്ചുവരുന്ന വൈദ്യശാലയെ ഉണർത്തിയെടുക്കുക തന്നെയെന്നു അയാൾ തീരുമാനിച്ചിരുന്നു. കുമാരൻ വൈദ്യർ മകനെ അകമഴിഞ്ഞ് അനുഗ്രഹിച്ചു. മുല്ലയ്ക്കൽ ദേവി സഹായിക്കും എന്ന് ഉപദേശിക്കുകയും ചെയ്തു. അല്ലെങ്കിൽത്തന്നെ തിരുവിതാംകൂർ രാജാവിന്റെ പട്ടും വളയും വാങ്ങിയ പാരമ്പര്യത്തിനു മുന്നിൽ ആർക്കാണു മൂക്കു തോണ്ടാനാകുക?

ഒരു ദിവസം അതിരാവിലെ പുറപ്പെട്ടു പോയി അയാൾ. രണ്ടു രാവും രണ്ടു പകലും യാത്ര ചെയ്ത് പുണ്യപുരാതനമായ ഒരു തീർത്ഥാടനകേന്ദ്രത്തിലെത്തിച്ചേർന്നു. ലൌകീകജീവിതത്തിനോടു വിരക്തി തോന്നിയവരും മനഃസ്സുഖം തേടിയെത്തിയവരും അവിടെ തിങ്ങിനിറഞ്ഞിരുന്നു. പുണ്യജലം ഒഴുകുന്ന നദിയിൽ കുളിച്ച് ഹിമാലയസാനുക്കളിൽ തപസ്സനുഷ്ഠിച്ച് വരപ്രസാദം നേടിയെത്തിയ ഗുരുവര്യനെ കാണാൻ പോയി. മഹാരോഗങ്ങൾക്കുള്ള ചികിത്സകൾ സൌജന്യമായി നൽകിവരുന്ന അദ്ദേഹം വിഷ്ണുദാസിനെ പ്രതീക്ഷിച്ചിരിക്കുന്നതു പോലെയായിരുന്നു.

വിഷ്ണുദാസൻ... സാക്ഷാൽ ശ്രീരാമന്റെ പാദാരവിന്ദങ്ങളിൽ സ്വയം അർപ്പിക്കുന്നവൻ... പറയൂ നിന്റെ സങ്കടങ്ങൾ... ഗുരു പറഞ്ഞു. വിഷ്ണുദാസൻ ബ്രിട്ടീഷുകാരുടെ ചതിയെപ്പറ്റിയും മാർത്താണ്ഡവർമ്മയുടെ കെടുകാര്യസ്ഥത മൂലം കുറ്റിയറ്റുപോകുന്ന തന്റെ ഭയങ്കരതൈലത്തിനെക്കുറിച്ചും എല്ലാം അറിയിച്ചു. നീണ്ടുവെളുത്ത താടി തഴുകിക്കൊണ്ട് എല്ലാം കേട്ടിരുന്ന ഗുരു അവന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. ഏറെ നേരത്തെ ആലോചനയ്ക്കും ധ്യാനത്തിനും ശേഷം ഗുരു അവനെ അരികിലേയ്ക്കു വിളിച്ചു.

ഗുരു കാതിലോതിക്കൊടുത്ത അത്ഭുതക്കൂട്ടിന്റെ രഹസ്യവുമായി വിഷ്ണുദാസൻ നാട്ടിൽ തിരിച്ചെത്തി. സഹകരണബാങ്കിൽ നിന്നും ലോണെടുത്ത് വൈദ്യശാല ഒന്നു പുതുക്കി. രാവിലായി ഭയങ്കര നാഡിതൈലം എന്ന വലിയ ബോർഡ് സ്ഥാപിച്ചു. കവലയിലും വൈദ്യശാലയിലേയ്ക്കുള്ള കൈചൂണ്ടി ഒരെണ്ണം വയ്ക്കാൻ ഏർപ്പാടാക്കുകയും ചെയ്തു.

മുല്ലയ്ക്കൽ ദേവിയുടെ അത്ഭുതസിദ്ധിയെന്നല്ലാതെന്തു പറയാൻ, വിഷ്ണുദാസൻ വൈദ്യന്റെ പുതിയ ഭയങ്കരതൈലം പരീക്ഷിക്കാൻ ആദ്യം അവസരം കിട്ടിയതു വറീതിനു തന്നെയായിരുന്നു. സന്ധിവാതവുമായി കഷ്ടപ്പെടുകയായിരുന്ന അയാൾക്കു ഭയങ്കരതൈലവും അകമേ സേവിക്കാൻ അതിഭയങ്കര ഗുളികയും വിഷ്ണുദാസൻ കൊടുത്തു. അതിശയമെന്നല്ലാതെന്തു പറയാൻ. വളരെ പെട്ടെന്നുതന്നെ രാംദാസിന്റെ അതിഭയങ്കര ഗുളിക പ്രസിദ്ധിയാർജ്ജിച്ചു. ആബാലവൃദ്ധം ജനങ്ങൾ വൈദ്യശാലയിലെ സ്ഥിരം സന്ദർശകരായിത്തീർന്നു. ദഹനക്കേടാകട്ടെ വെറുതേയിരുന്നു മടുക്കുമ്പോഴാകട്ടെ, വിഷ്ണുദാസൻ വൈദ്യരുടെ അത്ഭുതമരുന്നു സേവിക്കാൻ എല്ലാവർക്കും തിടുക്കമായതു പോലെയായി കാര്യങ്ങൾ. അതിവേഗം തന്നെ ഉത്തരേന്ത്യയിലേയ്ക്കും മരുന്നുകൾ കയറ്റിയയ്ക്കാൻ തുടങ്ങിയെന്നറിയുമ്പോൾ പ്രസിദ്ധിയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ. പട്ടണത്തിലേയ്ക്കു പോകുന്നവഴി ചികിത്സിക്കാൻ ആളുകൾ വരാതായപ്പോൾ ഇടിക്കുള ഡോക്ടർ പൂട്ടിക്കളഞ്ഞ ക്ലിനിക്ക് കണ്ട് അയാൾ ഊറിച്ചിരിക്കുകയും ചെയ്തു.

അന്നു രാവിലത്തെ തിരക്കെല്ലാം കഴിഞ്ഞു കഞ്ഞി കുടിക്കാനിരിക്കുകയായിരുന്നു വിഷ്ണുദാസൻ. അയാളുടെ പെട്ടെന്നുള്ള വളർച്ചയുടെ രഹസ്യം അറിയുകയെന്നത് അച്ഛനെന്ന നിലയ്ക്കു കുമാരൻ വൈദ്യരുടേയും അവകാശമാണല്ലോ. അതയാൾ ചോദിക്കുകയും ചെയ്തു. വിഷ്ണുദാസൻ ചെറുചിരിയോടെ ആ രഹസ്യക്കൂട്ട് അച്ഛന്റെ കാതിലോതിക്കൊടുത്തു:

ചന്ദ്രന്റെ വേര്, വെള്ളിമൂങ്ങയുടെ നഖം, കിനാവള്ളിയുടെ രക്തം, കടൽക്കുതിരയുടെ കൊമ്പ് പിന്നെ ഇല്ലിക്കൽ മലയിലെ....

നീലക്കൊടുവേലി... കുമാരൻ വൈദ്യരുടെ കണ്ണുകൾ ഏതോ പൂർവ്വസ്മൃതികളിൽ തിളങ്ങി.

- കലാകൌമുദി വാരിക, ഫെബ്രുവരി 2018