Showing posts with label Nicole Kidman. Show all posts
Showing posts with label Nicole Kidman. Show all posts

മൊണാക്കോയിലെ രാജകുമാരി



ജോൺ ഫോർഡ് തന്റെ സിനിമയിലേയ്ക്ക് ഗ്രേസിനെ തിരഞ്ഞെടുത്തപ്പോൾ സഫലമായത് അവളുടെ സ്വപ്നം കൂടിയായിരുന്നു. അഭിനേത്രിയാകണമെന്ന ആഗ്രഹവുമായി, മാതാപിതാക്കളുടെ അനിഷ്ടത്തിനെ വകവയ്ക്കാതെ ന്യൂയോർക്കിൽ എത്തിയ അവൾക്ക് അധികം വൈകാതെ തന്നെ അവസരങ്ങൾ ലഭിച്ചു തുടങ്ങി. നാടകരംഗത്ത് കഴിവ് തെളിയിച്ച ശേഷമായിരുന്നു ഗ്രേസ് വെള്ളിത്തിരയിലേയ്ക്കെത്തിയത്. അമേരിക്കൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിലൊരാളായി അവർ വളർന്നു. ആൽഫ്രഡ് ഹിച്ച്കോക്ക് അടക്കമുള്ള അതികായന്മാരുടെ സിനിമകളിൽ അഭിനയിച്ച് താരത്തിളക്കത്തിൽ നിൽക്കുമ്പോഴാണ് ഗ്രേസ് 1955 ലെ ഒരു മെയ് മാസത്തിൽ വിശ്വപ്രസിദ്ധമായ കാനസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. അത് അവരുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ പോകുന്ന യാത്രയായിരുന്നു. 




കാൻസ് ഫെസ്റ്റിവലിനിടയിൽ ഒരു വിരുന്നിൽ വച്ചാണ് ഗ്രേസ് റൈനറിനെ കണ്ടുമുട്ടുന്നത്. മൊണാക്കോയുടെ പ്രിൻസ് ആയ റൈനർ മൂന്നാമന് (Rainier Louis Henri Maxence Bertrand Grimaldi) ഗ്രേസിനോട് പ്രണയം തോന്നിയതിൽ അതിശയമൊന്നുമില്ല. ആദ്യത്തെ സമാഗമം കഴിഞ്ഞപ്പോൾ റൈനർ രാജകുമാരൻ ഗ്രേസിനെ പുകഴ്ത്തിയത്  അവരുടെ കുലീനമായ പെരുമാറ്റവും, ബുദ്ധിശക്തിയും എല്ലാമായിരുന്നു. ഗ്രേസും രാജകുമാരനെ പുകഴ്ത്താൻ മടി കാണിച്ചില്ല.


അവർ തമ്മിൽ കത്തിടപാടുകളും തുടങ്ങിയിരുന്നു. ഗ്രേസ് തന്റെ ഹൃദയം കീഴടക്കിയ വിവരം മറച്ചു വയ്ക്കാതെ റൈനർ മൂന്നാമൻ ഗ്രേസിന് ഒരു കത്തെഴുതി. അനുകൂലമായ മറുപടി ഗ്രേസിൽ നിന്നും ലഭിച്ചതോടെ ഹോളിവുഡിന്റെ ചരിത്രത്തിലെ ഒരു വലിയ അദ്ധ്യാ‍്യം അവസാനിക്കുക കൂടിയായിരുന്നു.


1955 ലെ ഡിസംബർ മാസത്തിൽ റൈനർ രാജകുമാരൻ അമേരിക്ക സന്ദർശിച്ചു. 

ഫ്രാൻസുമായുള്ള ചില പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. അവിവാഹിതനായിരുന്ന റൈനറിനെ പ്രശ്നത്തിലാക്കിയത് ഫ്രാൻസ് മുന്നോട്ട് വച്ച ഒരു ഉപാധിയായിരുന്നു. റൈനർക്ക് ഒരു പിൻ ഗാമി ഉണ്ടായില്ലെങ്കിൽ മൊണക്കോ ഫ്രാൻസിനോട് ചേർക്കപ്പെടും എന്നതായിരുന്നു അത്. ഈ വിവരങ്ങൾ അറിയാവുന്ന മാദ്ധ്യമങ്ങൾ അമേരിക്കയിൽ വച്ച് റൈനർ രാജകുമാരനോട് വിവാഹത്തിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം ഒഴുക്കൻ മട്ടിൽ ഒഴിഞ്ഞ് മാറുകയായിരുന്നു.


റൈനർ രാജകുമാരൻ ഗ്രേസിന്റെ മാതാപിതാക്കളെ കണ്ടു. നൂറ്റാണ്ടിന്റെ വിവാഹം എന്ന് അവർ പ്രകീർത്തിച്ച ആ വിവാഹം നടന്നു. ഹോളിവുഡിലെ റാണിയായിരുന്ന ഗ്രേസ് കെല്ലി മൊണാക്കോ എന്ന കൊച്ചു രാജ്യത്തിന്റെ രാജകുമാരിയായി മാറി.



മുമ്പ് ഹിച്ച്കോക്കിന്റെ മൂന്ന് സിനിമകളിൽ, (Dial M for Murder (1954), Rear Window (1954), To Catch a Thief (1955),  അഭിനയിച്ചിട്ടുള്ള ഗ്രേസിനെത്തേടി ഹിച്ച്കോക്ക് വീണ്ടും എത്തി. ഇത്തവണ മോണാക്കോയിലെ രാജകുമാരിയോടായിരുന്നു തന്റെ സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിച്ചതെന്ന് മാത്രം. Marnie (1964) ആയിരുന്നു ആ സിനിമ. പക്ഷേ, പുതിയ മേൽ വിലാസം ഗ്രേസിന് തടസ്സമായിരുന്നു. റൈനർ രാജകുമാരന്റെ എതിർപ്പും മൊണക്കോയിലെ ജനവികാരവും സിനിമയിലേയ്ക്ക് തിരിച്ച് പോകുന്നതിൽ നിന്നും അവരെ വിലക്കി.



പിന്നീടെല്ലാം യൂറോപ്പിലെ രാഷ്ട്രീയപ്പോരുകൾക്കിടയിലെ അദ്ധ്യായങ്ങൾ.


&&&



ചില സിനിമകൾ അങ്ങിനെയാണ്. പ്രത്യേകിച്ചൊന്നും തരാനില്ലെങ്കിലും പരാജയപ്പെട്ടാലും സിനിമയ്ക്ക് പുറത്ത് ഒട്ടേറെ കൌതുകകരമായ കാര്യങ്ങൾ അവ നിരത്തി വയ്ക്കും. എന്ന സിനിമയും അത്തരത്തിലൊന്നാണ്. വിമർശകർ കൈവിട്ടെങ്കിലും ഗ്രേസ് കെല്ലി എന്ന അഭിനേത്രിയും പിന്നീട് മൊണാക്കോയിലെ രാജകുമാരിയും സിനിമയേക്കാൾ ഉൾക്കളികൾ നിറഞ്ഞ കഥയാണ് പറഞ്ഞ് തരുക. ഗ്രേസ് കെല്ലി ആയി നിക്കോൾ കിഡ്മാനും, റൈനർ രാജകുമാരനായി ടിം റോത്തും, ഹിച്ച്കോക്ക് ആയി റോജർ ഗ്രിഫിത്സും അഭിനയിച്ച ഗ്രേസ് ഓഫ് മൊണാക്കോ അത്ര വിജയമായിരുന്നില്ല. എങ്കിലും, ഗ്രേസ് കെല്ലി അന്ന അമേരിക്കൻ സിനിമയിലെ താരത്തിനെപ്പറ്റി സംസാരിച്ച സിനിമ എന്ന നിലയ്ക്ക് ചരിത്രത്തിലേയ്ക്ക് ഒരു ചൂണ്ടുപലകയായി ഗ്രേസ് ഓഫ് മൊണാക്കോ പ്രവർത്തിക്കുന്നുണ്ട്.